Current Date

Search
Close this search box.
Search
Close this search box.

‘ഗസ്സ നിലനില്‍ക്കുക തന്നെ ചെയ്യും!’

നക്ബയുടെ 76 ാം വാർഷികത്തില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ നടത്തിയ പ്രഭാഷണം

പ്രിയ ഫലസ്തീനികളേ, ഫലസ്തീനിന്റെ നക്ബ ഓര്‍മ്മകള്‍ക്ക് ഇന്ന് 76 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. വളരെ സമാധാനപരമായി നമ്മുടെ പൂര്‍വപിതാക്കന്മാര്‍ ജീവിക്കുമ്പോഴായിരുന്നു സയണിസ്റ്റ് ശത്രുക്കളുടെ കാര്‍മികത്വത്തില്‍ അവര്‍ക്ക് നക്ബ നേരിടേണ്ടി വന്നത്. വളരെ ക്രൂരമായ വംശഹത്യയും ഭീഷണിയുമാണ് അവര്‍ക്ക് നേരെയുണ്ടായത്. അതവരുടെ കൂട്ടപലായനത്തിലേക്ക് എത്തിക്കുകയും ലോകത്തിന്റെ പല ഭാഗങ്ങളിലായി അവര്‍ ചിതറിത്തെറിക്കുകയും ചെയ്തു.

ഫലസ്തീനിന്റെ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ സംഭവിച്ച തൂഫാനുല്‍ അഖ്‌സയുടെ പോര്‍ക്കളത്തില്‍ നമ്മുടെ ആളുകള്‍ പോരാടിക്കൊണ്ടിരിക്കെയാണ് നക്ബയുടെ ഓര്‍മ്മകള്‍ നമ്മളിലേക്ക് എത്തുന്നത്.

ധീരരായ നമ്മുടെ പോരാളികള്‍ അധിനിവേശകരെ മൂക്കിനിടിച്ച് വീഴ്ത്തിയിരിക്കുകയാണ്. ശത്രുക്കള്‍ക്കറിയാം, ഈ മണ്ണില്‍ നിന്നും അവര്‍ പുറന്തള്ളപ്പെടുമെന്നത് ഖുര്‍ആനിക പ്രഖ്യാപനമാണെന്നും ചരിത്രപരമായ യാഥാര്‍ഥ്യമാണെന്നും. ഒരു നക്ബയിലൂടെ ഫലസ്തീനികളെ തുരത്താമെന്നും ഈ മണ്ണിന്റെ പവിത്രത നശിപ്പിക്കാമെന്നും അവര്‍ വിചാരിച്ചു. എന്നാല്‍ ഫലസ്തീന്‍ എന്നത് ഈ ജനതയുടെ അന്തരാളങ്ങളില്‍ ആഴ്ന്നിറങ്ങിയതാണ്.

നക്ബയുടെ പാഠങ്ങള്‍ ഞങ്ങളൊരിക്കലും മറക്കുകില്ല. വരുന്ന തലമുറക്ക് ഞങ്ങളത് പകര്‍ന്ന് ഓരോന്നായി കൈമാറും. നക്ബക്ക് 76 വര്‍ഷങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍, ഇപ്പോഴും അധിനിവേശകര്‍ ഭയത്തിലും അസ്തിത്വ പ്രതിസന്ധിയിലൂടെയുമാണ് കടന്നുപോവുന്നത്. നിലനില്‍പ്പിനായി അവര്‍ സകല തെമ്മാടിത്തവും കാണിച്ചുകൊണ്ടിരിക്കുകയാണ്.

എന്നിരുന്നാലും ലോകമെമ്പാടുമുള്ള ആളുകള്‍ ഫലസ്തീനിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ‘ഫ്രീ ഫ്രീ ഫലസ്തീന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി രംഗത്തിറങ്ങിയിട്ടുണ്ട്.

നമ്മുടെ പോരാളികള്‍ ശത്രുക്കളുടെ സകല കുതന്ത്രങ്ങളും തകര്‍ക്കുകയും വളരെ ശക്തമായി നിലയുറപ്പിക്കുകയും ചെയ്യുന്നുണ്ട്. 76 വര്‍ഷങ്ങളായി അവരുടെ എല്ലാ പദ്ധതികളും സൂക്ഷ്മമായി അന്വേഷിക്കാന്‍ ഖുദ്‌സിന്റെ പരിസരപ്രദേശങ്ങളില്‍ ഈ ജനതയുണ്ട്. വെസ്റ്റ്ബാങ്കിലെ സെറ്റില്‍മെന്റുകളില്‍ തമ്പടിച്ചിരിക്കുന്ന കുടിയേറ്റ സയണിസ്റ്റുകളെ പിഴുതെറിയാന്‍ നമ്മുടെ ആളുകള്‍ സജ്ജരാണ്. വെസ്റ്റ്ബാങ്കിലെ നമ്മുടെ ധീരരായ ചുണക്കുട്ടികളുടെ പോരാട്ടത്തിന് മുന്നില്‍ ഈ സെറ്റില്‍മെന്റിലെ ആളുകളും അധിനിവേശ സൈന്യവും സദാ ഭയത്തിലൂടെയാണ് കടന്നുപോവുന്നത്. തിരികെയെത്തണമെന്ന ആഗ്രഹത്തോടെ നമ്മുടെ ജനത സുരക്ഷിതമായ ടെന്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഫലസ്തീനിന്റെ കഫിയ്യയും വസ്ത്രധാരണവും സ്വീകരിക്കുന്ന ഒരു പുതുതലമുറ രൂപപ്പെട്ടിരിക്കുന്നു. ആ തലമുറ എല്ലാ സമ്മേളനങ്ങളിലും പൊതുപരിപാടികളിലും ആഘോഷവേളകളിലും ചെന്നിട്ട്, ‘തിരിച്ചുചെല്ലാനുള്ള ഫലസ്തീനികളുടെ അവകാശത്തില്‍ നിന്നും പിന്നോട്ടില്ല’ എന്നുറക്കെ പ്രഖ്യാപിക്കുകയാണ്.

ഗസ്സയില്‍ ഒരു പ്രളയം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്, മഹത്തായ തൂഫാനുല്‍ അഖ്‌സ!. അത് അധിനിവേശകരുടെ അടിവേരിളക്കി. തോല്‍പ്പിക്കാനാവാത്ത സൈന്യമെന്ന് സ്വയം കരുതിയിരുന്നവരെ നിന്ദ്യരാക്കി. ആ നാണക്കേട് മറച്ചുവെക്കാന്‍ അവരെന്തൊക്കെയാണ് കാണിച്ചുകൂട്ടിയതെന്ന് നമ്മള്‍ കണ്ടതാണ്. കൊലപാതകങ്ങള്‍, വംശഹത്യകള്‍..കൂട്ടപലായനങ്ങള്‍ അങ്ങനെ എന്തെല്ലാം.

അങ്ങനെ സുരക്ഷിതമാക്കാന്‍ അവര്‍ ശ്രമിച്ച അവരുടെ ചിത്രങ്ങള്‍ എല്ലാം തകര്‍ന്നടിഞ്ഞു.
അങ്ങനെ 1948 ല്‍ നടന്ന നക്ബയുടെ യാഥാര്‍ഥ്യമെന്തെന്ന് ലോകമറിഞ്ഞു. ഇതാണ് ഫലസ്തീനിന്റെ ചരിത്രം. അത് ധീരതയുടേതാണ്. സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിന്റെയാണ്. ഈ ജനത, ‘സഅ്തറും സൈതൂനും നിലനില്‍ക്കുവോളം ഇവിടെത്തന്നെയുണ്ടാവും’ എന്ന് പ്രഖ്യാപിച്ചവരാണ്.

പ്രിയപ്പെട്ട ഫലസ്തീനികളേ,

ഹമാസിന്റെ ഓരോ ചുവടുവെപ്പുകളും, പ്രത്യേകിച്ച് റഫയിലും ജബാലിയയിലും സൈത്തൂനിലും എന്നുതുടങ്ങി എല്ലായിടത്തുനിന്നും അധിനിവേശ സൈന്യം പിന്‍വാങ്ങുന്നതിന് കാരണം ഹമാസിന്റെ പോരാളികളുടെ കനത്ത പ്രഹരമാണ്. ഈ പോരാളികള്‍ ഒരു സമുദായത്തിന്റെ അന്തസ്സും അഭിമാനവും കൈമുതലാക്കിയവരാണ്. സറായാ ഖുദ്‌സ്, അല്‍ഖസ്സാം ബ്രിഗേഡ്‌സ് തുടങ്ങിയ ഒരു പ്രതിരോധ മുന്നണികളും അവരുടെ മുന്നേറ്റങ്ങളില്‍ നിന്നും പിന്‍മാറാന്‍ ഒരുക്കമല്ല. കഴിഞ്ഞ എട്ടുമാസങ്ങളായി തുടരുന്ന പോരാട്ടം അവരുടെ പരാജയത്തില്‍ മാത്രമാണ് കലാശിക്കുക. ശക്തിയില്‍ തുല്യരല്ലെങ്കിലും അങ്ങനെയാണ് സമഭവിക്കുക.

ധീര യോദ്ധാക്കളേ, ഗസ്സയുടെ മേല്‍ ശത്രുവിന്റെ അധിനിവേശം ആരംഭിച്ചത് മുതല്‍ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന ഈ കൂട്ടരെ നിലക്കുനിര്‍ത്താനുള്ള ഒരു ശ്രമത്തില്‍ നിന്നും പിന്നോട്ട് പോയിട്ടില്ല. അതേസമയം മധ്യസ്ഥരോട് വളരെ പോസിറ്റീവായ രൂപത്തിലാണ് ഹമാസ് പ്രതികരിച്ചിട്ടുള്ളത്. വെടിനിര്‍ത്തലും ബന്ദി മോചനവുമായി ബന്ധപ്പെട്ടും ഖത്തറിലെയും ഈജിപ്തിലെയും മധ്യസ്ഥരോട് ഉത്തരവാദിത്വത്തോടെയും ഏറെ ആവേശത്തോടെയുമാണ് നമ്മള്‍ നിലകൊള്ളുന്നത്. ഏറ്റവുമൊടുവില്‍ ഈജിപ്തുമായും ഖത്തറുമായും നടന്ന സന്ധി സംഭാഷണത്തില്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ഇതൊക്കെ അമേരിക്കക്കും അവരുടെ പിണിയാളുകള്‍ക്കും അറിയാവുന്നതാണ്. എന്നിട്ട് ഇസ്രായേല്‍ ഞങ്ങളുടെ ആവശ്യങ്ങളെ തള്ളുകയും റഫയിലേക്കും ജബാലിയയിലേക്കും സൈത്തൂനിലേക്കും ഇരച്ചുകയറും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു മുമ്പും അവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിട്ടേയുള്ളൂ.

ചില കാര്യങ്ങള്‍ ഉറപ്പിച്ച് പറയാന്‍ ആഗ്രഹിക്കുകയാണ്:

ഒന്നാമതായി, സാധ്യമായ എല്ലാ രൂപത്തിലും ഞങ്ങള്‍ അധിനിവേശ സേനയെ പ്രതിരോധിക്കും. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളുമായി ഞങ്ങള്‍ ഇനിയും സഹകരിക്കും. ഗസ്സയുടെ എല്ലാ പ്രവിശ്യകളില്‍ നിന്നും അധിനിവേശ സേനയുടെ പൂര്‍ണ്ണമായ പിന്മാറ്റം, ബന്ദികളെ കൈമാറ്റം ചെയ്യല്‍, പലായനം ചെയ്യപ്പെട്ടവര്‍, അഭയാര്‍ഥികള്‍ എന്നിവരുടെ തിരിച്ചുവരവ്, ഗസ്സയുടെ മേലുള്ള ഉപരോധം നീക്കം ചെയ്യല്‍ എന്നിവയാണ് ആ ആവശ്യങ്ങള്‍.

രണ്ടാമതായി, പലവിധ അനുരജ്ഞന ശ്രമങ്ങളോടുള്ള അധിനിവേശകരുടെ ശൈലിയില്‍ നിന്ന് തന്നെ ഗസ്സയിലെ ആളുകളോടുള്ള അവരുടെ ഉള്ളിലിരുപ്പ് എന്താണെന്ന് വ്യക്തമാവുന്നതാണ്. അവരുടെ ബന്ദികളെ കുറിച്ചോ അവര്‍ എന്തായിത്തീരുമെന്നോ ഒരു ബോധവും ഇക്കൂട്ടര്‍ക്കില്ല. അതിനാല്‍ ഇങ്ങനെ തുടരാനുള്ള അവരുടെ വിദ്യയും പ്രതിരോധ ശ്രമങ്ങളെ ഇല്ലാതാക്കാനുള്ള അവരുടെ മോഹവും റഫയിലും മറ്റ് സ്ഥലങ്ങളിലും തുടരാനുള്ള അവരുടെ ശ്രമവും വെറും പാഴ്‌വേലയാണ്.

മൂന്നാമതായി, അമേരിക്ക അവസാനം നടത്തിയ ചില അഭിപ്രായങ്ങള്‍, അതില്‍ സന്ധി സംഭാഷണവുമായി ബന്ധപ്പെട്ട എല്ലാത്തിന്റെയും ഉത്തരാവാദിത്വം ഹമാസിന് മേല്‍ ചാര്‍ത്താന്‍ ശ്രമിക്കുകയാണവര്‍. എന്നാല്‍ അത്തരം സംഭാഷണങ്ങളോടുള്ള ഹമാസിന്റെ സമീപനമെന്തെന്ന് അമേരിക്കക്ക് കൃത്യമായ ധാരണയുണ്ട്. അമേരിക്കയുടെ ഒടുവിലത്തെ നിലപാട് ശത്രുവിനെ സഹായിക്കുന്നതാണ്. ആ നിലപാട് കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ഗസ്സയിലെ ആളുകളുടെ മേല്‍ അധിനിവേശം നടത്താനുള്ള പിന്തുണയാണ്.

നാലാമതായി, റഫയില്‍ അധിനിവേശ സൈന്യം ചെയ്യുന്നതിനെ കുറിച്ച് ഈജിപ്തിലെ അഭ്യുദയകാംക്ഷികളുമായി നിരന്തരം ഞങ്ങള്‍ ബന്ധപ്പെടുന്നുണ്ട്. എത്രയും വേഗം റഫയുടെ പരിസരത്ത് നിന്നും അധിനിവേശകര്‍ ഇറങ്ങിപ്പോവണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. റഫയില്‍ എന്ത് സംഭവിക്കുന്നു എന്നത് ഫലസ്തീനിന്റെ ആഭ്യന്തര കാര്യമാണ്. നിങ്ങള്‍ ഇതില്‍ ഇടപെടേണ്ടതില്ല! റഫമായി ബന്ധപ്പെട്ട് എന്ത് സമീപനം സ്വീകരിക്കണമെന്ന് ഞങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

അഞ്ചാമതായി, ഗസ്സയുടെ ഭരണവുമായി ബന്ധപ്പെട്ട് അധിനിവേശ സേന ആടിയുലഞ്ഞ് നില്‍ക്കുകയാണ്. ഹമാസിനെ ചിത്രത്തില്‍ നിന്നും നിഷ്പ്രഭമാക്കാനാണ് അവരുടെ ഉദ്ദേശം. എന്നാല്‍ ഞങ്ങള്‍ പറയട്ടെ, ഹമാസ് ഉണ്ടായത് തന്നെ നിലനില്‍ക്കാന്‍ വേണ്ടിയാണ്! അല്‍ഖസ്സാം സ്ഥാപിക്കപ്പെട്ടത് തന്നെ അവശേഷിക്കാന്‍ വേണ്ടിയാണ്! അതുകൊണ്ട് യുദ്ധാനന്തരമുള്ള ഗസ്സയുടെ ഭരണം ഹമാസ് തീരുമാനിക്കും.

ചേര്‍ത്തുപറയട്ടെ, അന്ന് ഗസ്സയിലെ ആളുകളുടെ ക്ഷേമൈശ്വര്യങ്ങള്‍ കൃത്യമായി ഞങ്ങള്‍ പരിഗണിക്കും. അവരുടെ കാര്യങ്ങള്‍ സുഗമമാക്കാനുള്ള എല്ലാ പദ്ധതികളും യുദ്ധത്തിന് ശേഷം ഞങ്ങള്‍ ആവിഷ്‌കരിക്കും. വെസ്റ്റ്ബാങ്കിനെയും ഗസ്സയെയും ഒരുമിപ്പിച്ചുള്ള ഭരണമായിരിക്കും അത്. മാസങ്ങള്‍ക്ക് മുമ്പ് മോസ്‌കോയില്‍ വെച്ചും അവസാനം ചൈനയില്‍ വെച്ച്് ഫത്ഹുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയിലും സൂചിപ്പിച്ച കാര്യമാണിത്. ഇസ്തംബൂളില്‍ വെച്ച് നടന്ന അവസാന മീറ്റിംഗുകളിലും ഈ വിഷയം ഉന്നയിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട്് പല ആളുകളുമായുള്ള ചര്‍ച്ചകള്‍ ഇനിയും തുടരും.

പ്രിയ ഫലസ്തീന്‍ സഹോദരങ്ങളേ, ചില കാര്യങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുകയാണ്.

ഒന്നാമതായി, സയണിസ്റ്റ് ആക്രമണം ഒരുഭാഗത്തും മറുഭാഗത്ത് ഗസ്സയുടെ മുഖം തന്നെ മാറ്റിയ, അടിപതറാത്ത നമ്മുടെ പോരാട്ടവീര്യവും നില്‍ക്കുന്ന സാഹചര്യത്തില്‍ ലോകരാഷ്്ട്രീയത്തിന്റെ ഗതിവിഗതികളും അജണ്ടകളും ഒരുപാട് മാറിയിരിക്കുകയാണ്. എന്നാലും ഞങ്ങള്‍ക്ക് പറയാനുള്ളത്, ഞങ്ങള്‍ ഇവിടെത്തന്നെ നിലയുറപ്പിക്കും.

സയണിസ്റ്റ് അക്രമികള്‍ തകരുക തന്നെ ചെയ്യും. ഈ ഭൂമിയില്‍ വെച്ച് തന്നെ അവര്‍ പരാജയപ്പെടും. അതെത്ര കാലം നീണ്ട്് പോയാലും ശരി! കാരണം രക്തസാക്ഷികളുടെയും മുറിവേറ്റവരുടെയും രക്തവും, ബന്ദികളുടെയും അഭയാര്‍ഥികളുടെയും വേദനകളും ഒന്നും വെറുതെയല്ല! ശത്രുവിന്റെ നേരിടുന്നതില്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണ്. ഗസ്സയുടെ എല്ലായിടത്തും ഓരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും വെസ്റ്റ്ബാങ്കിലും അധിനിവിഷ്ട പ്രദേശങ്ങളിലും ഞങ്ങള്‍ സജ്ജരാണ്. ജോര്‍ദാനിലും സിറിയയിലും ലബനാനിലും എന്നുതുടങ്ങി മുഴുവന്‍ സ്ഥലത്തും ഈ ശത്രുവിനെ പിടിച്ചുകെട്ടാന്‍ എന്നല്ല, തിരിച്ചുവന്ന് സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

രണ്ടാമതായി, തടവറകളില്‍ കഴിയുന്ന, ഫാഷിസ്റ്റ് സയണിസ്റ്റുകളുടെ പീഡനങ്ങളേറ്റ് വാങ്ങുന്ന പ്രിയപ്പെട്ടവര്‍ക്ക് എല്ലാ അനുമോദനങ്ങളും നേരുന്നു. അവര്‍ക്ക് ചികിത്സ പോലുള്ള പല അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അവര്‍ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ അനുഭവിക്കുകയാണ്. ഇതൊക്കെ സയണിസ്റ്റുകളുടെ ക്രൂരതയായി ലോകം കണ്ടതാണ്. അധിനിവേശകരുടെ ജയിലുകളില്‍ ഞങ്ങളുടെ ആളുകള്‍ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നു. എല്ലാ കണക്കുകളും ഞങ്ങളുടെ കൈയിലുണ്ട്. അതൊക്കെ മനുഷ്യാവകാശ കോടതിയിലേക്ക് ഞങ്ങള്‍ കൈമാറിയിട്ടുണ്ട്.

ഇന്നെനിക്ക് ധീരരായ നമ്മുടെ തടവുകാരോട് പറയാനുള്ളത്, ‘തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്’ എന്നാണ്. സ്വാതന്ത്ര്യത്തിന്റെ പ്രഭാതം വരാനുണ്ട്, തൂഫാനുല്‍ അഖ്‌സ നിങ്ങളുടെ സ്വാതന്ത്ര്യം സാക്ഷാത്കരിക്കും.

മൂന്നാമതായി, ഹമാസ് എന്നത് ഫലസ്തീനിന്റെ രക്തത്താല്‍ ആലേഖനം ചെയ്യപ്പെട്ടതാണ്. ലബനാനിലെ ഹിസ്ബുല്ലയോടും ഹമാസും യമനിലെ അല്‍ ജമാഅ അല്‍ ഇസ്‍ലാമിയ്യയോടും സയണിസ്റ്റുകളോട് തിരിച്ചടിച്ച ഇറാനിലെ പ്രിയപ്പെട്ടവരോടും ഞങ്ങള്‍ നന്ദി അറിയിക്കുകയാണ്.

ഞാന്‍ പറയുന്നത് തൂഫാനുല്‍ അഖ്‌സയില്‍ എല്ലാ യുവാക്കളും ഭാഗവാക്കാവണം എന്നാണ്. അത് ഫലസ്തീനിന്റെയും ഗസ്സയുടെയും ഖുദ്‌സിന്റെയും സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്.യുവാക്കളേ, നിങ്ങളുടെ മുന്നില്‍ യുദ്ധക്കളം വിശാലമാണ്. നിങ്ങള്‍ സൗകര്യമുള്ളവരാണെങ്കിലും ഞെരുക്കമുള്ളവരാണെങ്കിലും (ധര്‍മ്മസമരത്തിന്) ഇറങ്ങിപുറപ്പെട്ട് കൊള്ളുക. നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുക.

നാലാമതായി, സ്വാതന്ത്ര്യത്തിനും തിരികെ മടങ്ങുന്നതിനും വേണ്ടി പോരാടുന്ന എല്ലാവരുടെയും പോരാട്ടങ്ങളെ നമ്മള്‍ വിലമതിക്കുന്നു. ഇസ്രായേലുമായുള്ള കച്ചവടയിടപാടുകള്‍ നിര്‍ത്തലാക്കിയ തുര്‍ക്കിയുടെ നിലപാട് ഞങ്ങള്‍ പ്രത്യേകം എടുത്തുപറയാന്‍ ആഗ്രഹിക്കുകയാണ്.

ഫലസ്തീനിലെ ജനങ്ങളേ, ചരിത്രത്തില്‍ തുല്യതയില്ലാത്ത തരത്തിലുള്ള സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നുപോവുന്നത്. അമേരിക്കയിലും യൂറോപ്പിലെയും ആസ്‌ത്രേലിയയിലെയും ജപ്പാനിലെയും വിദ്യാര്‍ഥികള്‍ ഫല്‌സതീനിനു വേണ്ടി ലോകത്തെ പിടിച്ചുകുലുക്കുകയാണ്. അവര്‍ ലോകമൊട്ടുക്കും നമ്മുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ്. അങ്ങനെ ഗസ്സ എല്ലായിടത്തും ഒരു ഐക്കണ്‍ ആയി മാറിയിരിക്കുകയാണ്. അതേ ഗസ്സയാണ് സയണിസ്റ്റ് ധാര്‍ഷ്ഠ്യത്തെ തകിടം മറിച്ചിരിക്കുന്നത്. അതേ ഗസ്സ തന്നെയാണ് ഈ അധിനിവേശകരുടെ രക്തപങ്കിലമായ മുഖം തുറന്നുകാണിച്ചത്. അതേ ഗസ്സ തന്നെയാണ് മുസ്്‌ലിം ഉമ്മത്തിനെ ഫലസ്തീന്‍ വിഷയത്തില്‍ ഒരുമിപ്പിച്ചത്.

ഞങ്ങളാണ് ഈ മഹത്തായ സംഭവവികാസങ്ങളുടെ നിര്‍മ്മാതാക്കള്‍. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എങ്ങനെയായിരുന്നു നെതന്യാഹു തൂഫാനുല്‍ അഖ്‌സക്ക് മുമ്പ്് ഐക്യരാഷ്ട്ര സഭയില്‍ ഇരുന്നതെന്ന്. അയാള്‍ ഫലസ്തീനിന്റെ ഭൂപടം ഉയര്‍ത്തിപ്പിടിച്ച് അത് ഇസ്രായേലിന്റേതാണെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ ഫലസ്തീനിന് യാതൊരു അസ്തിത്വവും ഉണ്ടായിരുന്നില്ല. എന്നാല്‍ തൂഫാനുല്‍ അഖ്‌സക്ക് ശേഷം, അചഞ്ചലമായ പോരാട്ടമുണ്ടായതിന് ശേഷം, ഈ ഭരണകൂടം അതേ ഐക്യരാഷ്ട്ര സഭയില്‍ 143 രാജ്യങ്ങള്‍ക്കിടയില്‍, പ്രിയ സഹോദരന്‍ ഇബ്‌റാഹീം യഹ്‌യ സിന്‍വാറിന്റെ ചിത്രമുയരുന്ന, ഖുദ്‌സ് തലസ്ഥാനമായി വരുന്ന, ഒരു രാഷ്ട്ര്‌നിര്‍മാണത്തിന്റെ ചര്‍ച്ചയില്‍ കനത്ത കുറ്റബോധം പേറി ഇരിക്കുകയാണവർ.

ഇത് വല്ലാത്തൊരു മാറ്റമാണ്! ഇത് ഗസ്സയുണ്ടാക്കിയ മാറ്റമാണ്.ഗസ്സയിലെ പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍, ശുഹദാക്കള്‍, മുറിവേറ്റവര്‍, തടവിലാക്കപ്പെട്ടവര്‍, പണ്ഡിതര്‍, ഫലസ്തീനിലെ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍, വിശപ്പും ദാഹവും സഹിച്ച് ഉണ്ടാക്കിയെടുത്ത മാറ്റമാണിത്.

സഹോദരീ സഹോദരന്‍മാരേ, പ്രിയ ഫലസ്തീനികളേ, വരാനിരിക്കുന്ന ഭാവി അത് നമുക്കുള്ളതാണ്. തീർച്ചയായും അല്ലാഹുവിന്റെ സഹായം വന്നണയുമെന്ന് നമുക്കുറപ്പുണ്ട്. അന്തസുറ്റ സഹായം!

ഇത് സത്യമാണോ എന്ന് നിന്നോട് അവര്‍ അന്വേഷിക്കുന്നു. പറയുക: അതെ; എന്റെ രക്ഷിതാവിനെതന്നെയാണെ! തീര്‍ച്ചയായും അത് സത്യം തന്നെയാണ്

 

വിവ: മുഖ്‍താർ നജീബ്

Related Articles