ഇസ്രയേലിന്റെ രണ്ടു വര്‍ഷത്തെ നരനായാട്ടിനൊടുവില്‍ നാം ഏറെ പ്രതീക്ഷിച്ചിരുന്ന വാര്‍ത്ത എത്തിച്ചേര്‍ന്നിരിക്കുന്നു. എല്ലാ വേദനകള്‍ക്കും അറുതി വരുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. എല്ലാത്തിനുമൊടുവില്‍ ഒരു ചോദ്യം ബാക്കിയാവുന്നു: ഫലസ്ഥീനികള്‍ അനുഭവിച്ചതത്രയും അവര്‍ അര്‍ഹിച്ചിരുന്നോ? ഒക്ടോബര്‍ ഏഴ് ഇരുണ്ട അദ്ധ്യായമായാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത്. തനി മൃഗീയത പ്രായോഗികവല്‍ക്കരിക്കുന്ന, എല്ലാതരം മാനുഷിക മൂല്യങ്ങളെയും നിരാകരിക്കുന്ന, അന്താരാഷ്ട്ര നിയമങ്ങളെയും ധാര്‍മിക മൂല്യങ്ങളെയും കാറ്റില്‍പ്പറത്തുന്ന സയണിസ്റ്റ് അധിനിവേശ ദേശത്തിന്റെ ഭീകരതയുടെ മുഖംമൂടി വലിച്ചുകീറപ്പെട്ട ദിവസം.
സമ്പൂര്‍ണമായ രണ്ടു വര്‍ഷത്തിൽ ആരുടെയും ഇടപെടലിന് ഇടം നല്‍കാതെ 66,000 നിരപരാധികളെയാണ് അധിനിവേശ സൈന്യം നിഷ്ഠൂരമായ വംശഹത്യക്ക് ഇരകളാക്കിയത്. കൊല്ലപ്പെട്ടവരില്‍ ഏറെയും കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധന്മാരുമായിരുന്നു. ഒരുപക്ഷെ, തങ്ങളുടെ ഭീബത്സമായ ചെയ്തികള്‍ കൊണ്ട് മനുഷ്യകുലത്തിന് തന്നെ ഭീഷണിയാണ് തങ്ങളെന്ന് നിസ്സംശയം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേല്‍.
ആ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആര്‍ക്കും തകര്‍ക്കാനാകാത്ത അതിസരുക്ഷിതത്വമാണ് ഇസ്രായേലുള്ളതെന്ന ഐതിഹ്യം വെറും അഞ്ച് മണിക്കൂറുകൊണ്ട് തകര്‍ന്നു തരിപ്പണമായ ദിവസം കൂടിയാണത്. നൂതന ടെക്നോളജിയും ഇന്റലിജന്‍സും സൈനിക ആധിപത്യവും അടിസ്ഥാനപ്പെടുത്തിയുള്ള സുരക്ഷിതത്വമെന്ന ധാരണ ചെറുതോക്കുകളും മനംനിറയെ ധൈര്യവും വിശ്വാസവും ആയുധമാക്കിയ ധീര യോദ്ധാക്കളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നിലംപൊത്തിയത്.
ഈ രണ്ടു വര്‍ഷത്തിനിടയില്‍ അഭൂതപൂര്‍വമായ ഒരു സമവാക്യംകൂടി രൂപപ്പെട്ടു വന്നിട്ടുണ്ട്. ഒരുവശത്ത്, ക്രൂരന്മാരായ പട്ടാള വ്യൂഹം ഭ്രാന്തമായി ആക്രമിക്കുന്നു. മറുവശത്ത്, ബുദ്ധിയും ധൈര്യവും ആയുധമാക്കിയൊരു സമൂഹം അതിനെ ചെറുത്തു തോല്‍പ്പിക്കുന്നു. അധികാരവും, സാങ്കേതികവിദ്യയും അന്താരാഷ്ട്ര ബന്ധങ്ങളും വെച്ചുനോക്കുമ്പോള്‍ ഇതൊരിക്കലും സന്തുലിതമായ പോരാട്ടമല്ല. അതേസമയം, മനക്കരുത്തും നിശ്ചയദാര്‍ഢ്യവും രാഷ്ട്രീയവും ധാര്‍മികതയും വെച്ച് പ്രതിരോധിച്ചു നില്‍ക്കാന്‍ വേണ്ടിയുള്ള ശ്രമം ചെറുതെങ്കില്‍ പോലും ഒരു സന്തുലിതഭാവം നല്‍കുന്നുണ്ട്.
അതിദാരുണമായ പട്ടിണിയിലേക്കും ഉപരോധത്തിലേക്കും തള്ളിയിട്ടും കൂട്ടഹത്യകള്‍ നടത്തിയും അഭയകേന്ദ്രങ്ങള്‍ പോലും ഇടിച്ചുപൊളിച്ചും ഇസ്രായേല്‍ തങ്ങളുടെ ഭീകരത തുടരുമ്പോള്‍ സത്യത്തില്‍ അവരുടെ യഥാര്‍ഥ മുഖം ലോകത്തിനു മുന്നില്‍ വെളിപ്പെടുകയാണ്. ഇസ്രയേല്‍ എത്രമാത്രം ഭീകരമാണെന്ന് അനുദിനം ലോക സമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. വംശഹത്യ തുടരുന്നതിനനുസരിച്ച് ലോകത്തിന് മുന്നില്‍ അതിനൊരു ന്യായീകരണം കണ്ടെത്താനാകാതെ അവര്‍ വിയര്‍ക്കുന്നു.
ഒക്ടോബര്‍ ഏഴിന് തങ്ങള്‍ക്ക് നേരിടേണ്ടി സാഹചര്യത്തെ ഉപയോഗപ്പെടുത്തി ലോകതലത്തില്‍ ഇസ്രായേല്‍ അനുകൂല തരംഗം സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധ്യമായില്ല. വാസ്തവത്തില്‍, അധിനിവേശത്തിന്റെയും കുറ്റകൃത്യങ്ങളുടെയും ചരിത്രത്തിന് മുന്നില്‍ ഫലസ്തീന്‍ പോരാളികള്‍ നടത്തിയ ചെറുത്തുനില്‍പ്പ് കുറഞ്ഞുപോയി എന്ന വിശ്വാസക്കാരായിരുന്നു പലരും. ഒരുകാലത്ത് തങ്ങള്‍ നേടിയെടുത്ത ലോക സമൂഹത്തിന്റെ സഹതാപം ഈ സംഭവത്തോടെ ഇസ്രായേലിന് നഷ്ടമായി. ഇസ്രായേലികളെ മനസ്സിലാക്കുകയും പിന്തുണക്കുകയും വേണം എന്നിടത്തുനിന്ന് അവരെ വെറുക്കുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ലോക മനസ്സാക്ഷിക്ക് മുന്നില്‍ അധിനിവേശ രാജ്യവും പൗരന്മാരും വെറുപ്പിന്റെ പ്രതീകങ്ങളല്ലാതെ മറ്റൊന്നുമല്ല.
ആഗോള ഉപബോധമനസ്സില്‍ മാനവ സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന മഹാവിപത്തായി ഇസ്രായേലിന്ന് മാറിയിരിക്കുന്നു. ദശകങ്ങള്‍ നീണ്ട അതിന്റെ രാഷ്ട്രീയ, സാംസ്കാരിക, ബൗദ്ധിക അജണ്ടകളെല്ലാം തകര്‍ന്നു തരിപ്പണമായിരിക്കുന്നു. ഹോളോകോസ്റ്റിന് പ്രായശ്ചിത്തമെന്നും ശരിയെന്നും ധരിക്കപ്പെട്ടിരുന്ന സയണിസത്തിന്റെ വികൃതരൂപം പുറത്തേക്കു വലിച്ചിടപ്പെട്ടിരിക്കുന്നു. ഇന്ന്, ഫലസ്തീനല്ല ഇസ്രായേലാണ് വലിയ പ്രശ്നമെന്നിടത്തേക്ക് ലോകം മുഴുവന്‍ എത്തിച്ചേര്‍ന്നു.
ഫലസ്തീന്‍ ജനതയല്ല പ്രശ്നങ്ങളുടെ അടിസ്ഥാനം, മറിച്ച് അവരെ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന ശക്തികളാണ് എന്ന നിലയിലാണ് ആഗോളതലത്തിലുള്ള പുതിയ സംസാരങ്ങള്‍. അമേരിക്കയില്‍ പോലും ഈയടുത്ത കാലം വരെ ഇസ്രായേലികള്‍ക്കുണ്ടായിരുന്ന സ്വാധീനവും പരിഗണനയുമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. തങ്ങളുടെ ടാക്സുകളെന്തിനാണ് വംശീയതയും കുറ്റകൃത്യങ്ങളും അധിനിവേശവും മാത്രം മുഖമുദ്രയാക്കിയ പ്രത്യയശാസ്ത്രത്തിനുവേണ്ടി ചിലവഴിക്കുന്നതെന്ന് അമേരിക്കക്കാരും ചോദിച്ചു തുടങ്ങിയിരിക്കുന്നു.
ഹമാസിനെ സംബന്ധിച്ചിടത്തോളം, ഒക്ടോബര്‍ ഏഴ് മുതല്‍ ആഗോളതലത്തില്‍ അവരുടെ സ്വീകാര്യതയും പ്രതീകാത്മക സാന്നിധ്യവും വര്‍ധിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളോടുള്ള വിധേയത്വവും ലഭ്യമായ മാര്‍ഗവും സമ്പത്തും ഉപയോഗിച്ച് അവര്‍ കാണിക്കുന്ന ധീരതയും അവരുടെ സ്വാതന്ത്ര്യ പോരാട്ടത്തിന് വീരപരിവേഷമാണ് നല്‍കിയിരിക്കുന്നത്. മറക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തിരുന്ന ഫലസ്ഥീന്‍ പ്രശ്നം ഒരിക്കല്‍ക്കൂടി മാനവികാഭിമാനത്തിന്റെ കണ്ണാടിയും ലോകമെമ്പാടുമുള്ള വിമോചന ചര്‍ച്ചകളുടെ താക്കോലുമായി മാറിയിരിക്കുന്നു.
രണ്ടു വര്‍ഷം നീണ്ടുനിന്ന നഷ്ടക്കണക്കുകളുടെ പോരാട്ടത്തിന് അറുതിയായിരിക്കുന്നു. ഗസ്സ പൂര്‍ണമായും തകര്‍ന്നുകഴിഞ്ഞു. മരണസംഖ്യ ഒരുലക്ഷത്തോടടുക്കുന്നു. ഏറെ ജീവനുകള്‍ ബലിയര്‍പ്പിക്കേണ്ടി വന്നുവെങ്കിലും ചെറുത്തുനില്‍പ്പ് വിജയിച്ചിരിക്കുന്നു. അത്രയൊക്കെയും വേണ്ടിയിരുന്നോ എന്ന ആ പരമ്പരാഗത ചോദ്യം വ്യര്‍ഥമായ ഒന്നായിമാറിയിരിക്കുന്നു. ഈ ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നവര്‍ ഫലസ്തീനികള്‍ കടന്നുപോകുന്ന യഥാര്‍ഥ്യത്തെക്കുറിച്ചും അതിനുവേണ്ടി അവര്‍ നടത്തിയ ത്യാഗങ്ങളെക്കുറിച്ചും അവരുടെ ഡിക്ഷ്ണറിയില്‍ വിജയമെന്നാല്‍ എന്താണെന്നും തെല്ലും അറിവില്ലാത്തവരാണ്.
ഇതേക്കുറിച്ച് സന്ദേഹവും അമ്പരപ്പും കൊണ്ടുനടക്കുന്നവരോട് ഇത്ര മാത്രമേ പറയാനുള്ളൂ: ‘ഇത് മറ്റൊരു കണക്കുക്കൂട്ടലാണ്. അത് ഉള്‍ക്കൊള്ളാന്‍ മാത്രം നിങ്ങളുടെ ബുദ്ധിക്ക് പ്രാപ്തിയുണ്ടാവണമെന്നില്ല.’ അപ്രധാനമെന്ന് നിങ്ങള്‍ക്കു തോന്നുമെങ്കിലും അതിന്റെ ഫലം വ്യക്തവും സ്പഷ്ടവുമാണ്. ഖസ്സാം ബ്രിഗേഡ്സിന്റെ സൈനിക വക്താവ് അബൂ ഉബൈദയുടെ തുടരെത്തുടരെയുള്ള പ്രസംഗങ്ങള്‍ പിന്തുടരുന്ന ഏതൊരാള്‍ക്കും ഇതൊരു പോരാട്ടമാണ്. ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ രക്തസാക്ഷിത്വം മാത്രമാണിതിന്റെ ഫലം എന്ന ഫലസ്തീനികളുടെ കൂട്ടായബോധമായി മാറിയ മുദ്രാവാക്യം അദ്ദേഹം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നത് കാണാം. വിരോധാഭാസമെന്താണെന്നുവെച്ചാല്‍ ഗസ്സക്കാരുടെ തുലാസില്‍ വിജയത്തിനും രക്തസാക്ഷിത്വത്തിനും ഒരേ മൂല്യമാണുള്ളത്.
ഇന്നല്ലെങ്കില്‍ നാളെ നാമെല്ലാം മരണത്തിലേക്ക് നടന്നടുക്കുന്നതാണ്. തന്റെ മരണം എങ്ങനെയായിരിക്കണമെന്ന് നിശ്ചയിക്കാന്‍ ചുരുക്കം ചിലര്‍ക്കേ സാധ്യമാകാറുള്ളൂ. യഹ്‍യാ സിന്‍വാര്‍ എന്ന ധീരയോദ്ധാവ് തന്റെ ആഗ്രഹത്തെക്കുറിച്ച് കൃത്യമായി വ്യക്തമാക്കിയിരുന്നു; ‘എന്റെ ശത്രുക്കള്‍ എനിക്കു നല്‍കുന്ന ഏറ്റവും നല്ല സമ്മാനം എന്റെ രക്തസാക്ഷിത്വമാണ്.’ അത് സത്യമായി പുലരുകയും ചെയ്തു. താന്‍ ആഗ്രഹിച്ച രക്തസാക്ഷിത്വം അദ്ദേഹത്തിന് ലഭ്യമായി. വരാന്‍ പോകുന്ന സര്‍വ ധീരയോദ്ധാക്കളുടെയും അവരുടെ പോരാട്ടങ്ങളുടെയും അടയാളമായി അദ്ദേഹത്തിന്റെ മരണം മാറി.
യുദ്ധഭൂമിയില്‍ ഒന്നാം നിരയില്‍ നിലയുറപ്പിച്ച് പോരാടുന്ന നേതാവ് പിന്നില്‍ അണിനിരക്കുന്ന സൈന്യത്തില്‍നിന്ന് ഒട്ടും വ്യതിരിക്തനല്ലെന്നത് സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ആധികാരികതയുടെയും ആത്മാര്‍ഥതയുടെയും തെളിവാണ്. വിമോചന പോരാട്ടത്തിന് നേതൃത്വം കൊടുത്തവരെല്ലാം ഇതിനകം രക്തസാക്ഷികളായി. പക്ഷെ, പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല. ചെറുത്തുനില്‍പ്പിന് ഒട്ടും ഇടര്‍ച്ച വന്നിട്ടില്ല.
മറ്റേതു തിയ്യതികളെയും പോലെ അത്ര നിസാരമായി കടന്നുപോകുന്നൊരു തിയ്യതിയല്ല ഒക്ടോബര്‍ ഏഴ്. ഇന്നത് വളരെ പ്രത്യേകതയുള്ള പ്രതീകമാണ്. 1973 ഒക്ടോബര്‍ 6 ലെ യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികത്തോട് ചേര്‍ന്നുതന്നെ അത് വന്നുവെന്നതാണ് കാരണം. വിട്ടുവീഴ്ചയില്ലാതെ ഇച്ഛാശക്തിയോടെ പോരാടിയ ക്രമരഹിത സൈന്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നിലാണ് വഞ്ചനയിലൂടെയും സാങ്കേതിക മേധാവിത്വത്തിലൂടെയും ഇസ്രായേലെന്ന മിത്ത് പൊളിഞ്ഞുവീണത്. അങ്ങനെയാണ് തൂഫാനുല്‍ അഖ്സയുണ്ടായത്.
വലിയ വിലയാണ് കൊടുക്കേണ്ടി വന്നതെങ്കിലും ഫലസ്തീനികളുടേത് മാത്രമായിരുന്നൊരു പ്രശ്നത്തെ ലോകത്തിന്റെ മുഴുവന്‍ പ്രശ്നമാക്കി മാറ്റുന്നതില്‍ ഹമാസ് വിജയം വരിച്ചു. അതിലൂടെ അവര്‍ അധികാരത്തിന്റെ അന്താരാഷ്ട്ര സന്തുലിതാവസ്ഥയെ മാറ്റിമറിച്ചുകൊണ്ട് പുതിയൊരു സഖ്യത്തെ രൂപപ്പെടുത്തി. സ്ഥാപിതമായതിനുശേഷം ഇതാദ്യമായാണ് ഇസ്രായേലിന് ഒട്ടും സുരക്ഷിതമല്ലാത്തൊരു സ്ഥാനത്ത് നില്‍ക്കേണ്ടി വരുന്നത്.
ഇത് കേവലം സൈനികമോ രാഷ്ട്രീയമോ ആയ നേട്ടം മാത്രമല്ല. മറിച്ച്, വളരെക്കാലമായി സ്വാതന്ത്ര്യം, നീതി, മനുഷ്യാവകാശങ്ങള്‍ എന്നിവയുടെ പര്യായമായി അവതരിപ്പിക്കപ്പെട്ട പാശ്ചാത്യമൂല്യങ്ങളെ ഇത് സമഗ്രമായി വിചാരണ നടത്തുക കൂടി ചെയ്തു. ‘തങ്ങളെപ്പോലുള്ളവര്‍ക്ക് മാത്രം’ എന്ന രീതിയില്‍ നിലനിന്ന ഇത്തരം പാശ്ചാത്യ മൂല്യങ്ങളില്‍നിന്ന് ഫലസ്തീനികള്‍ പൂര്‍ണമായും പുറത്താക്കപ്പെട്ടതോടെയാണ് അവരുടെ യഥാര്‍ഥ മുഖം തുറന്നുകാണിക്കപ്പെട്ടത്.
ഫലസ്തീനികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് കേവലമൊരു അപവാദം മാത്രമല്ലെന്നും ആ അടിച്ചമര്‍ത്തല്‍ ശക്തി തങ്ങളുടെ കഴുത്തിലും അദൃശ്യമായ പട്ടുനൂല്‍പോലെ കുരുങ്ങിക്കിടക്കുന്നുണ്ടെന്നും പാശ്ചാത്യര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യമെന്ന കാതലായ ലക്ഷ്യത്തിന് വേണ്ടിയാണ് ഫലസ്തീനികളുടെയും പോരാട്ടമെന്ന് അവര്‍ക്കുവേണ്ടി പ്രതിഷേധിക്കുന്ന പാശ്ചാത്യ സമൂഹം മുഴുവന്‍ ഇന്ന് സമ്മതിക്കുന്നു.
‘മനുഷ്യാഭിമാനത്തിന്റെ പരമോന്നത സംവാദം ഇസ്‍ലാമാണെന്ന’ ആശയം തന്നെയാണ് ലോകത്തിനു മുഴുവന്‍ ഗസ്സ നല്‍കുന്ന സന്ദേശം. ഒരുപാട് കാര്യങ്ങള്‍ ഇതിനകം തന്നെ പറഞ്ഞു കഴിഞ്ഞു. ആഗോള സമൂഹം അത് തിരിച്ചറിയുകയും ചെയ്തു. ഇനിയുമേറെ പറയാനുണ്ട്. ഏതായിരുന്നാലും പരിമിതമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നേടിയത് സമാനതകളില്ലാത്ത അതുല്യ വിജയമാണ്.
വിവ: മുഹമ്മദ് അഹ്സൻ പുല്ലൂര്
Summary: The author reflects on the recently announced ceasefire in Gaza after two years of brutal warfare and questions whether the tremendous cost paid in human lives and suffering justifies the outcome. The article argues that the events of 7 October exposed Israel’s true face as a regime of violence, shattering its security myth and moral narrative. Over two years, Israel’s daily atrocities—massacres, widespread destruction, siege, and famine—eroded its justification before the world, while Gaza’s resistance, though constrained by limited means, won moral stature, global sympathy, and shifted perceptions of power and justice. The ceasefire, rather than closing the chapter, should prompt a deeper reassessment of what has transpired: not merely military or political outcomes, but a moral reckoning, redefining what constitutes victory, dignity, and legitimacy in this asymmetric struggle.