Current Date

Search
Close this search box.
Search
Close this search box.

തകരുന്ന ഇന്ത്യൻ ബഹുസ്വരത

വൈവിധ്യങ്ങളോടുള്ള ആദരവിനു പ്രധാന മൂല്യം കല്പിച്ച് കൊണ്ടാണ് ഇന്ത്യ ഒരു ബഹുസ്വര ജനാധിപത്യ സങ്കല്പത്തിന് തുടക്കം കുറിച്ചത്.ഇതോടെ ന്യൂനപക്ഷസുരക്ഷയുടെ വ്യത്യസ്തമായ വ്യവസ്ഥകൾക്ക് രൂപം നൽകുകയുണ്ടായി.സർദാർ പട്ടേലിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷങ്ങൾക്കായുള്ള ഭരണഘടനാ അസംബ്ലിയുടെ സമിതിയാണ് ഈ സുരക്ഷാ സംവിധാനങ്ങൾ രൂപപ്പെടുത്തിയത്.

എന്നാൽ ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം മതന്യൂനപക്ഷങ്ങളുടെ സുരക്ഷ, സാമ്പത്തിക ക്ഷേമം എന്നീ കാര്യങ്ങളിൽ നാം എവിടെയാണ് നിലകൊള്ളുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. പോൾ ബ്രാസ്(Paul Brass),അസ്ഗർ അലി എഞ്ചിനീയർ,സമീപകാലത്ത് പുറത്ത് വന്ന യേൽ(Yale) യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പഠനം തുടങ്ങി സാമുദായികാക്രമവുമായി ബന്ധപ്പെട്ട മിക്ക അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളും രാജ്യത്തെ വർഗീയ അക്രമത്തെക്കുറിച്ചുള്ള വളരെ വേദനാജനകമായ ചിത്രങ്ങളാണ് നൽകുന്നത്.പ്രധാനമായും മുസ്ലീം ന്യൂനപക്ഷങ്ങളും സമീപകാലത്തായി ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളും വലിയ പ്രതികൂല സാഹചര്യങ്ങളാണ് നേരിടുന്നത്.മുസ്ലിം ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക പാർശ്വവൽക്കരണത്തിന്റെ ദയനീയാവസ്ഥയെ കുറിച്ച് 2006ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ,പ്രത്യേകിച്ച് കഴിഞ്ഞ ആറ് വർഷത്തെ സംഭവങ്ങളിലായി വർദ്ധിച്ചുവരുന്ന ഭയപ്പെടുത്തലും പാർശ്വവൽക്കരണവും സമൂഹത്തിനകത്ത് വലിയ ഭീതിയുയർത്തുന്നുണ്ട്. ‘പശുവിന്റെയും ഗോമാംസത്തിന്റെയും പേരിൽ നടന്ന അരുംകൊലകളും ലൗ ജിഹാദിനെ ചുറ്റിപ്പറ്റിയുള്ള അതിക്രമങ്ങളും രാജ്യത്തിന്റെ ജനാധിപത്യ, സ്വാതന്ത്ര്യത്തിന്റെ സാഹചര്യങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭരണകൂടത്തിന്റെ പൂർണ പിന്തുണയോടെ വലിയൊരു വിഭാഗം മാധ്യമങ്ങൾ ‘കൊറോണ ബോംബ്’, ‘കൊറോണ ജിഹാദ്’ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് കൊണ്ട് ഈ അവസ്ഥയെ കൂടുതൽ പ്രകടമാക്കുകയായിരുന്നു.

മുസ്ലിംകളെ പ്രതിക്കൂട്ടിലാക്കാൻ സർക്കാർ 50 ലക്ഷത്തിലധികം ബംഗ്ലാദേശികൾ ഇന്ത്യയിലേക്ക്,പ്രത്യേകിച്ച് അസമിൽ നുഴഞ്ഞുകയറിയവരാണെന്ന് വരുത്തിതീർത്ത് അസമിൽ എൻ‌ആർ‌സി ആരംഭിക്കുകയുണ്ടായി.എന്നാൽ അവസാനഘട്ട കണക്കുകൾ പുറത്ത് വന്നപ്പോൾ 19 ലക്ഷം പേർ മാത്രമാണ് ശരിയായ പൗരത്വ രേഖകളില്ലാതെ കണ്ടെത്തിയത്.അതിൽതന്നെ 12.5 ലക്ഷം പേർ ഹിന്ദുക്കളായിരുന്നു!.

മുസ്ലിംകളെ വിലക്കിക്കൊണ്ട് അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന സമുദായങ്ങൾക്ക് പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി നിയമം (സി‌എ‌എ) ഗവണ്മെന്റ് കൊണ്ടു വരികയുണ്ടായി.കൃത്യമായ രേഖകളില്ലാത്ത ഹിന്ദുകൾക്ക് പിൻവാതിലിലൂടെ പൗരത്വം ലഭിക്കുകയും ദശലക്ഷക്കണക്കിന് മുസ്‌ലിംകളെ പൗരത്വത്തിൽ നിന്ന് വിലക്കി തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റുകയുമാണ് ഈ കെണിയെന്ന് വ്യക്തമാണ്.

ഈ പശ്ചാത്തലത്തിലാണ് നമ്മുടെ മുൻ ഉപരാഷ്ട്രപതി ഹമിദ് അൻസാരി ‘By a Many Happy Accident: Recollections of a Life’ എന്ന തന്റെ ഓർമ്മക്കുറിപ്പുകൾ എഴുതുന്നത്.പുസ്തകം പുറത്തിറക്കുന്നതിന് ചുറ്റുമുള്ള വിവിധ ചാനലുകളുടെ ചർച്ചകളിലും അഭിമുഖങ്ങളിലും അദ്ദേഹം ചില ആശങ്കകൾ ഉന്നയിക്കുകയുണ്ടായി.നമ്മുടെ പൗരത്വനയം മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് അദ്ദേഹം ഊന്നിപ്പറയാൻ ശ്രമിച്ചു. തന്റെ പുസ്തകത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും ഉള്ള മിക്ക അഭിപ്രായങ്ങളും അദ്ദേഹം ഒരു മുസ്ലീം ആയതിനെ ചുറ്റിപ്പറ്റിയായിരുന്നു.തന്റെ നയതന്ത്ര-രാഷ്ട്രീയ ജീവിതത്തിൽ മുസ്ലിം എന്ന സ്വത്വം ഒരിക്കലും ഒരു പ്രശ്നമല്ലെന്നും മറിച്ച് പ്രൊഫഷണൽ രംഗത്തെ മികവ് മാത്രമായിരുന്നു മാനദണ്ഡമെന്ന വസ്തുത അദ്ദേഹം അടിവരയിട്ടു പറഞ്ഞു.നാലു പതിറ്റാണ്ടിലേറെ നീണ്ടുനിന്നതും വളരെ മാന്യമായ രീതിയിൽ രാജ്യത്തെ സേവിച്ചതുമായ അദ്ദേഹത്തിന്റെ കരിയറിനെ ഈ ഓർമ്മകുറിപ്പുകൾ സംഗ്രഹിക്കുന്നുണ്ട്.

ഒരു മുസ്ലീമായതിനാൽ തന്നെ സാമുദായിക ശക്തികൾ അദ്ദേഹത്തെ നിരന്തരം ലക്ഷ്യം വച്ചിരുന്നു.2015ലെ റിപ്പബ്ലിക് ദിന പരേഡിൽ ദേശീയഗാനം ആലപിക്കുമ്പോൾ അൻസാരി സല്യൂട്ട് ചെയ്തില്ല എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിനായി ഒരു ചിത്രം പ്രചരിപ്പിച്ചിരുന്നു.ഈ ചിത്രത്തിൽ രാഷ്ട്രപതിയും അദ്ദേഹത്തോടൊപ്പം പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അഭിവാദ്യം അർപ്പിക്കുന്നു. നിശ്ചലനായി നിൽക്കുന്ന അൻസാരി അഭിവാദ്യം ചെയ്യുന്നില്ലെന്ന രൂപത്തിൽ എടുത്തുകാണിക്കുകയായിരുന്നു. ത്രിവർണ്ണപതാകക്ക് അദ്ദേഹം സല്യൂട്ട് ചെയ്യുന്നില്ലെന്ന വിമർശനം പ്രചരിപ്പിക്കപ്പെട്ടു.എന്നാൽ തദവസരത്തിൽ കരസേനാ മേധാവിയായ രാഷ്ട്രപതി മാത്രമേ സല്യൂട്ട് ചെയ്യേണ്ടതുള്ളൂ.വാസ്തവത്തിൽ അൻസാരി ചെയ്തത് പ്രോട്ടോക്കോൾ പ്രകാരവും അതേസമയം രാഷ്ട്രപതിയുടെ കൂടെ അഭിവാദ്യം ചെയ്തവർ നിർദ്ദേശിക്കപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുകയുമായിരുന്നു!.

“നിങ്ങളുടെ തൊഴിൽ ജീവിതത്തിന്റെ വലിയൊരു ഭാഗം പശ്ചിമേഷ്യയിലായിരുന്നു… അതേ അന്തരീക്ഷത്തിലും സംവാദത്തിലുമായിരുന്നു… വിരമിച്ച ശേഷം അത് ന്യൂനപക്ഷ കമ്മീഷനോ എ‌എം‌യുവോ ആയിരുന്നു… അതായിരുന്നു നിങ്ങളുടെ ചുറ്റളവ്,”
ഹമിദ് അൻസാരി തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ വിരമിച്ചപ്പോൾ പ്രധാനമന്ത്രി പരിഹാസ്യരൂപേണ പറഞ്ഞതിങ്ങനെയായിരുന്നു.

തന്റെ പുതിയ പുസ്തകം പുറത്തിറക്കുന്നതിനു നേരെയുള്ള സാമുദായിക ശക്തികളുടെ പ്രതികരണങ്ങളും രൂക്ഷമായിരുന്നു. ഇന്ത്യ നിങ്ങൾക്ക് നിരവധി ഉന്നത പദവികൾ നൽകിയിട്ടുണ്ടെന്നും എന്നാൽ അതിൽ നിങ്ങൾ അസംതൃപ്തരാണെന്നും,നിങ്ങൾക്ക് രാജ്യം വിട്ട് വീടെന്ന് തോന്നുന്ന എവിടെ വേണമെങ്കിലും തുടരാമെന്നും തുടങ്ങി അനവധി വിമർശനങ്ങൾ അദ്ദേഹം നേരിടുകയുണ്ടായി.രാജ്യത്തിന്റെ പൗരന്മാരെ അവരുടെ മതത്തിന്റെ സ്വത്വത്തിൽ മാത്രം കാണുന്ന ഇത്തരം വിഭാഗീയ ദേശീയവാദികളുടെ മാനസികാവസ്ഥയാണ് ഇത്തരം പ്രതികരണങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്.അൻസാരി തന്റെ വ്യക്തിപരമായ അസന്തുഷ്ടിയെക്കുറിച്ചല്ല സംസാരിക്കുന്നത്.സമഗ്രമായ ഒരു ജനാധിപത്യവാദിയും ഇന്ത്യൻ ദേശീയവാദിയുമായ അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ ധാർമ്മികതാ ബോധത്തിലുള്ള തകർച്ചയെ കുറിച്ചായിരുന്നു നിരന്തരം സംസാരിച്ചിരുന്നത്.ഐഡന്റിറ്റി പ്രശ്‌നങ്ങൾക്ക് പുറമെ രാമക്ഷേത്രം പശു-ബീഫ്,ഘർ വാപസി, ലവ് ജിഹാദ് തുടങ്ങിയ വികാരപരമായ പ്രശ്‌നങ്ങൾ മുൻനിരയിലെത്തിച്ച് നമ്മുടെ ജനാധിപത്യ അടിത്തറയെ കടപ്പുഴക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

അതുപോലെ തന്നെ നിലവിലെ സർക്കാറിനെ സംബന്ധിച്ചിടത്തോളം മതേതരത്വം എന്ന പദത്തിന് മങ്ങലേറ്റുവെന്നും ഗവൺമെന്റിന്റെ നിഘണ്ടുവിൽ ആ പദം അപ്രത്യക്ഷമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.നേരത്തെ തന്നെ മതേതരത്വം ദുർബലമായിരുന്നുവെന്ന് ഒരാൾക്ക് വാദിക്കാം.ഷാ ബാനോ വിധിന്യായത്തോടുള്ള മതേതരത്വത്തിന്റെ വിരുദ്ധ പ്രതികരണങ്ങൾ ഇതിനുദാഹരണമായി കാണാനാവും. മതേതരത്വത്തിന്റെ പ്രയോഗത്തിലെ ബലഹീനതയ്ക്ക് നിരവധി കാരണങ്ങളുണ്ട്.ഇപ്പോഴും മിക്ക തലങ്ങളിലും അതിന് മാന്യമായ സ്ഥാനമുണ്ടായിരുന്നു. ന്യൂനപക്ഷങ്ങൾക്കായുള്ള സംരക്ഷണ ഉപവാക്യങ്ങൾക്കെതിരായ തീവ്രമായ പ്രചരണം ‘ന്യൂനപക്ഷ പ്രീതിപ്പെടുത്തൽ’ ആയി കണക്കാക്കപ്പെടുന്ന സങ്കീർണ്ണമായ സാഹചര്യത്തിൽ അത് നടപ്പാക്കാനുള്ള വിവേകശൂന്യതയാണ് നമുക്ക് കാണാനാവുന്നത്.ഒരു മതേതര രാഷ്ട്രമെന്ന നിലയിൽ പ്രധാനമന്ത്രി ഒരു മതപരമായ ആരാധനാലയം ഉദ്ഘാടനം ചെയ്യരുതെന്നോ പശു-ബീഫ് എന്ന പേരിൽ അക്രമം പോലുള്ള പ്രശ്‌നങ്ങളിലെ പ്രതികളെ കുറ്റവിമുക്തരാക്കുന്നതിലോ ഒരു ചെറിയ പരിഗണന പോലും നൽകുന്നില്ല എന്നത് യഥാർത്യമാണ്. ഒരു പ്രത്യേക മതവിശ്വാസികൾക്ക് പൗരത്വം നൽകുന്നത് എങ്ങനെ തടയാമെന്ന് സി‌എ‌എയിൽ ചെറിയ പരിഗണന പോലും ഇല്ലെന്നത് ഇതിനോട് ചേർത്തുവായിക്കാവുന്നതാണ്.

രാജ്യത്ത് വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്ന ഓരോ പൗരന്റെയും ‘ഇന്ത്യക്കാര’നെന്ന സ്വത്വബോധം ഒരു അസ്വസ്ഥജനകമായ ചിന്തയാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.അത്പോലെ “നമ്മുടെ ന്യുനപക്ഷ പൗരസമൂഹങ്ങൾ, പ്രത്യേകിച്ച് ദലിതർ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ എന്നിവയ്ക്കിടയിൽ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകളും, ‘അസഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുന്ന ദേശീയതയുടെ അനഭിലഷണീയമായ രൂപ’ത്തെ കുറിച്ചും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

ന്യൂനപക്ഷങ്ങളോടുള്ള മുൻ‌കാല ചായ്‌വിനെ സന്തുലിതമാക്കിയതിനാൽ നിലവിലുള്ളത് യഥാർത്ഥ മതേതരത്വമാണെന്നാണ് ബഹുസ്വരതയുടെയും നാനാത്വത്തിന്റെയും വിമർശകർ വാദിക്കുന്നത്.ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും അരക്ഷിതാവസ്ഥയില്ലെന്ന് കാണിക്കുന്നതിന് മറ്റ് ചില കൊലപാതകങ്ങളെ എടുത്തുകാണിച്ച് കൊണ്ട് നിലവിലെ പ്രശ്നങ്ങളെ സമീകരിക്കാനാണ് അവർ ശ്രമിക്കുന്നത്.ഹമിദ് അൻസാരിയുടെ നിരീക്ഷണങ്ങൾ ഗൗരവമായി കാണുകയും നമ്മുടെ ജനാധിപത്യത്തിന്റെ തിരുത്തലുകൾ ഏറ്റെടുക്കുകയും ചെയ്യൽ അനിവാര്യമാണ്.

വിവ:മുജ്തബ മുഹമ്മദ്‌

Related Articles