Current Date

Search
Close this search box.
Search
Close this search box.

വാർ മെഷീനുകളല്ല, വെന്റിലേറ്ററുകളാണ് നമുക്കു വേണ്ടത്

“അമേരിക്ക ഫസ്റ്റ്”- പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രിയപ്പെട്ട മന്ത്രം – ഒരു തരം ശോകാവസ്ഥയെയാണ് ഇന്ന് പ്രതിധ്വനിപ്പിക്കുന്നത്, കാരണം ആഗോള കൊറോണ വൈറസ് മരണസംഖ്യാ പട്ടികയിൽ അമേരിക്ക ഒന്നാമതാണ്. വാസ്തവത്തിൽ, എല്ലാവരിൽ നിന്നും വേറിട്ടുനിൽക്കുന്ന അമേരിക്ക എന്ന പ്രസിഡന്റിന്റെ നിരന്തര അവകാശവാദം ഒടുവിൽ അമേരിക്കയെ എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട ഒരവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ട്.

“അമേരിക്ക ഫസ്റ്റ്” എന്ന അഹങ്കാരമാണ്, പാരീസിലെ കാലാവസ്ഥ ഉടമ്പടികൾ, യുനെസ്കോ, യു.എൻ.എച്ച്.സി.ആർ, യു.എൻ.ആർ.ഡബ്യൂ.എ എന്നിവയിൽ നിന്ന് പിന്മാറാനും, മറ്റു പല അന്താരാഷ്ട്ര കരാറുകളെയും ഉടമ്പടികളെയും വിലകുറച്ച് കാണാനും ട്രംപിനെ പ്രേരിപ്പിച്ചത്, ചൈനയിലെ കൊറോണ വൈറസ് യു.എസ്സിന് ഒരുതരത്തിലും ഭീഷണിയാവില്ലെന്ന അദ്ദേഹത്തിന്റെ അമിത ആത്മവിശ്വാസത്തിനും അതുകാരണമായി. ഇന്നു കാണുന്നതു പോലെ, അതൊരു ഗുരുതരമായ തെറ്റായിരുന്നു.

കൊറോണയെ തടയാൻ നടപടിയെടുക്കേണ്ടതുണ്ടെന്ന് വൈറ്റ്ഹൗസ് തിരിച്ചറിഞ്ഞപ്പോൾ, ലോകമെമ്പാടുമുള്ള വെന്റിലേറ്ററുകളുടെ പിന്നാലെ ഓടാനും, “രണ്ടാം കിട രാഷ്ട്രങ്ങളോട്” മാസ്കുകൾ അയച്ചു തരാൻ അനുനയത്തിന്റെയും ഭീഷണിയുടെയും സ്വരത്തിൽ ആവശ്യപ്പെടാനും തുടങ്ങി, കാരണം അപ്പോഴേക്കും അവരുടെ നൂറുകണക്കിനു പൗരൻമാർ ദിനേനയെന്നോണം മരിച്ചുവീഴാൻ തുടങ്ങിയിരുന്നു. അടിസ്ഥാന മെഡിക്കൽ സപ്ലൈകളുടെയും ഉപകരണങ്ങളുടെയും ക്ഷാമം ട്രംപ് ഭരണകൂടത്തെ അവരുടെ ചൈന വിരുദ്ധ സംസാരം നിർത്തിവെക്കാനും ബീജിംഗുമായി “സഹകരിച്ച്” പ്രവർത്തിക്കുന്നതിനെ കുറിച്ചുള്ള സംസാരം തുടങ്ങാനും നിർബന്ധിതരാക്കി.

Also read: ലോകം നിശ്ചലമായിരിക്കെ നമുക്ക് റമദാനിനെ സ്വാഗതം ചെയ്യാം

കൊറോണക്കെതിരായ പോരാട്ടത്തിനാവശ്യമായ വെന്റിലേറ്ററുകൾക്കും മറ്റു അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾക്കും വേണ്ടിയുള്ള മത്സരത്തിൽ അമേരിക്ക ഒറ്റയ്ക്കല്ല. യൂറോപ്യൻ രാജ്യങ്ങളിലെ ഗവൺമെന്റുകൾ പ്രാദേശിക ഫാക്ടറികളോട് വെന്റിലേറ്ററുകൾ കഴിയുന്നത്ര വേഗത്തിൽ ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ, ഇസ്രായേലിന്റെ മൊസാദ് അടക്കമുള്ള രഹസ്യാന്വേഷണ വിഭാഗങ്ങൾ, തങ്ങളുടെ രാജ്യങ്ങളിലേക്ക് വെന്റിലേറ്ററുകൾ കയറ്റി അയക്കുന്നത് ഉറപ്പുവരുത്തുന്ന വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.

ശരാശരി 50,000 ഡോളർ ചെലവു വരുന്ന ഈ മെഡിക്കൽ ഉപകരണത്തിന്, ദശലക്ഷണക്കിന് രൂപ ചെലവുവരുന്ന ടാങ്കുകളേക്കാളും റോക്കറ്റുകളേക്കാളും വളരെയധികം പ്രാധാന്യം ഇപ്പോൾ കൈവന്നതായി തോന്നുന്നു. വാസ്തവത്തിൽ, ലോകരാഷ്ട്രീയത്തിൽ വെന്റിലേറ്ററിന്റെ ഉയർച്ചയും രാഷ്ട്രങ്ങളുടെ നിലനിൽപ്പിന് അതിന്റെ തന്ത്രപരമായ പ്രാധാന്യവും ആർക്കെങ്കിലും മുൻകൂട്ടി പ്രവചിക്കാൻ കഴിഞ്ഞിരുന്നോ!

വെന്റിലേറ്ററിന് പുതുതായി കൈവന്ന തന്ത്രപരമായ മൂല്യം നൂറ്റാണ്ടുകളായി ലോകരാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന ‘ഭീഷണികളുമായി ബന്ധപ്പെട്ട ധാരണകളിലെ’ (Threat perception) ഒരു പ്രധാന ന്യൂനതയിലേക്ക് വിരൽചൂണ്ടുന്നുണ്ട്. ഓരോ വർഷവും ആഗോളതലത്തിൽ ആയുധങ്ങൾക്കായി ചെലവഴിച്ച 2 ട്രില്ല്യൺ ഡോളറിന് കോവിഡ് 19 മഹാമാരിയിൽ നിന്നും രാജ്യങ്ങളെ സംരക്ഷിക്കാൻ ഒന്നും ചെയ്യാൻ സാധിച്ചില്ല. അതിർത്തി സുരക്ഷയ്ക്കു വേണ്ടി ചെലവിട്ട ബില്ല്യൺ കണക്കിനു ഡോളർ കൊണ്ടും യാതൊരു ഉപകാരവും ഉണ്ടായില്ല.

Also read: കൊറോണ കാലത്ത് മക്കളെ ഡയറി എഴുതാൻ ശീലിപ്പിക്കാം

അതിർത്തി, അധികാരം, രാഷ്ട്രം, എല്ലാത്തിനുമുപരി സൈനിക ശക്തി എന്നിവയോട് ഭരണകൂടങ്ങളെ ആകൃഷ്ടരാക്കി മാറ്റിയ 1648-ലെ വെസ്റ്റ്ഫാലിയ ഉടമ്പടിയോടു കൂടി നിലവിൽ വന്ന ഭരണകൂട പരമാധികാരത്തിന്റെ ആധുനിക അതിർവരമ്പുകളെ വൈറസ് ഭീഷണി അനായാസം നിരാകരിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അതിർത്തി, പരമാധികാരം, ലോക വൻശക്തി ശ്രേണി, ആത്യന്തികമായി ദേശീയ സുരക്ഷ ഉറപ്പുനൽകുന്ന അത്യാധുനിക ആയുധശേഖരങ്ങൾ എന്നിവയൊന്നും തന്നെ കോവിഡ് 19ന് ബാധകമല്ല.

ചെറിയ എന്തെങ്കിലും സാധ്യതയുടെയോ അല്ലെങ്കിൽ ഭീഷണി സാധ്യതയെ സംബന്ധിച്ച ഒരു ധാരണയുടെയോ പുറത്തായിരുന്നു സാധാരണയായി തന്ത്രപ്രധാന പ്രതിരോധ പദ്ധതികൾ ഉണ്ടാക്കിയിരുന്നത്. “എല്ലാവരുടെയും എല്ലാവർക്കുമെതിരായ യുദ്ധം” എന്ന അങ്ങേയറ്റത്തെ ഹോബ്സിയൻ ജാഗ്രതയിൽ കേന്ദ്രീകരിച്ച ഈ സമീപനം, ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതിനായി വൻതുകയും, ആരോഗ്യ മേഖലകൾക്ക് തുച്ഛമായ തുകയും വകയിരുത്തുന്നതിലേക്കു നയിച്ചു.

Also read: സംവാദത്തിൻ്റെ തത്വശാസ്ത്രം -രണ്ട്

കഴിഞ്ഞ വർഷം, പ്രതിരോധ മേഖലക്കായി 738 ബില്യൺ ഡോളറും ആരോഗ്യമേഖലക്കായി കേവലം 3.8 ബില്യൺ ഡോളറുമാണ് 2020ലെ ദേശീയ ബജറ്റിൽ നിന്നും യു.എസ് കോൺഗ്രസ് അനുവദിച്ചത്. ചില കണക്കുകൾ പ്രകാരം, നിലവിൽ 160,000 വെന്റിലേറ്ററുകളാണ് മൊത്തം യു.എസ്സിൽ ഉള്ളത്, വൈറസ് വ്യാപനം ‘രൂക്ഷമായാൽ’ 580,000ത്തോളം വെന്റിലേറ്ററുകളുടെ കുറവാണ് അമേരിക്ക അഭിമുഖീകരിക്കാൻ പോവുന്നത്. ആവശ്യമായ അധിക വെന്റിലേറ്ററുകൾ ലഭ്യമാക്കുന്നതിന് ഏകദേശം 29 ബില്യൺ ഡോളറാണ് ചെലവു വരിക, അതായത് പ്രതിരോധ ബജറ്റിന്റെ 4 ശതമാനം. ദേശീയ സുരക്ഷയുടെ പേരിലുള്ള പരസ്പര പ്രതിരോധം മുതൽ സൈനിക ഭീഷണി സാധ്യതകൾ വരെയുള്ള കാര്യങ്ങൾക്കായി ചെലവഴിക്കുന്ന തുകയിൽ അസംബന്ധമായ അസമത്വമുള്ള ഏക രാജ്യം അമേരിക്ക മാത്രമല്ല. ഇത്തരത്തിലുള്ള ഒരു പകർച്ചവ്യാധിക്ക് സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന വർഷങ്ങളായി മുന്നറിയിപ്പ് നൽകികൊണ്ടിരിക്കുന്നുണ്ടെങ്കിലും, ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് അതു ഗൗരവത്തിലെടുത്തത്. സൗത്ത് കൊറിയ, തായ് വാൻ, സിങ്കപ്പൂർ തുടങ്ങിയ, ആരോഗ്യസംരക്ഷണരംഗത്ത് കാര്യക്ഷമമായ രീതിയിൽ നിക്ഷേപം നടത്തിയ രാജ്യങ്ങൾക്ക് കോവിഡ് 19 പകർച്ച കുറഞ്ഞ സമയത്തിനുള്ളിൽ എളുപ്പം നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്.

യഥാർഥത്തിൽ യുദ്ധത്തേക്കാൾ കൊടിയ ഭീഷണി ഉയർത്തുന്നത് പകർച്ചവ്യാധികൾ മാത്രമല്ല. കാലാവസ്ഥ വ്യതിയാനമാണ് മറ്റൊരു ഭീഷണി. ഐക്യരാഷ്ട്ര സഭയുടെ അഭിപ്രായ പ്രകാരം, അടുത്ത 20 വർഷത്തേക്ക് ആഗോള താപനില ഇനിയും ഉയരാതെ തടയുന്നതിനായി ലോകത്തിന് 300 ബില്യൺ ഡോളറാണ് ആവശ്യം; ആഗോള സൈനികമേഖല ഓരോ 60 ദിവസവും ചെലവഴിക്കുന്ന തുകയ്ക്കു തുല്യമാണത്. 2020 ബജറ്റിൽ, ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്ക, പരിസ്ഥിതി സംബന്ധ പരിപാടികൾക്കു വേണ്ടി 800 മില്യൺ ഡോളറാണ് വകയിരുത്തിയത്, അതായത് അവരുടെ പ്രതിരോധ ബജറ്റിന്റെ 0.1 ശതമാനം.

Also read: ഈ പ്രാർഥന പതിവാക്കുക

കൊറോണ വൈറസും വെന്റിലേറ്ററുകൾക്കു വേണ്ടിയുള്ള ആഗോള കൂട്ടപ്പൊരിച്ചിലും, ആഗോള പരസ്പരബന്ധത്തിന്റെ പ്രാധാന്യവും ആഴവും ഗൗരവത്തിലെടുക്കാനും, കൂട്ടായ പ്രതിരോധത്തിന്റെ ആവശ്യകത പരിഗണിക്കാനും, പരമാധികാരത്തെ സംബന്ധിച്ച യാഥാസ്ഥിക സങ്കൽപ്പത്തെ പുനർവിചിന്തനം നടത്താനും ലോകത്താകമാനമുള്ള ഭരണകൂടങ്ങളെ നിർബന്ധമായും പ്രേരിപ്പിക്കേണ്ടതുണ്ട്.

നിലവിലുള്ള സങ്കുചിതമായ ഭരണകൂട കേന്ദ്രീകൃത ആഖ്യാനങ്ങൾക്കു പകരം ഭീഷണികളുടെ മുൻഗണനാക്രമത്തെ സംബന്ധിച്ച് ആഗോള പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ട് പുനപരിശോധന നടത്താൻ രാഷ്ട്രങ്ങളും അന്താരാഷ്ട്ര സ്ഥാപനങ്ങളും തയ്യാറാവണം. അതായത്, മുഴുവൻ ഗ്രഹത്തെയും അതിലെ നിവാസികളെയും വംശനാശത്തിന്റെ വക്കിലെത്തിച്ചേക്കാവുന്ന ഭീഷണികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

നിലവിലെ പ്രതിസന്ധിയോടുള്ള നിരാശാജനകമായ പ്രതികരണങ്ങളും രാജ്യങ്ങൾ തമ്മിലുള്ള സംഘർഷാവസ്ഥയും ആഗോള അടിയന്തിര സാഹചര്യങ്ങളിൽ ആഗോളതലത്തിൽ ഒരുമിച്ചു നിന്നുകൊണ്ടുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്. ടാങ്കുകളും യുദ്ധവിമാനങ്ങളും കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കാത്ത, ഗൗരവതരവും എല്ലാവരെയും ബാധിക്കുന്നതുമായ യഥാർഥ ഭീഷണികളെയാണ് മനുഷ്യരാശി അഭിമുഖീകരിക്കുന്നത് എന്ന വസ്തുതയിലേക്കുള്ള ശ്രദ്ധക്ഷണിക്കലാണ് കോവിഡ് 19.

Also read: കൊറോണ ബാധിച്ചവരുടെ മയ്യിത്ത് ദഹിപ്പിക്കുന്നതിന്റെ വിധി

ഭരണകൂട കേന്ദ്രീകൃതമായ സങ്കുചിത താൽപര്യങ്ങൾക്കു പകരം, കൂട്ടായ അതിജീവനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന വിധത്തിലുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെയും ദേശീയ ബജറ്റുകളുടെയും ആഗോള മാറ്റത്തിനുള്ള അവസരമായി ഈ കൊറോണകാലം മാറണം.

(നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി മിഡിലീസ്റ്റേൺ സ്റ്റഡീസ് ആന്റ് അറബ് മീഡിയ സ്റ്റഡീസ് വിഭാഗം പ്രൊഫസറാണ് ലേഖകൻ.)

വിവ. അബൂ ഈസ

Related Articles