Current Date

Search
Close this search box.
Search
Close this search box.

പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം, യുദ്ധം വീട്ടിലെത്തിയിരിക്കുന്നു

എന്നെ സംബന്ധിച്ചിടത്തോളം, രാത്രി മാറി പകൽ വെളിച്ചം വീണപ്പോഴാണ് അതു സംഭവിച്ചത്. അപ്പോഴാണ് ആ ഞെട്ടിക്കുന്ന കഠിനമായ സത്യം എന്റെ സുഖസൗകര്യത്തിന്റെ കൊക്കൂണിൽ വിള്ളലുകൾ വീഴ്ത്തിയത്. ഗൂഢമായി പടർന്നുപിടിക്കുന്ന ഈ പുതിയ വൈറസിന്റെ ഇരകളായി എത്ര പേരാണ് ഒറ്റരാത്രി കൊണ്ട് രോഗബാധിതരായി മരണപ്പെട്ടത്? ഉണർച്ചയുടെ നിശ്ചലാവസ്ഥയിൽ ഞാൻ ആശ്ചര്യപ്പെട്ടു. എല്ലാ ദിവസവും രാവിലെ ഉത്തരം ഒന്നു തന്നെയായിരുന്നു- വളരെയധികം.

അപ്പോഴാണ് ഞാനും എന്റെ കുടുംബവും ഭാഗ്യവാൻമാരാണെന്ന് ഞാൻ ഓർത്തത്. ഞങ്ങൾ സുരക്ഷിതരാണ് അഥവാ പ്രവചനാതീത സ്വഭാവമുള്ള ഒരു പർച്ചവ്യാധിയുടെ ഇടയിൽ എത്രത്തോളം സുരക്ഷിതരാവാൻ കഴിയുമോ അത്രത്തോളം സുരക്ഷിതർ. എനിക്കും ഭാര്യക്കും വീട്ടിൽ നിന്നും തന്നെ ജോലി ചെയ്യാൻ സാധിക്കും. തൽക്കാലത്തേക്കെങ്കിലും, ഞങ്ങൾക്ക് ഇതുവരെ ജോലി നഷ്ടപ്പെട്ടിട്ടില്ല. ജീവിതത്തിന്റെ ആവശ്യകതകൾ വീടിന്റെ മുൻവാതിലിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. എന്നാൽ കാനഡയിലും വിദേശത്തുമുള്ള നിരവധി അസ്ഥിര പ്രദേശങ്ങളിൽ ജീവിക്കുന്ന ഒരുപാട് ദരിദ്രജനങ്ങൾക്ക് ഇതു സാധ്യമല്ലെന്ന് അറിയാം.

എന്നിട്ടും, ഭയവും ഉത്കണ്ഠയും നമ്മെയും അവരെയും പരസ്പരം ബന്ധിപ്പിച്ചിരുന്നു- മാരകമായും വിവേചനരഹിതമായും കൊല്ലുന്ന ഒരു നിശബ്ദ “ശത്രു”വിനെതിരെ നാം “ഒരുമിച്ച്” നടത്തുന്ന ഒരു “യുദ്ധ”ത്തിന്റെ മനഃശാസ്ത്രപരമായ ബാക്കിപത്രമാണ് അതെന്ന് നമ്മോട് പറയപ്പെടുന്നു. അതുപക്ഷെ ഉത്തരവാദിത്തത്തിൽ നിന്നുള്ള നിരുത്തരവാദപരമായ ഒഴിഞ്ഞുമാറലാണ്.

Also read: വ്രതം : സ്ഥൂലവും സൂക്ഷ്മവും

പാശ്ചാത്യലോകത്തു ജീവിക്കുന്ന നമ്മിൽ പലരെയും പോലെ, ഞാനും എന്റെ കുടുംബവും, എണ്ണമറ്റ പ്രദേശങ്ങളിലെ അസംഖ്യം മനുഷ്യർ ശാരീരകമായും മാനസികമായും തകർക്കപ്പെടുന്നതും, യഥാർഥ ആയുധങ്ങൾ ഉപയോഗിച്ചുള്ള യുദ്ധങ്ങളിൽ വർഷങ്ങളായി കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നതും വളരെ നിസ്സംഗമായി നോക്കിനിന്നിട്ടുണ്ട്.

പലപ്പോഴും പാശ്ചാത്യ ശക്തികളോ അവരുടെ രഹസ്യസംഘങ്ങളോ നിഷ്ഠൂരമായ സാങ്കേതികവിദ്യയുടെ സഹായത്തോടെ രൂപകൽപ്പന ചെയ്യുന്ന ഈ യുദ്ധങ്ങളുടെയും ഉപരോധങ്ങളുടെയും ഇരകൾ, വളരെ ദൂരെ കൺവെട്ടത്തിനപ്പുറത്ത് കൊല്ലപ്പെടുകയും മുറിവേറ്റ് വീഴുകയും ചെയ്തുകൊണ്ടിരിക്കുന്നത്. ചിലപ്പോൾ ഏതെങ്കിലും കണക്കുപുസ്തകത്തിലെ ഒരു സംഖ്യയായി അവർ മാറും, അല്ലെങ്കിൽ ഭൂമിയിലെ മൺതരികളോടൊപ്പം ആരുമറിയാതെ അവർ അലിഞ്ഞുചേരും.

നാം അവരെ ഓർക്കാറില്ല. അവരോട് നാം ഐക്യദാർഢ്യം പ്രഖ്യാപിക്കാറില്ല. അവരുടെ സ്മരണകൾക്കു മുന്നിൽ നാം മെഴുകുതിരികൾ കത്തിക്കാറില്ല. നാം അവരെ ഹീറോകൾ എന്ന് വിളിക്കാറുമില്ല. അന്ത്യമില്ലാത്ത ദുരിതവും ഭയവും പരിഭ്രാന്തിയും വേദനയും നിറഞ്ഞ അവരുടെ ജീവിതം മാരകമായ ഒരു വൈറസിനാൽ വലയം ചെയ്യപ്പെടുമ്പോൾ പോലും നാം അവരെ രക്ഷിക്കുകയില്ല.

പകരം, നാം അവരെ വിസ്മരിക്കും. അപൂർവം ചില അവസരങ്ങളിലാണ് നാം അവരെ കുറിച്ച് ചിന്തിക്കുന്നത്, അവരുടെ ദുരിതങ്ങൾക്കും വേദനകൾക്കും മരണങ്ങൾക്കും കാരണം അവർ തന്നെയാണെന്ന് കുറ്റപ്പെടുത്തും. അവർ അവരുടെ കുഞ്ഞുങ്ങളുടെ അടക്കമുള്ള ജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നും, അവരുടെ മതവിശ്വാസമാണ് കുട്ടികളടക്കം അവരിലേറെ പേരെയും ഭീകരവാദികളാക്കിയതെന്നും നാം പറയും. അതിനാൽ, അതവർ അനുഭവിക്കേണ്ടതു തന്നെയാണെന്ന് നാം വിധിക്കും.

പാശ്ചാത്യലോകം ചെയ്തു കൂട്ടിയ അതിക്രമങ്ങളുടെ ഫലമായുണ്ടായ മരണങ്ങളുടെയും ദുരിതങ്ങളുടെയും ഉത്തരവാദിത്തം നാം ഒരിക്കലും ഏറ്റെടുത്തിട്ടില്ല, ഒരിക്കലും ഏറ്റെടുക്കുകയുമില്ല. അവർ എല്ലായ്പ്പോഴും കുറ്റവാളികളാണ്, നാം എല്ലായ്പ്പോഴും നിരപരാധികളുമാണ്. നാം ജീവിക്കാൻ അർഹരാണ്, അവർ മരിക്കാൻ അർഹരാണ്. തലമുറകളായി നാം വിസ്മരിക്കുകയും അവഗണിക്കുകയും ചെയ്ത കുട്ടികൾ, സ്ത്രീകൾ, പുരുഷൻമാർ എന്നിവർക്ക് മരണം ക്ഷണിക്കാതെ വരുന്ന അതിഥിയാണെന്ന് മനസ്സിലായിരുന്നു. യുദ്ധത്തിൽ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെ സംസ്കരിക്കുകയും അവർക്കു വേണ്ടി കരയുകയും ചെയ്യുക എന്നത് എത്രത്തോളം അസാധ്യമാണെന്ന് അവർക്കറിയാം. യുദ്ധത്തിന്റെ ദൈനംദിന ഉപോൽപ്പന്നങ്ങൾ ഭയവും അനിശ്ചിതാവസ്ഥയും ദുരിതവുമാണെന്ന് അവർക്കറിയാം. നമുക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത, ഒരിക്കലും ശരിപ്പെടുത്താൻ കഴിയാത്ത യുദ്ധത്തിന്റെ ആഘാതങ്ങളെ കുറിച്ച് അവർക്കറിയാം.

എന്നാൽ വിദൂരദേശങ്ങളിലെ അജ്ഞാതരായ മനുഷ്യരുടെ ജീവിതം അതിക്രൂരമായി നശിപ്പിക്കപ്പെടുകയും, നിരാശയുടെയും സംശയത്തിന്റെയും അവസ്ഥയിൽ എന്നെന്നേക്കുമായി വലിച്ചെറിയപ്പെടുകയും ചെയ്യുമ്പോഴും, പാശ്ചാത്യലോകത്തു ജീവിക്കുന്ന നമുക്ക് അതൊന്നും വലിയ വിഷയമല്ല.

Also read: സ്ത്രീകളുടെ ഇമാമത്ത്

ഇപ്പോൾ, കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നു. ഈ ദിവസങ്ങളിൽ, ഒരു വ്യത്യസ്ത തരം “യുദ്ധ”ത്തിന്റെ ആഴമേറിയതും നീണ്ടുനിൽക്കുന്നതുമായ മാനുഷിക ദുരന്തങ്ങളെയാണ് നാം അഭിമുഖീകരിക്കുന്നത് – വെടിയുണ്ടകളോ ബോംബുകളലോ അല്ല അതിനു കാരണം, മറിച്ച് ഒരു വൈറസാണ്.

വല്ലപ്പോഴുമൊരിക്കൽ മതഭ്രാന്തന്മാർ സംഘടിപ്പിക്കുന്ന അക്രമങ്ങൾ ഒഴിച്ചു നിർത്തിയാൽ, യുദ്ധത്തിന്റെ എല്ലാതരത്തിലുമുള്ള കെടുതികളിൽ നിന്നും എല്ലായ്പ്പോഴും നാം സുരക്ഷിതരാണ് എന്നായിരുന്നു നമ്മുടെ ധാരണ. പക്ഷേ നമുക്കു തെറ്റിപ്പോയി. യുദ്ധം നമ്മുടെ വീടുകളെയും പിടിച്ചടക്കിയിരിക്കുന്നു. നമ്മുടെ സന്തോഷപൂർണമായ ജീവിതരീതിയെ നിർവചിച്ചിരുന്ന ഉല്ലാസകരമായ ദിനചര്യകൾ പെട്ടെന്നൊരു ദിവസം ഇല്ലാതായി.

മറ്റനേകം മനുഷ്യർ, മറ്റു പലസ്ഥലങ്ങളിൽ ഒരുപാടു കാലം അറിയുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ള അനിശ്ചിതത്വം, ഉത്കണ്ഠ, പ്രയാസങ്ങൾ, നഷ്ടം, ദുഃഖം, വേദന, ആഗ്രഹം, ആഘാതം, ചിലപ്പോൾ ശരീരം തളർത്തുന്ന ഭയം എന്നിവ എന്താണെന്ന് അറിയാനും അനുഭവിക്കാനുമുള്ള നമ്മുടെ ഊഴമാണിത്. ഈ മഹാമാരിയെ തോൽപ്പിക്കാൻ നമ്മോട് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്ന ത്യാഗങ്ങൾ താരതമ്യേന തുച്ഛമാണ്. വീട്ടിലിരിക്കുക, കൈകൾ കഴുകുക, അകലം പാലിക്കുക.

പക്ഷേ സ്വാർഥരായ കുറച്ചുപേർ അതിനെ എതിർക്കുന്നു, ആഗ്രഹിക്കുന്നതെന്തും എപ്പോൾ വേണമെങ്കിലും ചെയ്യാമെന്ന ഉപഭോഗ സംസ്കാരത്തിന് അടിപ്പെട്ട ഇക്കൂട്ടർ, വിനാശകരായ പ്രത്യാഘാതങ്ങളെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്.

ക്രമേണ, ഈ പകർച്ചവ്യാധി അവസാനിക്കും. അത് എപ്പോഴാണെന്നോ എങ്ങനെയാണെന്നോ നമുക്കറിയില്ല. പകർച്ചവ്യാധി അവസാനിക്കുന്നതു വരെ നമുക്കു മനസ്സിലാക്കാനോ നന്നാക്കാനോ കഴിയാത്ത വിധത്തിൽ നമ്മുടെ ജീവിതം മാറിയേക്കാം, അതിനു പകരം എന്തു നൽകേണ്ടി വരുമെന്നും നമുക്കറിയില്ല.

പൊതു നന്മ സ്വാകര്യ ലാഭത്തെ തുരത്തുന്ന ഒരു പുനർചിന്തിത സമൂഹത്തിൽ പൗരന്മാരെന്ന നിലയിൽ നമ്മുടെ പങ്ക് പുനർവിചിന്തനത്തിന് വിധേയമാക്കേണ്ടതിന്റെ ആവശ്യകത നാം മനസ്സിലാക്കിയിട്ടുണ്ടെന്ന് എന്നിലെ സൂക്ഷ്മ ശുഭാപ്തിവിശ്വാസി പ്രത്യാശിക്കുന്നു.

അതു സംഭവിക്കാൻ സാധ്യതയില്ലെന്ന് എന്നിലെ ദോഷൈദൃക്കിന് അറിയാം. നൈമിഷിക സുഖങ്ങൾക്കു വേണ്ടിയുള്ള ഒരിക്കലും അടങ്ങാത്ത ആഗ്രങ്ങളിലേക്കു മാത്രമല്ല, നമ്മുടെ അലംഭാവങ്ങളിലേക്കും ആയുധങ്ങളിലേക്കും നാം അതിവേഗം മടങ്ങും.

അതേസമയം, യഥാർഥവും അനന്തവുമായ യുദ്ധങ്ങളിൽ മുറിവേൽക്കുകയും കശാപ്പ് ചെയ്യപ്പെടുകയും ചെയ്യുന്ന നിരപരാധികളുടെ ഗുരുതരമായ ദുരവസ്ഥയിൽ നിന്നും മുഖംതിരിക്കുന്ന പ്രവൃത്തിയുമായി നാം സന്തോഷപൂർവം മുന്നോട്ടുപോകുമെന്ന് എനിക്കുറപ്പുണ്ട്. അതൊരിക്കലും മാറാൻ പോകുന്നില്ല.

വിവ. അബൂ ഈസ

Related Articles