Current Date

Search
Close this search box.
Search
Close this search box.

നട്ടെല്ല് ഒരു സവിശേഷ അവയവം തന്നെ

ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെയിടയിൽ രൂപപ്പെടുന്ന രാജ്യത്തോടുള്ള കൂറ്, ഐകമത്യബോധം എന്നീ സ്വഭാവഗുണങ്ങൾ ഒരുമിച്ചു ചേരുന്ന സവിശേഷ വൈകാരികാവസ്ഥയാണ് ദേശീയത അഥവാ ദേശീയബോധം. രാജ്യത്തിലെ ജനതയുടെ അതിവിശിഷ്ടമായ ഒരു മനോവികാരമായി ദേശീയബോധത്തെ അഥവാ ദേശീയതയെ കണക്കാക്കാം. ഒരു രാഷ്ട്രത്തിലെ ജനങ്ങളെല്ലാം ഒരേ ഭാഷ സംസാരിക്കുന്നവരാണെങ്കിൽ അവരുടെ ഇടയിൽ സ്വാഭാവികമായും ഐകമത്യബോധം ഉണ്ടാകുന്നു. അതുപോലെതന്നെ ഒരു രാഷ്ട്രത്തിലെ ജനങ്ങളെല്ലാം ഒരേ വംശത്തിൽ പ്പെട്ടവരാണെങ്കിലും അവരുടെയിടയിൽ ദേശീയബോധം വളരുന്നു. രാഷ്ട്രത്തിലെ ജനങ്ങൾക്ക് പൊതുവായ ഒരു മതമുണ്ടെങ്കിൽ അതും ദേശീയബോധത്തിന്റെ വളർച്ചയ്ക്ക് സഹായകമാണ്. പൊതുവായ മതമോ ഭാഷയോ വംശപാരമ്പര്യമോ ഇല്ലാത്ത രാഷ്ട്രങ്ങളിലും ഒരു പൊതു സാംസ്കാരിക പാരമ്പര്യം ഉണ്ടെങ്കിൽ ദേശീയബോധം വളരും. ജനങ്ങളുടെയിടയിൽ പൊതുവായ രാഷ്ട്രീയലക്ഷ്യം ഉണ്ടെങ്കിലും അവിടെ ദേശീയബോധം ഉടലെടുക്കും. വിഭിന്ന വർഗക്കാരും വിവിധ മതക്കാരും വിവിധ ഭാഷക്കാരും നിവസിക്കുന്ന രാഷ്ട്രങ്ങളിലും ശക്തമായ ദേശീയബോധം നിലവിലുണ്ട്. ബ്രിട്ടിഷ് മേധാവിത്വത്തിനെതിരെ രാഷ്ട്രീയസ്വാതന്ത്ര്യം നേടുക എന്ന പൊതുലക്ഷ്യം ഇന്ത്യയിലെ ദേശീയബോധത്തിന്റെ വളർച്ചയെ ഉത്തേജിപ്പിച്ചു.

ദേശീയബോധത്താൽ പ്രേരിതമായ രാഷ്ട്രങ്ങൾ തമ്മിൽ ക്രിയാത്മകമായ മത്സരങ്ങളിൽ ഏർപ്പെടുക പതിവാണ്. ചിലപ്പോഴൊക്കെ ഇത്തരം മത്സരങ്ങൾ യുദ്ധത്തിൽ കലാശിക്കുന്നു. ദേശീയത ദേശ സ്നേഹമായി മാറുന്നതു നല്ല കാര്യമാണ്. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളെക്കാളും എന്റെ രാജ്യം ഒന്നാമാതാകണം എന്ന ചിന്ത മോശമാണെന്ന് പറയാൻ കഴിയില്ല. ഞാൻ നല്ലവനാകണം എന്ന ആഗ്രഹം പോലെ അതിനെ കണക്കാക്കാം. അതെ സമയം ടെശീയത മോശമാകുന്നത് എന്റെ രാജ്യം ഇപ്പോഴും ശരിയാണ് എന്ന വിചാരത്തിലാണ്. ഒരേ തെറ്റ് എന്റെ രാജ്യവും അയൽ രാജ്യവും ചെയ്താൽ അതിനെ രണ്ടു രീതിയിൽ കാണാൻ ശ്രമിക്കുന്ന മാനസികാവസ്ഥയെ മോശം ദേശീയത എന്ന് നാം വിളിക്കുന്നു.

മനുഷ്യരുടെ കഷ്ടപ്പാടുകൾ ലോകത്തിൽ എല്ലായിടത്തും ഒരേ പോലെയാണ്. പലപ്പോഴും ആ കഷ്ടപ്പാടിൻ കാരണം രാജ്യം ഭരിക്കുന്ന സർക്കാരുകളാവും. അപ്പോൾ ജനത്തിന്റെ കഷ്ടപ്പാടിന്റെ കാരണം പറയുമ്പോൾ സർക്കാർ നിലപാടുകളെയും പറയേണ്ടി വരിക സാധാരണം മാത്രം. കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലിനെതിരെ മാസങ്ങളോളമായി ഇന്ത്യയിലെ കർഷകർ തെരുവിൽ സമരം നടത്തുന്നു. കുത്തകകളെ മുന്നിൽ കണ്ടു നിർമ്മിച്ച ബിൽ പെട്ടെന്ന് പിൻവലിക്കാൻ സർക്കാരിനു കഴിയണമെന്നില്ല. മുമ്പും ജനദ്രോഹ നിയമങ്ങൾ ജനത്തിന് മേൽ അടിച്ചേൽപ്പിച്ചപ്പോൾ ഒരു പ്രതിഷേധവും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്നത് തുടർച്ചയായി ഇത്തരം ജനദ്രോഹ നിയമങ്ങൾ നടപ്പാക്കാൻ ഫാസിസ്റ്റ് സർക്കാരിന് ഊർജ്ജം നൽകി. അതിന്റെ ഭാഗമാണ് പൗരത്വ നിയമവും ഇപ്പോൾ കർഷക നിയമവും.

സമരത്തിന്‌ അന്താരാഷ്ട്ര മാനം കൈവരിക എന്നത് സാധാരണം മാത്രം. അതിനെ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലെ ഇടപെടലായി കണക്കാക്കാൻ കഴിയില്ല. അങ്ങിനെ കണക്കാക്കിയാൽ ലോകത്ത് ആർക്കും ഒന്നും പറയാൻ കഴിയാത്ത അവസ്ഥ വരും. ബലൂചിസ്ഥാൻ വിഷയത്തിൽ നാം കാണിക്കുന്ന ആവേശം അങ്ങിനെ വായിക്കേണ്ടി വരും. അമരിക്കയിലെ കറുത്ത വർഗക്കാരുടെ സമരങ്ങളും പീഡനങ്ങളും നമുക്ക് വാർത്തയാണ്. പശ്ചിമേഷ്യയിലെ വാർത്തകളും വിശകലനങ്ങളും ഇന്ത്യക്കാരുടെ ഒരു പ്രമുഖ വിഷയമാണ്‌. അതെല്ലാം നാം നിർത്തേണ്ടി വരും. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നാണ് പ്രമാണം. ജനാധിപത്യത്തെ ഒട്ടും വകവെക്കാത്ത ഒരു വിഭാഗമാണിപ്പോൾ രാജ്യം ഭരിക്കുന്നത്. തെറ്റ് എവിടെ കണ്ടാലും എതിർക്കുക എന്നത് മനുഷ്യ സഹജമാണ്. അതിനു നാം അതിർവരമ്പുകൾ നിർമ്മിക്കരുത്. പ്രശസ്ത പോപ്പ് ഗായിക റിഹാനയും പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗും നടത്തിയ പ്രതികരണം അത്രമേൽ മോഡി സർക്കാരിനെ ബെജാരാക്കിയിരിക്കുന്നു എന്നുവേണം മനസ്സിലാക്കാൻ

ലോക പ്രശസ്തരായ സെലിബ്രിറ്റികൾ കർഷക സമരത്തെ പിന്തുണക്കാൻ മുന്നോട്ട് വന്നത് അതിന്റെ രാഷ്ട്രീയം നോക്കിയല്ല. അതിന്റെ മാനുഷിക വശം നോക്കിയാണ്. തെറ്റ് തിരുത്തുക എന്നതിന് പകരം വിഷയത്തെ ദേശീയതയിലേക്ക് ചുരുക്കുക എന്നതാണ് മോഡി സർക്കാർ ചെയ്തത്. അതിനെ പിന്തുണക്കാൻ ഇന്ത്യയിലെ സെലിബ്രിറ്റികൾ രംഗത്ത്‌ വന്നിരിക്കുന്നു. ഇന്ത്യയിലെ ആഭ്യന്തര കാര്യമായി അത് ചുരുങ്ങരുത്. ലക്ഷക്കണക്കിന്‌ കർഷകർ കഴിഞ്ഞ രണ്ടു മാസമായി തണുപ്പിനെയും ചൂടിനേയും പ്രതിരോധിച്ച് സമരം ചെയ്തപ്പോൾ ഒരു സെലിബ്രിറ്റിയെയും നാം കണ്ടില്ല. നമ്മുടെ മിക്ക മാധ്യമങ്ങളും സെലിബ്രിറ്റികളും ഇന്ന് സംഘ പരിവാർ തടവറയിലാണ്. സത്യത്തിനും നീതിക്കും വേണ്ടി സംസാരിക്കുക എന്നതിന് പകരം ഭരണകൂടത്തിനു വേണ്ടി സംസാരിക്കുക എന്നതാണ് അവരുടെ രീതി. തങ്ങളുടെ വീട്ടിൽ ഒരു ഇ ഡി യോ സി ബി ഐ യോ റൈഡ് നടത്തുന്നത് അവർക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.

ദേശസ്നേഹത്തിലേക്ക് വഴിമാറുന്ന ദേശീയത നാം അംഗീകരിക്കും. പക്ഷെ ഫാസിസ്റ്റ് കാലത്ത് അത് ചെന്നെത്തുന്നത് സങ്കുചിത ടെശീയതയിലാണ്. അത് നാടിന്നും നാട്ടുകാർക്കും ദോഷം തന്നെയാകും. പ്രശാന്ത് ഭൂഷൻ പറഞ്ഞ കാര്യം എല്ലാവര്ക്കും ബാധകമാണ് “ നട്ടെല്ല് ഒരു സവിശേഷ അവയവം തന്നെ”

Related Articles