Current Date

Search
Close this search box.
Search
Close this search box.

ദുര്‍വ്യാഖ്യാനിക്കപ്പെടുന്ന ഫലസ്തീന്‍ പോരാട്ടം

pal-activist.jpg

ബുധനാഴ്ച്ച, വെസ്റ്റ്ബാങ്കിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഫലസ്തീന്‍ യുവാക്കള്‍ ദമസ്‌ക്കസ് ഗേറ്റിന് പുറത്തുള്ള ഇസ്രായേലി അതിര്‍ത്തി പോലിസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും, ഒരാളെ കൊലപ്പെടുത്തുകയും, മറ്റൊരാളെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. അക്രമികളില്‍ മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.

ദിവസേന അരങ്ങേറുന്ന ഈ ചോരക്കളിയെ കുറിച്ച്, ‘കോപ്പി-പേസ്റ്റ്’ വാര്‍ത്തകളാണ് ഒട്ടുമിക്ക വാര്‍ത്താ ഏജന്‍സികളും വായനക്കാര്‍ക്ക് നല്‍കുന്നത്. ബുധനാഴ്ച്ചത്തെ ആക്രമത്തെ കുറിച്ച് റോയിട്ടേഴ്‌സ്, ദി അസോസിയേറ്റഡ് പ്രസ്സ്, എ.എഫ്.പി എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

‘ഫലസ്തീനികള്‍ നടത്തി വരുന്ന കത്തികൊണ്ടുള്ള ആക്രമണം, വെടിവെപ്പ്, കാര്‍ ഇടിച്ച് കയറ്റല്‍ എന്നിവയുടെ ശ്രേണിയില്‍ പെട്ട ഏറ്റവും പുതിയ സംഭവമാണിത്. ഓക്ടോബര്‍ മുതല്‍ക്കുള്ള കണക്ക് പ്രകാരം ഇതുവരെ 27 ഇസ്രായേല്‍ പൗരന്‍മാരും, ഒരു അമേരിക്കന്‍ പൗരനും ഫലസ്തീനികളുടെ ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട് കഴിഞ്ഞു. 155 ഫലസ്തീനികളെയാണ് ഇസ്രായേല്‍ സൈന്യം കൊന്നിരിക്കുന്നത്, ഇതില്‍ 101-ഉം അക്രമികളായിരുന്നുവെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. മറ്റുള്ളവരില്‍ അധികവും അക്രമാസക്തമായ പ്രതിഷേധപ്രകടനങ്ങള്‍ക്കിടെയാണ് കൊല്ലപ്പെട്ടിരിക്കുന്നത്.’ (റോയിട്ടേഴ്‌സ്)

‘ഫലസ്തീനികളുടെ ആക്രമണത്തില്‍ സെപ്റ്റംബര്‍ മുതല്‍ക്ക് 27 ഇസ്രായേലികല്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇസ്രായേല്‍ സൈന്യത്തിന്റെ കൈയ്യാല്‍ ചുരുങ്ങിയത് 154 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 109 പേരും അക്രമികളായിരുന്നു. ബാക്കിയുള്ളവര്‍ ഇസ്രായേല്‍ സൈന്യവുമായുള്ള ഏറ്റുമുട്ടുലുകളിലാണ് കൊല്ലപ്പെട്ടിട്ടുള്ളത്.’ (ദി അസോസിയേറ്റഡ് പ്രസ്സ്)

‘ഒരു അമേരിക്കനും, എരിത്രിയനുമടക്കം 26 ഇസ്രായേലികളാണ് അക്രമണപരമ്പരകളില്‍ കൊല്ലപ്പെട്ടത്. അതേസമയം, 164 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വധിക്കുകയുണ്ടായി. അതില്‍ ഭൂരിഭാഗവും അക്രമികളായിരുന്നു. മറ്റുള്ളവര്‍ ഏറ്റുമുട്ടലുകളിലും, പ്രതിഷേധപ്രകടനങ്ങള്‍ക്കിടെയുമാണ് കൊല്ലപ്പെട്ടത്.’ (എ.എഫ്.പി)

ചില വ്യത്യാസങ്ങളുണ്ടെങ്കിലും, ചില കുഴപ്പമാര്‍ന്ന സാമ്യതകള്‍ അവതമ്മിലുണ്ട്. ഒരു അധിനിവേശവിരുദ്ധ പോരാട്ടത്തെ വളച്ചൊടിച്ച് അവതരിപ്പിക്കുന്നത് എങ്ങനെയെന്നതിന്റെ ഉദാഹരണങ്ങളാണിവ. ഇസ്രായേലും അതിന്റെ സഖ്യകക്ഷികളും ചേര്‍ന്നാണ് അവ രൂപപ്പെടുത്തി നല്‍കുന്നത്.

സംശയാസ്പദമായ സാഹചര്യങ്ങളിലാണ് ഫലസ്തീനികള്‍ കൊല്ലപ്പെടുന്നത് എന്നതാണ് വസ്തുത. ‘വിചാരണയൊന്നും നടത്താതെയാണ് ഓരോ ദിവസം ഇസ്രായേല്‍ ആളുകളെ വധശിക്ഷക്ക് വിധേയമാക്കുന്നത്’ ജിദിയോണ്‍ ലെവി എഴുതി.

അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ മാരകമായ മര്‍ദ്ദനമുറകളാണ് ഇസ്രായേല്‍ ഉപയോഗിക്കുന്നത് എന്ന വസ്തുത എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. ‘അക്രമാസക്ത പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയാണ്’ ഒട്ടുമിക്ക ഫലസ്തീനികളും കൊല്ലപ്പെട്ടിരിക്കുന്നത് പറയുന്നതിലൂടെ, ഇസ്രായേലിന്റെ പങ്കിനെ മറച്ച് വെക്കുകയും, എല്ലാകുറ്റങ്ങളും പ്രതിഷേധകരുടെ തലയില്‍ കെട്ടിവെക്കുകയുമാണ് ‘റോയിട്ടേഴ്‌സ്’ ചെയ്യുന്നത്.

ഇസ്രായേല്‍ സെക്ക്യൂരിറ്റി ഏജന്‍സി (ഐ.എസ്.എ) അഥവാ ശിന്‍ബേത്തിന്റെ കണക്ക് പ്രകാരം, (ഗസ്സയിലെ കണക്കില്ല) ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 1170 ‘ആക്രമണങ്ങള്‍’ ഫലസ്തീനികള്‍ നടത്തിയിട്ടുണ്ട്. കത്തികൊണ്ടുള്ള ആക്രമണവും, വെടിവെപ്പും, വാഹനം ഇടിച്ച് കയറ്റലുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഈ ‘ഭീകരാക്രമണങ്ങളില്‍’ 75-80 ശതമാനവും പെട്രോള്‍ ബോംബാക്രമണമാണെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ആക്രമണങ്ങളില്‍ ഭൂരിഭാഗവും ഇസ്രായേല്‍ സുരക്ഷാ സൈനികരെയും, പോലിസ് ഉദ്യോഗസ്ഥരെയും ലക്ഷ്യം വെച്ചിട്ടുള്ളതായിരുന്നു എന്ന് അവരുടെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു.

49 വര്‍ഷമായി സൈനിക അധിനിവേശത്തിന് കീഴില്‍ നരകിച്ച് ജീവിക്കുന്ന ഒരു ജനതയുടെ പ്രതിഷേധങ്ങളെ വസ്തുതാവിരുദ്ധമായും, വളച്ചൊടിച്ചുമാണ് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 1-14 കാലയളവില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 31. ഇതില്‍ 17 പേര്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. നവംബര്‍ അവസാനത്തോടെ, പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയും, റൈഡുകള്‍ നടത്തുന്നതിനിടെയും ഇസ്രായേല്‍ അധിനിവേശ സൈന്യം കൊന്ന് തള്ളിയത് 39 ഫലസ്തീനികളെയാണ്.

കൂടാതെ, ആ രണ്ട് മാസക്കാലയൡ തന്നെ, 4192 ഫലസ്തീനികള്‍ക്കാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റത്. എന്നുവെച്ചാല്‍ ഓരോ ആഴ്ച്ചയിലും റെയ്ഡുകള്‍ക്കും, പ്രതിഷേധപ്രകടനങ്ങള്‍ക്കുമിടെ ഏകദേശം 500 ഫലസ്തീനികള്‍ക്ക് വെടിയേറ്റിട്ടുണ്ട് എന്നര്‍ത്ഥം. ഏക്യരാഷ്ട്രസഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്, ഒക്ടോബര്‍ ജനുവരി കാലയളവില്‍ 50-ലധികം ഫലസ്തീനികളെയാണ് ഇസ്രായേല്‍ അധിനിവേശ സേന കൊല്ലപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 14000 ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഫലസ്തീനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ഈ കണക്കുകള്‍ ഒന്നും തന്നെ വരാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

‘ഒക്ടോബര്‍ ഒന്നിന് രണ്ട് അമേരിക്കന്‍ പൗരന്‍മാര്‍ ഫലസ്തീനികളുടെ കൈകളാല്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഇസ്രായേല്‍ സൈന്യം നിലവില്‍ വന്നത് എന്ന രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. ഒക്ടോബര്‍ ഒന്നിന് ശേഷമുള്ള കാലയളവ് മാത്രം പരിഗണിക്കുന്നത് ശരിക്കും ഇസ്രായേലിനെയാണ് സഹായിക്കുക. പക്ഷെ മാധ്യമപ്രവര്‍ത്തകരെല്ലാം ഇതെന്തുകൊണ്ടാണ് മറിച്ചൊന്നും ചോദിക്കാതെ സ്വീകരിച്ചത്?

2015-ലെ ആദ്യത്തെ അഞ്ച് മാസങ്ങളില്‍, 11 ഫലസ്തീനികളെയാണ് ഇസ്രായേല്‍ അധിനിവേശ സേന കൊന്ന് തള്ളിയത്. കൂടാതെ 933 ഫലസ്തീനികളെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ആഗസ്റ്റ് അവസാനത്തോടെ, ഇസ്രായേല്‍ സൈന്യത്തിന്റെയും, ജൂതകുടിയേറ്റക്കാരുടെയും കൈകളാല്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 26 ആയി. പരിക്കേറ്റവരുടെ സംഖ്യ 1372 ആയി ഉയരുകയും ചെയ്തു.

ജൂലൈ മാസത്തില്‍, കേവലം പത്ത് ദിവസത്തിനുള്ളില്‍, ഏഴ് ഫലസ്തീനികളെയാണ് ഇസ്രായേല്‍ അധിനിവേസ സൈന്യവും ജൂതകുടിയേറ്റക്കാരും ചേര്‍ന്ന് കൊന്നത്: സൈനികര്‍ക്കെതിരെ ‘എറിയാന്‍ കല്ലെടുക്കുമ്പോഴാണ്’ 21 വയസ്സുകാരനായ ഒരു ഫല്‌സതീനിക്ക് വെടിയേറ്റത്; സ്വന്തം വീട്ടില്‍ വെച്ചാണ് 52 വയസ്സുകാരനായ ഒരു ഫലസ്തീന്‍ പിതാവ് വെടിയേറ്റ് കൊല്ലപ്പെട്ടത്; ജൂതകുടിയേറ്റക്കാര്‍ തങ്ങളുടെ വീടുകള്‍ അഗ്നിക്കിരയാക്കുന്നത് തടയുന്നതിനിടെയാണ് ദവാബിശ കുടുംബത്തിലെ മൂന്ന് അംഗങ്ങളും, രണ്ട് ഫലസ്തീന്‍ കൗമാരക്കാരും വെടിയേറ്റ് മരിച്ചത്.

കാഞ്ചി വലിക്കുന്നത് യൂണിഫോമിട്ട ഇസ്രായേല്‍ പട്ടാളക്കാരാണെങ്കില്‍ ‘ആക്രമണ തരംഗ’ത്തെ കുറിച്ച് ആര്‍ക്കും പരാതിയുണ്ടാവില്ല. അധിനിവേശത്തിന്റെ ഇരകള്‍ തിരിച്ചടിക്കാന്‍ തുടങ്ങുന്നത് മുതല്‍ക്കാണ് ഇപ്പോള്‍ ആക്രമണത്തിന്റെ കാലഗണനകള്‍ ആരംഭിക്കുന്നത്. അതേ, ഒക്ടോബര്‍ മുതല്‍ക്ക് ആക്രമസംഭവങ്ങളില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട് എന്നത് ശരി തന്നെയാണ്, പക്ഷെ അത് വെറുതെ ഉണ്ടായതല്ല.

‘അക്രമികള്‍’, ‘അക്രമാസക്തരായ പ്രതിഷേധപ്രകടനക്കാര്‍’ എന്നിങ്ങനെയാണ് ഫലസ്തീനികള്‍ മുദ്രകുത്തപ്പെടുന്നത്. ഇസ്രായേലികള്‍ കേവലം ഇസ്രായേലികള്‍ മാത്രമാണ്. അധിനിവിഷ്ഠ ജറൂസലേം, കിഴക്കന്‍ ജറൂസലേം എന്നിവിടങ്ങളിലാണ് കത്തികൊണ്ടുള്ള ആക്രമണങ്ങളില്‍ ഭൂരിഭാഗവും നടന്നിരിക്കുന്നത്. ഒരു ദശാബ്ദക്കാലത്തിലേറെയായി അതിഭീകരമായ കോളോണിയല്‍ പട്ടാള അധിനിവേശ ഭരണത്തിന് കീഴില്‍ ജീവിച്ചു കൊണ്ടിരിക്കുന്നവരാണ് അവിടങ്ങളിലെ ഫലസ്തീനികള്‍ എന്ന കാര്യം നാം മറക്കരുത്.

കൊല്ലപ്പെട്ട ഇസ്രായേലികളില്‍ ഏത്രപേര്‍ അധിനിവേശ സൈനികരില്‍ പെട്ടവരുണ്ട്, അല്ലെങ്കില്‍ എത്ര പേര്‍ ജൂതകുടിയേറ്റക്കാരാണ് എന്ന വിവരങ്ങള്‍ ആരും തന്നെ പുറത്തുവിടാറില്ല. ദവാബിശ കുടുംബത്തിന് നേര്‍ക്ക് നടന്ന ആക്രമണം, അല്ലെങ്കില്‍ ഫലഹ് അബൂ മറിയ വേടിയേറ്റ് മരിച്ചത് മുതല്‍ക്കല്ല കാലഗണനകള്‍ തുടങ്ങുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ക്ക് കൊല്ലപ്പെട്ട ഫലസ്തീനികളുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പോലും അവര്‍ തയ്യാറല്ല.

ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്ന ആയിരക്കണക്കിന് ഫലസ്തീനികളെ കുറിച്ച് ആരുമൊന്നും അറിയുന്നില്ല. ഇത് നേരെ തിരിച്ചായിരുന്നെങ്കില്‍ – അഥവാ നാല് മാസം കൊണ്ട് ഫലസ്തീനികളുടെ വെടിയേറ്റ് ആയിരക്കണക്കിന് ഇസ്രായേലികളാണ് കൊല്ലപ്പെട്ടിരുന്നതെങ്കില്‍, ന്യൂസ് ഏജന്‍സികള്‍ അവരുടെ കോളങ്ങള്‍ നിറക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ജനുവരി 26-ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഒരു ലളിതസത്യം പറയുകയുണ്ടായി: ‘അടിച്ചമര്‍ത്തപ്പെട്ട ജനത പ്രതിഷേധിച്ചിട്ടുള്ളതായി നമുക്ക് കാണാന്‍ കഴിയും. അധിനിവേശത്തിനെതിരെ പ്രതികരിക്കുക എന്നത് മനുഷ്യപ്രകൃതിയാണ്.’ അധിനിവേശകരുടെ അതിക്രമങ്ങള്‍ അപ്രത്യക്ഷമാക്കുകയും, ഫലസ്തീന്‍ ജനതയുടെ അധിനിവേശ വിരുദ്ധ പോരാട്ടം ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്ന സമീപനം ഇസ്രായേല്‍ അധികൃതരില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാം; പക്ഷെ അതിനെ പിന്താങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങള്‍ ഒരിക്കലും നടത്താന്‍ പാടില്ല.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles