Current Date

Search
Close this search box.
Search
Close this search box.

ഒരു മുസ്‌ലിം സ്ത്രീ ആയതിനാല്‍ അവര്‍ എനിക്ക് ഇടം തന്നില്ല

2001-ലാണ് ആദ്യമായി എനിക്ക് ഡല്‍ഹിയില്‍ ഒരു വീട് ആവശ്യമായി വന്നത്. അന്ന് മുതല്‍ക്ക് തന്നെയാണ് എനിക്ക് ‘നോട്ടങ്ങള്‍’ ലഭിച്ച് തുടങ്ങിയതും. ഫോണില്‍ ബ്രോക്കര്‍മാര്‍ വലിയ താല്‍പര്യത്തോടെയും ആകാംക്ഷയോടെയുമാണ് സംസാരിക്കുക. പക്ഷെ അവരുടെ ആകാംക്ഷക്കും താല്‍പര്യത്തിനും പൊതുവെ വലിയ ആയുസ്സ് ഉണ്ടാകാറില്ല – ഹിജാബ് ധരിച്ച ഒരു സ്ത്രീ താമസിക്കാന്‍ ഒരിടത്തിന് വേണ്ടി അന്വേഷിക്കുന്നതിനേക്കാള്‍ ഭീതിയുണര്‍ത്തുന്ന മറ്റെന്തുണ്ട്?

അസിസ്റ്റന്റ് പ്രൊഫസര്‍ റീം ശംസുദ്ദീന്‍ ഡല്‍ഹി ചീഫ് മിനിസ്റ്റര്‍ അരവിന്ദ് കെജ്രിവാളിന് എഴുതിയ തുറന്ന കത്താണ് കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടു വന്നത്. ‘അത് സത്യം തന്നെയാണോ? സമൂഹത്തില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കഥയാണെന്നാണ് ഞാന്‍ കരുതിയത്.’ ചിലര്‍ ആശ്ചര്യപ്പെട്ടു.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഞാന്‍ വീണ്ടും വീട് അന്വേഷിക്കാന്‍ വേണ്ടി തെരുവിലേക്കിറങ്ങുകയും, 2011-ല്‍ സംഭവിച്ച ആ വൃത്തികെട്ട കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. റീം ശംസുദ്ദീന് സംഭവിച്ചതിനെ കുറിച്ച് എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കും. അതേസമയം ചിലര്‍, ‘ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, സൂര്യതാപം കാരണമാണ് നിങ്ങള്‍ അത് ധരിച്ചിരിക്കുന്നതെന്നാണ് ഞങ്ങള്‍ വിചാരിച്ചത്’ തുടങ്ങിയ പ്രസ്താവനകള്‍ ഇറക്കാന്‍ എല്ലാം കഴിഞ്ഞ് അവസാന നിമിഷം വരെ കാത്തുനില്‍ക്കും. മറ്റുള്ളവര്‍ നേരെച്ചൊവ്വെ, സംസാരം ആരംഭിക്കുന്ന സമയത്ത് തന്നെ അവര്‍ ഇക്കാര്യത്തില്‍ നിസ്സഹായരാണെന്ന് അറിയിക്കുകയും, ഒരു മുസ്‌ലിം സ്ത്രീക്ക് ഇടം നല്‍കാന്‍ മാത്രമുള്ള വിശാല മനസ്സും ഹൃദയവും ഇല്ലാത്തതില്‍ അത്യധികമായി ക്ഷമചോദിക്കുകയും ചെയ്തു.

പിന്നെ മറ്റു ചിലരുണ്ട്, അവര്‍ നിങ്ങള്‍ വെജ് ആണോ അതോ നോണ്‍ വെജ് ആണോ എന്ന കാര്യമാണ് ചോദിച്ചറിയുക. ‘നിങ്ങള്‍ മുസ്‌ലിമാണ് കാരണം നിങ്ങളൊരു നോണ്‍ വെജിറ്റേറിയനാണ്’ എന്ന മുദ്ര തീരെ പരിചിതമില്ലാത്ത ഒന്നു തന്നെയാണ്. മുസ്‌ലിം പുരുഷന്‍മാര്‍ വ്യത്യസ്തമായ മറ്റൊരു പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നുണ്ടെന്ന് ഒരു സുഹൃത്ത് എന്നോട് പറഞ്ഞു. നോട്ടത്തിലൂടെ അവരുടെ മതം മനസ്സിലാക്കിയെടുക്കാന്‍ ഒരു വീട്ടുടമസ്ഥന് ഒരിക്കലും കഴിയില്ല. അതു കൊണ്ട് സംഭവിക്കുന്നത് എന്താണെന്നാല്‍, വീട്ടില്‍ താമസത്തിനുള്ള എല്ലാ കാര്യങ്ങളും ഒരുക്കുകയും, സാധനസാമഗ്രികള്‍ മാറ്റുകയും ചെയ്തതിന് ശേഷം, വാടക ഉടമ്പടി പത്രത്തില്‍ ‘മുഹമ്മദ്’ എന്നോ അല്ലെങ്കില്‍ ‘ആബിദ്’ എന്നോ കാണുന്നതോട് കൂടി, നിങ്ങളുടെ വീട് മുതലാളിയുടെ മുഖത്ത് അത് വരെ ഉണ്ടായിരുന്ന സഹതാപവും, സഹാനുഭൂതിയും ഉത്കണ്ഠക്ക് വഴിമാറുന്നത് കാണാന്‍ കഴിയും. സാധനങ്ങളുമായി സ്ഥലം വിടാന്‍ നിങ്ങളോട് അപ്പോള്‍ തന്നെ പറയുകയും ചെയ്യും.

അതെ, ഇതു തന്നെയാണ് സംഭവിച്ചത്. ഒരുപാട് തവണ.

എന്നെ കാണുമ്പോള്‍ അല്ലെങ്കില്‍ ഹിജാബ് ധരിച്ച വേറെ ആരെയെങ്കിലും കാണുമ്പോള്‍ എന്തു കൊണ്ടാണ് നിങ്ങള്‍ ഭയചകിതരാകുന്നത്? ഞാന്‍ തലമറക്കുന്നത് സമൂഹത്തെ അസ്വസ്ഥപ്പെടുത്തുന്നുണ്ടോ? നിങ്ങളുടെ വീടിന് മുകളില്‍ ഞാന്‍ താമസിക്കുന്നത്, നിങ്ങളുടെ ദേശീയതാ ബോധത്തിന് വല്ല ഭീഷണിയും ഉയര്‍ത്തുന്നുണ്ടോ? ‘ബോംബ് ഉണ്ടാക്കാനായിരിക്കും ചിലപ്പോള്‍ ഞാന്‍ വീട് വാടകക്കെടുക്കുന്നത്’ എന്നാണ് നിങ്ങളെന്നോട് പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ആ വിഡ്ഢിത്തം വാ തുറന്ന് പറയാന്‍ തന്നെ നിങ്ങള്‍ക്ക് വളരെയധികം മടിയുണ്ടായിരുന്നു.

തെറ്റ് നിങ്ങളുടേതാണെന്ന് തെളിയിക്കപ്പെടുമോ എന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. നിങ്ങളുടെ വാടക വീട്ടില്‍ താമസിക്കാന്‍ വരുന്നത് ശല്ല്യക്കാരിയല്ലാത്ത, അവളിലേക്ക് തന്നെ ഒതുങ്ങികൂടുന്ന, വളരെയധികം പ്രായോഗികാനുകമ്പ പ്രകടിപ്പിക്കുന്ന ഒരു മുസ്‌ലിം ഹിജാബ് ധാരിണിയാവുമ്പോള്‍, നിങ്ങള്‍ എങ്ങനെയാണ് ഒരു സമുദായത്തെ പഴിപറയുന്നത് തുടരുന്നത്?

യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് ഒരു മുസ്‌ലിമുമായി ബന്ധമുണ്ടായിരിക്കെ, ‘എല്ലാ മുസ്‌ലിംകളും ഭീകരവാദികളാണ്’ എന്ന പൊതുബോധം പ്രചരിപ്പിക്കുന്നത് തുടരാന്‍ നിങ്ങള്‍ക്കെങ്ങനെയാണ് കഴിയുന്നത്? വ്യത്യസ്തമായി ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞ ശേഷവും, മുസ്‌ലിംകള്‍ വ്യത്യസ്തമായി വസ്ത്രം ധരിക്കുന്നുവെന്ന് ബഹളം വെക്കാന്‍ നിങ്ങള്‍ക്കെങ്ങനെയാണ് തോന്നുന്നത്?

തോടുകള്‍ പൊട്ടിച്ച് പുറത്ത് വരാനും, ഹിജാബിനെയും, ടര്‍ബണെയും ‘വ്യത്യസ്തം’ എന്ന ഗണത്തില്‍പെടുത്തി നോക്കി കാണുന്നത് നിര്‍ത്താനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. താമസസൗകര്യങ്ങള്‍ വളരെ കുറവാണെന്ന് അധികൃതര്‍ പറയുന്ന ഈ സാഹചര്യത്തിലും , ഇത്തരം അനുഭവങ്ങള്‍ പരസ്പരം വിശ്വാസമില്ലാത്ത അവസ്ഥ വര്‍ദ്ധിപ്പിക്കാനും, രക്തം തിളക്കാനും മാത്രമേ ഇടയാക്കൂ.

നേതാക്കള്‍ക്ക് ഒരു തുറന്ന കത്താണ് ആവശ്യമെങ്കില്‍, ഇത് അത്തരത്തിലൊന്നാണ്. പക്ഷെ എത്ര തുറന്ന കത്തുകള്‍ ലഭിച്ചാണ് നിങ്ങള്‍ക്ക് തൃപ്തി വരിക?

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: ഡെയ്‌ലി ഒപ്പീനിയന്‍

Related Articles