Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ വിജയം അമേരിക്കക്ക് നാണക്കേട്; അറബികള്‍ക്ക് ദുരന്തം

trump333c.jpg

പുതുവര്‍ഷത്തില്‍ മനുഷ്യാവകാശങ്ങള്‍ അപകടത്തിലാണ്. വമ്പിച്ച ജനായത്തം സ്വേച്ഛാധിപത്യത്തിലേക്ക് വഴിയൊരുക്കുന്നതിന്റെ ഫലമാണത്. ഭൂരിപക്ഷം അതിന്റെ താല്‍പര്യങ്ങള്‍ക്ക് തടസ്സമായി കാണുന്ന അവകാശങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അതാണ് സംഭവിക്കുന്നത്. ജനായത്ത പിന്തുണയുള്ള നേതാക്കന്‍മാര്‍ തങ്ങളോട് വിയോജിക്കുന്നവര്‍ക്ക് മേല്‍ മേല്‍ക്കൈ നേടുന്നത് സമയത്തിന്റെ മാത്രം പ്രശ്‌നമാണ്. വ്യക്തിയുടെ താല്‍പര്യങ്ങളെയും അന്തസ്സിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും അടിസ്ഥാന തത്വങ്ങള്‍ വരെ ലംഘിക്കപ്പെടുന്നിടത്താണത് അവസാനിക്കുക. പുതുവര്‍ഷത്തില്‍ മനുഷ്യാവകാശം സംബന്ധിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട റിപോര്‍ട്ടിന്റെ ചുരുക്കമാണിത്. 90 രാഷ്ട്രങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന 687 പേജുള്ള വിശദമായ റിപോര്‍ട്ട് അതുപോലെ ഇവിടെ വെക്കല്‍ പ്രയാസമാണ്. അമേരിക്കയിലെയും യൂറോപിലെയും ജനപിന്തുണയുള്ള നേതാക്കളുടെ രംഗപ്രവേശം ലോകത്തിന്റെ അവശേഷിക്കുന്ന പ്രദേശങ്ങളിലെ മനുഷ്യാവകാശങ്ങള്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തുന്നു എന്ന സുപ്രധാന കാര്യമാണത് ശ്രദ്ധയില്‍ കൊണ്ടുവരുന്നത്.

അടിച്ചമര്‍ത്തലും വിദ്വേഷവും പക്ഷപാതിത്വവും പ്രചരിപ്പിക്കലുമാണ് ഏല്ലായിടത്തുമുള്ള സ്വേച്ഛാധിപതികള്‍ തുടര്‍ന്നു വരുന്ന രീതി. പുതിയ അമേരിക്കന്‍ പ്രസിഡന്റും യൂറോപിലെ വലതുപക്ഷ പാര്‍ട്ടികളും അതിനെയാണ് പ്രതിനിധീകരിക്കുന്നത്. മനുഷ്യാവകാശ സംരക്ഷണമെന്ന കാഴ്ച്ചപാടിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമായിട്ടാണ് നവതലമുറയിലെ ചില ജനകീയ ഭരണാധികാരികള്‍ മുന്നോട്ടുവരുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപോര്‍ട്ടിന്റെ അനുബന്ധമായി അതിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെന്നത്ത് റോത്ത് കുറിക്കുന്നു. ഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ക്ക് മുമ്പിലുള്ള തടസ്സമായിട്ടാണ് അവര്‍ അവകാശങ്ങളെ കാണുന്നത്. തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനും സാംസ്‌കാരിക വ്യതിചലനം ഇല്ലാതാക്കുന്നതിനും അനിവാര്യമായതില്‍ മനുഷ്യാവകാശ ലംഘനങ്ങളെ ഭൂരിപക്ഷം ജനങ്ങളും അംഗീകരിക്കുമെന്നതാണ് ഇക്കൂട്ടരുടെ വാദം. അതേസമയം മനുഷ്യാവകാശങ്ങളെ കാറ്റില്‍ പറത്തുന്നത് സ്വേച്ഛാധിപത്യത്തിലേക്കാണ് വഴിയൊരുക്കുന്നത്. സ്വാഭാവികമായും അറബ്, ആഫ്രിക്കന്‍ നാടുകളിലെ മനുഷ്യാവകാശ മൂല്യങ്ങള്‍ക്ക് നേരെ അന്താരാഷ്ട്ര ആക്രമണം അതുണ്ടാക്കുമെന്നും റോത്ത് സൂചിപ്പിക്കുന്നു. പ്രസ്തുത ആക്രമണങ്ങളെ ചെറുക്കുന്ന ഉത്തരവാദിത്വം സിവില്‍ കൂട്ടായ്മകളിലൂടെയും രാഷ്ട്രീയ പാര്‍ട്ടികളിലൂടെയും വിവിധ വാര്‍ത്താമാധ്യമങ്ങളിലൂടെയും പൊതുജനം ഏറ്റെടുക്കുമെന്നും അദ്ദേഹം ഉണര്‍ത്തുന്നു.

അമേരിക്കയില്‍ പുതിയ പ്രസിഡന്റ് ഔദ്യോഗികമായി സ്ഥാനമേല്‍ക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പല അമേരിക്കന്‍ പ്രമുഖരും അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നു. അദ്ദേഹത്തിന്റെ വിദ്വേഷം വളര്‍ത്തുന്ന, അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും വകവെക്കാതെയുള്ള ചിന്തകള്‍ക്കും നയങ്ങള്‍ക്കുമെതിരെ പലരും പ്രതികരിച്ചിട്ടുണ്ട്. അക്കൂട്ടതിലൊരാളാണ് നോബേല്‍ ജേതാവായ പോള്‍ ക്രൂഗ്മാന്‍. ‘വിലകുറഞ്ഞ നുണകള്‍’ തുറന്നു കാട്ടണമെന്നാണ് മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം ഈയടുത്ത് ആവശ്യപ്പെട്ടത്. അതില്‍ വരുത്തുന്ന വീഴ്ച്ച മാധ്യമ ധര്‍മത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ കോണ്‍ഗ്രസിലെ 24 അംഗങ്ങള്‍ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും ഞാന്‍ വായിച്ചു. അദ്ദേഹത്തിന്റെ അനുകൂലികള്‍ വാഷിംഗ്ടണിലേക്കുള്ള 200 ബസ്സുകള്‍ ബുക്ക് ചെയ്തപ്പോള്‍ അദ്ദേഹത്തോട് വിയോജിപ്പുള്ളവര്‍ പ്രകടനക്കാരെ വാഷിംഗ്ടണിലെത്തിക്കുന്നതിന് 1200 ബസ്സുകള്‍ ബുക്ക് ചെയ്തതായി ‘വാഷിങ്ടണ്‍ പോസ്റ്റ്’ പറയുന്നു.

സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം ക്ഷണിച്ചിട്ടുണ്ടെങ്കിലും ചില ഹോളിവുഡ് താരങ്ങള്‍ അത് ബഹിഷ്‌കരിച്ചു കൊണ്ട് എതിര്‍പക്ഷത്തോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. രണ്ട് പ്രമുഖ ബ്രിട്ടീഷ് ഗായകരും അക്കൂട്ടത്തിലുണ്ട്. നിയുക്ത പ്രസിഡന്റിനെ സ്വേച്ഛാധിപതിയെന്ന് വിശേഷിപ്പിച്ച റെബേക്ക ഫെര്‍ഗൂസനാണ് അതിലൊന്ന്. ട്രംപ് നേരിട്ട് ക്ഷണിച്ച പ്രമുഖ ഒപേറ ഗായകന്‍ ആന്‍ഡ്രിയ ബോഷെല്ലിയും അദ്ദേഹത്തോട് വിയോജിക്കുന്നവരുടെ കൂട്ടത്തിലാണ്. വംശീയ പരാമര്‍ശങ്ങളുടെ പേരില്‍ അമേരിക്കന്‍ ഓസ്‌കാര്‍ ജേത്രി മെറീല്‍ സ്ട്രീപ്പ് ട്രംപിനെതിരെ ആക്ഷേപം ചൊരിഞ്ഞത് മറക്കാനായിട്ടില്ല.

ട്രംപിന്റെ സ്ഥാനാരോഹണം ഉത്കണ്ഠയുടെയും ദുസൂചനയുടേതുമാണെന്നാണ് ബ്രിട്ടീഷ് പത്രമായ ‘ഒബ്‌സര്‍വര്‍’ (ജനുവരി 13) പറഞ്ഞിട്ടുള്ളത്. ജനാധിപത്യം അനുഭവിക്കുന്ന രാജ്യങ്ങളില്‍ കണക്കാക്കപ്പെട്ട ഒന്നാണത്. മാത്രമല്ല, ജനാധിപത്യ സംവിധാനത്തിലൂടെ നടക്കുന്ന അധികാര മാറ്റത്തിലൂടെ ആ പ്രവണതക്ക് അറുതിവരുത്താനും അതിന്റെ അനന്തരഫലങ്ങള്‍ ഒഴിവാക്കാനും സാധിക്കും. ജനാധിപത്യ മൂല്യങ്ങളെ ബലികഴിച്ചാണെങ്കിലും സുസ്ഥിരതക്ക് പ്രഥമ പരിഗണന നല്‍കുമെന്ന ട്രംപിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ വെബ്‌സൈറ്റിലെ പ്രഖ്യാപനമാണ് ‘ഒബ്‌സര്‍വര്‍’ പറയുന്ന കാര്യങ്ങളില്‍ നമ്മെ ഏറ്റവുമധികം ഉത്കണ്ഠപ്പെടുത്തുന്നത്. പ്രതീക്ഷിക്കാത്ത അനന്തരഫലങ്ങള്‍ അതുണ്ടാക്കിയേക്കും. ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്നവര്‍ ഭീകരതക്കെതിരെയുള്ള യുദ്ധത്തിന്റെ പേരില്‍ നടത്തുന്ന ലംഘനങ്ങള്‍ക്ക് നേരെ പ്രത്യക്ഷത്തില്‍ കണ്ണടക്കുന്ന നിലപാടാണതെന്ന് ചുരുക്കം.

മിഡിലീസ്റ്റിലെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ ട്രംപിന്റെ നിലപാടിനെ ഏറെ സ്വാഗതം ചെയ്തിട്ടുണ്ടെന്നാണ് ‘ന്യൂയോര്‍ക്കര്‍’ മാസികയിലെ റോബിന്‍ റൈറ്റ് എന്ന ലേഖിക ശ്രദ്ധയില്‍ പെടുത്തുന്നത്. തെരെഞ്ഞെടുപ്പില്‍ വിജയം വരിച്ച അദ്ദേഹത്തെ ആശീര്‍വദിക്കാന്‍ തിടുക്കം കാണിച്ച പ്രദേശത്തെ ഭരണാധികാരികളുടെ ലിസ്റ്റ് വെച്ച് തന്റെ അഭിപ്രായത്തെ അവര്‍ ശക്തിപ്പെടുത്തുന്നുമുണ്ട്. അമേരിക്കയിലെ പ്രമുഖര്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുപ്പിനെ അമേരിക്കന്‍ മൂല്യങ്ങളെ നിന്ദിക്കുന്ന നാണക്കേടായി കാണുമ്പോള്‍ അറബ് ലോകത്തെ സംബന്ധിച്ചടത്തോളം വലിയ ദുരന്തമാണത്. അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന സംരക്ഷണമാണ് അതിന്റെ ഒരു കാരണം. അദ്ദേഹത്തിന്റെ അമിതമായ ഇസ്രയേല്‍ ചായ്‌വാണ് രണ്ടാമത്തേത്.

ഭരണകൂടത്തിന്റെ അതിക്രമങ്ങളെ ചെറുക്കുന്നതിലുള്ള അശക്തിയും ദൗര്‍ബല്യവുമാണ് അറബ് സമൂഹങ്ങളുടെ ദുരന്തത്തിന്റെ മറ്റൊരു വശം. പുതിയ ലോകത്ത് മനുഷ്യാവകാശങ്ങള്‍ അപകടത്തിലാണെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപോര്‍ട്ട് പറയുന്നതെങ്കില്‍, ആ അപകടത്തിന്റെ കേന്ദ്ര സ്ഥാനത്ത് അറബ് രാഷ്ട്രങ്ങളായിരിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.

സംഗ്രഹം: നസീഫ്‌

Related Articles