Saturday, November 15, 2025

Current Date

നൂറ്റാണ്ട് തികക്കുന്ന സംഘ വംശീയ ഫാഷിസം

As the Rashtriya Swayamsevak Sangh (RSS) approaches its centenary in 2025, its journey over the past hundred years reveals a calculated and patient ideological project

സുപ്രീം കോടതിയുടെ ഒന്നാം നമ്പർ മുറിയിൽ ചീഫ് ജസ്റ്റീസിൻ്റെ മുഖത്തേക്ക് ഷൂ എറിഞ്ഞു കൊണ്ട് ഹിന്ദുത്വ സനാതന വംശീയത ഇന്ത്യയിൽ അതിൻ്റെ സംഘടിത സർവാധികാര ശക്തിയുടെ നൂറാം വർഷ ആഘോഷങ്ങൾക്ക് ഹരം പകർന്നിരിക്കുന്നു! ചീഫ് ജസ്റ്റിസിൻ്റെ വാഹനം തടഞ്ഞു നിർത്തി മുഖത്തേക്ക് തുപ്പാനുള്ള ആഹ്വാനമൊക്കെ നടത്തിക്കൊണ്ട് കേരള പ്രാന്തത്തിലെ ഒരു ബൗദ്ധികനും ِِആവേശ കമ്മറ്റിയിൽ ഒരൽപം അഹങ്കാരത്തോടെയാണെങ്കിലും  ആവേശഭരിതനായി തന്നെയുണ്ട്!

ആർ.എസ്.എസ് അതിൻ്റെ നൂറാം വാർഷികം ആഘോഷിക്കുക എന്നാൽ സ്വതന്ത്ര മതേതര ജനാധിപത്യ ഇന്ത്യയിൽ വംശീയ ഫാസിസം അതിൻ്റെ മുക്കാൽ നൂറ്റാണ്ടിൻ്റെ ആഘോഷത്തിലാണെന്നാണ്. വെറുതെ ആഘോഷിക്കുകയല്ല. ഭരണത്തിലേറിയുള്ള ആഘോഷമാണ്! സുസ്ഥാപിതവും ഭദ്രവുമായ ഒരു ജനാധിപത്യ മതേതര സഞ്ചയത്തെ തകർക്കാൻ വംശീയ ഫാസിസത്തിന് ഏഴരപ്പതിറ്റാണ്ട് ധാരാളം മതി എന്നതാണ് അതിൻ്റെ നേർ മലയാളം!

അങ്ങനെ, ജനാധിപത്യത്തിലേക്കും മതനിരപേക്ഷതയിലേക്കും സ്വാതന്ത്ര്യപ്പെട്ട ഇന്ത്യയിൽ ഹിന്ദുത്വ വംശീയ ഫാസിസം അതിൻ്റെ വിവിധങ്ങളായ അടരുകളോടെ നൂറ് വർഷങ്ങളെ അതിജീവിച്ചിരിക്കുന്നു. അഥവാ, അതിജയിച്ചിരിക്കുന്നു. ഈ അതിജീവന കലയിലെ വിസ്മയകരമായ ഒരു വൈരുദ്ധ്യം ചിത്പാവൻ ബ്രാഹ്മണിസമെന്ന അതീവ ശുഷ്കമായൊരു ജാതി ന്യൂനപക്ഷത്തിൻ്റെ മേൽകോയ്മ ഇന്ത്യൻ രാഷ്ട്രീയത്തിന് മേൽ ശാശ്വതീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് !

വംശഹത്യകൾക്കും കലാപങ്ങൾക്കും വേണ്ടിയുള്ള അച്ചടക്ക പൂർണ്ണമായ സംഘാടനത്തിന് നൂറ് തികയുകയാണ്. മനുഷ്യരെ കൊല്ലാൻ ഇത്രയും അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന, വംശഹത്യക്കും കൂട്ടക്കുരുതിക്കും കൂട്ടബലാത്സംഗങ്ങൾക്കും അതിനൊക്കെയും വേണ്ടിയുള്ള മാരകമായ സായുധ പരിശീലനങ്ങൾക്കും നിഗൂഢമായ ആസൂത്രണങ്ങൾക്കും രക്ഷാധികാരിത്വം വഹിക്കുന്ന അഥവാ, വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുള്ള കേഡറിസം ഈ മണ്ണിൽ നൂറ്റാണ്ട് തികച്ചിരിക്കുന്നു! 

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ആദ്യത്തേത് എന്നു പറയാവുന്ന സംഘടിതവും ആസൂത്രിതവുമായ ബോംബാക്രമണം നടക്കുന്നത് 1947 ആഗസ്ത് 11ന് രാത്രിയിലാണ്. ഗാന്ധി വധത്തിന് മുമ്പ് ഹിന്ദുത്വയുടെ പരിശീലന പയറ്റുകളിൽ അറിയപ്പെട്ട ഒന്നാമത്തെ ഭീകരാക്രമണം! പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ ഗിദ്ദര്‍ബാ റയില്‍വേസ്റ്റേഷന് 5 കിലോമീറ്റര്‍ കിഴക്കുവെച്ച് പാക്കിസ്ഥാനിലേക്ക് അഭയാര്‍ത്ഥികളേയും വഹിച്ചു പോകുന്ന ആദ്യത്തെ സ്പഷല്‍ ട്രൈന്‍ ബോംബു വെച്ചു തകര്‍ത്തു. ആര്‍എസ്.എസ്സുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം സിഖ് തീവ്രവാദിയായിരുന്ന മാസ്റ്റര്‍ താരാസിംങ്ങിന്‍റെ നേതൃത്വത്തിലായിരുന്നു ഈ ക്രൂര കൃത്യം നടപ്പിലാക്കിയത്. രാഷ്‌ട്രീയ സ്വയം സേവന പാതയില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒരു ഘടകമായി, അല്ല, ഒരു സംപൂജ്യ പ്രതിഷ്ഠയായി ബോംബ് സ്ഥാനം പിടിച്ചു. അത് ഇന്നും അഭംഗുരം അങ്ങനെ തന്നെ!

സായുധ സംഘാതമായി രാഷ്ട്രീയ സേവക സംഘത്തിന് വളരാൻ സൂത്രവാക്യങ്ങൾ മാത്രമല്ല പ്രായോഗിക പാതയും ധൈര്യവും പ്രാപ്തിയും കൈവന്നതിൻ്റെ അത്യുഗ്രമായ പ്രകടനം ഗാന്ധി വധം തന്നെയായിരുന്നു. സംഘം വർഷങ്ങളായി നടത്തിയ പരിശീലന പരിപാടികളുടെ വിജയകരമായ ഒരു പരിസമാപ്തിയായിരുന്നു ഗാന്ധി വധം. രാജ്യം നിലവിൽ വന്ന ശേഷം അതിൻ്റെ ജനാധിപത്യ-ഭരണ സംവിധാനങ്ങളിലേക്ക്  ഹിന്ദുത്വയുടെ പണിയാളുകളെ ഒളിച്ചു കടത്തിക്കൊണ്ട് നിയാമക നീതി വ്യവസ്ഥക്കകത്തും വിദ്യാഭ്യാസ സാംസ്കാരിക സംവിധാനങ്ങൾക്ക് മേലും നടത്തിയ ഭീകരപ്രവർത്തനങ്ങൾ ഗാന്ധിവധത്തോളം തന്നെ മാരകമായിരുന്നു. ഒരു പക്ഷെ, ഗാന്ധിവധത്തിന് ശേഷമുണ്ടായ ജനവിദ്വേഷത്തെ ഹിന്ദുത്വ സംഘ സേവ മറികടക്കുന്നത് പോലും വ്യവസ്ഥക്കകത്ത് കടന്ന് കൂടി നടത്തിയ ഈ ആക്രമണത്തിലൂടെയാണ്. അതിൽ മഞ്ഞുമലയുടെ അറ്റത്ത് കാണുന്ന ഇച്ചിരിപ്പോരം മാത്രമാണ് തിരഞ്ഞെടുപ്പ് അട്ടിമറിയൊക്കെ!

ആധുനിക സായുധ ഫാഷിസത്തിൻ്റെ പ്രായോഗിക മാതൃകകളെ ഹിറ്റ്ലറിൽ നിന്നും മുസോളനിയിൽ നിന്നും പകർത്തിയെടുത്ത ശേഷം സാംസ്കാരികമായും രാഷ്ട്രീയമായും സാമ്പത്തികമായിപ്പോലും വംശീയ ഫാഷിസത്തെ രാജ്യത്തിൻ്റെ പൊതുസംവിധാനങ്ങളിലേക്ക് സന്നിവേശിപ്പിച്ചതിൻ്റെ വിജയാഘോഷം കൂടിയാണിത്. സവർക്കറുടെ അഭിനവ് ഭാരതിലും മുഞ്ചെയുടെ സായുധ ശാഖകളിലും മാത്രമായി തങ്ങി നിൽക്കാതെ ഹിന്ദുത്വ വംശീയതയെ രാഷ്ട്രാധികാരം നേടുന്നതിലേക്ക് സർവ തുറകളിലൂടെയും ആനയിച്ചതിൻ്റെ വിളവെടുപ്പ് ആഘോഷം കൂടിയാണിത്!

രാഷ്ട്ര വ്യവസ്ഥയെ ആ രാഷ്ട്ര വ്യവസ്ഥക്കകത്ത് നിലയുറപ്പിച്ച് അട്ടിമറിച്ചതിൻ്റെ ഈ ആഘോഷ പരിപാടികൾ പക്ഷെ ആരുമത്ര ഗൗരവത്തിൽ പരിഗണിച്ചതായി കാണുന്നില്ല. ഇനിയും പുറത്തു വരാത്ത തെളിവുകളോടെ രാജ്യത്തിനകത്ത് ഇതിനകം നടന്നു കഴിഞ്ഞ ചെറുതും വലുതുമായ നൂറ് കണക്കിന് ഭീകരാക്രമണങ്ങൾ, പാളിപ്പോയ നിഗൂഢ പദ്ധതികൾ, വിദ്വേഷവും വെറുപ്പും പടർത്തി കലാപങ്ങളും വംശീയ കൂട്ടക്കുരുതികളും നടത്തുവാനുള്ള ആസൂത്രിത ശ്രമങ്ങൾ. സംഘം അതിൻ്റെ നൂറ് വർഷങ്ങൾ കടന്ന് പോവുമ്പോൾ, ഇതിലൊക്കെയും നല്ല വെളിച്ചത്തിൽ സ്വൽപം ഇരുട്ടുണ്ട് എന്ന ഒഴികഴിവിലായിപ്പോയി നമ്മുടെ മതേതര ജനാധിപത്യ ‘ശക്തി’. 

നൂറാം വാർഷികം സർവാധികാര വിഭൂഷിതമായി ആർ.എസ്.എസിന് ആഘോഷിക്കാനായത് ഈ ഒഴികഴിവിൻ്റെ കൂടി സൗകര്യപ്പെടുത്തലിലൂടെയാണ്. അഥവാ, ഉത്സവത്തിന് മൈതാനം ഒരുക്കിയതിൻ്റെ ക്രെഡിറ്റ്, അതെന്തായാലും ഇവിടുത്തെ മതേതരത്വ ജനാധിപത്യ ചേരിക്കുള്ളതാണ്.

Summary: As the Rashtriya Swayamsevak Sangh (RSS) approaches its centenary in 2025, its journey over the past hundred years reveals a calculated and patient ideological project that has gradually reshaped India’s political, administrative, and cultural landscape. Over time, it infiltrated key spheres of power — from bureaucracy and media to academia and civil society — preparing the ground for its political arm, the Bharatiya Janata Party (BJP), to rise to dominance. The Sangh’s greatest success lies not only in electoral victories but in the normalisation of its ideology within state institutions and public consciousness. What began as a marginal nationalist movement has now become the ideological backbone of the Indian state.

Related Articles