Current Date

Search
Close this search box.
Search
Close this search box.

സ്ഥിരതയുള്ള സർക്കാരിന് പകരം സ്ഥിരതയുള്ള ജനാധിപത്യം

ഇന്ത്യ എന്ന ജനാധിപത്യ മതനിരപേക്ഷ ദേശ രാഷ്ട്രത്തിന്റെ ഭാവി നിർണ്ണയിക്കുന്ന ചൂണ്ടു പലകയായാണ് ലോകത്താകെയുള്ള സാമൂഹ്യ നിരിക്ഷകർ 2024 ലെ പൊതു തെരെഞ്ഞെടുപ്പിനെ കണ്ടത്. മോദി നേതൃത്വം നൽകുന്ന ബി.ജെ.പി ഭരണകൂടം തുടർച്ചയായി രണ്ട് ടേം പൂർത്തിയാക്കിയ ശേഷം അജയ്യമാണെന്നു കരുതി നേരിട്ട തെരെഞ്ഞെടുപ്പിൽ പരാജയത്തിനോട് തൊട്ട് നിൽക്കുന്ന വിജയം മാത്രം നേടി എൻ.ഡി.എ സർക്കാർ രൂപീകരിക്കാൻ പോകുന്ന സന്ദർഭത്തിലാണ് ഇതെഴുതുന്നത്.
കഴിഞ്ഞ 10 വർഷവും എൻ.ഡി.എ സർക്കാരല്ലേ എന്നു ചോദിച്ചാൽ അല്ല എന്നാണ് പറയാൻ കഴിയുന്ന ഉത്തരം. കഴിഞ്ഞ പത്തു വർഷം ഉണ്ടായിരുന്നത് ആർ.എസ്.എസ് അജണ്ടകളെ ചോദ്യമോ പറച്ചിലോ ഇല്ലാതെ പാർലമെൻ്റിൽ പാസ്സാക്കനോ നിയമമാക്കാനോ തടസ്സമില്ലാത്ത ബി.ജെ.പിയ്ക്ക് കേവല ഭൂരിപക്ഷത്തിനും മേലെയുള്ള അംഗീകൃത പ്രതിപക്ഷം പോലുമില്ലാത്ത സർക്കാരായിരുന്നു.

രാജ്യത്ത് പ്രതിപക്ഷ പാർട്ടികൾക്ക് ബി.ജെ.പി എന്ന പാർട്ടിയെയോ ആർ.എസ്.എസ് ആശയത്തെയോ എൻ.ഡി.എ എന്ന മുന്നണിയെയോ മാത്രം രാഷ്ട്രീയമായി നേരിട്ടാൽ മതിയാകുമായിരുന്നില്ല. ഇ.ഡി, ഐ.ടി, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജൻസികൾ, തെരെഞ്ഞെടുപ്പ് കമ്മീഷനടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾ, അദാനി-അംബാനി അടക്കമുള്ള കോർപ്പറേറ്റ് ഭീമൻമാർ, ഇന്ത്യയിലെ ഏതാണ്ടെല്ലാ മീഡിയകൾ എന്നിവരെല്ലാം ഒരു പക്ഷത്ത് നിന്ന് നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളോട് പടവെട്ടണമായിരുന്നു.

വിലക്കയറ്റം അടക്കം ജനജീവിതം ദുസ്സഹമാക്കുന്ന നിരവധി പ്രശ്നങ്ങളുള്ളപ്പോഴും പ്രധാനമന്ത്രിയുടെ പ്രധാന ജോലി വിദ്വേഷം മാത്രം പറയുക എന്നതായിരുന്നു. മുസ്ലിം വിരുദ്ധതയും ന്യൂനപക്ഷ വിരുദ്ധതയും സവർണ്ണ ജാതി അധീശത്വ ബോധവും നിറഞ്ഞ് കവിയുന്ന മീഡിയകളിലൂടെ വാർത്തെടുക്കപ്പെട്ട മോദി എന്ന ബിംബം ഏറ്റവും ശക്തനായി നിൽക്കുന്ന സമയം. പ്രതിപക്ഷത്ത രണ്ട് മുഖ്യമന്ത്രിമാർ ജിയിലിൽ. നിരവധി നേതാക്കൾ അന്വേഷണ ഏജൻസികൾ ചുമത്തിയ വ്യാജ കേസുകളാൽ പീഢിപ്പിക്കപ്പെടുന്നു. ചിലരൊക്കെ ഭയന്ന് കിട്ടിയ വിലയ്ക്ക് സ്വയം വിറ്റ് ബി.ജെ.പിയിലേക്ക് കുടിയേറുന്നു.

സംസ്ഥാന സർക്കാരുകളെ തങ്ങൾ പിരിച്ച് വിട്ടിട്ടില്ല എന്ന് വീമ്പിളക്കുന്നുണ്ടായിരുന്നു മോദി. പിരിച്ചു വിടേണ്ടതില്ലാത്ത വിധം ബി.ജെ.പിയുടെ അധികാര താത്പര്യത്തിന് രാഷ്ട്രീയമായി വഴങ്ങാത്ത സംസ്ഥാന സർക്കരുകളെ ഭരണഘടന ഉയർത്തുന്ന ഫെഡറൽ താത്പര്യം കാറ്റിൽ പറത്തി വരിഞ്ഞ് മുറുക്കിക്കൊണ്ടിരുന്നു. ഗവർണമാർ സർവ്വാധികാരികെപ്പോലെ പ്രതിപക്ഷ പാർട്ടികളുടെ സംസ്ഥാന സർക്കാരുകൾക്കെതിരെ ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. കേന്ദ്ര ഫണ്ടുകൾ തടഞ്ഞു വെച്ചു. സാധ്യമായ സംസ്ഥാന സർക്കരുകളെ എം.എൽ.എ മാരെ ഭീഷണിപ്പെടുത്തി വിലക്കെടുത്തു തങ്ങളുടേതാക്കി.

നിതാന്ത പ്രതിപക്ഷമായി ജനാധിപത്യത്തിന് കരുത്തു നൽകുന്ന പൌര സമൂഹത്തെ നിശബ്ദമാക്കി. ഭരണഘടനാ തത്വങ്ങൾ പറയുന്നവരെയും മതനിരപേക്ഷ ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്നവരെയും കള്ളക്കേസിൽ ജയിലിലടച്ചു. എൻ.ജി.ഒ കളെ ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടി. ശ്വസിക്കുന്നതുപോലും ഭയന്നു മാത്രം കഴിയുന്ന സാമൂഹ്യാവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചു. ഒന്നുകിൽ വഴങ്ങി ഹിന്ദുത്വയ്ക്ക് സ്തുതിപാടുക അല്ലെങ്കിൽ ജയിലേക്ക് പോകുക എന്ന രണ്ടേ രണ്ട് ഓപ്ഷൻ മാത്രമായി രാജ്യത്തുള്ളൂ എന്ന നിലയിലേക്ക് രാജ്യം എത്തിയ സാഹചര്യത്തിലാണ് പൊതു തെരെഞ്ഞെടുപ്പ് നടക്കുന്നത്.

മറുവശത്ത് രാജ്യത്തെ മുത്തശ്സി പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വന്തം ദൌർബല്യം തിരിച്ചറിഞ്ഞ് വിട്ടു വീഴ്ച ചെയ്ത് പ്രാദേശിക പാർട്ടികളെയും ഇടതു പാർട്ടികളെയും ആം ആദ്മി പോലെയുള്ള ചിര വൈരികളെയും ഒപ്പം കൂട്ടി ഇന്ത്യാ സഖ്യം രൂപീകരിച്ചു ബി.ജെ.പിയ്ക്കെതിരെ പോരാട്ടത്തിന് എതിർ മുഖം സൃഷ്ടിക്കാനായി. എന്നാൽ ഇന്ത്യാ സഖ്യ രൂപീകരണ പ്രക്രിയയിൽ ആദ്യം മുതലുണ്ടായിരുന്ന നിതീഷ് കുമാർ തെരെഞ്ഞടുപ്പിന് തൊട്ടു മുമ്പ് എൻ.ഡി.എ യിലേക്ക് ചാടുന്ന കാഴ്ചയാണ് കണ്ടത്.

പതിറ്റാണ്ടുകളായി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കോർ അജണ്ടയായി ബാബരി മസ്ജിദ് തകർത്തയിടത്ത് അയോദ്ധ്യയിലെ രാമക്ഷേത്രം സ്ഥാപിച്ച മൂന്ന് മാസങ്ങൾക്കുള്ളിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിഷ്ഠാ ചടങ്ങിന് കാർമികത്വം വഹിച്ച് ദൈവാവതാരമായി സ്വയം പ്രഖ്യാപിച്ചാണ് പ്രധാന മന്ത്രി തെരെഞ്ഞെടുപ്പിന് ഒരുങ്ങിയത്. ഇസ് ബാർ ചാർ സൌ പാർ (ഇത്തവണ നാനൂറ് കടക്കും) എന്ന ഹുങ്കാർന്ന മുദ്രാവാക്യം മുഴക്കാൻ ബി.ജെ.പിക്ക് എല്ലാ അർത്ഥത്തിലും സാദ്ധ്യമാകുന്ന തെരെഞ്ഞെടുപ്പ്.

സുതാര്യമായ വോട്ടെടുപ്പു പോലും പ്രതീക്ഷിക്കാനാവാത്ത സാഹചര്യത്തിൽ തെരെഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇഷ്ടക്കാരെ വെച്ച് പുനസംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന തെരെഞ്ഞെടുപ്പിൽ എന്തെങ്കിലും അത്ഭുതം നടക്കുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. എല്ലാ അഭിപ്രായ സർവ്വേകളും ബി.ജെ.പി നേടുന്ന ആധികാരിക വിജയം പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായി നടന്ന തെരെഞ്ഞെടുപ്പിൻ്റെ ആദ്യ രണ്ട് ഘട്ടങ്ങൾ പിന്നിട്ടപ്പോൾ തന്നെ പക്ഷേ ചിലത് മണക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാകാം പിന്നീട് മോദി പ്രചരണത്തിന്റെ മോഡ് തീവ്ര വിദ്വേഷമായി പരിവർത്തിപ്പിക്കുന്നതാണ് കാണാൻ കഴിഞ്ഞത്.

പോളിംഗ് കണക്കുകൾ പുറത്തു വിടുന്നതിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ പുലർത്തിയ സുതാര്യതയില്ലായ്മ പലേടത്തും പോളിംഗ് സ്റ്റേഷനുകളിൽ ബി.ജെ.പി ഇതര പാർട്ടികളുടെ ഏജൻ്റുമാരെ പ്രവേശിപ്പിക്കുന്നത് തടഞ്ഞ സാഹചര്യം ഇതെല്ലാം വെച്ച് നടന്ന തെരെഞ്ഞെടുപ്പ് അത്ര സുതാര്യമാണോ എന്ന സംശയം പോലും ഇപ്പോഴും നില നിൽക്കുന്നു.

ഇങ്ങനെയെല്ലാമുള്ള സാഹചര്യത്തിൽ പ്രതീക്ഷിക്കാവുന്ന ഏറ്രവും മികച്ച ഫലമാണ് ജൂൺ 4 ന് പുറത്തു വന്നത് എന്നതാണ് വസ്തുത. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണി നൂറ് കടക്കുമോ എന്ന് പോലും പ്രതീക്ഷയില്ലാതിരുന്ന സാഹചര്യത്തിൽ കോൺഗ്രസിന് 99 സീറ്റും ഇന്ത്യാ മുന്നണിക്ക് 232 സീറ്റുകൾ ലഭിച്ചു. നാനൂറ് കടക്കും എന്ന പ്രചരിപ്പിക്കപ്പെട്ട എൻ.ഡി.എ യ്ക്ക് 292 സീറ്റുകളാണ് ലഭിച്ചത്. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കും എന്ന് ഉറപ്പാക്കിയ ബി.ജെ.പിയാകട്ടെ 240 സീറ്റിലൊതുങ്ങി.
ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി ലഭിച്ച തെരെഞ്ഞെടുപ്പിൽ യു.പിയാണ് ഇന്ത്യാ സഖ്യത്തെ അകമഴിഞ്ഞ് പിന്തുണച്ച സംസ്ഥാനം.

ഏറ്റവും ശുഭാപ്തി വിശ്വാസമുള്ള ഇന്ത്യാ മുന്നണി അനുകൂലി പോലും 30 സീറ്റിലേറെ പ്രതീക്ഷിക്കാതിരുന്ന സംസ്ഥാനമാണ് യു.പി. ബി.ജെ.പിയാകട്ടെ ആകെയുള്ള 80 ൽ എഴുപത് സീറ്റെങ്കിലും ലഭിക്കും എന്ന കണക്കു കൂട്ടലിലായിരുന്നു. രാമക്ഷേത്ര നിർമ്മാണം, മഥുരയിലെ ഗ്യാൻ വ്യാപി മസ്ജിദ് പ്രശ്നം ഇതെല്ലാം തങ്ങളുടെ വിജയത്തെ ശക്തിപ്പെടുത്തും എന്ന് അവർ കരുതി. എന്നാൽ കർഷക പ്രക്ഷോഭം അടക്കം നിരവധി ജനങ്ങളുടെ പ്രശ്നങ്ങളെ ഉയർത്താനും ജാതി സെൻസസ് പോലുള്ള സാമൂഹ്യ വിഷയങ്ങളെ മുന്നിൽ കൊണ്ടു വരാനും സമാജ്‍വാദി പാർട്ടി-കോൺഗ്രസ് സഖ്യത്തിന് കഴിഞ്ഞു. 400 സീറ്റ് കടക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നത് ഭരണഘടന തിരുത്താനാണ് എന്ന തോന്നൽ ദലിത് വോട്ടുകളെ കോൺഗ്രസ്-എസ്.പി മുന്നണിയിലേക്ക് ആകർഷിച്ചു.

ഇന്ത്യാ മുന്നണിയിലോ എൻ.ഡി.എ യിലോ ഇല്ലാതെ ഒറ്റയ്ക്ക മത്സരിച്ച ബി.എസ്.പിയുടെ സമ്പൂർണ്ണ തകർച്ചയ്ക്കും യു.പി സാക്ഷ്യം വഹിച്ചു. ഇന്ത്യാ മുന്നണിക്ക് കോൺഗ്രസ് നേടിയ ആറു സീറ്റിന് പുറമേ എസ്.പി നേടിയ 37 സീറ്റുകളക്കം 43 സീറ്റുകൾ നേടിയെടുക്കാൻ കഴിഞ്ഞു. ഇന്ത്യാ മുന്നണിയിലോ ബി.ജെ.പി മുന്നണിയിലോ ചേരാതെ ഒറ്റയ്ക്ക് മത്സരിച്ച ചന്ദ്രശേഖർ ആസാദ് നഗീന മണ്ലത്തിൽ നേടിയ വിജയം ശ്രദ്ധേയമാണ്. പുതി ഒരു ദലിത് രാഷ്ട്രീയ ഭൂമിക ഉയർന്നു വരുന്നതിൻ്റെ സൂചന അതിലുണ്ട്.

യാദവ മുസ്ലിം രാഷ്ട്രീയം എന്ന നിലയിൽ നിന്ന് ഒബി.സി–മുസ്ലിം- ബഹുജന രാഷ്ട്രീയം എന്ന നിലയിലേക്ക് സമാജ്‍വാദി പാർട്ടി മാറ്റിയ സ്ട്രാറ്രജിയാണ് യു.പിയിൽ വിജയ ഫോർമുലയായത്. രാഹുൽഗാന്ധിയുടെ റായ്ബറേലി മത്സരവും പ്രയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രരണവും കോൺഗ്രസിനും ഊർജ്ജം നൽകി. വരണസിയിൽ മോദി പോലും വിയർത്തു. രാമക്ഷേത്രം പണിഞ്ഞ അയോദ്ധ്യയിലെ ഫൈസാബാദിൽ ബി.ജെ.പി സ്ഥാനാർത്ഥി തോറ്റു.

2019 ൽ കോൺഗ്രസ് സഖ്യത്തിലുണ്ടായിരുന്ന ടി.ഡി.പി തെരെഞ്ഞെടപ്പിന് തൊട്ടു മുമ്പാണ് ബി.ജെ.പി സഖ്യത്തിലേക്ക് പോയത്. ആന്ധ്രയിൽ വെ.എസ്.ആർ കോൺഗ്രസ് ആധിപത്യമായിരുന്നു കഴിഞ്ഞ രണ്ട് ടേമുകളിലായി കാണുന്നത്. അവരാകട്ടെ പാർലമെൻ്റിൽ ബി.ജെ.പിയെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചത്. പക്ഷേ ബി.ജെ.പി അവരുമായി സഖ്യം ചേരാതെ ടി.ഡി.പിയുമായി ചേർന്നത് തന്ത്രപരമായ സമീപനമായിരുന്നു. ഈ സഖ്യത്തിലൂടെ ടി.ഡി.പി നേടിയ 16 സീറ്റുകൾ നിർണ്ണായകമാണ്. ടി.ഡിപി സഖ്യം വഴി 3 സീറ്റുകളും ബി.ജെ.പിയ്ക്ക് ലഭിച്ചു.

ആന്ധ്രയിൽ ദുർബലരായ ഇടതു പാർട്ടികളുമായി ചേർന്ന് മത്സരിച്ച കോൺഗ്രസിനാകട്ടെ സീറ്റൊന്നും ലഭിച്ചതുമില്ല. ഇടതുപാർട്ടികൾക്കൊപ്പം മുമ്പുണ്ടായിരുന്ന പവൻ കല്യാണിൻ്റെ ജനസേനാ പാർട്ടിയും ടി.ഡി.പി സഖ്യത്തിലൂടെ 3 സീറ്റ് നേടി. ഈ 22 സീറ്റുകൾ രാജ്യത്ത് എൻ.ഡി.എ യ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിച്ചു. ടി.ഡി.പി-കോൺഗ്രസ്-ജനസേനാ-ഇടതു പാർട്ടി സഖ്യം ആയിരുന്നു ആന്ധ്രയിലെങ്കിൽ 22 സീറ്റുകൾ ആ സഖ്യത്തിലേക്കു വരും എന്ന് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. ബി.ജെ.പിയെ ഒളിഞ്ഞും തെളിഞ്ഞും നിർണ്ണായക ബില്ലുകൾ രാജ്യസഭ കടത്താൻ സഹായിച്ച വൈ.എസ്.ആർ കോൺഗ്രസ് ആകട്ടെ ബി.ജെ.പി സഖ്യത്തിൻ്റെ തേരോട്ടത്തിൽ തകർന്ന് തരിപ്പണമായി 4 സീറ്റിൽ ഒതുങ്ങി. അവരുടെ സംസ്ഥാന ഭരണവും പോയി.

ബി.ജെ.പിയ്ക്ക് അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കിയ മറ്റൊരു സംസ്ഥാനം ആന്ധ്രയുടെ അയൽ സംസ്ഥാനമായ ഒഡീഷയാണ്. തുടർച്ചയായി 5 ടേമുകളായി ഒഡീഷ ഭരിക്കുന്ന നവീൻ പട്നായികിൻ്റെ ബി.ജെ.ഡി ആന്ധ്രയിലെ വൈ.എസ്.കോൺഗ്രസിനെപ്പോലെ ബി.ജെ.പി പാർലമെൻ്റിൽ കൊണ്ടുവരുന്ന എല്ലാ പ്രതിലോമ ബില്ലുകളെയും പിന്തുണയ്ക്കുന്നവരായിരുന്നു. പക്ഷേ ബി.ജെ.പി കടുത്ത ബി.ജെ.ഡി വിരുദ്ധ നിലപാടെടുക്കുകയും ഒഡീഷയിലെ വൈകാരികതയായ ജഗന്നാഥ ക്ഷേത്ര പ്രശ്നം തീവ്ര വർഗീയ ഭാഷയിൽ മോദി തന്നെ ഉപയോഗിക്കുകയും ചെയ്ത് നവീൻ പട്നായിക്കിൻറെ പാർട്ടിയുടെ ശവപ്പെട്ടിയിൽ ആണിയടിച്ചു. 20 സീറ്റുകളാണ് ഒഡീഷയിൽ ബി.ജെ.പി നേടിയത്. കോൺഗ്രസ് ഒരു സീറ്റ് നേടിയപ്പോൾ ബി.ജെ.ഡി യ്ക്ക് സീറ്റ് ലഭിച്ചില്ല. ഈ 20 സീറ്റുകളും ബി.ജെ.പിയ്ക്ക് നിർണ്ണായകമായി.

അതുകൊണ്ടാകണം ഫലപ്രഖ്യാപന ദിവസം ജയ് ശ്രീരാമിന് പകരം ജയ് ജഗന്നാഥ് എന്നു പറഞ്ഞാണ് മോദി പ്രവർത്തകരെ അഭിസംബോധന ചെയ്തത്.
രാജസ്ഥാനിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാതെ ഇടതു പാർട്ടികളുമായും ഭാരതീയ ആദിവാസി പാർട്ടി, രാഷ്ട്രീയ ലോക്ശക്തി പാർട്ടി എന്നിവരുമായി രൂപീകരിച്ച സഖ്യവും കഴിഞ്ഞ തവണത്തെ പൂജ്യം സീറ്റിൽ നിന്ന് 8 സീറ്റിലേക്കും ഇന്ത്യാ മുന്നണിയെ 11 സീറ്റിലേക്കും എത്തിക്കാൻ കോൺഗ്രസിനായി. ഗുജറാത്തിൽ തുടർച്ചയായ മുഴുവൻ സീറ്റ് വിജയങ്ങൾ എന്ന ബി.ജെ.പിയുടെ മുന്നേറ്റത്തെ തടയിട്ട് ഒരു സീറ്റിൽ വിജയിക്കാൻ കഴിഞ്ഞു.

ഞ്ചാബ്, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നേടിയ വൻ വിജയവും ഇന്ത്യാ മുന്നണിയെ ഈ നിലയിലേക്കെത്തിച്ചു. എന്നാൽ കർണ്ണാടക, ഹിമാചൽ, തെലങ്കാന എന്നീ കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിൽ വിചാരിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ല എന്നത് സാദ്ധ്യമായേക്കാവുന്ന വിജയത്തിലേക്ക് ഇന്ത്യാ മുന്നണിയെ എത്തിക്കുന്നതിന് തടസ്സമായി.

രാജ്യത്ത് എക്കാലവും തിരുത്തൽ ശക്തിയായി കണക്കാക്കപ്പെടുന്ന ഇടതു പാർട്ടികൾക്ക് 2009 മുതൽ പ്രസക്തി നഷ്ടപ്പെടുന്നുണ്ട്. ഈ തെരെഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിൻ്റെ ഭാഗമാണ് സി.പി.എം, സി.പി.ഐ, ഫോർവേർഡ് ബ്ലോക്, ആർ.എസ്.പി, സിപിഐ (എം) ലിബറേഷൻ എന്നീ പാർട്ടികൾ. ഇവരെല്ലാം കൂടി നേടിയത് 10 സീറ്റാണ്. സിപിഎം നേടിയത് 4 സീറ്റ്. ഇതിൽ കേരളത്തിലെ ഒരു സീറ്റ് മാത്രമാണ് കോൺഗ്രസ് പിന്തുണയില്ലാതെ നേടിയത്. ഇടതില്ലെങ്കിൽ ഇന്ത്യയില്ല എന്നതിന് പകരം കോൺഗ്രസില്ലെങ്കിൽ ഇടതുമില്ല എന്ന നിലയിലേക്ക് രാജ്യത്തെ ഇടതു പാർട്ടികളെത്തിയിട്ടുണ്ട്. കേരളത്തിൽ ബി.ജെ.പി നേടുന്ന മുന്നേറ്റവും ഇടതു വോട്ട് ബാങ്കായ പിന്നാക്ക ഹിന്ദു സമൂഹത്തിൽ അവർ നേടുന്ന സ്വാധീനവും സി.പി.എമ്മിന് കനത്ത വെല്ലു വിളിയാണ്.

ഇന്ത്യയുടെ ഭാവിയിലേക്ക് ശുഭ സൂചന നൽകുന്ന ഈ തെരെഞ്ഞെടുപ്പ് ഫലത്തിൽ ചില ഘടകങ്ങൾ കൂടി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതിലൊന്ന് മുസ്ലിം പാർട്ടികളുടെ പ്രാതിനിധ്യവും മുസ്ലിം പ്രാതിനിധ്യവുമാണ്. അസ്സമിൽ വൻ പ്രതീക്ഷയോടെ രൂപീകരിക്കപ്പെട്ട എ.യു.ഡി.എഫ് ഒരു ഘട്ടത്തിൽ ആ സംസ്ഥാനത്ത് 30 ശതമാനം വോട്ട് വരെ വാങ്ങിയിരുന്നു. ഈ തെരെഞ്ഞെടുപ്പോടെ സമ്പൂർണ്ണ തോൽവി ആ പാർട്ടി നേടി. പാർട്ടി സ്ഥാപകൻ ബദറുദ്ദീൻ അജ്മൽ ദുബ്രിയിൽ പരാജയപ്പെട്ടത് 10 ലക്ഷം വോട്ടുകളുടെ വ്യത്യാസത്തിലാണ്.

മുസ്ലിം ലീഗാകട്ടെ തങ്ങളുടെ പരമ്പരാഗത ശക്തി കേന്ദ്രമായ മലപ്പുറത്തും പൊന്നാനിയിലും വൻ വിജയം നേടി. തമിഴ്നാട്ടിലെ രാമനാഥപുത്ത് ഡി.എം.കെയുടെ ചിറകിലേറി വിജയിച്ചുകൊണ്ട് തങ്ങളുടെ സാന്നിദ്ധ്യം അതേപടി നിലനിർത്തി. എന്നാൽ ഹൈദരാബാദ് വിട്ട് പാൻ ഇന്ത്യ മുന്നേറ്റം നടത്തിയിരുന്ന എ.ഐ.എം.ഐ.എം ആകട്ടെ ഹൈദരാബാദിൽ ഒവൈസിയുടെ വിജയത്തിൽ മാത്രം ഒതുങ്ങി. മഹാരാഷ്ട്രയിലെ തങ്ങളുടെ സിറ്റിംഗ് സീറ്റിൽ ശിവസേന സ്ഥാനാർത്ഥിയോട് തോറ്റു.

രാജ്യത്താകെ എല്ലാ പാർട്ടികളിലും കൂടി 24 മുസ്ലിം സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ഇതെല്ലാം 9 സംസ്ഥാനങ്ങളിൽ നിന്നാണ്. മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിൽ താരതമ്യേന മികച്ച നിലപാട് സ്വീകരിക്കുന്നത് തൃണമൂൽ കോൺഗ്രസ് മാത്രമാണ്. ഇത്തവണ അവരും എണ്ണം കുറച്ചു. 5 മുസ്ലിം സ്ഥാനാർത്ഥികളെ അവർക്ക് വിജയിപ്പിക്കാനായി. സമാജ്‍വാദി പാർട്ടി ഇക്കുറി മത്സരിപ്പിച്ചത് 4 മുസ്ലിം സ്ഥാനാർത്ഥികളെയാണ്. അവർ നാലും വിജയിച്ചു എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസ് ടിക്കറ്റിൽ വടകരയിൽ ഷാഫി പറമ്പിൽ അടക്കം 7 മുസ്ലിം സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ 27 മുസ്ലിം പ്രതിനിധികളാണ് ലോക്സഭയിലുണ്ടായിരുന്നത്. അഅ്സംഖാൻ രാജിവെച്ച ഒഴിവിലെ ഉപതെരഞ്ഞെടുപ്പോടെ 26 ആയി കുറഞ്ഞിരുന്നു. ഇത്തവണ അതിലും കുറവായി. 15 ശതമാനം മുസ്ലിങ്ങളുള്ള രാജ്യത്ത് ജനപ്രതിനിധി സഭയിൽ 4.5 ശതമാനം മാത്രമാണ് മുസ്ലിങ്ങളുള്ളത്. ഒ.ബി.സി കളുടെ പ്രാതിനിധ്യവും ജനസംഖ്യാനുപാതികമല്ല. എങ്കിലും അപകടകരമാം വിധം ഭരണപങ്കാളിത്തത്തിൽ നിന്ന് മുസ്ലിങ്ങൾ നിഷ്കാസിതരാകുന്നു എന്ന വസ്തുത മറയ്ക്കാവതല്ല.

സ്ഥിരതയുള്ള സർക്കാരാണോ സ്ഥിരതയുള്ള ജനാധിപത്യമാണോ വേണ്ടത് എന്നതിന് സ്ഥിരതയുള്ള ജനാധിപത്യം എന്ന ഉത്തരമാണ് ഇത്തവണ ഇന്ത്യൻ തെരഞ്ഞെടുപ്പ് ഫലം നൽകിയത്. ബി.ജെ.പിയ്ക്ക് സമഗ്രാധിപത്യ ഭരണം തുടരാനാവില്ല. പക്ഷേ പണക്കൊഴുപ്പും കോർപ്പറേറ്റ് പിൻബലവും ഭരണഘടനാ ഏജൻസികളെ വഴക്കിയെടുത്തുമായ മുൻകാല അനുഭവം വെച്ച് എം.പിമാരെ വിലക്കെടുത്ത് അധികാര ശക്തി പിൻവാതിൽ വഴി വീണ്ടെടുക്കുമോ എന്നതും എൻ.ഡി.എ യിൽ തന്നെ തരിമ്പെങ്കിലും ജനാധിപത്യ ബോധമുള്ള പാർട്ടികൾ ജനാധിപത്യ ഇന്ത്യയെ നിലനിർത്താനുള്ള സമീപനം സ്വീകരിക്കുമോ എന്നുമാണ് കണ്ടറിയേണ്ടത്.

Related Articles