Current Date

Search
Close this search box.
Search
Close this search box.

Middle East, Politics

‘അല്ലയോ ഇസ്രായേല്‍ , നിങ്ങള്‍ക്കതിന് കഴിയില്ല’

ghfjfj.jpg

അസ്ഹറിലെ ഒരു പണ്ഡിതന്‍ അവിടത്തെ മിമ്പറില്‍ ഖുത്തുബ പ്രഭാഷണം നടത്തുകയെന്നതില്‍ അല്‍ഭുതമൊന്നുമില്ല. പതിനേഴാം വയസ്സില്‍ എന്റെ ഗ്രാമത്തിലെ പള്ളിയില്‍ പ്രഭാഷണം തുടങ്ങിയതാണ് ഞാന്‍. ഇപ്പോള്‍ എനിക്ക് എണ്‍പത്തിയേഴ് വയസ്സാണ് പ്രായം. എഴുപത് വര്‍ഷമായി ലോകത്തെ അറിയപ്പെടുന്ന പള്ളികളിലൊക്കെ വെള്ളിയാഴ്ച പ്രഭാഷണം നിര്‍വഹിച്ചിട്ടുണ്ട് ഞാന്‍. ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും അമേരിക്കയിലും എന്ന് വേണ്ട ലോകത്തെ ഒട്ടുമിക്ക സുപ്രധാന കേന്ദ്രങ്ങളിലും ഞാന്‍ വെള്ളിയാഴ്ച പ്രഭാഷണം നടത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ഞാന്‍ പഠിച്ച് വളര്‍ന്ന അസ്ഹറില്‍ വെള്ളിയാഴ്ച ഖുത്തുബ നിര്‍വഹിക്കുകയെന്നത് സ്വാഭാവികമാണ്. ഉസൂലുദ്ദീന്റെ പ്രഥമബാച്ചില്‍ ബിരുദം വാങ്ങിയവരില്‍ ഞാനുമുണ്ടായിരുന്നു.

ഞാന്‍ ഇവിടെ പ്രഭാഷണം നടത്തുന്നുവെന്നതല്ല മറിച്ച് ഞാന്‍ ജനങ്ങളെ കാണുകയും അവരെന്നെ കാണുകയും ചെയ്യുന്നുവെന്നതാണ് പ്രധാനം. അസ്ഹറില്‍ നമസ്‌കരിക്കുന്നതില്‍ നിന്നും എന്നെ ഭീഷണിപ്പെടുത്തിയവരാണ് അവര്‍. എന്നല്ല ഈജിപ്തിലെ ഒരു പള്ളിയിലും നമസ്‌കരിക്കുന്ന്തില്‍ നിന്നും അവരെന്നെ വിലക്കി. ഒന്നല്ല ഒരുപാട് വര്‍ഷങ്ങള്‍.. ദശകങ്ങള്‍… മിസ്‌റിലെ പള്ളി മാത്രം നിഷേധിക്കപ്പെടുക. ലോകത്തിലെ മറ്റ് പള്ളികളെല്ലാം അവന്ന് മുന്നില്‍ തുറക്കപ്പെടുകയും ചെയ്യുക. ഇപ്പോള്‍ ഞാന്‍ മടങ്ങിയെത്തിയിരിക്കുന്നു. ഈജിപ്തിന് മേല്‍ ത്രിമൂര്‍ത്തികള്‍ (ഇസ്രായേല്‍, ഫ്രാന്‍സ്, ബ്രിട്ടന്‍) ആക്രമണം നടത്തിയ കാലത്ത് (1956) അല്‍അസ്ഹറില്‍ പ്രഭാഷണം നിര്‍വഹിക്കുന്നതിന് വേണ്ടി അവര്‍ എന്റെ ഗ്രാമത്തിലേക്ക് ആളയച്ചിരുന്നു. ശൈഖ് അല്‍ ബാഖൂനി(റ)യും മറ്റ് പലരും എന്നെ വന്ന് കണ്ടു. ഞാന്‍ നിരസിച്ചു കൊണ്ട് അവരോട് പറഞ്ഞു. ‘രണ്ടോ മൂന്നോ മാസം ഖുത്ബ പറയാന്‍ ഞാന്‍ വരില്ല. അന്തരീക്ഷം ശാന്തമായാല്‍ നിങ്ങളെന്നെ പ്രഭാഷണത്തില്‍ നിന്നും വിലക്കുകയും ചെയ്യും. അത് ഒരിക്കലും യോജിച്ചതല്ല.’ അതോടെ അവര്‍ നമ്മുടെ പ്രഗല്‍ഭനായ പണ്ഡിതന്‍ ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയെ ഇവിടെ ഖുതുബ നിര്‍വഹിക്കാന്‍ ക്ഷണിച്ചു. ശേഷം സമാലികില്‍ അദ്ദേഹം ഖുതുബ നിര്‍വഹിച്ചിരുന്ന പള്ളിയില്‍ അവസരം നല്‍കി അവരെന്നെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചു. ഒരു വര്‍ഷത്തോളം ഞാനവിടെ ഖുതുബ നടത്തി. പിന്നീട് അവരെന്നെ തടഞ്ഞു.

ഇപ്പോള്‍ ഞാനിതാ അല്‍അസ്ഹറില്‍ മടങ്ങി വന്നിരിക്കുന്നു. അവിടെ പ്രഭാഷണം നിര്‍വഹിക്കാന്‍. ലോകത്തെ അഭിമുഖീകരിച്ച്… ഈജിപ്തിന്റെ സന്തതികളെയും, അതിന് പുറത്തുള്ളവരെയും…ഇവിടെ നിന്ന് സംസാരിക്കുകയാണ്. അസ്ഹറിന്റെ മിമ്പര്‍ ഇന്ന് ലോക സുന്നീ ഇസ്‌ലാമിന്റെ മിമ്പറായി മാറിയിരിക്കുന്നു. ഈ മിമ്പര്‍ വര്‍ഷങ്ങളോളം ചിലരുടെ കുത്തകയായിരുന്നു. പക്ഷെ എല്ലാ കാലത്തും കുത്തക നിലനിര്‍ത്താന്‍ കഴിയില്ലല്ലോ.

നാം മുസ്‌ലിം ഉമ്മത്താണ്. ഖുര്‍ആനിക സമൂഹമെന്ന പേരിലാണ് നാം സംസാരിക്കുന്നത്. ബില്യണ്‍ കണക്കിന് പേരുണ്ട് ലോകത്ത് ഈ ഉമ്മത്തിനെ പ്രതിനിധീകരിക്കാന്‍. നമ്മുടെ എണ്ണം കുറച്ച് കാണിക്കാനാണ് ശത്രുക്കള്‍ എപ്പോഴും ശ്രമിക്കാറ്. ലോകം മുഴുക്കെ ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും മുസ്‌ലിംകള്‍ മാത്രം അധികരിച്ച് കൊണ്ടേയിരിക്കുന്നു. അല്ലാഹു ഈ ഉമ്മത്തിന്റെ എണ്ണം വര്‍ധിപ്പിച്ച്‌കൊണ്ടേയിരിക്കുന്നു. ഇത് ശക്തമായ ഉമ്മത്താണ്. അതിന്റെ ശക്തിയുടെ ഉറവിടങ്ങളില്‍പെട്ടതാണ് സംഖ്യാപരമായ ഈ വര്‍ദ്ധനവ്. അധികമുള്ളവര്‍ക്ക് തന്നെയാണ് പ്രതാപമുള്ളത്. അല്ലാഹു പറയുന്നത് നോക്കൂ ‘ നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്ന കാലത്തെക്കുറിച്ച് ഒന്നോര്‍ത്തുനോക്കൂ. പിന്നീട് അല്ലാഹു നിങ്ങളെ പെരുപ്പിച്ചു. നോക്കൂ; നാശകാരികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.’ (അഅ്‌റാഫ് 86) ഇത് വലിയൊരു സമൂഹമാണ്. ദിവസംതോറും വര്‍ദ്ധിച്ച് കൊണ്ടേയിരിക്കുന്നു. അറബി കവി പാടിയത് ഇപ്രകാരമാണ്.
‘ഞങ്ങള്‍ ഭൂമി നിറഞ്ഞിരിക്കുന്നു അതിപ്പോള്‍ കുടുസ്സായിരിക്കുന്നു
സമുദ്രോപരിതലത്തില്‍ കപ്പലുകളില്‍ നിറഞ്ഞിരിക്കുകയാണ് ഞങ്ങള്‍’

മുസ്‌ലിം ഉമ്മത്തിന്റെ കയ്യില്‍ ഭൗതികമായ സമ്പാദ്യവും ശേഷിയുമുണ്ട്. പര്‍വനിരകള്‍, വിശാലമായ കൃഷിയിടങ്ങള്‍, ഖനിജങ്ങള്‍, പെട്രോളിയം, എണ്ണ തുടങ്ങി ലോകത്തിലെ സകല ഖജാനകളും നമ്മുടെ കയ്യിലാണ്. നാഗരിക ശക്തിലും മുന്നില്‍ നില്‍ക്കുന്നത് നാം തന്നെയാണ്. വേദഗ്രന്ഥങ്ങളുടെയും ലോകത്തെ ഏറ്റവും വലിയ നാഗരികതയുടെയും അനന്തരാവകാശികളാണ് നാം. ഇവിടെ നിന്നാണ് പടിഞ്ഞാറ് നാഗരിക മൂല്യങ്ങള്‍ സ്വാംശീകരിച്ചത്. തത്വശാസ്ത്ര ഗ്രീക്കിന്റെയും, നിയനിര്‍മാണാധികാരമുണ്ടായിരുന്ന റോമിന്റെയും കാലത്ത്. പിന്നീടത് വീണ്ടും കിഴക്കിലേക്ക് തന്നെ മടങ്ങി വന്നു. അറബ് – ഇസ്‌ലാമിക നാഗരികതകളുടെ കാലത്ത്. വിജ്ഞാനവും വിശ്വാസവും ലോകത്ത് പ്രചരിച്ച, നീതിയും ന്യായവും ലോകത്തെ നയിച്ച, ലോകം മുഴുക്കെ പ്രകാശം ചൊരിഞ്ഞ വര്‍ഷങ്ങളായിരുന്നു അത്.

മറ്റാരുടെയും കൈവശമില്ലാത്ത ശക്തിയുടെ വാഹകരാണ് നാം. ഭൗതികവും ആത്മീയവുമായ ശേഷി നമുക്കുണ്ട്. അല്ലാഹു സംരക്ഷണം ഏറ്റെടുത്ത ശാശ്വത വേദം നമ്മുടെ കയ്യില്‍ മാത്രമാണുള്ളത്. നമ്മുടെ കുട്ടികള്‍, പെണ്‍മക്കള്‍, പ്രായം ചെന്നവര്‍ എല്ലാവരും അത് മനപാഠമാക്കുന്നു. ഞാന്‍ ലിബിയയിലായിരുന്നപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു. ‘മില്യണ്‍ കണക്കിന് കുട്ടികളുണ്ടിവിടെ ഖുര്‍ആന്‍ മനപാഠമാക്കിയവര്‍. ഇനിയൊരു മില്യണ്‍ അതിന് വേണ്ടിയുള്ള ശ്രമത്തിലാണ്.’ ഇന്ത്യയിലും പാക്കിസ്ഥാനിലും ആയിരക്കണക്കിന് പേര്‍ ഖുര്‍ആന്‍ മനപാഠമാക്കുന്നു. അവര്‍ക്കതിന്റെ അര്‍ത്ഥം അറിയുക പോലുമില്ല. സകല ശക്തിയും കഴിവുമുള്ള ഉമ്മത്ത് തന്നെയാണ് വിപ്ലവം നയിക്കേണ്ടത്.

ഈജിപ്തിനെ കുറിക്കുന്ന ‘മിസ്ര്‍’ അഞ്ചു തവണ വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. ഈജിപ്തിനെ പോലെ ലോകത്തെ ഒരു രാഷ്ട്രത്തെ ഖുര്‍ആന്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. ബാബിലോണിയയെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. അതാവട്ടെ ഒരു തവണ മാത്രം. എന്നാല്‍ ഈജിപ്ത് അങ്ങനെയല്ല. ഖുര്‍ആന്‍ പറയുന്നത് നോക്കൂ ‘വരിക. നിര്‍ഭയരായി ഈജിപ്തില്‍ പ്രവേശിച്ചുകൊള്ളുക. അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍.’ (യൂസുഫ് 99). ഇതാണ് ഈജിപ്ത്, ഇസ്‌ലാമിന്റെയും ക്രൈസ്തവരുടെയും നാട്. വിപ്ലവം നയിച്ച, എങ്ങനെയാണ് വിപ്ലവം നടത്തേണ്ടതെന്ന് ലോകത്തിന് കാണിച്ച് കൊടുത്ത മഹത്തായ ജനതയുടെ നാട്. സ്വാതന്ത്ര്യ ചത്വരത്തില്‍ വെച്ച് വിപ്ലവം സമ്മാനമാണ് എന്ന് അവര്‍ പഠിപ്പിച്ചു.

ഈജിപ്ഷ്യന്‍ വിപ്ലവം മാതൃകയായിരുന്നു. മുസ്‌ലിംകളും ക്രൈസ്തവരും അടങ്ങുന്ന അവിടത്തെ ജനങ്ങളാല്‍. യുവാക്കളും, വൃദ്ധരും, സ്ത്രീകളും പുരുഷന്മാരും, വലിയവരും ചെറിയവരും. അണിനിരന്നിരുന്നു അതില്‍. വിപ്ലവ ഈജിപ്താണ് ഈ രാഷ്ട്രത്തെ സ്ഥാപിച്ചത്. ചിലയാളുകളുണ്ട് അവര്‍ വിപ്ലവത്തെ അംഗീകരിക്കുന്നില്ല. അവര്‍ ഈ രാഷ്ട്രത്തിന്റെ മേല്‍ അധികാരം സ്ഥാപിക്കാനാഗ്രഹിക്കുന്നു. ഭൂമിയിലെ അഹങ്കാരികള്‍ അങ്ങനെയാണ്. സിറിയയില്‍ നമുക്കവരെ കാണാം. അവര്‍ ജനങ്ങള്‍ക്ക് മേല്‍ അധികാരം നേടാന്‍ ആഗ്രഹിക്കുന്നു. തങ്ങള്‍ക്കും, ശേഷം സന്താനങ്ങള്‍ക്കും, പേരക്കുട്ടികള്‍ക്കും അധികാരം അനന്തരം നല്‍കാനിഛിക്കുന്നു അവര്‍. ഇല്ല, അത് നടക്കുകയില്ല, ആ കാലം കഴിഞ്ഞിരിക്കുന്നു. തുനീഷ്യയിലെ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ, ലിബിയയില്‍ ഖദ്ദാഫിയുടെ, ഈജിപ്തില്‍ മുബാറകിന്റെ, യമനില്‍ അലി സ്വാലിഹിന്റെ… അതിനി മടങ്ങി വരിക അസാധ്യമാണ്… എന്നാല്‍ ഭൂമിയിലെ അഹങ്കാരി, സ്വന്തം ജനതയെ കൊന്നൊടുക്കാന്‍ വീര്യമുള്ള യുദ്ധവിമാനങ്ങളും ബലവത്തായ ടാങ്കുകളും യുദ്ധക്കപ്പലുകളും ഉപയോഗിക്കുന്ന, പുഞ്ചിരിക്കുന്ന പിഞ്ചോമന മുഖങ്ങളിലേക്ക് ബോംബെറിയുന്ന ബശ്ശാറുല്‍ അസദ്, അയാളുടെ കാലവും അവസാനിക്കാറായിരിക്കുന്നു. വിപ്ലവങ്ങള്‍ ആ അധികാരത്തെ അന്തരമെടുക്കുക തന്നെ ചെയ്യും. ഇത് ഫറോവമാരുടെ സ്വത്തല്ല. മറിച്ച് ജനങ്ങളുടെ സ്വത്താണ്. തോക്കോ, ബോംബോ, ടാങ്കുകളോ ഇല്ലാത്ത സിറിയന്‍ ജനതയാണ് ആ വിപ്ലവത്തിന്റെ അവകാശികള്‍.. സ്വാതന്ത്ര്യത്തിന് വേണ്ടി ഒച്ചവെക്കുന്ന കണ്ഠനാളം മാത്രമാണ് അവര്‍ക്കുള്ളത്.

ഭൂമിയിലെ ഏറ്റവും വലിയ തെമ്മാടികളായ ഇസ്രായേലിന് അവരുടെ റോക്കറ്റുകളും, കരയിലും കടലിലുമുള്ള സേനകളും, ആണവ ബോംബുകളുമുപയോഗിച്ചാലും ഈ ഉമ്മത്തിനെ നിന്ദിക്കാന്‍ സാധിക്കുകയില്ല. ദൈവികമാര്‍ഗത്തില്‍ പോരാടാനും കൊല്ലപ്പെടാനും തയ്യാറായിരുന്ന പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ഉമ്മത്താണ് ഇത്. അപ്രകാരം തന്നെയായിരുന്നു അദ്ദേഹത്തിന്റെ അനുചരരും. ‘സത്യവിശ്വാസികളില്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ചിലരുണ്ട്. അങ്ങനെ തങ്ങളുടെ പ്രതിജ്ഞ പൂര്‍ത്തീകരിച്ചവര്‍ അവരിലുണ്ട്. അതിനായി അവസരം പാര്‍ത്തിരിക്കുന്നവരുമുണ്ട്. ആ കരാറിലൊരു മാറ്റവും അവര്‍ വരുത്തിയിട്ടില്ല.’ (അഹ്‌സാബ് 23)

ഗസ്സയിലെ നമ്മുടെ സഹോദരന്മാര്‍ക്ക് നേരെ കടന്ന് കയറുന്ന, അവിടത്തെ നിവാസികളെ കൊലപ്പെടുത്തുന്ന അക്രമികളും അഹങ്കാരികളുമായ ഇസ്രായേലിനെതിരെ ഉമ്മത്ത് അതിന്റെ സര്‍വസന്നാഹങ്ങളോടും കൂടി എഴുന്നേല്‍ക്കേണ്ടതുണ്ട്. കിഴക്കും പടിഞ്ഞാറുമുള്ള, തെക്കും വടക്കുമുള്ള, അറബികളും അനറിബകളുമായ, ഭൂമിയുടെ എല്ലാ പ്രദേശത്തുമുള്ളവരും ഇസ്രായേലിനെതിരെ പടക്കളത്തിലിറങ്ങേണ്ടതുണ്ട്. അക്രമവും നിന്ദ്യതയും അംഗീകരിക്കുകയില്ല എന്നായിരിക്കണം അവരുടെ പ്രഖ്യാപനം. ഡോ. മുഹമ്മദ് മുര്‍സി അത് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈജിപ്ഷ്യന്‍ അംബാസഡറെ തിരിച്ച് വിളിച്ചു. ഇസ്രായേല്‍ അംബാസഡറെ ആട്ടിയോടിച്ചു. പ്രധാനമന്ത്രിയെ ഗസ്സയിലേക്ക് അയച്ചു. തീര്‍ത്തും നന്ദിപറയേണ്ട പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. ഖത്തറും മറ്റ് അറബ് രാഷ്ട്രങ്ങളും എഴുന്നേറ്റ് നിന്നിട്ടുണ്ട്. ഈ സംഘത്തിലെ പ്രാതിനിധ്യം വര്‍ദ്ധിക്കുകയും ശബ്ദം ഉയരുകയും ചെയ്യണമെന്നാണ് നാം ആഗ്രഹിക്കുന്നത്. ഈ ഉമ്മത്തിന്റെ ശബ്ദം ലോകം കേള്‍ക്കേണ്ടിയിരിക്കുന്നു.

ഗസ്സാനിവാസികള്‍ എന്ത് തെറ്റാണ് ചെയ്തത്. അല്ലാഹുവാണ അവരൊന്നും ചെയ്തിട്ടില്ല. ഇസ്രായേല്‍ കള്ളന്മാരും തെമ്മാടികളുമാണ്. ദൈവത്തിന് മേല്‍, ജനങ്ങള്‍ക്ക് മേല്‍, ചരിത്രത്തിന് മേല്‍, സംഭവ ലോകത്തിന് മേല്‍ കള്ളംചമച്ചവരാണ് അവര്‍. തങ്ങള്‍ ശക്തരാണെന്ന് തെളിയിക്കാനും, കയ്യിലുള്ള ആയുധങ്ങളുടെ മേന്മ പ്രകടിപ്പിക്കാനും, തങ്ങളിച്ചിക്കുന്നത് ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്.

അല്ലയോ ഇസ്രായേല്‍, നിങ്ങള്‍ക്കതിന് കഴിയില്ല. ഖുര്‍ആന്‍ യോജിപ്പിച്ച മഹത്തായ സമൂഹത്തോടാണ് നിങ്ങളുടെ പോരാട്ടം. ഉമ്മത്തില്‍ എവിടെയും നിങ്ങള്‍ക്കത് കാണാം. ഹജ്ജിലും, എല്ലാ രാഷ്ട്രങ്ങളിലും, എല്ലാ ആരാധനകളിലും… ഈ ഉമ്മത്ത് ഒരിക്കലും പരാജയപ്പെടുകയില്ല. ഇസ്രായേലിന്റെ അഹന്തതക്ക് മുന്നില്‍ പ്രമാണമര്‍പ്പിക്കുകയോ, നിന്ദ്യരാവുകയോ ഇല്ല. വളരെ വ്യക്തമായ സത്യം തങ്ങളുടെ കൈവശമുണ്ടെന്ന് അവര്‍ക്കറിയാം.

നാം ലോകത്തെ വിളിക്കുന്നത് സ്വാതന്ത്ര്യത്തിലേക്കാണ്. സ്വേഛക്കുള്ള വിധേയത്വത്തില്‍ നിന്നും, ജനങ്ങള്‍ക്കുള്ള കീഴൊതുങ്ങലില്‍ നിന്നും അവര്‍ മുക്തരാവട്ടെ.
ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്. ‘പറയുക: വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്കു വരിക. അതിതാണ്: ‘അല്ലാഹു അല്ലാത്ത ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക; അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക; അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റുചിലരെ രക്ഷാധികാരികളാക്കാതിരിക്കുക.’ ഇനിയും അവര്‍പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ പറയുക: ‘ഞങ്ങള്‍ മുസ്ലിംകളാണ്. നിങ്ങളതിന് സാക്ഷികളാവുക.’ (ആലുഇംറാന്‍ 64). ഇതാണ് നമുക്ക് ജനങ്ങളോട് പറയാനുള്ളത്. ലോകത്തെ മുഴുവന്‍ സ്വന്തം സഹോദരന്മാരായാണ് ഞങ്ങള്‍ കാണുന്നത്. അഹങ്കരിക്കുകയും, സ്വേഛയെ പിന്‍പറ്റി ജീവിക്കുകയും ചെയ്തവരൊഴികെ.

നാം അല്ലാഹുവിന്റെ അടിമകളാണ്. ജനങ്ങള്‍ പരസ്പരമുള്ള സഹവര്‍ത്തിത്വത്തില്‍ മൂല്യവും ധാര്‍മികതയും മുറുകെപിടിക്കണമെന്നതാണ് നാം ആഗ്രഹിക്കുന്നത്. പ്രവാചകന്‍ നിയോഗിക്കപ്പെട്ട ലക്ഷ്യമാണത്. കളവ് പറയാത്ത, കരാര്‍ ലംഘിക്കാത്ത, തെമ്മാടിത്തം കാണിക്കാത്ത സമൂഹമാണ് വേണ്ടത്. ലോകമുസലിംകള്‍ പരസ്പരം ചേര്‍ന്ന് നില്‍ക്കണമെന്ന് ആഹ്വാനം ചെയ്യാനാണ് അസ്ഹറിലെ ഈ പ്രഭാഷണത്തില്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നത്. ഈ ഉമ്മത്തിലെ സഹോദരന്മാരെ ദ്രോഹിക്കുന്നവര്‍ക്കെതിരെ അവര്‍ അണിനിരക്കട്ടെ. അക്രമികളുടെ അന്ത്യം അടുത്തിരിക്കുന്നു. പ്രവാചകന്‍(സ) പറയുന്നത് ഇപ്രകാരമാണ്. ‘അല്ലാഹു അക്രമിയെ വെച്ച് താമസിപ്പിക്കുകയില്ല. അല്ലാഹുവിന്റെ പിടിയില്‍ നിന്ന് അവന്‍ രക്ഷപ്പെടുകയുമില്ല.’ ആദിന്റെയും, ഇറമിന്റെയും, സമൂദിന്റെയും ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഭൂമിയില്‍ അക്രമവും കുഴപ്പവും വ്യാപിപ്പിച്ചവരുടെ നടപടിക്രമം അതു തന്നെയാണ്.

(ഡോ. യൂസുഫുല്‍ ഖറദാവിയുടെ അല്‍അസ്ഹറിലെ ചരിത്രപ്രഭാഷണം)

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി  
 

 

Related Articles