Current Date

Search
Close this search box.
Search
Close this search box.

ഗസ്സ: ‘ക്വാറന്റൈനിനുള്ളിലെ ക്വാറന്റൈന്‍’

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ഗസ്സ മുനമ്പില്‍ ഓഗസ്റ്റ് അവസാനത്തോടെയാണ് കോവിഡിന് കാരണമായ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത്. അതിനു ശേഷം കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മാത്രം ആയിരത്തോളം പുതിയ പോസിറ്റീവ് കേസുകളാണ് മുനമ്പില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ഗസ്സ ഒരു ആരോഗ്യ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത്. അതിനാല്‍ തന്നെ കാര്യമായ ആരോഗ്യ സഹായങ്ങളില്ലാതെ ഇവിടെ കോവിഡിനെ പിടിച്ചുകെട്ടാനും എണ്ണം കുറച്ചുകൊണ്ടുവരാനും പ്രയാസമാണ്.

ആദ്യഘട്ടത്തില്‍ മുനമ്പിലെ സാമൂഹ്യവ്യാപനം കണ്ടെത്താനായത് താരതമ്യേന വിജയകരമായ പ്രതിരോധമായിരുന്നു. കോവിഡിന്റെ ആരംഭം മുതല്‍ ആഗസ്റ്റ് വരെ ഇത്തരത്തില്‍ കോവിഡ് രോഗികളെ കണ്ടെത്തി ക്വാറന്റൈനിലാക്കാന്‍ സാധിച്ചിരുന്നു. പ്രധാനമായും ഇസ്രായേലില്‍ നിന്നും ഈജിപ്തില്‍ നിന്നും മടങ്ങിയെത്തിയവരിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് വ്യവസ്ഥാപിതമായ ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.

കോവിഡ് 19ന്റെ വ്യാപനത്തിന്റെ ഇരയായി മാറുകയാണ് ഗസ്സയിപ്പോള്‍. ഇവിടുത്തെ 2 മില്യണിലധികം ജനങ്ങള്‍ക്കു വേണ്ട ആരോഗ്യ സുരക്ഷ സംവിധാനങ്ങളോ മറ്റു രാജ്യങ്ങളെ പോലെ പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യാനുള്ള അതിനൂതന സംവിധാനങ്ങളൊന്നും ഇവിടെയില്ല. വര്‍ഷങ്ങളായുള്ള ഉപരോധം,ആക്രമണം,ധനസഹായങ്ങളുടെ അപര്യാപ്തത എന്നിവ മൂലം മുനമ്പ് ദുര്‍ബലപ്പെട്ടു. അത് മൂലം മരുന്നുകള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍,വിതരണക്കാര്‍,ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം വ്യാപകമായ അപര്യാപ്ത ഇവിടെ അനുഭവിക്കുന്നുണ്ട്.

Also read: യുക്തിവാദികൾ കൊന്നൊടുക്കിയത് ഒമ്പതര കോടിയെ

ഗസ്സയിലെ ആശുപത്രികളില്‍ 350 കോവിഡ് രോഗികളെ പരിചരിക്കാനുള്ള സംവിധാനം മാത്രമേയുള്ളൂവെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ നിലവില്‍ 1200 കേവിഡ് കേസുകള്‍ ഇവിടെയുണ്ട്. ഇനിയും ആയിരക്കണക്കിന് രോഗികള്‍ വരാം. 100ല്‍ താഴെ ഐ.സി.യു കിടക്കകളും ഏതാനും വെന്റിലേറ്റര്‍ സൗകര്യങ്ങളും മാത്രമേ ഗസ്സയിലുള്ളൂ.

പുതിയ ആക്രമണങ്ങളുടെയും മുനമ്പിലേക്കുള്ള പ്രവേശന വിലക്കിനിടെയുമാണ് കോവിഡ് കടന്നുവരുന്നത്. ഓഗസ്റ്റില്‍ ഹമാസും ഇസ്രായേലും തമ്മില്‍ മൂന്നാഴ്ചയോളം നീണ്ടുനിന്ന സംഘര്‍ഷമുണ്ടായിരുന്നു. ഇതോടെ ഇസ്രായേല്‍ ഉപരോധം ശക്തമാക്കി ഗസ്സയിലേക്ക് നിര്‍മാണ സാമഗ്രികളും ഇന്ധനവും എത്തിക്കുന്നത് തടഞ്ഞു. ഇത് മൂലം ഗസ്സയിലെ ഏക വൈദ്യുതി നിലയം അടച്ചുപൂട്ടേണ്ടി വന്നു.

സെപ്റ്റംബര്‍ ആദ്യത്തോടെയാണ് മുനമ്പ് താല്‍ക്കാലികമായെങ്കിലും അല്‍പം ശാന്തമായത്. ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന വെടിനിര്‍ത്തല്‍ കരാറാണ് ഇതിന് കാരണം. എന്നാല്‍ ഇതൊന്നും ഉപരോധത്തിന്റെ അളവ് കുറക്കാനോ ഭാവിയില്‍ ഉണ്ടാകുന്ന ആക്രമണത്തെ തടയാനോ സാധിക്കുകയില്ല. 13 വര്‍ഷത്തെ ഉപരോധം മൂലം വിവിധ തരത്തിലുള്ള മാനുഷിക പ്രതിസന്ധി നേരിടുന്ന ജനതയാണ് പുതിയ പ്രതിസന്ധിയും അനുഭവിക്കുന്നത്.

Also read: സംസാരത്തിന്‍റെ ഉള്ളടക്കവും ശൈലിയും

കോവിഡ് 19 സൃഷ്ടിക്കുന്ന സാമ്പത്തിക ഭീതി നേരിടാന്‍ ഗസ്സക്ക് കഴിയില്ല എന്നതാണ് ഗസ്സ നേരിടുന്ന വലിയ അപകടം. ഗസ്സയിലെ 80 ശതമാനത്തിലധികം ആളുകളും അതിജീവനത്തിന് മാനുഷിക സഹായത്തെ ആശ്രയിക്കുന്നവരാണ്. ഒരു മാസത്തെ ലോക്ക്ഡൗണ് ദീര്‍ഘകാല സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങളിലേക്കാണ് നയിക്കുക. ആയിരക്കണക്കിന് പേര്‍ക്ക് ഇതിനകം തന്നെ ഭാഗികമായോ മുഴുവനായോ വരുമാനം നഷ്ടപ്പെട്ടു. കോവിഡിന് മുന്‍പ് 50 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക്.

മാനുഷിക പരഗിണന നല്‍കി ഗസ്സക്ക് നല്‍കുന്ന സാമ്പത്തിക സഹായം യു.എസ് വെട്ടിക്കുറച്ചതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. 2018ല്‍ ട്രംപാണ് ഗസ്സയുടെ യു.എന്‍ ഏജന്‍സിക്കുള്ള സഹായം ഗണ്യമായി വെട്ടിക്കുറച്ചത്. ഇത് ഇപ്പോഴും വളരെ ആഴത്തിലുള്ള പ്രശ്‌നമായി തുടരുകയാണ്. ഇത് പഴയപടിയാക്കേണ്ടതുണ്ട്.

വൈറസിന് അതിരുകളില്ല, സഹായങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള സമയമല്ല ഇത്. ഒരു നൂറ്റാണ്ടിലേറെയായി ലോകം അനുഭവിക്കുന്ന ഏറ്റവും മോശമായ പകര്‍ച്ചവ്യാധിയുടെ പശ്ചാതലത്തില്‍ അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിന് ആഗോളശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ലോക്ക്ഡൗണുകളും ഉപരോധങ്ങളും ഗസ്സയെ ക്വാറന്റൈനിനുള്ളിലെ മറ്റൊരു ക്വാറന്റൈനാക്കി മാറ്റുകയാണ്. ഗസ്സയില്‍ വൈറസ് പടര്‍ന്നുപിടിക്കാന്‍ ഏതാനും കേസുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. ഏറ്റവും ചുരുങ്ങിയത് പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്ന മേഖലകളിലെങ്കിലും ഉപരോധം എടുത്തുകളയുകയോ പരിഷ്‌കരിക്കുകയോ ചെയ്യേണ്ടതുണ്ട്.

Also read: ഗാസ; പറഞ്ഞു തീരാത്ത കഥകൾ

ഗസ്സയില്‍ താമസിക്കുന്ന ഫലസ്തീനികള്‍ക്കെതിരായ കൂട്ടായ ശിക്ഷയുടെ ഉപാധിയായി ഉപരോധം ഉപയോഗിക്കില്ലെന്ന് ഇസ്രായേല്‍ ഉറപ്പാക്കണം. കുറഞ്ഞത് മാനുഷിക സഹായം, വികസന പദ്ധതികള്‍,ആരോഗ്യമേഖല എന്നിവക്കുള്ള നിര്‍മാണ സാമഗ്രികളോ വസ്തുക്കളോ ഈ പ്രദേശത്തേക്ക് കൊണ്ടുപോകാന്‍ ഇസ്രായേല്‍ അനുവദിക്കണം. നിര്‍ണായകമായ ഇന്ധനം തടയുന്നതില്‍ നിന്നും ഇസ്രായേല്‍ വിട്ടു നില്‍ക്കണം.

ഈ സാഹചര്യത്തില്‍ യു.എസ് അടക്കമുള്ള അന്താരാഷ്ട്ര സമൂഹം ഗഗ്ഗക്കുള്ള അവരുടെ സഹായം വര്‍ധിപ്പിക്കണം. കോവിഡ് തടയാനുള്ള എല്ലാവിധ മെഡിക്കല്‍ ഉപകരണങ്ങളും സഹായങ്ങളും അവര്‍ ഉടന്‍ നല്‍കണം. കഴിഞ്ഞ മാര്‍ച്ചില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ആഗോളതലത്തില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും യഥാര്‍ത്ഥ പോരാട്ടം കോവിഡിനെതിരെയാകണമെന്നും ഉണര്‍ത്തിയിരുന്നു. മറ്റുസമയത്തേക്കാള്‍ ഈ ആഹ്വാനം ഗസ്സക്ക് ഇപ്പോള്‍ വളരെ അനുയോജ്യമാണ്. ഇവിടെ സംഘര്‍ഷത്തിലുള്ള വിഭാഗങ്ങള്‍ ആയുധങ്ങള്‍ താഴെ വെക്കാന്‍ തയാറാവുകയും ഇതിനകം തന്നെ വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന ജനതക്ക് കൂടുതല്‍ ദുരിതം ഉണ്ടാകാതിരിക്കാനായി രാഷ്ട്രീയം മാറ്റിവെക്കുകയും വേണം.

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

Related Articles