Opinion

ഏതൊരു ലോകമാണ് കൊറോണാനന്തരം നമ്മെ കാത്തിരിക്കുന്നത്?

രാഷ്ട്രാതിർത്തി കടന്നും, ഭൂഖണ്ഡങ്ങൾ താണ്ടിയും കോവിഡ്- 19 ലോകത്ത് വളരെ പെട്ടെന്നാണ് വ്യാപിക്കുന്നത്. പ്രത്യേക രാജ്യത്തെയോ മതത്തെയോ അല്ല, സമൂഹത്തിലെ ഉന്നതരും, പിന്നാക്കം നിൽക്കുന്നവരുമായ പ്രധാനികളെയും, മന്ത്രിമാരെയും, കലാകാരന്മാരെയും, നടന്മാരെയും, കായികതാരങ്ങളെയും, സാധാരണക്കാരെയുമെല്ലാം അത് ബാധിച്ചിരിക്കുന്നു. സാർസ് വൈറസ് ബാധ (severe acute respiratory syndrome coronavirus -2) സംഘടനകളെയും, രാഷ്ട്രങ്ങളെയും, വ്യവസ്ഥകളെയും വിറപ്പിച്ചിരിക്കുന്നു. ലോകം ഈ വൈറസിനെ പരിശോധിച്ച് കൂടുതൽ വ്യക്തമാക്കുകയും അതിനെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തതായി കാണുന്നു. അതോടൊപ്പം, വൈറസിനെ നിസാരമായി കാണുകയും, അക്കാര്യത്തിൽ അലംഭാവും കാണികുകയും ചെയ്തിരിക്കുന്നു.

മാനവികത ഈ വൈറസിനെ അതിജയിക്കുമെന്നതിൽ ഒരു സംശയവുമില്ല. എന്നാൽ, ഇനിയും നാം നൽകിയിട്ടില്ലാത്ത ശ്രദ്ധയും, കരുതലും അതിന് നൽകണം എന്ന ഒരു നിബന്ധനയുണ്ട്. അതുപോലെ, പുനർനിർമിക്കപ്പെടേണ്ട പുതിയൊരു ലോക ക്രമത്തിലാണ് നാമുള്ളത് എന്ന കാര്യത്തിലും നമുക്ക് സംശയമില്ല. ആ ലോക ക്രമത്തിൽ അന്താരാഷ്ട്ര വ്യവസ്ഥകളും, പരമ്പരാഗത രാഷ്ട്രീയ നേതൃത്വങ്ങളും മാറുന്നു. ശക്തിയുടെ മാപിനികളും, അന്താരാഷ്ട്ര സമ്മർദ പത്രങ്ങളും, സ്വാധീനിക്കുന്ന രീതിശാസ്ത്രങ്ങളുമെല്ലാം വ്യത്യാസപ്പെടുന്നു. പുതിയ ഭരണ വ്യവസ്ഥകൾ പ്രത്യക്ഷപ്പെടുന്നു. കൂടാതെ, പ്രത്യയശാസ്ത്രങ്ങളും, ശാസ്ത്ര സിദ്ധാന്തങ്ങളും, ആധുനിക മത വ്യാഖ്യാനങ്ങളും രൂപപ്പെടുന്നു. ഇവയെല്ലാം, കൊറോണയിൽനിന്ന് പാഠം ഉൾകൊണ്ട് ഭാവി ചിന്താപദ്ധതികൾക്ക് അടിസ്ഥാന നിയമങ്ങൾ നിർമിക്കുന്നതായിരിക്കും. അതോടൊപ്പം, ഇത് കൊറോണ കാലത്തിന് ശേഷമുള്ള ലോകത്തെ പുതിയ ജിയോസ്ട്രാറ്റജിയുടെ തുടക്കവുമായിരിക്കും.

ജനാധിപത്യം എപ്പോഴും ആരോഗ്യത്തെ അർഥമാക്കുന്നില്ല:
വൈറസ് പ്രത്യക്ഷപ്പെട്ടത് മുതൽ ഇതുവരെ  മൂന്നര ലക്ഷത്തിൽപരം പേർക്ക് കൊറോണ ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. അതിലധികവും ചൈനയിൽ നിന്നും, യൂറോപിൽ നിന്നും, അമേരിക്കയിൽ നിന്നുമാണ്. ഇറ്റലിയിലാണ് ആദ്യത്തെ കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഉന്നത ആരോഗ്യ സംവിധാനങ്ങൾക്ക് കൊറോണ വൈറസിന് മുന്നിൽ നിസ്സഹായമാകേണ്ടി വന്നിരിക്കുന്നു. ഫ്രാൻസും, ജർമനിയും മാത്രമല്ല സ്പെയിനും, സ്വിറ്റ്സർലാന്റും, മറ്റു ഭൂഖണ്ഡങ്ങളുമെല്ലാം കൊറോണയെ പ്രതിരോധിക്കുന്നതിൽ പകച്ചുനിൽക്കുകയാണ്. അമേരിക്കയുടെ ട്രംപും, കാനഡയും വരെ വൈറസിനെ പ്രതിരോധിക്കാൻ കഴിയാതെ ഉഴലുകയാണ്. ഈ സമയം ഏകാധിപത്യ രാഷ്ട്രങ്ങളായ റഷ്യക്കും, ക്യൂബക്കും, ഉത്തര കൊറിയക്കും അതിൽ നിന്ന് അകലം പാലിക്കാൻ കഴിഞ്ഞു. തുടക്കത്തിലെ എഴുപത്തിന്നാല് മണിക്കൂറിൽ കൊറോണ ബാധ കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കാൻ ചൈനക്കും കഴിഞ്ഞു. അതുപോലെ, ജപ്പാനും, ആഫ്രിക്കൻ രാഷ്ട്രങ്ങളും ആരോഗ്യസ്ഥിതി നിലനിർത്തികൊണ്ടുപോയി. രാജ്യത്തെ പൗരന്മാരുടെ ആരോഗ്യ സംരക്ഷണ കാര്യത്തിൽ ഏകാധിപത്യ വ്യവസ്ഥിതികളുടെ പ്രാഗത്ഭ്യം ഇതിൽ നിന്ന് വ്യക്തമാണ്. അതോടൊപ്പം, ജനാധിപത്യ വ്യവസ്ഥിതി വിജയകരമായ ആരോഗ്യ സംവിധാനത്തിനത്തിന്റെ അനിവാര്യത മനസ്സിലാക്കുന്നില്ലെന്നും വ്യക്തമാകുന്നു. ജനാധിപത്യ രാജ്യങ്ങളെ രോഗം സന്ദർശിക്കുകയില്ലെന്ന് പറഞ്ഞവർ നുണപറഞ്ഞിരിക്കുന്നു.

Also read: ലോക്ക്‌ഡൗണിൽ കഴിയുന്നവരോട് ഫലസ്തീനികൾക്ക്‌ പറയാനുള്ളത്

മുന്നോട്ട് കുതിക്കുന്ന ചൈന:
ചൈനയിലെ വുഹാൻ നഗരത്തിലെ ചന്തയിൽ നിന്നാണ് മഹാമാരിയായ വൈറസ് വ്യാപിക്കുന്നതെങ്കിലും, തുടക്കത്തിൽ ചൈന അത് മറച്ചുവെച്ചുവെങ്കിലും, രാജ്യത്തെ ഭീമമായ ജനസംഖ്യ ഒരു തടസ്സമായി മുന്നിലുണ്ടായിരുന്നെങ്കിലും ചൈനക്ക് സാഹചര്യം തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിക്കാനും, ചുരുങ്ങിയ സമയത്തിനുള്ളിൽ അണുബാധ നിയന്ത്രിക്കാനും കഴിഞ്ഞു. 8000ത്തോളം വൈറസ് ബാധയേറ്റവരും, നാല് ശതമാനത്തിൽ കൂടാതെ മരണ നിരക്കുമുള്ള സ്ഥിതിയിലെത്താനും ചൈനക്ക് കഴിഞ്ഞു.

ആഗോളതലത്തിൽ മരണസംഖ്യ നിരക്കിൽ  മുന്നിൽ നിന്ന ചൈന അത് ഇറ്റലിക്ക് വിട്ടുകൊടുത്ത് ആ പദവിയിൽ നിന്ന് മാറിനിൽക്കുകയും ചെയ്തു. പുതിയ അണുബാധ കേസുകളുണ്ടാകാതെ ഒരു ദിവസം പൂർണമായും മരണം റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാഷ്ട്രമാണ് ഇറ്റലി. ചൈനയിലെ ദേശീയ ശാസ്ത്ര സ്ഥാപനമാണ് (Chinese Academy of Sciences) ശാസ്ത്രീയമായി വൈറസിന്റെ ഡി.എൻ.എ (RNA) ആദ്യമായി ഡീകോഡ് ചെയ്യുന്നത്. വൈറസ് രൂപപ്പെടുന്നത് മൃഗങ്ങളിൽ നിന്നാണെന്ന് അവർ കണ്ടെത്തി. അവർക്ക് അതിന്റെ ഘടന മനസ്സിലാക്കുവാനും, വൈറസുമായുള്ള (Sars Cov 1) അതിന്റെ ബന്ധം തിരിച്ചറിയുവാനും കഴിഞ്ഞു. പക്ഷേ, തുടർന്നുള്ള പഠനങ്ങളിൽ അതിന്റ പ്രവർത്തന രീതി, വ്യാപന രീതി, വാക്സിൻ (Vaccine) എന്നിവയെ സംബന്ധിച്ച് മനസ്സിലാക്കാനായില്ല. അവിടെ നിന്നാണ് അന്താരാഷ്ട്ര ശാസ്ത്രീയ തലങ്ങളിലേക്ക് ഈ വിവരം പങ്കിടുന്നത്. കൂടാതെ, വൈറസ് ബാധയേറ്റ രാഷ്ട്രങ്ങളുമായി ഐക്യദാർഡ്യപ്പെട്ട് ഒരു സംഘത്തെ അയക്കുകയും, ചികിത്സ സംവിധാനങ്ങൾ നൽകുകയും ചെയ്തത് പക്വമായ നയതന്ത്രത്തിന്റെയും, ലോകത്തിന് മുന്നിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന്റെയും തെളിവാണ്. പുതിയൊരു മുന്നേറ്റത്തിനായി ലോക നേതൃത്വ കേന്ദ്രങ്ങൾ ചൈനീസ് ഡ്രാഗനെ കാത്തിരിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിത്.

അപ്രത്യക്ഷമാകുന്ന യൂറോപ്യൻ യൂണിയൻ:
മുൻചൊന്നതിനെതിരായി, കൊറോണ വൈറസ് പ്രതിസന്ധിക്ക് മുന്നിൽ യൂറോപ്യൻ യൂണിയൻ നിസ്സഹായരായി നോക്കിനിൽക്കുന്നതാണ് നാം കാണുന്നത്. സങ്കടത്തോടെയും, നിരാശയോടെയും അവരുടെ നേതാക്കൾ നടത്തുന്ന പ്രസംഗങ്ങളിൽ നിന്നത് വ്യക്തവുമാണ്. 60000ത്തിൽ കൂടുതൽ കൊറോണ ബാധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം ഓരോ രാഷ്ട്രങ്ങളും തങ്ങളുടെ അതിർത്തി അടക്കുന്നതിനായി പരക്കംപാഞ്ഞു. യൂറോപ്യൻ യൂണിയന്റെ താൽപര്യത്തിൽ നിന്ന് മാറി ഓരോ പൗരന്മാരും തങ്ങളുടെ രാഷ്ട്രത്തിന്റെ ആരോഗ്യ സംരക്ഷണം നിലനിർത്തുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ അംഗങ്ങൾക്ക് ഏകീകൃതമായ പ്രതിരോധ നടപടികൾ കൈകൊളളാൻ സാധിച്ചില്ല. യൂണിയനിലെ രണ്ടാം നിരയിലുള്ള രാഷ്ട്രങ്ങൾ തങ്ങൾ ഒറ്റക്കാണെന്ന് മനസ്സിലാക്കി. സർബിയൻ പ്രസിഡന്റിന്റെ നിലവിളി അതിനുള്ളു മികച്ച തെളിവല്ലാതെ മറ്റൊന്നുമല്ല. 475 (ഇതെഴുതുമ്പോൾ-743) മരണങ്ങൾ ഏറ്റുവാങ്ങി ഇറ്റലി പ്രതിസന്ധിയുടെ സമുദ്രത്തിൽ മുങ്ങികൊണ്ടിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ടാണ് ഏറ്റവും കൂടുതൽ മരണം ഇറ്റലിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Also read: കാന്തല വരച്ച് കാണിച്ച ‘ഇന്ത്യ’

യൂണിയൻ അംഗങ്ങൾക്കിടയിലെ പദവിക്കായുള്ള പോരാട്ടം, ആഭ്യന്തരവും സാമ്പത്തികവുമായ പ്രതിസന്ധി എന്നിവയിൽ തകിടം മറിഞ്ഞുകൊണ്ടിരിക്കുന്ന യൂറോപ്യൻ കുടുംബത്തിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായിരിക്കും ഒരുപക്ഷേ കൊറോണ വൈറസ് പ്രതിസന്ധി. നിലവിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയിരിക്കുന്നു. യൂറോപ്യൻ യൂണിയന്റെ ബാഹ്യ പ്രഭാവം മങ്ങിവരികയാണ്. അതുപോലെ, ഡൊണൾഡ് ട്രംപിനോട് ഏറ്റുമുട്ടി സ്ഥിര സഖ്യക്ഷിയായ അമേരിക്കയോട് പരാജയപ്പെട്ടു. എന്നാൽ, രണ്ടാം ഘട്ടവും ഡൊണൾഡ് ട്രംപ് അധികാരത്തിൽ എത്തിയിരിക്കുന്നു. ഒരുപക്ഷേ, ഇതെല്ലാം ഐക്യത്തിന് ഭീഷണിയാകുന്ന പ്രയാസമേറിയ ദിവസങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പാണ് യൂറോപ്യൻ യൂണിയന് നൽകുന്നത്. മാത്രമല്ല, കൊറോണ യുദ്ധത്തിൽ നിന്ന് എങ്ങനെ യൂണിയൻ കരകയറുമെന്ന പരിശോധനയുമാണ്. കൊറോണ വൈറസ് യൂറോപ്യൻ യൂണിയന്റെ ശക്തി ക്ഷയിപ്പിക്കുമെന്നത് തീർച്ചയാണ്.

കഴിക്കിനും പടിഞ്ഞാറിനുമിടയിലെ മതം:
ഇറ്റാലിയൻ പ്രധാനമന്ത്രി ഗുസിപ്പേ കോന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വ്യക്തമാക്കി; ‘ഭൂമിയിലെ പരിഹാരം അവസാനിച്ചിരിക്കുന്നു, കാര്യം ഇപ്പോൾ ആകാശത്തേക്ക് വിട്ടിരിക്കുന്നു.’ ഈ വാക്കുകൾ മൂല്യവത്തായതും, ദീർഘവീക്ഷണത്തോടെയുമുള്ളതാണ്. ഒന്നാം ലോക (First World) രാഷ്ട്രങ്ങൾക്കിടയിലെ മത ചിന്തയിലുള്ള അടിസ്ഥാനപരമായ മാറ്റം സംഭവിക്കുന്ന പുതിയൊരു തുടക്കത്തിന്റെ സൂചനയാണിത്. തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ആത്മീയ വശം കാരണമായി വിപത്തും, വൈഷമ്യവും പിടികൂടിയിരിക്കുന്നുവെന്ന് ഇപ്പോൾ പാശ്ചാത്യർ മനസ്സിലാക്കുന്നു. വിജ്ഞാനവും സമ്പത്തുമുണ്ടെങ്കിൽ എല്ലാം ദൂരെയെറിയാം എന്നത് ശരിയില്ല. മനോവീര്യവും, ആത്മീയകരുത്തും പോലെയുള്ള അദൃശ്യമായ വിശ്വാസത്തിന്റെ ശക്തി പ്രതിസന്ധികൾക്ക് മുന്നിൽ പിടിച്ചുനിൽക്കുന്നിതിന് അനിവാര്യമാണെന്ന് പാശ്ചാത്യർ തിരിച്ചറിയുന്നു. ആ ശക്തി ദൈവികമോ, പ്രവാചക വചനങ്ങളോ, വിശുദ്ധ വിശ്വാസമോ ആയികൊള്ളട്ടെ. അതിനാൽ, കൂടുതൽ മതനിഷ്ഠയുള്ള പാശ്ചാത്യ ലോകത്തേക്കാണ് നാം നീങ്ങുന്നതെന്ന് പ്രതീക്ഷിക്കാവുന്നതാണ്. അവിടെ അസ്തിത്വവാദം മുമ്പുള്ളതിനെക്കാൾ അപ്രസക്തമാവുകയും, ഭൗതികക്കും, ആത്മീയതക്കുമിടയിൽ സന്തുലിത ചിന്ത രൂപപ്പെടുകയും ചെയ്യുന്നു.

Also read: ആത്മവിശ്വാസത്തിന്റെ കരുത്തും സ്വാധീനവും

അതേസമയം, വിശ്വാസ നിഷ്ഠയുള്ള പൗരസ്ത്യർ മതാചാര്യന്മാർ അന്ധവിശ്വാസങ്ങൾ വിറ്റ് കാശാക്കുകയായിരുന്നെന്ന് മനസ്സിലാക്കുന്നു. അതുപോലെ, നിഷേധിയുടെ അടുക്കൽ രോഗം ശിക്ഷയല്ലെന്നും വിശ്വാസിയുടെ അടുക്കൽ പരീക്ഷണമാണെന്നും, വുദുഅ്  വൈറസിൽനിന്ന് രക്ഷിക്കുകയില്ലെന്നും, നിഖാബ് ധരിക്കുന്നതുപോലെയല്ല മാസ്ക് ധരിക്കുന്നതെന്നും അവർ മനസ്സിലാക്കുന്നു. എന്നാൽ, മതത്തെ വിൽക്കുന്നവർക്ക് ഇത് ചരക്കല്ലാതെ മറ്റൊന്നുമല്ല. അറിയാത്ത കാര്യങ്ങളിലാണ് അവർ ഇടപെട്ടുകൊണ്ടിരിക്കുന്നത്. ലോകത്ത് നിന്ന് അവസാന കൊറോണ രോഗിയും സുഖം പ്രാപിക്കുന്ന ദിവസം ഇതെല്ലാം അവസാനിക്കുന്നതാണ്. തീർച്ചയായും, ഇത് മതത്തിന്റെ പൊതുവായ സ്ഥാനത്തെയും, അധികാരവും, മാധ്യമ പിന്തുണയുമുള്ള മതാചാര്യന്മാരെയും സ്വാധീനിക്കുന്നതാണ്. മതത്തെയും, മതം അനുഷ്ഠിക്കുന്നവരെയും വേർപ്പെടുത്തേണ്ടതില്ലാത്ത വിധം യാഥാസ്ഥിതിക പൗരസ്ത്യ നാടുകളിൽ മത വിമോചനത്തിന്റെ തോത് വർധിക്കുമെന്നത് തീർച്ചയാണ്.

വരാനിരിക്കുന്ന വൈദ്യശാസ്ത്ര വിപ്ലവം:
ശാസ്ത്രവും, വൈദ്യശാസ്ത്രവും വൈറസിന് മുന്നിൽ പരാജയപ്പെട്ടരിക്കുന്നു. വൈറോളജിയും (Virology), മൈക്രോബയോളജിയും (Microbiology) അടങ്ങുന്ന വൈദ്യശാസ്ത്ര വിപ്ലവം നമ്മെ കാത്തരിക്കുന്നുവെന്നത് നിസ്സംശയമായ കാര്യമാണ്. പ്രതിരോധ ചികിത്സാ തത്വങ്ങളിലേക്ക് ലോകം കുതിക്കുന്നതിന് മുന്നിൽ, വൈദ്യ ചികിത്സ സിദ്ധാന്തത്തിന്റെ പ്രധാന ആശയങ്ങൾ നഷ്ടപ്പെടുകയാണ്. പൊട്ടിപുറപ്പെടുകയും, വ്യാപിച്ചുകൊണ്ടിരിക്കുകയും, പ്രകൃതിയെയും, മനുഷ്യനരെയും പ്രാപിക്കുകയും ചെയ്യുന്ന സൂക്ഷ്മ ജീവികളുടെ ഘടന മനസ്സിലാക്കുന്നതിൽ വൈദ്യശാസ്ത്രം പരാജയപ്പെട്ടിരിക്കുന്നു. ലോകാരോഗ്യ സംഘടന തങ്ങൾ ഇതിനു മുന്നിൽ പരാജയപ്പട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്നു. എന്നാൽ, പുതിയ അന്താരാഷ്ട്ര സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി അവ പരിഹരിക്കുന്നത് ലോകം വളരെയധികം  ആവേശത്തോടെ കാണുന്നതാണ്. സഹകരണത്തിലൂടെയും, ചലനാത്മകതയിലൂടെയും, അവബോധം സൃഷ്ടിച്ചും അത് യാഥാർഥ്യമാക്കുന്നതാണ്. തുടർന്ന് ലോകത്തെ പല ആരോഗ്യ സംവിധാനങ്ങൾക്കും മാറ്റം സംഭവിക്കുന്നതാണ്. മാറികൊണ്ടിരിക്കുന്ന ആരോഗ്യ വിപണിപോലെ അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മുൻഗണനകളും മാറുന്നതായിരിക്കും. അപ്രകാരം, പൊതുവായ ചികിത്സയുടെ ഭാഗമാണെങ്കിലും, സൈനിക സുരക്ഷയുടെ ഭാഗമാണെങ്കിലും വികസിത രാജ്യങ്ങളിൽ ഗവേഷണ-പരീക്ഷണ ശാലകൾക്ക് കൂടുതൽ പ്രാധാന്യം കൈവരുന്നു. മാത്രമല്ല, പ്രതിരോധ- ആക്രമണ ഉപകരണങ്ങളിൽ, ജൈവിക ആയുധങ്ങൾ (Biological weapons) ഉപയോഗിക്കുന്നതിന് രാഷ്ട്രങ്ങൾ മത്സരിക്കുന്നതായിരിക്കും. അങ്ങനെ ഭീഷണിയെന്നത് സൈനികവും, രാഷ്ട്രീയവും, ജൈവികവുമായി തീരുന്നു.

വിവ: അർശദ് കാരക്കാട്

Facebook Comments
Related Articles
Show More
Close
Close