Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക് സ്റ്റേറ്റ് ; അമേരിക്കന്‍ ചികിത്സ ഫലം കാണുമോ?

എഴുപതുകളുടെ അവസാനം മുതല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള കാലത്തെ ‘അല്‍-ഖാഇദ’ ഘട്ടം എന്നു വിശേഷിപ്പിക്കാമെങ്കില്‍ നിലവിലെ ഈ കാലത്തെ ‘ഇസ്‌ലാമിക് സ്റ്റേറ്റിന്റെ’ ഘട്ടം എന്നു വിശേഷിപ്പിക്കുന്നതില്‍ ഒട്ടും അനൗചിത്യമില്ല. ലോകം മുഴുവന്‍ ഈ സംഘടനയുടെ അപകടത്തിനും അതിനെ ഇല്ലാതാക്കുന്നതിന്റെയും തിരക്കിലാണ്. അവരുടെ പക്കല്‍ ആണാവായുധ ശേഖരമോ ഭൂഖണ്ഡങ്ങള്‍ താണ്ടാന്‍ ശേഷിയുള്ള മിസൈലുകളോ ഇല്ല. രാസ-ജൈവായുധങ്ങളുടെ വന്‍ ശേഖരവും അവര്‍ക്കില്ല. ഈ ‘സ്‌റ്റേറ്റി’നെതിരെ ഒരു അന്താരാഷ്ട്ര സഖ്യം രൂപപ്പെടുത്തുന്നതിന് അടുത്ത വ്യാഴാഴ്ച്ച നാറ്റോ സഖ്യത്തിന്റെ മീറ്റിങില്‍ പങ്കെടുക്കാനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും പ്രതിരോധ സെക്രട്ടറി ചക് ഹെഗലും പോകും. പിന്നീട് അതിന്റെ  ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പിന്തുണക്കായി മിഡിലീസ്റ്റിലേക്കും അവര്‍ തിരിക്കും. ഒരു പക്ഷെ ഈ സഖ്യത്തിന്റെ സാമ്പത്തിക ബാധ്യത അവരോട് ആവശ്യപ്പെടുകയും ചെയ്‌തേക്കും.

കടുത്ത ജാഗ്രതാ നിര്‍ദേശമാണ് ബ്രിട്ടന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിറിയയിലും ഇറാഖിലും ഈ സംഘത്തോടൊപ്പം പോരാട്ടത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന തങ്ങളുടെ പൗരന്‍മാന്‍ നടത്തിയേക്കാവുന്ന ഭീകരാക്രമണങ്ങളാണ് അവരെ ഭയപ്പെടുത്തുന്നത്. എന്നാല്‍ ഏറ്റവും അപകടകരമായ മുന്നറിയിപ്പ് വന്നിരിക്കുന്നത് സഊദിയുടെ ഭാഗത്ത് നിന്നാണ്. വെള്ളിയാഴ്ച്ചത്തെ സഊദി രാജാവിന്റെ മുന്നറിയിപ്പ് ഈ മാസത്തെ നാലേമത്തേതാണ്. ലക്ഷക്കണക്കിന് ഡോളറുകള്‍ ചിലവിട്ട് ഒരുക്കിയിരിക്കുന്ന സൈന്യവും അത്യുഗ്രന്‍ ശേഷിയുള്ള മിസൈലുകളും യുദ്ധവിമാനങ്ങളും അവക്ക് പുറമെ ശക്തമായ ഇന്റലിജന്‍സ് സംവിധാനവുമുള്ള രാഷ്ട്രങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും ഏത് തരത്തിലുള്ള ഭീഷണിയാണ് ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ ഉണ്ടാക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്.

അവരുടെ കാഴ്ച്ചപ്പാടിലുള്ള സദ്ദാം ഹുസൈനെ പോലുള്ള ‘തെമ്മാടി ഭരണകൂട’ത്തെയാണ് ലോകം ഭയക്കുന്നത് എന്ന് പറഞ്ഞാല്‍ നമുക്കത് ഉള്‍ക്കൊള്ളാം. കാരണം വലിയ ആയുധ ശേഖരവും എട്ട് വര്‍ഷത്തോളം ഇറാനോട് യുദ്ധം ചെയ്ത ഒരു സൈന്യവും അതിനുണ്ട്. കുവൈത്ത് അധിനിവേശത്തിന് ശേഷം അയല്‍ നാടുകള്‍ക്ക് അവര്‍ ഭീഷണിയാണ്. 1990-ല്‍ കുവൈത്തിനെ മോചിപ്പിക്കുന്നതിന് രൂപീകരിച്ചതിനേക്കാള്‍ വലിയൊരു അന്താരാഷ്ട്ര സഖ്യത്തിന് അമേരിക്ക കോപ്പു കൂട്ടുന്നതിന് പിന്നിലെ കാരണം എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ആര്‍ക്കെതിരെയാണിത്? ഏറിപ്പോയാല്‍ രണ്ട് വയസ്സിലധികം പ്രായമില്ലാത്ത ഒരു സംഘടനയെ നേരിടുന്നതിനാണ് ഈ ഒരുക്കങ്ങളെല്ലാം.

‘ഇസ്‌ലാമിക് സ്റ്റേറ്റിന്റ’ ശക്തിയാണോ പ്രശ്‌നം? അതല്ല പ്രാദേശിക രാഷ്ട്രങ്ങളുടെ ദൗര്‍ബല്യവും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇറാഖിലും സിറിയയിലും അവര്‍ ഉണ്ടാക്കിയെടുത്ത ആധിപത്യവുമാണോ? പിന്നെ ആരാണ് ഈ സംഘടനക്ക് അനുയോജ്യമായ അന്തരീക്ഷവും ശക്തിയും പകര്‍ന്ന് നല്‍കിയത്? അതിന്റെ അപകടത്തെ കുറിച്ച് അലമുറയിടുന്ന, തങ്ങളിലേക്ക് അവര്‍ എത്തുമെന്ന് ഭയക്കുന്ന രാഷ്ട്രങ്ങള്‍ തന്നെയല്ലേ?

ഭയാനകമായ വന്യമായ പ്രവര്‍ത്തനങ്ങളാണ് ഈ തീവ്രവാദ സംഘടന ചെയ്യുന്നതെന്നതെന്നതില്‍ സംശയമില്ല. തങ്ങളുടെ ആദര്‍ശം പിന്തുടരാന്‍ തയ്യാറല്ലാത്ത എല്ലാവരുടെയും കഴുത്തറുക്കുകയും വധിക്കുകയുമാണവര്‍ ചെയ്യുന്നത്. ഇത് ആളുകളില്‍ അസ്വസ്ഥതയും ഭീതിയുമുണ്ടാക്കുമെന്നതില്‍ സംശയമില്ല. അവരെ കുറിച്ചുള്ള ഭീതി അതിന്റെ നേതാക്കള്‍ക്ക് അഭിമാനമാണ് നല്‍കുന്നത്. അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് അത് സഹായിക്കുകയില്ല. മറിച്ച് തങ്ങളുടെ ന്യായങ്ങളും വിശദീകരണങ്ങളും സോഷ്യല്‍ മീഡിയകളിലെ ലേഖനങ്ങളിലൂടെയും പുസ്തങ്ങളായും അവര്‍ രചിക്കും.

പാശ്ചാത്യര്‍ പറയുന്നത് പോലെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ സംഘടനയുടെ ആളുകള്‍ യൂറോപിലും അമേരിക്കയിലുമെത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവര്‍ക്കത് സാധ്യമാണോ അല്ലയോ എന്നതല്ല വിഷയം. ഇപ്പോള്‍ അവര്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് ‘അടുത്ത ശത്രുവി’ലും അയല്‍ നാടുകളിലുമാണ്. അതായത് ഇറാഖ്, സിറിയ, ലബനാന്‍, ജോര്‍ദാന്‍, സഊദി പോലുള്ള നാടുകളില്‍. അവിടത്തെയെല്ലാം ഭരണാധികാരികളെ അല്ലാഹുവിന്റെ ശരീഅത്ത് അനുസരിച്ച് വിധി കല്‍പിക്കാത്ത അമുസ്‌ലിംകള്‍ എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്.

ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ തികച്ചും മനുഷ്യത്വരഹിതം തന്നെയാണ്. എന്നാല്‍ അതിനെ നേരിടാന്‍ ആഗോള തലത്തിലും പ്രാദേശികമായും നടക്കുന്ന ഭീതിയുടെയും മുന്നറിയിപ്പിന്റെയും അന്തരീക്ഷത്തില്‍ ഉയര്‍ന്നു വരുന്ന ചില ചോദ്യങ്ങളുണ്ട്.
ഒന്ന്, അമേരിക്കയുടെ നേതൃത്വത്തിലുള്ള ഈ സഖ്യം എങ്ങനെ ഈ ‘സ്‌റ്റേറ്റിനെ’ നേരിടും? കരമാര്‍ഗം പോരാടുന്നതിന് സൈനികരെ അവര്‍ അയക്കുമോ, അല്ലെങ്കില്‍ വ്യോമാക്രമണത്തില്‍ പരിമിതപ്പെടുത്തുമോ? സൈനികരെ അയക്കുകയാണെങ്കില്‍ ഏതൊക്കെ രാഷ്ട്രങ്ങള്‍ അവരുടെ സൈനികരെ അയക്കാന്‍ തയ്യാറാവും?
രണ്ട്, സിറിയ പ്രത്യക്ഷമായോ പരോക്ഷമായോ ഈ സഖ്യത്തിന്റെ ഭാഗമാകുമോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍, സിറിയയെ കൂടി ഉള്‍പ്പെടുത്തണമെന്ന് ഇറാന്‍ നിബന്ധന വെച്ചാല്‍ എന്ത് ചെയ്യും?
മൂന്ന്, ലക്ഷ്യം നേടുന്നതില്‍ ഈ സഖ്യം പരാജയപ്പെട്ടാല്‍ എന്ത് പദ്ധതിയും നയതന്ത്രവുമായിരിക്കും അവര്‍ സ്വീകരിക്കുക? ശ്രമം വിജയിച്ചാലും പരാജയമാണെങ്കിലും ഇന്ന് ലിബിയയിലും യമനിലും സിറിയയിലും ഇറാഖിലും സംഭവിച്ചു കൊണ്ടിരിക്കുന്ന രക്തരൂക്ഷിത അരാജകത്വത്തിന് നാം സാക്ഷിയാവേണ്ടി വരുമോ? ലിബിയയിലും ഇറാഖിലും ഭരണകൂടങ്ങളെ താഴെയിറക്കുന്നതില്‍ നാറ്റോ വിജയിച്ചു. എന്നാല്‍ മാതൃകാപരവും സുസ്ഥിരവുമായ ഒരു ഭരണകൂടത്തെ അവിടെ കാഴ്ച്ച വെക്കുന്നതില്‍ അവര്‍ വിജയിച്ചിട്ടില്ല.
നാല്, കുവൈത്തില്‍ നിന്ന് ഇറാഖി സൈന്യത്തെ പുറത്താക്കുന്നതിന് ത്രികക്ഷി സഖ്യമുണ്ടാക്കിയപ്പോള്‍ ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന സീനിയര്‍ ബുഷ് വാഗ്ദാനം ചെയ്തിരുന്നു. 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിച്ചു നല്‍കാമെന്ന് ജൂനിയല്‍ ബുഷും ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ രണ്ട് പ്രസിഡന്റുമാരും അവരുടെ വാഗ്ദാനം പാലിച്ചില്ല. ഫലസ്തീന്‍ പ്രശ്‌നം ബറാക് ഒബാമയുടെയോ നാറ്റോ സഖ്യത്തിന്റെയോ ഭാവിയില്‍ ഉണ്ടാക്കുന്ന ‘ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ’യുള്ള സഖ്യത്തിലെ അറബ് അംഗങ്ങളുടെയോ ഇടയില്‍ പ്രാധാന്യമുള്ള ഒന്നല്ലെന്ന് നമുക്ക് നന്നായി അറിയാം. എന്നാല്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കഥ കഴിച്ചതിന് ശേഷം, അല്ലെങ്കില്‍ പരാജയപ്പെടുത്തയിതിന് ശേഷം ജനാധിപത്യ മൂല്യങ്ങള്‍ വ്യാപിക്കുകയും സാമൂഹ്യനീതിയും സമത്വവും നീതിയും നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കാന്‍ സഖ്യത്തിലെ അംഗങ്ങളാവുന്ന രാഷ്ട്രങ്ങള്‍ക്കോ അതിന് നേതൃത്വം നല്‍കുന്ന അമേരിക്കക്കോ സാധിക്കുമോ?

ഇസ്‌ലാമിക് സ്‌റ്റേറ്റും അതുണ്ടാക്കുന്ന ഭീകരാന്തരീക്ഷവും അതിന്റെ പ്രവര്‍ത്തനങ്ങളും അത്യന്തം അപകടകരമാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതിന്റെ ഘടകങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നതിന് അമേരിക്ക ഒരുക്കുന്ന മരുന്ന് അതിലേറെ അപകടകരമാണെന്നത് നാം തള്ളിക്കളയുന്നില്ല. അത് രോഗത്തിന് ശമനം നല്‍കില്ലെന്ന് മാത്രമല്ല, ധാരാളം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വിവ : നസീഫ്‌

Related Articles