Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാംഭീതിയുടെ വ്യാജ പ്രചരണങ്ങൾ

സ്പെയിനിൽ കുടിയേറ്റക്കാരായി ഒരു പുതു ജീവിതം തേടി മെഡിറ്ററേനിയൻ കടലിനു കുറുകെ സഞ്ചരിക്കുന്ന ഒരുകൂട്ടം അറബ് യുവാക്കൾ,അവരുടെ ആതിഥേയർക്ക് ചില സന്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു.

“മുഹമ്മദ് നബിയെ സ്തുതിക്കാത്ത അവിശ്വസ്തരായ എല്ലാ സ്പെയിനുകാരുടെയും തൊണ്ട ഞങ്ങൾ മുറിക്കാൻ പോവുകയാണ്,” സ്പാനിഷ് തീരങ്ങളിലേക്ക് അടുക്കുന്ന സമയത്ത് അവർ ഇങ്ങനെ മന്ത്രിക്കുകയും ഒരാൾ കയ്യിൽ ചെറിയ കത്തി ഉയർത്തികാണിക്കുകയും ചെയ്യുന്നു.

കടലിലെ അറബ് കുടിയേറ്റക്കാരെ ചിത്രീകരിക്കുന്ന ഒരു വീഡിയോയിലെ ദൃശ്യങ്ങളാണ് മേൽപ്പറഞ്ഞത്. വീഡിയോ അടുത്തിടെ ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും സ്പാനിഷ് ഫേസ്ബുക്ക്, ട്വിറ്റർ, ടെലിഗ്രാം, വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കിടയിൽ വ്യാപകപ്രചാരം നേടുകയും ചെയ്തു.

“അയാൾ ആ കത്തി ഉപയോഗിച്ച് നമ്മെ ഭീഷണിയുടെ മുൾമുനയിൽ നിർത്തുകയാണ്. ഇത് വളരെ ഭയാനകമാണെന്നറിഞ്ഞിട്ടും, അവരെ അനുവദിക്കുന്നതിൽ നമ്മുടെ രാഷ്ട്രീയക്കാർക്ക് സന്തോഷം മാത്രമാണുള്ളത്.”, “എന്തൊരു അപമാനകരമായ കാര്യമാണിത്. ഈ കത്തി ഉപയോഗിച്ച് കപ്പലിൽ ഇരിക്കുന്നവരാണ് ഇനി ചർച്ചുകളിൽ കയറി ക്രിസ്ത്യാനികളുടെ കഴുത്തറുക്കാൻ മുന്നോട്ടുവരികയെന്ന് നിങ്ങൾക്ക് ഊഹിക്കാനാവുമോ?എന്നാൽ അവർക്കെതിരെ നിങ്ങൾ സംസാരിക്കുകയാണെങ്കിൽ നിങ്ങൾ ഒരു ഫാസിസ്റ്റോ വംശീയവാദിയോ ആയി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു,”. പ്രസ്തുത വീഡിയോക്ക് സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ലഭിച്ച രണ്ട് കമന്റുകളാണിത്.

എന്നാൽ,വൈകാതെ തന്നെ ഈ വീഡിയോയുടെ ഉള്ളടക്കവും ചിത്രീകരണവും വ്യാജമായിരുന്നുവെന്ന് തെളിയിക്കപ്പെടുകയുണ്ടായി. വാസ്തവത്തിൽ,വിദ്വേഷപ്രചരണത്തിന് ആയുധമാക്കി ഓൺലൈനിൽ ഇടം നേടുന്നതിനായി പുനർനിർമ്മിക്കുകയും തെറ്റായ രീതിയിൽ അറബി വിവർത്തനം നൽകുകയും ചെയ്‌ത വീഡിയോയായിരുന്നു അത്.

ചില മ്യൂസിക് അപ്ലിക്കേഷനുകളുടെയും വിദഗ്ദ പരിശോധനകളുടെയും ഫലമായി വീഡിയോയിലെ ചെറുപ്പക്കാർ യഥാർത്ഥത്തിൽ അൾജീരിയൻ ഹിറ്റ് ഗാനമായ ‘ബൈ ബൈ സലാമി’ന്റെ ഈരടികളാണ് പാടുന്നതെന്ന് പിന്നീട് സ്ഥിതീകരിക്കുകയുണ്ടായി.

കുടിയേറ്റക്കാരെ പ്രധാനമായും അറബികളെയും മുസ്‌ലിംകളെയും അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ സ്‌പെയിനിൽ പ്രചരിച്ച നിരവധി വ്യാജ വാർത്തകളിൽ ഒന്നാണ് ഈ വീഡിയോ. കുടിയേറ്റക്കാരുടെ 500ഓളം ബോട്ടുകൾ സ്പെയിനിനെ ലക്ഷ്യമാക്കുന്നു,ആരാധന നിർവഹിക്കാനുള്ള സാമൂഹിക അകലം പള്ളികൾ ലംഘിക്കുന്നു, മുസ്ലീം സമുദായങ്ങൾ സ്‌കൂൾ മെനുകളിൽ നിന്ന് പന്നിയിറച്ചി ബലമായി നീക്കംചെയ്യുന്നു,ദേശീയ ക്ഷേമ പദ്ധതിയിൽ നിന്ന് അനധികൃത അറബ് കുടിയേറ്റക്കാർ വലിയ സഹായങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റുന്നു എന്നിവയുൾപ്പെടെയുള്ള ഒട്ടനവധി ആരോപണങ്ങൾ അവയിൽ ഉൾപ്പെടുന്നുണ്ട്.

‘മാൽഡിറ്റ മൈഗ്രേഷ്യനി’ലെ പത്രപ്രവർത്തകയും മൈഗ്രേഷൻ ഫാക്റ്റ് ചെക്കറുമായ നതാലിയ ഡീസ് പറയുന്നു.”കുടിയേറ്റത്തെക്കുറിച്ചുള്ള നുണകൾ കുടിയേറ്റക്കാരെയും മുസ്‌ലിംകളെയും കുറിച്ചുള്ള പ്രധാന ആശയങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതാണ്.
അവർ അപകടകാരികളാണെന്നും അവർ തങ്ങളുടെ സംസ്കാരം അടിച്ചേൽപ്പിക്കാൻ പോകുന്നുവെന്നും സ്ഥാപനങ്ങൾ അത് അനുവദിക്കാൻ പോകുന്നുവെന്നും തുടങ്ങിയവ ഇതിൽ പ്രധാനമാണ്.

വ്യാജ വാർത്തകൾ

കുടിയേറ്റ രംഗത്തെ വ്യാജവാർത്തകളുടെ പ്രചരണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്.2019 ൽ സ്‌പെയിനിലേക്ക് 748,759 കുടിയേറ്റക്കാരാണ് പ്രവേശിച്ചത്. കൊളംബിയക്കാർ, മൊറോക്കക്കാർ, വെനിസ്വേലക്കാർഎന്നിവരാണ് ഏറ്റവും വലിയ മൂന്ന് കുടിയേറ്റ രാഷ്ട്രങ്ങൾ.

“സ്പെയിനിലെ മുസ്ലീങ്ങളെക്കുറിച്ചുള്ള വ്യാജവാർത്തകൾ നിരന്തരവും കുടിയേറ്റത്തെക്കുറിച്ചുള്ള വ്യാജവാർത്തകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇസ്‌ലാമിനെക്കുറിച്ചുള്ള വ്യാജവാർത്തകളെക്കുറിച്ച് പറയുമ്പോൾ, മുസ്‌ലിംകളെ ആനുകൂല്യങ്ങൾ, അക്രമം, ഭീകരത എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് ഏറ്റവും സാധാരണമായ തീമുകൾ,” ഡീസ് വിശദീകരിക്കുന്നു.

മുസ്ലീങ്ങളെക്കുറിച്ചുള്ള മിക്ക വ്യാജ വാർത്തകളും അവരെ നേരിട്ട് കുടിയേറ്റവുമായി ബന്ധിപ്പിക്കുന്നത് കൊണ്ട് തന്നെ തെറ്റായ വിവരങ്ങളിലൂടെ, സ്പെയിനിലെ മുസ്ലീങ്ങളുടെ വിദേശവൽക്കരണം ശക്തിപ്പെടുത്തുന്നുണ്ട്.

മുസ്ലിംകുടിയേറ്റക്കാരെ കുറിച്ച് പൊതുസമൂഹത്തിന് തെറ്റായ ധാരണകൾ സൃഷ്‌ടിക്കാനും അത് വഴി കുടിയേറ്റക്കാരെ പ്രതിക്കൂട്ടിലാക്കാനുമാണ് ഇത്തരം വ്യാജവാർത്തകൾ കൊണ്ട് ശ്രമിക്കുന്നത്.

സമീപ വർഷങ്ങളിലായി വ്യാജവാർത്തകളുടെ കുതിച്ചുചാട്ടം ലോകമെമ്പാടും വർദ്ധിച്ചുവരുന്ന വലിയൊരു ആശങ്കയായിത്തീർന്നിട്ടുണ്ട്.ഇക്കാര്യത്തിൽ സ്പെയിനും ബഹുദൂരം മുന്നിലാണ്.

തെറ്റായ വിവരങ്ങളുടെ വർദ്ധനവിനെ പ്രതിരോധിക്കുന്നതിനും വൈറലാവുന്ന വ്യാജവാർത്തകൾ ഇല്ലാതാക്കുന്നതിനുമായി മാൾഡിറ്റ(Maldita) എന്ന പേരിൽ 2017ൽ ഒരു സ്വതന്ത്ര ഫാക്ട്ചെക്കിങ്സംഘടന സ്ഥാപിക്കപെട്ടിരുന്നു.അതിന്റെ ഏറ്റവും തിരക്കേറിയ ശാഖകളിലൊന്നാണ് ഡീസി(Diez)ന്റെ മൈഗ്രേഷൻ ഡിപ്പാർട്ട്മെന്റ്.

2017 മുതൽ 2020 വരെ കുടിയേറ്റവും മതവുമായി ബന്ധപ്പെട്ട 321 വ്യാജ വാർത്തകൾ ‘മാൽഡിറ്റ മൈഗ്രേഷൻ’പരിശോധിക്കുകയുണ്ടായി.കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച തെറ്റായ വിവരങ്ങൾ, മതന്യൂനപക്ഷങ്ങൾ, വിദ്വേഷ ഭാഷണ റിപ്പോർട്ടുകൾ എന്നിവ അവലംബമാക്കിയ ഈ കേസുകളിൽ 168 എണ്ണം കുടിയേറ്റവുമായും 129 എണ്ണം നേരിട്ട് മതവുമായും ബന്ധപ്പെട്ടതും അതിൽത്തന്നെ 70 ശതമാനവും ഇസ്ലാമിനെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്ന് തെളിയിക്കപ്പെട്ടിരുന്നു.

മതന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വ്യാജവാർത്തകളുടെ എണ്ണത്തിൽ വൻതോതിലുള്ള വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.2017ലെ 25 ശതമാനത്തിൽ നിന്ന് 2018 ൽ 29 ശതമാനമായും 2019 ൽ 45 ശതമാനമായും ഉയരുകയുണ്ടായി.

“മുസ്ലീം സമുദായത്തിനെതിരായ വ്യാജവാർത്തകൾ വളരെയധികം വലിച്ചിഴക്കുന്നതായും മറ്റേതൊരു തരത്തേക്കാളും ഇത് വൻതോതിൽ വ്യാപിക്കുകയും ചെയ്യുന്നു,” വിദ്യാഭ്യാസ പദ്ധതികളുടെ ഡയറക്ടറും മാധ്യമങ്ങളിലെ ഒബ്സർവേറ്ററി ഓഫ് ഇസ്ലാമോഫോബിയയിലെ വിശകലന കോർഡിനേറ്ററുമായ മോണിക്ക കാരിയൻ പറയുന്നു.

“മോശം മീഡിയ കവറേജുകൾ മുഴുവൻ മുസ്‌ലിം സമൂഹത്തെയും ദേശീയപരമായും വൈദേശികപരമായും ബാധിക്കുന്നു. ഇത്തരം കവറേജുകൾ പൊതുസമൂഹത്തിന്റെ ധാരണകളിൽ തെറ്റായ സ്വാധീനംചെലുത്തുകയും ചെയ്യുന്നു.”

2017 നും 2019 നും ഇടയിൽ, 2020 ൽ സ്ഥിരത കൈവരിക്കുന്നതിന് മുമ്പ് തന്നെ കുടിയേറ്റം സ്പാനിഷ് ജനതയുടെ വർദ്ധിച്ചുവരുന്ന പ്രധാനപ്രശ്നമായി മാറിയെന്ന് പബ്ലിക് ഇൻസ്റ്റിറ്റ്യൂട്ട് സെന്റർ ഫോർ സോഷ്യോളജിക്കൽ ഇൻവെസ്റ്റിഗേഷൻ (സിഐഎസ്) അഭിപ്രായപ്പെടുന്നുണ്ട്. 2020 ജൂണിൽ 1.6 ശതമാനമായി കുറയുന്നതിന് മുമ്പ് സ്പെയിനുകാർക്കിടയിലെ മൂന്ന് പ്രധാന ആശങ്കകളിലൊന്നായ കുടിയേറ്റത്തെക്കുറിച്ചുള്ള ധാരണ 2017 ജനുവരിയിൽ 3.8 ശതമാനത്തിൽ നിന്ന് 2019 സെപ്റ്റംബറിൽ 15.6 ശതമാനമായി ഉയർന്നതായി സിഐഎസ് പോളിംഗ് കണ്ടെത്തി.

വർധിക്കുന്ന ഇസ്ലാംഭീതി

അടുത്ത കാലത്തായി സ്പെയിനിൽ ഇസ്ലാമോഫോബിക് വിദ്വേഷം വർദ്ധിച്ചു വരികയാണ്.2017 ൽ ബാഴ്സലോണയിലും കേംബ്രിലിലും നടന്ന ഭീകരാക്രമണങ്ങളിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു.ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം സ്പെയിനിൽ ഇസ്ലാമോഫോബിക് വിദ്വേഷ കേസുകൾ 2017 നും 2019 നും ഇടയിൽ 120 ശതമാനം ഉയർന്നിട്ടുണ്ട്.

എന്നാൽ,ഇസ്ലാമോഫോബിയയെ നേരിടാനുള്ള പ്രതിബദ്ധതയുടെ അഭാവം മൂലം മന്ത്രാലയം കടുത്ത വിമർശനം നേരിട്ടിരുന്നു.വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനുള്ള കർമപദ്ധതി 2018-ൽ ആരംഭിച്ച ശേഷം, ഇസ്ലാമോഫോബിയയെ ഒരു പ്രത്യേക വിദ്വേഷ കുറ്റകൃത്യമായി തരംതിരിക്കാനാവില്ലെന്ന് മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

സർക്കാർ സ്ഥാപനങ്ങളും സ്വതന്ത്ര എൻ‌ജി‌ഒകളും പലപ്പോഴും വ്യത്യസ്തമായ ഫലങ്ങൾ നൽകുന്നതിനാൽ ഇസ്ലാമോഫോബിക് വിദ്വേഷത്തെക്കുറിച്ചുള്ള ഡാറ്റകൾ വലിയ അന്തരം കാണിക്കുന്നുണ്ട്. സ്വതന്ത്ര സംഘടനയായ സിറ്റിസൺ പ്ലാറ്റ്ഫോം എഗെയിൻസ്റ്റ് ഇസ്ലാമോഫോബിയ (പിസിഐ) 2017 ൽ 546 കേസുകൾ(സർക്കാർ റിപ്പോർട്ട് ചെയ്ത അഞ്ചിരട്ടിയിലധികം കേസുകൾ) ഇസ്ലാമോഫോബിയയുടെ പേരിൽ റിപ്പോർട്ട് ചെയ്തു.

“പ്രശ്നത്തിന്റെ വലുപ്പം ഡാറ്റയിൽ കൃത്യമായി പ്രതിഫലിക്കുന്നില്ല, കാരണം അവ സാധാരണയായി ഇസ്ലാമോഫോബിയ, സെനോഫോബിയ, വംശീയത എന്നിവ തമ്മിൽ വ്യത്യാസമില്ലാതെയാണ് കണക്കാക്കുന്നത്. സംസ്ഥാനത്തിന് പരിമിതമായ ഡാറ്റ അദൃശ്യമാക്കി മാറ്റുന്നതിനുള്ള ഒരു മാർഗമാണിത്,” സ്പാനിഷ്-ഈജിപ്ഷ്യൻ ആക്റ്റീവിസ്റ്റും മുസ്ലീം അസോസിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് അംഗവുമായ
അറോറ അലി പറയുന്നു.

നാല് വർഷം മുമ്പ് പുറത്തുവിട്ട പിസിഐയുടെ ഈ റിപ്പോർട്ടിന്റെ കണ്ടെത്തലുകളാണ് ഇപ്പോഴും മുസ്ലീം വിവേചനം സംബന്ധിച്ച സർക്കാരിന്റെ 2020 റിപ്പോർട്ടിന്റെ അടിസ്ഥാനമായിട്ടുള്ളത്.

13 വർഷമായി രാജ്യത്ത് താമസിക്കുന്ന സ്പെയിനെ സ്വന്തം വീടകമായി കണക്കാക്കുന്ന രണ്ട് ദശലക്ഷം മുസ്‌ലിംകളിൽ ഒരാളാണ് ഹൌഡ മഹ്ദി.സ്പെയിനിലേക്ക് മാറിയതുമുതൽ തന്റെ മതത്തെ അടിസ്ഥാനമാക്കി ദുരുപയോഗത്തിന് വിധേയരായിരുന്നുവെന്ന് അവർ ഓർമ്മിക്കുന്നു. “ഞാൻ എല്ലാ ദൈനംദിനസാഹചര്യങ്ങളിലും സർവ്വ മേഖലകളിലും ഇസ്ലാംഭീതി നേരിട്ടിട്ടുണ്ട്: ജോലിസ്ഥലത്ത്, എന്റെ അക്കാദമിക് ജീവിതത്തിൽ,പൊതുഗതാഗതരംഗത്ത് പോലും ഇത് അനുഭവിക്കുന്നു”.

ഗവൺമെന്റിന്റെ ഒബ്സർവേറ്ററി ഫോർ റേസിസം ആന്റ് സെനോഫോബിയയുടെ കണക്കനുസരിച്ച് 87 ശതമാനം മുസ്ലീങ്ങളും ഭവനങ്ങൾ കണ്ടെത്തുന്നതിനിടയിലും 83 ശതമാനം പേർ സ്പെയിനിൽ ജോലി കണ്ടെത്തുന്നതിനിടയിലും വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്.

“കാലക്രമേണ,ഇത് കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്.ഇത്തരം വിഷയങ്ങൾ വർധിക്കുകയും ഇസ്ലാംഭീതി സർവ്വസാധാരണമാവുകയും ചെയ്യുന്നു.”മഹ്ദി പറയുന്നു.

വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഒരു സർക്കാർ റിപ്പോർട്ടിൽ സ്പെയിനിലെ വിദേശികൾക്കിടയിലെ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 7.8 ശതമാനവും നിലനിൽക്കുന്നത് മൊറൊക്കോക്കാർക്ക് നേരെയാണ്. മുനിസിപ്പൽ പോലീസ് ഐഡന്റിഫിക്കേഷൻ പ്രോട്ടോക്കോളുകൾ പ്രകാരം മൊറോക്കക്കാർ ഒരു വെള്ളക്കാരനായ സ്പെയിൻകാരനേക്കാൾ ആറിരട്ടി കൂടുതൽ പോലീസ് തടയാൻ സാധ്യതയുള്ളവരാണ് മൊറൊക്കോക്കാർ.

എന്നാൽ,സ്പെയിനിലെ എല്ലാ മുസ്‌ലിംകൾക്കും മഹ്ദിയുടെ അനുഭവവുമായി ബന്ധപ്പെടുത്താൻ കഴിയില്ല.

ഹം‌സ (അദ്ദേഹത്തിന്റെ യഥാർത്ഥ പേരല്ല) മാഡ്രിഡിന്റെ പ്രാന്തപ്രദേശത്ത് ഒരു ചെറിയ ഫ്രൂട്ട് ഷോപ്പ് സ്വന്തമാക്കുകയും മൊറോക്കോയിൽ നിന്ന് താമസം മാറിയതിന് ശേഷം 16 വർഷമായി സ്പെയിനിൽ താമസിക്കുന്നു.

“ഭാഗ്യവശാൽ എനിക്ക് ഇസ്‌ലാമോഫോബിയാപരമായ യാതൊരു അനുഭവവും ഉണ്ടായിട്ടില്ല,ഒരുപക്ഷെ ഞാൻ എല്ലാ കാര്യങ്ങളോടും വളരെയധികം താദാത്മ്യപ്പെട്ടത് കൊണ്ടാവാം,” അദ്ദേഹം പറയുന്നു.

രാഷ്ട്രീയ അവകാശനിഷേധങ്ങൾ

1992-ൽ സ്പാനിഷ് സമൂഹം രാജ്യത്തെ മുസ്‌ലിം സമൂഹവുമായി ഒരു കരാറിൽ ഏർപ്പെടുകയുണ്ടായി. ഇത് പ്രകാരം പൊതുസമൂഹത്തിന്റെ നിഖില മേഖലകളിലും മുസ്ലിം സമുദായത്തിനു തുല്യമായ പ്രാതിനിധ്യവും ഉദ്‌ഗ്രഥനവും ഉറപ്പ് നൽകിയിരുന്നു.

എന്നാൽ 25 വർഷത്തിനുശേഷവും, കരാർ പ്രകാരം ഉറപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന പല അടിസ്ഥാന അവകാശങ്ങളും നേടിയെടുക്കാൻ മുസ്‌ലിം സമൂഹത്തിന് സാധ്യമായിട്ടില്ല എന്നത് യഥാർഥ്യമാണ്.ഇക്കാലത്തും സ്പെയിനിലെ 90 ശതമാനം മുസ്ലീം വിദ്യാർത്ഥികളും മതപഠന വിദ്യാഭ്യാസമില്ലാത്തവരും,90 ശതമാനം ഇസ്ലാമിക പഠന അധ്യാപകർ തൊഴിൽരഹിതരുമാണെന്ന കണക്ക് ഈ അവകാശനിഷേധത്തെ തെളിയിക്കുന്നുണ്ട്.എന്നാൽ ഇതിന് വിരുദ്ധമായി ഇസ്ലാമിക പഠനങ്ങൾ പഠിപ്പിക്കാൻ സ്കൂളുകൾ നിർബന്ധിതരാകുന്നുവെന്ന് വാദിക്കുന്ന നിരവധി വ്യാജവാർത്തകൾ സ്പെയിനിൽ വ്യാപകമാണ്.ഇതിനു പുറമെ സ്പെയിനിലെ 95 ശതമാനം മുസ്ലീം സമുദായങ്ങളും ഇപ്പോഴും ഒരു മുസ്ലീം സെമിത്തേരിയിലേക്ക് പ്രവേശനമില്ലാത്തവരും 12 ശതമാനം പേർ പള്ളിയില്ലാത്തവരുമാണ്.

#StopIslamisation എന്ന ഹാഷ്‌ടാഗിന് കീഴിൽ ഒരു ഓൺലൈൻ കാമ്പെയ്ൻ ആരംഭിച്ചതിന് ശേഷം മുസ്ലീങ്ങൾക്കെതിരെ “വിദ്വേഷം ജനിപ്പിച്ചതിന്” തീവ്ര വലതുപക്ഷ പാർട്ടിയായ വോക്സ്(Vox)ന്റെ ട്വിറ്റെർ അകൗണ്ട് കുറച്ചു ദിവസങ്ങൾക്ക്മുൻപ് ബ്ലോക്ക് ചെയ്തിരുന്നു.

സ്‌പെയിനിലെ മുസ്‌ലിം സമൂഹം രാഷ്ട്രീയമായി ഏകീകൃതമാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആക്ടിവിസ്റ്റ് അറോറയുടെ മറുപടി “ഒരിക്കലുമില്ല”എന്നായിരുന്നു.

“പല മുസ്‌ലിംകൾക്കും വോട്ടവകാശം പോലുമില്ല. ഞങ്ങളുടെ ഏക പ്രതീക്ഷ ഇടതു പക്ഷമായിരുന്നു.എന്നാൽ കഴിഞ്ഞ വർഷങ്ങളായി അവർ ഞങ്ങളോട് മോശമായിട്ടാണ് പെരുമാറുന്നത്. സോഷ്യലിസ്റ്റ് പാർട്ടിയും [അതിന്റെ ഇടതുപക്ഷ സഖ്യകക്ഷി] യൂണിഡാസ് പോഡെമോസും ചെയ്തത് ഞങ്ങളുടെ മുസ്ലീം സ്വത്വ നിഷേധമായിരുന്നു.”

പുരോഗതി കൈവരിക്കണമെങ്കിൽ, സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പ്രാതിനിധ്യ അടിത്തറ സ്ഥാപിക്കപ്പെടണമെന്ന് അലി അഭിപ്രായപ്പെടുന്നു.
“മാറ്റം വരുത്തേണ്ടത് ദേശീയ സ്ഥാപനങ്ങളിൽ നിന്നും നിലവിലുള്ള നിയമനിർമ്മാണത്തിൽ നിന്നുമാണ്. ഞങ്ങൾക്ക് നിയമപരവും നിയമനിർമ്മാണപരവുമായ പിന്തുണയുണ്ടായിരുന്നുവെങ്കിൽ, ഇതൊന്നും ഞങ്ങൾക്ക് സംഭവിക്കുമായിരുന്നില്ല,”
“എന്നാൽ നിയമപരമായ യാതൊരു പരിരക്ഷയുമില്ലാത്തതിനാൽ നിലവിൽ എല്ലാം ഞങ്ങൾക്ക് എതിരാണ്.”

 

വിവ:മുജ്തബ മുഹമ്മദ്‌

Related Articles