Current Date

Search
Close this search box.
Search
Close this search box.

സുൽത്താൻ സലാഹൂദ്ദീൻ അയ്യൂബിയും ഖുദ്സ് വിമോചനവും

ഇസ്ലാമും കുരിശുപടയും തമ്മിൽ നടന്ന പോരാട്ടങ്ങളുടെ ചരിത്രത്തിൽ അതിനിർണ്ണായകമായൊരു പോരാട്ടമായിരുന്നു ഹിഥ്വീൻ യുദ്ധം. ഈ പോരാട്ടത്തിലാണ് കുരിശുപടക്ക് അവരുടെ പ്രധാന സൈനികരെയെല്ലാം നഷ്ടമായത്. ക്രൈസ്തവ ഭരണകൂടം വർഷങ്ങളെടുത്ത് ഉണ്ടാക്കിയെടുത്ത ലോകത്തെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയായി മാറിയ കുരിശുപോരാളികൾ ഈ യുദ്ധത്തിൽ പൂർണമായും പരാജയപ്പെട്ടു. സുൽത്താൻ സലാഹൂദ്ദീൻ അയ്യൂബിയായിരുന്നു കുരിശുപടക്കെതിരെ രക്തരൂക്ഷിതമായ യുദ്ധത്തിലൂടെ വിജയം വരിച്ച മുസ്ലിം സൈന്യത്തിന്റെ നേതാവ്(യാസീൻ സുവൈദ്, ഇസ്ലാമിക-അറബ് ചരിത്രത്തിലെ ജറുസലേം യുദ്ധങ്ങൾ, പേ. 94). അതിനുശേഷം അഭിമാനിക്കത്തക്ക രീതിയിലുള്ള ഒരു ശക്തിയും കുരിശുയോദ്ധാക്കൾക്ക് നേടിയെടുക്കാനായിട്ടില്ല. അതേ വർഷം തന്നെ സെപ്തംബർ മാസം ഗസ്സയും അസ്ഖലാനും സ്വലാഹുദ്ധീൻ അയ്യൂബിക്ക് കീഴടങ്ങി. പല പ്രദേശങ്ങളിൽ നിന്നും ഒരുമിച്ചു കൂട്ടിയ സൈന്യവുമായി അയ്യൂബി ഫലസ്ഥീനിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങി. ലെവന്ത്(ശാം) മുഴുവൻ ഏകദൈവ വിശ്വാസത്തിന് കീഴിലാക്കുകയെന്നതായിരുന്നു ലക്ഷ്യം. വാളേന്തിയ കുതിരപ്പടയാളികളുമായി അദ്ദേഹം വടക്ക് ഖുദ്സിന് നേരെ കുതിച്ചു. 88 വർഷത്തെ അധിനിവേശത്തിന് ശേഷം തങ്ങളുടെ പരമാധികാരത്തിൽ നിന്നും ഖുദ്സ് പിടിച്ചെടുക്കാൻ വരുന്ന മുസ്ലിം സൈനിക നേതാവിനെ നേരിടാൻ അവർ ആയുധവിഭൂഷിതരായി ഒരുങ്ങി നിൽക്കുകയായിരുന്നു.

സ്വലാഹുദ്ധീൻ അയ്യൂബിയുടെ സൈനിക തന്ത്രങ്ങൾ

ഖുദ്സ് വിമോചനത്തിലേക്ക് നയിച്ച ചുവടുകൾ: ഖുദ്സിന്റെ വിമോചനത്തിനായി കുരിശുയോദ്ധാക്കൾക്കെതിരെ നടത്തിയ പടയോട്ടത്തിലാണ് സ്വലാഹുദ്ധീൻ അയ്യൂബിയുടെ യുദ്ധശക്തിയും തന്ത്രവും ലോകമറിഞ്ഞത്. ശാം, മിസ്വ്റ്, ഇറാഖിന്റെ ചില ഭാഗങ്ങൾ എന്നിവ ചേർത്ത ഒരു ഏകീകൃത മുസ്ലിം മുന്നണി എന്നതായിരുന്നു സ്വലാഹുദ്ധീൻ അയ്യൂബിയുടെ പദ്ധതി. ഈ ഏകീകൃത മുന്നണി ഉപയോഗിച്ച് ഹിഥ്വീനിൽ ചെയ്തതുപോലെ കുരിശുയോദ്ധാക്കളെ അദ്ദേഹം അവരുടെ വീടുകളിൽ ചെന്ന് നേരിട്ട് ശക്തമായ പ്രഹരമേൽപിച്ചു. കുരിശുപടയെ സാമ്പത്തികമായും ധാർമ്മികമായും തകർക്കുന്നതിന് വേണ്ടി അദ്ദേഹം ശാമിന്റെ തീരപ്രദേശ പട്ടണങ്ങളിലൂടെ വമ്പിച്ച സൈനിക മാർച്ച് നടത്തി. ഹിഥ്വീൻ വിജയത്തിന് ശേഷം നേരിട്ട് ബയ്ത്തുൽ മുഖദ്ദസിലേക്ക് തിരിഞ്ഞിരുന്നുവെങ്കിൽ അദ്ദേഹത്തിനവിടെ അനായാസം പ്രവേശിക്കാൻ സാധ്യമാകുമായിരുന്നു. പക്ഷെ, ബയ്ത്തുൽ മുഖദ്ദസിനുമേൽ പരിപൂർണ ആധിപത്യം ഉറപ്പാക്കും മുമ്പേ തീരപ്രദേശ പട്ടണങ്ങളിലൂടെ അദ്ദേഹം നടത്തിയ മാർച്ച് ബയ്ത്തുൽ മുഖദ്ദസിൽ സുസ്ഥിര അധികാരമുറപ്പിക്കുന്നതിന് വിലങ്ങുതടിയായി. പാശ്ചാത്യ രാജ്യങ്ങൾ ശാമിന്റെ തുറമുഖങ്ങളിലേക്ക് നിരന്തരമായി സൈന്യങ്ങളെ അയച്ചു. ശാം തുറമുഖത്ത് പല യൂണിറ്റുകളായും പാശ്ചാത്യ സൈന്യം വന്നിറങ്ങി. ഹോളി സെപൽച്ചർ സ്ഥിതിചെയ്യുന്ന ബയ്ത്തുൽ മുഖദ്ദസ് തിരിച്ചുപിടിക്കാനുള്ള പോരാട്ടം അയ്യൂബിക്ക് വീണ്ടും ശക്തമാക്കേണ്ടി വന്നു. ഹോളി സെപൽച്ചറിനകത്താണ് ക്രിസ്തു ക്രൂശിക്കപ്പെട്ടു കിടക്കുന്നത്, ദൈവത്വത്തിന്റെ അവതാരം അതിനകത്താണ്, അവിടെ നിന്നാണ് മാനവികത രൂപപ്പെടുന്നത്, കുരിശിന്റെ പുനരുത്ഥാനം അവിടെ നിന്നാണ് തുടങ്ങി അനേകം കെട്ടുകഥകളും വിശ്വാസങ്ങളും കുരിശുയോദ്ധാക്കൾക്കുണ്ടായിരുന്നു.

മാധ്യമത്തിന്റെ ഉപയോഗം:
ഹിഥ്വീൻ പോരാട്ടത്തിൽ പങ്കെടുത്തിരുന്ന യോദ്ധാക്കൾ സ്വലാഹുദ്ധീൻ അയ്യൂബിയുടെ കൂടെയുണ്ടായിരുന്നു. അദ്ദേഹം അവരുടെ സാന്നിധ്യം മുതലെടുത്തു. പിടിച്ചടക്കിയ പട്ടണങ്ങളിലും തുറമുഖ നഗരങ്ങളിലും അദ്ദേഹം സൈന്യത്തെ വിന്യസിച്ചു. കുരിശുപടക്കെതിരെ ലോക മുസ്ലിംകളെ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെ ഇസ്ലാമിക ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് താൻ പരിശുദ്ധ ഖുദ്സിലേക്ക് പ്രവേശിക്കുകയാണെന്ന വിവരം എത്തിച്ചു. ലോകമുസ്ലിംകളെ ഇച്ഛാശക്തിയുള്ളരാക്കാനും ദൃഢനിശ്ചയത്തോടെ യുദ്ധത്തിന് സന്നദ്ധരാകാനും അത് സഹായകമായി. ആദ്യ ഖിബ്ലയും മൂന്നാമത്തെ വിശുദ്ധ മസ്ജിദും തിരുനബിയുടെ ഇസ്റാഅ് നടന്ന സ്ഥലവുമായ മസ്ജിദുൽ അഖ്സയെ വിശുദ്ധീകരിക്കാനുള്ള ലോക മുസ്ലിംകളുടെ വികാരത്തെ അദ്ദേഹം ഇളക്കി മറിച്ചു(അഹ്മദ് ശാമി, സ്വലാഹുദ്ധീനും കുരിശുയോദ്ധാക്കളും, പേ. 209).

ഈജിപ്ഷ്യൻ സേനയുടെ വരവ്:
മറുഭാഗത്ത്, തുറമുഖ നഗരങ്ങളിൽ ആധിപത്യം നേടിയതിന് ശേഷം മറ്റു നഗരങ്ങളും തെക്കൻ കോട്ടകളും പിടിച്ചടക്കാൻ വേണ്ടി ഇൗജിപ്ഷ്യൻ സേനയെ അദ്ദേഹം സഹായത്തിന് വിളിച്ചു. അസ്ഖലാനിൽ വെച്ച് അദ്ദേഹത്തിന്റെ മകൻ ഉസ്മാൻ തന്റെ സൈന്യത്തോടൊപ്പം അയ്യൂബിക്കൊപ്പം ചേർന്നു. അത് അദ്ദേഹത്തിന്റെ സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്തി.

ഉപരോധവും യുദ്ധവും:
മുസ്ലിം സൈന്യം പട്ടണ മതിലിന് ചുറ്റും തമ്പടിക്കുന്നതിന് മുമ്പേ കുരിശുയോദ്ധാക്കൾ തങ്ങളുടെ പോരാട്ടം ആരംഭിച്ചിരുന്നു. സൈനിക നേതാവായ ജമാലുദ്ധീൻ ശർവീൻ ബ്ൻ ഹസനുർറാസിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക സൈന്യത്തിന്റെ മുന്നണിപ്പോരാളികൾ പട്ടണാതിർത്ഥിയിലേക്ക് ഇരച്ചുകയറുന്നതിനിടെ അവരും പോരാട്ടം ശക്തമാക്കി. ഒരു ചെറുത്തുനിൽപ്പിന് സാധ്യമാകാതെ മുസ്ലിം സൈന്യത്തിന് കീഴടങ്ങേണ്ടി വന്നെവന്ന് മാത്രമല്ല സൈനിക നേതാവായ ജമാലുദ്ധീൻ കൊല്ലപ്പെടുകയും ചെയ്തു(അബൂ ശാമത്തുൽ മഖ്ദിസി, കിതാബുർറൗളതൈ്തൻ, 2/92).

നിർണ്ണായക ആക്രമണം:
പട്ടണത്തിനുമേൽ അതിശക്തമായൊരു ആക്രമണം നടത്താൻ സ്വലാഹുദ്ധീൻ അയ്യൂബി തീരുമാനിച്ചു. ആക്രമണകാരികളുടെ മുന്നേറ്റത്തെ കല്ലുകളും തെറ്റാലിയും ഉപയോഗിച്ചു പ്രതിരോധിച്ചു. കോട്ടചുമരുകളിലും മതിലുകളിലും സംരക്ഷകരായി നിന്നിരുന്ന കുരിശു പടയാളികൾക്കെതിരെ മഴപോലെ അമ്പുകളെയ്തു. മുസ്ലിം മുന്നേറ്റത്തെ പ്രതിരോധിക്കുന്ന അവരെ തൽസ്ഥാനത്ത് നിന്നും മാറ്റുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പട്ടണത്തിന്റെ അതിർത്ഥിക്ക് ചുറ്റും കുഴിച്ചുവെച്ച കിടങ്ങുകളെ മറികടന്ന് മുസ് ലിം സൈന്യം മുന്നേറുകയും അമ്പെയ്ത്തിനോടൊപ്പം വെടിമരുന്നാക്രമണവും ശക്തമാക്കി. സ്വലാഹുദ്ധീൻ അയ്യൂബിയുടെ സൈന്യം പട്ടണ ചുമരുകളിൽ പലയിടങ്ങളിലും ദ്വാരങ്ങളുണ്ടാക്കി. 1187 സെപ്തംബർ 29 പട്ടണ മതിലിന്റെ പലയിടങ്ങളും വലിയ ദ്വാരം സൃഷ്ടിക്കുകയും അതിലൂടെ മുസ്ലിം സൈന്യം അനായാസം പട്ടത്തിലേക്ക് പ്രവേശിക്കുകയും അവിടെ ഇസ്ലാമിക പതാക ഉയർത്തുകയും ചെയ്തു. പക്ഷെ, പെടുന്നനെ കുരിശുയോദ്ധാക്കൾ ചേർന്ന് മുസ്ലിം സൈന്യത്തെ പട്ടണ മതിലിൽ നിന്നും അകറ്റാൻ അങ്ങേയറ്റം പരിശ്രമിച്ചുകൊണ്ടേയിരുന്നു. തങ്ങളുടെ പ്രതിരോധമെല്ലാം ഉപയോഗശൂന്യമാണെന്നും തങ്ങൾ നാശത്തിന്റെ വക്കിലാണെന്നും ഒരു നിലക്കും രക്ഷപ്പെടാൻ സാധ്യമാകാത്ത വിധം കൊല്ലപ്പെടുമെന്നും അവർക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. എന്നിട്ടും അവർ അവരുടെ ധാർഷ്ട്യം തുടർന്നു. ജനങ്ങളെല്ലാം ചർച്ചിൽ ഒത്തുകൂടി പ്രാർത്ഥിക്കാൻ തിരക്കുകൂട്ടി. അവർ തങ്ങളുടെ പാപങ്ങൾ ഏറ്റുചൊല്ലി. ദൈവിക സഹായവും കരുണയും തേടി കല്ലുകൾ കൊണ്ട് സ്വയം വേദനിപ്പിക്കാൻ തുടങ്ങി. മുസ്ലിംകൾ ബന്ധികളാക്കി പിടിക്കുമോ എന്ന് ഭയന്ന് സ്ത്രീകൾ അവരുടെ പെൺമക്കളുടെ മുടികളെല്ലാം വെട്ടിമാറ്റി(യൂസുഫ് നബ്ഹാനി, മുഫരിജുൽ കുറൂബ്, 2/213).

സ്വലാഹുദ്ധീൻ അയ്യൂബി ഖുദ്സിൽ പ്രവേശിക്കുന്നു

ചില വ്യവസ്ഥകൾ അനുസരിച്ച് പട്ടണം സ്വലാഹുദ്ധീൻ അയ്യൂബിക്ക് കീഴടങ്ങാൻ ധാരണയായി. ഹി. 583 റജബ് 27 വെള്ളിയാഴ്ച സ്വലാഹുദ്ധീൻ അയ്യൂബി ബൈത്തുൽ മുഖദ്ദസിൽ പ്രവേശിച്ചു. ആയുധങ്ങൾ ഉപേക്ഷിക്കണമെന്നും മുസ്ലിം സൈന്യത്തിന് പൂർണമായും കീഴടങ്ങണമെന്നുമുള്ള വ്യവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. അവിസ്മരണീയമായൊരു ദിവസമായിരുന്നു അത്. പരിശുദ്ധമായ പട്ടണത്തിന്റെ എല്ലാ അതിർത്ഥികളിലും മതിലുകളിലും ഇസ്ലാമിന്റെ വിജയ പതാക ഉയർത്തപ്പെട്ടു. പന്ത്രണ്ട് ദിവസം സ്വലാഹുദ്ധീൻ അയ്യൂബി പട്ടണം ഉപരോധിച്ചു. ഖുദുസും കീഴടങ്ങിയതോടെ പട്ടണം മുഴുവൻ അദ്ദേഹത്തിന്റെ അധികാരത്തിലായി. കുരിശുയോദ്ധാക്കളുടെ അധികാരത്തിലായിരുന്ന ശാമിലെ എല്ലാ സ്ഥലങ്ങളും സ്വലാഹുദ്ധീൻ അയ്യൂബിയുടെ അധികാരത്തിന് കീഴിൽ വന്നു. റജബ് 27ന് ഇസ്റാഇന്റെ പവിത്രമായ രാത്രിയിൽ അദ്ദേഹം ഖുദ്സിൽ പ്രവേശിച്ചു. പട്ടണത്തിന് പുറത്തുള്ള കുരിശുപടയാളികളിൽ നിന്നും മോചനദ്രവ്യം ശേഖരിച്ച് കണക്കാക്കാനായി പട്ടണത്തിന്റെ ഒാരോ കവാടത്തിലും അദ്ദേഹം സൈനിക തലവന്മാരെ ചുമതലപ്പെടുത്തി. സ്ത്രീകളും പുരുഷന്മാരും കുട്ടികൾക്കും പുറമെ കുതിരപ്പടയാളികളായ ആളുകളും അടക്കം അറുപതിനായിരത്തോളം ആളുകൾ പട്ടണത്തിലുണ്ടായിരുന്നു(യാസീൻ സുവൈദ്, കുരിശുയുദ്ധങ്ങൾ ഇസ്ലാമിക ചരിത്രത്തിൽ, പേ. 106).

ഇബ്നു അസീർ പറയുന്നു: ഇത് കേൾക്കുന്നവൻ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. കാരണം, അത്രമാത്രമ വലുതായിരുന്നു ആ നാട്. അസ്ഖലാൻ, റംല, ദറൂം, ഗസ്സ തുടങ്ങി നിരവധി വലിയ നാടുകൾ അടങ്ങിയതായിരുന്നു അത്. ആളുകൾക്ക് വഴിനടക്കാൻ സാധ്യമാകാത്ത വിധം ഇടവഴികളും ചർച്ചുകളും പട്ടണത്തിലുണ്ടായിരുന്നു.

പരിശുദ്ധമായ ഖുദ്സ് നഗരം പൂർണമായും തന്റെ അധികാരത്തിലേക്ക് വന്നപ്പോൾ കൈ്രസ്തവ അധിനിവേശത്തിന് മുമ്പ് അതെങ്ങനെയായിരുന്നുവോ അതേ രൂപത്തിലേക്ക് തന്നെ അതിനെ മാറ്റിയെടുക്കാൻ സ്വലാഹുദ്ധീൻ അയ്യൂബി കൽപിച്ചു. പട്ടണത്തിലുണ്ടായിരുന്ന പല മുസ്ലിം സ്മാരകങ്ങളും അവർ മാറ്റിമറിച്ചിരുന്നു. ഖുബ്ബത്തു സ്വഖ്റയുടെ മിനാരത്തിൽ അവർ സ്വർണത്താലുള്ള കുരിശ് നാട്ടിയിരുന്നത് എടുത്ത് കളയാൻ അദ്ദേഹം കൽപിച്ചു. മസ്ജിദുൽ അഖ്സയുടെ പടിഞ്ഞാറ് ഭാഗത്ത് വിശ്രമിക്കാനും ഒളിക്കാനുമുള്ള സൈനിക താവളങ്ങളുണ്ടായിരുന്നു. മസ്ജിദിന്റെ ഭാഗം തന്നെയായിരുന്ന അതെല്ലാം പൊളിച്ച് പള്ളിയോട് തന്നെ ചേർക്കാൻ അദ്ദേഹം ആജ്ഞാപിച്ചു. പള്ളിയും മിനാരവും ശുദ്ധീകരിക്കാൻ പറഞ്ഞു. പിന്നീട് മസ്ജിദുൽ അഖ്സയിൽ ഇമാമിനെ നിയമിച്ചു. മിഹ്റാബിൽ ഒരു മിമ്പറ് സ്ഥാപിച്ചു. കൈ്രസ്തവർ വരച്ചുവെച്ച ചിത്രങ്ങളും രൂപങ്ങളും ചുമരുകളിൽ നിന്നും മായ്ക്കപ്പെട്ടു. ഖുദ്സിലെ പ്രദേശവാസികളായ കൈ്രസ്തവർ അവരുടെ ഭവനങ്ങളിലേക്ക് തന്നെ മടങ്ങി. പറങ്കികൾ വിൽക്കുമെന്ന് പറഞ്ഞിരുന്ന സ്വത്ത്, വസ്തവകകൾ, പണം എന്നിവ അവർക്ക് തന്നെ തിരിച്ചുനൽകുമെന്ന് സ്വലാഹുദ്ധീൻ അയ്യൂബി ഉറപ്പ് നൽകി(യാസീൻ സുവൈദ്, കുരിശുയുദ്ധങ്ങൾ ഇസ്ലാമിക ചരിത്രത്തിൽ, പേ. 108)

മുസ്ലിംകൾക്കിടയിൽ വെച്ച് അങ്ങേയറ്റം കരുണയുള്ള ഒരു ഭരണാധികാരിയെക്കുറിച്ച് ചരിത്രത്തിന് അറിയില്ലായിരുന്നു. സ്വലാഹുദ്ധീൻ അയ്യൂബി തന്റെ വാഗ്ദാനങ്ങളെല്ലാം പരിപൂർണമായും നിറവേറ്റിക്കൊടുത്തു. സൈന്യത്തിനെതിരെ പ്രതിരോധം തീർത്തവരെ വിട്ടയച്ചു. പട്ടണകവാടങ്ങളിൽ സൈനിക തലവന്മാരെ നിയമിക്കുകയും മോചനദ്രവ്യം നൽകുന്ന പക്ഷം പട്ടണത്തിൽ പ്രവേശിക്കാൻ അനുവദിക്കുകയും ചെയ്തു. ബയത്തുൽ മുഖദ്ദസിൽ നിന്നും സുരക്ഷിത സ്ഥലം തേടിപ്പോകുന്നവർക്ക് ലക്ഷ്യസ്ഥാനം എത്തും വരെ അദ്ദേഹം സുരക്ഷ ഏർപ്പെടുത്തി. കൈ്രസ്തവരിൽ പലർക്കും മോചനദ്രവ്യം നൽകാനുള്ള സമ്പാദ്യമുണ്ടായിരുന്നില്ല. നാൽപത് ദിവസത്തിന് ശേഷം മുസ്ലിംകളുടെ കൈകളിൽ ഒറ്റ ബന്ദി മാത്രം അവശേഷിച്ചു. തങ്ങളിൽ ദരിദ്രർക്ക് വേണ്ടി സമ്പത്ത് ചെലവഴിക്കാൻ കൈ്രസ്തവരിലെ ധനികന്മാരാരും തയ്യാറായിരുന്നില്ല. ബൈയ്ത്തുൽ മുഖദ്ദസിൽ ഉണ്ടായിരുന്ന പാത്രിയാർക്കീസ് ഹെർക്കുലീസ് തന്റെ ഖജനാവുകളെല്ലാം എടുത്ത് നാടുവിട്ടു. ഒരു ദരിദ്രന് നേരെയും അദ്ദേഹം തിരിഞ്ഞുനോക്കിയില്ല(അബ്ദുല്ലാഹിൽ ഗാമിദി, സ്വലാഹുദ്ധീനും കുരിശുയോദ്ധാക്കളും, പേ. 216). അക്കാലത്ത് കുരിശുയോദ്ധാക്കൾ തമ്മിലുള്ള കുടുംബന്ധം തകരാനുള്ള ഒരു കാരണം ഇതായിരുന്നു. കാരണം, തടവുകാരായി പിടിക്കപ്പെട്ടവരെല്ലാം വ്യത്യസ്ത വിഭാഗക്കാരായിരുന്നു. അവരിൽ തന്നെ പല യൂറോപ്യൻ വിഭാഗങ്ങളുമുണ്ടായിരുന്നു. ജന്മികളുടെ അടിമത്തത്തിൽ നിന്നും രക്ഷപ്പെടാൻ വാടകക്ക് സൈനിക സേവനം നടത്തി കിഴക്കോട്ട് രക്ഷപ്പടാൻ ശ്രമിച്ചവരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു(നദീർ സഅ്ദാവി, ജയ്ശു മിസ്വ്ർ, പേ.69).

ചുരുക്കത്തിൽ, കുരിശുയോദ്ധാക്കളുടെ അഹങ്കാരത്തിൽ നിന്നും ലജ്ജാകരമായ മനോഭാവത്തിൽ നിന്നും വിത്യസ്തമായ സ്വലാഹുദ്ധീൻ അയ്യൂബി സ്വീകരിച്ച സഹിഷ്ണുത മനോഭാവം ഇംഗ്ലീഷ് എഴുത്തുകരാനായ ലിൻ പോളിനെ അത്ഭുതപ്പെടുത്തിയത് അദ്ദേഹം തന്നെ വിവരിക്കുന്നുണ്ട്. ഖുദ്സിലുണ്ടായിരുന്ന പാത്രിയാർക്കീസിനെ നിഷിധമായി വിമർശിച്ചതിന് ശേഷം അദ്ദേഹം തുടരുന്നു: മുസ്ലിംകൾക്കത് സഹിഷ്ണുതയെന്താണെന്ന് കൈ്രസ്തവരെ പഠിപ്പിക്കാനുള്ള അവസരമായിരുന്നു അത്(സ്വലാഹുദ്ധിനും കുരിശുയോദ്ധാക്കളും, പേ. 216). മോചനദ്രവ്യം നൽകാൻ കഴിയാതിരുന്ന ആയിരക്കണക്കിന് കുരിശുയോദ്ധാക്കളോടും തടവുകാരോടും സഹിഷ്ണുതയോടെ മാത്രമേ സ്വലാഹുദ്ധീൻ അയ്യൂബിയും മറ്റു മുസ്ലിം ഭരണാധികാരികളും പെരുമാറിയുള്ളൂ. പ്രായാധിക്യം കാരണം മോചനദ്രവ്യം നൽകാൻ സാധ്യമാകാത്ത കുരിശുയോദ്ധാക്കൾക്ക് താൻ വിട്ടുവീഴ്ച ചെയ്തുകൊടുത്തിരിക്കുന്നുവെന്ന് ബൈയ്്ത്തുൽ മുഖദ്ദസിന്റെ വഴികൾ തോറും വിളിച്ചു പറയാൻ സ്വലാഹുദ്ധഇൗൻ അയ്യൂബി സൈനികരോട് ആജ്ഞാപിച്ചു. പട്ടണത്തിന്റെ പിൻവാതിൽ അവർക്കായി തുറക്കപെടുമെന്നും സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയുള്ള സമയത്തിനിടക്ക് അവർക്ക് നഗരത്തിൽ പ്രവേശിക്കാമെന്നും അദ്ദേഹം വാക്കുകൊടുത്തു. ഇൗ വിളംബരം കേട്ട ഉടനെ എണ്ണമറ്റ കുരിശുയോദ്ധാക്കളാണ് അതുവഴി നഗരത്തിലേക്ക് പ്രവേശിച്ചത്(മുഫരിജുൽ കുറൂബ്, 2/215). സുൽത്താൻ സ്വലാഹുദ്ധീൻ അയ്യൂബിയും അദ്ദേഹത്തിന്റെ സഹോദരനും മറ്റു മഹാന്മാരായ മുസ്ലിം ഭരണാധികാരികളും ചെയ്ത അത്രയും വിട്ടുവീഴ്ച മുസ്ലിംകൾക്കിടയിൽ മറ്റൊരാളും ചെയ്തിട്ടുണ്ടാകില്ല.

തടവുകാരായി പിടിക്കപ്പെട്ട കുരിശുയോദ്ധാക്കളോട് സൽസ്വഭാവത്തോടെയും സഹിഷ്ണുതയോടെയുമായിരുന്നു സുൽത്താൻ സ്വലാഹുദ്ധീൻ അയ്യൂബി പെരുമാറിയിരുന്നത്. കൊല്ലപ്പെടുകയോ തടവുകരായി പിടിക്കപ്പെടുകയോ ചെയ്ത കുരിശ് അശ്വമേധക്കാരുടെ കുട്ടികളോടും ഭാര്യമാരോടും അദ്ദേഹത്തിന്റേ പെരുമാറ്റം അങ്ങനെ തന്നെയായിരുന്നു. കരഞ്ഞുകൊണ്ടവർ സുൽത്താന് മുമ്പിൽ ഒരുമിച്ചുകൂടി. സ്വലാഹുദ്ധീൻ അയ്യൂബി അവരുടെ സുഖവിവരങ്ങളന്വേഷിച്ചു. ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. അവർ കരുണ അർഹിക്കുന്നവരാണെന്ന് ജനങ്ങളോട് പറഞ്ഞു. അവരോട് സഹാനുഭൂതി കാണിച്ചു. അവരിൽ ആരുടെയെങ്കിലും ഭർത്താവ് തടവുകാരിലുണ്ടെങ്കിൽ അദ്ദേഹത്തെ വെറുതെവിട്ടു. അവർ ഉദ്ദേശിക്കുന്നിടത്തേക്ക് പോകാൻ അനുവദിച്ചു. ഭർത്താവ് മരിച്ച സ്ത്രീകൾക്കും കുട്ടികൾക്കും അവരുടെ ജീവിതത്തിന് ആവശ്യമായ സമ്പാദ്യം ഖജനാവിൽ നിന്നും നൽകാൻ കൽപിച്ചു. അവർക്ക് പാർപ്പിടങ്ങൾ ഒരുക്കാൻ ആജ്ഞാപിച്ചു. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നത് വരെ അവർക്കുവേണ്ടത് ചെയ്തുകൊടുക്കാൻ നിർദ്ദേശിച്ചു.

തന്റെ ഇസ്ലാമിക സ്വഭാവത്താൽ അദ്ദേഹം പാശ്ചാത്യൻ രാജാക്കന്മാരെയും അവരുടെ സൈനിക നേതാക്കന്മാരെയും അമ്പരപ്പിച്ചു. ഫ്രഞ്ചുകാർ പറയുമായിരുന്നു: ഫ്രഞ്ചുകാരും ജർമ്മൻകാരും ഇംഗ്ലീഷുകാരും ഇറ്റലിക്കാരും അദ്ദേഹത്തിന്റെ ധാർമ്മിക ബോധത്തെക്കുറിച്ച് അതിശയകരമായ കഥകൾ നെയ്യുമായിരുന്നു. അതിനെക്കുറിച്ചവർ ഗ്രാമങ്ങൾ തോറും നഗരങ്ങൾ തോറും സംസാരിക്കുമായിരുന്നു(മുനീർ ഗുൻദൂർ, അൽവജീസു ഫീ ശാം; അർദുൽ അമ്പിയാഇ വ മഹ്ദിൽ അസ്വ്ഫിയാഅ്, പേ. 61). എല്ലാ അർത്ഥത്തിലും തികഞ്ഞ ഒരു ഇസ്ലാമിക ജീവിതം നയിച്ച വ്യക്തിയായിരുന്നു സുൽത്താൻ സ്വലാഹുദ്ധീൻ അയ്യൂബി. സഹിഷ്ണുതയിലും വിട്ടുവീഴ്ചയിലും സഹാനുഭൂതിയിലും പ്രവാചകനെ മാതൃകയാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തെക്കുറിച്ച് യൂറോപ്യൻ ചരിത്രകാരന്മാരിലൊരാൾ പറഞ്ഞതിങ്ങനെയാണ്: അക്കാലം രക്തരൂക്ഷിതവും പൈശാചികവുമായിരുന്നുവെന്നതൊന്നും സ്വലാഹുദ്ധീൻ അയ്യൂബിയെപ്പോലെയുള്ള ഒരു ഭരണാധികാരിയെ ദുഷിപ്പിക്കുകയില്ല(അൽവജീസു ഫീ ശാം; അർദുൽ അമ്പിയാഇ വ മഹ്ദിൽ അസ്വ്ഫിയാഅ്, പേ. 61).

എഡി. 1325(ക്രി. 1899)ൽ ജർമ്മൻ ചക്രവർത്തി ഇന്നത്തെ ലെവന്ത് സന്ദർശിച്ചപ്പോൾ സുൽത്താൻ സ്വലാഹുദ്ധീൻ അയ്യൂബിയുടെ ഖബറിടം സന്ദർശിക്കാൻ താൽപര്യപ്പെട്ടുവെന്നത് അദ്ദേഹത്തിന്റെ അപൂർവ വീരത്വത്തെ ഫ്രഞ്ച് വിലമതിച്ചിരുന്നുവെന്നതിന്റെ തെളിവാണ്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന രാജ്ഞിയോട് സ്വലാഹുദ്ധീൻ അയ്യൂബിയെക്കുറിച്ച് അദ്ദേഹം പുകഴ്ത്തിപ്പറഞ്ഞു. അദ്ദേഹത്തിന്റെ മഖ്ബറയിൽ പൂക്കളർപ്പിക്കാൻ രാജ്ഞിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

 

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles