Opinion

പരിസ്ഥിതി സംരക്ഷണം ഇസ്‌ലാമിൽ

ആധുനിക കാലത്തെ പ്രശ്നങ്ങളിൽ ഏറ്റവും വലിയ പ്രശ്നം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടതാണെന്നത് നിസ്തർക്കമായ കാര്യമാണ്. ആണവായുധം മനുഷ്യകുലത്തിനേൽപ്പിക്കുന്ന ആഘാതം എത്രയാണോ അതിൽനിന്ന് ഒട്ടും കുറയുന്നതല്ല പരിസ്ഥിതി ദുരന്തങ്ങൾ മനുഷ്യനേൽപിക്കുന്ന ആഘാതവും. സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുന്നു, ഇലക്ട്രോണിക് ശക്തിയുടെ പുതിയ ഉറവിടങ്ങൾ കണ്ടെത്തികൊണ്ടിരിക്കുന്നു, ധാതുക്കളും രാസവസ്തുക്കളും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു, അനന്തരഫലത്തെ കുറിച്ച് ചിന്തിക്കാതെ മനുഷ്യൻ പ്രകൃതി നിയമത്തിൽ കൈകടത്തികൊണ്ടിരിക്കുന്നു. ഇതെല്ലാമാണ് പരിസ്ഥിതി സംരക്ഷണം നേരിടുന്ന ഏറ്റവും പുതിയ പ്രതിസന്ധിയും വെല്ലുവിളിയും. തീർച്ചയായും, ഇത് ലോകത്തുള്ള വിശ്വാസികളെയും പണ്ഡിതന്മാരെയും അസ്വസ്ഥപെടുത്തികൊണ്ടിരിക്കുകയാണ്. ഇതിനുള്ള പരിഹാരത്തിനായി അവർ
ഖുർആനിക ആയത്തുകളെയും, ഇസ്‌ലാമിക അധ്യാപനങ്ങളെയും സമീപിക്കുയാണ്.

സമാനതകളില്ലാത്ത അത്ഭുതകരമായ സൂക്ഷമതയോടെ, സൃഷ്ടികൾക്കിടിയിലെ പരസ്പര പൊരുത്തത്തോടെ ഈ പ്രപഞ്ചത്തെ അല്ലാഹു സൃഷ്ടിച്ചുവെന്ന് ഓരോ വിശ്വാസിയും മനസ്സിലാക്കുന്നു. പരിപൂർണ യുക്തിയുടെ അടിസ്ഥാനത്തിൽ അല്ലാഹുവിന്റെ ഉദ്ദേശത്തിനനുരിച്ച് ഈ സൃഷ്ടികൾക്കെല്ലാം പ്രത്യേകതകളും, ഗുണങ്ങളും, ഘടനയും, കൃത്യമായ എണ്ണവും അല്ലാഹു വ്യവസ്ഥ ചെയ്തിരിക്കുന്നു. ഓരോ വസ്തുവും അല്ലാഹു പ്രത്യേക സ്ഥല-കാല-സാഹചര്യ-ക്രമത്തിലാണ് സൃഷ്ടിച്ചുട്ടുള്ളത്. അല്ലാഹു പറയുന്നു: ‘തീർച്ചയായും, ഏതു വസ്തുവെയും നാം സൃഷ്ടിച്ചുട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു.’ (അൽഖമർ: 49) മറ്റൊരു സൂക്തത്തിൽ അല്ലാഹു പറയുന്നു: ‘ഓരോ വസ്തുവെയും അവൻ സൃഷ്ടിക്കുകയും അതിനെ അവൻ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.’ (അൽഫുർഖാൻ: 2) ഭൂമി, ജലം, അന്തരീക്ഷം, പർവതങ്ങൾ, ജീവജാലങ്ങൾ, സസ്യങ്ങൾ എന്നീ ദുനിയാവിലെ ഓരോ വസ്തുവും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് വ്യക്തമായ അളവിന്റെയും അവക്കിടയിലെ പരസ്പര ബന്ധത്തിന്റെയും അടിസ്ഥാനത്തിലാണ്. നേരിയ അളവിലാണെങ്കിലും ഈ താളത്തിന് എന്തെങ്കിലും പിഴവ് വരുകയാങ്കിൽ അതിന്റെ അനന്തരഫലം പ്രവാചനാതീതമായിരിക്കും. ഒരുപക്ഷേ അത് പ്രകൃതിയുടെയും മനുഷ്യകുലത്തിന്റെയും നാശത്തിന് കാരണമാകുന്നതായിരിക്കും.

Also read: കേള്‍വിയും അനുസരണവുമാണ് ബദര്‍

ഈ കാണുന്ന പ്രപഞ്ചവും അതിലുള്ളതുമെല്ലാം അല്ലാഹു മനുഷ്യന് വിധേയപ്പെടുത്തി കൊടുത്തിരിക്കുന്നു. മനുഷ്യനെ അല്ലാഹുവിന്റെ ഭൂമിയിലെ ഖലീഫയാക്കിയിരിക്കുന്നു; അവനെ ആദരിച്ചിരിക്കുന്നു. അതോടൊപ്പം, അല്ലാഹു അവനെ പരീക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ മനുഷ്യന്റെ ഓരോ പ്രവർത്തികളുടെയും ചെയ്തികളുടെയും ഉത്തരവാദി അവൻ തന്നെയാണ്. മനുഷ്യനെ ഖലീഫയായി തെരഞ്ഞെടുക്കുകയും, ആദരിക്കുകയും, പ്രവർത്തിക്കാനുള്ള സ്വാതന്ത്രം നൽകുകയും ചെയ്തത് മുതൽ ഈ ഉത്തരവാദിത്തം അവനിൽ നിക്ഷിപ്തമാവുകയാണ്. ഈ അവകാശങ്ങളും, പ്രത്യേകതകളും അല്ലാഹു നൽകുന്നതോടൊപ്പം സ്വന്തത്തിനും മറ്റുള്ളവരുടെ നന്മക്കുമായി എങ്ങനെ ഈ അനുഗ്രഹങ്ങളെ ഉപയുക്തമാക്കാം എന്നത് ദിവ്യവെളിപാടിലൂടെ മനുഷ്യന് വിശദീകരിച്ച് നൽകുന്നു. അത് ലോകത്തെ സംരക്ഷിച്ച് നിർത്താനും, അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ നശിപ്പിക്കാതെ നന്മയുടെ മാർഗത്തിൽ ഉപയോഗപ്പെടുത്താനും മനുഷ്യനോട് കൽപിക്കുന്നു. ‘ഭൂമിയിൽ നന്മവരുത്തിയിതിന് ശേഷം നിങ്ങൾ അവിടെ നാശമുണ്ടാക്കരുത്.’ (അൽഅഅ്റാഫ്: 56)

മനുഷ്യന് സന്തോഷത്തോടെയും ആനന്ദത്തോടെയും ജീവിക്കുന്നതിന് ഭൂമിയെ സൃഷ്ടിക്കുകയും സജ്ജമാക്കുകയും ചെയ്തിരിക്കുന്നുവെന്ന് ഈ സൂക്തത്തിൽ നിന്ന് മനസ്സിലാകുന്നു. ജലം, മലകൾ, ജീവജാലങ്ങൾ, സസ്യലദാതികൾ, പ്രത്യക്ഷ്യവും പരോക്ഷവുമായി നന്മകൾ തുടങ്ങിയവ അല്ലാഹു ഭൂമിയിൽ ഒരുക്കിയിരിക്കുന്നു. ഈ അനുഗ്രഹങ്ങളെല്ലാം സംരക്ഷിച്ച് നിർത്തേണ്ടത് മനുഷ്യന്റെ ഉത്തരവാദിത്തമാണ്. അതിന്റെ താളത്തിനും സന്തുലനത്തിനും ഒരു കേടുപാടും വരുത്താതെ ഉപയോഗപ്പെടുത്തേത്തണ്ടതും അവന്റെ ഉത്തരവാദിത്തമാണ്. വിവേകവും, ദീർഘവീക്ഷണവുമില്ലാതെ ഭൂമിക്ക് മേലുള്ള മനുഷ്യന്റെ കൈകടത്തൽ മൂലം പ്രാപഞ്ചിക വ്യവസ്ഥയിൽ മാറ്റമുണ്ടായതായി ഇന്ന് നാം കാണുന്നു. ഇത് പ്രകൃതി സംരക്ഷണ മാർഗങ്ങൾക്ക് മുമ്പിൽ  തടസ്സം സൃഷ്ടിക്കുകയാണ്. അതുകൊണ്ട് തന്നെ, അല്ലാഹു സൃഷ്ടിച്ച പ്രപഞ്ചത്തെ അതുപോലെ നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി ഓരോ വിശ്വാസിയും രംഗത്തിറങ്ങേണ്ടതുണ്ട്.

ഭൂമിയിൽ നാശമുണ്ടാകുന്നതിനുള്ള കാരണം വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു. അറിയുക, അത് മനുഷ്യർ ചെയ്തു കൂട്ടിയ അതിക്രമങ്ങളുടെ പരിണതിയാണ്. ‘മനുഷ്യരുടെ കൈകകൾ പ്രവർത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവർ പ്രവർത്തിച്ചതിൽ ചിലതിന്റെ ഫലം അവർക്ക് ആസ്വദിപ്പിക്കുവാൻ വേണ്ടിയെത്രേ അത്. അവർ ഒരു വേള മടങ്ങയേക്കാം.’ (അർറൂം: 41)  ജനങ്ങളുടെ മനസ്സും ചിന്തയും നല്ലതല്ലെങ്കിൽ അതിന്റെ അനന്തരഫലമെന്നത് വിനാശകരവും ദുരന്തപൂർണവുമായിരിക്കും. എന്നാൽ, അല്ലാഹുവിന്റെ കാരുണ്യം അതിവിശാലമാണെന്ന് മനസ്സിലാക്കുക. അത് വിവേകത്തോടെ പ്രവർത്തിക്കുന്നതിനും, അറിവില്ലായ്മയിൽ നിന്ന് ഉണർന്ന് മുന്നേറുന്നതിനുമായി പശ്ചാത്താപത്തിന്റെ വാതിൽ തുറന്നുകൊടുക്കുന്നു. അത് കൊണ്ടാണ് സൂക്തത്തിന്റെ അവസാനത്തിൽ “لَعَلَّهُمْ يَرْجِعُونَ” – അവർ മടങ്ങിയെങ്കിലോ എന്ന് വിശുദ്ധ ഖുർആൻ പറഞ്ഞുവെക്കുന്നത്. ഈ കാണുന്ന പ്രപഞ്ചത്തിലെ മനുഷ്യന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് വ്യക്തമാക്കുന്ന ഒരുപാട് പ്രവാചക വചനങ്ങൾ നമുക്ക് കാണാൻ കഴിയുന്നതാണ്. അല്ലാഹുവിന്റെ റസൂൽ പറയുന്നു: ‘നിങ്ങൾ ഓരോരുത്തരും മേൽനോട്ടക്കാരാണ് (സംരക്ഷകരാണ്), നിങ്ങളുടെ മേൽനോട്ടത്തിലുള്ളതിന്റെ (സംരക്ഷണത്തിലുള്ളതിന്റെ) ഉത്തരവാദിത്തം നിങ്ങൾ ഓരോരുത്തർക്കുമാണ്.’

Also read: വധശിക്ഷവിധിച്ച് ഹജ്ജാജ് ; ചിരിതൂകി സഈദുബ്നു ജുബൈര്‍

പ്രപഞ്ചത്തെ സംരക്ഷിച്ചുനിർത്തുന്നതിനും, സുരക്ഷിതമാക്കുന്നതിനുമുള്ള ഉത്തരവാദിത്തത്തെ കുറിച്ചാണ് ചുരിങ്ങിയ വാചകമാണെങ്കിലും വിശാലമായ അർഥം ഉൾകൊള്ളുന്ന ഹദീസിലൂടെ പ്രവാചകൻ(സ) പറഞ്ഞുവെക്കുന്നത്. അല്ലാഹു സൃഷ്ടിച്ചതിനെ നശിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യന്നവനെ അല്ലാഹു വിളിക്കുന്നത്  “مفسدون” (വനാശകാരികൾ) എന്നാണ്. ‘അധികാരം സിദ്ധിച്ചാൽ ഭൂമിയിൽ അവരുടെ പ്രയത്നമഖിലം, നാശം വിതക്കുന്നതിനും കൃഷിയിടങ്ങൾ കൊള്ളയടിക്കുന്നതിനും മനുഷ്യവംശത്തെ നശീകരിക്കുന്നതിനുമായിരിക്കും. നശീകരണപ്രവർത്തനങ്ങളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’ (അൽബഖറ: 205). ഈ ആയത്തിൽ പരാമർശിക്കുന്ന ”الحرث” എന്നത് കൃഷിയും (الزرع), “النسل” എന്നത് (الحيوان) ജീവജാലങ്ങളുമാണ്. അഥവാ ജന്തുലോകവും സസ്യലോകവുമാണ് അവർ നശിപ്പിക്കുന്നത്. ഇത് രണ്ടും മനുഷ്യന് അല്ലാഹു നൽകിയ അനുഗ്രഹമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അവയിലേതെങ്കിലുമൊന്നിന് നാശം വരുത്തകയെന്നാൽ അവൻ അല്ലാഹുവിന്റ അനുഗ്രഹത്തെ നിഷേധിക്കുകയാണ്, മനുഷ്യകുലത്തിന് ഉപദ്രവമേൽപിക്കുകയാണ് ചെയ്യുന്നത്.

ഇസ്‌ലാമും ജന്തുലോക സംരക്ഷണവും:

ജീവജാലങ്ങളോട് കാരുണ കാണിക്കാനും, അവയെ ഉപദ്രവിക്കാതിരിക്കാനും ഇസ്‌ലാം വിശ്വാസികളോട് നിരന്തരമായി ആവശ്യപ്പെടുന്നു. ചുറ്റുമുള്ളവയോട് മനുഷ്യൻ എങ്ങനെ ഇടപഴകണമെന്നതിനെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുർആനിൽ വിശദമായി പറയുന്നു. അവയിൽ ഉൾപെടുന്നതാണ് ജീവജാലങ്ങളോട് എങ്ങനെ പെരുമാറണമെന്നതും. ജന്തുലോകത്തെ സൃഷ്ടിച്ചതിന്റെ ഉദ്ദേശത്തെ കുറിച്ച് അല്ലാഹു വിവിധങ്ങളായ സൂക്തങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. അത് ജന്തുലോകത്തെ കുറിച്ച് പഠിക്കാനും, അവയെ സംരക്ഷിക്കാനും മനുഷ്യനോട് ആവശ്യപ്പെടുന്നു. കൂടാതെ, എങ്ങനെ അവയെ ഉപയോഗപ്പെടുത്തണമെന്നും വളർത്തണമെന്നും മനുഷ്യനെ പഠിപ്പിക്കുന്നു. അതോടൊപ്പം, വലുപ്പം കൊണ്ട് ചെറുതാണെങ്കിലും, നമ്മുടെ കാഴ്ചയിൽ വലിയ പ്രാധാന്യമില്ലെങ്കിലും ഈ ജന്തുജാലങ്ങളെ കുറിച്ച് ചിന്തിച്ച് അല്ലാഹുവിന്റെ മഹത്വത്തെ തിരിച്ചറിയാനും നമ്മെ ക്ഷണിക്കുന്നുണ്ട്. വിശുദ്ധ ഖുർആനിലെ പല സൂറത്തുകളുടെയും നാമങ്ങൾ ജീവജാലങ്ങളുടെ നാമങ്ങളാണെന്ന് കാണാവുന്നതാണ്. പശു (البقرة), കന്നുകാലികൾ (الأنعام), ഉറുമ്പ് (النمل), തേനീച്ച (النحل), ആന (الفيل) തുടങ്ങിയവയാണത്. എല്ലാ ജീവജാലങ്ങളും നമ്മെ പോലെ തന്നെയുള്ള വർഗമാണെന്ന്-സമൂഹമാണെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. ആ വർഗത്തോട്-സമൂഹത്തോട് കരുണ കാണിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുകയാണിത്. അല്ലാഹു പറയുന്നു: ‘ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകൾ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങൾ മാത്രമാകുന്നു.’ (അൽ-അൻആം: 38)

Also read: മണ്ണിൻ്റെ പേരിലെ മരണക്കളി എന്തിന്?

അബ്ദുല്ലാഹി ബിൻ മുഗഫൽ(റ)വിൽ നിന്ന് നവേദനം: അല്ലാഹുവിന്റെ റസൂൽ പറയുന്നു: ‘സമുദായങ്ങളിൽപെട്ട ഒരു സമുദായമായിരുന്നില്ലെങ്കിൽ നായകളെ കൊന്നുകളയാൻ ഞാൻ കൽപിക്കുമായിരുന്നു.’ അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: ഞാൻ അല്ലാഹുവിന്റെ റസൂൽ പറയുന്നതായി കേട്ടു.’ പ്രവാചകന്മാരിൽ പെട്ട ഒരു പ്രവാചകനെ ഉറുമ്പ് കടിച്ചു. അദ്ദേഹം കൽപിക്കുകയും, ആ ഉറുമ്പ് സമൂഹം ചുട്ടെരിച്ച് ചാമ്പലാക്കപ്പെടുകയും ചെയ്തു. തുടർന്ന് പ്രവാകന് അല്ലാഹു വെളിപാട് നൽകി; താങ്കളെ കടിച്ചത് ഒരു ഉറുമ്പാണ്, താങ്കൾ അല്ലാഹുവിനെ പ്രകീർത്തിക്കുന്ന ആ സമൂഹത്തെ മുഴവൻ ചുട്ടെരിച്ച് ചാമ്പലാക്കിയിരിക്കുന്നു.’ എന്തിനാണ് ജീവജാലങ്ങളെ സൃഷ്ടിച്ചത് എന്നതിനുള്ള ഉത്തരം വിശുദ്ധ ഖുർആനിലെ ഒരുപാട് ആയത്തുകളിൽ പലയിടങ്ങളിലായി കാണാൻ കഴിയുന്നു. ഉദാഹരണമായി, അല്ലാഹു മുഅ്മിനൂൻ അധ്യായത്തിൽ പറയുന്നു: ‘തീർച്ചയായും, നിങ്ങൾക്ക് കന്നുകാലികളിൽ ഗുണപാഠമുണ്ട്. അവയുടെ ഉദരങ്ങളിൽ നിന്ന് നിങ്ങൾക്ക് നാം കുടിക്കാൻ തരുന്നു. നിങ്ങൾക്ക് അവയിൽ ധാരാളം പ്രയോജനമുണ്ട്. അവയിൽ നിന്ന് (മാംസം) ഭക്ഷിക്കുകയും ചെയ്യുക. അവയുടെ പുറത്തും കപ്പലുകളിലും നിങ്ങൾ വഹിക്കപ്പെടുകയും ചെയ്യുന്നു.’ (അൽമുഅ്മിനൂൻ: 21-22) ‘കാലികളെയും അവൻ സൃഷ്ടിച്ചിരിക്കുന്നു, നിങ്ങൾക്ക് അവയിൽ തണുപ്പകറ്റാനുള്ളതും (കമ്പിളി) മറ്റും പ്രയോജനങ്ങളുമുണ്ട്. അവയിൽ നിന്ന് തന്നെ നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു.’ (അന്നഹൽ: 5)

ജീവജാലങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് മനുഷ്യന് ഉപയോഗപ്പെടുത്തുന്നതിനാണെന്ന് ഈ സൂക്തങ്ങൾ വ്യക്തമാക്കുന്നു. മനുഷ്യൻ അവയിൽ നിന്ന് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നു. യാത്രക്ക് ഉപയോഗിക്കുകയും, തണുപ്പിനെ പ്രതിരോധിക്കുന്നതനുള്ള കമ്പിളി   പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ, ഈ അനുഗ്രഹങ്ങൾക്ക് അല്ലാഹുവിന് നന്ദി കാണിക്കുകയും, ശരിയായ വിധത്തിൽ അവയെ സംരക്ഷിച്ച് നിർത്തുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹുവിന് നന്ദി കാണിക്കുകയെന്നത് രണ്ട് തരത്തിലാണ്. ഒന്ന്, അനുഗ്രഹങ്ങൾ നൽകിയ അല്ലാഹുവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുക. രണ്ട്, അവന്റെ കൽപനകൾക്കും നിർദേശങ്ങൾക്കും വിധേയപ്പെട്ട് ഈ അനുഗ്രഹങ്ങളെ ഉപയോഗപ്പെടുത്തുക.

Also read: വ്യക്തി, കുടുംബം, സമൂഹം

ജന്തുലോകത്തിന് ഒരു രീതിയിലും ഉപദ്രവമേൽപിക്കരുതെന്ന് ഇസ്‌ലാം എല്ലാ അർഥത്തിലും ഊന്നി പറയുന്നു. മുസ്‌ലിം തന്റെ സ്വഹീഹിൽ ജാബിർ(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: മുഖത്ത് അടയാളം (അടയാളത്തിനായി പൊള്ളിക്കുക) വെക്കപ്പെട്ട ഒരു കഴുതയുടെ അടുക്കലൂടെ പ്രവാചകൻ(സ) നടന്നു, അപ്പോൾ പ്രവാചൻ(സ) പറയുകയുണ്ടായി; ‘അടായളം വെച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു.’ ഇമാം അബൂദാവൂദ് തന്റെ സുനനിൽ അബ്ദുറഹ്മാൻ ബിൻ അബ്ദുല്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: ഞങ്ങൾ പ്രവാചകനോടൊപ്പം യാത്രയിലായിരുന്നു. പ്രവാചകൻ പ്രാഥമിക ആവശ്യത്തിനായി പോയി. രണ്ട് കുഞ്ഞുങ്ങളോടൊപ്പം ചെറിയൊരു പക്ഷിയെ ഞങ്ങൾ കണ്ടു. ആ രണ്ട് കുഞ്ഞിനെയും ഞങ്ങൾ എടുത്തു. ആ പക്ഷി വന്ന് അതിന്റെ ചിറകിട്ടടിച്ചു. അപ്പോൾ പ്രവാചകൻ(സ) വന്ന് പറഞ്ഞു: ‘ആരാണ് ഈ പക്ഷി കുഞ്ഞിനെ പ്രയാസപ്പെടുത്തിയത്? അതിന്റെ കുഞ്ഞിനെ അവിടെ തിരിച്ചുകൊണ്ടുപോയി വെക്കുക.’ ഈ രണ്ട് ഹദീസികളിൽ നിന്നും ഇസ്‌ലാം മുഴുവൻ ജീവജാലങ്ങളോടും കാണിക്കുന്ന കാരുണ്യത്തിന്റെ അളവ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു. ജീവജാലങ്ങളെ കൊല്ലുകയെന്നത് ഇസ്‌ലാം വലിയ കുറ്റമായി കാണുന്നു; അത് വിലക്കുകയും ചെയ്തിരിക്കുന്നു. കാരണം, അവയെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യ നന്മക്ക് വേണ്ടിയാണ്. അവയെ കൊല്ലുകയെന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുകയെന്നതാണ്. അശ്ശരീദിൽ നിന്ന് ഇമാം നസാഈ റിപ്പോർട്ട് ചെയ്യുന്നു: അദ്ദേഹം പറയുന്നു: അല്ലാഹുവിന്റെ റസൂൽ പറയുന്നതായി ഞാൻ കേട്ടു; ആരെങ്കിലും പക്ഷികളെ അന്യായമായി കൊല്ലുകയാണെങ്കിൽ, ഖിയാമത്ത് നാളിൽ അവ അല്ലാഹിവിലേക്ക് നില വിളിച്ചുകൊണ്ട് വരുന്നതായിരിക്കും. എന്നിട്ട് പറയും; യാ റബ്ബ്, ഇന്നാലിന്ന മനുഷ്യൻ എന്നെ അന്യായമായി കൊലചെയ്തിരിക്കുന്നു. ഒരു ആവശ്യത്തിനും വേണ്ടിയല്ല എന്നെ കൊന്നിരിക്കുന്നത്.

ജീവജാലങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രയോജനങ്ങൾ മുൻനിർത്തികൊണ്ടല്ല ഇസ്‌ലാം അവയോട് അനുകമ്പയും കരുണയും കാണിക്കണമെന്ന് പറയുന്നത്. മറിച്ച്, അവയിൽ നിന്ന് പ്രയോജനം ലഭിക്കുന്നില്ലെങ്കിലും വിശ്വാസികൾ അപ്രകാരം അനുകമ്പയോടെ, സ്നേഹത്തോടെ വർത്തിക്കാൻ കൽപിക്കപ്പെട്ടിരിക്കുന്നു. ജീവജാലങ്ങളോട് കാണിക്കുന്ന കരുണ സ്വർഗ പ്രവേശനത്തിന് കാരണമാകുന്ന ഒരു അടിസ്ഥാന നിയമമായി ദീനിൽ പരിഗണിക്കപ്പെടുന്നത് നമുക്ക് കാണാൻ കഴിയുന്നു. ഈയൊരു ആശയത്തെ ഊന്നി പറയുന്ന ധാരാളം പ്രവാചക വചനങ്ങളുണ്ട്. അവയിൽപെട്ട ഒരു ഹദീസാണ് അബൂഹുറൈറ(റ)വിൽ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്യുന്നത്. അല്ലാഹുവിന്റെ റസൂൽ പറയുന്നു: ഒരാൾ യാത്രയിലായിരിക്കെ ദാഹം കഠിനമായി, അയാൾ കിണറിൽ ഇറങ്ങി വെള്ളം കുടിച്ച് പുറത്തിറങ്ങി. അപ്പോൾ അദ്ദേഹം ശക്തമായ ദാഹത്താൽ നാവിട്ടടിച്ച് മണ്ണിൽ നക്കുന്ന നായയെ കണ്ടു. അദ്ദേഹം പറഞ്ഞു: എനിക്ക് മുമ്പ് വന്നെത്തിയത് ഇതിനും വന്നെത്തിയിരിക്കുന്നു. അയാൾ തന്റെ കാലുറയിൽ വെള്ളം നിറച്ച്, അത് വായയിൽ കടിച്ചുപിടിച്ച് കയറി വരികയും നായക്ക് വെള്ളം കൊടുക്കുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന്റെ പ്രവർത്തനം സ്വീകരിക്കുകയും അദ്ദേഹത്തിന്  പൊറുത്തുകൊടുക്കുയും ചെയ്തു. അവർ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, കന്നുകാലികളിൽ ഞങ്ങൾക്ക് പ്രതിഫലമുണ്ടോ? പ്രവാചകൻ(സ) പറഞ്ഞു: എല്ലാ ജീവനുള്ളതിലും പ്രതിഫലമുണ്ട്.

Also read: ക്ഷമയുടെ പകുതിയാണ് നോമ്പ്!

നേരെമറിച്ച്, ഒരു മനുഷ്യൻ ജീവജാലങ്ങളെ കഷ്ടപ്പെടുത്തുകയും ഉപദ്രവിക്കുകയുമാണെങ്കിൽ അത് കാരണമായി അല്ലാഹു അവനെ പരലോകത്ത് ശിക്ഷിക്കുന്നതാണ്. ഇമാം മുസ്‌ലിം അബൂഹുറൈറ(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: ഒരു സ്ത്രീ അവരുടെ പൂച്ച കാരണമായി നരകത്തിൽ പ്രവേശിച്ചു. അവർ ഭക്ഷണം നൽകാതെ പൂച്ചയെ കെട്ടിയിട്ടു; അഴിച്ചുവിട്ടില്ല. മണ്ണിൽ നിന്ന് അത് പെറുക്കി തിന്നു, അവസാനം പട്ടിണി കിടന്ന് ചത്തുപോയി.

അവലംബം: iumsonline.org
വിവ: അർശദ് കാരക്കാട്

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker