Current Date

Search
Close this search box.
Search
Close this search box.

അറബ് ജനകീയ പ്രക്ഷോഭങ്ങളെ തകർത്തത് സെക്കുലർ ലിബറലുകൾ

യു.എസ്-യൂറോപ്യൻ സ്പോൺസേഡ് നവലിബറൽ ക്രമത്തിനും, മുതലാളിത്ത താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുകയും ജനങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ, പൗരാവകാശങ്ങൾ അടിച്ചമർത്തുകയും ചെയ്ത അറബ് സ്വേച്ഛാധിപതികൾക്കുമെതിരായ അറബ് വിപ്ലവ പ്രക്ഷോഭങ്ങൾ നടന്നിട്ട് ഒരു ദശാബ്ദക്കാലം കഴിഞ്ഞു. ആയിരക്കണക്കിന് അറബ് ജനത, സിറിയ, യെമൻ എന്നിവിടങ്ങളിലെ ബഹുഭൂരിപക്ഷവും, ഇതിനോടകം കൊല്ലപ്പെട്ടു.

ഈ ജനകീയ പ്രക്ഷോഭങ്ങൾ തുനീഷ്യയിലെ സൈനുൽ ആബിദീൻ ബിൻ അലി, ഈജിപ്തിലെ ഹുസ്നി മുബാറക്, യെമനിലെ അലി അബ്ദുല്ല സാലിഹ് എന്നിവരെ സ്ഥാനഭ്രഷ്ടരാക്കിയപ്പോൾ – മൂന്നിടങ്ങളിലെയും പ്രക്ഷോഭങ്ങൾക്ക് വമ്പിച്ച പാശ്ചാത്യ പിന്തുണ ലഭിച്ചിട്ടും- ബഹ്റൈൻ, സൗദി, ജോർദാൻ, മൊറോക്കോ, ഒമാൻ എന്നിവിടങ്ങളിലെ സ്വേച്ഛാധിപതികളെ പുറത്താക്കാൻ പ്രക്ഷോഭങ്ങൾക്ക് കഴിഞ്ഞില്ല, അവിടങ്ങളിലെ പ്രക്ഷോഭവാർത്തകൾക്ക് പാശ്ചാത്യമാധ്യമങ്ങളുടെ ചവറ്റുകുട്ടയിലായിരുന്നു സ്ഥാനം.

സാമ്രാജ്യത്വ കൽപ്പനകൾക്ക് പൂർണമായും വഴങ്ങാൻ വിസമ്മതിച്ച സിറിയയിലെയും ലിബിയയിലെയും സ്വേച്ഛാധിപതികളെ സ്ഥാനഭ്രഷ്ടരാക്കാൻ യു.എസും അതിന്റെ ജൂനിയർ യൂറോപ്യൻ സഖ്യകക്ഷികളും തങ്ങളാലാവുംവിധമെല്ലാം പണമൊഴുക്കിയിരുന്നു. ഏറ്റവും കുറഞ്ഞത് 1 ബില്ല്യൺ ഡോളറിന്റെ ആയുധങ്ങൾ ബറാക്ക് ഒബാമ ഭരണകൂടം സിറിയയിലേക്ക് കയറ്റി അയച്ചിട്ടുണ്ട്, അതിൽ ചിലത് അൽഖാഇദയുമായി ബന്ധമുള്ള വിമതസംഘങ്ങളുടെ കൈവശമാണ് എത്തിച്ചേർന്നത്.

ലിബിയയുടെ മുഅമ്മർ ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കുന്നതിലും, ലിബിയയുടെ സമ്പത്ത് കവർന്നെടുക്കുന്നതിലും, നിലവിൽ ലിബിയയുടെ എണ്ണസമ്പത്ത് മോഷ്ടിക്കുന്നതിലും പാശ്ചാത്യശക്തികൾ ആത്യന്തികമായി വിജയിച്ചു. സിറിയയിലെ ബശ്ശാർ അൽഅസദിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിൽ അവർ പരാജയപ്പെട്ടെങ്കിലും, സിറിയയെ തകർത്തുതരിപ്പണമാക്കാനും ലക്ഷക്കണക്കിന് സിവിലിയൻമാരെ കൂട്ടക്കൊല ചെയ്യാനും അവർക്കു കഴിഞ്ഞു.

ലോകത്തെല്ലായിടത്തുമെന്ന പോലെ എല്ലാ അറബ് രാജ്യങ്ങളിലും പാശ്ചാത്യകരങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അറബ് പ്രക്ഷോഭങ്ങളിൽ ചിലതിന്റെ അല്ലെങ്കിൽ എല്ലാത്തിന്റെയും, തുടക്കം അല്ലെങ്കിൽ ഒടുക്കം നിർണയിക്കുന്നതിൽ അവർക്ക് നിർണായക പങ്കുണ്ട്. എന്നാൽ അവർ മാത്രമായിരുന്നില്ല നിർണായക പങ്ക് വഹിച്ചിട്ടുള്ളത്. അറബ് പ്രക്ഷോഭങ്ങളുടെ അന്തിമഫലവുമായി ബന്ധപ്പെട്ട ചോദ്യം കേന്ദ്രീകരിക്കേണ്ടത് അവ നയിച്ചവർ എന്ന് അവകാശപ്പെട്ടരിലും, അതിന്റെ പേരിൽ സംസാരിക്കാൻ മുന്നോട്ടുവന്നരിലും അവയുടെ ദിശ നിർണയിച്ചവരിലുമാണ്.

ഇവിടെ നമ്മുടെ മുന്നിൽ സാമ്പത്തികപരമായി നിയോലിബറലും രാഷ്ട്രീയപരമായി ലിബറലുമായ രണ്ട് എതിരാളികളാണുള്ളത്: ലിബറൽ, മതേതര, മധ്യവർഗ ബുദ്ധിജീവികളും സാമൂഹ്യപ്രവർത്തകരും അവരുടെ ചില ബിസിനസ്സ് കക്ഷികളും അടങ്ങുന്നതാണ് ഒരുപക്ഷം. ഇസ്ലാമിസ്റ്റ്, ലിബറൽ, മധ്യവർഗ ബുദ്ധിജീവികളും സാമൂഹ്യപ്രവർത്തകരും അവരുടെ ബിസിനസ്സ് കക്ഷികളും അടങ്ങുന്നതാണ് മറുപക്ഷം.

മനുഷ്യാവകശാങ്ങളുടെയും രാഷ്ട്രീയാവകാശങ്ങളുടെയും പാശ്ചാത്യ ലിബറൽ ഭാഷയായിരുന്നു രണ്ടു എതിരാളികളും സംസാരിച്ചത്. എന്നാൽ നവലിബറൽ ദാരിദ്രവത്കരണത്തിന്റെ ഏറ്റവും തീവ്രമായ പ്രത്യാഘാതങ്ങളെ ലഘൂകരിക്കുന്നതിനായുള്ള നേരിയ പരിഹാരമാർഗങ്ങൾ ഉയർത്തിപിടിച്ചു എന്നതല്ലാതെ, അടിസ്ഥാന സാമ്പത്തികാവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് രണ്ടു കൂട്ടരും ഒഴിഞ്ഞുമാറി. ഉദാഹരണത്തിന്, ഭൂമിയുടെ പുനഃവിതരണം (1950കളിൽ ഈജിപ്തിൽ ഭൂമിയുടെ പുനഃവിതരണം നടന്നെങ്കിലും, 1970കളിൽ മുതലാളിത്തം പുനഃസ്ഥാപിക്കപ്പെട്ടതു മുതൽ, ഭൂമി ക്രമേണ സമ്പന്നരിലേക്ക് തന്നെ മടങ്ങി), ബാങ്കുകളുടെയും ഫാക്ടറികളുടെയും ദേശസാത്കരണം, സമ്പന്നരുടെ നികുതി വർധിപ്പിക്കൽ, സാമൂഹിക സേവനങ്ങളുടെ വ്യാപനം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അവർ ഒരിക്കൽപോലും സംസാരിച്ചിട്ടില്ല.

പ്രക്ഷോഭങ്ങൾ ഞങ്ങളാണ് തുടങ്ങിയതെന്നും ഇസ്ലാമിസ്റ്റ് ലിബറലുകൾ നുഴഞ്ഞുകയറിയവരാണെന്നും അവകാശപ്പെട്ട സെക്കുലർ ലിബറലുകളെ പാശ്ചാത്യമാധ്യമങ്ങളും എൻ.ജി.ഓകളും മാത്രമല്ല വലുതാക്കികാണിച്ചത്, യു.എസ് നേതാക്കളും അക്കൂട്ടത്തിലുണ്ടായിരുന്നു. “ഞങ്ങൾ വന്നു, കണ്ടു, അയാൾ മരണപ്പെട്ടു” എന്നായിരുന്നു ഗദ്ദാഫിയുടെ മരണത്തെയും ലിബിയയുടെ തകർച്ചയെയും കുറിച്ച് ഹിലാരി ക്ലിന്റന്റെ പ്രസ്താവന. “അറബ് വസന്ത”ത്തിന്റെ ലിബറൽ ലക്ഷ്യങ്ങളെ കുറിച്ച് അവർ കൊട്ടിഘോഷിച്ചു.

തങ്ങളുടെ സ്വന്തം സാമ്പത്തിക രാഷ്ട്രീയ നിക്ഷേപങ്ങളിൽ മാത്രം താൽപര്യമുള്ള യു.എസ്സു യൂറോപ്യൻ രാജ്യങ്ങളും, സ്ഥിരതയാണ് തിരഞ്ഞെടുക്കുക. ഒരു പാവ ഭരണാധികാരിയെ സംരക്ഷിക്കുന്നത് രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണെങ്കിൽ, സാമ്രാജ്യത്വശക്തികൾ പുതിയൊരാളെ പിന്തുണക്കും – പുതിയയാൾക്ക് സ്ഥിരത പുനഃസ്ഥാപിക്കാൻ കഴിയുകയാണെങ്കിൽ. അല്ലെങ്കിൽ, സ്വേച്ഛാധിപത്യത്തിന്റെ തിരിച്ചുവരവിന് അവർ നിർബന്ധം പിടിക്കും. സ്വേച്ഛാധിപത്യത്തിന്റെ തിരിച്ചുവരവും പരാജയപ്പെട്ടാൽ, സാമ്രാജ്യത്വശക്തികൾ ആ രാജ്യത്തെ അശാന്തിയിലേക്ക് തള്ളിവിടും, യമനിൽ നാം ഇപ്പോൾ കാണുന്നത് പോലെ.

ഈജിപ്തിൽ, ഇസ്ലാമിസ്റ്റുകളുമായുള്ള ജനാധിപത്യ പോരാട്ടത്തിൽ പരാജയപ്പെട്ടാൽ സ്വേച്ഛാധിപത്യത്തിന്റെ തിരിച്ചുവരവിനെ പിന്തുണയ്ക്കുമെന്ന് വാദിച്ച സെക്കുലർ ലിബറലുകളെ സ്വേച്ഛാധിപത്യശക്തികളുടെ സഖ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു. ബ്രദർഹുഡിന്റെ 2012ലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം, ആഭ്യന്തരവും വൈദേശികവുമായ ശക്തരായ ശത്രുക്കളുടെ ഒരു വലിയ നിരയെ തന്നെ പുതിയ സർക്കാറിന് നേരിടേണ്ടി വന്നു, തദ്ഫലമായി രാജ്യം സുസ്ഥിരമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു, ഇത് യു.എസ്സിനെയും യൂറോപ്യൻ ശക്തികളെയും സ്വേച്ഛാധിപത്യത്തിന്റെ തിരിച്ചുവരവിനെ പിന്തുണക്കാൻ പ്രേരിപ്പിച്ചു.

തുനീഷ്യയിൽ, ഈജിപ്തിലെ സെക്കുലർ ലിബറലുകളുടെ വഞ്ചനയിൽ നിന്നും പാഠം പഠിച്ച ഇസ്ലാമിസ്റ്റ് ലിബറലുകളെ പ്രതിനിധീകരിക്കുന്ന ‘അന്നഹ്ദ പാർട്ടി’ക്ക് രാജ്യത്ത് സ്ഥിരതയും സമാധാനവും ഒരളവുവരെ നിലനിർത്താൻ സാധിച്ചു.

ലിബിയയിലും സിറിയയിലും, നിലവിലെ ഭരണകൂടങ്ങൾക്കു പകരം ഒരു സ്ഥിരതയാർന്ന ബദൽ അസാധ്യമാണെന്ന് നന്നായി മനസ്സിലാക്കിയ പാശ്ചാത്യ സാമ്രാജ്യത്വവാദികൾ, ആ രണ്ടു രാജ്യങ്ങളെയും ചോരയിൽ മുക്കാൻ തീരുമാനിച്ചു, ലിബിയൻ എണ്ണസമ്പത്തിന്റെ കവർച്ചയും, മേഖലയിൽ യു.എസ് കൽപ്പനകൾ എതിർക്കുന്നവരുമായുള്ള സിറിയൻ ഭരണകൂടത്തിന്റെ നയതന്ത്ര സഖ്യത്തിന്റെ തകർച്ചയും ഉറപ്പുനൽകുന്ന ഒരു തീരുമാനമായിരുന്നു അത്. ലിബിയയിൽ അവർ വിജയിച്ചു, സിറിയയിൽ സമ്മിശ്രഫലമാണ് അവർക്കു ലഭിച്ചത്.

യമനിൽ, അൽഖാഇദക്കെതിരെ എന്ന പേരിൽ യു.എസ് യുദ്ധത്തിന് തുടക്കം കുറിച്ചു, പക്ഷേ പിന്നീട് സൗദികൾക്കും ഇമാറാത്തികൾക്കും യുദ്ധത്തിന്റെ കരാർ കൈമാറി, യമൻ ജനതയുടെ കൂട്ടനശീകരണം അവർ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. അവർ ഇപ്പോഴും കൈകാര്യം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു അപ്രതീക്ഷിത റിസ്ക്കായിരുന്നു അത്.

അറബ് പ്രക്ഷോഭങ്ങളുടെ അടിച്ചമർത്തലിലും നശീകരണത്തിലും പൊലിഞ്ഞ ജീവനുകൾ അനേകമാണ്. ഫാസിസ്റ്റുകളായി മാറിയ സെക്കുലർ ലിബറലുകളുടെ സ്വേച്ഛാധിപതികളുമായും സാമ്രാജ്യത്വശക്തികളുമായുള്ള സഹകരണം നിരവധി അറബ് രാഷ്ട്രങ്ങളുടെ ഇന്നത്തെ അവസ്ഥയിൽ നിർണായകമായിരുന്നു. എന്നിട്ടും പാശ്ചാത്യ ലിബറൽ മുതലാളിത്തത്തിന്റെ പ്രധാന ശബ്ദമായ ‘ദി ഇക്കണോമിസ്റ്റ്’ മതേതര ലിബറലുകളൊഴികെയുള്ള എല്ലാവരെയുമാണ് കുറ്റപ്പെടുത്തുന്നത്.

ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങളെയും പോലെ തന്നെ, അറബ് ജനതക്ക് അവരുടെ രാഷ്ട്രീയ സാമ്പത്തിക ജനാധിപത്യം നേടിയെടുക്കാനുള്ള ഏകമാർഗം, തങ്ങളുടെ പ്രവർത്തനത്തിലും സംഘാടനത്തിലും, പാശ്ചാത്യ-എൻ.ജി.ഓ പിന്തുണയുള്ള (സമരങ്ങളും പ്രക്ഷോഭങ്ങളും ഹൈജാക്ക് ചെയ്യുന്ന) പ്രാദേശിക സെക്കുലർ ലിബറലുകളെ അകറ്റിനിർത്തുക എന്നതാണ് കഴിഞ്ഞ ദശാബ്ദം നൽകുന്ന പാഠം. ഇസ്ലാമിസ്റ്റ് ലിബറലുകളെ സംബന്ധിച്ചിടത്തോളം, തുനീഷ്യക്ക് പുറത്ത്, വലിയ തോതിൽ അടിച്ചമർത്തൽ നേരിടേണ്ടി വന്ന ഒരു പ്രധാന രാഷ്ട്രീയ ശക്തി എന്ന നിലയിൽ ഒതുങ്ങേണ്ടി വന്നു.

പകരം, രാഷ്ട്രീയ സാമ്പത്തിക സ്വേച്ഛാധിപത്യം അവസാനിപ്പിക്കാൻ നിരുപാധികം നിർബന്ധിക്കുന്ന ഒരു രാഷ്ട്രീയ ഭാഷ കൊണ്ടും നേതാക്കളെ കൊണ്ടും സ്വയം ശക്തിയാർജ്ജിക്കേണ്ടതുണ്ട്. അതൊരു ദീർഘവും കഠിനവുമായ പോരാട്ടം തന്നെയായിരിക്കും, എന്നാൽ പ്രസ്തുത പോരാട്ടങ്ങളെ തകർക്കാൻ ലിബറൽ സെക്കുലറിസ്റ്റുകളെ ഇനിയും അനുവദിക്കരുത്.

സ്വതന്ത്രാഖ്യാനം: അബൂ ഈസ
അവലംബം: middleeasteye

(ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ ‘മോഡേൺ അറബ് പോളിറ്റിക്സ് ആന്റ് ഇന്റലെക്ച്വൽ ഹിസ്റ്ററി’ പ്രൊഫസറാണ് ലേഖകൻ. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘ഇസ്ലാം ഇൻ ലിബറലിസം’ ആണ് പുതിയ രചന. അദ്ദേഹത്തിന്റെ രചനകൾ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.)

Related Articles