Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് വിരുദ്ധതയും ജെന്‍റേര്‍ഡ് ഇസ്ലാമോഫോബിയയും

ഹിജാബ് ധരിക്കാത്തതിന്‍റെ പേരില്‍ ഒരുപാട് വിവാദങ്ങള്‍ നേരിട്ട പ്രശസ്ത ഈജിപ്ഷ്യന്‍ ടിവി അവതാരിക റദ് വാ അല്‍-ശര്‍ബീനി ഈയടുത്തായി ഒരു പ്രസ്തവാനയിറക്കി. ഹിജാബ് ധരിച്ച ഒരു സ്ത്രീ ഹിജാബ് ധരിക്കാത്ത സ്ത്രീയെക്കാള്‍ ഒരു ലക്ഷം മടങ്ങ് മികച്ചവളാണെന്നും തന്നെ പിടികൂടിയ അഹംബോധത്തില്‍ നിന്നും പൈശാചികതയില്‍ നിന്നും താന്‍ പിന്തിരിഞ്ഞ് നടക്കുന്നുവെന്നുമാണ് റദ് വാ അല്‍-ശിര്‍ബീനി പ്രസ്തവാച്ചത്. ഹിജാബ് ധരിക്കുന്ന സ്ത്രീകളോട് സാമൂഹികമായ ബഹിഷ്കരണങ്ങളില്‍ ക്ഷമാശീലരാകാന്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അവര്‍ അല്ലാഹുവിന്‍റെ ദൃഷ്ടിയില്‍ ഉത്തമ സ്ത്രീകളാണെന്ന് ഉപദേശിക്കാനും റദ് വാ മുന്നിട്ടുവരുന്നു. റദ് വായുടെ വീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിയെന്ന് മാത്രമല്ല, മത വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് ആരോപിക്കപ്പെട്ട് സുപ്രീം കൗണ്‍സില്‍ ഫോര്‍ മീഡിയ റഗുലേഷന്‍റെ അന്വേഷണത്തിന് വിധേയയാവുകയും ചെയ്തു. അതോടെ അവള്‍ സംഭവത്തില്‍ പരസ്യമായിത്തന്നെ ക്ഷമാപണം നടത്തി. തീര്‍ത്തും വൈയക്തികവും ആത്മാര്‍ത്തവുമായിരുന്നു അവരുടെ കാഴ്ചപ്പാടുകള്‍. അഭിപ്രായ സ്വതന്ത്ര്യമെല്ലാം ജെന്‍റേര്‍ഡ് ഇസ്ലാമോഫോബിയയായി മാറുന്നത് എങ്ങനെയാണെന്നതിന്‍റെ ഉദാഹരണമാണിത്.

വ്യവസ്ഥാപിതമായ ബഹിഷ്കരണം

മുസ്ലിംകളെ കീഴ്പെടുത്താനും ശിക്ഷാര്‍ഹമായ മാര്‍ഗത്തിലൂടെ അവരുടെ വ്യവഹാരങ്ങളെ ഇല്ലായ്മ ചെയ്യാനുമുള്ള ആഗോള കൊളോണിയല്‍ സിദ്ധാന്തമായാണ് ഇസ്ലാമോഫോബിയയെ ഞാന്‍ മനസ്സിലാക്കുന്നത്. പഴയ ഓറിയന്‍റലിസ്റ്റ് പദപ്രയോഗങ്ങളെ തീവ്രവാദത്തിന്‍റെ വ്യവഹാരങ്ങളുമായി കൂട്ടിച്ചേര്‍ത്ത് മുസ്ലിം സ്ത്രീകളുടെ ശരീരവും വസ്ത്രങ്ങളും സൂക്ഷ്മ പരിശോധന നടത്തുന്നത് വഴി വ്യവസ്ഥാപിതമായ ബഹിഷ്കരണമാണ് ജെന്‍റര്‍ ഇസ്ലാമോഫോബിയ ലക്ഷ്യം വെക്കുന്നത്.

Also read: മനുഷ്യപ്രകൃതം വിശ്വാസത്തിൻറെ കൂടെ

പൊതു അധികാരികളുടെയും ഇടപെടലുകളോ അതിരുകളോ ഇല്ലാതെ തന്നെ അഭിപ്രായം പറയാനും ആശയ, വിവര കൈമാറ്റങ്ങള്‍ നടത്താനുമുള്ള സ്വതന്ത്ര്യം യു.കെ പൗരന്മാര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ മതവിദ്വേഷവും വെറുപ്പും വിവേചനവും സൃഷ്ടിക്കുന്നതാകുമ്പോള്‍ അത് നിയമവിരുദ്ധമായ വിദ്വേഷ ഭാഷണമായി മാറുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വരെ നിഖാബ് ധാരികളായ സ്ത്രീകളെ ബാങ്ക് കൊള്ളക്കാരോടും ലെറ്റര്‍ ബോക്സുകളോടും ഉപമിക്കുന്നുവെന്നുള്ളത് അഭിപ്രായ സ്വതന്ത്ര്യത്തിനുള്ള അവകാശം എങ്ങനെയാണ് ജെന്‍റേര്‍ഡ് ഇസ്ലാമോഫോബിയ ജ്വലിപ്പിക്കാന്‍ സഹായിക്കുന്നതെന്ന് വ്യക്തമാക്കുന്നു. നിഖാബിന്‍റെ വിഷയത്തില്‍ ദ്വിമുഖ കാഴ്ചപ്പാടാണ് ബോറിസ് ജോണ്‍സന് ഉണ്ടായിരുന്നത്. മുസ്ലിം സ്ത്രീകളുടെ ഇഷ്ട വസ്ത്രം തിരഞ്ഞെടുക്കാനുള്ള അവകാശത്തെ പിന്തുണക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ നിഖാബ് നിരോധനത്തെ എതിര്‍ക്കുമ്പോള്‍ തന്നെ അത് അടിച്ചമര്‍ത്തപ്പെടുന്നവരുടെ ആചാരമാണെന്ന് പറയാനും അദ്ദേഹം മടിക്കുന്നില്ല.

അഭിപ്രായ സ്വതന്ത്ര്യത്തിനുള്ള തന്‍റെ അവകാശത്തെ ന്യായീകരിച്ച ജോണ്‍സന്‍ തുടക്കത്തില്‍ മാപ്പ് മറയാന്‍ വിസമ്മതിച്ചു. പീന്നീട് വിഷമകരമായ വിഷയങ്ങളില്‍ സംവാദങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മാപ്പപേക്ഷിക്കാന്‍ നിര്‍ദ്ദേശിച്ച് അദ്ദേഹത്തിന്‍റെ അനുയായികള്‍ തന്നെ രംഗത്തെത്തി. ഒടുവില്‍ ജോണ്‍സന്‍ വിവാദ പ്രസ്തവാനയില്‍ ക്ഷമ ചോദിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം ഡിസംബറിലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം പരസ്യമാക്കിയ വീക്ഷണങ്ങള്‍ ജെന്‍റേര്‍ഡ് ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള മുന്‍വിധി മുമ്പെങ്ങുമില്ലാത്ത വിധം പൊതുജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ലൈംഗികതയും പുരുഷാധിപത്യവും

ഹിജാബും നിഖാബും ധരിക്കുന്ന പൊതു പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഇതര രാജ്യങ്ങളിലേതു പോലെത്തന്നെയാണ് ഈജിപ്തിലും. മുസ്ലിം ഭൂരിപക്ഷമുള്ള ഈ രാജ്യത്ത് സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന ഒരു നിയമം പോലുമില്ല. പാശ്ചാത്യ ഭ്രമാത്മകതയെക്കാള്‍ വലിയ മുസ്ലിം വിരുദ്ധതയാണ് ഇവിടെയുള്ളത്.

ഫെമിനിസ്റ്റ് നവാല്‍ അല്‍-സഅദാവി അതിനൊരു ഉദാഹരണമാണ്. കെയ്റോ യൂണിവേഴ്സിറ്റിയിലെ ലക്ചര്‍മാര്‍ക്കും ടീച്ചിംഗ് സ്റ്റാഫുകള്‍ക്കുമിടയില്‍ നിഖാബ് നിരോധിക്കാനുള്ള യൂണിവേഴ്സിറ്റി പ്രസിഡന്‍റിന്‍റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് വന്ന കോടതി വിധിയെ നവാല്‍ ന്യായീകരിച്ചു. മനുഷ്യമുഖം അവരുടെ അന്തസ്സിനെയാണ് പ്രതിനിധീകരിക്കുന്നത്, നിഖാബ് ധരിക്കുക വഴി ആ അന്തസ്സിനെയാണ് അവര്‍ നീക്കം ചെയ്യുന്നത് എന്നായിരുന്നു അവളുടെ വാദം. ‘അപകടകരമായ ഒരുതരം പിന്നാക്കാവസ്ഥ’യെന്നാണ് യൂണിവേഴ്സിറ്റി ലക്ചേര്‍സിന്‍റെ നിഖാബ് ധാരണത്തെ നവാല്‍ വിശേഷിപ്പിച്ചത്. ഇതൊന്നും മതവിദ്വേഷത്തിന്‍റെയോ വെറുപ്പ് സൃഷ്ടിക്കുന്ന അഭിപ്രായ പ്രകടനത്തിന്‍റെയോ ഭാഗമല്ലേ?

Also read: ജസീന്ത ആർഡൻ മാതൃകയാവുന്നത്

രാജ്യത്തിന്‍റെ ഇരുണ്ടകാലത്തേക്കുള്ള തിരിഞ്ഞു നടത്തമാണ് ഹിജാബെന്ന് പറഞ്ഞ് അതിനെതിരെ പ്രകടനം നടത്താന്‍ ഈജിപ്ഷ്യന്‍ സ്ത്രീകളെ പ്രേരിപ്പിച്ച മറ്റൊരു ജേര്‍ണലിസ്റ്റാണ് ഷെരീഫ് ശൗബഷി. ശിര്‍ബീനിയെപ്പോലെ അദ്ദേഹത്തിന്‍റെ പ്രസ്തവാനയും ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും വിദ്വേഷ പ്രസംഗമായി കണക്കാക്കപ്പെടുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിനെതിരെ കോടതി അന്വേഷണമൊന്നും ഉണ്ടായില്ല. ഷെരീഫ് ശൗബഷിയുടെ കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു ടിവി അഭിമുഖത്തില്‍ പ്രത്യേക വേദി തന്നെ നല്‍കപ്പെട്ടു. എന്‍റെ പ്രസ്താവന തീര്‍ത്തും രാഷ്ട്രീയമാണെന്നും ഹിജാബ് ധാരണത്തെ അടിച്ചമര്‍ത്തുന്നത് യഥാര്‍ത്ഥത്തില്‍ ഈജിപ്തിനെ ഇസ്ലാമിക വല്‍കരിക്കാനുള്ള ശ്രമത്തെ ഇല്ലാതാക്കലാണെന്നുമാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്.

ഇസ്ലാമോഫോബിയയെ മൊത്തത്തില്‍ വിലയ്ക്കെടുക്കുന്ന നിലപാടാണിത്. വിമോചനത്തിന്‍റെ ശൗബാഷി പതിപ്പും ലൈംഗികതയെയും പുരുഷാധിപത്യത്തെയും ഒളിച്ചുവെക്കുന്നുണ്ട്. കാരണം, ഹിജാബ് വിരുദ്ധ പ്രക്ഷോഭക്കാരായ സ്ത്രീകളെ സംരക്ഷിക്കുമെന്ന് പറഞ്ഞ ഒരു പുരുഷനാണ് അദ്ദേഹത്തിന്‍റെയും ഹിജാബ് വിരുദ്ധ പ്രചാരണത്തിന് തുടക്കമിട്ടത്. ഹിജാബ് ഇസ്ലാമില്‍ നിര്‍ബന്ധമാണോ അല്ലെയോ എന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെയാണ് അതിനെ പ്രോത്സാഹിപ്പിക്കുന്നവരുടെമേല്‍ ‘വിദ്വേഷ പ്രസംഗ’മെന്ന ലേബല്‍ ചാര്‍ത്തുന്നത്.

ഹിജാബിന്‍റെ ഹൈപ്പര്‍ രാഷ്ട്രീയവല്‍കരണത്തെയും ഉയര്‍ന്നുവരുന്ന ജെന്‍റര്‍ ഇസ്ലാമോഫോബിയെയുമാണ് ഇത്തരം സംഭവങ്ങളെല്ലാം അടിവരയിടുന്നത്. പ്രത്യേകിച്ചും, സെപ്റ്റംബര്‍ പതിനൊന്നിനും 2013 ലെ ഈജിപ്ഷ്യന്‍ അട്ടിമറിക്കും ശേഷം. ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച്, ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന മതേതരത്വമാണ് യുകെയിലുള്ളത്. എന്നിട്ടും, ജോലിസ്ഥലങ്ങളിലും സ്കൂളുകളിലും ഹിജാബ് വിലക്കുന്നതിനെതിരെ ശക്തമായ വാദപ്രതിവാദങ്ങള്‍ യുകെയില്‍ ഇപ്പോഴും സജീവമാണ്. ജെന്‍റര്‍ ഇസ്ലാമോഫോബിയ യുകെയിലെ മുസ്ലിം സ്ത്രീകളുടെ നിത്യാനുഭവങ്ങളായി മാറിയിട്ടുണ്ട്.

Also read: ഇമാം ബഗവിയുടെ ധൈഷണിക സംഭാവനകള്‍

അധികാര ദുര്‍വിനിയോഗം

ഹിജാബ് ധാരികളായ സ്ത്രീകള്‍ക്ക് ഗവണ്‍മെന്‍റ് നിയമ പിന്തുണയോടെത്തന്നെ പൊതുയിടങ്ങളില്‍ ബഹിഷ്കരണം ഏര്‍പ്പെടുത്തുന്നത് ഈജിപ്തില്‍ ഇന്ന് കൂടുതല്‍ സജീവമായിക്കൊണ്ടിരിക്കുന്നു. ഒരു റിസോര്‍ട്ടില്‍ വെച്ച് ബുര്‍ക്കിനി ധരിച്ച ഒരു സ്ത്രീ നേരിട്ട വംശീയാക്ഷേപത്തിന്‍റെ ഫൂട്ടേജുകള്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടത്. റിസോര്‍ട്ടുകളിലോ ഹോട്ടലുകളിലോ ബുര്‍ക്കിനിയും ഹിജാബും ധിരച്ച സ്ത്രീകള്‍ക്ക് വിലക്കില്ലെന്നാണ് ഇത്തരം നടപടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഈജിപ്ഷ്യന്‍ ടൂറിസം ഫൗണ്ടേഷന്‍ മെമ്പറായ അലി ഗുനൈം സംഭവത്തോട് പ്രതികരിച്ചത്. റിസോര്‍ട്ട് ഉമടമകളുടെ വിവേചനാധികാരം നിലനില്‍ക്കുന്ന കാലത്തോളം ഗവണ്‍മെന്‍റിന്‍റെ ഈ നിയമനിര്‍മ്മാണത്തിന് എത്രത്തോളം സ്വാധീനമുണ്ടാകുമെന്നത് വ്യക്തമല്ല.

‘റെസ്പക്റ്റ് മൈ വെയില്‍’ എന്ന ഫെയ്സ്ബുക്ക് കാമ്പയിന്‍ ഈജിപ്തില്‍ ഹിജാബ് ധാരികളായ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. യുവ ഹിജാബി സ്ത്രീകള്‍ മാത്രമാണ് അടിച്ചമര്‍ത്തപ്പെടുന്നതെന്ന ധാരണക്കെതിരെയുള്ള നൈസര്‍ഗ്ഗികമായ വെല്ലുവിളിയായിരുന്നു ഈ കാമ്പയിന്‍. ഇതിന് സമാനമായി നടന്ന മറ്റൊര ഹാഷ്ടാഗ് കാമ്പയിനായിരുന്നു ഹാന്‍റ്സ് ഓഫ് അവര്‍ ഹിജാബ്സ്(#HandsOffOurHijabs) യുകെയിലെ എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു സ്ത്രീയെ ഹിജാബ് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചതിനെയിരെ ആയിരുന്നു ഈ കാമ്പയിന്‍ നടന്നത്.

Also read: ഇസ്‌ലാമിക കല: സാധ്യതകളെ മുന്നിൽ വെക്കുന്ന പഠനശാഖ

ചുരുക്കത്തില്‍, അഭിപ്രായ സ്വതന്ത്ര്യമെന്നത് അധികാരികള്‍ക്ക് തന്നിഷ്ടത്തിന് ഉപയോഗിക്കാനാകുന്ന ഒന്നാണെന്നും ആഗോള ഇസ്ലാമോഫോബിയയുടെ പശ്ചാത്തലത്തില്‍ മുസ്ലിംകളെ കീഴ്പ്പെടുത്താനുള്ള ഉപാധിയാണെന്നുമാണ് ശിര്‍ബീനിക്കെതിരെയുള്ള അന്വേഷണം വ്യക്തമാക്കുന്നത്. പരിഷ്കൃത ഇസ്ലാമെന്ന പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍-സീസിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമല്ലായിരുന്നുവെങ്കില്‍ ശിര്‍ബീനിക്ക് ഇങ്ങനെയൊരു അന്വേഷണം നേരിടേണ്ടി വരുമായിരുന്നില്ല.

പാശ്ചാത്യ ലോകത്ത് ഹിജാബി സ്ത്രീകള്‍ അനുഭവിക്കുന്ന ജെന്‍റേര്‍ഡ് ഇസ്ലാമോഫോബിക് ആയ ‘ഗോ ഹോം ബാക്ക്’ നിലപാടിന് പൊതു സ്വീകാര്യത ലഭിച്ചു തുടങ്ങുന്നതോടൊപ്പം തന്നെ ശിര്‍ബീനിയുടെ കേസും എന്നെ വളരെ അധികം ആശങ്കയിലാഴ്ത്തുന്നുണ്ട്. ‘വാര്‍ ഓണ്‍ ടെറര്‍’ എന്ന വ്യാജേന നടക്കുന്ന ഹിജാബ് വിരുദ്ധ നടപടികള്‍ സ്ത്രീകളെ വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടാന്‍ പ്രേരിപ്പിക്കുമോ എന്നാണ് എന്‍റെ പേടി.

വിവ- മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

Related Articles