Current Date

Search
Close this search box.
Search
Close this search box.

മോദിക്ക് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുന്നു

ഒരിക്കല്‍ അതിനെ അയോധ്യയിലെ സൂര്യ തിലകം എന്നാണ് വിളിച്ചിരുന്നത്. ടെമ്പിള്‍ പൊളിറ്റിക്‌സിന് ലഭിച്ച നിരാകരണം ഉത്തര്‍പ്രദേശ് മുതല്‍ വാരണാസിയിലെ എം.പിക്ക് വരെയുള്ള ഒരു സന്ദേശമാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് ഡല്‍ഹിയിലെ സിംഹാസനം സമ്മാനിച്ച സംസ്ഥാനം ഇത്തവണ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മോശം തെരഞ്ഞെടുപ്പ് പരാജയമാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.

അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കുറവായതിനാല്‍, അദ്ദേഹത്തിന് ചെയ്യാനുള്ള ഏറ്റവും ധാര്‍മ്മികമായ പ്രവൃത്തി എന്നത് അധികാരത്തില്‍ നിന്നും താഴെയിറങ്ങി ബി.ജെ.പിക്ക് പുതിയ ഒരു നേതാവിനെ തെരഞ്ഞെടുക്കുക എന്നതാണ്. അദ്ദേഹം അങ്ങിനെ ചെയ്യുന്നതിന് ഏഴ് ശക്തമായ കാരണങ്ങളുണ്ട്. അവയാണ് താഴെ.

ഒന്ന്

അദ്ദേഹം ഈ തെരഞ്ഞടുപ്പിലുടനീളം സ്വന്തം പേര് മാത്രം ഉപയോഗിച്ചും തനിക്ക് വേണ്ടിയുമാണ് വോട്ട് തേടിയത്. പാര്‍ട്ടിയുടെ പ്രകടന പത്രിക പോലും ‘മോദി കി ഗ്യാരണ്ടി’ എന്ന പേരിലായതിനാലും അടുത്ത സര്‍ക്കാരിനെ നയിക്കാന്‍ അദ്ദേഹത്തിന് ധാര്‍മികമോ രാഷ്ട്രീയമോ ആയ അവകാശമില്ല. വിരോധാഭാസമെന്നു പറയട്ടെ, പ്രകടനപത്രികയില്‍ ‘മോദി’ എന്ന വാക്ക് 67 തവണയാണ് പരാമര്‍ശിച്ചത്. ഇതിന് സമാനമായ എണ്ണം സീറ്റുകള്‍ ആണ് 2019ല്‍ നിന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഇത്തവണ നഷ്ടമായത്.

രണ്ട്

രണ്ടാമതായി, പല സംസ്ഥാനങ്ങളിലും അദ്ദേഹത്തിന്റെ കേന്ദ്രമന്ത്രിമാരില്‍ പലരും സമ്പൂര്‍ണ്ണ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇത് അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ തോല്‍വിയെയാണ് സൂചിപ്പിക്കുന്നത്. സ്മൃതി ഇറാനി, അജയ് മിശ്ര തേനി, അര്‍ജുന്‍ മുണ്ട, കൈലാഷ് ചൗധരി, സഞ്ജീവ് ബല്യാന്‍, മഹേന്ദ്ര നാഥ് പാണ്ഡെ, കൗശല്‍ കിഷോര്‍, രാജീവ് ചന്ദ്രശേഖര്‍, സാധ്വി ജിയോ നിരഞ്ജന്‍, പ്രതാപ് സിംഗ് വര്‍മ്മ, കപില്‍ മൊറേശ്വര്‍ പാട്ടീല്‍, ആര്‍.കെ. സിംഗ്, വി മുരളീധരന്‍, എല്‍ മുരുകന്‍, റാവുസാഹേബ് ദാദാറാവു ദന്‍വെ, സുഭാഷ് സര്‍ക്കാര്‍ തുടങ്ങിയവര്‍ ആണ് ഇതില്‍ പ്രമുഖര്‍. മന്ത്രിമാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുമ്പോള്‍, മന്ത്രിമാരുടെ ഒരു കൗണ്‍സിലും കപ്പലും ഒരുമിച്ചു മുങ്ങുകയും ചെയ്യുമ്പോള്‍ അദ്ദേഹവും ഈ പുറത്താക്കപ്പെട്ട ടീമിന്റെ കൂടെ ചേരണം.

മൂന്ന്

മൂന്നാമതായി, അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് വൈകിയപ്പോള്‍ അദ്ദേഹം രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ‘ദാരോ മാത് (ഭയപ്പെടല്ലേ)’ എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അവിടെ അവസാന നിമിഷം കോണ്‍ഗ്രസ് പുതുമുഖമായ കിഷോരിലാലിനെ രംഗത്തിറക്കി സ്മൃതി ഇറാനിയെ 1,67,196 വോട്ടുകള്‍ക്കാണ് നിലംപരിശാക്കിയത്. ഇത് മോദിക്ക് വാരണാസിയില്‍ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷമുണ്ട്.

നാല്

അയോധ്യയില്‍ നിന്നുള്ള അടി. അദ്ദേഹത്തിന്റെ വിനാശകരമായ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രമായി മാറിയ നഗരം, തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഈ കഴിഞ്ഞ ജനുവരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ക്ഷേത്രം അദ്ദേഹം തിടുക്കത്തില്‍ ഉദ്ഘാടനം ചെയ്ത നഗരം ഇന്ന് അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ‘അയോധ്യ’ എന്ന വാക്കിന്റെ അര്‍ത്ഥം ‘വിജയിക്കാന്‍ കഴിയാത്തത്’ എന്നാണ്.

അഞ്ച്

10 വര്‍ഷം മുന്‍പ് യു.പിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ വിജയ പരമ്പര ആരംഭിച്ചത്, എന്നാല്‍ ഇന്ന് അത് കോവിഡ് മഹാമാരിയില്‍ അടക്കം ചെയ്യപ്പെട്ട അദ്ദേഹം ഒരിക്കലും അംഗീകരിക്കാത്തഎണ്ണമറ്റ ശവങ്ങള്‍ പോലെ രൂപാന്തരപ്പെട്ടിരിക്കുകയാണ്. നാല് പതിറ്റാണ്ടിന് ശേഷം അലഹബാദ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു, ബിജെപി 58,795 വോട്ടിനാണ് അവിടെ പരാജയപ്പെട്ടത്. 2014-ല്‍ സംസ്ഥാനത്ത് നിന്ന് 71 സീറ്റും 2019-ല്‍ 62 സീറ്റും നേടിയിരുന്ന അദ്ദേഹത്തിന് ഇത്തവണ 33 സീറ്റാണ് അവിടെ നിന്നും നേടാനായത്. ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തിന് 30 സീറ്റുകള്‍ കുറവായതിനാല്‍, യു.പിയില്‍ നിന്നുള്ള ഈ സന്ദേശം അവഗണിക്കരുത്.

ആറ്

മണിപ്പൂരില്‍ നിന്നുള്ള അടി. സംസ്ഥാനത്തെ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തില്‍ വിജയിക്കുമ്പോള്‍, മോദി പുകഞ്ഞുകത്താന്‍ വിട്ടുകൊടുത്ത ഒരു ജനതയുടെ മറുപടി അവഗണിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല.

ഏഴ്

ഏറ്റവും പ്രധാനമായി, അദ്ദേഹം അജയ്യനാണെന്നുള്ള മിത്ത് ഒരിക്കല്‍ കൂടി തകര്‍ന്നിരിക്കുന്നു. ഇത് യു.പിയില്‍ മാത്രമല്ല, ഹിന്ദി സംസാരിക്കുന്ന നിരവധി സംസ്ഥാനങ്ങളിലും മറ്റിടങ്ങളിലും അദ്ദേഹത്തിന് നിര്‍ണായക സീറ്റുകള്‍ നഷ്ടപ്പെട്ടു. വിഷം കലര്‍ന്ന പ്രസംഗം നടത്തിയ ബന്‍സ്വാരയെ കുറിച്ച് പറയേണ്ടതില്ലെങ്കിലും അവിടുത്തെ ജനങ്ങള്‍ അദ്ദേഹത്തെ 2.47 ലക്ഷം വോട്ടുകള്‍ക്കാണ് തള്ളിക്കളഞ്ഞത്.

തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം അദ്ദേഹം പരാജയം രുചിക്കാതെയാണ് മുന്നോട്ടു പോയത്. ഗുജറാത്ത് നിയമസഭയില്‍ മുഖ്യമന്ത്രിയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് പ്രധാനമന്ത്രിയായി പാര്‍ലമെന്റിലും. കൂട്ടുകക്ഷി സര്‍ക്കാരുകളെ ‘ദുര്‍ബലം’ എന്ന് പരിഹസിക്കുകയും ഊതിപ്പെരുപ്പിച്ചതും വ്യാജമായതുമായ പൗരുഷം പ്രകടിപ്പിക്കുകയും ചെയ്ത ആ മനുഷ്യന്‍ ജീവിതത്തിലാദ്യമായി ഇപ്പോള്‍ തന്റെ സഖ്യകക്ഷികളുടെ കാരുണ്യത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത്. എപ്പോള്‍ വേണമെങ്കിലും തന്റെ കാല്‍ക്കീഴില്‍ നിന്ന് പരവതാനി വലിച്ചെടുക്കാന്‍ അവര്‍ക്ക് കഴിയും. അന്തസ്സിന്റെ അവശിഷ്ടങ്ങള്‍ എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ 56 ഇഞ്ച് നെഞ്ചുള്ള ആ മനുഷ്യന്‍ നിശബ്ദമായി കാശിയിലെ മലനിരകളിലേക്ക് സന്യാസത്തിന് പോകുകയും ഒരു എം.പി എന്ന നിലയില്‍ അടുത്ത അഞ്ച് വര്‍ഷം ആ നഗരത്തിന്റെ പ്രാദേശിക വികസന പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുകയുമാണ് ചെയ്യേണ്ടത്.

 

അവലംബം: ദി വയര്‍

വിവ: പി.കെ സഹീര്‍ അഹ്‌മദ്

 

Related Articles