Current Date

Search
Close this search box.
Search
Close this search box.

ഗസയിലെ യുദ്ധവും സയണിസ്റ്റ് വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭവും

ഏപ്രിൽ 17 ന് അമേരിക്കൻ മാൻഹട്ടനിലെ കൊളംബിയ സർവകലാശാലയുടെ കാമ്പസിൽ ഗസയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർത്ഥികൾ സംഘടിച്ച് ഒരു ടെൻറ് സ്ഥാപിച്ചപ്പോൾ, അത് കൂടുതൽ വിപുലവും ഗൗരവമേറിയതുമായ ഒരു വിദ്യാർത്ഥി പ്രക്ഷോഭത്തിൻ്റെ തുടക്കമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇതുവരെ 70 അമേരിക്കൻ സർവ്വകലാശാലകളിൽ പ്രക്ഷോഭം പടർന്നിരിക്കുന്നു. അവയിൽ മിക്കതും ഹാർവാർഡ്, യേൽ, ടെക്സസ്, ബ്രൗൺ, കാലിഫോർണിയ, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പോലുള്ള പ്രശസ്തവും മുൻനിരയിലുമുള്ള സർവകലാശാലകളാണ്. യു.എസിനു പുറമെ ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി, ഐസ് ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകളിലേക്കും പ്രക്ഷോഭം അതിവേഗം വികസിച്ചു.

വിദ്യാർത്ഥി പ്രക്ഷോഭം

മത-ഭാഷാ-വംശ ഭേദങ്ങൾക്കതീതമായി ഡസൻ കണക്കിൽ വിദ്യാർത്ഥി സംഘടനകൾ പങ്കെടുത്ത വിദ്യാർത്ഥി പ്രക്ഷോഭം വ്യക്തവും കൃത്യ വുമായ ആവശ്യങ്ങൾ സമർപ്പിച്ചു: ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ഉന്മൂലന യുദ്ധം നിർത്തുക, ഇസ്രായേൽ കമ്പനികളിൽ നിന്നും അവയിൽ നിക്ഷേപം നടത്തുന്നവരിൽ നിന്നും യൂണിവേഴ്സിറ്റി നിക്ഷേപം പിൻവലിക്കുക, ഇസ്രായേലി സർവ്വകലാശാലകളുമായുള്ള സഹകരണം നിർത്തലാക്കുക, ഇസ്രായേൽ സർക്കാരുമായുള്ള, പ്രത്യേകിച്ച് പ്രതിരോധ മന്ത്രാലയവുമായുള്ള സഹകരണം നിർത്തുക. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികൾ വെളിപ്പെടുത്തിയതനുസരിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം നിരവധി വിദ്യാർത്ഥി പദ്ധതികൾക്ക് ഫണ്ട് നൽകുന്നുണ്ട്- അതിൻ്റെ സൈനിക ശേഷി വികസിപ്പിക്കുകയാണ് ഉദ്ദേശ്യം.

അമേരിക്കൻ ജനപ്രതിനിധി സഭയുടെ സ്പീക്കർ മൈക്ക് ജോൺസൺ വിദ്യാർത്ഥികൾക്കെതിരെ ഉടൻ നടപടിയെടുക്കാൻ യൂണിവേഴ്സിറ്റി പ്രസിഡൻ്റുമാരോട് ആഹ്വാനം ചെയ്തു. ഡസൻ കണക്കിന് കോൺഗ്രസ് അംഗങ്ങളുമായി ചേർന്ന് അമേരിക്കൻ ഭരണകൂടത്തിനുള്ളിലെ സയണിസ്റ്റ് സ്വാധീനത്തിൻ്റെ വ്യാപ്തി വിദ്യാർത്ഥി പ്രസ്ഥാനം വെളിപ്പെടുത്തിയിരിക്കുന്നു. സയണിസ്റ്റ് ലോബിയുടെ പിന്തുണയോടെ ജയിച്ചു വന്ന കോൺഗ്രസിലെ സയണിസ്റ്റു അംഗങ്ങളുടെ വായിൽ നിന്നും വംശീയ പ്രസ്താവനകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നു.

ഇസ്രായേലി മൊസാദിൻ്റെ റോൾ

എന്നാൽ ആശ്ചര്യം എന്തെന്നാൽ, ഇസ്രായേൽ, അതിൻ്റെ എല്ലാ ശക്തിയോടെയും വിദ്യാർത്ഥികളുമായി പരുഷവും വ്യക്തവുമായ ഏറ്റുമുട്ടലിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. അമേരിക്കൻ സർവ്വകലാശാലകളിൽ സംഭവിക്കുന്നതിനെ ” ബീഭത്സം” എന്ന് വിശേഷിപ്പിച്ച യുദ്ധ കുറ്റവാളിയായ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു: “ഒന്നാം നിരയിലുള്ള അമേരിക്കൻ സർവ്വകലാശാലകൾ” പിടിച്ചടക്കിയ ഒരു കൂട്ടം യഹൂദ വിരുദ്ധ ജനക്കൂട്ടമാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ “. ഇസ്രായേൽ ചാരസംഘടനയായ മൊസാദ് വിദ്യാർത്ഥികൾക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയും അവരുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. മുഖം തിരിച്ചറിയൽ സംവിധാനങ്ങൾക്ക് അവരെ കണ്ടെത്താനാകുമെന്നും ഹമാസിനെ പിന്തുണയ്ക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവരുടെ – മൊസാദ് അവകാശപ്പെടുന്നതുപോലെ – അവരുടെ സർട്ടിഫിക്കറ്റുകൾ വിലപ്പോവില്ലെന്നും അവരുടെ ജോലി സാധ്യതകൾ വിരളമാണെന്നും ഭീഷണിപ്പെടുത്തുന്നു.

ഇതാണ് അമേരിക്കയിലെ സയണിസ്റ്റ് ലോബി പതിറ്റാണ്ടുകളായി പ്രയോഗിക്കുന്ന തന്ത്രം. സയണിസത്തെ എതിർക്കുന്നവരും അതിൻ്റെ കുറ്റകൃത്യങ്ങൾ തുറന്നുകാട്ടുന്നവരുമായ ആയ എല്ലാവരുടെയും പ്രവർത്തനരീതികൾ സയണിസ്റ്റ് “കാനറി മിഷൻ” ഗ്രൂപ്പ് രേഖപ്പെടുത്തുകയും അവർക്ക് ജോലി ലഭിക്കുന്നതിൽ നിന്ന് തടയിടുകയും ചെയ്യുന്നു.

ഇസ്രായേലിൻ്റെ സാമ്പത്തിക പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നു

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക സർവ്വകലാശാലകളിലൊന്നായ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ, തങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ട് ഇസ്രായേൽ അധിനിവേശ സേനയ്ക്കായി ഉയർന്ന കൃത്യതയുള്ള ഡ്രോണുകൾ വികസിപ്പിച്ചതായി വെളിപ്പെടുത്തി.ഈ ഡ്രോണുകൾ വികസിപ്പിച്ച ഗവേഷണത്തിന് ഇസ്രായേൽ നേരിട്ട് $11 മില്യൺ ഡോളർ സംഭാവന നൽകിയത്രെ.

“അമേരിക്കയിലും യൂറോപ്പിലും ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികളിലും സർവ്വകലാശാലകളിലും പ്രവാസി ജൂതന്മാർ നിലവിൽ കടുത്ത യഹൂദ വിരുദ്ധ വികാരം അനുഭവിക്കുന്നുണ്ടെന്ന്” ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറും അവകാശപ്പെട്ടു.

“എക്സ്” പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ ബെൻ ഗ്വിർ കൂട്ടിച്ചേർത്തു: “ഒരു പരിശീലന പദ്ധതി ഉൾപ്പെടെയുള്ള പ്രൊഫഷണൽ പിന്തുണയിലൂടെ വിദേശത്തുള്ള ജൂത സമൂഹങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുന്ന പ്രാദേശിക പ്രതിരോധ സേനയെ സൃഷ്ടിക്കുന്നതിനുള്ള ഒരു സഹായ പദ്ധതി ആവിഷ്‌കരിക്കാൻ ഞാൻ പോലീസ് മേധാവി യാക്കോവ് ഷബ്തായിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ പ്രവർത്തനങ്ങൾക്കുള്ള സാങ്കേതിക പ്രതികരണം.”

വിദ്യാർത്ഥി -സയണിസ്റ്റ് ഇസ്രയേൽ ഏറ്റുമുട്ടൽ

അമേരിക്കയിലെ വിദ്യാർത്ഥി മുന്നേറ്റം സയണിസ്റ്റ് ലോബിയുമായും ഇസ്രായേലുമായുമായാണ് നേരിട്ട് ഏറ്റുമുട്ടുന്നത്.എന്നാൽ അവരുടെ അവബോധം ഞെട്ടിക്കുന്നതായിരുന്നു. തങ്ങളുടെ ആവശ്യങ്ങളോടുള്ള അവരുടെ നിർബന്ധം പാശ്ചാത്യ അക്കാദമിക് സ്ഥാപനങ്ങളിലെ സയണിസ്റ്റ് നുഴഞ്ഞുകയറ്റത്തിൻ്റെ വ്യാപ്തിയെക്കുറിച്ചുള്ള അവരുടെ ധാരണയെ പ്രതിഫലിപ്പിക്കുന്നു. രാഷ്ട്രീയ സ്ഥാപനങ്ങളിലെ നുഴഞ്ഞുകയറ്റത്തെക്കാൾ ഒട്ടും പുറകിലല്ല എന്നും അവർക്ക് ബോധ്യപ്പെട്ടിരിക്കുന്നു.

ഇസ്രായേലും ആഗോള സയണിസ്റ്റ് പ്രസ്ഥാനവും ഒരു പുതിയ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കയാണ് – യാതൊരു മുന്നൊരുക്കവും മുൻധാരണയുമില്ലാതെ.അത് അമേരിക്കയിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും ഗാസായിലെ വംശീയ ഉന്മൂലനത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരായ യുദ്ധമാണ്.ഈ സംഘർഷത്തിൽ അന്തിമ വിജയം ആർക്കാണെന്ന് അറിയാൻ കാത്തിരിക്കാം.?

 

വിവ: എം.ബി.അബ്ദുർറഷീദ് അന്തമാൻ

Related Articles