Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുൽ-അഖ്‌സയുടെ പ്രാധാന്യം

അൽ-അഖ്‌സയുടെ ചരിത്രവും പ്രാധാന്യവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളും പരിശോധിക്കുകയാണിവിടെ. എന്തുകൊണ്ട് അൽ അഖ്‌സ ഇത്രയേറെ ബഹുമാനിക്കപ്പെടുന്നുവെന്നതിനെക്കുറിച്ചുള്ള ചില പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരവുമാണ് ഇതോടൊപ്പമുള്ളത്.

പലപ്പോഴായുള്ള റെയ്ഡുകളിലൂടെ ഇസ്രായേൽ സേനയും, തൽസ്ഥാനത്ത് ഒരു ക്ഷേത്രം പുനർനിർമ്മിക്കാൻ ആഗ്രഹിക്കുന്ന തീവ്ര ഗ്രൂപ്പുകളും ലക്ഷ്യമിടുന്ന ഈ മസ്ജിദ്, ഫലസ്തീനിയൻ ചെറുത്തുനിൽപ്പിന്റെ പ്രതീകമായും വർത്തിക്കുന്നു. പവിത്രമായി കണക്കാക്കപ്പെടുന്ന പുരാതന അൽ-ഖിബ് ലി മസ്ജിദും സ്വർണ്ണ താഴികക്കുടമുള്ള ഡോം ഓഫ് ദി റോക്കും ഉൾപ്പെടുന്ന 14 ഹെക്ടർ വിസ്തൃതിയുള്ള ഈ പള്ളി, ജറുസലേമിലെ ഏറെ തിരിച്ചറിയപ്പെടുന്ന ലാൻഡ്‌മാർക്കുകളിൽ ഒന്നാണ്.

അറബിയിൽ ‘ഹറം അൽ-ശരീഫ്’ അല്ലെങ്കിൽ “ശ്രേഷ്ഠമായ സങ്കേതം” എന്നും അറിയപ്പെടുന്ന ഈ വലിയ പ്രദേശത്തിന് അതിനു ചുറ്റുമുള്ള പുരാതന നഗരമായ ജെറുസലേമിൽ നിന്ന് തീർത്ഥാടകർക്ക് അതിന്റെ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്താൻ പാകത്തിലുള്ള 15 പരമ്പരാഗത കവാടങ്ങളുണ്ടായിരുന്നുവെങ്കിലും ഇവയിൽ 10 എണ്ണം മാത്രമാണ് ഇപ്പോഴും ഉപയോഗത്തിലുള്ളത്. അവയാണെങ്കിൽ ആയുധധാരികളായ ഇസ്രായേലി സൈനികരും പോലീസ് ഉദ്യോഗസ്ഥരും നിയന്ത്രിക്കുന്നതുമാണ്. പ്രസ്തുത വിശുദ്ധ കേന്ദ്രത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു വിവരണം നൽകാനും അതിന്റെ മതപരവും സാംസ്കാരികവുമായ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുമുള്ള ശ്രമമാണ് ഈ പംക്തി

എവിടെയാണ് മസ്ജിദുൽ-അഖ്‌സ, ആ പേരിന് പിന്നിലെന്താണ്?
പുരാതന നഗരമായ ജറുസലേമിന്റെ തെക്കുകിഴക്കൻ കോണിൽ സ്ഥിതി ചെയ്യുന്ന അൽ-അഖ്സയുടെ താഴികക്കുടം നഗരത്തിലെവിടെനിന്നും കാണാം. പുറം ഭിത്തികളാൽ ചുറ്റപ്പെട്ട 1,44,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിട സമുച്ചയത്തിൽ പള്ളികളും പ്രാർത്ഥനാ മുറികളും പുൽത്തകിടികളും മറ്റു മതപരമായ അടയാളങ്ങളുമാണുള്ളത്.

അൽ-അഖ്സയുടെ പ്രധാന പോയിന്റുകൾ ഇങ്ങനെ മനസ്സിലാക്കാം

അറബിയിൽ, അൽ-അഖ്‌സയ്ക്ക് രണ്ട് അർത്ഥങ്ങളുണ്ട്: ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലും മുസ്‌ലിംകൾക്കിടയിലുമുള്ള അതിന്റെ പദവിയെ സൂചിപ്പിക്കുന്ന “പരമോന്നതം” എന്നതും, മക്കയിൽ നിന്നുള്ള ദൂരത്തെ സൂചിപ്പിക്കുന്ന “ഏറ്റവും ദൂരെയുള്ളത്” എന്നതുമാണ് ആ പേരിന്റെ ഭാഷാർത്ഥങ്ങൾ.
മിഅറാജ് എന്നറിയപ്പെടുന്ന അത്ഭുതകരമായ ഒരു രാത്രി യാത്രയിൽ പ്രവാചകൻ മുഹമ്മദ് നബി (സ) തനിക്ക് മുൻപുള്ള പ്രവാചകന്മാർക്ക് നമസ്കാരത്തിൽ ഇമാമത്ത് നിർവഹിച്ച സ്ഥലമാണിതെന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നു.

ഈ പ്രദേശത്തിന് പ്രാധാന്യം കൽപിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?

മതപരമായ പ്രാധാന്യം കൂടാതെ, ഫലസ്തീൻ ജനതയുടെ സംസ്കാരത്തിന്റെയും ദേശീയതയുടെയും പ്രതീകമാണ് അൽ-അഖ്സ. തിളങ്ങുന്ന ഗോൾഡൻ ഡോം ഓഫ് ദി റോക്ക് ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നതും ഈ സ്ഥലത്ത് പ്രാർത്ഥിക്കുന്നത് അവർ വലിയ ഭാഗ്യമായി കണക്കാക്കുന്നതുമാണ്.
ആധുനിക ദേശരാഷ്ട്രങ്ങൾക്ക് മുമ്പുള്ള കാലത്ത്, മുസ്ലീംകളുടെ വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടനങ്ങളിൽ ജറുസലേം ഒരു ഇടത്താവളമായിരുന്നു.
ഇപ്പോഴും എല്ലാ വെള്ളിയാഴ്ചകളിലും അൽ-അഖ്‌സയുടെ വിശാലമായ മുറ്റത്ത് പതിനായിരക്കണക്കിന് വിശ്വാസികൾ നമസ്കാരത്തിനായി ഒത്തുചേരാറുണ്ട്.

അൽ-അഖ്സയുടെ ഏരിയൽ വ്യൂ. മധ്യഭാഗത്ത് ഡോം ഓഫ് ദി റോക്ക്

വിശുദ്ധ റമദാനിലെ പ്രത്യേക രാത്രികളിൽ, തറാവീഹ് പ്രാർത്ഥനകൾക്കായി പള്ളിയിലെത്തുന്ന വിശ്വാസികളാൽ ഈ പ്രദേശത്ത് സവിശേഷമായ തിരക്കുണ്ടാകാറുണ്ട്. വിശുദ്ധ റമദാനിന്റെ അവസാനത്തെ കുറിക്കുന്ന ഈദുൽ-ഫിത്തറിൽ, ഈ പ്രദേശം പാട്ടും ഘോഷയാത്രയും വഴിയാത്രക്കാർക്ക് മധുരപലഹാരങ്ങൾ സമ്മാനിക്കലുമൊക്കെയായി കൂടുതൽ ആഘോഷഭരിതമാകും.

യഹൂദരെ സംബന്ധിച്ചിടത്തോളം, ഈ സ്ഥലം ടെമ്പിൾ മൗണ്ട് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ രണ്ട് പുരാതന യഹൂദ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നു. ബാബിലോണിയക്കാർ നശിപ്പിച്ച സോളമൻ രാജാവ് (അറബിയിൽ സുലൈമാൻ) നിർമ്മിച്ച ക്ഷേത്രവും റോമാക്കാർ നശിപ്പിച്ച രണ്ടാമത്തെ ക്ഷേത്രവുമാണവ.
ലോകത്തിന്റെ സൃഷ്ടി ആരംഭിച്ചതായി പുരാതനാശയക്കാരായ യഹൂദർ വിശ്വസിക്കുന്ന “അടിസ്ഥാനക്കല്ലിന്റെ” (Foundation Stone) ആസ്ഥാനമാണ് ഈ പ്രദേശം. 1967-ൽ കിഴക്കൻ ജറുസലേമിലെ ഇസ്രായേൽ അധിനിവേശം ആരംഭിച്ചതു മുതൽ, ഈ പ്രദേശം ഇസ്‌ലാം വിശ്വാസികൾക്കും പ്രദേശത്തിന്റെ മേൽ യഹൂദരുടെ പൂർണ നിയന്ത്രണം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പുകൾക്കുമിടയിൽ തർക്ക വിഷയമാണ്.

അൽ-അഖ്‌സയിലെ പ്രധാന ലാൻഡ്‌മാർക്കുകൾ ഏതൊക്കെയാണ്?

ജറുസലേം നഗരവുമായി ബന്ധപ്പെട്ട നിരവധി ലാൻഡ്‌മാർക്കുകളുള്ള അൽ-അഖ്‌സ, ചരിത്രപരമായ ആദ്യകാല ഇസ്ലാമിക വാസ്തുവിദ്യയുടെ ഏറ്റവും സംരക്ഷിത രൂപങ്ങളിലൊന്നുമാണ്.
മതപരമായ കെട്ടിടങ്ങളും ഘടനകളും കൂടാതെ, ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന കിണറുകൾ ഉൾപ്പെടെ 32 ജലസ്രോതസ്സുകൾ ഈ പ്രദേശത്തുണ്ട്. അൽ-അഖ്‌സയുടെ മതിലുകൾക്കുള്ളിൽ നിരവധി മിമ്പറുകൾ/പ്രസംഗപീഠങ്ങൾ, ചരിത്ര രേഖകൾ എന്നിവയും കാണാം, അവയിൽ ചിലത് മംലൂക്ക്, അയ്യൂബി കാലഘട്ടങ്ങൾ മുതലുള്ളവയാണ്.

ദി ഡോം ഓഫ് ദി റോക്ക്
ഇസ്ലാമിക വിശ്വാസമനുസരിച്ച്, ഡോം ഓഫ് ദി റോക്ക് ഉൾപ്പെടുന്ന ഭാഗമാണ് മുസ്ലീങ്ങൾ പ്രാർത്ഥിച്ച ആദ്യത്തെ ഖിബ്‌ല (മുസ്ലീങ്ങൾ പ്രാർത്ഥിക്കുന്ന ദിശ). ഇസ്‌ലാമനുസരിച്ച്, മുസ്‌ലിംകൾ ഹജ്ജ്, ഉംറ തീർത്ഥാടനങ്ങൾ നടത്തുകയും അതിന് നേർക്ക് തിരിഞ്ഞു പ്രാർത്ഥിക്കുകയും ചെയ്യുന്ന മക്കയിലെ കറുത്ത ക്യൂബോയിഡ് ഘടനയായ കഅബയെ പിന്തുടർന്ന് നിർമ്മിക്കപ്പെട്ട ആദ്യകാല പള്ളികളിലൊന്നാണ് അൽ-അഖ്‌സ. അറബിയിൽ അൽ-ഇസ്രാഉ വൽ-മിഅാറാജ് എന്നറിയപ്പെടുന്ന മുഹമ്മദ് നബി (സ) യുടെ ആകാശത്തിലേക്കുള്ള അത്ഭുതകരമായ രാത്രി യാത്രയിൽ ഈ പള്ളി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രവാചകൻ മുഹമ്മദ് നബി (സ) തനിക്ക് മുമ്പുണ്ടായിരുന്ന 1,24,000 പ്രവാചകന്മാരെ കണ്ടുമുട്ടുകയും അവരെ അൽ-അഖ്സ പള്ളിയിൽ വെച്ച് നമസ്കാരത്തിൽ നയിക്കുകയും ചെയ്തുവെന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു. അറബിയിൽ, ഖുബ്ബത്തു-സഖ്റ എന്ന് വിളിക്കപ്പെടുന്ന ഡോം ഓഫ് ദി റോക്കിന് മതപരവും ചരിത്രപരവുമായ പ്രാധാന്യമുണ്ട്.

പ്രവാചകൻ സ്വർഗത്തിലേക്ക് ഉയർത്തപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന ഒരു പാറയുടെ മുകളിൽ 691-692CE കാലഘട്ടത്തിൽ ഉമവി ഖലീഫ അബ്ദുൾ മാലിക് ഇബ്‌നു മർവാനാണ് ഈ കെട്ടിടം നിർമ്മിച്ചത്.
ദൈവത്തിൽ നിന്നുള്ള ഒരു ഗോവണി, സ്വർഗ്ഗത്തിന്റെ ഏറ്റവും ഉയർന്ന തലത്തിൽ നിന്ന് ഈ പാറയിലേക്ക് ഇറങ്ങിയെന്നാണ് ഇസ്ലാമിക വിശ്വാസം പറയുന്നത്. “പ്രവാചകന്റെ മസ്ജിദ്” എന്നറിയപ്പെടുന്ന സ്ഥലത്ത് തറയിൽ നിന്ന് ഒന്നര മീറ്റർ ഉയരത്തിലാണ് പാറ നിലകൊള്ളുന്നത്.

പിന്നീടുള്ള പള്ളികളുടെയും ഇസ്‌ലാമിക ഘടനകളുടെയും ആർക്കിടൈപ്പൽ ഘടനയിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഇസ്‌ലാമിക വാസ്തുവിദ്യയുടെ ആദ്യകാല ഉദാഹരണങ്ങളിലൊന്നാണ് ഡോം ഓഫ് ദി റോക്ക്. അതിന്റെ അഷ്ടഭുജാകൃതിയിലുള്ള ഘടനയ്ക്ക് നാല് പ്രവേശന കവാടങ്ങളും, അതിന്റെ അകത്തളം ഖുർആനിലെ സൂറഃ അൽ-ഇസ്രാഇൽ നിന്നുള്ള വാക്യങ്ങളാൽ അലങ്കരിക്കപ്പെട്ടുമിരിക്കുന്നു. ഭൂമിയിൽ ശേഷിക്കുന്ന ഖുർആനിന്റെ ആദ്യകാല ലിഖിതരൂപങ്ങളിൽ ചിലതാണിവ. മസ്ജിദിനുള്ളിൽ, ഇസ്ലാമിക രൂപങ്ങളും ടൈപ്പോഗ്രാഫിയും സന്നിവേശിപ്പിച്ചുകൊണ്ട് അലങ്കരിച്ച, വലിയ സ്റ്റെയിൻ ഗ്ലാസ് ജാലകങ്ങളാണ് വിശ്വാസികളെ വരവേൽക്കുന്നത്. മക്കയിലേക്കുള്ള പ്രാർത്ഥനയുടെ ദിശ (ഖിബ്‌ല) കാണിക്കുന്ന മസ്ജിദിന്റെ മതിലിലെ മാടം, ഇന്നുള്ളതിൽവച്ചേറ്റവും പഴയ മിഹ്‌റാബുകളിലൊന്നാണ്.

പടിഞ്ഞാറൻ മതിൽ

അൽ-അഖ്‌സയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മസ്ജിദിന്റെ തെക്കുപടിഞ്ഞാറൻ അരികിലുള്ള അൽ-ബുറാഖ് മതിൽ എന്നും അറിയപ്പെടുന്ന പടിഞ്ഞാറൻ മതിൽ. പ്രവാചകന്റെ വാതിലിനും മൊറോക്കൻ വാതിലിനും ഇടയിലാണ് ഈ മതിൽ. 1307 നും 1336 നും ഇടയിൽ നിർമ്മിച്ച ഒരു ചെറിയ പള്ളിയും ഈ പ്രദേശത്തുണ്ട്.

യഹൂദ ആരാധകർ പടിഞ്ഞാറൻ മതിലിൽ ഒത്തുകൂടുന്നു. ഇത് പലപ്പോഴും ക്രമപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്

ഏകദേശം 20 മീറ്റർ ഉയരവും 50 മീറ്റർ നീളവുമുള്ള ഈ മതിലിൽ, സ്വർഗ്ഗാരോഹണത്തിന് മുമ്പ് അൽ-ബുറാഖ് എന്നറിയപ്പെടുന്ന ചിറകുള്ള കുതിരയെപ്പോലുള്ള ഒരു ജീവിയെ മുഹമ്മദ് നബി (സ) കെട്ടിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. 70CE-ൽ റോമാക്കാർ നശിപ്പിച്ച ഹെറോഡിയൻ ക്ഷേത്രത്തിന്റെ അവശേഷിക്കുന്ന അവസാന നിർമ്മിതിയാണ് ഇതെന്ന് വിശ്വസിക്കുന്ന ജൂതന്മാരും ഈ പടിഞ്ഞാറൻ മതിലിനെ പവിത്രമായി കാണുന്നു.
ഓരോ വർഷവും, പതിനായിരക്കണക്കിന് യഹൂദന്മാർ ഇവിടെ ഒത്തുകൂടി പ്രാർത്ഥിക്കുകയും മതിലിലെ മാടങ്ങൾക്കിടയിൽ പ്രാർത്ഥനകൾ എഴുതിയിടുകയും ചെയ്യുന്നു.

അൽ-ഖിബ് ലി മസ്ജിദ്

വെള്ളി താഴികക്കുടമുള്ള ഈ കെട്ടിടം അൽ-അഖ്സയുടെ തെക്കൻ മതിലിന് നേരെയാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തു മുസ്ലീങ്ങൾ നിർമ്മിച്ച ആദ്യത്തെ കെട്ടിടമാണിത്. വിശ്വാസികളെ പ്രാർത്ഥനയിൽ നയിക്കുന്ന ഇമാം നിൽക്കുന്ന ഈ സ്ഥലം, പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ഘടനകളിലൊന്നായി കണക്കാക്കപ്പെടുന്നു. 638CE-ൽ മുസ്‌ലിംകൾ ജറുസലേമിൽ പ്രവേശിച്ചപ്പോൾ, ഇസ്‌ലാമിന്റെ രണ്ടാം ഖലീഫ ഉമർ ബിനുൽ-ഖത്താബും കൂട്ടാളികളും പള്ളി പണിയാൻ ഉത്തരവിടുകയായിരുന്നു. അക്കാലത്ത് തരിശായതും അവഗണിക്കപ്പെട്ടതുമായ പ്രദേശമായിരുന്നു അത്.

യഥാർത്ഥത്തിൽ, തടികൊണ്ടുള്ള ട്രസ്സുകളിൽ ഇരിക്കുന്ന ലളിതമായ ഒരു കെട്ടിടമായിരുന്നു മസ്ജിദ്. അതിനെ ഇന്ന് കാണുന്ന ഘടനയിൽ ആദ്യമായി നിർമ്മിച്ചത് എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉമവി ഖലീഫ വലീദ് ബിൻ അബ്ദുൽ മലിക് ബിൻ മർവാനാണ്. ചരിത്രത്തിലുടനീളം, യഥാർത്ഥ ഘടനയിൽ അടയാളങ്ങളുണ്ടാകാൻ പാകത്തിൽ, നിരവധി ഭൂകമ്പങ്ങളും ആക്രമണങ്ങളും മസ്ജിദ് നേരിട്ടിട്ടുണ്ട്. അവസാനമായി ഒട്ടോമൻ കാലഘട്ടത്തിലായിരുന്നു പള്ളിയുടെ പ്രധാന നവീകരണ പ്രവത്തനങ്ങൾ നടന്നത്. ആ സമയത്തെ സുൽത്താനായിരുന്ന ‘സുലൈമാൻ ദി മാഗ്നിഫിസെന്റ്’, പള്ളിയുൾപ്പെടുന്ന പ്രദേശത്തിനുള്ളിൽ നിരവധി ഭാഗങ്ങൾ പുനഃസ്ഥാപിക്കുകയും പ്ലഷ് പരവതാനികളും വിളക്കുകളും സ്ഥാപിക്കുകയും ചെയ്തു.

അൽ-ഖിബ്‌ലി മസ്ജിദ്- മുസ്ലീങ്ങൾക്കിടയിൽ വളരെയേറെ ആദരിക്കക്കപ്പെടുന്ന ഈ പള്ളിയുടെ സിൽവർ ഡോം ലോകപ്രശസ്തമാണ്

ഇന്ന്, അൽ-ഖിബ്‌ലി മസ്ജിദിന് ഒമ്പത് പ്രവേശന കവാടങ്ങളുണ്ട്. പ്രധാന കവാടം കെട്ടിടത്തിന്റെ വടക്കേ മുഖത്തിന്റെ മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. അകത്ത്, കല്ലും മാർബിൾ നിരകളും കൊണ്ടുള്ള തൂണുകൾ, കെട്ടിടഘടനയെ താങ്ങിനിർത്തുന്നു. 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാർബിളുകൾ നവീകരണത്തിന്റെ ഭാഗമായിരുന്നെങ്കിലും ഇതിലെ കല്ലുകൊണ്ടുള്ള തൂണുകൾ പുരാതനമാണ്. ഏകദേശം 5,500 വിശ്വാസികൾക്ക് ആതിഥ്യമരുളാൻ മാത്രം ഇടമുള്ള പള്ളിക്ക് 80 മീറ്റർ നീളവും 55 മീറ്റർ വീതിയുമുണ്ട്. അകത്ത്, പള്ളിയുടെ താഴികക്കുടം തടികൊണ്ടുള്ളതും, തൂണുകൾ ഗ്ലാസ് മൊസൈക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നതുമാണ്. അതിൽ സസ്യങ്ങളുടെ ചിത്രങ്ങളും ജ്യാമിതീയ അലങ്കാരങ്ങളും ഖുർആനിലെ വാക്യങ്ങളും ഉൾക്കൊള്ളുന്നു.

എങ്ങനെയാണ് ഈ പ്രദേശം പലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായി മാറിയത്?

ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം, ഒരു മതപരമായ ചിഹ്നമെന്നതിലുപരി, അവർ ആഘോഷിക്കുകയും വിലപിക്കുകയും ഒത്തുകൂടുകയും ചെയ്യുന്ന അവരുടെ സാംസ്കാരിക ജീവിതത്തിന്റെ കേന്ദ്രം കൂടിയാണ് അൽ-അഖ്‌സ.
ചെറുപ്പം മുതലേ മസ്ജിദ് സന്ദർശിക്കുന്നവരാണ് പലസ്തീനികൾ. അതുകൊണ്ടുതന്നെ, അവർക്കിടയിൽ അവരുടെ രാജ്യത്തിന്റെ പ്രതീകമെന്ന നിലയിൽ വ്യാപകമായി അംഗീകരിക്കപ്പെട്ട ഒന്നാണ് അൽ-അഖ്സ.
ഇസ്രായേൽ അധിനിവേശ സേനയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായി അവരിൽ പലരും റമദാനിൽ അവിടെവച്ച് നോമ്പ് തുറക്കുകയും വെള്ളിയാഴ്ചകളിൽ നമസ്കരിക്കുകയും ചെയ്യുന്നു.

പലസ്തീൻ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി മാറിയ അൽ-അഖ്‌സ

ഈ പ്രദേശം പുനർനിർമിച്ച് ക്ഷേത്രമാക്കി മാറ്റണമെന്ന് ആഗ്രഹിക്കുന്ന തീവ്ര ഗ്രൂപ്പുകൾ അതിന്റെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നതാണ് പള്ളിയോടുള്ള പാലസ്തീനിയൻ അഭിനിവേശത്തിന്റെ മറ്റൊരു കാരണം.
മുഖ്യധാരാ യഹൂദ മതനേതാക്കളുടെ എതിർപ്പ് ഉണ്ടായിരുന്നിട്ടുകൂടി, ക്ഷേത്രം പുനർനിർമിക്കാനുള്ള ആഹ്വാനങ്ങൾ സമീപ ദശകങ്ങളിൽ കൂടുതൽ ഉച്ചത്തിലാവുകയും അതിനു മതപരവും രാഷ്ട്രീയവുമായ പിന്തുണ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

അപൂർവ പുരാവസ്തുക്കളും കലാപരമായ ശേഖരങ്ങളും ഖുർആനിന്റെ കൈയെഴുത്തുപ്രതികളും സൂക്ഷിക്കപ്പെടുന്ന 1923-ൽ സ്ഥാപിതമായ പലസ്തീനിലെ ആദ്യത്തെ മ്യൂസിയമായ ഇസ്ലാമിക് മ്യൂസിയം സ്ഥിതി ചെയ്യുന്നതും ഈ പ്രദേശത്താണ്.

അൽ-അഖ്‌സയിലെ സംഘർഷങ്ങളുടെ ചരിത്രം

1967ലെ യുദ്ധത്തിൽ കിഴക്കൻ ജറുസലേമിന്റെയും വെസ്റ്റ് ബാങ്കിന്റെയും ബാക്കി ഭാഗങ്ങൾക്കൊപ്പം അൽ-അഖ്സ പള്ളിയും ഇസ്രായേൽ പിടിച്ചെടുത്തു. യുദ്ധവിജയത്തിനും തുടർന്നുള്ള അധിനിവേശത്തിനും ശേഷം, ഇസ്രായേൽ അധികാരികൾ ജൂതന്മാരെ പടിഞ്ഞാറൻ മതിലിൽ പ്രാർത്ഥന നടത്താൻ അനുവദിച്ചു. പക്ഷേ അൽ-അഖ്സയ്ക്കുള്ളിൽ അനുമതി നൽകിയിരുന്നില്ല. പ്രസ്തുത നിയന്ത്രണങ്ങളുടെ ഫലമായി, ജൂതന്മാർക്കും വിദേശ വിനോദസഞ്ചാരികൾക്കും മഗ്‌രിബി ഗേറ്റിലൂടെ മാത്രം പ്രദേശത്തേക്ക് പ്രവേശിക്കാൻ കഴിയും.

1967 ജൂണിൽ അൽ-അഖ്‌സ മസ്ജിദിലെ ഡോം ഓഫ് ദി റോക്കിനു നേരെ ഒരു ഇസ്രായേൽ സൈനിക വാഹനം ഓടിക്കുന്നതിൻെറ ചിത്രം.

എന്നിരുന്നാലും, അൽ-അഖ്സയിൽ എണ്ണമറ്റ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവയിൽ കൂടുതലും നടത്തിയിട്ടുള്ളത് സയണിസ്റ്റ് ഗ്രൂപ്പുകളാണെങ്കിലും പ്രദേശത്ത് ഖനനങ്ങളും പൊളിക്കലുകളും നടത്തിയതിന് ഇസ്രായേലി അധികാരികളും വിമർശിക്കപ്പെട്ടിട്ടുണ്ട്. 1988-ലെ ആദ്യത്തെ പലസ്തീനിയൻ ഇൻതിഫാദയുടെ സമയത്ത്, ഇസ്രായേൽ സൈന്യം ഡോം ഓഫ് ദി റോക്കിന് പുറത്തും മുറ്റത്തുമുണ്ടായിരുന്ന മുസ്ലീം തീർത്ഥാടകരെ കണ്ണീർ വാതകവും റബ്ബറിൽ പൊതിഞ്ഞ സ്റ്റീൽ ബുള്ളറ്റുകളും ഉപയോഗിച്ച് ആക്രമിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റവും ശ്രദ്ധേയമായ സമീപകാല സംഭവങ്ങളിലൊന്ന് നടന്നത് 2000 സെപ്റ്റംബറിൽ, അന്നത്തെ ഇസ്രായേലി പ്രതിപക്ഷ നേതാവ് ഏരിയൽ ഷാരോൺ, ആയുധധാരികളായ ഇസ്രായേലി സൈനികരുടെ അകമ്പടിയോടെ അൽ-അഖ്സയിൽ പര്യടനം നടത്തിയപ്പോഴാണ്. വലിയ പ്രകോപനവും സംഘർഷാന്തരീക്ഷവും സൃഷ്‌ടിച്ച ഈ പ്രവൃത്തി, രണ്ടാം ഇൻതിഫാദയുടെ തുടക്കത്തിന് കാരണമായതായി ആരോപിക്കപ്പെടാറുണ്ട്.

2015-ൽ, കിഴക്കൻ ജറുസലേമിലെ ഇസ്രായേൽ അധിനിവേശത്തിന്റെ വാർഷികമാഘോഷിക്കാൻ ദേശീയവാദികൾ പ്രദേശത്ത് പ്രവേശിച്ചത് ഫലസ്തീൻ പ്രതിഷേധത്തെ പ്രകോപിപ്പിച്ചുവെങ്കിലും, വിയോജിപ്പിന്റെ സ്വരങ്ങളെ ഇസ്രായേൽ സൈന്യം അടിച്ചമർത്തുകയായിരുന്നു. സാധാരണയായി കൂടുതൽ ആക്രമണങ്ങൾ നടക്കുന്ന തിയതിയാണ് “ജെറുസലേം ദിനം” എന്നറിയപ്പെടുന്ന മെയ് 17. ഇസ്രയേലി സുരക്ഷാ നടപടികൾ കാരണം അൽ-അഖ്‌സയിൽ പ്രവേശിക്കുന്നതിന് മുസ്‌ലിംകൾക്ക് പലപ്പോഴും ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടിവരാറുണ്ട്. പ്രത്യേകിച്ച്, പിരിമുറുക്കങ്ങൾ രൂക്ഷമാകുന്ന സമയത്ത് പലസ്തീനി യുവാക്കൾ പള്ളിയിൽ പ്രവേശിക്കുന്നതിനെ ഇസ്രയേലി സൈന്യം തടയാറുണ്ട്.

2021 മെയ് മാസത്തിൽ ഇസ്രായേൽ സൈന്യം അൽ-അഖ്സയിൽ ഇരച്ചുകയറി, ആരാധകർക്ക് നേരെ റബ്ബറിൽ പൊതിഞ്ഞ സ്റ്റീൽ ബുള്ളറ്റുകളും കണ്ണീർ വാതകവും പ്രയോഗിച്ചു.

വെസ്റ്റ് ബാങ്കിലെ മുസ്ലീങ്ങൾക്ക് ഒരു പെർമിറ്റോടെ മാത്രമേ പ്രദേശത്ത് പ്രവേശിക്കാൻ കഴിയൂ.
റമദാനിൽ പ്രാർത്ഥിക്കാനെത്തുന്ന ഫലസ്തീനിയൻ വിശ്വാസികളെ ഇസ്രായേൽ അധികാരികൾ വിലക്കുകയോ അല്ലെങ്കിൽ ഇസ്രായേൽ പാർലമെന്റിലെ അംഗങ്ങൾ പ്രദേശത്ത് പര്യടനം നടത്തുകയോ ചെയ്യുന്നത് അൽ-അഖ്‌സയുടെ അന്തരീക്ഷത്തെ കൂടുതൽ സംഘർഷഭരിതമാക്കാറുണ്ട്.

വിവ: ശുഐബ് മുഹമ്മദ് ആർ.വി

Related Articles