Current Date

Search
Close this search box.
Search
Close this search box.

മോദിയുടെ വിദ്വേഷ പ്രചരണങ്ങള്‍ എന്തുകൊണ്ടാണ് പരാജയപ്പെട്ടത് ?

വിദ്വേഷ രാഷ്ട്രീയം എന്നത് നരേന്ദ്ര മോദിക്ക് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഏപ്രില്‍ 21ന് രാജസ്ഥാനിലെ ബന്‍സ്വാരയില്‍ പറഞ്ഞത് അദ്ദേഹത്തിന്റെ ആ നിലവാരമനുസരിച്ച് പോലും ഞെട്ടിക്കുന്നതായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍, ഹിന്ദു സ്ത്രീകളുടെ മംഗളസൂത്രം (താലിമാല) തട്ടിയെടുത്ത് മുസ്ലിംകള്‍ക്ക് കൈമാറി സമ്പത്തില്‍ തുല്യത എന്ന ആശയം നടപ്പിലാക്കുമെന്നാണ് പ്രധാനമന്ത്രി ആരോപിച്ചത്. വിവാഹ മോതിരം പോലെ വിവാഹത്തിന്റെ അടയാളമായി വിവാഹിതരായ ഹിന്ദു സ്ത്രീകള്‍ ധരിക്കുന്ന മാലയാണ് മംഗള്‍സൂത്ര. മോദി പറഞ്ഞത് സത്യമല്ലെങ്കിലും (കോണ്‍ഗ്രസ് ഒരിക്കലും അത്തരം വാഗ്ദാനങ്ങളൊന്നും നല്‍കിയിട്ടില്ല), ഒരു ഹിന്ദു സ്ത്രീയുടെ വിവാഹത്തിന്റെ വൈകാരിക ചിഹ്നങ്ങളെ ‘മുസ്ലിം പ്രീണനവുമായി’ ബന്ധിപ്പിച്ചുകൊണ്ട്, പ്രധാനമന്ത്രി വെറുപ്പിനുള്ള ശക്തമായ ആഹ്വാനം നടത്തുകയായിരുന്നു ഇതിലൂടെ. അത് മാത്രമായിരുന്നില്ല. ഇന്ത്യന്‍ മുസ്ലീങ്ങളെ ‘നുഴഞ്ഞുകയറ്റക്കാര്‍’ എന്നും ‘കൂടുതല്‍ കുട്ടികളുള്ളവര്‍’ എന്നും മോദി വിശേഷിപ്പിച്ചു.

ചുരുങ്ങുന്ന കര്‍മ്മഫലം

ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മോദിയുടെ തീവ്രവാദം ഫലം കണ്ടില്ലെന്ന് വ്യക്തമായിരുന്നു. ബന്‍സ്വാരയില്‍ 2.5 ലക്ഷം വോട്ടിനാണ് ഹിന്ദുത്വ പാര്‍ട്ടി പരാജയപ്പെട്ടത്. ഒരു ദശാബ്ദക്കാലമായി, മോദിയുടെ കീഴിലുള്ള ബി.ജെ.പി അവരുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ മൂര്‍ച്ചയുള്ള തിരഞ്ഞെടുപ്പ് ആയുധമായാണ് പ്രയോഗിച്ചത്. ഇതില്‍ ഭൂരിഭാഗവും പ്രയോഗിച്ചത് ഇന്ത്യയിലെ ഏറ്റവും ദരിദ്രരും ദുര്‍ബലരുമായ സമുദായങ്ങളിലൊന്നായ മുസ്ലിംകളെ ശിക്ഷിക്കുക എന്നതിനായിരുന്നു. ധാര്‍മികമായി അസഹ്യമാണെങ്കിലും, രാഷ്ട്രീയ ഫലങ്ങള്‍ ശ്രദ്ധേയമായിരുന്നു.
ഈ സ്‌പെക്ട്രത്തിലുടനീളമുള്ള ഹിന്ദു ജാതികളെ ഒന്നിപ്പിച്ച് ശക്തമായ ഒരു തിരഞ്ഞെടുപ്പ് ബ്ലോക്കാക്കി ബി.ജെ.പിയെ മാറ്റാനും അസംഭവ്യങ്ങളുടെ ഒരു കൂട്ടുകെട്ട് രൂപപ്പെടുത്താനും ഹിന്ദുത്വം സഹായിച്ചു.
എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ബന്‍സ്വാരയിലേതുപോലെ, ഈ തന്ത്രത്തിന് ഇന്ത്യയിലുടനീളം ചെറിയ സ്വീകാര്യത മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നത് വ്യക്തമാണ്. മോദി ഇന്ത്യയിലെ തന്നെ ഏറ്റവും വര്‍ഗീയമായ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയപ്പോള്‍, ബിജെപിയുടെ സീറ്റുകള്‍ ഉയര്‍ന്നില്ലെന്നു മാത്രമല്ല കുത്തനെ കുറയുകയാണ് ചെയ്തത്. ഇന്ത്യയിലെ വോട്ടര്‍മാര്‍ വിദ്വേഷത്തിനെതിരെ വോട്ട് ചെയ്തു എന്നാണോ ഇതിനര്‍ത്ഥം? അതെ എന്നും അല്ല എന്നും പറയേണ്ടി വരും.

ഹിന്ദുത്വ മേധാവിത്വം

ഇന്ത്യയുടെ പല ഭാഗങ്ങളിലും ഹിന്ദുത്വത്തിന് ശക്തമായ ആകര്‍ഷണം ഉണ്ടെന്നതില്‍ സംശയമില്ല. ഒരു പരിധി വരെ ഇത് ബിജെപിക്ക് മുമ്പുള്ള ആശയമാണ്. ബി.ജെ.പി ഹിന്ദുത്വയെ ഉയര്‍ത്തിക്കാട്ടുമ്പോള്‍, ഇന്ത്യയിലെ വോട്ടര്‍മാരില്‍ ഒരു പ്രധാന വിഭാഗം അതിനെ ആകര്‍ഷിക്കാന്‍ തയ്യാറാണ്. ഈ തെരഞ്ഞെടുപ്പില്‍ മോദിയുടെ വര്‍ഗീയ പ്രസ്താവനകള്‍ ഈ വിഭാഗത്തിനെങ്കിലും ആവേശം പകരുമായിരുന്നു എന്നതില്‍ ചെറിയ സംശയമുണ്ട്. എന്നിരുന്നാലും, തെരഞ്ഞെടുപ്പ് ബഹുസ്വരത കെട്ടിപ്പടുക്കാന്‍ ഈ ജനവിഭാഗം പര്യാപ്തമല്ല എന്നതാണ് ബി.ജെ.പിയുടെ പ്രശ്‌നം. ഇന്ത്യന്‍ യൂണിയന്‍ അതിന്റെ ഉച്ചസ്ഥായിയില്‍ പോലും വളരെ വിശാലവും വൈവിധ്യപൂര്‍ണ്ണവുമാണ്, ഹിന്ദുത്വ എന്നത് ദേശീയ തെരഞ്ഞെടുപ്പില്‍ മറ്റു വിഷയങ്ങളെപ്പോലെ കേവലം ഒരു വിഷയം മാത്രമാണ്.

ഉപജീവനവും ക്ഷേത്രങ്ങളും

അയോധ്യയിലെ രാമക്ഷേത്രമെടുക്കൂ. ഹിന്ദുത്വ ആള്‍ക്കൂട്ടം തകര്‍ത്ത മസ്ജിദിന്റെ സ്ഥലത്ത് നിര്‍മ്മിച്ച ഈ ക്ഷേത്രം ഹിന്ദുത്വത്തിന്റെ കേന്ദ്രബിന്ദുവും ബിജെപി ദേശീയ തലത്തിലേക്ക് ഉയരുന്നതിന് ഏറെ പ്രാധാന്യം നല്‍കിയ കാരണം കൂടിയാണ്. കഴിഞ്ഞ ജനുവരിയില്‍, ഒരു മധ്യകാല ഹിന്ദു ചക്രവര്‍ത്തിയുടെ രീതിയില്‍ മോദി ക്ഷേത്രം ഉദ്ഘാടനം ചെയ്തു, ഈ സംസ്ഥാനത്തെ വിശ്വാസത്തിലേക്കും ഭക്തിയിലേക്കും ലയിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്ത്യയിലുടനീളം പ്രക്ഷേപണം ചെയ്യുകയും ചെയ്തു.

ഇങ്ങനെയൊക്കെയാണെങ്കിലും ക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലം തന്നെ ബിജെപിക്ക് നഷ്ടമായി. എന്റെ സഹപ്രവര്‍ത്തകയായ സുപ്രിയ ശര്‍മ്മയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രകാരം ഫൈസാബാദില്‍ പല ദളിത് വോട്ടുകളും രാമക്ഷേത്രത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് സാധാരണ ജനങ്ങളുടെ ദൈനംദിന വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് കണ്ടെത്തല്‍. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണങ്ങളും ഗോമാംസ നിരോധന നിയമങ്ങള്‍ കാരണം അലഞ്ഞുതിരിയുന്ന പശുക്കള്‍ പെരുകിയതുമെല്ലാം ഇതില്‍പ്പെടും. പലരും മുമ്പ് ബിജെപിക്ക് വോട്ട് ചെയ്തവരാണെങ്കിലും ഇത്തവണത്തെ അവരുടെ തീരുമാനം റൊട്ടിയും വെണ്ണയും സൗജന്യ റേഷനുമെല്ലാം അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

ഫൈസാബാദിലെ പല ദളിതര്‍ക്കിടയിലും ഹിന്ദുത്വം വെല്ലുവിളിക്കപ്പെടാത്തതായിരിക്കും. ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ ദളിത് പാര്‍ട്ടിയായ ബഹുജന്‍ സമാജ് പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ രാമക്ഷേത്രത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍, പല ദലിതരും അത് മുന്‍നിര്‍ത്തിയാണോ തങ്ങളുടെ വോട്ട് ചെയ്തത് ? അല്ല, അതിന് സാധ്യതയില്ല. പോളിംഗ് ഡാറ്റയില്‍ പോലും ഈ ഒരു സൂചന നമുക്ക് കാണാന്‍ കഴിയും. സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ്-ലോക്നീതി തിങ്ക്ടാങ്കിന്റെ പ്രീ-പോള്‍ സര്‍വേയില്‍ 8% വോട്ടര്‍മാര്‍ മാത്രമാണ് അയോധ്യയിലെ പുതിയ ക്ഷേത്രം തങ്ങളുടെ പ്രാഥമിക വിഷയമായി പരിഗണിച്ചത്. അപ്പോള്‍ പ്രധാനപ്പെട്ട രണ്ട് ആശങ്കകള്‍ എന്തായിരുന്നു ? തൊഴിലില്ലായ്മയും പണപ്പെരുപ്പവും. വാസ്തവത്തില്‍, പ്രതികരിച്ചവരില്‍ പകുതിയോളം പേരും ഇത് അവരുടെ പ്രാഥമിക ആശങ്കകളായാണ് അഭിപ്രായപ്പെട്ടത്. ഇതൊന്നും ബി.ജെ.പിക്ക് അറിയാത്തത് അല്ല. 2014-ല്‍ അധികാരം നേടിയ ശേഷം മോദി വരുത്തിയ ആദ്യത്തെ മാറ്റങ്ങളിലൊന്ന്, ചെറിയ സര്‍ക്കാരില്‍ നിന്നും നിന്ന് വിപുലമായ ക്ഷേമത്തിലേക്കുള്ള മോചനമായിരുന്നു. 2019ലെ വിജയത്തില്‍ ഇത് നിര്‍ണായക പങ്ക് വഹിച്ചു. എന്നാല്‍ ഇത്തവണ പ്രചാരണത്തില്‍ ബി.ജെ.പിക്ക് ഹിന്ദുത്വത്തോടുള്ള അമിതമായ അഭിനിവേശം മറ്റ് വിഷയങ്ങളെ മാറ്റിനിര്‍ത്തി.

തെരഞ്ഞെടുപ്പ് മതേതരത്വം

1940കളിലെ ഭരണഘടനാ അസംബ്ലി പകര്‍ന്നുനല്‍കിയ ഉന്നത തലത്തിലുള്ള ഒരു ആശയമായാണ് ഇന്ത്യയിലെ മതേതരത്വത്തെ പലപ്പോഴും കാണാറുള്ളത്. തീര്‍ച്ചയായും, മതനിരപേക്ഷത എന്ന ആശയം ജനകീയമാക്കുന്നതില്‍ ഭരണഘടന ഒരു പ്രധാന പങ്ക് വഹിച്ചു എന്നതില്‍ സംശയമില്ല. എന്നിരുന്നാലും, ഏത് അപൂര്‍ണ്ണമായ രൂപത്തിലാണെങ്കിലും, ഇന്ത്യയിലെ സര്‍ക്കാരുകള്‍ ഒരു ജനവിധി തേടാന്‍ നിര്‍ബന്ധിതരാകുന്നു എന്ന വസ്തുതക്കാണ് അതിനെ സംരക്ഷിച്ചതിന്റെ എല്ലാ ക്രെഡിറ്റും എന്ന് വ്യക്തമാണ്.

തെരഞ്ഞെടുപ്പില്‍, ഹിന്ദുത്വത്തെ ഭാഗികമായി പിന്തുണയ്ക്കുന്ന ഒരു വോട്ടര്‍മാരെ അവര്‍ അഭിമുഖീകരിക്കുന്നു. എന്നാല്‍ ഒരു തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഹിന്ദുത്വം മാത്രം പോര, ഇന്ത്യയിലെ വോട്ടര്‍മാര്‍ മറ്റ് പല വിഷയങ്ങളെയും മുഖവിലക്കെടുക്കുന്നുണ്ട്. ഇടതുപക്ഷ പാര്‍ട്ടികള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട്, പ്രത്യയശാസ്ത്രത്തോട് വളരെ കര്‍ക്കശമായി ഉറച്ചുനില്‍ക്കുന്നതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുടെ തകര്‍ച്ചയ്ക്ക് കാരണം. ആ തെറ്റിന്റെ ചെറിയൊരു പതിപ്പ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ജനതയുടെ പ്രഥമ പരിഗണന ഹിന്ദുത്വയില്‍ മാത്രമാണെന്ന് ബി.ജെ.പി തെറ്റിദ്ധരിച്ചു.

മോദിയുടെ വിദ്വേഷ പ്രസംഗത്തിന് പുറമെ, പൗരത്വ ഭേദഗതി നിയമത്തിലും ഈ പരിവര്‍ത്തനം കാണാന്‍ കഴിയും, ആദ്യമായാണ് ഇന്ത്യന്‍ പൗരത്വത്തിന് മതത്തിന്റെ ഘടകം നല്‍കുന്നത്. ഇത് ബി.ജെ.പിയുടെ ഹിന്ദുത്വയുടെ കാതലായ ഭാഗമാണെങ്കിലും, പുതിയ നിയമം ബംഗാളില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. ഇത് ബിജെപിയുടെ വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചില്ല. അത് മുസ്ലിംകളെ തൃണമൂലിന്റെ കൈകളിലേക്കെത്തിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിക്കുണ്ടായ ദയനീയ പരാജയത്തിന് ഇതും ഭാഗികമായി കാരണമായിട്ടുണ്ട്.

മറ്റ് വിഷയങ്ങളുടെ ചിലവില്‍ ഹിന്ദുത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ ഫലമായും അഭൂതപൂര്‍വമായി പണമൊഴുക്കിയതും മാധ്യമ സ്ഥാപനങ്ങളെ നിയന്ത്രിച്ചും ഭരണഘടന സ്ഥാപനങ്ങളെ ചൊല്‍പ്പടിയിലാക്കിയതും മൂലം 2024-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അവലംബം: സ്‌ക്രോള്‍
വിവ: പി.കെ സഹീര്‍ അഹ്‌മദ്

Related Articles