ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ സുഡാന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ നിയന്ത്രണത്തിനായി വിദേശ ശക്തികളുടെ പിന്തുണയോടെ പോരാട്ടത്തിലുള്ള സുഡാന്‍ സായുധ സേനയും (എസ്.എ.എഫ്) റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (ആര്‍.എസ്.എഫ്) എന്ന അര്‍ധസൈനിക വിഭാഗവും തമ്മിലുള്ള അധികാര തര്‍ക്കം കൂട്ടക്കൊലകളിലേക്ക് എത്തിയതോടെയാണ് ലോകത്തിന്റെ കണ്ണ് സുഡാനിലേക്ക് നീളുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി പോരാട്ടം നടക്കുന്നുണ്ടെങ്കിലും ഗസ്സ വംശഹത്യയുടെ ഭീകരതക്കിടയില്‍ അത് വലിയ വാര്‍ത്തയായില്ല. എന്നാല്‍, വടക്കന്‍ ദാര്‍ഫൂര്‍ സ്റ്റേറ്റിന്റെ തലസ്ഥാനമായ അല്‍ ഫാഷിറില്‍ ആര്‍.എസ്.എഫ് നടത്തിയ മന:സാക്ഷിയെ ഞെട്ടിക്കുന്ന കൂട്ടക്കൊലകള്‍ സുഡാന്റെ ഭാവിയെക്കുറിച്ച് പോലും ആശങ്കള്‍ക്ക് ഇടയാക്കുന്നു. അല്‍ ഫാഷിറിലെ ഏകദേശം 12 ലക്ഷം ജനങ്ങള്‍ 18 മാസമായി ആര്‍.എസ്.എഫിന്റെ ഉപരോധത്തിലായിരുന്നു. നഗരത്തിന്റെ 56 കിലോമീറ്റര്‍ അപ്പുറത്ത് ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ ഭക്ഷണവും മരുന്നും കിട്ടിയില്ലെന്ന് മാത്രമല്ല, പലായനം ചെയ്യാന്‍ പോലും അവര്‍ക്കായില്ല. പലരും മൃഗങ്ങള്‍ക്കുള്ള തീറ്റ കഴിച്ചാണ് ജീവിച്ചത്.
അല്‍ ഫാഷിര്‍ നഗരത്തിന്റെ നിയന്ത്രണം ഒക്ടോബര്‍ 26-ന് ആര്‍.എസ്.എഫ് ഏറ്റെടുത്തതിനു പിന്നാലെയാണ് ആസൂത്രിത കൊലപാതകങ്ങളില്‍ രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെട്ടത്. കുറഞ്ഞത് നാല് സ്ഥലങ്ങളില്‍ നടന്നതായി ആരോപിക്കപ്പെടുന്ന വധശിക്ഷകള്‍, കൂട്ടക്കൊലകള്‍, ആക്രമണങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷിച്ച യേല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഹ്യൂമാനിറ്റേറിയന്‍ റിസര്‍ച്ച് ലാബ് (Yale HRL) പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്. മുമ്പ് കുട്ടികളുടെ ആശുപത്രി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം, റെഡ് ക്രസന്റ് സൊസൈറ്റി ഓഫ് സുഡാന്റെ ഓഫീസുകള്‍, സൗദി ഹോസ്പിറ്റല്‍, നഗരത്തിന് ചുറ്റുമുള്ള മണ്‍മതില്‍ കോട്ടയുടെ പരിസരം എന്നിവിടങ്ങളിലാണ് കൂട്ടക്കൊലകള്‍ നടന്നത്. 260,000 ആളുകള്‍ കുടുങ്ങിക്കിടന്ന അല്‍ ഫാഷിര്‍ നഗരം 500 ദിവസത്തിലധികം ഉപരോധത്തിലായിരുന്നു. ഒക്ടോബര്‍ 26-ന് ആര്‍.എസ്.എഫ് നഗരം ആക്രമിച്ചു കീഴ്‌പ്പെടുത്തിയ ശേഷമാണ് കൊലപാതകങ്ങളും അതിക്രമങ്ങളുമുണ്ടായത്.
‘അല്‍ ജസീറ’യുടെ സനദ് വെരിഫിക്കേഷന്‍ ഏജന്‍സി സ്ഥിരീകരിച്ച വീഡിയോകളില്‍ ആര്‍.എസ്.എഫ് മിലീഷ്യകള്‍ ജനങ്ങളെ വധിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് കാണാം. ആര്‍.എസ്.എഫ് കൂട്ടക്കൊലകള്‍ നടത്തുകയാണെന്നും ആളുകളെ തടഞ്ഞുവെക്കുകയും ആശുപത്രികളെ ആക്രമിക്കുകയും ചെയ്യുന്നതായി സുഡാന്‍ ഡോക്ടര്‍മാരുടെ നെറ്റ്വര്‍ക്ക് ഉള്‍പ്പെടെയുള്ള സുഡാനീസ് മെഡിക്കല്‍, മനുഷ്യാവകാശ ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. രക്ഷപ്പെടുന്നവരെ കൂട്ടത്തോടെ വധിച്ചത് ആര്‍.എസ്.എഫിന്റെ നടപടികളില്‍ ഉള്‍പ്പെടുന്നുവെന്നും, കൊലപാതകങ്ങള്‍ക്ക് വംശീയമായ പ്രേരണകളുള്ളതായി സൂചനയുണ്ടെന്നും യു.എന്‍ മനുഷ്യാവകാശ ഓഫീസ് പറയുന്നു. നടുക്കുന്ന ഈ ചെയ്തികള്‍ മിലീഷ്യ തന്നെ റെക്കോര്‍ഡ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. അല്‍ ഫാഷിറിന്റെ കിഴക്ക്, മുമ്പ് കുട്ടികളുടെ ആശുപത്രിയായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് കൂട്ടക്കൊലകള്‍ നടന്നതിന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ യേല്‍ എച്ച്.ആര്‍.എല്‍ കണ്ടെത്തി. ഒരു വര്‍ഷം മുമ്പ് ആര്‍.എസ്.എഫ് പിടിച്ചെടുക്കുകയും തടങ്കല്‍ കേന്ദ്രമായി ഉപയോഗിക്കുകയും ചെയ്തിരുന്ന സ്ഥലമാണിത്.
ദീര്‍ഘകാലം സുഡാനെ ഭരിച്ച മുന്‍ പട്ടാള മേധാവി ഉമര്‍ അല്‍ ബശീര്‍ 2019 ല്‍ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് അധികാരം ഏറ്റെടുത്ത സൈനിക കൗണ്‍സിലില്‍ സുഡാനീസ് ആംഡ് ഫോഴ്സ് (എസ്.എ.എഫ്) നേതാവ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (ആര്‍.എസ്.എഫ്) നേതാവ് ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗാലോയും യഥാക്രമം തലവനും ഉപമേധാവിയുമായിരുന്നു. 2003-ല്‍ ആരംഭിച്ച ദാര്‍ഫൂര്‍ യുദ്ധസമയത്ത് പ്രസിഡന്റ് ഉമര്‍ അല്‍ ബശീറിന് വേണ്ടി പോരാടിയ നാടോടി ഗോത്ര സായുധ സംഘങ്ങളായ ജന്‍ജവീദാണ് പിന്നീട് ആര്‍.എസ്.എഫ് ആയി മാറിയത്. 2013-ല്‍ ജന്‍ജവീദിനെ ഔപചാരികമായി അംഗീകരിക്കുമ്പോള്‍ ഏകദേശം 100,000 അംഗങ്ങള്‍ അതിലുണ്ടായിരുന്നു. 2019-ലെ ജനകീയ പ്രക്ഷോഭ വേളയില്‍ ബശീറിനെ പുറത്താക്കാൻ സുഡാനീസ് സൈന്യത്തെ ആര്‍.എസ്.എഫ് സഹായിച്ചതോടെ ചിത്രം മാറി. ബശീറിനു ശേഷം 2021-ല്‍ അധികാരത്തില്‍ വന്ന സിവിലിയന്‍ പ്രധാനമന്ത്രി അബ്ദല്ല ഹംദോക്കിനെ അട്ടിമറിച്ചതും ഈ സഖ്യമായിരുന്നു. സൈന്യത്തിന്റെ ആശീര്‍വാദത്തോടെയാണ് ഹംദോക്ക് ഭരിച്ചത്. ഇതോടെ, സൈനിക ഭരണത്തില്‍ നിന്ന് സുഡാന് മോചനമുണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.
ആര്‍.എസ്.എഫിനെ ഔദ്യോഗിക സൈന്യത്തില്‍ ലയിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം 2023 ഏപ്രിലിലാണ് തുറന്ന പോരാട്ടത്തിലേക്ക് വഴിമാറിയത്. തലസ്ഥാനമായ ഖുര്‍ത്തൂമില്‍ രൂക്ഷ സംഘട്ടനമുണ്ടായി. നഗരം ഇരു വിഭാഗങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടതോടെ സുഡാനീസ് സൈന്യത്തിന് ആസ്ഥാനം പോര്‍ട്ട് സുഡാനിലേക്ക് മാറ്റേണ്ടി വന്നു. 2003-ല്‍ വംശഹത്യ നടന്ന ദാര്‍ഫൂര്‍ മേഖലയിലും സംഘര്‍ഷം രൂക്ഷമായി. ആര്‍.എസ്.എഫും സഖ്യകക്ഷികളും ചേര്‍ന്ന് മസാലിത്ത് ഉള്‍പ്പെടെയുള്ള വംശീയ വിഭാഗങ്ങള്‍ക്കെതിരെ ക്രൂരമായ അതിക്രമങ്ങളാണ് നടത്തുന്നത്. പടിഞ്ഞാറന്‍ ദാര്‍ഫൂര്‍ പ്രധാനമായും മസാലിത്ത് മുസ്‌ലിം ജനതയുടെ ആവാസ കേന്ദ്രമാണ്. വംശീയമായി കറുത്ത ആഫ്രിക്കക്കാരായ ഇവരുടെ പൂര്‍വ്വികരുടെ ഉത്ഭവം തുനീഷ്യയിലാണെന്ന് പറയപ്പെടുന്നു. ചരിത്രപരമായി ഈ പ്രദേശം ‘ദാര്‍ മസാലിത്ത്’ എന്നാണ് അറിയപ്പെടുന്നത്.
ദാര്‍ഫൂറിന്റെ ചില ഭാഗങ്ങള്‍ 1990-കള്‍ മുതല്‍ വംശീയവും രാഷ്ട്രീയപരവുമായ അക്രമങ്ങള്‍ നേരിടുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ കൂടുതലും ഖര്‍ത്തൂമിലെ ഏറ്റുമുട്ടലുകളിലാണ് കേന്ദ്രീകരിച്ചതെങ്കിലും വിദൂരമായ ദാര്‍ഫൂര്‍ മേഖലയില്‍, പ്രത്യേകിച്ച് അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നായ പടിഞ്ഞാറന്‍ ദാര്‍ഫൂറിലും പോരാട്ടവും രക്തച്ചൊരിച്ചിലും അതിരൂക്ഷമായിരുന്നു. ദാര്‍ഫൂറിന്റെ നിയന്ത്രണം സുഡാനി സൈന്യത്തിന് നഷ്ടപ്പെട്ടതോടെ അവര്‍ പിന്‍മാറ്റം തുടങ്ങി. അത് പൂര്‍ത്തിയായതോടെ മേഖല മുഴുവനായും ആര്‍.എസ്.എഫ് വരുതിയിലായിരിക്കുകയാണ്.
സുഡാനീസ് സൈന്യവും ആര്‍.എസ്.എഫും തമ്മിലുള്ള അധികാര തര്‍ക്കത്തില്‍ നിന്നാണ് സംഘര്‍ഷം ഉടലെടുത്തതെങ്കിലും അതിനു പിന്നില്‍ രാഷ്ട്രാന്തരീയ കച്ചവട, അധിക്കാരക്കണ്ണുകളാണുള്ളത്. ആഫ്രിക്കയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉല്‍പാദക രാജ്യങ്ങളിലൊന്നാണ് സുഡാന്‍. ആര്‍.എസ്.എഫ് നേതാവ് മുഹമ്മദ് ഹംദാന്‍ ദഗാലോക്ക് സ്വര്‍ണ്ണ ഖനന മേഖലകളില്‍ വലിയ സ്വാധീനമുണ്ട്. ഈ സ്വര്‍ണ ശേഖരത്തില്‍ കണ്ണുവെച്ചും ഇതുമായി ബന്ധപ്പെട്ട ലാഭകരമായ വ്യാപാര ശൃംഖല നിലനിര്‍ത്താനും ചില രാജ്യങ്ങള്‍ പ്രത്യേക താല്‍പര്യം കാട്ടുന്നുണ്ട്. അവര്‍ ആര്‍.എസ്.എഫിനെ അധികാരത്തിലേറ്റാന്‍ ശ്രമിക്കുന്നത് ഭാവി സര്‍ക്കാരില്‍ സ്വാധീനമുണ്ടാക്കാനാണ്. സുഡാന്‍ ചെങ്കടലുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ ഈ തന്ത്രപ്രധാനമായ പ്രദേശത്ത് തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനും ശ്രമമുണ്ട്. അല്‍ ബശീറിന്റെ കാലത്ത് സ്വാധീനമുണ്ടായിരുന്ന ഇസ്ലാമിസ്റ്റുകള്‍ അത് വീണ്ടെടുക്കുന്നത് തടയാനും മേല്‍പറഞ്ഞ വിദേശ രാജ്യങ്ങള്‍ ഉദ്ദേശിക്കുന്നു. അതിനാല്‍ ആര്‍.എസ്.എഫിനെ ആവര്‍ പാലൂട്ടി വളര്‍ത്തുകയാണ്.
ഇസ്രായേലുമായി അടുത്ത ബന്ധം സ്ഥാപിച്ച ഗള്‍ഫ് രാജ്യം ഉള്‍പ്പെടെ ആര്‍.എസ്.എഫിന് ആയുധങ്ങള്‍ നല്‍കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. റഷ്യന്‍ കൂലിപ്പട ഗ്രൂപ്പായ വാഗ്‌നറും അടുത്ത ബന്ധം പുലര്‍ത്തുന്നു. സുഡാനിലെ സ്വര്‍ണ്ണം കൈകാര്യം ചെയ്യുന്നതിലും ആയുധങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലും വാഗ്‌നര്‍ ഗ്രൂപ്പ് ആര്‍.എസ്.എഫിനെ സഹായിക്കുന്നതായി യു.എസും പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നുണ്ട്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ റഷ്യ ഇത് ഒരു തന്ത്രമായി ഉപയോഗിക്കുന്നു. ആഭ്യന്തര കലാപമുണ്ടാക്കി ലിബിയയെ പങ്കിട്ടെടുത്ത ഖലീഫ ഹഫ്താറും കൂട്ടത്തിലുണ്ട്. വിവിധ രാജ്യങ്ങള്‍ സുഡാനിലെ ഇരുവിഭാഗങ്ങളെ പിന്തുണക്കുകയാണ്. 2011-ല്‍ സൗത്ത് സുഡാന്റെ വിഭജനത്തിനുശേഷം മറ്റൊരു വലിയ പ്രതിസന്ധിയെയാണ് സുഡാന്‍ അഭിമുഖീകരിക്കുന്നത്. വിദേശ ശക്തികളുടെ ഇടപെടലുകളാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്.
Summary: Sudan’s civil war between the army (SAF) and the paramilitary RSF has turned catastrophic, with the RSF accused of massacring thousands in Al-Fashir after an 18-month siege. Once formed from the Janjaweed militias behind the 2003 Darfur genocide, the RSF’s fight for power against Gen. Burhan’s forces has drawn in foreign interests seeking Sudan’s gold and Red Sea access. Satellite evidence and reports show brutal ethnic killings and atrocities, highlighting how the struggle—fueled by greed and external interference—is devastating Sudan and its people.