Current Date

Search
Close this search box.
Search
Close this search box.

കൊറോണയുടെ മറവിൽ ഏകാധിപത്യം കൊതിക്കുന്നവർ

അപ്രതീക്ഷിതമായി ഭൂമിയിൽ പടർന്നുപിടിച്ച കൊറോണ വൈറസിനെ സംബന്ധിച്ച വാർത്തകളാൽ ചുറ്റപ്പെട്ട അവസ്ഥയിലാണ് നാമെല്ലാവരും. ഇതിനു മുമ്പുള്ള നമ്മുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് ഓർക്കാൻ ശ്രമിക്കുന്നവരും, ഇതിനു ശേഷം എങ്ങനെയായിരിക്കുമെന്ന് കണക്കുകൂട്ടുന്നുവരും, അതേസമയം ഈ അവസ്ഥ ഒരിക്കലും അവസാനിച്ചേക്കില്ലെന്ന് ഭയപ്പെടുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്.

സ്വേച്ഛാധിപത്യ ചൈനയിലാണ് ഈ മാരക വൈറസ് തുടക്കത്തിൽ നാശം വിതച്ചത്, സ്വേച്ഛാധിപത്യത്തിന്റെ എല്ലാവിധ നിരീക്ഷണ സുരക്ഷാ ഉപകരണങ്ങളും ഉപയോഗിച്ച്, വിവിധ മാർഗങ്ങളിലൂടെ വൈറസിനെ പരാജയപ്പെടുത്തുന്നതിൽ ചൈന വിജയിക്കുകയും ചെയ്തു. എന്നാൽ ലോകത്തുടനീളമുള്ള സ്വാതന്ത്ര്യത്തിന്റെ വക്താക്കളെ സംബന്ധിച്ചിടത്തോളം, ഇത് വരാനിരിക്കുന്ന ലോകത്തെ കുറച്ചുള്ള ഭയാശങ്കകൾ ഏറ്റുന്നതും, കോവിഡ് 19-നേക്കാൾ അപകടകാരിയായ ഒരു വൈറസിൽ നിന്നും ഈ ലോകത്തെ സംരക്ഷിക്കുന്നതിനായി കൈക്കോർക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതുമാണ് : അതായത് സ്വേച്ഛാധിപത്യ വൈറസ്.

Also read: ഖുർആൻ പറഞ്ഞ വിശ്വാസികളുടെ ലക്ഷണങ്ങൾ

കേസുകളുടെ എണ്ണവും മരണങ്ങളും സംബന്ധിച്ച് ബീജിംഗ് അവതരിപ്പിച്ച വിവരങ്ങളുടെ കൃത്യതയെ കുറിച്ച് സംശയം ഉയർന്നിട്ടും, കോവിഡ് 19 പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന്റെ “വിജയകരമായ മാതൃക”യായി സ്വയം അവതരിപ്പിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്. അതു മാത്രമല്ല, കൊറോണ വൈറസിനെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയ ധീരനായ ഡോക്ടറെ ആക്ഷേപിക്കുകയാണ് ചൈനീസ് അധികൃതർ ചെയ്തത്.

ഈ പകർച്ചവ്യാധി ഒരു ജനാധിപധ്യ രാജ്യത്താണ് ആരംഭിച്ചിരുന്നതെങ്കിൽ, നടപടിയെടുക്കാൻ ആഴ്ചകളും മാസങ്ങളും വൈകി ദുരന്തം രൂക്ഷമായി, അവസാനം ലോകത്താകമാനം കയറ്റുമതി ചെയ്യപ്പെട്ട് പടർന്നുപിടിക്കുന്നതിനു പകരം, നേരത്തെ തന്നെ കണ്ടെത്തുകയും വേണ്ട നടപടികൾ സ്വീകരിക്കാനുമാണ് സാധ്യത. അതേസമയം പകർച്ചവ്യാധിയെ നിയന്ത്രിക്കാൻ കഴിഞ്ഞതിലെ ചൈനയുടെ വിജയത്തിന്റെ താക്കോൽ അവിടത്തെ സ്വേച്ഛാധിപത്യമാണെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്, ഈ “നിയന്ത്രണം” യഥാർഥത്തിൽ തെളിയിക്കപ്പെടാത്ത ഒരു അനുമാനമാണ്, എന്നാൽ വൈറസ് പടർന്നുപിടിച്ചതിനു പിന്നിലെ യഥാർഥ കാരണം ഈ സ്വേച്ഛാധിപത്യമാണ്.

അതേസമയം തന്നെ, പൊതുജനാരോഗ്യം സുരക്ഷിക്കുകയെന്ന വ്യാജേന, പൗരൻമാരുടെ മേൽ കൂടുതൽ നിയന്ത്രണവും നിരീക്ഷണവും സാധ്യമാക്കാനുള്ള ഒരു ഉപാധിയായി പകർച്ചവ്യാധിയെ ഉപയോഗിക്കാൻ -“ജനാധിപത്യ” രാജ്യങ്ങളിലെ അടക്കം- ഒട്ടുമിക്ക രാജ്യങ്ങളിലെയും വരേണ്യ ഭരണവർഗക്കാർക്കും രാഷ്ട്രീയക്കാർക്കും അതിയായ ആഗ്രഹമുണ്ട്.

Also read: പടർന്നു പിടിക്കുന്ന മുസ്ലിം വിരുദ്ധ വൈറസ്

സകലതിനെയും സകലരെയും നിരീക്ഷണമെന്ന മുറവിളികൾ നാലുപാടു നിന്നും ഉയരുന്നു; അടിസ്ഥാനപരമായി, മനുഷ്യരെ യന്ത്രങ്ങളെ പോലെ കൈകാര്യം ചെയ്യാനാണ് അവ ആവശ്യപ്പെടുന്നത്. ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യ-സ്നേഹികളായ ആളുകൾ ഈ നിരീക്ഷണ മനോഭാവത്തിനെതിരെ ഒരു ഐക്യമുന്നണി സ്ഥാപിക്കേണ്ടതുണ്ട്, കാരണം നിരീക്ഷണ മനോഭാവം ദിവസം ചെല്ലും തോറും കർക്കശമായിക്കൊണ്ടിരിക്കുകയാണ്, പകർച്ചവ്യാധി കെട്ടടങ്ങിയാൽ പോലും നിരീക്ഷണ സംവിധാനങ്ങളുടെ പിടുത്തും മുറുകുകയല്ലാതെ അയയുകയില്ല.

സുരക്ഷാ നടപടികൾ ദുർബലമായതു കൊണ്ടല്ല കോവിഡ് 19 പ്രതിസന്ധി ഇത്രമാത്രം രൂക്ഷമായത്, മറിച്ച് പൊതുജനാരോഗ്യ സംവിധാനങ്ങൾക്കു വേണ്ടി ചെലവഴിക്കുന്ന തുച്ഛമായ തുകയാണ് അതിനു കാരണം. സ്വകാര്യതയിലേക്ക് കടന്നുകയറും വിധം സുരക്ഷാ-നിരീക്ഷണ സംവിധാനങ്ങൾക്ക് പൗരൻമാർക്കു മേൽ കൂടുതൽ അധികാരം നൽകുകയല്ല ഇതിനു പരിഹാരം, മറിച്ച് പൊതുസമ്പത്ത് പുനഃവിതരണം ചെയ്യുക, ആയുധങ്ങൾക്കും യുദ്ധങ്ങൾക്കും വേണ്ടിയുള്ള ധനവിനിയോഗം വെട്ടിക്കുറക്കുക, അതേസമയം ആരോഗ്യ-വിദ്യാഭ്യാസ രംഗത്തിനുള്ള ധനസഹായം വർധിപ്പിക്കുക എന്നിവയാണ് പരിഹാരം.

കൂടുതൽ അധികാരം സമൂഹത്തിന് നൽകണം, ജനക്ഷേമത്തിനായിരിക്കണം സമൂഹം മുൻഗണന നൽകേണ്ടത്- രാഷ്ട്രീയക്കാരുടെ ആർത്തിയും അത്യാഗ്രഹവും തൃപ്തിപ്പെടുത്തുന്ന കാര്യങ്ങൾക്കു കൂട്ടുനിൽക്കരുത്, അതു കൂടുതൽ ആയുധ വ്യാപാരത്തിനും സംഘർഷത്തിനും അനാവശ്യ മരണങ്ങൾക്കും കാരണമാകും. ആരോഗ്യരക്ഷാ സ്ഥാപനങ്ങൾ ജനങ്ങളുടെ ഉടമസ്ഥതയിലായിരിക്കണം – ഭരണകൂട ഉടമസ്ഥാവകാശമല്ല, മറിച്ച് ഒരുതരം ജനകീയ ഉടമസ്ഥാവകാശമാണത്. അതിർത്തികൾക്കിടയിലെ മെഡിക്കൽ സ്ഥാപനങ്ങളെ സ്വതന്ത്രമാക്കാനുള്ള ശ്രമങ്ങൾക്കു വേണ്ടി ലോകമെമ്പാടുമുള്ള സ്വതന്ത്രരായ ആളുകൾ ഒന്നിക്കുന്നുവെന്ന് സങ്കൽപ്പിക്കുക, അങ്ങനെയെങ്കിൽ ഏതൊരാൾക്കും ലോകത്തെവിടെയും ശരിയായ വൈദ്യസഹായം ലഭിക്കുക തന്നെ ചെയ്യും.

Also read: കൊറോണ പഠിപ്പിച്ച 33 പാഠങ്ങള്‍

സ്വേച്ഛാധിപത്യത്തിനും ഏകാധിപത്യത്തിനും എതിരെ അത്തരമൊരു ഐക്യദാർഢ്യം സൃഷ്ടിക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ, കോവിഡ് 19-നേക്കാൾ മാരകമായ ഒരു ദുരന്തത്തിന് ലോകം അടുത്തു തന്നെ സാക്ഷിയാവും. ഈ മഹാമാരി, ഇത്രമേൽ വിനാശകാരിയാണെങ്കിലും, ലോകത്തിന്റെ അധികാര ബലാബലത്തെ ഒറ്റയടിക്ക് മാറ്റില്ല. ആഗോള വൻശക്തികൾ അവരുടെ അപ്രമാദിത്വം പ്രയോഗിക്കുന്നത് തുടരും.

തദ്ഫലമായി, യുദ്ധത്തിലൂടെയല്ലാതെ അധികാര അതിർത്തികൾ പുനർനിർമിക്കാനുള്ള ഒരു മാർഗവും ഉണ്ടാകില്ല, ഇത് വ്യാപകമായ മരണത്തിനും പലായനത്തിനും കാരണമാകും. അതിന്റെ ഇരകളിൽ ഭൂരിഭാഗവും ദുർഭരണാധികാരികളാൽ ഭരിക്കപ്പെടുന്ന അറബ് ലോകത്തു നിന്നുള്ളവരായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. നമ്മുടെ ആരോഗ്യം, വിദ്യാഭ്യാസം, സിവിൽ സൊസൈറ്റി സംവിധാനങ്ങൾ എന്നിവയെ ദുർബലമാക്കുന്ന ഏകാധിപത്യത്തെയും സൈനിക-വ്യവസായിക സമുച്ചയത്തെയും നിരാകരിക്കുക എന്ന ഏകീകൃത അജണ്ടയുമായി പ്രവർത്തിക്കുന്ന, ലോകമെമ്പാടുമുള്ള സ്വതന്ത്ര മനുഷ്യരുടെ ഒരു ഐക്യമുന്നണിക്കല്ലാതെ അത്തരമൊരു സാഹചര്യം ഉയർന്നുവരുന്നതിനെ തടയാൻ കഴിയില്ല.

യുദ്ധ പെരുമ്പറകൾ വീണ്ടും മുഴങ്ങുന്ന, ജനങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഏതൊരു സംസാരവും രാജ്യസുരക്ഷയുടെ ലംഘനവും വിഘടനവാദവുമാവുന്ന ഒരു ഘട്ടമെത്തുന്നതിനു മുമ്പ്, നിലവിലെ വൈറസ് പ്രതിസന്ധിക്കുമപ്പുറത്തേക്ക് ലോകത്തിലെ സ്വതന്ത്രരായ ആളുകൾ ചിന്തിക്കേണ്ടതുണ്ട്.

ഇന്ന്, ലോകത്തിലെ സ്വതന്ത്രരായ ആളുകൾക്ക് പൗരൻമാരെ അവഗണിക്കുന്ന സർക്കാറുകളെയും ഭരണകൂടങ്ങളെയും സമാധാനപരമായി താഴെയിറക്കാൻ കഴിയും. പൊതുജനാരോഗ്യം സംരക്ഷിക്കാനും, മഹാമാരികളെ ചെറുക്കാനും, യുദ്ധങ്ങളെ തടുക്കാനും വേണ്ടിയുള്ള ഒരു മാനുഷിക കടമയാണത്. അത്തരം മഹത്തായ ലക്ഷ്യങ്ങളെ ലോകജനസംഖ്യയുടെ ബഹുഭൂരിപക്ഷവും പിന്തുണക്കുക തന്നെ ചെയ്യും, പ്രത്യേകിച്ച് അവരുടെ പണം സൈന്യങ്ങൾക്കും കൊട്ടാരങ്ങൾക്കും വേണ്ടി പാഴാക്കികളയുകയും, അതേസമയം ആശുപത്രികളും വിദ്യാലയങ്ങളും പരിപാലിക്കപ്പെടാതെ നശിപ്പിക്കപ്പെടുകയും ചെയ്യുന്നത് കൺമുന്നിൽ കാണേണ്ടി വരുമ്പോൾ.

നാം ഇപ്പോൾ തന്നെ കർമനിരതരായി പ്രവർത്തിക്കുന്നില്ലെങ്കിൽ, ജനങ്ങൾക്കു വേണ്ടി സംസാരിക്കുന്നവരുടെ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ഈ ഭരണകൂടങ്ങൾ കൂടുതൽ സ്വേച്ഛാധിപത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന കാര്യത്തിൽ സംശയത്തിനിടമില്ല.

ഈജിപ്ഷ്യൻ കവിയാണ് അബ്ദു റഹ്മാൻ യൂസുഫ്. ഈജിപ്തിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിനും ഏകാധിപതികൾക്കും എതിരെ പ്രമുഖ അറബ് പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിവ. അബൂ ഈസ

Related Articles