Current Date

Search
Close this search box.
Search
Close this search box.

സെന്‍സസ് കൊണ്ടുദ്ദേശിച്ചത് ഇതായിരുന്നില്ല

ഏതാനും നാളുകള്‍ക്ക് മുമ്പാണ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ വെച്ച് ബഗാന ഗ്രാമത്തില്‍ നിന്നുള്ള ദലിത് കുടുംബങ്ങള്‍ മേല്‍ജാതിക്കാരുടെ പീഡനങ്ങളില്‍ പ്രതിഷേധിച്ച് തങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ കീഴാളജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളെ വെളിച്ചപ്പെടുത്തുന്ന അനേകം സംഭവങ്ങളില്‍ ഒന്നുമാത്രമാണ് അത്. സ്വാതന്ത്ര്യത്തിന് അരനൂറ്റാണ്ടിനിപ്പുറവും സാമൂഹികനീതി നടപ്പിലാക്കാന്‍ രാജ്യം ഭരിച്ചവര്‍ക്ക് സാധിച്ചില്ല. എന്നല്ല, അത്തരമൊരു ലക്ഷ്യം മുന്നില്‍വെച്ച് സ്വീകരിക്കുന്ന ഏറ്റവും പ്രാഥമികമായ നടപടികളെ തുരങ്കം വെക്കുന്നതിലും അവ ദുര്‍ബലപ്പെടുത്തുന്നതിലും വലതുപക്ഷകക്ഷികളും സവര്‍ണസമൂഹങ്ങളും ഏറെകുറെ വിജയിച്ചിട്ടുണ്ട്. മണ്ഡല്‍, കുണ്ഡു, സച്ചാര്‍ തുടങ്ങിയ ഔദ്യോഗിക കമീഷനുകളെല്ലാം തന്നെ ഇന്ത്യയിലെ ദലിതുകളും പിന്നോക്കന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന വിവേചനങ്ങളും കൃത്യമായി വിലയിരുത്തിയിരുന്നു. അവയുണ്ടാക്കിയ തിരിച്ചറിവുകളെ തുടര്‍ന്ന് പിന്നോക്കവിഭാഗങ്ങളും കീഴാളശക്തികളും രാഷ്ട്രീയമായി സംഘടിച്ചതിന്റെയും സമ്മര്‍ദ്ദം ചെലുത്തിയതിന്റെയും ഫലമായാണ് 2011ല്‍ യുപിഎ സര്‍ക്കാര്‍ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചത്. 2013ല്‍ തന്നെ സെന്‍സസ് പൂര്‍ത്തിയായിരുന്നെങ്കിലും 2014ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഭയന്ന് യുപിഎ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല. തെരഞ്ഞെടുപ്പ് വേളയില്‍ തങ്ങള്‍ അധികാരത്തിലേറിയാല്‍ സെന്‍സസ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച ബിജെപി സര്‍ക്കാരും റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള ഇഛാശക്തി ആദ്യം കാണിച്ചില്ല. എന്നാല്‍ ഏതാനും ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സെന്‍സസ് റിപ്പോര്‍ട്ടിലെ ഭാഗികമായ വിവരങ്ങള്‍ മാത്രം ആഭ്യന്തരവകുപ്പ് തങ്ങളുടെ വെബ്‌സൈറ്റിലൂടെ കഴിഞ്ഞയാഴ്ച പുറത്തുവിട്ടു.

2004ല്‍ സെന്‍സസ് കമീഷണര്‍ ആയിരുന്ന ജെ.കെ. ബന്തിയ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വെച്ചാണ് 2001ല്‍ നടത്തിയ സെന്‍സസ് റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഇക്കുറി അതൊന്നുമുണ്ടായില്ല. സെന്‍സസ് വിവരങ്ങളെ കുറിച്ചും സമൂഹത്തിന് അതിലുള്ള സംശയങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനുമുള്ള അവസരം ആഭ്യന്തരവകുപ്പ് ഇല്ലാതാക്കി. ജനങ്ങളുടെ നികുതിപ്പണത്തിന്റെ ഭീമമായ തുക ഉപയോഗിച്ച് നടത്തിയ സെന്‍സസിന്റെ വിവരങ്ങള്‍ പുറത്തുവിടുമ്പോള്‍ ഇത്ര ലാഘവം പുലര്‍ത്താമോ എന്ന് അധികമാരും ചോദിച്ചുകണ്ടില്ല.

ഇന്ത്യയിലെ സാമൂഹികജീവിതത്തിന്റെ യാഥാര്‍ഥ്യമായിരുന്ന സെന്‍സസിലൂടെ ലഭ്യമാകേണ്ടിയിരുന്നത്. എന്നാല്‍ കേവലം മതം തിരിച്ചുള്ള എണ്ണം മാത്രമാണ് പുറത്തുവന്നത്. ന്യൂനപക്ഷം ഭൂരിപക്ഷമാവുന്നൂ എന്ന തരത്തില്‍ ഭീതി പ്രചരിപ്പിക്കുന്ന വലതുപക്ഷ രാഷ്ട്രീയകക്ഷികള്‍ക്കും അവരുടെ മാധ്യമങ്ങള്‍ക്കും ഇത്രയും വിവരങ്ങള്‍ മതിയായിരുന്നു. മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നു എന്നായിരുന്ന പല പത്രങ്ങളുടെയും തലക്കെട്ട്. മതപരമായ ജനസംഖ്യാകണക്ക് മാത്രം പുറത്തുവിട്ടാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അജ്ഞതരായവരല്ല രാജ്യം ഭരിക്കുന്നതെന്ന് അറിയാത്തവരല്ല പത്രസ്ഥാപനങ്ങളുടെ തലപ്പത്തുള്ളത്. എന്നാല്‍ എന്തുകൊണ്ടോ അത്തരമൊരു അജണ്ടയെ ഗൗരവപൂര്‍വം ചൂണ്ടിക്കാട്ടാന്‍ ആരും മെനക്കെട്ടില്ല. കൂടാതെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ഫാസിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ക്ക് വന്‍തോതില്‍ കവറേജ് നല്‍കാനും ഈ മാധ്യമങ്ങള്‍ തയാറായി.

സംവത്സരങ്ങളായി വ്യവസ്ഥാപിതമായ നീതിനിഷേധത്തിന്റെയും ചൂഷണങ്ങളുടെയും ഇരകളായ സമൂഹങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ക്ക് നമ്മുടെ ഭരണഘടന ആഹ്വാനം ചെയ്യുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സംവരണം പോലുള്ള തിരുത്തല്‍ സംവിധാനങ്ങള്‍ നിലവിലുള്ളത്. വരുമാനം, വിദ്യാഭ്യാസം, തൊഴില്‍, ജനനമരണനിരക്ക് തുടങ്ങിയ വിവരങ്ങള്‍ ലഭിച്ചാലേ ഓരോ സമൂഹങ്ങളുടെയും ജീവിതനിലവാരം വ്യക്തമാകൂ. അതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹിക നീതി ലക്ഷ്യമാക്കിയുള്ള നടപടികളുടെ അപര്യാപ്തതകള്‍ പരിഹരിക്കേണ്ടതും ഉള്ള പദ്ധതികള്‍ വിപുലീകരിക്കേണ്ടതും. എന്നാല്‍ സെന്‍സസിന്റെ ഈ ലക്ഷ്യത്തെ ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍ സാധൂകരിക്കുന്നില്ല. നീതിനിഷേധത്തിന്റെ ഏറ്റവും വലിയ ഇരകളാണല്ലോ പട്ടികജാതി പട്ടികവര്‍ഗങ്ങള്‍. അവരുടെ എണ്ണത്തെ പറ്റി സെന്‍സസ് വിവരങ്ങള്‍ ഒന്നും പറയുന്നില്ല.

ഒട്ടും ഹിതകരമല്ലാത്ത സമീപനമാണ് ഔദ്യോഗികസംവിധാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് പകരം ഓരോ മതസമൂഹങ്ങളും ഭരണകൂട അജണ്ടയുടെ ഭാഗമായി പ്രതികരിക്കുന്നത് വിപരീതഫലമായിരിക്കും ഉണ്ടാക്കുക. ഫാസിസ്റ്റ് അജണ്ടകള്‍ തിരിച്ചറിഞ്ഞ് കൂട്ടമായി പ്രതികരിക്കുകയും സെന്‍സസിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയുമാണ് പിന്നാക്കവിഭാഗങ്ങളും അവരുടെ രാഷ്ട്രീയനേതൃത്വവും ഇപ്പോള്‍ ചെയേണ്ടത്.

Related Articles