Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സൈനികരെ ബന്ദികളാക്കി ഹമാസ്

ഗസ്സ സിറ്റി: കഴിഞ്ഞ ശനിയാഴ്ച വടക്കന്‍ ഗസ്സയില്‍ വെച്ച് ഇസ്രായേല്‍ സൈന്യവുമായി നടന്ന പോരാട്ടത്തില്‍ സൈനികരെ പിടികൂടി ബന്ദികളാക്കിയതായി അല്‍ ഖസ്സാം ബ്രിഗേഡ്‌സിന്റെ സ്‌പോക് പേഴ്‌സണ്‍ അബൂഉബൈദ. ജബാലിയയിലെ ഒരു തുരങ്കത്തില്‍ കെണിവെക്കുകയും അതിലേക്ക് സൈനികരെ വീഴ്ത്തുകയുമായിരുന്നു. തുരങ്കത്തിന്റെ ഉള്ളില്‍ വെച്ച് പോയന്റ് ബ്ലാങ്കില്‍ പോരാട്ടം നടന്നതായും അങ്ങനെ സൈനികരെ പിടികൂടുകയും സൈനികരുടെ കൈവശമുണ്ടായിരുന്ന ആയുധക്കോപ്പുകള്‍ പിടിച്ചെടുത്തതായും അബൂഉബൈദ അറിയിച്ചു.

ഓരോ പ്രാവശ്യവും അവര്‍ പരാജയത്തില്‍ നിന്നും പരാജയത്തിലേക്കാണ് അവരുടെ പോക്ക്. ഇസ്രായേല്‍ സേന അവരുടെ ശവം തോണ്ടുകയാണ്. തുരങ്കത്തിനുള്ളില്‍ വെച്ച് നടന്ന രൂക്ഷമായ പോരാട്ടത്തില്‍ ചില സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും മറ്റുചിലര്‍ കൊല്ലപ്പെടുകയും ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു. തുരങ്കത്തിന്റെ അകത്ത് വെച്ച് സൈനികരുമായി നടന്ന പോരാട്ടത്തിന് ശേഷം ആ തുരങ്കം തങ്ങള്‍ ഉപേക്ഷിച്ചുവെന്നും അബൂഉബൈദ പ്രസ്താവിച്ചു. അധിനിവേശ സേനക്കെതിരെ പോരാട്ടം കൂടുതല്‍ കടുപ്പിക്കുമെന്നും ഗസ്സയുടെ സകലയിടത്തും ഹമാസിന്റെ പോരാളികള്‍ പതിയിരിപ്പുണ്ടെന്നും അല്‍ ജസീറ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിലൂടെ അബൂഉബൈദ വ്യക്തമാക്കി.

തുരങ്കത്തിലൂടെ ഒരു ഇസ്രായേല്‍ സൈനികനെ വിലിച്ചിഴച്ച് കൊണ്ടുപോവുന്ന വീഡിയോ അല്‍ഖസ്സാം ബ്രിഗേഡ്‌സ് പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ഇത്രയുമാണ് പറയാനുള്ളതെന്നും ബാക്കിയുള്ള കാര്യങ്ങള്‍ ഓരോന്നും കൃത്യ സമയത്ത് തന്നെ പുറത്തുവിടുമെന്നും വീഡിയോയില്‍ പറയുന്നു.

തൂഫാനുല്‍ അഖ്‌സക്ക് ശേഷം ഇതാദ്യമായാണ് ഇസ്രായേല്‍ സൈനികരെ ഹമാസ് ബന്ദികളാക്കുന്നത്. അതിനിടെ സൈനികരെ ബന്ദികളാക്കിയ അബൂഉബൈദയുടെ പ്രഭാഷണം കേട്ട് ആഹ്ലാദഭരിതരാവുന്ന ഫലസ്തീനികളുടെ വീഡിയോയും പുറത്തുവന്നിരുന്നു.

Related Articles