Current Date

Search
Close this search box.
Search
Close this search box.

ഹജറുല്‍ അസ്‌വദിന്റെ കഥ

ഹജറുല്‍ അസ്‌വദ് സ്വര്‍ഗത്തിലെ കല്ലാണ്. ഇബ്‌നു അബ്ബാസിന്റെ ഒരു ഹദീസില്‍ ഇപ്രകാരം കാണാം. “ഹജറുല്‍ അസ്‌വദ് സ്വര്‍ഗത്തില്‍ നിന്നുള്ളതാണ്” (തിര്‍മുദി, നസാഇ)

പവിത്രമാക്കപ്പെട്ട ആ കല്ല് അല്ലാഹുവിനെ ആരാധിക്കാന്‍ ആദ്യമായി നിര്‍മിക്കപ്പെട്ട കഅ്ബാലയത്തില്‍ പ്രതിഷ്ടിച്ചത് ജിബ്‌രീല്‍ ആണ്. ‘തീര്‍ച്ചയായും മനുഷ്യര്‍ക്കായി ഉണ്ടാക്കിയ പ്രഥമ ദേവാലയം മക്കയിലേത് തന്നെ. അത് അനുഗ്രഹീതമാണ്. ലോകര്‍ക്കാകെ വഴികാട്ടിയും'(ഖുര്‍ആന്‍ 3:96)
നബി(സ) പറയുന്നു: ഹജറുല്‍ അസ്‌വദ് സ്വര്‍ഗത്തില്‍ നിന്ന് ഇറക്കി. അത് മഞ്ഞിനേക്കാള്‍ വെളുപ്പ് നിറമുള്ളതായിരുന്നു. പിന്നീട് ആദം സന്തതികളുടെ പാപത്താല്‍ അത് കറുത്തു പോവുകയായിരുന്നു.

കഅ്ബ ആദ്യം കല്ലുകളാല്‍ നിര്‍മിതമായ എടുപ്പുകളായിരുന്നു. ഇസ്മായീല്‍ നബി(അ)ന്റെ കാലത്ത് അതിന് ഒമ്പത് മുഴത്തോളം ഉയരമുണ്ടായിരുന്നു. അതിന് മേല്‍ക്കൂരയുണ്ടായിരുന്നില്ല. ഒരിക്കല്‍ ഒരു കൂട്ടം കള്ളന്മാര്‍ അതിനകത്തുണ്ടായിരുന്ന നിധി മോഷ്ടിച്ചു. അതിന്റെ ചുമരുകള്‍ക്കിടയില്‍ വിടവകളും ഉണ്ടായിരുന്നു. പ്രവാചകനെ നിയോഗിക്കുന്നതിനും അഞ്ച് വര്‍ഷം മുമ്പ് ശക്തമായ വെള്ളപ്പൊക്കം കാരണം കഅ്ബയുടെ ഭാഗങ്ങളെല്ലാം പൊളിയുകയും ഒലിച്ചു പോവുകയും ചെയ്തു. ഖുറൈശികളെല്ലാം പരിഭ്രാന്തരായ നിമിഷമായിരുന്നു അത്.  ഇതിനെ തുടര്‍ന്ന് ഖുറൈശികള്‍ കഅ്ബയെ തല്‍സ്ഥാനത്ത് പുനര്‍നിര്‍മിക്കാന്‍ ശ്രമമാരംഭിച്ചു.

പഴയത് പൊളിച്ച് കഅ്ബാലയത്തെ പുനര്‍നിര്‍മിക്കാന്‍ ഖുറൈശികള്‍ സജ്ജമായി. പ്രവാചകന്‍(സ)യുടെ നിര്‍മാണത്തിലെ പങ്കാളിത്തം കൊണ്ട് തന്നെ അതില്‍ പവിത്രത കൈവന്നിരുന്നു. പിന്നെ നിര്‍മാണ പൂര്‍ത്തീകരണത്തിന്റെ അന്ത്യത്തോടടുത്തപ്പോള്‍ കഅ്ബ ലോകരക്ഷിതാവിന്റെ ഏകത്വത്തിന്റ പ്രകാശം വിളംബരം ചെയ്യുന്ന നിലയില്‍ തലയുയര്‍ത്തി നിന്നിരുന്നു.

നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍ പവിത്രമായ ഹജറുല്‍ അസ്‌വദ് ആര് എടുത്തുവെക്കും എന്ന വിഷയത്തില്‍ തര്‍ക്കം രൂക്ഷമായി. ആരാണ് പവിത്രമായ ആ കല്ല് യഥാസ്ഥാനത്തേക്ക് എടുത്ത് വെക്കുക? ഓരോ ഗോത്രവും ഞങ്ങളാണ് അത് എടുത്തു വെക്കാന്‍ കൂടുതല്‍ അര്‍ഹരെന്ന് സ്വയം അവകാശപ്പെട്ടു. നാലോ അഞ്ചോ ദിവസം തര്‍ക്കം തുടര്‍ന്നു. എത്രത്തോളമെന്നാല്‍ ഹറമില്‍ അതിന്റെ പേരില്‍ ഒരു യുദ്ധം തന്നെ ഉണ്ടാവുമോ എന്ന് ഭയപ്പെട്ടു. അങ്ങിനെ പ്രശ്‌നം പരിഹരിക്കാനായി ഒരു മധ്യസ്ഥന്‍ അവരില്‍ നിന്ന് എഴുന്നേറ്റ് നിന്ന് പറഞ്ഞു. പള്ളിയുടെ കവാടത്തിലൂടെ ആരാണ് ആദ്യം വരുകയെന്ന് നോക്കുക. എന്നിട്ട് അദ്ദേഹത്തിന്റെ തീരുമാനത്തില്‍ തൃപ്തിപ്പെടുക എന്ന് തീരുമാനിച്ചു. അത് റസൂല്‍ ആവണമെന്നതായിരുന്നു അല്ലാഹുവിന്റെ നിശ്ചയം. അങ്ങിനെ അല്‍ അമീന്‍ അഥവാ വിശ്വസ്തനായ മുഹമ്മദ് അവിടേക്ക് കയറിവരികയും അദ്ദേഹം പറയുന്നത് അംഗീകരിക്കാമെന്ന് വെച്ചു. ആര്‍ക്കും അതൃപ്തിയുണ്ടായിരുന്നില്ല. പ്രവാചകന്‍ പറഞ്ഞു. ഒരു വിരിപ്പ് വരുത്തിച്ച് ഹജറുല്‍ അസ്‌വദ് ഒരു വിരിപ്പില്‍ വെച്ചു. എന്നിട്ട് എല്ലാ ഗോത്രക്കാരിലെയും പ്രമാണിമാരെ വിരിപ്പിന്റെ ഓരോഭാഗത്തായി പിടിച്ചുയര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രവാചകന്‍ തന്നെ ആ കല്ലെടുത്ത് യഥാസ്ഥാനത്ത് വെച്ചു. അതായിരുന്നു ആ പ്രശ്‌നത്തിലെ ഭംഗിയായ പരിഹാരവും.

ഹജ്‌റുല്‍ അസ്‌വദ് എടുത്തു വെച്ചപ്പോള്‍ നബി(സ)ക്ക് 35 വയസ്സ് പ്രായമായിരുന്നു. ഈ കഥയില്‍ ഒരു പാട് പാഠങ്ങള്‍ ദര്‍ശിക്കാനാവും. ഒന്നാമത്തേത്, മഹത്തായ ഒരു ദൈവികയുക്തിയാണ്. ഇബ്രാഹിം നബി പരിശുദ്ധഭവനത്തിന്റെ അടിത്തറ പണിതപ്പോള്‍ മുഹമ്മദ് നബി അതിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കെടുത്തു. പ്രാവചകന്റെ പരിശുദ്ധ കരങ്ങളാല്‍ തന്നെ ഹജറുല്‍അസ്‌വദ് തല്‍സ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്തു. ഇതിലൂടെ മാനവ സമൂഹത്തെ കണ്ണിചേര്‍ത്ത പ്രവാചകന്മാരുടെ തലമുറകളെ ബന്ധിപ്പിക്കുകയാണ്. ഖുര്‍ആന്‍ പറയുന്നു. ഓര്‍ക്കുക. ഇബ്രാഹിമും ഇസ്മാഈലും ആ മന്ദിരത്തിന്റെ അടിത്തറ കെട്ടിപ്പൊക്കുകയായിരുന്നു. (അല്‍ ബഖറ: 127)

മറ്റൊന്ന് ഹജറുല്‍ അസ്‌വദ് നബിയോട് സലാം പറഞ്ഞതാണ്. അദ്ദേഹത്തെ പ്രവാചകനായി നിയോഗിക്കുന്നതിന് മുമ്പുള്ള സൂചനയായിട്ടായിരുന്നു അത്.
പ്രവാചകന്റെ സത്യസന്ധതയും വ്യക്തിത്വവും മക്കയിലെ മുശ്‌രിക്കുകള്‍ക്ക് മുന്നില്‍ എടുത്തു കാണിക്കുക കൂടിയായിരുന്നു അതിന്റെ ലക്ഷ്യം. പ്രശ്‌നം പരിഹരിക്കാനാവുന്ന നീതിമാനാണ് പ്രവാചകനെന്നും അതിലൂടെ പ്രവാചക സന്ദേശത്തിന്റെ പ്രസക്തി അവര്‍ക്ക് ബോധ്യമാക്കാനും സഹായകമായി. നീതിപൂര്‍വ്വമായി വിധികല്‍പ്പിക്കുക എന്ന ദൗത്യം കൂടിയായിരുന്നു പ്രവാചകന്‍ നിര്‍വ്വഹിച്ചത്.  അതിലൂടെ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പ്രബോധനപ്രവര്‍ത്തനത്തില്‍ പ്രവാചകനെതിരെ സമൂഹത്തില്‍ ഉന്നയിക്കാവുന്ന ദുര്‍ന്യായങ്ങളെ ഇല്ലാതാക്കുകയും പ്രവാചകന്റെ സത്യസന്ധത അവരിലൂടെ അംഗീകരിക്കുകയുമായിരുന്നു.

വിവ: സുഹൈറലി തിരുവിഴാംകുന്ന്‌

Related Articles