Current Date

Search
Close this search box.
Search
Close this search box.

ഗണിതശാസ്ത്രവും മുസ്‌ലിംകളും

ഗണിതശാസ്ത്രം ചിന്തയെ ഉണര്‍ത്തുന്നതിനും കഴിവുകള്‍ക്ക് മൂര്‍ച്ചകൂട്ടുന്നതിനും ബുദ്ധി വികസിപ്പിക്കുന്നതിനും ഉതകുന്ന ഒരുതരം ജ്ഞാനശാഖയായത് കൊണ്ട് തന്നെ അതിന് ആകര്‍ഷകമായ മനോഹാരിതയും സവിശേഷമായ സൗന്ദര്യവുമുണ്ട്. ജ്യോതിശാസ്ത്രത്തിന്റെയും ബഹിരാകാശ ഗവേഷണ രംഗത്തെ കണ്ടുപിടിത്തങ്ങളുടേയും നമ്മുടെ നിത്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ആഴ്ന്നിറങ്ങി ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന പല ഇലക്ട്രോണിക് ഉപകരണങ്ങളുടേയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗണിതശാസ്ത്രത്തിന് വലിയ പങ്കുണ്ട്. ഗണിതശാസ്ത്രത്തിന് തുല്യമായ ഒന്നും തന്നെയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം, ഓരോ വിഷയത്തിലും അത് ഉള്‍ക്കൊള്ളുന്ന കൃത്യതയും ലോജിക്ക്‌സും മറ്റൊരു ശാസ്ത്രശാഖയുമായും താരതമ്യപ്പെടുത്താനാവാത്തവിധം സമ്പന്നമാണ്.

ഏതൊരു കാര്യവും അതിന്റെ പൂര്‍ണ്ണമായ കൃത്യതയില്‍ യൂക്തസഹമായി അവതരിപ്പിക്കുന്നിടത്താണ് ഗണിതശാസ്ത്രത്തിന്റെ വിജയം. ഗണിതശാസ്ത്രപരമായി തെളിയിക്കപ്പെട്ട ഒരു സിദ്ധാന്തം യാഥാര്‍ഥ്യമാണോ അല്ലയോ എന്ന് രണ്ടാമതൊരു ആലോചന നടത്താതെത്തന്നെ സ്വീകരിക്കാന്‍ എല്ലാവരുടേയും മനസ്സ് പാകപ്പെട്ടിരിക്കുന്നു.

ഒട്ടുമിക്ക ശാസ്ത്രത്തിന്റെയും പ്രധാന മാധ്യമങ്ങള്‍ പരീക്ഷണങ്ങളും ധാരണകളുമാണ്. യാഥാര്‍ഥ്യവുമായി ചിലപ്പോള്‍ ശരിയാവാം, ചിലപ്പോള്‍ ശരിയാവാതാരിക്കാം എന്ന രീതിയിലുള്ള ധാരണകളെയാണ് ലളിതമായി ശാസ്ത്രം എന്ന് വിളിക്കുന്നത്. അതിനാല്‍തന്നെ, ജ്യോതിശാസ്ത്രവും ഭൗതികശാസ്ത്രവുമൊക്കെ പലപ്പോഴും അംഗീകാരത്തിനും നിഷേധത്തിനുമൊക്കെ വിധേയമായിട്ടുണ്ട്. ഓരോ കാലത്തും പുതിയ പരീക്ഷണങ്ങള്‍ നടത്തി പുതിയ തെളിവുകള്‍ കണ്ടുപിടിച്ച് പഴയ സിദ്ധാന്തങ്ങളെ തിരുത്തുകയും മാറ്റിപ്പറയുകയും ചെയ്ത ഉദാഹരണങ്ങള്‍ ശാസ്ത്രചരിത്രത്തില്‍ നിരവധിയാണ്. വസ്തുക്കളെ കാണുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രം, വൈദ്യുതിയുടെ പ്രവാഹത്തെക്കുറിച്ചുള്ള ശാസ്ത്രം, ജ്യോതിശാസ്ത്രം, പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണകള്‍ തുടങ്ങിയവയൊക്കെ പലപ്പോഴായി ശാസ്ത്രം തിരുത്തിപ്പറഞ്ഞ കാര്യങ്ങളാണ്. എന്നാല്‍ ഈ വിഷയത്തില്‍ മറ്റു ശാസ്ത്രശാഖകളില്‍ നിന്ന് വ്യത്യസ്തമാണ് ഗണിതശാസ്ത്രമേഖല. ഗണിതശാസ്ത്രത്തിന്റെ സവിശേഷ സ്വഭാവങ്ങളില്‍പെട്ടതാണ് അതിന്റെ യുക്തിബോധവും അത് മുന്നോട്ടുവെക്കുന്ന നിശ്ചദാര്‍ഢ്യവും. കേവലം ധാരണകള്‍ക്കപ്പുറം ഉറച്ച ബോധ്യങ്ങളാണ് ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനം എന്നത് കൊണ്ട് തന്നെ ഗണിതത്തെ ”ശാസ്ത്രത്തിന്റെ രാജ്ഞി” എന്നാണ് വിളിക്കപ്പെടുന്നത്. മനുഷ്യന്‍ കാലങ്ങളായി കൈവരിച്ച എല്ലാ നേട്ടങ്ങള്‍ക്ക് പിറകിലും ഗണിതശാസ്ത്രയുക്തിയെ കൃത്യമായി നമുക്ക് കാണാവുന്നതാണ്.

ഗണിതശാസ്ത്രം ഒരു രസകരമായ വിഷയമാണെങ്കില്‍ പോലും അത് പഠിക്കാനും അതില്‍ ഗവേഷണങ്ങള്‍ നടത്താനുമുള്ള ഒരു ത്വര പലരിലും കാണുന്നില്ല എന്നത് ഒരു വസ്തുതയാണ്. ഗണിതം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഇടര്‍ച്ച വരുന്ന ഒരു പ്രവണതയാണ് പലവിദ്യാര്‍ഥികളിലും കണ്ടുവരുന്നത്. ഗണിതശാസ്ത്രത്തിന്റെ തത്ത്വങ്ങള്‍, സിദ്ധാന്തങ്ങള്‍, നിയമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഗ്രാഹ്യക്കുറവാണ് ഇതിന് പ്രധാന കാരണം. ഗണിതശാസ്ത്രനിയമങ്ങള്‍ ഗ്രഹിക്കാനുള്ള വൈകല്യങ്ങള്‍ ജനിതകമായി ഉണ്ടാകുന്നതല്ലെന്നും നാമായിട്ട് ഉണ്ടാക്കുന്നതാണെന്നുമുള്ള കാര്യത്തില്‍ സംശയമില്ല.

Also read: ചോദ്യങ്ങളും ജനാധിപത്യവും

ഗണിതശാസ്ത്രത്തിന്റെ നിര്‍വചനം
ഗണിതശാസ്ത്രജ്ഞര്‍ ഈ ശാസ്ത്രത്തെ നിരവധി നിര്‍വചനങ്ങള്‍ ഉപയോഗിച്ച് പരിചയപ്പെടുത്തുന്നുണ്ട്. അവയെ നമുക്കിങ്ങനെ സംഗ്രഹിക്കാം. ഒരു കാര്യം അറിയുക വഴി മറ്റൊരു കാര്യം അറിയുന്നതിലേക്ക് ആദ്യചുവട് വെക്കുന്നു എന്ന അടിസ്ഥാന തത്വത്തില്‍ നിന്ന് കൊണ്ട് ബുദ്ധി ഉപയോഗിച്ച് പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്ന അറിവിന് ഗണിതശാസ്ത്രരം എന്ന് വിളിക്കുന്നുവെന്ന് ചിലര്‍ നിര്‍വചിക്കുന്നു. നിയമങ്ങള്‍, സിദ്ധാന്തങ്ങള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ശാസ്ത്രശാഖയാണ് ഗണിതമെന്ന് മറ്റു ചിലര്‍ പറയുന്നു. ഗണിതശാസ്ത്രം പഠിക്കാനുള്ള ഒരു വിദ്യാര്‍ഥിയുടെ കഴിവ് അളക്കുന്നത് പ്രശ്‌നം പരിഹരിക്കുന്നതിനും ഉചിതമായ തെളിവുകള്‍ സമര്‍പ്പിക്കുന്നതിനുള്ള വിദ്യാര്‍ഥിയുടെ സിദ്ധിയും പ്രാപ്തിയും നോക്കിയാണെന്ന് എല്ലാവരും അംഗീകരിക്കുന്നു. ലളിതമായിപ്പറഞ്ഞാല്‍, അക്കങ്ങളുടേയും അവയുടെ വ്യത്യസ്തങ്ങളായ പാറ്റേണുകളുടേയും പഠനമാണ് ഗണിതശാസ്ത്രം.

അറബികളും മുസ്‌ലിംകളും ഗണിതശാസ്ത്രത്തെ സമീപിച്ച വിധം
ഒട്ടുമിക്ക ശാസ്ത്രശാഖകളുടേയും ഉത്ഭവ-വികാസ ചരിത്രത്തില്‍ അറബികള്‍ക്കും മുസ്‌ലിംകള്‍ക്കും തങ്ങളുടേതായ പങ്കുണ്ടായിരുന്നു എന്നത് ചരിത്രവസ്തുതയാണ്. ബീജഗണിതം, ജ്യാമിതി, ആല്‍ജിബ്ര, സംഖ്യാവിഭജനം, അക്കങ്ങള്‍, ഭിന്നസംഖ്യകള്‍ എന്നിവയുള്‍പ്പെടുന്ന സങ്കീര്‍ണ്ണമായ ശാസ്ത്രശാഖയായ ഗണിതശാസ്ത്രത്തിലും മുസ്‌ലിം ശാസ്ത്രപ്രതിഭകളുടെ വലിയതോതിലുള്ള സംഭാവനകള്‍ കാണാവുന്നതാണ്. മുസ്ലിം പണ്ഡിതന്മാരില്‍ ഭൂരിഭാഗവും ഗണിതശാസ്ത്രത്തില്‍ അവഗാഹം നേടിയവരായിരുന്നു. ഗണിതശാസ്ത്ര ലോകത്തെ പ്രതിഭാധനായ മുസ്ലിം പണ്ഡിതനായിരുന്നു അല്‍ ഖവാരിസ്മി. ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഇദ്ദേഹമാണ് ലോകത്തിനാദ്യമായി ആല്‍ജിബ്രയെന്ന പദം പരിചയപ്പെടുത്തുന്നത്.

ഹിസാബുല്‍ ജബ്‌റ് വല്‍ മുഖാബല എന്നതാണ് ഗണിതശാസ്ത്രത്തില്‍ ഇദ്ദേഹം നടത്തിയ ശ്രദ്ദേയമായ രചന. സംഖ്യാശാസ്ത്രത്തിലും ബീജഗണിത സമവാക്യങ്ങളിലും യൂറോപ്യര്‍ക്ക് വെളിച്ചം കാട്ടിയ ഈ കൃതി പന്ത്രണ്ടാം നൂറ്റാണ്ടില്‍തന്നെ ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഗണിതശാസ്ത്രജ്ഞനായിരുന്ന റോബര്‍ട്ട് ആണ് പ്രസ്തുത കൃതി തര്‍ജമ ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടുവരെ യൂറോപ്യന്‍ യൂനിവേഴ്‌സിറ്റികളില്‍ മുഖ്യഅവലംബഗ്രന്ഥമായി കണക്കാക്കപ്പെട്ടിരുന്ന കൃതിയായിരുന്നു അല്‍ ഖവാരിസ്മിയുടേത്. ജ്യോതിശാസ്ത്രം, അക്കങ്ങള്‍, അല്‍ഗോരിതം, ത്രികോണങ്ങള്‍, ഗ്രാഫുകള്‍ തുടങ്ങിയ ഒട്ടനേകം വിഷയങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന 27ഓളം രചനകള്‍ അല്‍ഖവാരിസ്മിയുടേതായിട്ടുണ്ട്.

Also read: ഹൃദയ നൈര്‍മല്യമുള്ളവരാകാന്‍ പത്ത് വഴികള്‍

വിശുദ്ധ ഖുര്‍ആനും ഗണിതവും
ഗണിതശാസ്ത്രമുള്‍പ്പെടെ സമൂഹത്തിന്റെ വളര്‍ച്ചക്ക് സഹായകമാകുന്ന എല്ലാ ശാസ്ത്രശാഖകളേയും ഇസ്‌ലാം സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. അല്ലാഹു പറയുന്നു: വ്യവസ്ഥാപിതമായിത്തന്നെയാണ് ഓരോ വസ്തുവും നാം സൃഷ്ടിച്ചിരിക്കുന്നത് (അല്‍ ഖമര്‍: 49), അല്ലാഹു അന്തരീക്ഷത്തില്‍ നിന്നു മഴ വര്‍ഷിച്ചു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ തോതനുസരിച്ച് വെള്ളപ്പൊക്കമുണ്ടായി. (സൂറ:അര്‍റഅ്ദ് 17), സൂര്യ ചന്ദ്ര സഞ്ചാരം ഒരു നിശ്ചിത കണക്കുപ്രകാരമാണ്. (സൂറ അര്‍റഹ്മാന്‍:5), അനന്തരം തങ്ങളുടെ യഥാര്‍ഥ യജമാനനായ അല്ലാഹുവിങ്കലേക്ക് അവര്‍ തിരിച്ചയക്കപ്പെടും. അതിദ്രുതം കണക്കുനോക്കുന്നവനാണവന്‍. (സൂറ അല്‍ അന്‍ആം: 61).

താഴെപ്പറയുന്ന രണ്ട് സൂക്തങ്ങള്‍ ഗണിതശാസ്ത്രം പഠിക്കാനും അഭ്യസിക്കാനും വിശ്വാസികളെ കൃത്യമായി ഉദ്‌ബോധിപ്പിക്കുന്നുണ്ട്. സൂറതുല്‍ ഇസ്‌റാഇല്‍ അല്ലാഹു പറയുന്നു: രാവിനെയും പകലിനെയും രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുകയാണു നാം. എന്നിട്ട് രാത്രിയെന്ന ദൃഷ്ടാന്തം നാം മായ്ച്ചു കളയുകയും പകലെന്ന ദൃഷ്ടാന്തം കാഴ്ചയുറ്റതാക്കുകയുമുണ്ടായി. നിങ്ങള്‍ക്ക് നാഥങ്കല്‍ നിന്നുള്ള അനുഗ്രഹങ്ങള്‍ തേടിപ്പിടിക്കുന്നതിനും കണക്കും വര്‍ഷങ്ങളുടെ എണ്ണവും അറിയാന്‍ വേണ്ടി ഓരോ കാര്യവും നന്നായി നാം പ്രതിപാദിച്ചിരിക്കുന്നു. (സൂറ ഇസ്‌റാഅ്:12) സൂറതുയൂനുസില്‍ അല്ലാഹു പറയുന്നു: സൂര്യനെ ജ്വലിക്കുന്ന വെളിച്ചവും ചന്ദ്രനെ പ്രഭയുമാക്കിയത് അവനാണ്. വര്‍ഷങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ക്കു ഗ്രഹിക്കാനായി അതിനവന്‍ വിവിധ സഞ്ചാര പഥങ്ങള്‍ നിര്‍ണയിച്ചു. ന്യായമായ ആവശ്യാര്‍ഥം മാത്രമേ അല്ലാഹു അവ സൃഷ്ടിച്ചിട്ടുള്ളൂ. വസ്തുതകള്‍ ഗ്രഹിക്കുന്നവര്‍ക്കായി അവന്‍ ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിക്കുന്നു. രാപ്പകലുകള്‍ മാറി വരുന്നതിലും ഭുവന-വാനങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയിലും സൂക്ഷ്മാലുക്കളായ ജനങ്ങള്‍ക്കു ദൃഷ്ടാന്തങ്ങളുണ്ട്. (സൂറ യൂനുസ്: 5,6).

അറബ് ലോകത്തെ സുപ്രസിദ്ധ രസതന്ത്രജ്ഞനായിരുന്ന ജാബിറ്ബ്ന്‍ഹയ്യാന്‍, സാബിത്ബ്‌നു ഖുര്‍റ തുടങ്ങിയ ഒട്ടനേകം പണ്ഡിതര്‍ ഗണിതശാസ്ത്രസംബന്ധിയായി ആഴത്തില്‍ പഠനങ്ങള്‍ നടത്തിയവരാണ്. അറബ് മുസ്‌ലിം പണ്ഡിതന്മാര്‍ പുരാതന ഗ്രീക്കുകാരായ ഗണിതശാസ്ത്രജ്ഞരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യുകയും അറബികളുടേതായ സംഭാവനകള്‍ നല്‍കി സംരക്ഷിക്കുകയും ചെയ്തതായി കാണാവുന്നതാണ്.

Also read: വലാഇനെയും ബറാഇനെയും ബിദ്അത്തിന്റെ അടയാളമായി കാണാമോ?

അബൂജഅ്ഫര്‍ അല്‍ മന്‍സൂറിന്റെ ഭരണകാലത്ത് പുരാതന അലക്‌സാണ്ട്രിയയിലെ ശാസ്ത്രജ്ഞാനായിരുന്ന ടോളമിയുടെ ചില കൃതികള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ അല്‍മാഗെസ്റ്റ് എന്ന പുസ്തകം. ഈ പുസ്തകത്തിന്റെ പേര് ഗ്രീക്കില്‍ ”എമെഗല്‍ മാത്തമാറ്റിക് ” എന്നാണ്. അതായത് ഗണിതശാസ്ത്രത്തിലെ ഏറ്റവും പുരാതനമായ ഗ്രന്ഥമാണതെന്നര്‍ഥം. ജ്യോതിശാസ്ത്രത്തെക്കുറിച്ചും അറിവ് നല്‍കുന്ന പ്രസ്തുത ഗ്രന്ഥത്തില്‍ നിന്നും മുസ്ലിംകള്‍ ഉള്‍ക്കൊള്ളേണ്ടത് സ്വീകരിക്കുകയും തിരുത്തേണ്ടത് തിരുത്തുകയും ചെയ്യുകയുണ്ടായി.

അറബ് ഗണിതശാസ്ത്രജ്ഞനായിരുന്ന അല്‍ ഖവാരിസ്മി എ.ഡി 825ല്‍ ഒരു പുസ്തകം എഴുതി. അതില്‍ ഇന്ത്യയില്‍ വികസിച്ച എണ്ണല്‍ സമ്പ്രദായത്തെക്കുറിച്ച് സവിസ്തരം വിവരിക്കുന്നുണ്ട്. ഇന്തോ-അറബ് സംഖ്യാ സമ്പ്രദായം എന്നറിയപ്പെട്ട ആ എണ്ണല്‍ സമ്പ്രദായത്തില്‍ പൂജ്യത്തോടു കൂടിയായിരുന്നു അക്കങ്ങള്‍ എണ്ണിയിരുന്നത്. എണ്ണല്‍ സംഖ്യകളുടെ കാര്യത്തില്‍ നിശ്ചയമില്ലാതെ വിഷമിച്ചിരുന്ന യൂറോപ്പിന് ആദ്യമായി എണ്ണല്‍ സംഖ്യകള്‍ പരിചയപ്പെടുത്തുന്നത് ഖവാരിസ്മിയായിരുന്നു. ഇന്ത്യയില്‍ നിന്നാണ് മുസ്‌ലിംകള്‍ ഇത് സ്വീകരിച്ചിരുന്നത്. ബീജഗണിതത്തെക്കുറിച്ച് അല്‍ ഖവാരിസ്മി രചിച്ച കനപ്പെട്ട ഗ്രന്ഥമായ അല്‍ ജബ്‌റ് വല്‍ മുഖാബലയില്‍ നിന്നാണ് യൂറോപ്യര്‍ ഇത് സ്വീകരിച്ചത്.

ബീജഗണിതം, ത്രികോണമിതി, ജ്യാമിതി തുടങ്ങിയ മേഖലകളില്‍ പ്രധാനപ്പെട്ട ഗണിതശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ രേഖപ്പെടുത്തിയ ഇസ്ലാമിക പണ്ഡിതരുടെ കൈകളില്‍ ഗണിതശാസ്ത്രം അതിവേഗം വികസിക്കുകയുണ്ടായി. അവരുടെ കൃതികള്‍ പാശ്ചാത്യപണ്ഡിതര്‍ ആശ്ചര്യപ്പെട്ടു. അവരില്‍ പലരും മുസ്‌ലിംകളുടേയും അറബികളുടേയും ഗണിതശാസ്ത്രപരമായ മുന്നേറ്റത്തെ പ്രശംസിച്ചു. മുസ്‌ലിംകളുടെ നാഗരികവളര്‍ച്ച സൂക്ഷ്മമായി വിശകലനം ചെയ്ത റോം ലാന്‍ഡോ പറയുന്നുണ്ട്: യുറോപ്പില്‍ സംഭവിച്ചത് പോലെ ഇസ്‌ലാമില്‍ മതവും ശാസ്ത്രവും ഭിന്നവഴികളല്ല പിന്തുടര്‍ന്നത്. മതം യഥാര്‍ഥത്തില്‍ ശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രചോദകശക്തിയായിരുന്നു. ഗണിതശാസ്ത്രത്തില്‍ പാശ്ചാത്യലോകത്തിന് അടിത്തറ പാകിയത് അറബികല്‍ വികസിപ്പിച്ചെടുത്ത ഗണിതശാസ്ത്രവിജ്ഞാനീയങ്ങളായിരുന്നു. ഹോളര്‍ പറയുന്നു: ടോളമിയുടെ കാലഘട്ടം മുതല്‍ നവോത്ഥാന കാലഘട്ടം വരെയുള്ള ഗണിതശാസ്ത്രത്തിലെ ഒരേയൊരു പുരോഗതി അറബികളുടെ ഭാഗത്ത് നിന്ന് മാത്രമായിരുന്നു. യൂറോപ്പില്‍ ഗണിതശാസ്ത്രത്തിന്റെ എല്ലാ ശാഖകളും റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിന് ശേഷമാണ് ആരംഭിക്കുന്നത്.

Also read: ഇസ് ലാമും ദേശീയതയും

അല്‍ഗോരിതവും മുസ്‌ലിംകളും
മുസ്‌ലിം ഗണിതശാസ്ത്രജ്ഞന്മാര്‍ ബാഗ്ദാദ്, ലെവന്റ്, ഈജിപ്ത്, മൊറോക്കോ, അന്‍ഡലൂഷ്യ, തുടങ്ങിയ ഇസ്‌ലാമിക ലോകത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. അത് പുരുഷന്മാരില്‍ മാത്രം പരിമിതപ്പെട്ടിരുന്നില്ല. ഗണിതശാസ്ത്രത്തിലും മറ്റു ശാസ്ത്രങ്ങളിലും നിരവധി നേട്ടങ്ങള്‍ കൈവരിച്ച ഒട്ടേറെ സ്ത്രീകളെ ചരിത്രത്തില്‍ കാണാം. ഉമ്മത് അല്‍ വാഹിദ് അതില്‍ പ്രധാനിയാണ്.

ഏറ്റവും പ്രശസ്തരായ മുസ്‌ലിം ഗണിതശാസ്ത്രജ്ഞന്മാരെ ചെറിയ രീതിയില്‍ നമുക്ക് പരിചയപ്പെടാം. എന്നാല്‍ ഈ നിര ഒരിക്കലും ഇതില്‍ മാത്രം പരിമിതപ്പെടുന്നില്ല.

ഇബ്‌നു സീന: അബുല്‍ അലി അല്‍ ഹുസൈന്‍ ബിന്‍ അബ്ദില്ല ബിന്‍ അല്‍ ഹസന്‍ ബിന്‍ അലി ബിന്‍ സീന എന്നതാണ് പൂര്‍ണനാമം. എ.ഡി 980ല്‍ ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ എന്ന പ്രദേശത്താണ് അദ്ദേഹം ജനിക്കുന്നത്. പത്ത് വയസ്സായപ്പോള്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കി. വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, തത്ത്വചിന്ത, മനഃശാസ്ത്രം, തുടങ്ങിയ ഒട്ടനേകം ശാസ്ത്രശാഖകളില്‍ ആഗാധമായ ജ്ഞാനമുള്ള ഒരു ബഹുമുഖ പ്രതിഭയാണ് ഇബ്‌നുസീന. യവനചിന്തകരായിരുന്ന പോര്‍ഫറിയുടേയും യൂക്ലിഡിന്റെയും ടോളമിയുടേയും അനവധി ഗ്രന്ഥങ്ങള്‍ വായിച്ചുതീര്‍ത്ത അദ്ദേഹം അതുമായി ബന്ധപ്പെട്ടൊക്കെ രചനകള്‍ നടത്തിയിട്ടുണ്ട്.

Also read: വൈവിധ്യങ്ങളുടെ മഴവിൽ കൂടാരം

ഒമര്‍ അല്‍ഖയ്യാം: ഒമര്‍ ബിന്‍ ഇബ്രാഹീം അല്‍ ഖയ്യാം അല്‍ നൈസാബൂരി എന്നതാണ് പൂര്‍ണനാമം. എ.ഡി 1048ല്‍ ജനിച്ചു. ഖയ്യാം എന്നാല്‍ കൂടാരനിര്‍മാതാവ് എന്നാണര്‍ഥം. ചെറുപ്പത്തില്‍ തന്നെ നെയ്ത്ത്, കൂടാരങ്ങള്‍ നിര്‍മിക്കല്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചത് കൊണ്ടാണ് അദ്ദേഹത്തിന് ആ പേര് ലഭിച്ചത്. ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, ഊര്‍ജ്ജതന്ത്രം തുടങ്ങിയ മേഖലകളില്‍ മികവ് പുലര്‍ത്തിയതിനാല്‍ അല്‍ ഖവാരിസ്മിക്ക് ശേഷം ബീജഗണിതത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയ മുസ്‌ലിം പണ്ഡിതന്മാരില്‍ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. അനലറ്റിക്കല്‍ ജ്യാമിതിയിലും മികവ് പുലര്‍ത്തിയ അദ്ദേഹം എക്‌സ്, വൈ എന്നീ സിംബലുകള്‍ ഉപയോഗിച്ച് പല സിദ്ധാന്തങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

അല്‍ ഖവാരിസ്മി: മുഹമ്മദ്ഇബ്‌നു മൂസ അല്‍ ഖവാരിസ്മി എന്നതാണ് പൂര്‍ണനാമം. എ.ഡി 780ല്‍ ഖവാരിസ്മില്‍ ആണ് ജനനം. പക്ഷെ ബാഗ്ദാദിലായിരുന്നു അദ്ദേഹം കൂടുതല്‍ കാലം താമസിച്ചിരുന്നത്. ഖലീഫ അല്‍ മഅ്മൂന്റെ ഭരണകാലത്ത് എഡി 813 മുതല്‍ 833 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹം ദാറുല്‍ ഹിക്മയില്‍ ജോലി ചെയ്തിരുന്നു. ഗോളശാസ്ത്രം, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, തുടങ്ങിയവയിലെല്ലാം അദ്ദേഹം വിശ്രുതനായിരുന്നു. അദ്ദേഹത്തിന്റെ നിരവധി രചനകള്‍ ലാറ്റിന്‍ ഭാഷ ഉള്‍പ്പെടെ ഒട്ടേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ഇന്നും അവലംബമായി സ്വീകരിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ഇല്‍മുല്‍ ഹിസാബ് എന്ന ഗ്രന്ഥം പൂജ്യത്തെക്കുറിച്ചും ഇന്ത്യന്‍ സംഖ്യകളെക്കുറിച്ചും വിശദമായി അറിയാന്‍ സഹായിക്കുന്നു. എ.ഡി 850ല്‍ അദ്ദേഹം മരണപ്പെട്ടു.

അല്‍ ബിറൂനി: മധ്യകാലഘട്ടത്തില്‍ ജീവിച്ച പ്രകൃതിശാസ്ത്ര രംഗത്തും ഗണിതശാസ്ത്ര രംഗത്തും അദ്വിതീയമായ സംഭാവനകളര്‍പ്പിച്ച പണ്ഡിതനാണ് മുഹമ്മദ് ഇബ്‌നു അഹ്മദ് അല്‍ബിറൂനി. ഭൂമി സ്വയം അച്ചുതണ്ടില്‍ കറങ്ങുന്നതിനെക്കുറിച്ചും ഭൂമിയുടെ അക്ഷാംശ-രേഖാംശങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ പഠനങ്ങള്‍ വളരെ കൃത്യമായി വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഭൂമിയുടെ ദൂരം അളന്നുതിട്ടപ്പെടുത്താന്‍ മാത്രം സമവാക്യം രൂപപ്പെടുത്തിയെടുക്കാന്‍ അല്‍ ബിറൂനിക്ക് സാധിച്ചിരുന്നു.

അല്‍ത്വൂസി: നസ്വ്‌റുദ്ദീന്‍ അല്‍ ത്വൂസി എന്നതാണ് പൂര്‍ണനാമം. വിവിധ ശാസ്ത്രപഠനങ്ങളില്‍ പ്രധാനപ്പെട്ട നിരവധി രചനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച്, ത്രികോണമതി, ജ്യാമിതി, ഗോളശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയില്‍ അതിയായ താത്പര്യമുണ്ടായിരുന്ന അദ്ദേഹം കിതാബുല്‍ ഖിതാആത് എന്ന പേരില്‍ ഒരു രചന നടത്തിയിട്ടുണ്ട്. ത്രികോണമതിയെ ആഴത്തില്‍ പഠനവിധേയമാക്കുന്ന ആദ്യത്തെ കൃതിയാണത്. നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു കൃതി കൂടിയാണത്.

Also read: ബെയ്‌റൂത്ത് സ്‌ഫോടനത്തിന് ഒരു മാസം; അവശേഷിക്കുന്നത് വേദനയും ദാരിദ്ര്യവും

ഗണിതശാസ്ത്രം നമ്മുടെ ദൈനംദിന ജീവിതവുമായി അങ്ങേയറ്റം ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. നിത്യേനെയുളള വാണിജ്യ ഇടപാടുകള്‍ നടത്തുമ്പോഴും സമൂഹവുമായി പല മേഖലകളിലും ഇടപെടുമ്പോള്‍ ഇത് ആവശ്യമായി വരുന്നു. ഈ ശാസ്ത്രത്തിന്റെ സൈദ്ധാന്തികമായ വളര്‍ച്ചയില്‍ മുസ്‌ലിം പണ്ഡിതന്മാരുടെ പങ്ക് ഒരിക്കലും അവഗണിക്കാന്‍ കഴിയില്ല. ഗണിതശാസ്ത്രം ഇന്നും വികസിച്ചുകൊണ്ടിരിക്കുകയാണ്. അബ്ബാസിയ്യ കാലഘട്ടത്തില്‍ അല്‍ഖവാരിസ്മിയെ ഗണിതശാസ്ത്രത്തില്‍ ശ്രദ്ധ ചെലുത്താന്‍ ഖലീഫ തന്നെ നിയോഗിക്കുകയായിരുന്നു. സംഖ്യകളുടെ വിഭജനം, അവയുടെ ഗുണിതങ്ങള്‍, ഭിന്നസംഖ്യകള്‍ തുടങ്ങിയവയുടെ സമവാക്യങ്ങള്‍ ഖവാരിസ്മി തന്റെ രചനകളിലൂടെ ജനങ്ങള്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയുണ്ടായി.

അറബികളും പൂജ്യവും
ശൂന്യം എന്നതിനെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു എണ്ണല്‍ സംഖ്യയാണ് പൂജ്യം. മൈനസ്
1നും പ്ലസ് 1നും ഇടയിലുളള ഒരു പൂര്‍ണസംഖ്യയാണിത്. വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ വൃത്താകാരത്തിലുള്ള ദീര്‍ഘചതുരമായോ ഒക്കെയാണ് സാധാരണ പൂജ്യം എഴുതാറുള്ളത്. സാര്‍വദേശീയമായി പുജ്യത്തെ സൂചിപ്പിക്കുന്നത് ‘0’ ഇപ്രകരമാണ്. ഈ പ്രതീകം നല്‍കിയതും പ്രചരിപ്പിച്ചതും അറബികളാണ്. ആദ്യകാലത്ത് ഒരു കുത്ത് ആയിട്ടായിരുന്നു പൂജ്യത്തെ സൂചിപ്പിച്ചിരുന്നത്. പിന്നീട് വ്യക്തതക്ക് വേണ്ടിയാണ് അതിന് ചുറ്റും ഒരു വൃത്തം വരക്കാന്‍ തുടങ്ങിയത്. അറബിയില്‍ ഇപ്പോഴും കുത്ത് ഉപയോഗിച്ചാണ് പുജ്യം എഴുതുന്നത്.

ഓരോ സംഖ്യയും ആ സംഖ്യയുമായി ബന്ധപ്പെട്ട കോണുകളെ അടിസ്ഥാനമാക്കിയുള്ള ഒരു ചിത്രീകരണത്തെ പ്രതിനിധീകരിക്കുന്നുണ്ട്. അതായത്, 1 ഒരു കോണിനേയും 2 രണ്ട് കോണുകളേയും പ്രതിനിധീകരിക്കുന്നുണ്ട്. അറബികള്‍ നേരത്തെതന്നെ ഈ സംഖ്യകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഏറെ വൈകിയാണ് യൂറോപ്പില്‍ ഇത് വ്യാപകമാകുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ അവസാനം വരെ യൂറോപ്പിലും ഇത് വ്യാപകമായിരുന്നില്ല.

ചരിത്രത്തില്‍ ആദ്യം
അറബികളും മുസ്ലിംകളും പല ശാസ്ത്രങ്ങളിലും പ്രത്യേകിച്ച് ഗണിതശാസ്ത്രത്തില്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഈ മേഖലയിലെ പല കണ്ടെത്തലുകളിലും അവര്‍ ഒന്നാമതായിരുന്നു.

* ആല്‍ജിബ്ര വികസിപ്പിക്കുകയും ആല്‍ജിബ്ര എന്ന പദം ആദ്യമായി ഉപയോഗിക്കുകയും അതിന്റെ തത്വങ്ങളും നിയമങ്ങളും ക്രമീകരിക്കുകയും ചെയ്ത ആദ്യ പണ്ഡിതന്‍ അല്‍ ഖവാരിസ്മി.
* സ്വാഭാവിക എണ്ണല്‍ സംഖ്യകളുടെ കൂട്ടത്തിലേക്ക് ആദ്യമായി പൂജ്യം ചേര്‍ത്തത് അല്‍ ഖവാരിസ്മി.
* സൗരവര്‍ഷത്തിന്റെ ദൈര്‍ഘ്യം ആദ്യമായി കണക്കാക്കിയത് എഡി.836ല്‍ ജനിച്ച അബൂ അല്‍ഹസന്‍ സാബിത് ഇബ്‌നുഖുറയാണ്.

Also read: സെൽഫ് എക്സ്‌പ്ലോറിങ്ങ് എന്നാൽ..

* ത്രികോണമിതി അനുപാതങ്ങള്‍ ആദ്യമായി കണ്ടുപിടിച്ചത് എ.ഡി 850ല്‍ ജനിച്ച അബൂ ജാബിര്‍ അല്‍ ബതാനി മുഹമ്മദ്ബിന്‍ സിനാന്‍ ആണ്.
* ക്യൂബിക് റൂട്ട് കണ്ടെത്തുന്ന രീതി ആദ്യമായി കാണിച്ചത് അബുല്‍ ഹസന്‍ അലി ബിന്‍ അഹ്മദ് അല്‍ നസവി.
* ആദ്യമായി സ്‌ക്വയര്‍ റൂട്ട് ഉപയോഗിച്ചത് അല്‍ ഖവാരിസ്മി ആണ്. എന്നാല്‍ ഗണിതശാസ്ത്ര ആവശ്യങ്ങള്‍ക്കായി ആദ്യമായി സ്‌ക്വയര്‍ റൂട്ട് ഉപയോഗിച്ചത് അബു അല്‍ ഹസ്സന്‍ അലി ബിന്‍ മുഹമ്മദ് അല്‍ ഖലസാദി അല്‍ അന്‍ദലൂസ് ആണ്. അങ്ങനെയാണ് ഈ ചിഹ്നം ലോകത്തിന്റെ വിവിധ ഭാഷകളിലേക്ക് വ്യാപിക്കുന്നത്.
* അറബ് മുസ്ലിം പണ്ഡിതന്മാരായ അബൂ അബ്ദുല്ല അല്‍ ബതാനി, അല്‍ സര്‍ഖാലി, നാസിറുദ്ദീന്‍ തൂസി എന്നിവരാണ് ആദ്യമായി ത്രികോണമിതി വികസിപ്പിച്ചെടുത്തത്. പുരോതന ഫറോവകള്‍ സ്ഥാപിച്ചതാണെങ്കിലും അതിനെ ഒരു സ്വതന്ത്രശാസ്ത്രമാക്കി മാറ്റുന്നതിനുള്ള ആധുനിക അടിത്തറപാകിയത് ഇവരാണ്.
* ഗണിതശാസ്ത്രത്തില്‍ ആദ്യമായി എക്‌സ്, വൈ ചിഹ്നങ്ങള്‍ ഉപയോഗിച്ചത് അറബ് മുസ്‌ലികളായിരുന്നു.
* യൂറോപ്പില്‍ അച്ചടിച്ച ഗണിതശാസ്ത്രത്തെക്കുറിച്ചുള്ള ആദ്യഗ്രന്ഥം മുസ്‌ലിം പണ്ഡിതനായ അബൂ അബ്ദില്ല അല്‍ ബത്വാനിയുടേതായിരുന്നു.

വിവ- അബ്ദുല്ലത്തീഫ് പാലത്തുങ്കര

Related Articles