Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് ഫിഫ ഫലസ്തീന്‍ ഫുട്ബോള്‍ സ്വപ്നങ്ങള്‍ പരിഗണിക്കുന്നില്ല?

ഫലസ്തീനിയന്‍ ഫുട്ബോള്‍ അസോസിയേഷന് (പി.എഫ്.എ) ഫുട്ബോളിന്‍റെ അന്താരാഷ്ട്ര ഭരണസമിതിയായ ഫെഡറേഷന്‍ ഇന്‍റര്‍നാഷണേല്‍ ഡേ ഫുട്ബോള്‍ അസോസിയേഷനോട് (ഫിഫ) നന്ദി പറയാന്‍ ചില നല്ല കാരണങ്ങളുണ്ട്. 1994-ല്‍ ഓസ്ലോ ഉടമ്പടിയുടെ സമയത്താണ് പി.എഫ്.എ ഫിഫയില്‍ അംഗമാവുന്നത്, ഇതുതന്നെ ഫലസ്തീന്‍ ഫുട്ബോളിനുള്ള അംഗീകാരവും പ്രോത്സാഹനവുമായിരുന്നു.

2008-ല്‍, റാമല്ലയില്‍ ഫൈസല്‍ അല്‍ഹുസൈനി സ്റ്റേഡിയം നിര്‍മിക്കുന്നതില്‍ ഫിഫ മുഖ്യപങ്കുവഹിച്ചിരുന്നു, കൂടാതെ തങ്ങളുടെ GOAL പദ്ധതിയിലൂടെ ഫലസ്തീനിയന്‍ ഫുട്ബോള്‍ ഗ്രൗണ്ടുകളില്‍ നിക്ഷേപമിറക്കുന്നതിന് ഫിഫ സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇസ്രായേലിന്‍റെ Unlawful Combatants Law പ്രകാരം മൂന്നു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന ഫലസ്തീന്‍ ദേശീയടീമിലെ മിന്നുംതാരം മഹ്മൂദ് സര്‍സാക്കിനെ 2012-ല്‍ ജയിലില്‍ നിന്നും മോചിപ്പിക്കുന്നതില്‍ ഫിഫ സുപ്രധാന പങ്കുവഹിച്ചിരുന്നു.

അധിനിവിഷ്ഠ ഫലസ്തീന്‍ പ്രദേശങ്ങളില്‍ എത്ര ക്രൂരമായാണ് ഇസ്രായേല്‍ അധികൃതര്‍ ഫലസ്തീനിയന്‍ ഫുട്ബോളിനെ അടിച്ചമര്‍ത്തുന്നതെന്ന് 2013-ലെ ഫിഫ കോണ്‍ഗ്രസില്‍ അംഗങ്ങളോട് വിശദീകരിക്കാന്‍ അനുവദിക്കപ്പെട്ടില്ല എന്ന പി.എഫ്.എയുടെ പരാതി പരിഗണിച്ചു കൊണ്ട് 2015-ല്‍ ഫിഫ ഒരു മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കുകയുണ്ടായി. ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും കളിക്കാരുടെയും ഒഫിഷ്യലുകളുടെയും യാത്രയ്ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുക, കളിയുപകരണങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, കളിക്കാരെ പരിക്കേല്‍പ്പിക്കുകയും തടവുശിക്ഷയ്ക്കു വിധിക്കുകയും ചെയ്യുക തുടങ്ങിയവ ഇസ്രായേലിന്‍റെ കിരാതനടപടികളില്‍ ചിലതുമാത്രമാണ്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്‍മന്ത്രിയും ഫുട്ബോള്‍ കളിക്കാരനുമായ ടോക്യോ സെക്സ്വെയിലിനോട് കമ്മിറ്റി അധ്യക്ഷനാകാനും, ശുപാര്‍ശകള്‍ സമര്‍പ്പിക്കാനും ഫിഫ ആവശ്യപ്പെടുകയും ചെയ്തു.

സെപ്പ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്‍റായിരുന്ന സമയത്തായിരുന്നു ഇതെല്ലാം നടന്നത്. ഇസ്രായേലി സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഫിഫയുടെ ഫലസ്തീനോടുളള പിന്തുണ സൂക്ഷമതയോടെ തന്നെ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. എന്നാല്‍, 2016-ല്‍ ജിയാനി ഇന്‍ഫാന്‍റിനോ ഫിഫ പ്രസിഡന്‍റായി സ്ഥാനമേറ്റതോടെ കാര്യങ്ങള്‍ കീഴ്മേല്‍മറിയുന്നതാണ് കണ്ടത്.

ഇസ്രായേലില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും, സെക്സ്വെയിലിന്‍റെ മോണിറ്ററിംഗ് കമ്മിറ്റി 2017-ല്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഫിഫയുടെ 72.2 സ്റ്റാറ്റ്യൂട്ടും അന്താരാഷ്ട്രനിയമവും ലംഘിച്ചതിന്‍റെ പേരില്‍ ഇസ്രായേലി ലീഗില്‍ നിന്നും സെറ്റില്‍മെന്‍റ് ക്ലബുകളെ നീക്കം ചെയ്യുന്നത് പ്രസ്തുത റിപ്പോര്‍ട്ട് പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടിന്‍റെ കാര്യത്തില്‍ സമയതടസ്സങ്ങള്‍ ഉയര്‍ന്നുവരികയും, 2017-ലെ വാര്‍ഷിക ഫിഫ കോണ്‍ഗ്രസ്സില്‍ ചര്‍ച്ചയ്ക്കു വെക്കാന്‍ കഴിയാതെ പോവുകയും ചെയ്തു.

സെക്സ്വെയിലിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെടാന്‍ കാലതാമസമെടുക്കുമെന്ന് തിരിച്ചറിഞ്ഞ പി.എഫ്.എ, അതേ ഉദ്ദേശലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി തങ്ങളുടെ സ്വന്തം പ്രമേയം 2017-ലെ കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചു.നടപടിക്രമങ്ങളില്‍ സൂക്ഷ്മമായ കൃത്രിമങ്ങള്‍കാട്ടി പ്രസ്തുത പ്രമേയം ഫിഫ തടയുകയും, ഫിഫ കൗണ്‍സിലിന്‍റെ അടുത്ത മീറ്റിംഗിലേക്ക് മാറ്റിവെക്കുകയും ചെയ്തു. ചര്‍ച്ച ചെയ്യാന്‍ സാധിക്കാത്ത വിധം രാഷ്ട്രീയ പ്രാധാന്യമുള്ളതാണെന്ന് പ്രസ്തുത പ്രമേയമെന്ന് പറഞ്ഞ ഫിഫ കൗണ്‍സില്‍, അതിന്‍മേലുള്ള ചര്‍ച്ച അധിനിവിഷ്ഠ ഫലസ്തീന്‍ പ്രദേശങ്ങളുമായി ബന്ധപ്പെട്ട അന്തിമ ചര്‍ച്ചകള്‍ക്കു തടസ്സമാകുമെന്നും അവകാശപ്പെട്ടു. അന്താരാഷ്ട്രനിയമം അവഗണിക്കുകയാണ് കൗണ്‍സില്‍ അതിലൂടെ ചെയ്തത്. ഫലസ്തീന്‍ പ്രമേയം അങ്ങനെ പുറംലോകം കാണാതെ പോയി. “ഫലസ്തീന് അകത്തും പുറത്തും കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും വേണ്ട യാത്രാസൗകര്യം ഒരുക്കും, കൂടാതെ കളിയുപകരണങ്ങളുടെ ഇറക്കുമതിക്കു വേണ്ട സൗകര്യങ്ങള്‍ നടപ്പാക്കും” എന്ന പ്രസ്താവനയോടെയാണ് ഫിഫ കൗണ്‍സില്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചത്. ഈ വാദ്ഗാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പിന്നീട് ഫിഫയുടെ ഭാഗത്തു നിന്നും യാതൊരു നീക്കവും ഉണ്ടായിട്ടില്ല.

2017-ലെ കോണ്‍ഗ്രസ് നടക്കുന്നതിന് ഏതാനും ദിവസം മുന്‍പ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്‍ഫാന്‍റിനോയെ ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതുതന്നെയാണ് ഫിഫയുടെ തീരുമാനത്തെ സ്വാധീനച്ചതെന്ന് ഏറെക്കുറെ വ്യക്തമാണ്.ഫലസ്തീനികളുടെ അവകാശങ്ങളെ അവഗണിക്കുന്നതും ഇസ്രായേലി രാഷ്ട്രീയ കല്‍പനകള്‍ പ്രതിഫലിക്കുന്നതുമായ നിലപാടാണ് ഫിഫ സ്വീകരിച്ചത്.

കൂടാതെ, 2019 ജനുവരിയില്‍, മുപ്പത് പേജ് വരുന്ന ഒരു രേഖ ഫിഫ എത്തിക്സ് കമ്മിറ്റി പി.എഫ്.എക്ക് സമര്‍പ്പിച്ചിരുന്നു. ഫലസ്തീന്‍ മീഡിയ വാച്ച് (പി.എം.ഡബ്യൂ) എന്ന ഇസ്രായേലി സംഘടനയാണ് അതു തയ്യാറാക്കി നല്‍കിയത്. പി.എഫ്.എ പ്രസിഡന്‍റ് ജിബ്രീല്‍ റജൂബിനെ വിമര്‍ശിക്കുകയും അദ്ദേഹത്തോട് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടുന്നുതുമായിരുന്നു അതിന്‍റെ ഉള്ളടക്കം. എത്തിക്സ് കമ്മിറ്റിയുടെ കവര്‍ ലെറ്ററിനോടൊപ്പം പി.എം.ഡബ്യൂവിന്‍റെ രേഖയും നല്‍കിയതിലൂടെ ഫിഫ പ്രസ്തുത രേഖ അംഗീകരിക്കുകയാണ് ചെയ്തത്. “ആക്രമത്തിന് പ്രേരിപ്പിക്കുന്നു”, “ഭീകരവാദത്തെ മഹത്വവത്കരിക്കുന്നു”, “രാഷ്ട്രീയ അജണ്ടകള്‍ക്കു വേണ്ടി ഫുട്ബോളിനെ ഉപയോഗിക്കുന്നു” തുടങ്ങിയ പരാതികളാണ് പി.എം.ഡബ്യൂ രേഖയില്‍ ഫലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെ ഉണ്ടായിരുന്നത്.

ഫുട്ബോള്‍ ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ഇസ്രായേലി കുടിയേറ്റക്കാരന്‍ നേതൃത്വം നല്‍ക്കുന്ന പ്രത്യേകിച്ച് ആദര്‍ശമൊന്നുമില്ലാത്ത ഒരു രാഷ്ട്രീയ സംഘടനയാണ് യഥാര്‍ഥത്തില്‍ പി.എം.ഡബ്യൂ. ഇസ്രായേലി സര്‍ക്കാറാണ് അതിനുവേണ്ട സാമ്പത്തികസഹായങ്ങള്‍ നല്‍കുന്നത്. 2000-ത്തില്‍ ഫലസ്തീന്‍ അതോറിറ്റിക്കെതിരെ പി.എം.ഡബ്യൂ കേസിനു പോയെങ്കിലും കോടതി കേസ് തള്ളിക്കളഞ്ഞിരുന്നു. 2016-ല്‍ ജിബ്രീല്‍ റജൂബ് ഫലസ്തീനിയന്‍ ഒളിമ്പിക്ക് കമ്മിറ്റി പ്രസിഡന്‍റ് സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട് പി.എം.ഡബ്യൂ പരാതി നല്‍കിയെങ്കിലും, ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പരാതിക്ക് വേണ്ടത്ര പരിഗണന പോലും നല്‍കിയില്ല.

ആറാമത് ഫലസ്തീനിയന്‍ കപ്പിന്‍റെ ഫൈനല്‍ ഗസ്സ, വെസ്റ്റ്ബാങ്ക് ലീഗുകളിലെ ജേതാക്കന്‍ തമ്മില്‍ കഴിഞ്ഞ മാസം നടക്കേണ്ടതായിരുന്നു. വെസ്റ്റ്ബാങ്കിനെ പ്രതിനിധീകരിക്കുന്ന ബലാറ്റ എഫ്.സിക്ക് ഗസ്സയില്‍ പ്രവേശിക്കാനും, ജൂണ്‍ 30ന് നടന്ന മത്സരത്തില്‍ ഖദമത്ത് റഫയുമായി 1-1ന് സമനില പിടിക്കാനും കഴിഞ്ഞിരുന്നു. രണ്ടാംപാദ മത്സരം ജൂലൈ 3ന് വെസ്റ്റ്ബാങ്കില്‍ വെച്ചാണ് നടക്കേണ്ടിയിരുന്നത്. പക്ഷേ 34 അംഗ ഗസ്സ സ്ക്വാഡിലെ 31 പേര്‍ക്കും ഇസ്രായേലി അധികൃതര്‍ വെസ്റ്റ്ബാങ്കിലേക്ക് പ്രവേശനാനുമതി നിഷേധിക്കുകയാണ് ചെയ്തത്. മാറ്റിവെക്കപ്പെട്ട മത്സരം ഇതുവരെ നടന്നിട്ടില്ല. 2019 ജനുവരിയില്‍ ഫുട്ബോള്‍ മത്സരം നടക്കുന്നതിനിടയിലേക്ക് ഇസ്രായേലി ടിയര്‍ ഗ്യാസ് ആക്രണം നടന്നത് ഇതൊടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

ഇത്തരത്തിലുള്ള നടപടികള്‍ ഇതിനു മുന്‍പും ഫലസ്തീന്‍ കളിക്കാര്‍ക്കു ഇസ്രായേലി അധികൃതരില്‍ നിന്നും ഉണ്ടായിട്ടുണ്ട്, പക്ഷേ ഓരോതവണയും പി.എഫ്.എ നല്‍കിയിരുന്ന അപ്പീല്‍ ഫിഫ പരിഗണിക്കുകയും പ്രശ്നത്തില്‍ ഇടപെടുകയും പരിഹാരം കാണുകയും ചെയ്തിരുന്നു. പക്ഷേ ഇത്തവണ പി.എഫ്.എ ഫിഫയ്ക്ക് നല്‍കിയ അപ്പീല്‍ വിജയം കണ്ടില്ല. ഇസ്രായേലി അധികൃതര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഫിഫ ഇപ്പോള്‍ തയ്യാറാവുന്നില്ല. ഇസ്രായേലിന്‍റെ ഭാഗത്തുനിന്നുള്ള ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്ന ഫിഫ അവ രാഷ്ട്രീയപകപ്പൊക്കലായി കണക്കാക്കുക പോലും ചെയ്യുന്നില്ല, അതേസമയം ഫലസ്തീന്‍റെ ഭാഗത്തു നിന്നുള്ള വാദങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നു മുദ്രകുത്തുകയും ചെയ്യുന്നു.ഇസ്രായേലി താല്‍പര്യസംരക്ഷകരായി ഫിഫ മാറിയതു പോലെയാണ് കാര്യങ്ങള്‍.

മനുഷ്യാവകാശങ്ങള്‍ ബഹുമാനിക്കുന്നതിനു വേണ്ടിയുള്ള സ്റ്റാറ്റ്യൂട്ട് നം.3 ഫിഫ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഫലസ്തീന്‍റെ കാര്യത്തില്‍ സ്വന്തം നിയമങ്ങള്‍ തന്നെയാണ് ഫിഫ ലംഘിക്കുന്നത്. ഇസ്രായേലി അധികൃതരില്‍ നിന്നും അനുകൂല പ്രതികരണം ഉണ്ടാവുന്നതിന് ഫിഫ സമ്മര്‍ദ്ദം ചെലുത്തുക തന്നെ ചെയ്യണം. ഇസ്രായേല്‍ അധികൃതര്‍ വഴങ്ങുന്നില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഫിഫ തയ്യാറാവണം.

ഇസ്രായേലിനെതിരെ നടപടി എടുക്കാന്‍ ഫിഫയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനു വേണ്ടിയുള്ള ഫലസ്തീന്‍ സോളിഡാരിറ്റി കാമ്പയിനില്‍ ബ്രിട്ടനിലെ റെഡ് കാര്‍ഡ് ഇസ്രായേലി റേസിസം (ആര്‍.സി.ഐ.ആര്‍) കാമ്പയിനും ചേര്‍ന്നിട്ടുണ്ട്. തങ്ങള്‍ മനുഷ്യാവകാശത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ തയ്യാറാണെന്നും ഫിഫ ലോകത്തിനു മുന്നില്‍ പ്രവര്‍ത്തിയിലൂടെ തെളിയിക്കേണ്ട സമയമാണിത്.

മൊഴിമാറ്റം: ഇര്‍ഷാദ്
അവലംബം: മിഡിലീസ്റ്റ് മോണിറ്റര്‍

Related Articles