Current Date

Search
Close this search box.
Search
Close this search box.

കേവലമൊരു മുദ്രാവാക്യമല്ല ആസാദി

azadi.jpg

ആസാദി. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുന്ന ഈ വാക്ക് കാശ്മീരികളെ സംബന്ധിച്ചിടത്തോളം കേവലമൊരു മുദ്രാവാക്യം മാത്രമല്ല. ആത്മാഭിമാനത്തോടെയുള്ള ഒരു ജീവിതത്തിന് ഇപ്പോഴും സാധ്യതയുണ്ടെന്ന ശുഭപ്രതീക്ഷ ആ വാക്ക് അവര്‍ക്ക് നല്‍കുന്നുണ്ട്. ഡല്‍ഹിയിലോ അല്ലെങ്കില്‍ മുംബൈയിലോ ഉള്ളവരെ സംബന്ധിച്ചിടത്തോളം, കാശ്മീരികളുടെ സ്വയം നിര്‍ണയാവകാശം എന്നത് ചിലപ്പോള്‍ ഒരിക്കലും നടക്കാത്ത, അസംഭവ്യമായ ഒരു ആശയമായിരിക്കാം. പക്ഷെ കാശ്മീര്‍ താഴ്‌വരയില്‍ അതാണ് അവിടത്തെ ആളുകളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങളുടെയും, ദൈനംദിന പീഢനങ്ങളുടെയും, അവകാശനിഷേധങ്ങളുടെയും, ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഉദാസീനതയുടെയും ഓര്‍മകള്‍ അവര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ആ ഓര്‍മകളെ അവഗണിച്ച് തള്ളാനും അവര്‍ക്ക് കഴിയില്ല.

അതുകൊണ്ടാണ് അവര്‍, തങ്ങളുടെ വികാരങ്ങള്‍  ആസാദി എന്ന മുദ്രാവാക്യത്തിലൂടെ പ്രകടിപ്പിക്കുന്നത്.

ബുധനാഴ്ച്ച, ഹിസ്ബുല്‍ മുജാഹിദീന്‍ സംഘത്തിലെ മൂന്ന് യുവാക്കള്‍ കൊല്ലപ്പെടുകയുണ്ടായി. ആയിരകണക്കിന് ആളുകളാണ് അവരുടെ ശവസംസ്‌കാര ചടങ്ങില്‍  പങ്കെടുത്തത്. മരിച്ചവരില്‍ ഒരാളായ ഇസ്ഹാഖ് അഹമദ് പാരിക്ക് 20 വയസ്സാണ് പ്രായം. ഡോക്ടറോ എഞ്ചിനീയറോ ആവുക എന്നതായിരുന്നു അതിബുദ്ധിമാനായ ആ വിദ്യാര്‍ത്ഥിയുടെ സ്വപ്നം. പഠനരംഗത്തെ മികവുകള്‍ കാരണം ഇസ്ഹാഖ് ന്യൂട്ടന്‍ എന്നായിരുന്നു എല്ലാവരും അവനെ വിളിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് തന്റെ സ്വപ്‌നങ്ങളെല്ലാം ഉപേക്ഷിച്ച് അവന്‍ ആയുധമെടുത്തത്.

ഫെബ്രുവരി മധ്യത്തില്‍, പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ഓര്‍മദിനവുമായി ബന്ധപ്പെട്ട് ജെ.എന്‍.യുവില്‍ പരിപാടി സംഘടിപ്പിക്കപ്പെട്ടതിന് ശേഷം കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ്, കാശ്മീരില്‍ രണ്ട് സിവിലിയന്‍മാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ശാഹിസ്താ ഹാമിദ് (24), ദാനിഷ് മീര്‍ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. തെക്കന്‍ കാശ്മീരില്‍ സൈനികരും ആയുധധാരികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധ പ്രകടനത്തിനിടെയാണ് അവര്‍ ഇരുവര്‍ക്കും വെടിയേറ്റത്. അത് അടുത്ത ദിവസം വ്യാപകപ്രതിഷേധത്തിന് തിരികൊളുത്തുകയും, പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിന് വഴിവെക്കുകയും ചെയ്തു.

കാശ്മീരില്‍ സംഭവിക്കുന്ന ഓരോ പുതിയ കൊലപാതകങ്ങളും, സംഘര്‍ഷം തുടങ്ങിയ കാലം മുതല്‍ക്കുള്ള സംഭവങ്ങളെയെല്ലാം ആളുകളുടെ മനസ്സിലേക്ക് കൊണ്ടുവരും. അതിനി 1980-കളില്‍ ആരംഭിച്ച സായുധ വിമത പോരാട്ടമായിരുന്നാലും ശരി, മഖ്ബൂല്‍ ബട്ടിനെ തൂക്കിലേറ്റിയതായാലും ശരി, അട്ടിമറിക്കപ്പെട്ട 1987-ലെ തെരഞ്ഞെടുപ്പായാലും ശരി, ആയുധമേന്താന്‍ വേണ്ടി നിയന്ത്രണ രേഖ കടന്ന് പാക്-അധിനിവിഷ്ഠ കാശ്മീരിലേക്ക് പോയ ആയിരകണക്കിന് വരുന്ന കാശ്മീരികളായും ശരി, ഓരോ കാശ്മീരി കൊല്ലപ്പെടുമ്പോഴും ഈ ഓര്‍മകള്‍ അവരുടെ മനസ്സിലേക്ക് ഓടിയെത്തും. 2008-ലും 2010-ലും നടന്ന ജനകീയ മുന്നേറ്റങ്ങള്‍ അതിക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടതും, 2013-ല്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതും വേദനയോടെ മാത്രമാണ് ഇന്നത്തെ കാശ്മീര്‍ യുവത ഓര്‍ക്കുന്നത്.

സമാധാനപരമായ പ്രതിഷേധങ്ങള്‍ അനുവദിക്കപ്പെടാതിരിക്കുകയും, സെമിനാറുകള്‍ നിരോധിക്കപ്പെടുകയും, കേവലം സംശയത്തിന്റെ പേരില്‍ ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുകയും, കല്ലെറിഞ്ഞതിന്റെ പേരില്‍ ആളുകള്‍ വെടിവെക്കപ്പെടുകയും, ജനാധിപത്യപരമായ എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാക്കപ്പെടുകയും ചെയ്യുമ്പോഴാണ് തങ്ങളുടെ രോഷം പ്രകടിപ്പിക്കാന്‍ ആളുകള്‍ക്ക് മറ്റു വഴികള്‍ തേടേണ്ടി വരുന്നത്. സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും ഒരു വിമത പോരാളിയിലേക്കുള്ള ഇസ്ഹാഖ് അഹമദ് പാരിയുടെ മാറ്റവും, ചെറുപ്പക്കാരായ ബുര്‍ഹാന്‍ വാനി ഹിസ്ബുല്‍ മുജാഹിദീന്റെ കമാണ്ടറായി ഉയര്‍ന്നതും അതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. അതേ ലക്ഷ്യത്തിന് വേണ്ടി, മറ്റൊരു രൂപത്തിലുള്ള ആഹ്വാനമാണ് ആസാദിയിലൂടെ മുഴങ്ങികേള്‍ക്കുന്നത്. അതുകൊണ്ടുതന്നെ, ആസാദിക്ക് വേണ്ടിയുള്ള ശബ്ദങ്ങള്‍ നിശബ്ദമാക്കുന്നതിനേക്കാള്‍ രാഷ്ട്രീയമായി കാശ്മീര്‍ വിഷയത്തെ സമീപിക്കുന്നതാണ് കൂടുതല്‍ ബുദ്ധിപരം.

അവലംബം: scroll.in
വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles