Current Date

Search
Close this search box.
Search
Close this search box.

സാമൂഹികാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത്

1,221 കോടി രൂപയാണ് ആസാമില്‍ എന്‍ആര്‍സി നടപ്പാക്കാനായി ബജറ്റില്‍  വകയിരുത്തിയ തുക. അപേക്ഷക്കാരില്‍ നിന്ന് ചുമത്തിയ നേരിട്ടല്ലാതെയുള്ള നഷ്ടം തന്നെ 7,800 കോടി വരും. ഇതേ മാതൃകയില്‍ ദേശവ്യാപകമായി നടപ്പിലാക്കേണ്ട പദ്ധതിയുടെ ചെലവുകളുടെ കണക്കെടുത്താല്‍ എന്‍ആര്‍സിക്ക് ചെലവുവരിക മൊത്തത്തില്‍ 3,83,874 കോടി രൂപയാണ്. തൊഴില്‍നഷ്ടം, സാമ്പത്തിക നഷ്ടം, ആരോഗ്യ വിദ്യാഭ്യാസരംഗത്തെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടല്‍ എന്നിവയെയൊക്കെ അതിജീവിക്കേണ്ടിവരുന്നതുകൂടി കണക്കിലെടുത്താല്‍ ഇക്കണക്കുകളൊന്നും മതിയാകാതെ വരും.

മൂന്ന് പ്രധാന കേന്ദ്ര മന്ത്രാലയങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയ സംഖ്യ നോക്കുമ്പോള്‍ ലഭിക്കുന്ന ഫലങ്ങള്‍ ഒട്ടും ശുഭസൂചകമല്ല. മാനവ വിഭവശേഷി മന്ത്രാലയത്തിനായി 2019-ല്‍ വകയിരുത്തിയ തുക 94,853 കോടി എന്‍ആര്‍സി നടപ്പിലാക്കുന്നതിന്റെ കാല്‍ ശതമാനത്തോളമേ വരൂ. അതു പോലെ, ആരോഗ്യമന്ത്രാലയത്തിന് വകയിരുത്തിയത് എന്‍ആര്‍സിക്ക് ചെലവുവരുന്നതിന്റെ ആറിലൊന്ന് മാത്രമായ 62,398 കോടി രൂപയാണ്. 2019-ല്‍ 3.2 ലക്ഷം കോടി രൂപ വകയിരുത്തിയ ഇന്ത്യന്‍ പ്രതിരോധ ബജറ്റിനോളം വരും ഇതിന്റെ ചെലവുകള്‍. ഇതൊക്കെ രാജ്യത്തിന്റെ സാമ്പത്തികനിലയെ ദുര്‍ബലപ്പെടുത്തുമെന്ന് മാത്രമല്ല, രണ്ടുശതമാനത്തോളം വരെ ജിഡിപിയില്‍ കുറവുവരുന്ന അവസ്ഥ സംജാതമാകും.
പൗരത്വ പട്ടികയില്‍നിന്നും പുറത്താകുന്ന ആയിരങ്ങളുടെ സമ്പദ്‌രംഗത്തും വരുമാനത്തിലും കാര്യമായ ഇടിവു സംഭവിക്കുകയാകും ഇതിന്റെ ഏറ്റവും വലിയ പരിണിതഫലം. ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് മോദിയുടെ സ്വപ്‌ന പദ്ധതിയായ ഫൈവ് ട്രില്യണ്‍ ഡോളര്‍ പദ്ധതിയെ തകര്‍ക്കും.

Also read: സംഘ പരിവാറിന് ആമയെ ചുടാൻ പഠിപ്പിക്കുന്ന സന്യാസിയായി മാറരുത്

2011 മാര്‍ച്ച് ഒന്നോടെ ഇന്ത്യയില്‍ താമസിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം 1,211 ദശലക്ഷമാണ്. ഇതില്‍ 1,205 ദശലക്ഷം പേരും ഇന്ത്യയില്‍ ജനിച്ചവരാണെന്ന് അവകാശപ്പെടുന്നു. വെറും 5,653,911 പേര്‍ അഥവാ മൊത്തം ജനസംഖ്യയുടെ 0.47 ശതമാനം മാത്രമാണ് ഇന്ത്യക്കു പുറത്താണ് തങ്ങളുടെ ജന്മദേശം എന്ന് സമ്മതിക്കുന്നവരുള്ളൂ. ഏറെ കൃത്യമായ ഈ സര്‍വേയില്‍ തന്നെ അനധികൃത കുടിയേറ്റക്കാരായി പരിഗണിക്കപ്പെട്ടവരില്‍ പലരും നിയമാനുസൃത കുടിയേറ്റക്കാരായിരിക്കാനുള്ള സാധ്യത കൂടിയുണ്ട്. ഇവരിലധികവും പശ്ചിമ ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളെയാണ് കാര്യമായി ഈ നിയമം ബാധിക്കുകയെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകും.രാജ്യാടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഇവരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് 2.8 ദശലക്ഷത്തോളം വരുന്ന ബംഗ്ലാദേശികളാണ്. പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍ 0.92 ദശലക്ഷം പേരും നേപ്പാളില്‍ നിന്നുമെത്തിയവര്‍ 0.81 ദശലക്ഷം പേരും ആണ്. അഫ്ഗാനില്‍ ജനിച്ച് ഇവിടെയെത്തിയവര്‍ കഷ്ടിച്ച് 6,476 പേരേ വരൂ. നേപ്പാളൊഴിച്ചുള്ള ബാക്കി മൂന്ന് രാഷ്ട്രങ്ങളും ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ നിഴലിലാണ്.

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കുടിയേറ്റക്കാരുടെ എണ്ണം വളരെക്കുറവായതിനാല്‍ ആസാമില്‍ നടത്തിയതുപോലെ ദേശവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നത് അപഹാസ്യകരമാണ്. കൂടുതല്‍ സൗകര്യപ്രദവും ചെലവുകുറഞ്ഞതുമായ മാര്‍ഗങ്ങള്‍ ആരായുകയാണ് നല്ലത്. എന്‍.പി.ആറിലൂടെ ശേഖരിക്കുന്ന രേഖകളുടെയും ബയോമെട്രിക് രേഖകളുടെയും വെളിച്ചത്തില്‍ വിദേശികളെ തിരിച്ചറിയുക എളുപ്പമാണ്. ഏതാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയാല്‍ മതിയാവുന്ന ഇതില്‍ ട്രൈബ്യൂണലുകളും തടങ്കല്‍പാളയങ്ങളും സ്ഥാപിക്കുകയും അനധികൃത കുടിയേറ്റക്കാരോട് ദീര്‍ഘവും പണച്ചെലവുള്ളതുമായ നിയമയുദ്ധങ്ങളിലൂടെ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത് പ്രശ്‌നത്തെ സങ്കീര്‍ണമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

Also read: ഇസ് ലാമിക വിജ്ഞാനിയങ്ങൾക്ക് കരുത്തു പകരേണ്ട പുരാവസ്തു ശാസ്ത്രം

എന്‍ആര്‍സിയുടെ അപകടങ്ങളെ എങ്ങനെ തരണം ചെയ്യണം?
2020 ഏപ്രിലിനും സെപ്തംബറിലും ഇടയിലാണ് പതിനാറാമത് സെന്‍സസിനുള്ള വീട് സന്ദര്‍ശന സമയം. ജനക്ഷേമപരമായ കാര്യങ്ങള്‍ക്കായി ശേഖരിക്കുന്ന എന്‍.പി.ആറിലെ വിവരങ്ങള്‍ ഒരു വ്യക്തിയുടെ പൗരത്വം നിര്‍ണയിക്കാനുള്ള ഉപാധിയായി മാറുമെന്ന കാര്യം ഉറപ്പാണ്. ഒരു വ്യക്തിയുടെ പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം സെന്‍സസ് റെജിസ്ട്രാറുടെ പക്കലുണ്ടോ എന്നത് മറ്റൊരു ചോദ്യമാണെങ്കിലും 2003-ലെ പൗരത്വ നിയമങ്ങള്‍ പ്രകാരം എന്‍ആര്‍സി തയാറാക്കാന്‍ ചുമതലയുള്ളത് ഇവര്‍ക്കാണ്.
ഭേദഗതിയെ ചുറ്റിപ്പറ്റിയുള്ള ഔദ്യോഗികവും നിരുത്തരവാദപരവുമായ വ്യവഹാരങ്ങളുടെ സമ്മര്‍ദ്ദമനുഭവിക്കുന്ന ഇന്ത്യന്‍ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏറെ വിവേചനപരമാണ് പുതിയ പരിഷ്‌കാരങ്ങള്‍. രാജ്യത്തെ മുസ് ലിംകള്‍ എന്‍ആര്‍സിയെ ബഹിഷ്‌കരിക്കുന്നതിനു പകരം സര്‍ക്കാര്‍ വൃത്തങ്ങളുമായി തങ്ങളുടെ രേഖകള്‍ പങ്കുവെക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് എന്റെ അഭിപ്രായം.
ആളുകളുടെ കണക്കെടുക്കുക, നയ വിശകലനം ചെയ്യുക തുടങ്ങി ചുരുക്കം ആവശ്യങ്ങള്‍ക്കല്ലാതെ തങ്ങളില്‍ നിന്നും എന്‍പിആറിനായി ശേഖരിക്കുന്ന രേഖകള്‍ ഉപയോഗിക്കുകയില്ലെന്ന് കൃത്യമായി എഴുതിയ സ്‌റ്റേറ്റ്‌മെന്റ് സെന്‍സസിനെത്തുന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയാണ് ഒന്നാമതായി ചെയ്യേണ്ടത്. നോട്ടിലെ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പുവെക്കുന്നതു പോലെ രാഷ്ട്രപതി ഈ സ്റ്റേറ്റ്‌മെന്റില്‍ ഒപ്പുവെക്കുന്നത് ഒരു പതിവു കീഴ്‌വഴക്കമായി മാറണം.

ഇതിനുശേഷം രണ്ടാമതായി ഈ വ്യക്തിഗത രേഖകള്‍ ആരുമായും കൈമാറുകയില്ലെന്ന് അംഗീകരിക്കുന്ന ഒരു രേഖ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടണം. വിവരശേഖരണ സമയത്തെ ദിവസവും സ്ഥലവും അതില്‍ പ്രത്യേകം രേഖപ്പെടുത്തുകയും വേണം.
തങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ ഒരു പ്രിന്റഡ് കോപ്പി ഭാവിയാവശ്യങ്ങള്‍ക്കും മറ്റുമായി ഓരോ വ്യക്തിക്കും ലഭ്യമാക്കുകയാണ് മൂന്നാമതായി ചെയ്യേണ്ടത്. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഇതിന് സഹായകരമാവുന്ന തരത്തില്‍ സജ്ജീകരിക്കേണ്ടതുണ്ട്.
തങ്ങളുടെ പതിവ് രീതിശാസ്ത്രം മാറ്റിപ്പിടിച്ച് അനധികൃത കുടിയേറ്റക്കാര്‍ തങ്ങാന്‍ സാധ്യതയുള്ള ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. സമാനമായി അമേരിക്കയില്‍ പൗരത്വം തെളിയിക്കാനാവശ്യപ്പെട്ടുവെന്ന പേരില്‍ സെന്‍സസ് പരമോന്നത കോടതി ഇടപെട്ട് നിര്‍ത്തിവെച്ചത് ഭരണകൂടത്തിന്റെ ഓര്‍മയിലുണ്ടാകുന്നത് നന്നായിരിക്കും.

Also read: ഖുര്‍ആനിന്‍റെ അമാനുഷികതക്ക് പിന്നിലെ രഹസ്യങ്ങള്‍

വളര്‍ച്ചയിലും ഒരുമ വേണം
മുസ് ലിംകളാണ് രാജ്യത്തെ പരമ്പരാഗത വ്യവസായങ്ങളുടെ നട്ടെല്ല്. തുണി നിര്‍മാണം, തുകല്‍, ആഭരണങ്ങള്‍, ഉരുക്ക് തുടങ്ങി കൈത്തൊഴിലുകളടക്കമുള്ള സംരംഭങ്ങളില്‍ മറ്റു മത-സാമൂഹിക വിഭാഗങ്ങളോടൊപ്പം മുസ് ലിംകളും രാജ്യത്തിന്റെ ജിഡിപി വര്‍ധനവിലേക്ക് ഗണ്യമായ സംഭാവന ചെയ്യുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തെ ഏറെ രാഷ്ട്രീയവല്‍കൃതമായ സംവരണ വ്യവസ്ഥയെപ്പറ്റി പരാമര്‍ശിക്കാതെ ഇന്ത്യയുടെ വൈവിധ്യത്തെ ചര്‍ച്ച ചെയ്യുക അനുചിതമാണ്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രത്യേക പരിഗണനയും സര്‍ക്കാര്‍, പൊതുമേഖലാ വ്യവസായങ്ങളില്‍ സ്ഥിര ജോലിയും സംവരണം ഉറപ്പുനല്‍കുന്നു. രാജ്യത്തെ പട്ടികജാതി/പട്ടിക വര്‍ഗ്ഗ സമൂഹങ്ങള്‍ കാലങ്ങളായി അനുഭവിച്ചുവന്ന ഉച്ചനീചത്വങ്ങള്‍ക്ക് താങ്ങായാണ് സംവരണം അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഹിന്ദുക്കളും ബൗദ്ധരും സിക്കുകാരുമായ പട്ടികജാതി വിഭാഗങ്ങള്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുത്തപ്പെട്ടത്. ഇസ് ലാമിലേക്കും ക്രിസ്തുമതത്തിലേക്കും കൂടുമാറിയ ദളിത്, ഗോത്രവിഭാഗങ്ങള്‍ സൗകര്യപൂര്‍വം തഴയപ്പെട്ടു. മുസ് ലിംകളും മറ്റു ന്യൂനപക്ഷങ്ങളുമായ വലിയൊരു വിഭാഗത്തിന് സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടത് അത് രാഷ്ട്രീയവല്‍കരിക്കപ്പെട്ടതിന്റെ സൂചനയാണ്.
പട്ടികജാതി/വര്‍ഗ വിഭാഗങ്ങളുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും ക്വോട്ടകള്‍ക്കു പുറമെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ക്വോട്ട നല്‍കുന്ന 124-ാം ഭരണഘടനാ ഭേദഗതി ഈയിടെ നിലവില്‍ വരികയുണ്ടായി. രാഷ്ട്രീയ പ്രേരിതമെന്ന് വിമര്‍ശിക്കപ്പെട്ട സാമ്പത്തിക സംവരണം ദുരൂഹതയുണര്‍ത്തുന്നതാണെന്നും നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണെന്നുമുള്ള സംശയങ്ങളുയര്‍ന്നിട്ടുണ്ട്. സാമൂഹിക അധഃസ്ഥിതാവസ്ഥ അനുഭവിക്കുന്നവര്‍ക്കും മറ്റു സാമൂഹിക വിദ്യാഭ്യാസ പിന്നോക്കക്കാര്‍ക്കും ഭരണഘടനാ പിന്തുണയോടെ അനുകൂല പശ്ചാത്തലമൊരുക്കുകയായിരുന്നു നേരത്തെപ്പറഞ്ഞ ക്വോട്ടകളുടെ ഉന്നം. പക്ഷേ സാമ്പത്തിക സംവരണം നീതിപൂര്‍വമായി നടപ്പിലാക്കുന്നതിന് പ്രായോഗികമായ പിന്തുണ ആവശ്യമായി വരും. മുസ് ലിംകളുടെ സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും ജനസംഖ്യയും പരിഗണിച്ച് സാമ്പത്തിക പിന്നോക്കവിഭാഗത്തിനനുവദിച്ച പത്തുശതമാനത്തിന്റെ 45 ശതമാനമെങ്കിലും മുസ് ലിംകള്‍ അര്‍ഹിക്കുന്നുണ്ടെന്നും ചില വാദങ്ങളുയര്‍ന്നു. ഭരണനിര്‍വഹണത്തിന്റെ വിവിധ മേഖലകളില്‍ പ്രത്യേകിച്ച് മാനുഷിക പുരോഗതിയെയും അടിസ്ഥാന സൗകര്യങ്ങളെയും ബാധിക്കുന്ന കാര്യങ്ങളില്‍ സ്വതന്ത്രമായ ഇടപെടാനുള്ള ശക്തി സംസ്ഥാന ഭരണകൂടങ്ങള്‍ക്കുണ്ട്. കാരണം ഭരണകൂട നയങ്ങളുള്‍പ്പെടെയുള്ളവ നടപ്പാക്കപ്പെടുന്നത് സംസ്ഥാനതലത്തിലെ ഉദ്യോഗസ്ഥവൃന്ദത്തിലൂടെയാണ്. സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങളുറപ്പാക്കേണ്ടതും പ്രാദേശിക തലങ്ങളിലൂടെയാണ്. ഈ സാഹചര്യത്തില്‍ തുല്യാവസരങ്ങള്‍ ഉറപ്പുവരുത്താനും ഇതിനായി വ്യവസ്ഥാപിത രീതികള്‍ സൃഷ്ടിക്കാനുമുള്ള കൃത്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ കേന്ദ്രവും സംസ്ഥാനങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്. സൂക്ഷ്മമായ സാമൂഹിക സാമ്പത്തിക നയങ്ങള്‍ക്കു മാത്രമേ വിവിധ തലങ്ങളിലൂന്നിയ സാമ്പത്തിക വളര്‍ച്ച കൊണ്ടുവരാനും ഇന്ത്യയെ ഹിന്ദുക്കളുടെ വളര്‍ച്ചാനിരക്ക് എന്ന കുപ്രചരണത്തില്‍ നിന്നും മോചിപ്പിക്കാനും കഴിയൂ.

Also read: നാമാണ് നമ്മുടെ സന്തോഷത്തിന്റെ കാരണം കണ്ടത്തേണ്ടത്!

തുല്യ അവസരങ്ങളിലൂടെ മുന്നോട്ട്
മുസ് ലിം സമുദായം വിവിധ മേഖലകളില്‍ വ്യവസ്ഥാപിതമായ സാമൂഹിക പക്ഷപാതിത്വം നേരിടുന്നത് അവരുടെ സാമ്പത്തിക സംഭാവനയെയാണ് പ്രതികൂലമായി ബാധിക്കുക. വരുമാനമാര്‍ഗങ്ങള്‍, വിദ്യാഭ്യാസ ആരോഗ്യ രംഗത്തെയും ആനുകൂല്യങ്ങള്‍ തുടങ്ങി ജീവന്‍ വരെ നഷ്ടപ്പെടുമെന്നുമുള്ള ആശങ്കകളാണ് അവരെ ഭരിക്കുന്നത്. പട്ടിണി, സൃഷ്ടിപരമായ സ്വത്തുക്കളുടെ നഷ്ടം, കുടിയേറ്റത്തിന്റെ ദുരിതങ്ങള്‍ എന്നിവയെ ആളുകളെങ്ങനെ അഭിമുഖീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ ദുരിതാത്മകമായ സാഹചര്യങ്ങളെ വിലയിരുത്തുന്നത്. മറ്റു അനുബന്ധ ഘടകങ്ങളുടെ അഭാവം കാരണം സമുദായത്തിന്റെ സമ്പാദ്യം ഉപയോഗശൂന്യമാക്കപ്പെടുകയോ അല്ലെങ്കില്‍ ഉപയോഗശൂന്യമെന്ന് വിധിയെഴുതപ്പെടുകയോ ചെയ്യുന്ന അപകടകരമായ അവസ്ഥയെ നേരിടുകയാണിപ്പോള്‍. കൃഷിയിറക്കാന്‍ വെള്ളമില്ലാതാവുന്നതും യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വൈദ്യുതിയില്ലാത്തതും ഉള്‍നാടന്‍ അടിസ്ഥാനസൗകര്യങ്ങളുടെയും കാര്‍ഷിക വിപണിയുടെയും അഭാവം കാരണം കാര്‍ഷികോല്‍പന്നങ്ങള്‍ കെട്ടിക്കിടക്കുന്നതുമെല്ലാം ഇതിനുദാഹരണങ്ങളാണ്. രാജ്യത്തിന്റെ തൊഴില്‍വിപണിയുടെ കാര്യക്ഷമതയില്‍ ഇടിവു സംഭവിക്കുന്നതുള്‍പ്പെടെ സങ്കീര്‍ണമായ പ്രശ്‌നങ്ങളാണ് ഈ വിപത്ത് വരുത്തിവക്കുക.

അധഃസ്ഥിത വിഭാഗങ്ങള്‍ തങ്ങളുടെ ചുറ്റുപാടുള്ള സാമൂഹിക ശക്തികളോടും സാംസ്‌കാരിക മൂല്യങ്ങളോടും പുലര്‍ത്തുന്ന ബന്ധം അതിദുര്‍ബലമാണ്. അവിടെ നിന്നും കരകയറുന്നതുവരെ വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മുന്നേറ്റങ്ങള്‍ അവര്‍ക്ക് രക്ഷപ്പെടാനുള്ള സകല പഴുതുകളെയും അടച്ചുകൊണ്ടിരിക്കും.
ഇത്തരത്തിലുള്ള വെല്ലുവിളികളെ മറികടക്കാന്‍, തുല്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനുതകുന്ന സാമൂഹിക നയങ്ങള്‍ രൂപീകരിക്കപ്പെടണം. പൗരന്മാര്‍ക്ക് എല്ലാ അവസരങ്ങളിലും പദവികളിലും സമത്വം ഉറപ്പുനല്‍കുന്ന ഭരണഘടന അത് നടപ്പില്‍വരുത്തുന്നതില്‍ ഭരണകൂടത്തിന്റെ മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുന്നുണ്ട്. സമത്വത്തിന്റെയും തുല്യാവകാശത്തിന്റെയും ആശയങ്ങള്‍ ആര്‍ട്ടിക്കിള്‍ 14 (സമത്വത്തിനുള്ള അവകാശം), ആര്‍ട്ടിക്കിള്‍ 15 (വിദ്യാഭ്യാസം പ്രാപ്യമാക്കല്‍), ആര്‍ട്ടിക്കിള്‍ 16 (പൊതു തൊഴിലിടങ്ങള്‍) തുടങ്ങിയവയില്‍ വ്യക്തമായിപ്പറയുന്നു. ആര്‍ട്ടിക്കിള്‍ 16 പ്രകാരം മതം, വംശം, ജാതി തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങള്‍ ഗവണ്‍മെന്റ് ഉദ്യോഗങ്ങളില്‍ അനുവദിക്കുന്നില്ല. രാഷ്ട്ര സേവനത്തില്‍ ശരിയായ പ്രതിനിധാനമില്ലാത്ത ഏതു പിന്നോക്ക വിഭാഗങ്ങള്‍ക്കും ഗവണ്‍മെന്റ് നിയമനങ്ങളില്‍ സംവരണം ഉറപ്പുനല്‍കുന്നുണ്ട് ഇതിലെ നാലാം ഉപവാക്യം. ഭരണഘടനയില്‍ പരാമര്‍ശിച്ചതുപോലെ മതം, വംശം, ജാതി, ലിംഗം തുടങ്ങിയ ഏകപക്ഷീയമല്ലാത്ത ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പിന്നോക്കമാണോയെന്ന് നിര്‍ണയിക്കപ്പെടേണ്ടത്. ജോലി, ജോലിസ്ഥലം, വയസ്സ്, ഭാഷ തുടങ്ങിയ ഏകപക്ഷീയമല്ലാത്ത ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയും പിന്നോക്കാവസ്ഥയെ നിര്‍വചിക്കാനാകും.
നീതിയിലധിഷ്ഠിതമായ സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ ശ്രേണിയെ ഫലപ്രദമായി സംരക്ഷിച്ച് ജനങ്ങളുടെ ക്ഷേമത്തിന് പരിഗണന നല്‍കാന്‍ ഭരണഘടന ഭരണകൂടത്തോട് നിര്‍ദേശിക്കുന്നു (ആര്‍ട്ടിക്കിള്‍ 38(1)). 1976-ലെ ഒരു ഭരണാഘടനാ ഭേദഗതിയില്‍ ഇങ്ങനെ വായിക്കാം: വ്യക്തികളില്‍ മാത്രമല്ല, സമൂഹത്തിലെ ആളുകള്‍ ഇടപെടുന്ന വിവിധ മേഖലകളിലും തൊഴിലിടങ്ങളിലും അവസരങ്ങളിലും പദവികളിലും സൗകര്യങ്ങളിലുമുള്ള വേര്‍തിരിവുകളവസാനിപ്പിക്കാനും ഉദ്യോഗങ്ങളിലും വരുമാനങ്ങളിലുമുള്ള അസമത്വങ്ങളെ ഇല്ലാതാക്കാനും ഭരണകൂടം പ്രത്യേകം താല്‍പര്യമെടുത്ത് പ്രവര്‍ത്തിക്കേണ്ടതുണ്ട് (ആര്‍ട്ടിക്കിള്‍ 38(2)).

Also read: ശഹീന്‍ ബാഗ് സമരമുഖം ഇന്ത്യയെ ഏകോപിപ്പിക്കുന്ന വിധം

മതാടിസ്ഥാനത്തില്‍ സാമ്പത്തിക സാമൂഹിക നയങ്ങളിലെ വേര്‍തിരിവുകളെ ഇല്ലാതാക്കുകയെന്നതും എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്ന നയപരമായ ചട്ടക്കൂടുകള്‍ രൂപപ്പെടുത്തുകയെന്നതും രാഷ്ട്രത്തിന്റെ ദീര്‍ഘകാലമായുള്ള സാമ്പത്തിക താല്‍പര്യങ്ങളില്‍ പെട്ടതാണെന്ന് നാം വിസ്മരിച്ചുകൂടാ.

(2005-ല്‍ കേന്ദ്ര ഗവണ്‍മെന്റ് നിയോഗിച്ച രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയില്‍ അംഗമായിരുന്നു ലേഖകന്‍. നിലവില്‍ വാഷിംഗ്ടണിലെ ഇന്ത്യ-യു.എസ് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്നു)

വിവര്‍ത്തനം:  അഫ്‌സല്‍ പിടി മുഹമ്മദ്
കടപ്പാട്: ഫ്രണ്ട്‌ലൈന്‍

Related Articles