Opinion

പരിസ്ഥിതി സംരക്ഷണം ഇസ്​ലാമിൽ -2

ഇസ്​ലാമും സസ്യലോക സംരക്ഷണവും:

ജന്തുലോകത്തെ സംബന്ധിച്ച ഇസ്​ലാമിന്റെ കാഴ്ചപ്പാടാണ് നാം മുമ്പ് വിശദീകരിച്ചത്. തുടർന്ന് സസ്യലോകത്തെ സംബന്ധിച്ച ഇസ്​ലാമിന്റെ കാഴ്ചപ്പാട് എന്താണ് എന്നതാണ് വിശദീകരിക്കാൻ പോകുന്നത്. ജീവജാലങ്ങളിലെന്ന പോലെ അല്ലാഹുവിന്റെ അതിവിശാലമായ കാരുണ്യം സസ്യജാലങ്ങളിലും കാണാവുന്നതാണ്. മനുഷ്യന് അല്ലാഹു നൽകിയ അനുഗഹങ്ങളിൽപെട്ടതാണ് സസ്യജാലങ്ങൾ. അവയില്ലെങ്കിൽ മനുഷ്യന് ഭൂമിയിലെ ജീവിതം അസാധ്യമാകുന്നു. അതിനാൽ തന്നെ വിശുദ്ധ ഖുർആനിൽ പലയിടങ്ങിളിലായി സസ്യജാലങ്ങളെ സംബന്ധിച്ച പരാമർശങ്ങൾ കാണാവുന്നതാണ്. മനുഷ്യ ജീവിതം ഭൂമിയിൽ നിലനിർത്തുന്നതിനുള്ള സുപ്രധാന മാർഗമെന്ന നിലക്കാണ് സസ്യജാലങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതുപോലെ, കന്നുകാലികളുടെ ഭക്ഷണവുമാണത്. അല്ലാഹു പറയുന്നു: ‘എന്നാൽ മനുഷ്യൻ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ. നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു. പിന്നീട് നാം ഭൂമിയെ ഒരു തരത്തിൽ പിളർത്തി. എന്നിട്ട് അതിൽ നാം ധാന്യം മുളപ്പിച്ചു, മുന്തിരിയും പച്ചക്കറികളും, ഒലീവും ഈന്തപ്പനയും, ഇടതൂർന്നു നിൽക്കുന്ന തോട്ടങ്ങളും, പഴവർഗവും പുല്ലും. നിങ്ങൾക്കും നിങ്ങളുടെ കാലികൾക്കും ഉപയോഗത്തിനായിട്ട്.’ (അബസ് : 24-32)

മനുഷ്യന് പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് അല്ലാഹു ജീവജാലങ്ങളെ സൃഷ്ടിച്ചത്. അപ്രകാരം, സസ്യജാലങ്ങളെ സൃഷ്ടിച്ചതും മനുഷ്യന് വേണ്ടിയും, അവൻ വളർത്തുന്ന നാൽകാലികൾക്ക് വേണ്ടിയുമാണെന്ന് അല്ലാഹു തന്റെ ദാസന്മാരെ ഈ സൂക്തങ്ങളിലൂടെ ഓർപ്പെടുത്തുകയാണ്. “المتاع” (വിഭവം) എന്നത് ഉപകാരപ്രദമാകുന്ന, പ്രയോജനപ്രദമാകുന്ന എല്ലാ ഇനങ്ങളെയും ഉൾകൊള്ളുന്ന പദമാണ്. അല്ലാഹു സസ്യജാലങ്ങളെ സൃഷ്ടിച്ചത് മനുഷ്യ നന്മക്കും, മനുഷ്യന് പ്രയോജനപ്പെടുത്തുന്നതിനും വേണ്ടിയാണെന്ന് ഈ സൂക്തത്തിൽ നിന്ന് നാം മനസ്സിലാക്കുന്നു. സ്വന്തത്തിനും സമൂഹത്തിനും പ്രയോജനകരമായിട്ടുള്ളത് മനുഷ്യൻ നശിപ്പിക്കുകയോ കേടുവരുത്തുകയോ അല്ലെങ്കിൽ ധൂർത്തടിക്കുകയോ ചെയ്യുന്നത് ഇസ്​ലാമിക അധ്യാപനങ്ങൾ വിലക്കുന്നു. അല്ലാഹു പറയുന്നു: ‘ആകാശത്തുനിന്ന് നാം അനുഗ്രഹീതമായ വെള്ളം വർഷിക്കുകയും, എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും. ‘ (ഖാഫ്: 9-10)

Also read: വിട്ടുവീഴ്ചയാണ് ദാമ്പത്യത്തെ മനോഹരമാക്കുന്നത്

മനുഷ്യന്റെ അന്നവും ഭക്ഷണവുമാണ് സസ്യജാലങ്ങൾ. ഈ അനുഗ്രഹം പ്രദാനം ചെയ്ത അല്ലാഹുവിന് മനുഷ്യൻ നന്ദി കാണിക്കേണ്ടതുണ്ട്. നന്ദി പ്രകടിപ്പിക്കുകയെന്നത് അവനെ സ്തുതിക്കുകയും പുകഴ്ത്തുകയും, അവൻ ഇഷ്ടപ്പെടുന്ന രീതിയിൽ വിനിയോഗിക്കുകയും ചെയ്യുകയെന്നതാണ്. സസ്യലോകവുമായി ബന്ധപ്പെട്ട് ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെച്ച് അവന്റെ തൃപ്തി നേടുയെടുക്കുക എന്നതിലാണ് വിജയം. അല്ലാഹു പറയുന്നു: നിങ്ങൾക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങൾക്ക് അതിൽ വഴികൾ ഏർപ്പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവൻ. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികൾ നാം (അല്ലാഹു) ഉൽപാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ തിന്നുകയും, നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുകയും ചെയ്തുകൊള്ളുക. ബുദ്ധിമാന്മാർക്ക് അതിൽ ദൃഷ്ടാന്തമുണ്ട്.’ (ത്വാഹ: 53-54) അഥവാ, അല്ലാഹു ഭൂമിയെ നിങ്ങൾക്ക് ജീവിക്കാൻ പാകത്തിൽ ഒരുക്കിതന്നിരിക്കുന്നു, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും, വ്യത്യസ്മായ വിഭവങ്ങൾ മുളപ്പിച്ച് തരികയും ചെയ്തിരിക്കുന്നു.

കൃഷിചെയ്യുന്നതിന് പ്രേരിപ്പിക്കുന്ന ധാരാളം പ്രവാചക വചനങ്ങൾ നമുക്ക് കാണാൻ കഴിയുന്നതാണ്. ജാബിർ(റ)വിൽ നിന്ന് മുസ്​ലിം തന്റെ സ്വഹീഹിൽ റിപ്പോർട്ട് ചെയ്യുന്നു: പ്രവാചകൻ(സ) പറയുന്നു: ‘ഒരു മുസ്​ലിമും ഒരു ചെടി നടുകയോ അല്ലെങ്കിൽ കൃഷിയോ ചെയ്യുന്നില്ല, അതിൽ നിന്ന് പക്ഷികളും, മനുഷ്യരും, നാൽക്കാലികളും ഭക്ഷിക്കുകയും അത് അവന് സ്വദഖയാവുകയും ചെയ്തുകൊണ്ടല്ലാതെ.’ അഥവാ, താൻ നട്ട ചെടിയോ അല്ലെങ്കിൽ കൃഷിയോ കാരണമായി കർഷകന് തന്റെ മരണ ശേഷവും പ്രതിഫലം ലഭിക്കുന്നു. അതിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുകയും, ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിലൂടെ അവർക്ക് അന്ത്യദിനം വരെ പ്രതിഫലം ലഭിച്ച് കൊണ്ടേയിരിക്കുന്നതാണ്!

അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി റിപ്പോർട്ട് ചെയ്യുന്നു: പ്രവാചകൻ(സ) പറയുന്നു: ‘ഒരു അടിമയുടെ മരണശേഷം ഏഴ് കാര്യങ്ങൾ ഖബറിലിയാരിക്കെ അവനെ തുടർന്ന് വരുന്നതായിരിക്കും. ആര് അറിവ് പകർന്നു നൽകി, തോട് വെട്ടി, കിണർ കുഴിച്ചു, ഈന്തപ്പന നട്ടു, പള്ളി നിർമിച്ചു, മുസ്ഹഫ് ദാനമായി നൽകി, മരണ ശേഷം തനിക്ക് വേണ്ടി പ്രാർഥിക്കുന്ന സൽസ്വഭാവിയായ മകനെ വളർത്തി (ഈ ഏഴ് കാര്യങ്ങൾ മരണാനന്തരം ഒരു അടിമയെ പിന്തുടർന്ന് വരുന്നതാണ്).’ തോട് വെട്ടുക, കിണിർ കുഴിക്കുക, മരം നടുക എന്നീ കാര്യങ്ങളെയും പള്ളി നിർമിക്കുക, അറിവ് പകർന്ന് നൽകുക, മുസ്ഹഫ് ദാനമായി നൽകുക എന്നീ കാര്യങ്ങളെയും സമീകരിച്ചുകൊണ്ട് ഒരേപേലെയാണ് ഈ ഹദീസിൽ പരാമർശിക്കുന്നത്. അവക്കിടിയിൽ ഒരു വ്യത്യാസവുമില്ല. ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ മരണ ശേഷവും പ്രതിഫലം നിലക്കാതെ ലഭിച്ചുകൊണ്ടിരിക്കുകയെന്നത് ദാസന്മാരോടുള്ള അല്ലാഹുവിന്റെ അതിയായ കാരുണ്യത്തെയും, അവർക്ക് മേൽ നാഥൻ ചൊരിയുന്ന അനുഗ്രഹത്തെയുമാണ് കുറിക്കുന്നത്.

Also read: കുഴിച്ചിടുന്നതോടെ കഴിഞ്ഞോ പരിസ്ഥിതിദിനാഘോഷം ? !

ഇസ്​ലാം മനുഷ്യരെ കേവലം കൃഷിചെയ്യുക എന്നതിലേക്കല്ല ക്ഷണിക്കുന്നത്. മറിച്ച്, വ്യക്തിയെന്ന നിലയിൽ പ്രത്യേകിച്ചും സമൂഹമെന്ന നിലയിൽ പൊതുവായും കൃഷിചെയ്യുന്നതിലൂടെ പ്രയോജനം കൊണ്ടുവരുക എന്നതിലേക്കാണ്. മുഹ് യു സുന്നയിൽ നിന്ന് ത്വയ്യിബി റിപ്പോർട്ട് ചെയ്യുന്നു: ‘ഒരാൾ അബുദർദാഅ്(റ)വിന്റെ അടുക്കലൂടെ നടന്നു നീങ്ങുകയായിരുന്നു. അദ്ദേഹം മരം നടുകയായിരുന്നു. അപ്പോൾ അയാൾ ചോദിച്ചു: വാർധക്യത്തിലാണോ താങ്കൾ ഈ മരം നടുന്നത്? ഇന്നാലിന്ന വർഷമല്ലാതെ താങ്കൾ ഇതിൽ നിന്ന് ഭക്ഷിക്കുകയില്ല (ഒരുപാട് വർഷം കാത്തിരിക്കേണ്ടതായി വരും). അബുദർദാഅ്(റ) പറഞ്ഞു: അതിൽ നിന്ന് മറ്റുള്ളവർ ഭക്ഷിക്കുന്നതിലൂടെ അതിന്റെ പ്രതിഫലം എനിക്ക് ലഭിക്കുകയെന്നതാണ്.’

ജീവന്റെ അടിസ്ഥാന ഘടകമാണ് വെള്ളമെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. വെള്ളമില്ലാതെ ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ പോലും നമുക്ക് കഴിയുകയില്ല. അല്ലാഹു പറയുന്നു: ‘വെള്ളത്തിൽ നിന്നാണ് ജീവനുള്ള എല്ലാത്തിനെയും സൃഷ്ടിച്ചിട്ടുള്ളത്.’ (അമ്പിയാഅ്: 30) ‘അല്ലാഹു എല്ലാ മൃഗങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത് വെള്ളത്തിൽ നിന്നാണ്.’ (അന്നൂർ: 45) എല്ലാ ജീവനുള്ളവയുടെയും, അവയുടെ ഘടനയുടെയും അടിസ്ഥാനം വെള്ളത്തിൽ നിന്നാണെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കുകയാണ്. ശാസ്ത്രജ്ഞർ പറയുന്നു: മനുഷ്യ ശരീരത്തിലെ അടിസ്ഥാന ഘടകമാണ് വെള്ളം. മനുഷ്യ ശരീരരത്തിൽ 76 ശതമാനത്തോളം വെള്ളമാണ്. ഇപ്രകാരം തന്നെയാണ് മറ്റു ജീവികളുടെ അവസ്ഥയും. വെള്ളമില്ലാതെ സസ്യജാലങ്ങൾ നിലനിൽക്കുകയെന്നത് അസാധ്യമാണ്. ഒരു കിലോ പഞ്ചസാര ഉത്പാദിപ്പിക്കുന്നതിന് ആയിരം ലിറ്റർ ശുദ്ധമായ വെള്ളം വേണ്ടിവരുന്നു. ഒരു കിലോ ഗോതമ്പ് ഉത്പാദിപ്പിക്കുന്നതിന് 1500 ലിറ്റർ വെള്ളം ആവശ്യമായിവരുന്നു. ഇപ്രകാരം തന്നെ മറ്റുള്ള വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനും വെള്ളം അനിവാര്യമായിവരുന്നു. ഉദാഹരണമായി, ഒരു കിലോ കമ്പി ഉരുക്കുന്നതിന് 400 ലിറ്റർ വെള്ളം വേണ്ടിവരുന്നു. ഇതുകൊണ്ടാണ് ഇസ്​ലാം വെള്ളത്തെ ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നത്. അത് മലിനമാക്കാതിരിക്കാനും, ദുർവ്യയം ചെയ്യാതിരിക്കാനും ഇസ്​ലാം നമ്മോട് ആഹ്വാനം ചെയ്യുന്നു.

പൂർവികരായ പണ്ഡിതർ വെള്ളത്തിന് വലിയ പ്രാധാന്യം നൽകിയതായി കാണാവുന്നതാണ്. അവരുടെ ഗ്രന്ഥങ്ങളിലെ വെള്ളത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തലക്കെട്ടുകൾ അത് വ്യക്തമാക്കുന്നു. ഉദാഹരണം, “كراهة الإسراف الماء ولو كنت على نهر جار” – ഒഴുകുന്ന നദിയിലാണെങ്കിലും വെള്ളം അമിതമായി ഉപയോഗിക്കുകയെന്നത് വെറുക്കപ്പെട്ടതാണ്. പ്രവാചക വചനത്തെ അടിസ്ഥാനമാക്കി കൊണ്ടാണ് ഇത്തരത്തിൽ അവർ തലവാചകങ്ങൾ നൽകിയിട്ടുള്ളത്. ‘പ്രവാചകൻ(സ) സ്വാഅ് കൊണ്ടോ അഞ്ച് മുദ്ദ് കൊണ്ടോ കുളിക്കുകയും, ഒരു മുദ്ദ് കൊണ്ട് വദുവെടുക്കുകയും ചെയ്തിരുന്നു.’ (നാല് മുദ്ദാണ് ഒരു സ്വാഅ് – ഏകദേശം മൂന്ന് ലിറ്റർ വെള്ളം – അഥവാ, നന്നെ കുറഞ്ഞ വെള്ളം ഉപയോഗിച്ച് വുദുഅ് എടുക്കുകയും, കുളിക്കുകയും ചെയ്തിരിന്നുവെന്ന് സാരം)

ഇമാം അഹ്മദ് തന്റെ മുസ്നദിൽ ഉദ്ധരിക്കുന്നു: അബ്ദുല്ലാഹി ബിൻ അംറ് ബിൻ ആസ്വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: പ്രവാചകൻ(സ) സഅദ്(റ)വിന്റെ അടുക്കലൂടെ നടക്കുകയായിരുന്നു. അദ്ദേഹം വുദുഅ് എടുക്കുകയായിരുന്നു. പ്രവാചകൻ പറഞ്ഞു: സഅദ്, എന്തൊരു ധൂർത്താണിത്! അദ്ദേഹം ചോദിച്ചു: വുദുഇലും ധൂർത്തോ? പ്രവാചകൻ(സ) പറഞ്ഞു: അതെ, താങ്കൾ ഒഴുകുന്ന നദിയിലാണെങ്കിലും (അമിതമായി വെള്ളം ഉപയോഗിക്കുകയെന്നത് ധൂർത്ത് തന്നെയാണ്).’ വുദുഅ് എടുക്കുക, (ജനാബത്തിനെ തുടർന്ന്) കുളിക്കുക എന്നത് അല്ലാഹു വിശ്വാസികൾക്ക് നിർബന്ധമാക്കിയിട്ടുള്ളതാണ്. എന്നാൽ, അല്ലാഹു തന്റെ അടിമകളോട് നിർബന്ധമാക്കിയ ഈ കാര്യത്തിൽ പോലും ധൂർത്ത് പാടില്ലെന്ന് കൽപിക്കുമ്പോൾ മറ്റുള്ള കാര്യങ്ങളിൽ എത്ര കണ്ട് നിഷിദ്ധമാകുമെന്നത് പറയേണ്ടതില്ലല്ലോ!

പരിസ്ഥിതി സംരക്ഷണ ബോധത്തോടെ യുവതലമുറയെ വളർത്തിയെടുക്കുക:

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് മതിയായ രീതിയിലുള്ള പ്രായോഗിക ശിക്ഷണം ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നതാണ് പരിസ്ഥിതി മലനീകരിക്കപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. ഇസ്​ലാം ഇവ്വിഷയകമായി വലിയ പ്രാധാന്യമാണ് നൽകുന്നത്. അത് വിശുദ്ധ ഖുർആനിൽ നിന്നും പ്രവാചക വചനങ്ങളിൽ നിന്നും വ്യക്തമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയം ഇസ്​ലാമിലെ വൈകാരികമായ വിഷയങ്ങളിൽ പെട്ടതാകുന്നു. എത്രത്തോളമെന്നാൽ, ഇസ്​ലാമിക രാഷ്ട്രം പരിസ്ഥിതി മലിനീകരണ പ്രശ്നങ്ങൾ തടയുന്നതിനും, പരിഹരിക്കുന്നതിനുമായി വിവിധങ്ങളായ നിർദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്. നമ്മൾ നിലകൊള്ളുന്ന ഈ അഭിപ്രായത്തെ പിന്തുണക്കുന്ന ഒരുപാട് പ്രമാണങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയുന്നതാണ്. അവയിൽ ചിലത് മുമ്പ് നാം വ്യക്തമാക്കിയിരുന്നു. അതുപോലെ, കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കന്നുകാലികളെ വളർത്തുന്നവർ ജീവജാലങ്ങളോട് കാണിക്കേണ്ട ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് കാണാവുന്നതാണ്. ആ നിർദേശങ്ങളും ഉത്തരവാദിത്തങ്ങളും കേവലമായി വായിച്ചുപോവുക എന്നതല്ല നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. മറിച്ച്, പ്രായോഗിക മണ്ഡലത്തിലേക്ക് കൊണ്ടുവരികയെന്നതാണ്. ഇതര വിഷയങ്ങളിൽ കൈകൊണ്ടിട്ടുള്ള അതേ നിലപാട് തന്നെയാണ് ഇസ്​ലാം പരിസ്ഥിതി സംരക്ഷണ വിഷയത്തിലും കൈകൊണ്ടിട്ടുള്ളത്. അറിയുക, അത് നിർദേശങ്ങളെ പ്രായോഗികവത്കരിക്കുകയും, പ്രാവർത്തികമാക്കുകയും ചെയ്യുകയെന്നതാണ്.

Also read: പളളികൾ തുറക്കുമ്പോൾ

തീർച്ചയായും, ഈയൊരു ആശയം ഇസ്​ലാമിന്റ തുടക്കത്തിൽ തന്നെ പ്രായോഗികവത്കരിക്കപ്പെട്ടതാണ്. ജീവജാലങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളെന്ന് വിളിക്കപ്പെടുന്ന “The Red Book of Animals” ഇസ്​ലാമിൽ നിന്നാണ് രൂപമെടുത്തതെന്ന് പറയാൻ കഴിയും. ഉദാഹരണമായി, തനിക്ക് ചുറ്റുമുള്ള പ്രകൃതിയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനിസ്സിലാക്കുന്നതിനുവേണ്ടി മരം മുറിക്കുക, വിളകൾ കൊയ്തെടുക്കുക, വേട്ട ചെയ്യുക എന്നിവ പ്രത്യേക സമയങ്ങളിലും സ്ഥലങ്ങളിലും നിരോധിക്കപ്പെട്ടതായി കാണാവുന്നതാണ്. അതുപോലെ, ഹജ്ജിനോ ഉംറക്കോ ഇഹ്റാം കെട്ടിയ ഒരാൾ ജീവജാലങ്ങളെ വേട്ടയാടുകയെന്നത് നിഷിദ്ധമാണ്. അപ്രകാരം ഇഹ്റാമിലായാരിക്കെ അവയെ ഉപദ്രവിക്കുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: ‘നിങ്ങൾക്കും യാത്രാസംഘങ്ങൾക്കും ജീവിതവിഭവമായികൊണ്ട് കടലിലെ വേട്ട ജന്തുക്കളും, സമുദ്രാഹാരവും നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ഇഹ്റാമിലായിരിക്കുമ്പോഴെക്കെയും കരയിലെ വേട്ട ജന്തുക്കൾ നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഏതൊരുവനിലേക്കാണോ നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുന്നത് ആ ആല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക.’ (അൽമാഇദ: 96) ഹജ്ജിനോ ഉംറക്കോ വേണ്ടി ഇഹ്റാം കെട്ടിയതിന് ശേഷം വേട്ട മൃഗത്തെ പിടിക്കുന്നതിനോ, ആ സ്ഥലം കാണിച്ചുകൊടുക്കുന്നതിനോ അനുവാദമില്ലെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. ജീവജാലങ്ങളെ ഉപദ്രവിക്കുകയെന്നല്ല, ഒരു പക്ഷിയുടെ മുട്ട പോലും കേടുവരുത്താൻ അനുവാദമില്ല.

സമാധാന നിയമത്തിന് കീഴൊതുങ്ങാത്ത അടിയന്തര അവസ്ഥയായിട്ടാണ് യുദ്ധം പരിഗണിക്കപ്പെടാറുള്ളത്. ജീവനെ ഇല്ലാതാക്കുക, എല്ലാം നാശോന്മുഖമാക്കുക എന്നതാണ് മൊത്തത്തിൽ യുദ്ധമെന്ന് പറയുന്നത്. എന്നാൽ, ശാന്തിയുടെയും സമാധാനത്തിന്റെയും മതമായ ഇസ്​ലാം യുദ്ധം കൊളുത്തിവിടുന്ന വിനാശത്തെ പ്രതിരോധിക്കുന്നതിനായി ശ്രമിക്കുന്നതായി കാണാം. എന്നിരുന്നാലും, ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടി അനിവാര്യ ഘട്ടത്തിൽ ശത്രുക്കളോട് യുദ്ധത്തിലേർപ്പെടുന്നതിന് ഇസ്​ലാം അനുവാദം നൽകുന്നുണ്ട്. എന്നാൽ, യുദ്ധ സന്ദർഭത്തിൽ മൃഗീയ മനോഭാവം കൈകൊള്ളുക, ഭൂമിയിൽ നാശം വിതക്കുക, മനുഷ്യത്വ രഹിതമായ പെരുമാറുക എന്നിവ ഇസ്​ലാം വിലക്കുന്നു.

ഇവ്വിഷയകമായി ഒരുപാട് നിർദേശങ്ങൾ കാണാവുന്നതാണ്. അവിയിൽ നിന്നുള്ള ഒരു ഉദാഹരണമാണ് ഇവിടെ കൊടുക്കുന്നത്. അത് അബൂബക്കർ(റ) സൈന്യത്തിന്റെ പടത്തലവന് നൽകുന്ന നിർദേശമാണ്. ഇമാം മാലിക്(റ) മുവത്വയിൽ ഉദ്ധരിക്കുന്നു: ‘അബൂബക്കർ(റ) സൈന്യത്തെ സിറിയയിലേക്ക് നിയോഗിച്ചു. അബൂബക്കർ(റ) സൈന്യത്തിന്റെ തലവനായ യസീദ് ബിൻ അബീ സുഫ് യാനോട് പറഞ്ഞു: ഞാൻ പത്ത് കാര്യങ്ങൾ താങ്കളെ ഉപദേശിക്കുന്നു. കുട്ടികൾ, സ്ത്രീകൾ, പ്രായംചെന്നവർ തുടങ്ങിയവരെ നിങ്ങൾ വധിക്കരുത്, ഫലങ്ങൾ കായിക്കുന്ന മരങ്ങൾ മുറിക്കരുത്, വീടുകൾ തകർക്കരുത്, ഒട്ടകത്തെയും ആടിനെയും ഭക്ഷിക്കാനല്ലാതെ അറുക്കരുത്, ഈന്തപ്പന നശിപ്പിക്കരുത്, നിങ്ങൾ ഭിന്നിക്കരുത്, ഭീരുത്വം കാണിക്കുകയും അരുത്.’

പ്രതിസന്ധി ഘട്ടത്തിൽ, വിശ്വാസവും ഭാവിയും ഭീഷണിയുടെ മുൾമുനയിൽ നിൽക്കുമ്പോൾ പോലും പരിസ്ഥിതി സംരക്ഷണത്തിന് വിശ്വാസി നൽകേണ്ട പ്രാധാന്യമാണിവടെ കാണാൻ കഴിയുന്നത്. ഈ സന്ദർഭത്തിൽ ജീവജാലങ്ങളെ അനാവശ്യമായ കൊലചെയ്യാനും, ഫലങ്ങൾ കായിക്കുന്ന മരങ്ങളും ചെടികളും നശിപ്പിക്കാനും മനുഷ്യന് അനുവാദമില്ല. ഇസ്​ലാം പരിസ്ഥിതി സംരക്ഷണത്തിന് നൽകുന്ന ഉയർന്ന പ്രാധാന്യത്തിലേക്കാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്. ഇത്തരത്തിലുള്ള അടിസ്ഥാന നിർദേശങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് മുതിർന്ന അളുകളുടെ ഉത്തരവാദിത്തമാണ്. ഈ ഇസ്​ലാമിക പാഠങ്ങൾ വരും തലമുറക്ക് അവർ പഠിപ്പിച്ചുകൊടുക്കുകയും, പ്രായോഗികവത്കരിക്കുകയും ചെയത് സമുന്നത മാതൃകയാവേണ്ടതുണ്ട്.

സ്വഹീഹ് ബുഖാരിയിലും മുസ്​ലിമിലും ഉദ്ധരിച്ച ഒരു ഹദീസിൽ ഇപ്രകാരം കാണാവുന്നതാണ്: ‘ഖുറൈശികളിൽ പെട്ട യുവാക്കളുടെ അടുക്കലൂടെ ഇബ്നു ഉമർ നടന്നുപോവുകയായിരുന്നു. അവർ പക്ഷിയെ നാട്ടിനിർത്തി എറിയുകയായിരുന്നു. തെറിച്ചുവീണ എല്ലാ അമ്പുകളും അവർ പക്ഷിയുടെ ഉടമസ്ഥന് നൽകുമ്പോഴാണ് ഇബ്നു ഉമറിനെ കണ്ടത്. അപ്പോൾ അവരെല്ലാവരും ഓടിപോയി. ഇബ്നു ഉമർ ചോദിച്ചു: ആരാണിത് ചെയ്തത്? ഇപ്രകാരം പ്രവർത്തിച്ചവരെ അല്ലാഹു ശപിച്ചിരിക്കുന്നു. ജീവനുള്ളവയെ എറിഞ്ഞ് വീഴ്ത്തുന്നതിനെ (എറിഞ്ഞ് കൊല്ലാൻ വേണ്ടി പിടിച്ചുെവെക്കുന്നതിനെ) അല്ലാഹുവിന്റെ റസൂൽ ശപിച്ചിരിക്കുന്നു.’ ഇബ്നു ഉമർ ഇത്തരം സന്ദർഭങ്ങളിൽ കടുത്ത രീതിയിൽ പ്രതികരിച്ചതായി ഒരുപാട് ഹദീസ് വ്യഖ്യാതാക്കൾ ചൂണ്ടികാണിക്കുന്നു. അവസാനമായി, ഓരോ വിശ്വാസിയും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇസ്​ലാമിക പാഠങ്ങളും നിർദേശങ്ങളും അറിഞ്ഞിരിക്കുകയെന്നത് അനുപേക്ഷണീയമാണ്. അത് എല്ലാ സ്ഥലത്തും സന്ദർഭത്തിലും പ്രാവർത്തികമാക്കുകയും, ശരിയായ വിധത്തിൽ മനസ്സിലാക്കുകയും, നമ്മുടെ ജീവതത്തിലേക്ക് കൊണ്ടുവരികയും ചെയ്യേണ്ടതുണ്ട്. എല്ലാ പ്രവർത്തനങ്ങളിലും വിവേകവും കാര്യബോധവും പ്രദാനം ചെയ്യുന്നതിന് വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കുന്നു!

അവലംബം: iumsonline.org
വിവ: അർശദ് കാരക്കാട്

 

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker