Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേൽ നിന്ദ്യകരമായ അന്ത്യത്തിലേക്കുള്ള പാതയിലാണ്

ഹമാസിനെതിരെ നിരുപാധിക വിജയം കരസ്തമാക്കുന്നത് വരെ യുദ്ധം തുടരുമെന്ന് കഴിഞ്ഞ എട്ട് മാസമായി ആവർത്തിച്ച് കൊണ്ടിരിക്കുന്ന നെതന്യാഹുവിന്റെ നിലപാട് കേവലം  വ്യാമോഹം മാത്രമാണന്ന് പരിഹസിച്ച് ഇസ്രായേലീ രാഷ്ട്രീയ നേതാക്കളും സൈനിക വിദഗ്ദരും രംഗത്ത് വന്നിരിക്കുകയാണ്. സാമ്പത്തികവും സുരക്ഷാപരവുമായ തകർച്ച യുദ്ധത്തിൽ സംഭവിച്ചുവെന്ന് നെതന്യാഹുവിനെതിരെ വാർ കൗൺസിൽ മിനിസ്റ്റർ ആദി ഐസൻകോട്ട് ആരോപിച്ചു.

ഹമാസിനെതിരെ ഇസ്രായേൽ നിരുപാധിക വിജയം നേടുമെന്നും, ഖസ്സാം ബ്രിഗേഡിനെ ഇല്ലാതാക്കി ബന്ധികളെ ഉടനെത്തന്നെ മോചിപ്പിക്കുമെന്ന ജല്പനങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഗസ്സയിൽ കാര്യങ്ങൾ വരുതിയിലാവാൻ നാലോ അഞ്ചോ വർഷമെടുക്കും. പുതിയ ഭരണക്രമം സ്ഥാപിക്കപ്പെടാൻ പിന്നെയും വർഷങ്ങളെടുത്തേക്കാമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. 

നിരുപാധിക യുദ്ധവിജയമെന്ന മരീചിക

യുദ്ധത്തിന് അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഇതുവരെയും നേടാനായിട്ടില്ലന്നും, ഭാവിയിൽ താനുദ്ദേശിക്കും വിധം കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകൽ ശ്രമകരമായിരിക്കുമെന്നും നെതന്യാഹുവിനറിയാം. ഹമാസിനെതിരിൽ സമ്പൂർണ്ണ വിജയം നേടുന്നതിന്റെ അവസാന പിടിവള്ളിയെന്നോണം റഫയെ അക്രമിച്ച ഇസ്രയേലിന് ശക്തമായ ചെറുത്തുനിൽപ് ഖസ്സാം ബ്രിഗേഡിൽ നിന്ന് നേരിടേണ്ടി വന്നു.  പ്രത്യേകിച്ച് ജബലിയയിൽ ഒക്ടോബർ ഏഴ് ഓർമിപ്പിക്കും വിധം അനവധി അധിനിവേശ സേനാംഗങ്ങൾ കൊല്ലപ്പെടുകയും ബന്ധികളാക്കപ്പെടുകയും ചെയ്തു. മേഖലയിൽ ഹമാസ് നടത്തുന്ന ചെറുത്തുനിൽപ്പ് ഇസ്രായേലിന് ശക്തമായ സന്ദേശമാണ് നൽകുന്നത്. 

റഫയിലെ തിരിച്ചടിക്ക് ശേഷം ഇസ്രായേൽ ദേശീയ സെക്യൂരിറ്റി കൗൺസിൽ തലവൻ തസാഹി ഹനിഗ്ബീ നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്. “വരുന്ന ഏഴ് മാസം കൂടി യുദ്ധം തുടർന്നാൽ മാത്രമേ ഇതുവരെ കൈവരിച്ച യുദ്ധ താൽപര്യങ്ങൾ അരക്കിട്ടുറപ്പിക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ. അപ്രകാരം തന്നെ തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളായ ഹമാസിന്റെ സൈനിക ശക്തി തകർക്കലും,  മേഖലയെ ഹമാസ് നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കലും, ഇസ്‌ലാമിക ജിഹാദിന് അന്ത്യം കുറിക്കലും യാഥാർത്ഥ്യമാവുകയുള്ളൂ. നമ്മുടെ പ്രതിരോധം എന്നന്നേക്കുമായി അവസാനിക്കുമെന്ന് കരുതി  സ്റ്റോപ് വാച്ചിലേക്ക് പ്രതീക്ഷയോടെ നോക്കുകയോ, ഉടൻ തന്നെ യുദ്ധം നിർത്തലാക്കുമെന്ന അന്തിമ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയോ ചെയ്യേണ്ടതില്ല”.

നിലവിലെ സാഹചര്യങ്ങൾ സങ്കീർണ്ണമാണന്നും,  കാര്യങ്ങൾ തങ്ങളുദ്ദേശിക്കുന്ന രീതിയിൽ പരിണമിക്കുന്നില്ലന്നും,  ഹമാസിനെതിരെയുള്ള നിരുപാധിക വിജയം ഇനിയും സ്വപ്നമായി അവശേഷിക്കുകയാണന്നും,  എട്ട് മാസത്തോളമായി നീണ്ടു നിൽക്കുന്ന യുദ്ധാനുഭവത്തിൽ നിന്ന് ഇസ്രായേലിന് ബോധ്യപ്പെട്ടതായി ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. 

വാർ കൗൺസിൽ മിനിസ്റ്റർ ആദി ഐസൻകൂതിന്റെ നിരീക്ഷണത്തിൽ സമ്പൂർണ്ണ യുദ്ധവിജയമെന്ന ലക്ഷ്യം  കേവലം എഴ് മാസം കൊണ്ട് നേടാൻ സാധിക്കുന്ന ഒന്നല്ല എന്നും അതിന് വർഷങ്ങളെടുത്തേക്കാമെന്നും വ്യക്തമാകുന്നുണ്ട്. അടുത്തെത്തുമ്പോൾ യാതാർത്ഥ്യമല്ലെന്ന് ബോധ്യപ്പെടുന്ന മരീചികയെ പിന്തുടരുന്നത് പോലെയാണ് ഹമാസിനെതിരെ സമ്പൂർണ്ണ യുദ്ധ വിജയമെന്ന ഒരിക്കലും സാക്ഷാത്കരിക്കപ്പെടാത്ത സ്വപ്നമെന്ന് ആ വാക്കുകളിൽ പ്രകടമാണ്. 

യുദ്ധം തുടങ്ങി ഒരു മാസത്തിനുള്ളിൽ ഹമാസിന്റെ കഥകഴിക്കുമെന്ന് പറഞ്ഞ നെതന്യാഹു ഭരണകൂടത്തിന് തങ്ങളുടെ വാക്ക് ഇതുവരെയും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷാവസാനത്തിലും, സൈന്യം ഖാൻ യൂനിസിലേക്ക് പ്രവേശിച്ച ഈ വർഷാരംഭത്തിലും അദ്ദേഹം ഇതുതന്നെ പറഞ്ഞു. എഴ് മാസങ്ങൾക്കിപ്പുറവും സമ്പൂർണ യുദ്ധ വിജയമെന്ന സ്വപ്നം യാതാർത്ഥ്യമാവാതെ റഫയിൽ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയും വീണ്ടും പുതിയ വാഗ്ദാനങ്ങൾ നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. 

തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിൽ ഇസ്റായേൽ പരാജയപ്പെടാൻ കാരണം  അൽ ഖസ്സാം ബ്രിഗേഡിന്റെയും  ഫലസ്തീൻ പ്രതിരോധത്തിന്റെയും പ്രാപ്തിയെക്കുറിച്ച്   സുക്ഷ്മ വിവരങ്ങൾ തങ്ങൾക്ക് ലഭ്യമായില്ല എന്നുളളത് കൊണ്ട് കൂടിയാണ്. വെസ്റ്റ് ബാങ്കിലും ലബനാൻ അതിർത്ഥിയിലും യമനിലും ചെങ്കടലിലും മെഡിറ്ററേനിയൻ കടലിലും വ്യാപിച്ച യുദ്ധം സർവ്വ സംഹാരിയായി രൂപം പ്രാപിച്ചു. പിന്നിട് ഇസ്രായേലിനെ യുദ്ധം പ്രതികൂലമായി ബാധിക്കുകയും ലോക രാഷ്ട്രങ്ങൾക്കിടയിൽ അവർ ഒറ്റപ്പെടുകയും ചെയ്തു. 

ഐഡിയോളജിയും വ്യക്തി താൽപര്യവും

യുദ്ധം അതിന്റെ ലക്ഷ്യങ്ങൾ  പൂർത്തീകരിക്കാൻ സാധിക്കാതെ സ്തംഭനാവസ്ഥയിലാണന്ന് യുദ്ധകാല കാബിനറ്റിലെ മന്ത്രിമാരിൽ പലരും മനസ്സിലാക്കുന്നു. യുദ്ധം തുടരുന്നതിനേക്കാൾ ബന്ധി മോചനമാണ് മുഖ്യമായി പരിഗണിക്കേണ്ടതെന്നും, അധിനിവേശത്തിന് വിരാമമിട്ട് ഫലസ്തീനിലെ രാഷ്ട്രീയ സാഹചര്യം  പഠിച്ച് പുതിയ ഭരണകൂടം സ്ഥാപിക്കുവാനുള്ള സാധ്യതകളെക്കുറിച്ച് അന്വേഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രിമാർ ബോധവാൻമാരാണ്. നിലവിലെ സാഹചര്യം തുടർന്നാൽ രണ്ട് തരത്തിൽ അത് ഇസ്രയേലിനെ പ്രതികൂലമായി ബാധിക്കും. സൈനികവും സാമ്പത്തികവുമായ മേഘലയാണ് അതിലൊന്ന്. ആഗോള തലത്തിൽ ഇസ്രയേലിനുണ്ടാക്കുന്ന അപകീർത്തിയും, അറബ് രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ സാധാരണമാവുന്നത് അവതാളത്തിലാക്കുന്ന സാഹചര്യം രൂപപ്പെടലുമാണ് മറ്റൊന്ന്. 

പക്ഷെ, നെതന്യാഹു യുദ്ധം തുടരുക എന്ന തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. അതിന് വ്യക്തിപരവും രാഷ്ട്രീയപരവും ആശയപരവുമായ കാരണങ്ങളുണ്ടാകാം. ഫലസ്തീനിൽ നിരുപാധിക വിജയമെന്ന ലക്ഷ്യം നിറവേറിയില്ലങ്കിൽ അത് നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി അവസാനിപ്പിക്കുകയും തന്നിമിത്തം തോൽവിയുടെ ഉത്തരവാദിത്തം തന്റെ തലയിൽ വരികയും, ചെയ്ത അതിക്രമങ്ങൾക്ക് വിചാരണ നേരിടേണ്ടതായും വന്നേക്കാം.  

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാത്ത, വെസ്റ്റ് ബാങ്കിനെ ഇസ്രായേൽ അധീനതയിൽ കൊണ്ടുവരണമെന്നാഗ്രഹിക്കുന്ന തീവ്ര വലതുപക്ഷ സയണിസ്റ്റ് നിലപാടിനോട് യോജിക്കുന്ന നെതന്യാഹു യുദ്ധമവസാനിപ്പിക്കുക എന്ന തീരുമാനമെടുത്താൽ തങ്ങളുടെ ഈ ലക്ഷ്യങ്ങൾ ഒരു മരീചിക പോലെ യാഥാർത്ഥ്യമാകാതെ അകന്നുനിൽക്കും.  പ്രത്യേകിച്ച്, ഒക്ടോബർ ഏഴിന് തങ്ങളുടെ പ്രതിരോധ ശക്തി തകരുകയും എട്ട് മാസത്തോളമായി അത് പുനസ്ഥാപിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ. ഉത്തരത്തിലുള്ള ആശങ്കകളിൽ നിന്ന് പുറത്തുകടക്കാനാണ് യുദ്ധത്തിൽ നിന്ന് പിൻമാറാതെ വിനാശകരമായ രാഷ്ട്രീയ താൽപര്യങ്ങളുമായി നെതന്യാഹു മുന്നോട്ടുപോകുന്നത്. 

തികഞ്ഞ അഹങ്കാരത്തോടൊപ്പം തീവ്രവാദ പ്രത്യയശാസ്ത്ര കാഴ്ച്ചപ്പാടുകളെയും കൂട്ടുപിടിച്ചാണ്  നെതന്യാഹു മുന്നോട്ടുപോകുന്നത്. താൻ ഇസ്രായേലിന്റെ രാജാവും ചരിത്ര പുരുഷനുമാണെന്ന് അയാൾ സ്വയം കരുതുന്നു. അതേസമയം അധികാരം നഷ്ടപ്പെടുമെന്ന ചിന്ത നെതന്യാഹുവിനെ വേട്ടയാടുമ്പോൾ യുദ്ധത്തിന്റെ തീവ്രത വർധിപ്പിച്ച് സയണിസ്റ്റ് ലോബിയെ തനിക്കൊപ്പം നിർത്തി പ്രസിഡൻഷ്യൽ ഇലക്ഷനെ നേരിടാമെന്ന വ്യാമോഹവുമുണ്ട്. യുദ്ധത്തെ തന്റെ ഭയപ്പാടിൽ നിന്നുള്ള രക്ഷാ മാർഗമായാണ് നെതന്യാഹു കാണുന്നത്. അതുകൊണ്ടാണ് അമേരിക്ക തങ്ങളുടെ പിന്തുണ പിൻവലിച്ച്  തന്റെ പ്രവർത്തന ശൈലിയെ വിമർശന വിധേയമാക്കിയിട്ടും അദ്ദേഹം യുദ്ധവുമായി മുന്നോട്ടുപോകുന്നത്. 

ഇസ്രായേൽ പ്രതിരോധം തുടർച്ചയായി തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയും, തങ്ങളുടെ ആക്രമങ്ങൾക്കെതിരായുള്ള യു.എൻ പ്രമേയങ്ങളിൽ ആഗോള തലത്തിൽ കീർത്തി നഷ്ടമായി ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയും, യുദ്ധം സാമ്പത്തികവും സാമൂഹികവുമായ ഒട്ടനവധി പ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്ത സാഹചര്യത്തിൽ നെതന്യാഹു തന്റെ ഐഡിയോളജിയും വ്യക്തിപരമായ താൽപര്യങ്ങളുമായി മുന്നോട്ടുപോകുന്നത് ഇസ്രായേലിന് അത്ര ആരോഗ്യകരമാവുകയില്ല. 

യുക്തിശൂന്യമായ തത്വശാസ്ത്രത്തെ പിന്തുടരുന്ന ഇസ്രായേലീ നേതാക്കളിൽ മുൻനിരയിലുള്ളയാളാണ് നെതന്യാഹു. നിരുപാധിക യുദ്ധവിജയമെന്ന ലക്ഷ്യത്തിൽ നിന്ന് ഇസ്രയേലിനെ അയാൾ വിദൂരത്തേക്ക് കൊണ്ടുപോകും. മാത്രവുമല്ല, വൈദേശിക-ആഭ്യന്തര പ്രതിസന്ധികൾ കാരണം, കൈകൊള്ളുന്ന തന്ത്രപ്രധാന തീരുമാനങ്ങളെല്ലാം പരാജയങ്ങളായി മാറുന്നതിനും വരും മാസങ്ങളിൽ ഇസ്രായേൽ സാക്ഷിയാകും. 

റിസർവ് ഫോഴ്സ് മേജർ ജനറലായിരുന്ന ഇസ്ഹാഖ് ബ്റീകിൻ്റെ വാക്കുകൾ ശ്രദ്ധേയമാണ്: “ഹമാസിനോടോ ഹിസ്ബുല്ലയോടോ യുദ്ധം ജയിക്കാനുള്ള ശേഷി ഇസ്രായേലിനില്ല. യുദ്ധം അവസാനിപ്പിക്കാൻ സാധിച്ചില്ലങ്കിൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന പോരാട്ടമായി അത് മാറുകയും ഇസ്രായേലിന്റെ നാശത്തിന് വഴിവെക്കുകയും ചെയ്യും, ഇസ്രയേൽ സൈന്യം ചെറുതാണ്. നിരന്തര യുദ്ധവും അധിക സൈനിക സംഘങ്ങളുടെ അഭാവവും അവരെ ക്ഷീണിപ്പിക്കുന്നു. യുദ്ധം നീളുന്നതിനനുസരിച്ച് കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കും”.

വിവ: അംജദ്. കെ

Related Articles