Current Date

Search
Close this search box.
Search
Close this search box.

ശ്രീലങ്കൻ സർക്കാറിന്റെ മുസ്ലിം വിരുദ്ധ നയങ്ങൾ

ശ്രീലങ്കൻ സർക്കാർ രാജ്യത്ത് ബുർഖ നിരോധിക്കുമെന്നും രാജ്യത്തെ ആയിരത്തിലധികം ഇസ്ലാം മതപാഠശാലകൾ അടച്ചുപൂട്ടുമെന്നും മാർച്ച് 13ന് ശ്രീലങ്കൻ പൊതുസുരക്ഷാകാര്യ മന്ത്രി ശരത് വീരശേഖര പ്രഖ്യാപിക്കുകയുണ്ടായി. “ബുർഖ മതതീവ്രവാദത്തിന്റെ അടയാളം” ആണെന്നും അത് “ദേശസുരക്ഷയെ നേരിട്ട് ബാധിക്കുമെന്നും” മന്ത്രി പ്രസ്താവിച്ചിരുന്നു.

പ്രസ്തുത വാർത്ത അന്താരാഷ്ട്രതലത്തിൽ ചർച്ചയാവുകയും മനുഷ്യാവകാശ സംഘടനകൾ, മത-വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റപ്പോർട്ടർ അഹമദ് ഷഹീദ്, ശ്രീലങ്കയിലെ പാകിസ്ഥാൻ അംബാസഡർ എന്നിവരുടെ പ്രതികരണങ്ങൾക്ക് പാത്രമാവുകയും ചെയ്തു. മൂന്നു ദിവസത്തിനു ശേഷം വീരശേഖരയുടെ പ്രസ്താവനയിൽ നിന്ന് സർക്കാർ പിന്മാറുന്ന കാഴ്ചയാണ് കണ്ടത്. അത്തരമൊരു തീരുമാനത്തിന് “സമയം ആവശ്യമാണ്” എന്നായിരുന്നു മന്ത്രിസഭാ വക്താവ് കെഹെലിയ റംബുക്വെല്ലയുടെ വിശദീകരണം.

ബുർഖ നിരോധന പ്രഖ്യാപനം മുസ്ലിംകൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്, സമുദായത്തിന് നേരെയുള്ള മറ്റൊരു ആക്രമണമായിട്ടാണ് ബുർഖ നിരോധശ്രമത്തെ അവർ കാണുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ, തീവ്രവാദ വിരുദ്ധ പോരാടത്തിന്റെ പേരിൽ സർക്കാർ നിരവധി വിവാദപരമായ നടപടികൾ സ്വീകരിച്ചിരുന്നു, അവയെല്ലാം തന്നെ മുസ്ലിം സമുദായത്തെ വളരെയധികം ഭയപ്പെടുത്തുന്നതും നിയമതത്വങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്തതുമാണെന്നതാണ് വാസ്തവം.

1948ൽ ബ്രിട്ടിഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയതിനു ശേഷം, ജനസംഖ്യയുടെ 70 ശതമാനം വരുന്ന സിംഹള ബുദ്ധിസ്റ്റ് ഭൂരിപക്ഷവും, ഏതാണ്ട് 12 ശതമാനം മാത്രം വരുന്ന ഹിന്ദു ക്രിസ്ത്യൻ തമിഴ് ന്യൂനപക്ഷവും തമ്മിലുള്ള പ്രക്ഷുബ്ധമായ ഏറ്റുമുട്ടലുകൾക്ക് ശ്രീലങ്ക സാക്ഷ്യംവഹിച്ചു. ശ്രീലങ്കൻ സൈന്യവും തമിഴ് ഈഴ വിടുതലൈ പുലികളും തമ്മിലുള്ള യുദ്ധകാലത്ത്, തീവ്രദേശീയവാദ സിംഹള ഗ്രൂപ്പുകളുടെ ലക്ഷ്യപരിധിയിൽ അധികം വരാത്തവരായിരുന്നു മുസ്ലിംകളെ പോലെയുള്ള ജനസംഖ്യയുടെ 9 ശതമാനം മാത്രംവരുന്ന മറ്റു ന്യൂനപക്ഷങ്ങൾ.

2009ൽ ആഭ്യന്തര യുദ്ധം അവസാനിച്ചതിനു ശേഷം, ബുദ്ധസന്യാസി ഗാലഗോഡ അത്തെ ജ്ഞാനസാരയുടെ നേതൃത്വത്തിലുള്ള ബോഡു ബാല സേന (ബിബിഎസ്) തുടക്കംകുറിച്ച മുസ്ലിം വിരുദ്ധ പ്രസ്ഥാനം ഉയർന്നുവരാൻ തുടങ്ങി. ബുദ്ധസന്യാസിമാർ നേതൃത്വം നൽകുന്ന ഒരു ആക്ടിവിസ്റ്റ് ഗ്രൂപ്പാണ് ബി.ബി.എസ്, “തീവ്ര മുസ്ലിംകളുടെ സാമൂഹിക വിഘടനവാദം” ഉയർത്തുന്ന ഭീഷണി ചെറുക്കുക എന്ന ലക്ഷ്യത്തിന്റെ പേരിലാണ് അവർ സംഘടിച്ചിരിക്കുന്നത്. തീവ്രവാദത്തിന് അവർ നൽകുന്ന നിർവചനത്തിൽ മുസ്ലിംകളുടെ ദൈനംദിനചര്യകളിൽ ഭൂരിഭാഗവും ഉൾപ്പെടുന്നുണ്ട്.

ബിബിഎസിന്റെ വലിയ പൊതുറാലികളും അവരുടെ സോഷ്യൽ മീഡിയ കാമ്പയിനുകളും വിദ്വേഷപ്രചാരണത്തെയും മുസ്ലിംകൾക്കെതിരെയുള്ള ദിനേനയുള്ള ഉപദ്രവങ്ങളെയും ഒരു സാധാരണസംഭവമാക്കി മാറ്റി. ബിബിഎസിന്റെ വിദ്വേഷപ്രചാരണവും യുദ്ധാനന്തര വർഷങ്ങളിലെ മുസ്ലിം വിരുദ്ധ വികാരത്തിൽ നിന്നുള്ള മുതലെടുപ്പും 2014, 2017, 2018 വർഷങ്ങളിൽ മുസ്ലിം സമുദായത്തിനെതിരെയുള്ള കൊടിയ അക്രമങ്ങൾക്ക് വഴിവെച്ചു. മ്യാൻമറിലെ സമാനഗ്രൂപ്പുകളുമായും ബിബിഎസ് സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങൾ ബിബിഎസിനും സമാന ഗ്രൂപ്പുകൾക്കും എതിരെ കാര്യമായ നടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ല, ചില സംഭവങ്ങളിൽ അക്രമങ്ങളുടെ ഉത്തരവാദിത്തം മുസ്ലിംകളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് അധികൃതർ ചെയ്തത്.

2019ൽ, ഈസ്റ്റർ ഞായറാഴ്ച രാജ്യത്തെ ചർച്ചുകളിലും ഹോട്ടലുകളിലും മറ്റിടങ്ങളിലും ഐ.എസിനോട് കൂറുപുലർത്തുന്ന എട്ട് ചാവേറുകൾ സ്വയം പൊട്ടിത്തെറിച്ചതിനെ തുടർന്ന് മുസ്ലിം വിരുദ്ധ വികാരം പതിന്മടങ്ങ് വർധിച്ചു. ഇന്റലിജൻസ് സംവിധാനങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചതിനും രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധക്കും തെളിവുകൾ ഉണ്ടായിരുന്നെങ്കിലും, സംഭവത്തിനു ശേഷമുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടിംഗും, സർക്കാറിന്റെ നയചർച്ചയും പ്രാഥമികമായി രാജ്യത്തെ മുസ്ലിം ജനതയെയാണ് ലക്ഷ്യംവെച്ചത്. പ്രാദേശിക മുസ്ലിംകളെ റാഡിക്കലൈസ് ചെയ്യുന്നതിൽ മുസ്ലിം വിരുദ്ധ പ്രസ്ഥാനത്തിന്റെ പങ്കിനെ പറ്റി വിദഗ്ദർ മൗനം പാലിച്ചു. മെയ് മാസത്തിൽ, രാജ്യത്തെ മുസ്ലിം സമൂഹത്തിനെതിരെ തിരിച്ചടിയെന്നോണമുള്ള കൊടിയ അക്രമങ്ങൾ അരങ്ങേറി. ആക്രമണങ്ങളോടുള്ള സർക്കാർ പ്രതികരണത്തിന് ബിബിഎസിന്റെ മുസ്ലിം വിരുദ്ധ ഭാഷയുമായി വളരെയധികം സാമ്യമുണ്ടായിരുന്നു. കൂടാതെ ബോംബാക്രമണത്തിന്റെ ഉത്തരവാദികളെന്ന പേരിൽ യാതൊരു തെളിവുകളുമില്ലാതെ മുസ്ലിംകളുടെ വ്യാപക അറസ്റ്റിന് സർക്കാർ തുടക്കം കുറിക്കുകയും ചെയ്തു.

2020 ഏപ്രിൽ മാസം, സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ ഹിജാസ് ഹിസ്ബുല്ലയെ, ചാവേറുകളെ സഹായിച്ചു എന്ന സംശയത്തിന്റെ പേരിൽ പോലിസ് അറസ്റ്റു ചെയ്തു. 2020 മെയിൽ, യുവ മുസ്ലിം കവി അഹ്നാഫ് ജസീമും അറസ്റ്റ് ചെയ്യപ്പെട്ടു. അടുത്തിടെ, ജമാത്തെ ഇസ്ലാമി മുൻ നേതാവ് ഹജ്ജുൽ അക്ബർ രണ്ടാം തവണയും യാതൊരു വിധ കുറ്റവും ചുമത്തപ്പെടാതെ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു.

ഈസ്റ്റർ സൺഡേ ആക്രമണത്തിനു ശേഷം, തീവ്രവാദ പ്രതിരോധ നടപടികൾ നിർദ്ദേശിക്കുന്നതിനായി ഒരു പാർലമെന്ററി സമിതി രൂപീകരിക്കപ്പെട്ടു. 14 മേഖലകളിൽ പ്രസ്തുത സമിതി ശുപാർശകൾ നൽകി, അവയിൽ പലതും മുസ്ലിം ന്യൂനപക്ഷത്തിന്റെ മതപരമായ അവകാശങ്ങൾ തടയുന്നതായിരുന്നു. ബുർഖ നിരോധനവും ഇസ്ലാംമതപാഠശാലകളുടെ അടച്ചുപൂട്ടലും അതുപോലെ അടുത്തിടെ ഉണ്ടായ മറ്റുപല നടപടികളും പ്രസ്തുത ശുപാർശകളുടെ അടിസ്ഥാനത്തിൽ ഉണ്ടായതാണ്.

മാർച്ച് ആദ്യത്തിൽ, രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഇസ്ലാമിക പുസ്തകങ്ങൾക്കും പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. ഏതാനും ദിവസങ്ങൾക്കു ശേഷം , പ്രിവൻഷൻ ഓഫ് ടെററിസം ആക്റ്റിന്റെ പരിധിയിൽ, “Deradicalisation from holding violent extremist religious ideology” എന്ന പേരിൽ ഒരു കൂട്ടം ചട്ടങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. അനുബന്ധ നടപടിക്രമങ്ങൾ ആവശ്യമില്ലാതെ കേവലം സംശയത്തിന്റെ പേരിൽ ആളുകളെ അറസ്റ്റ് ചെയ്യാനും “ഡീറാഡിക്കലൈസ്” ചെയ്യാൻ ഒരു വർഷത്തേക്ക് പുനരധിവാസകേന്ദ്രത്തിൽ പാർപ്പിക്കാനും അധികാരം നൽകുന്നതാണ് പ്രസ്തുത ചട്ടങ്ങൾ.

മേൽപ്പറഞ്ഞവ കൂടാതെ, രാജ്യത്തെ മുസ്ലിംങ്ങളെ ഭയപ്പാടിൽ നിർത്താൻ കഴിയുന്ന മറ്റു മാർഗങ്ങളും സർക്കാർ സ്വീകരിക്കുന്നുണ്ട്. 2020ൽ ശ്രീലങ്കയിൽ കോവിഡ് 19 പടർന്നുപിടിച്ച സന്ദർഭത്തിൽ, മുസ്ലിംകളെ മതാനുസാരമുള്ള ശവസംസ്കാര ചടങ്ങുകളിൽ നിന്ന് വിലക്കികൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. മൃതദേഹം കുഴിച്ചിടുന്നതിന് ലോകാരോഗ്യ സംഘടനയുടെ വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നിലനിൽക്കെ തന്നെ സർക്കാർ ഇസ്ലാംമതവിശ്വാസികളെ ഒരു വർഷത്തോളം അതിൽനിന്നും വിലക്കുകയും നിർബന്ധിത ദഹിപ്പിക്കലിന് പ്രേരിപ്പിക്കുകയും ചെയ്തു.

ശ്രീലങ്കയിലെ രാഷ്ട്രീയ വരേണ്യവർഗം ന്യൂനപക്ഷങ്ങളെ നിരന്തരം പൈശാചികവത്കരിക്കുകയും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വംശീയ-മതകീയ ശത്രുത ഇളക്കിവിടുകയും ചെയ്തു. 2009ലെ യുദ്ധം അവസാനിച്ചതിനു ശേഷം, തമിഴ് പുലികൾക്കെതിരായ വിജയം വ്യാപകമായി മഹത്വവത്കരിച്ച സമയത്ത്, മറ്റു ന്യൂനപക്ഷങ്ങൾക്കെതിരായ ശത്രുത, പ്രത്യേകിച്ച് മുസ്ലിംകൾക്കെതിരായ ശത്രുത പുതിയ ഊർജത്തോടെ വളർത്തപ്പെട്ടു.

മുസ്ലിം വിരുദ്ധ വികാരത്തിൽ രാഷ്ട്രീയ നേട്ടങ്ങൾ കൊയ്തെടുത്തതിന്റെ ഉത്തമ ഉദാഹരണമാണ് രാജ്പാക്സെ കുടുംബം. 2005 മുതൽ ശ്രീലങ്കയുടെ രാഷ്ട്രീയ രംഗം കൈയ്യടക്കിവെച്ചിരുന്ന രാജ്പാക്സെ കുടുംബത്തിന് 2015ലെ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. 2015ന് ശേഷമുള്ള രാഷ്ട്രീയ പ്രചാരണവേളയിൽ, രാജപക്സയുടെ പുതിയ പാർട്ടിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്എൽപിപി), സിംഹള സമഗ്രാധിപത്യ നിലപാട് സ്വീകരിക്കുകയും, മുസ്ലിം വിരുദ്ധ സന്യാസി സമൂഹത്തെ ഒപ്പം കൂട്ടുകയും ചെയ്തു.

2019ലെ ഈസ്റ്റർ സൺഡെ ബോംബാക്രമണം രാജ്പാക്സെയുടെ കുടുംബരാഷ്ട്രീയത്തെ ഊർജസ്വലമാക്കുകയും ജനസമ്മതി ഉയർത്താൻ സഹായിക്കുകയും ചെയ്തു. ഭരണകൂടം ന്യൂനപക്ഷപ്രീണനം നടത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചെന്നും രാജ്യസുരക്ഷ അവഗണിച്ചെന്നും അവർ ആരോപിച്ചു. മാസങ്ങൾക്കു ശേഷം, മഹീന്ദ രാജപക്സെയുടെ സഹോദരൻ ഗോതബയ രാജപക്സെ എസ്എൽപിപിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടപ്പോൾ, അദ്ദേഹം തന്റെ വേദിയിൽ ഇങ്ങനെ പ്രഖ്യാപിച്ചു: “ തീവ്രവാദ ഭീകരവാദ ഭീഷണികളിൽ നിന്ന് നമ്മുടെ മാതൃരാജ്യത്തെ സുരക്ഷിതമാക്കുക എന്നതാണ് എന്റെ പ്രധാന ദൗത്യം.”

ന്യൂനപക്ഷ വിരുദ്ധവും രാജ്യസുരക്ഷാ സംബന്ധിയുമായ വാദങ്ങൾ ഉപയോഗിച്ച് ഭൂരിപക്ഷ സിംഹള ബുദ്ധിസ്റ്റ് വോട്ടുകൾ നേടി രാജപക്സ വമ്പിച്ച ഭൂരിപക്ഷത്തിൽ തെരഞ്ഞെടുപ്പ് വിജയിക്കുകയും, തന്റെ സഹോദരനും മുൻ പ്രസിഡന്റുമായ മഹീന്ദയെ പ്രധാനമന്ത്രിയായി നിയമിക്കുകയും ചെയ്തു. അതിനുശേഷം, കിട്ടുന്ന ഒരോ അവസരത്തിലും, ഭൂരിപക്ഷ ജനവിഭാഗത്തോടെയുള്ള തന്റെ പ്രതിബദ്ധത പ്രസിഡന്റ് ആവർത്തിച്ചുറപ്പിക്കുകയും, മുസ്ലിം വിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്തു. നികുതി കുംഭകോണം, വനനശീകരണം, സാമ്പത്തിക മാന്ദ്യം തുടങ്ങിയവയുടെ പേരിൽ രാജപക്സ സർക്കാർ വിമർശനം നേരിട്ടു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ മുസ്ലിം വിരുദ്ധ നയങ്ങൾ പുറപ്പെടുവിച്ച് ജനശ്രദ്ധ തിരിച്ചുവിടുന്നത് തുടരാനാണ് സാധ്യത കാണുന്നത്.

എന്നാൽ സർക്കാറിന്റെ മുസ്ലിം വിരുദ്ധ നയങ്ങൾ തിരിച്ചടിക്കാൻ സാധ്യതയുണ്ട്. മാർച്ചിൽ, ആഭ്യന്തര യുദ്ധകാലത്ത് നടന്ന യുദ്ധകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകളും വിവരങ്ങളും ശേഖരിക്കാൻ യു.എൻ മനുഷ്യാവകാശ ഹൈകമ്മീഷണറെ അധികാരപ്പെടുത്തുന്ന ഒരു പ്രമേയം യു.എൻ മനുഷ്യാവകാശ കൗൺസിൽ പാസാക്കിയിരുന്നു. ഏതാനും ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ ശ്രീലങ്കക്കുള്ള പിന്തുണ പിൻവലിച്ചതാണ് പ്രസ്തുത പ്രമേയം പാസാകാൻ കാരണമായി ഭവിച്ചത്. കോവിഡ് 19നുമായി ബന്ധപ്പെട്ട് സർക്കാറിന്റെ മുസ്ലിംകളോടുള്ള ശത്രുതാപരമായ സമീപനം, ന്യൂപക്ഷങ്ങളുടെ പാർശ്വവത്കരണം തുടങ്ങിയവ പ്രമേയത്തിൽ പരാമർശവിധേയമായിരുന്നു.

മത-വംശീയ ശത്രുത ഇളക്കിവിടുന്നതില്ലല്ലാതെ മറ്റൊന്നിലും നിലവിലെ സർക്കാറിന് സ്ഥിരത കാഴ്ചവെക്കാൻ കഴിയുന്നില്ല എന്നത് ശ്രീലങ്കയുടെ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയത്തിന്റെ പാരമ്പര്യമാണ്, അത് ദീർഘകാലത്തേക്ക് തുടരുന്നതുമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ഭാവി ഇരുളിൽ തന്നെയാണ് എന്നതാണ് വാസ്തവം. പത്തു വർഷം നാശം മാത്രമുണ്ടാക്കിയ ഒരു യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് ശ്രീലങ്കൻ രാഷ്ട്രീയവർഗം ഒരു പാഠവും പഠിച്ചിട്ടില്ല എന്നാണ് നിലവിലെ സർക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയ മുതലെടുപ്പ് ചൂണ്ടികാണിക്കുന്നത്.

കൊളംബോ സർവകലാശാലയിലെ പ്രൊഫസറും സോഷ്യോളജി വിഭാഗം മേധാവിയുമാണ് ഫർസാന ഹനീഫ. മുസ്ലിംകളുടെ സാമൂഹിക, രാഷ്ട്രീയ ചരിത്രം, ലിംഗരാഷ്ട്രീയം, ശ്രീലങ്കയിലെ മുസ്ലിം വിരുദ്ധ പ്രസ്ഥാനം എന്നിവയെ കുറിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്വതന്ത്രാഖ്യാനം : അബൂ ഈസ
അവലംബം : aljazeera.com

Related Articles