Current Date

Search
Close this search box.
Search
Close this search box.

ചിന്തിക്കൂ, നന്ദിയുള്ളവരാകൂ

അല്ലാഹു നമുക്ക് ചെയ്ത് തന്ന അനേകം അനുഗ്രഹങ്ങളെ കുറിച്ച് ചിന്തിച്ച് നോക്കൂ. അപ്പോള്‍ അറിയാം ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും നമുക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ എന്താണെന്ന്. ഖുര്‍ആന്‍ പറയുന്നു: “അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കവ തിട്ടപ്പെടുത്താനാവില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.”16:18 മെച്ചപ്പെട്ട ആരോഗ്യം, രാജ്യ സുരക്ഷ, ഭക്ഷണം, വസ്ത്രം, വായു, വെള്ളം, ഈ ലോകം തുടങ്ങി ഒട്ടേറെ അനുഗ്രഹങ്ങള്‍ നമുക്ക് മുന്നിലുണ്ട്. പക്ഷെ നാമതൊന്നും നോക്കാറില്ല. ജീവിക്കുന്നുണ്ടെങ്കിലും അതൊന്നു ശ്രദ്ധിക്കാതെയാണ് നാളുകള്‍ എണ്ണുന്നത്.

” നിങ്ങള്‍ കാണുന്നില്ലലേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത്; ഒളിഞ്ഞതും തെളിഞ്ഞതുമായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് അവന്‍ നിറവേറ്റിത്തന്നതും…..” 31:20
നിങ്ങള്‍ക്ക് രണ്ട് കണ്ണുകള്‍, നാവ്, രണ്ട് ചുണ്ടുകള്‍, രണ്ട് കൈകള്‍, രണ്ട് കാലുകള്‍ എല്ലാമുണ്ട്. ഖുര്‍ആന്‍ ചോദിക്കുന്നു: “അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും (ജിന്നും മനുഷ്യരും) നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക.” 55:13

Also read: ലെനിനും സിബാഇയും

നമ്മുടെ രണ്ട് കാലുകള്‍ കൊണ്ട് നടക്കുക എളുപ്പമാണ്. എന്നാല്‍ പാദം തന്നെ മുറിച്ച് മാറ്റപ്പെട്ട ആളുകളുകളുടെ കാര്യമൊ? രണ്ട് കണങ്കാലുകളില്‍ നിങ്ങള്‍ക്ക് ചാരിനില്‍ക്കാം. എന്നാല്‍ കണങ്കാലുകള്‍ മുറിച്ച് മാറ്റപ്പെട്ടവരുടെ അവസ്ഥയൊ? നിരവധി പേര്‍ അസഹനീയമായ വേദനയാല്‍ ഉറക്കം വരാതെ നിദ്രാവിഹീനരായി കഴിയുമ്പോള്‍ നാം സുഖനിദ്രയിലുറങ്ങുന്നു എന്നത് അപ്രധാനമാണ്. രുചികരമായ ഭക്ഷണം കൊണ്ട് നാം വയറ് നിറക്കുകയും ശീതള പാനീയം കൊണ്ട് ദാഹം തീര്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ രോഗം കാരണത്താല്‍ ഭക്ഷണം കഴിക്കാന്‍ കഴിയാത്തവരും ശീതളപാനീയം കുടിക്കാന്‍ കഴിയാത്തവരും നമുക്കിടയിടയിലുണ്ട് എന്ന കാര്യം വിസ്മരിക്കാന്‍ പാടില്ലല്ലോ?

നമ്മുടെ കേള്‍വിയെ കുറിച്ച് ചിന്തിച്ച് നോക്കൂ. ബധിരതയില്‍ നിന്നും നാം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കാഴ്ചയുടെ കാര്യവും അങ്ങനത്തെന്നെ. അന്ധതയില്‍ നിന്നും നാം സംരക്ഷിക്കപ്പെട്ടിരിക്കുന്നൂ. നമ്മുടെ ചര്‍മ്മത്തെ കുറിച്ച് ആലോചിച്ച് നോക്കൂ. അത് മാരകമായ ചര്‍മ്മരോഗങ്ങളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അനുഗ്രഹീതമായ ബുദ്ധിവൈഭവും നമുക്ക് നല്‍കിയിരിക്കുന്നു. അതിനേയും ഒരു വൈകല്യവും പിടികൂടീട്ടില്ല.

നിങ്ങളുടെ ഒരു കണ്ണ് ഉഹ്ദ് പര്‍വ്വതത്തോളം സ്വര്‍ണ്ണത്തിന് പകരം കൊടുക്കാന്‍ നിങ്ങളാഗ്രഹിക്കുമൊ? ഹിമാലയത്തോളം തൂക്കം വെള്ളി ലഭിച്ചാല്‍ നിങ്ങളുടെ കേള്‍വിശക്തി കൊടുക്കാന്‍ നിങ്ങള്‍ തയ്യാറാവുമൊ? നമ്മുടെ നാവ് വിറ്റ് കിട്ടുന്ന പണം കൊണ്ട് മനോഹരമായ ഒരു കൊട്ടാരം വിലക്ക് വാങ്ങാന്‍ നാം തയ്യാറാവുമൊ? അങ്ങനെ ഊമയാവുന്നത് നമുക്ക് ഊഹിക്കാന്‍ കഴിയുമൊ? മനോഹരമായ രത്നത്തിന് പകരം നമ്മുടെ ഒരു കൈ കൊടുക്കാന്‍ നാം സന്നദ്ധനാവുമൊ? ഒരു കൈ മാത്രം മതിയല്ലോ എന്ന് നാം ആഗ്രഹിക്കുമൊ?

സമൃദ്ധമായ ഒട്ടേറെ അനുഗ്രഹങ്ങളും മഹത്തായ നേട്ടങ്ങളും നാം ആസ്വദിച്ച്കൊണ്ടിരിക്കുന്നുണ്ടെങ്കിലും പക്ഷെ അതൊന്നും നാം വേണ്ടത്ര മനസ്സിലാക്കുന്നില്ല. അനുഗ്രഹങ്ങളുടെ സുഭിക്ഷിതക്കിടയില്‍ നാം ദുരിതത്തിലും ക്ലേശത്തിലുമാണ് ജീവിക്കുന്നത്. ആവി പറക്കുന്ന ഒന്നാന്തരം ഭക്ഷണ വിഭവങ്ങളും തണുത്ത പാനീയങ്ങളും, നല്ല ഉറക്കവും അതുല്യമായ ആരോഗ്യവും ഉണ്ടായിരിക്കെ, നാം എന്തിനാണ് മനോവ്യഥയിലും ദു:ഖത്തിലും കഴിയുന്നത്?

Also read: നാം ആ​ഗ്രഹിച്ചത് അല്ലാഹു ഏറ്റെടുക്കമ്പോൾ!

മനുഷ്യര്‍ പൊതുവെ ഇല്ലാത്തതിനെ കുറിച്ച് ചിന്തിക്കുകയും ഉള്ളതിന് നന്ദി രേഖപ്പെടുത്താതിരിക്കുന്ന സ്വഭാവക്കാരുമാണ്. സമ്പത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിങ്ങളെ അശ്വസ്ഥപ്പെടുത്തുമ്പോള്‍ വിജയത്തിന്‍റെ താക്കോല്‍, ശത കണക്കില്‍ വസ്തുക്കള്‍, സമ്മാനങ്ങള്‍, വിശിഷ്ടമായ മറ്റനേകം സാധനങ്ങള്‍ നമ്മുടെ മുന്നിലുണ്ട് എന്ന കാര്യം നാം വിസ്മരിക്കുന്നു. മനുഷ്യാ, നീ ചിന്തിക്കൂ … നന്ദിയുള്ളവനാകൂ. ഖുര്‍ആന്‍ പറയുന്നു: ” നിങ്ങളില്‍ തന്നെയുമുണ്ട്. എന്നിട്ടും നിങ്ങള്‍ അതൊന്നും കണ്ട് മനസ്സിലാക്കുന്നില്ലന്നോ? 51:21

നിങ്ങളെ കുറിച്ച് ആഴത്തില്‍ ചിന്തിച്ച് നോക്കൂ. നിങ്ങളുടെ കുടുംബം, ഭവനം, ജോലി, ആരോഗ്യം, നിങ്ങളുമായി ബന്ധപ്പെടുന്നവര്‍, നിങ്ങള്‍ക്ക് ചുറ്റുമുള്ള ലോകം എന്നിവയെ കുറിച്ചെല്ലാം ചിന്തിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുക. അതാണ് സന്തോഷകരമായ ജീവിതത്തിലേക്കുള്ള ആദ്യ കവാടം. സത്യനിഷേധികളെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെ: അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹങ്ങള്‍ അവരറിയുന്നുണ്ട്. എന്നിട്ടും അവരതിനെ തള്ളിപ്പറയുകയാണ്. അവരിലേറെപ്പേരും നന്ദികെട്ടവരാണ്. 16:83

വിവ: ഇബ്റാഹീം ശംനാട്

Related Articles