Current Date

Search
Close this search box.
Search
Close this search box.

സമൂഹങ്ങളുടെ നിലനില്‍പ് : ഖുര്‍ആനിക വീക്ഷണം

പരിവര്‍ത്തനത്തിന്റെ ചക്രവാളങ്ങളും, നടപടിക്രമങ്ങളും, ഉദാഹരണങ്ങളുമന്വേഷിച്ച് ഞാന്‍ ഖുര്‍ആന്‍ തുറന്നു. താന്‍ ആഗ്രഹിക്കുന്നവ ധാരാളമായി ലഭിക്കുന്ന അല്‍ഭുതനിധിയാണെന്നറിഞ്ഞപ്പോള്‍ എനിക്ക് അങ്ങേയറ്റത്തെ ആനന്ദം അനുഭവപ്പെട്ടു. തിരോധാനം, പിന്‍വാങ്ങല്‍, ദൗര്‍ബല്യം തുടങ്ങിയവ ദൈവികചര്യകളില്‍പെട്ടവയാണ്. പ്രായമാവുമ്പോള്‍ ശരീരങ്ങള്‍ക്ക് പോലും ഇതു സംഭവിക്കാറുണ്ട്. അപ്രകാരം തന്നെയാണ് സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും കാര്യം. അവയുടെ അന്ത്യത്തെയും, നാമാവശേഷമാവലിനെയും കുറിച്ച് വാര്‍ദ്ധക്യം പ്രത്യക്ഷപ്പെട്ടേക്കും. സത്കര്‍മ്മികളുടെ രാഷ്ട്രവും, പ്രവാചകന്‍മാരുടയും, ഖുലഫാഉകളുടെയും ഭരണകൂടങ്ങള്‍ പോലും ഈ യാഥാര്‍ത്ഥ്യത്തിന് വിധേയമാണ്.

ക്രിയാത്മകമായ മാറ്റത്തിലൂടെ ഈ ചര്യയെ ചികിത്സിക്കാനും, നാശത്തെയും, വീഴ്ചയെയും അകറ്റാനും സാധിച്ചേക്കും. ചില രാഷ്ട്രങ്ങള്‍ ഒരു നൂറ്റാണ്ട് കൊണ്ട് നാമാവശേഷമാവുമ്പോള്‍ മറ്റ് ചിലത് നാലും അഞ്ചും നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്നതിന്റെ രഹസ്യം ഇതാണ്. മാറ്റത്തെ നിരസിക്കുന്നവര്‍ നാശത്തിന്റെ അനിവാര്യതക്ക് മുന്നില്‍ കീഴടങ്ങുന്നു. അതിനാലവര്‍ വേഗത്തില്‍ തകരുന്നു. ചിലപ്പോഴവര്‍ അതില്‍ നിന്ന് ഓടി അതില്‍ തന്നെ ചെന്ന് വീഴുന്നു. മറ്റ് ചിലപ്പോള്‍ തങ്ങളുടെ രോഗത്തെ രോഗം കൊണ്ട് ചികിത്സിക്കുന്നു.

വിശുദ്ധ ഖുര്‍ആനില്‍ ‘അജല്‍’ അഥവാ അവധി എന്ന ഒരു പ്രയോഗമുണ്ട്. എല്ലാ മനുഷ്യനും അവധിയുണ്ട്. അത് മുന്നോട്ടോ, പിന്നോട്ടോ ഒരു നിമിഷം പോലും മാറുകയില്ല. (മുനാഫിഖൂന്‍: 11) അപ്രകാരം സമൂഹങ്ങള്‍ക്കുമുണ്ട് അവധി. ഖുര്‍ആനില്‍ കൂടുതല്‍ പരാമര്‍ശിച്ച അവധി സമൂഹത്തിന്റെതാണ്. അഅ്‌റാഫ്: 34, നൂഹ്: 4 തുടങ്ങിയ ആയത്തുകള്‍ ഉദാഹരണം.
അവധിയെത്തിയ ചില സമൂഹങ്ങള്‍ നിലനില്‍ക്കാനുള്ള പോരാട്ടത്തിലാണ്. തങ്ങളുടെ സൈനിക ശേഷി കൊണ്ട്, ജനങ്ങളെ കൊന്നത് കൊണ്ട്, മീഡീയാ ഉപകരണങ്ങള്‍ കൊണ്ട് അവധി നീട്ടിക്കിട്ടുമെന്ന് അവര്‍ വ്യാമോഹിക്കുന്നു.

ഒരിക്കലുമില്ല, അല്ലാഹുവിന്റെ അവധിയെത്തിയാല്‍ ഒരു നിമിഷം അധികം ലഭിക്കുകയില്ലയെന്നതാണ് ചര്യ. രാഷ്ട്രങ്ങളുടെ വാര്‍ദ്ധക്യം വ്യക്തികളുടെ വാര്‍ദ്ധക്യം പോലെത്തന്നെയാണ്. കോശങ്ങള്‍ ബലഹീനമായ, കാര്യനിര്‍വഹണത്തില്‍ ദൗരബല്യമുള്ള, മനസ്സ് ശോഷിച്ച അവസ്ഥയാണത്. രാഷ്ട്രത്തിന് കേള്‍വിശക്തി ക്ഷയിക്കുമ്പോള്‍ മുന്നറിയിപ്പ് കേള്‍ക്കാനാവാതെ വരികയും, കാഴ്ച മങ്ങുമ്പോള്‍ മുന്നിലുള്ള അപകടം കാണാനാവാതെ പ്രയാസപ്പെടുകയും ചെയ്യും. ദൈവിക നടപടിക്രമത്തെക്കുറിച്ച വിശുദ്ധ ഖുര്‍ആന്റെ പരാമര്‍ശം നോക്കൂ ‘അന്നാട്ടുകാര്‍ വിശ്വസിക്കുകയും ഭക്തരാവുകയും ചെയ്തിരുന്നെങ്കില്‍ നാമവര്‍ക്ക് വിണ്ണില്‍നിന്നും മണ്ണില്‍നിന്നും അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. എന്നാല്‍ അവര്‍ നിഷേധിച്ചു തള്ളുകയാണുണ്ടായത്. അതിനാല്‍ അവര്‍ സമ്പാദിച്ചുവെച്ചതിന്റെ ഫലമായി നാം അവരെ പിടികൂടി.’ (അഅ്‌റാഫ്: 96)

സമൂഹത്തിന്റെ നാശവും, തിരോധാനവും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന ആശയങ്ങളാണെന്ന് ചുരുക്കം. ദൈവബോധം സമൂഹത്തിന്റെയും, വ്യക്തിയുടെയും ആയുസ്സ് വര്‍ധിപ്പിച്ചേക്കും. കര്‍മങ്ങള്‍ ദുശിച്ചാല്‍ നാഗരികത നശിച്ചേക്കും. ‘മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു.’ (റൂം: 41)

സൂക്തത്തിലെ അവസാന ഭാഗത്ത് സമൂഹത്തിന്റെ നിലനില്‍പിന്റെ ഘടകങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. (അവര്‍ ചെയ്തുകൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ചുതന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്കു മടങ്ങിയെങ്കിലോ? (റൂം: 41) ദുഷിച്ച കോശങ്ങളെ മാറ്റി തല്‍സ്ഥാനത്ത് പുതിയ കോശങ്ങള്‍ സ്ഥാപിക്കുക, പോരായ്മയും ന്യൂനതയും തിരിച്ചറിഞ്ഞ് കൂടുതല്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുക തുടങ്ങിയവയാണവ.

നടപടിക്രമങ്ങളുടെ ഉല്‍ഭവം മനുഷ്യകര്‍മങ്ങളില്‍ നിന്നാണ്. മനുഷ്യ പ്രവര്‍ത്തനങ്ങളുടെ മൊത്തം റിസല്‍ട്ടാണ് അവ. ഖുര്‍ആന്‍ പറയുന്നു ‘അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ.’ (റഅ്ദ്: 11) പരിമിതമായ ഏതാനും വ്യക്തികളെക്കിറിച്ചല്ല, സമൂഹത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. അതിനാലാണ് ചിലപ്പോള്‍ ഏതാനും സല്‍ക്കര്‍മികളുണ്ടായിരിക്കെത്തന്നെ അല്ലാഹു സമൂഹത്തെ നശിപ്പിക്കുന്നത്. കാരണം അവിടെ വൃത്തികേടും, തോന്നിവാസവുമാണ് കൂടുതല്‍. സൈനബ് ബിന്‍ത് ജഹ്ശി(റ)ല്‍ നിന്ന് നിവേദനം. ഒരു ദിവസം പ്രവാചകന്‍(സ) ഭയം കൊണ്ട് ചുവന്ന മുഖവുമായി പുറത്ത് വന്നു. അദ്ദേഹം ഇപ്രകാരം പറയുന്നുണ്ടായിരുന്നു. ‘അല്ലാഹുവല്ലാതെ ഇലാഹില്ല, ആസന്നമായ തിന്മയില്‍ അറബികള്‍ക്ക് നാശം. ഇന്ന് യഅ്ജൂജിന്റെയും, മഅ്ജൂജിന്റെയും അണക്കെട്ട് തുറക്കപ്പെട്ടിരിക്കുന്നു. സൈനബ്(റ) പറയുന്നു. ഞാന്‍ ചോദിച്ചു ‘അല്ലയോ തിരുദൂതരെ, സല്‍ക്കര്‍മികളുണ്ടായിരിക്കെ ഞങ്ങള്‍ നശിപ്പിക്കപ്പെടുമോ? തിരുമേനി(സ) പറഞ്ഞു ‘അതെ, വൃത്തികേടുകള്‍ അധികരിച്ചാല്‍’. (ബുഖാരി, മുസ്‌ലിം)

ഇവിടെ സല്‍ക്കര്‍മികള്‍ തിന്മ കാണുകയും, അവ ഉഛാടനം ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. എന്നിട്ട്‌പോലും അവരും നാശത്തിന് വിധേയരാവുന്നു. തങ്ങളുടെ ഉദ്ദേശങ്ങള്‍ക്കനുസരിച്ച് പരലോകത്ത് അവര്‍ പുനര്‍ജീവിക്കുന്നു. പക്ഷെ, ഇഹലോകത്ത് ദൈവികചര്യയില്‍ നിന്നും അവരും ഒഴിവല്ല. സംസ്‌കരണ പ്രവര്‍ത്തനങ്ങളിലേര്‍പെടുന്ന അധികപേര്‍ക്കും ഈ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചറിയില്ല എന്നതാണ് വസ്തുത. ഖിള്‌റിന്റെ ചരിത്രം അവര്‍ക്ക് പാഠമാണ്. പൊളിഞ്ഞ് വീഴാറായ മതില്‍ അദ്ദേഹം തന്റെ കൈ കൊണ്ട് നേരെയാക്കി, അതിന്റെ അവധി നീട്ടിക്കൊടുക്കുന്നു. ഇപ്രകാരം പരിഷ്‌കര്‍ത്താക്കള്‍ക്ക് തങ്ങളുടെ സമൂഹത്തിന്റെ ആയുസ്സ് നീട്ടാന്‍ സാധിക്കും. മുന്‍കഴിഞ്ഞ നന്മകളില്‍ നിന്നും മുതലെടുത്ത് (അവരുടെ പിതാവ് നല്ലൊരു മനുഷ്യനായിരുന്നു), വര്‍ത്തമാനലോകത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി (അതിനടിയില്‍ അവര്‍ക്കായി കരുതിവെച്ച ഒരു നിധിയുണ്ട്), ഭാവിക്ക് വേണ്ട വിജയകരമായ ആസൂത്രണത്തിലൂടെ (പ്രായപൂര്‍ത്തിയെത്തിയാല്‍ തങ്ങളുടെ നിധി പുറത്തെടുക്കണമെന്ന് നിന്റെ നാഥന്‍ ആഗ്രഹിച്ചു) ഖിള്ര്‍ നിര്‍വഹിച്ച ഉത്തരവാദിത്തമാണ് പരിഷ്‌കര്‍ത്താക്കള്‍ക്ക് മേലുള്ളത്. സംസ്‌കരണത്തിന്റെ രീതിശാസ്ത്രം ജനങ്ങള്‍ക്ക് പഠിപ്പിക്കാന്‍ ദൈവം നിശ്ചയിച്ച മാര്‍ഗമായിരുന്നു അത്. (ഞാനെന്റെ സ്വന്തം ഹിതമനുസരിച്ച് ചെയ്തതല്ല ഇതൊന്നും).

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles