Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാത്ത ഈജിപ്ഷ്യന്‍ പട്ടാളമേധാവികള്‍

ഈജിപ്തിലെ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയുടെ ഭരണകൂടത്തെ അട്ടിമറിച്ച പട്ടാളമേധാവികള്‍ കൂട്ടക്കൊലയും മര്‍ദ്ദനമുറകളും തുടരുകയാണ്. ഏകാധിപതികളും സ്വേഛാധിപതികളും എക്കാലവും ചെയ്യാറുള്ളത് അത് തന്നെയാണല്ലോ.

മുസ്‌ലിം സമുദായത്തിനകത്തുള്ള മര്‍ദ്ദകശക്തികള്‍, ഇസ്‌ലാമിന്റെ സംസ്ഥാപനത്തിനായി നടത്തുന്ന ആത്മാര്‍ത്ഥ ശ്രമങ്ങളെ തകര്‍ക്കാന്‍ ഇറങ്ങിത്തിരിക്കുന്നത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. പലപ്പോഴും നമസ്‌ക്കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നവര്‍ തന്നെയാണ് ഇസ്‌ലാമിക ശക്തികള്‍ക്കെതിരെ അക്രമമര്‍ദ്ദനങ്ങളഴിച്ചു വിടാറുള്ളതും ഗൂഢാലോചനകള്‍ നടത്താറുള്ളതും.

പ്രവാചകന്റെ പേരക്കുട്ടി ഹസ്രത്ത് ഹുസൈന്‍ (റ) നെയും കൂട്ടുകാരെയും ക്രൂരമായി കൊലപ്പെടുത്തിയത് യസീദിന്റെ ഭരണകൂടമാണല്ലോ. അതിനു നേതൃത്വം നല്‍കിയത് ഇബ്‌നു സിയാദും. ഇമാം അബൂ ഹനീഫ (റ) തടവിലിട്ടത് അബ്ബാസിയ ഭരണാധികാരി മന്‍സൂറാണ്. ജയിലില്‍ വച്ചാണല്ലോ ആ മഹാ പണ്ഡിതന്‍ മരണമടഞ്ഞത്. ഇമാം മാലിക്(റ) ന്റെ തോളെല്ല് അടിച്ചു തകര്‍ത്തതും തല മൊട്ടയടിച്ച് മുഖത്ത് കരിവാരിത്തേച്ച് കഴുതപ്പുറത്തിരുത്തി അങ്ങാടിയിലൂടെ കൊണ്ടു നടന്നതും മുസ്‌ലിം ഭരണാധികാരികള്‍ തന്നെ. ഇമാം ശാഫിഈ (റ) യെ യമനില്‍ നിന്ന് ബഗ്ദാദ് വരെ കയ്യാമം വച്ച് മരുഭൂമിയിലൂടെ നടത്തിയതും അഹമദുബ്‌നു ഹമ്പലിനെ കൊരടാവു കൊണ്ടടിച്ചതും ജയിലിലടച്ചതും മറ്റാരുമല്ല.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റ) യെ മരണം വരെ തടവിലിട്ടതും ശൈഖ് അഹമദ് സര്‍ഹിന്ദിയെ ഗോളിയോര്‍ ജയിലിലടച്ചതും മുസ്‌ലിം ഭരണാധികാരികള്‍ തന്നെ. സഈദ് നൂര്‍സിയെ പീഢിപ്പിച്ചത് മുസ്തഫാ കമാലാണല്ലോ.

ഹസനുല്‍ ബന്നയെ വെടിവെച്ചു കൊന്നതും സയ്യിദ് ഖുത്വുബിനെ തൂക്കിലേറ്റിയതും ഈജിപ്തിലെ മുസ്‌ലിം ഭരണാധികാരികളാണ്. അവര്‍ പലപ്പോഴും ഇസ്‌ലാമിന്റെ പേരില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

ഇമാം ഹുസൈന്‍(റ)വും ഇമാം അബൂ ഹനീഫയും മാലിക് ബിന്‍ അനസും ശാഫിഈയും അഹമദ് ബിന്‍ ഹമ്പലും ഇബ്‌നു തൈമിയ്യയും അഹമദ് സര്‍ഹന്ദിയും സഈദ് നൂര്‍സിയും ഹസനുല്‍ ബന്നയും സയ്യിദ് ഖുത്വുബുമെല്ലാം മഹാന്‍മാരായി ചരിത്രത്തില്‍ അനശ്വരത നേടി. ജനകോടികളുടെ വാഴ്ത്തലുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും അര്‍ഹരായി. തലമുറകള്‍ക്ക് വമ്പിച്ച പ്രചോദനവും ആവേശവുമായി മാറി. ലോകാന്ത്യം വരെ ഇത് തുടരുകതന്നെ ചെയ്യും.

മറുഭാഗത്ത് അവരെ മര്‍ദ്ദിച്ചൊതുക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തവരോ? അവരില്‍ പലരും ജനകോടികളുടെ വെറുപ്പിനും ശാപത്തിനും ഇരയായി. അവശേഷിക്കുന്നവര്‍ ഒന്നുമല്ലാതെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് ചപ്പു ചവറുകള്‍ പോലെ തൂത്തെറിയപ്പെട്ടു.

ഇബ്‌നു സിയാദ് മുതല്‍ ജമാല്‍ അബ്ദുന്നാസര്‍ വരെ എല്ലാ ഭീകര ഭരണാധികാരികളും എതിര്‍ത്തത് ആരാധനാ മതത്തെയല്ല,  ഇസ്‌ലാമിക ജീവിത വ്യവസ്ഥയെയാണ്. ഇപ്പോഴത്തെ ഈജിപ്തിലെ പട്ടാളമേധാവികളും ചെയ്യുന്നത്  അതുതന്നെ. എല്ലാ സ്വേഛാധിപതികള്‍ക്കും മര്‍ദ്ദകഭരണാധികാരികള്‍ക്കും ചൂഷകര്‍ക്കും ഭൗതികവാദികള്‍ക്കും കപടമതക്കാര്‍ക്കും എതിര്‍പ്പ് ഇസ്‌ലാമിക രാഷ്ട്രീയത്തോടും ഭരണത്തോടുമാണ്. അക്കാര്യത്തില്‍ കപടമതവാദികളും ഭൗതികവാദികളും ഒറ്റക്കെട്ടാണ്. ഈജിപ്തില്‍ ഇപ്പോള്‍ നടക്കുന്നതും അതുതന്നെ.

എന്നാല്‍ ചരിത്രത്തില്‍ അനശ്വരത നേടുക മുര്‍സിയും സഹപ്രവര്‍ത്തകരുമായിരിക്കും. പട്ടാള നേതൃത്വത്തിന്റെ ഇടം ചരിത്രത്തിന്റെ ചവറ്റുകൊട്ടിയിലും. കാലമതിനു സാക്ഷി.  

Related Articles