Current Date

Search
Close this search box.
Search
Close this search box.

ജര്‍മനിയില്‍ നിന്നുള്ള രണ്ട് കഥകള്‍

കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ മുസ്‌ലിം യുവാക്കളുടെ ഒരു സമ്മേളനം റിപോര്‍ട്ട് ചെയ്യുന്നതിനായി ജര്‍മനിയുടെ വടക്കുഭാഗത്തുള്ള ഹാംബര്‍ഗില്‍ ഞാന്‍ പോയിരുന്നു. അവിടെ രണ്ട് അനുഭവങ്ങള്‍ എനിക്കുണ്ടായി. സമ്മേളന സ്ഥലത്തേക്ക് പോകുന്നതിനായി ഗ്രാമത്തിലെത്തിയ ഞാന്‍ കസ്റ്റമേഴ്‌സിനെ കാത്തിരിക്കുന്ന ടാക്‌സികളില്‍ ആദ്യം കണ്ടതില്‍ തന്നെ കയറി. എഴുപത് ശതമാനം തുര്‍ക്കി വംശജര്‍ അധിവസിക്കുന്ന ഒരു പ്രദേശമായിരുന്നു അത്.

താടിവെച്ച തുര്‍ക്കിക്കാരനായ ടാക്‌സി ഡ്രൈവര്‍ എന്നോട് സലാം പറഞ്ഞ് വണ്ടി നീങ്ങാന്‍ തുടങ്ങിയപ്പോള്‍ എന്റെ നാടിനെ കുറിച്ച് ചോദിച്ചു. ഞാന്‍ ഈജിപ്തുകാരനാണെന്നും ഇപ്പോള്‍ ബര്‍ലിനിലാണ് താമസിക്കുന്നതെന്നും പറഞ്ഞു. ഉടനെ അദ്ദേഹം പ്രകടനത്തിന് ക്ഷണിച്ചു കൊണ്ടുള്ള ഒരു നോട്ടീസ് എനിക്ക് എടുത്തു തന്നു. ഈജിപ്തിലെ സൈനിക അട്ടിമറിക്കും ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പ്രതിഷേധിച്ച് മെയ് 26-ന് ഹാംബര്‍ഗില്‍ നടക്കുന്ന കൂറ്റന്‍ പ്രകടനത്തിന്റെ നോട്ടീസായിരുന്നു അത്. മുസ്‌ലിംകളോട് അതിക്രമം പ്രവര്‍ത്തിക്കുന്ന സീസിക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും എതിരെ പ്രാര്‍ഥിച്ചിട്ടല്ലാതെ ഇതുവരെ നമസ്‌കരിച്ചിട്ടില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഇസ്‌ലാമിനും സത്യത്തിനും വിജയം നല്‍കാനും ഈജിപ്തില്‍ ഇസ്‌ലാമിന്റെ കൊടി പാറാനും, ഇഖ്‌വാന്‍ പ്രവര്‍ത്തകര്‍ക്ക് സഹനവും സ്ഥൈര്യവും നല്‍കുന്നതിനും അദ്ദേഹം പ്രാര്‍ഥിച്ചു. ഇഖ്‌വാന്റെ സേവനങ്ങളെ കുറിച്ചും അദ്ദേഹം ഏറെ സംസാരിച്ചു. സംസാരിച്ചും പ്രാര്‍ഥിച്ചും ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തി. അദ്ദേഹത്തിന് കൂലി കൊടുത്ത് ഈറനണിഞ്ഞ കണ്ണുകളോടെ ഞാന്‍ ടാക്‌സിയില്‍ നിന്നും ഇറങ്ങി.

രണ്ടാമത്തെ ദിവസവും സമാനമായ ഒരു സംഭവം തന്നെ ഉണ്ടായി. സമ്മേളനം കഴിഞ്ഞ് രാത്രി പതിനൊന്നു മണിക്ക് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ഞാന്‍. ഒരു യുവാവായിരുന്നു ഡ്രൈവര്‍, അദ്ദേഹം ഏതു നാട്ടുകാരനാണെന്ന് അദ്ദേഹത്തിന്റെ മുഖഛായയില്‍ നിന്ന് തിരിച്ചറിയാന്‍ എനിക്ക് സാധിച്ചില്ല. കുറച്ചു സമയത്തിന് ശേഷം അയാള്‍ ഞാന്‍ ഈ ഗ്രാമത്തില്‍ വന്നതിന്റെ കാരണം അന്വേഷിച്ചു, ഏതെങ്കിലും ബന്ധുക്കള്‍ ഇവിടെയുണ്ടോ എന്നും ചോദിച്ചു. ഞാന്‍ സമ്മേളനത്തിന് വന്നതാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഡോക്ടറേറ്റുണ്ടോ എന്നതായിരുന്നു അയാളുടെ ചോദ്യം. ഇല്ലെന്ന് ഞാന്‍ മറുപടി കൊടുത്തപ്പോള്‍ എന്റെ നാടിനെ കുറിച്ചന്വേഷിച്ചു.

ഈജിപ്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ആ ദുരന്തത്തെ കുറിച്ച് ഞാന്‍ സംസാരിച്ചു. എന്റെ നിലപാടിനെ കുറിച്ചായിരുന്നു അടുത്ത ചോദ്യം. ഞാന്‍ സൈന്യത്തിന് എതിരാണ് പറഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ വംശത്തെ കുറിച്ച് ചോദിച്ചു. അദ്ദേഹം ഉസ്മാനിയാണ് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചു. ഈജിപ്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു കൊണ്ടിരുന്നു. ഈജിപ്തിലെ സംഭവങ്ങളോടു മുഴുവന്‍ തുര്‍ക്കിക്കാരുടെയും നിലപാടാണ് ഉര്‍ദുഗാന്റെ നിലപാടെന്ന് കുറ്റവാളിയായ സീസിക്ക് അറിയില്ല. ഖുര്‍ആന്‍ മനപാഠമുള്ള പ്രസിഡന്റ് മുര്‍സിക്കെതിരെയുള്ള അട്ടിമറിയും അദ്ദേഹത്തെ ജയിലിലടച്ചതും അവര്‍ക്കൊരിക്കലും പൊറുക്കാനാവില്ല. അറബ് ഭാഷയിലുള്ള ബാങ്കുവിളി തിരിച്ചു കൊണ്ടുവന്ന അദ്‌നാന്‍ മുന്‍ദിരീസിനെതിരെ അട്ടിമറി നടത്തുകയും വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്ത അത്താതുര്‍ക്കിന്റെ ചരിത്രമാണ് ഇത് ഓര്‍മപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നല്ല രാഷ്ട്രീയ അവബോധമുള്ള നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ എന്നു ഞാന്‍ പറഞ്ഞു.

രാഷ്ട്രീയത്തിന് നല്‍കുന്ന പ്രാധാന്യമല്ലിത്, സത്യത്തോടും അസത്യത്തോടുമുള്ള നിലപാട് മാത്രമാണെന്ന് ഉടനെ അദ്ദേഹം മറുപടി തന്നു. ഈജിപ്തില്‍ നടക്കുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തെയും സ്വാധീനിച്ചിരിക്കുന്നു, ഈജിപ്ഷ്യന്‍ ജനതക്കൊപ്പമല്ലാതെ നിലകൊള്ളാന്‍ അയാള്‍ക്കാവില്ല. ആധുനിക കാലഘട്ടത്തില്‍ ഇതുപോലെ ആരും അതിക്രമത്തിന് ഇരയായിട്ടില്ലെന്നാണ് അയാളുടെ അഭിപ്രായം. അദ്ദേഹവും കുടുംബവും ഈജിപ്തിന് വേണ്ടി പ്രാര്‍ഥിക്കുന്നവരാണെന്ന് പറഞ്ഞ അദ്ദേഹം സീസിയുടം അന്ത്യം ഒരിക്കലും സാധാരണ അന്ത്യമായിരിക്കില്ലെന്നും അഭിപ്രായപ്പെട്ടു. അല്ലാഹു അയാളോട് പ്രതികാരം ചെയ്യുകയും മറ്റുള്ളവരെ പോലെ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിയുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ രണ്ട് സംഭവങ്ങള്‍ യൂറോപില്‍ അല്‍-ജസീറ ചാനലില്‍ ജോലി ചെയ്യുന്ന സുഹൃത്ത് അയച്ചു തന്നതാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ തങ്ങളോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന ആളുകളുണ്ടെന്ന് ഈജിപ്ഷ്യന്‍ ജനത അറിയുന്നതിന് ഞാനത് പ്രസിദ്ധീകരിക്കുന്നു. അട്ടിമറിക്കാര്‍ പരാജയപ്പെടുന്നത് വരെ അവര്‍ നിങ്ങളോടൊപ്പമുണ്ട്. എന്നാല്‍ എന്നാണത് സംഭവിക്കുക? വളരെ അടുത്ത് തന്നെ അതുണ്ടെന്ന് നമുക്ക് അവരോട് പറയാം.

വിവ : നസീഫ്‌

Related Articles