Current Date

Search
Close this search box.
Search
Close this search box.

യുദ്ധം തോറ്റിട്ടും റഫയില്‍ നെതന്യാഹു കൂട്ടക്കൊല തുടരുന്നതെന്തിന്?

വെസ്റ്റ് ബാങ്കിലെ റാഫാ പ്രവിശ്യയില്‍ ഇസ്‌റായേല്‍ തങ്ങളുടെ അക്രമപ്രവര്‍ത്തനങ്ങള്‍ തുടരരുതെന്നും നിലവിലെ ഫലസ്തീന്‍ ജനതയുടെ ജീവിതസ്ഥിതി അത് കൂടുതല്‍ വഷളാക്കുമെന്നുമുള്ള ലോക കോടതിയുടെ ആഹ്വാനത്തെ അവഗണിച്ച് റഫയില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ടെന്റ് മസാക്കര്‍ (ടെന്റ് കൂട്ടക്കൊല) എന്ന പേരില്‍ അറിയപ്പെടുന്ന മെയ് 26 ന് റഫയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ തെല്‍ അല്‍ സുല്‍ത്താനിലെ മാറ്റിത്താമസിപ്പിക്കപ്പെട്ട ഫലസ്തീനികള്‍ക്ക് മേലിലുള്ള ഇസ്റാഈലിൻ്റെ കൂട്ടക്കുരുതിയും മണിക്കൂറുകള്‍ക്ക് ശേഷം അല്‍ മസാവി പ്രവശ്യയില്‍ വീണ്ടും ഇസ്‌റാഈല്‍ നടത്തിയ നരനായാട്ടും അതിന് തെളിവാണ്.

തങ്ങളുടെ ടെന്റുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട് 50 ഫലസ്തീനികളെ കൊന്നുകളഞ്ഞ് ആഗോള ജനതയുടെയും ലോക കോടതിയുടെയും ആഹ്വാനങ്ങളെ നിന്ദിക്കുകയായിരുന്നു ഇസ്‌റായേല്‍. ദീര്‍ഘകാലമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന നരബലി ഒടുവില്‍ സുരക്ഷിതപ്രദേശമെന്ന് അറിയപ്പെടുന്ന റഫയിലുമെത്തി നില്‍ക്കുന്നത് ഇസ്‌റായേലിന്റെ വംശഹത്യ  ഭരണസംവിധാനത്തെ കൂടുതൽ കൂടുതൽ അടിവരയിടുന്നു. 

ലോക കോടതി കുറ്റക്കാരായി വിധിച്ച നെതന്യാഹുവിനും മന്ത്രി യുവാ ഗാലന്റിനും റഫയിലേക്കുള്ള കടന്നുകയറ്റത്തിനു പകരം മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാമായിരുന്നുവെങ്കിലും ലോക കോടതിയെയും അനുബന്ധ സ്ഥാപനങ്ങളെയും വീണ്ടും നോക്കുകുത്തിയാക്കുകയായിരുന്നു അവർ.

ഇസ്‌റായേലിന്റെ ബോംബുകള്‍ ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ താത്കാലികമായി നിര്‍മിക്കപ്പെട്ട ടെന്റുകളില്‍ ഉമ്മമാര്‍ക്കരികില്‍ കിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ ഗളഛേദം നടത്തുകയും ഫലസ്തീന്‍ ഭൂമികയില്‍ വിനാശം വിതച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്. പകല്‍ വെളിച്ചം പോലെ വ്യക്തമായ ഇസ്‌റായേല്‍ പട്ടാള നരഭോജികൾ സുരക്ഷിത മേഖലയിലെ അശരണരായ ഫലസ്തീനികള്‍ക്കെതിരെ ചെയ്തുകൂട്ടിയ ഈ ഹീനകൃത്യത്തെ നെതന്യാഹുവിന്റെ പ്രസിഡന്‍ഷ്യല്‍ ഓഫീസ് ന്യായീകരിച്ചത് സംഭവം പട്ടാളക്കാരില്‍ നിന്നും അബദ്ധത്തില്‍ സംഭവിച്ചതായിരുന്നു എന്നായിരുന്നു. 

പക്ഷെ, ലോകോത്തര നിലവാരമുള്ള നിരീക്ഷണ സംവിധാനവും അമേരിക്കയുടെ അകമഴിഞ്ഞ സഹായവും ലഭിച്ചുകൊണ്ടിരിക്കുന്ന ഇസ്‌റായേല്‍ സൈന്യത്തിന് ഫലസ്തീന്‍ പ്രതിരോധ മുഖത്തെയും സ്ത്രീകളും കുട്ടികളും തിങ്ങിപ്പാര്‍ക്കുന്ന അഭയാര്‍ഥി ടെന്റുകളെയും മാറിപ്പോയി എന്ന് പറയുന്നതില്‍ പരം കളവ് എന്താണുള്ളത്. 

അബദ്ധത്തിലാണിവയെല്ലാം സംഭവിച്ചതെങ്കില്‍ ആയിരങ്ങളെ വീണ്ടും കൊല്ലാകൊല ചെയ്ത റഫയിലും പരിസരപ്രദേശമായ മവാസിയിലും തുടര്‍ന്ന് സംഭവിച്ച നരഹത്യകളെകുറിച്ച് എന്ത് ന്യായീകരമാണ് ഇസ്‌റായേലിന് നല്‍കാനുള്ളത്. ഒക്ടോബര്‍ ഏഴ് മുതല്‍ ഭൂരിപക്ഷം സ്ത്രീകളും കുട്ടികളും വരുന്ന ഏകദേശം ഒരുലക്ഷത്തി മുപ്പതിനായിരം ഫലസ്തീനികളെ നരകതുല്യം കൊന്നുതള്ളിയതിന്റെ പിന്നില്‍ എന്ത് യുക്തിയാണുള്ളത്. 

യഥാര്‍ഥത്തില്‍ നമ്മള്‍ പറഞ്ഞുവരുന്ന ‘ടെന്റ് മസാക്കര്‍’ അബദ്ധത്താലോ അറിയാതെയോ സംഭിവിച്ചതായിരുന്നില്ല. ഇതിനെല്ലാം പിന്നില്‍ നെതന്യാഹുവിന്റെ കുടിലയുക്തി കുടികൊണ്ടിരുന്നു. കാരണം,  റഫയില്‍ കയറുന്നതിനെ നിരോധിച്ചുകൊണ്ടുള്ള ലോക കോടതിയുടെ ശാസനകള്‍ക്ക് ഇസ്‌റായേലിനെ പിടിച്ചുനിറുത്താൻ ആവില്ലെന്നുള്ള സന്ദേശം കൈമാറാനായിരുന്നു നെതന്യാഹു തൻ്റെ തുടർ അക്രമപ്രവർത്തനങ്ങളിലൂടെ ശ്രമിച്ചത്. 

ലോകം ഭീതിയോടെ നോക്കിക്കണ്ട ആ ഹീന സന്ദേശത്തിന്റെ ശ്രോദ്ധാക്കള്‍ കേവലം ലോക കോടതിയിലെ വിധികര്‍ത്താക്കള്‍ മാത്രമായിരുന്നില്ല. മറിച്ച് ആഗോളജനതയെയായിരുന്നു നെതന്യാഹു ഈ പ്രകടമായ നിയമലംഘനത്തിലൂടെ ലക്ഷ്യം വെച്ചിരുന്നത്. വാര്‍ ക്യാബിനറ്റിലെ പ്രതിയോഗികളോട് എതിരിട്ട് നിന്ന് കരുത്തനായൊരു ഇസ്‌റായേല്‍ നേതാവായി സ്വയം അവരോധിക്കുകയാണ് നെതന്യാഹു ചെയ്യുന്നത്. ജൂത ജനത ഒറ്റക്ക് നിലനില്‍ക്കുമെന്ന് നെതന്യാഹു ഇടക്കിടെയായി പറയുന്നതും ഇതിന്റെ ഭാഗമായായിരുന്നു. 

മെയ് 25 ന് റഫ അക്രമണത്തിന്റെ ഒരു ദിവസം മുമ്പ് നെതന്യാഹുവിനെ ഫലസ്തീന്‍ പ്രതിരോധ നേതൃത്വം ഇസ്‌റായേല്‍ പട്ടാളക്കാരെ പിടികൂടിയതായി അറിയിച്ചിരുന്നു. സൈനിക തന്ത്ര കാഴ്ചപ്പാട് വച്ച് മറ്റു ഇസ്‌റായേല്‍ തടവുപുള്ളികളെ മോചിപ്പിക്കാനായി ഗസ്സയിലെത്തിയ ഇസ്‌റായേല്‍ പട്ടാളത്തെ ഫലസ്തീന്‍ പ്രതിരോധ നേതൃത്വം പിടികൂടുകയെന്നത് ഒരു ‘ഗയിം ഓവര്‍’ ഘട്ടമാണ്. 

അൽ ഖസ്സാം സൈനിക വാക്താവ് അബൂ ഉബൈദയുടെ മേൽ സൂചിപ്പിക്കപ്പെട്ട പ്രസ്താവനക്കപ്പുറം ഗസ്സ പ്രതിരോധ വൃത്തം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ അവസാനം കൊല്ലപ്പെട്ട ഇസ്‌റായേല്‍ കേണല്‍ അസഫ് ഹമാമിയെ പിടികൂടിയ വാര്‍ത്ത പുറത്തുവിട്ട പോലെ ഏത് സമയത്ത് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവിടണം എന്നതില്‍ ഹമാസ് പ്രതിരോധ നേതൃത്വം അഗ്രകണ്യരാണ്. ഇവിടെ റഫ പിടിച്ചടക്കല്‍ കേന്ദ്രീകരിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ട് തങ്ങളുടെ തടവിലാക്കപ്പെട്ട പട്ടാളക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാതിരിക്കാൻ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് നെതന്യാഹുവും സൈന്യവും. 

അമേരിക്കക്കും മധ്യസ്തരായ ഈജിപ്തിനും ഖത്തറിനും എങ്ങനെയെങ്കിലും യുദ്ധമവസാനിപ്പിക്കണമെന്ന് കരുതുന്ന വാര്‍ ക്യാബിനറ്റിനും റഫയിലെ കൂട്ടക്കൊല പുതിയ സന്ദേശങ്ങളാണ് നല്‍കുന്നത്. പാരീസിലും ദോഹയിലും വെച്ചു നടന്ന സംഭാഷണങ്ങളില്‍ നിന്നും ഒരു പുതിയ മുന്നേറ്റം മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും നെതന്യാഹുവിനും സംഘത്തിനും അത് തങ്ങളുടെ തോല്‍വി സമ്മതിക്കുന്നത് പോലെയായിരുന്നു. 

അതു കൊണ്ടു തന്റെ രാഷ്ട്രീയ ഭാവിക്ക് മങ്ങലേല്‍പ്പിക്കുന്ന യാതൊരു പ്രവര്‍ത്തനങ്ങള്‍ക്കും മുതിരാത്ത നെതന്യാഹു ദോഹയിലെ കരാര്‍ മറികടന്നുകൊണ്ട് റഫയില്‍ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കുകയായിരുന്നു. ഇതേ കാരണത്താലായിരുന്നു മധ്യസ്ഥത വഹിച്ചിരുന്ന ഈജിപ്തിലെ പട്ടാളക്കാര്‍ക്കു നേരെ ഇസ്‌റായേല്‍ പട്ടാളം വെടിയുതിര്‍ത്തതും. യുദ്ധവിരാമചര്‍ച്ചകളില്‍ പ്രധാന മധ്യസ്ഥതയില്‍ നിന്നിരുന്ന ഈജിപ്ത് പട്ടാളക്കാര്‍ക്ക് നേരെയുള്ള ഇത്തരമൊരു പ്രവര്‍ത്തനം അവരുടെ ഗവര്‍ണ്‍മെൻ്റിനെ കളിയാക്കുന്നതും തദ്ദേശീയ ജനങ്ങളെ അവഹേളിക്കുന്നതുമാണ്.

യഥാര്‍ഥത്തില്‍ യുദ്ധമവസാനിപ്പിക്കാനുള്ള യാതൊരു തന്ത്രവും നെതന്യാഹുവിന്‍‌റെ പക്കലില്ലെങ്കിലും ഇത്രയും കാലം നെതന്യാഹു ചെയ്ത് കൂട്ടിയതെല്ലാം ഒരര്‍ഥത്തില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ അതിജീവനത്തെ ലക്ഷ്യം വെച്ച് കൊണ്ടുള്ളതായിരുന്നു.  ഇവിടെ ഇത്തരം രാഷ്ട്രീയ ചീട്ടുകളിറക്കലും തുടരത്തുടരെ പൗരന്മാര്‍ക്കെതിരെ കൂട്ടക്കൊലകള്‍ നടത്തിക്കൊണ്ടിരിക്കലും തങ്ങളുടെ കൂടെ വാഷിങ്ടണുണ്ടാകുമെന്ന ധൈര്യത്തിൽ മാത്രമാണെന്ന് നമുക്ക് സിദ്ധാന്തിക്കാം. യഥാര്‍ഥത്തില്‍ തങ്ങള്‍ യുദ്ധം തോറ്റിട്ടുണ്ടെന്നും അതിന്റെ ഫലങ്ങളെ കുറിച്ചും ഇസ്‌റായേല്‍ സൈന്യത്തിന് നന്നായി അറിയാം. തങ്ങളുടെ കുടില താത്പര്യങ്ങള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഇസ്‌റായേലിവിടെ.

വിവ: സൽമാൻ കൂടല്ലൂർ

Related Articles