Current Date

Search
Close this search box.
Search
Close this search box.

ഇരട്ടമുഖമുള്ള നീതി

justice.jpg

അമേരിക്ക അടക്കമുള്ള പാശ്ചാത്യന്‍ നാടുകള്‍ കറുത്ത വര്‍ഗ്ഗക്കാരോടും മുസ്‌ലിം അഭയാര്‍ത്ഥികളോടും വെച്ചുപുലര്‍ത്തുന്ന മനോഭാവത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളോടുള്ള സമീപനം. ഇന്ത്യയിലെ മുസ്‌ലിംകള്‍ അവര്‍ കുറ്റവാളികളോ നിരപരാധികളോ ആവട്ടെ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണ്. വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കപ്പെടാനും കേസുകളില്‍ കുരുങ്ങാനുമൊക്കെ ഇവിടെ മുസ്‌ലിമായാല്‍ മതി. അവസാനം ജീവപര്യന്തം തടവോ വധശിക്ഷയോ പോലും ലഭിച്ചേക്കാം.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ തടവുകാരില്‍ ഭൂരിപക്ഷവും മുസ്‌ലിംകളാണ്. രോഹന്‍ പ്രേംകുമാര്‍ ആ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി പറയുന്നത്, ”നിങ്ങള്‍ മുസ്‌ലിമോ പട്ടികജാതിയിലോ പട്ടികവര്‍ഗത്തിലോ മറ്റ് പിന്നാക്ക വിഭാഗങ്ങളിലോ പെട്ട ആളാണെങ്കില്‍ തടവിലാക്കപ്പെടാനുള്ള സാധ്യത ഇന്ത്യയില്‍ വളരെ കൂടുതലാണ്”. ജനസംഖ്യയുടെ 14.2 ശതമാനം മാത്രമേ മുസ്‌ലിംകള്‍ ഉള്ളൂവെങ്കിലും രാജ്യത്തെ തടവുകാരില്‍ 26.4 ശതമാനവും മുസ്‌ലിംകളാണ്. ഇന്ത്യയിലെ തടവുകാരുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ ആകെ തടവുകാര്‍ 4.18 ലക്ഷമാണ്. അതില്‍:
ഹിന്ദുക്കള്‍ – 63.6%
മുസ്‌ലിംകള്‍ – 26.4%
ക്രിസ്ത്യാനികള്‍ – 5.85%
സിഖുകാര്‍ – 2.3%
മറ്റ് മതസ്ഥര്‍ – 1.65%

30 ശതമാനം മുസ്‌ലിം തടവുകാരില്‍ അധികവും വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കപ്പെട്ടവരാണ്. കുറ്റവാളികളായ തടവുകാര്‍ കേവലം 16.4 ശതമാനം മാത്രമാണുള്ളത്. രാജ്യത്തെ പോലീസ് ന്യൂനപക്ഷങ്ങളെ മുന്‍ധാരണയോടെ സമീപിക്കുന്നതും സുരക്ഷാ ഏജന്‍സികള്‍ അവരെ വേട്ടയാടുന്നതും സാധാരണമാണ്. 1980-കള്‍ മുതല്‍ മുസ്‌ലിംകള്‍ പോലീസ് ഭീകരതയുടെ ഇരകളാണെന്ന് വിശകലനങ്ങള്‍ വന്നിരുന്നു. എന്നാല്‍ നിരപരാധികളായി തടവില്‍ കഴിയുന്ന മുസ്‌ലിംകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും തെറ്റായ രീതിയില്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥന്മാരെ ശിക്ഷിക്കാനുമുള്ള അതിവേഗ കോടതികള്‍ സ്ഥാപിക്കപ്പെടണമെന്ന് അന്നേ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു, മനുഷ്യാവകാശ പ്രവര്‍ത്തകനായ ഏ.മാര്‍ക്‌സ് പറയുന്നു.  മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റാരോപിതരായ മുസ്‌ലിം യുവാക്കളെ നീണ്ട നാളത്തെ ജയില്‍വാസത്തിന് ശേഷം നിരപരാധികളായി കണ്ട് വിട്ടയച്ചത് അവസാനത്തെ ഉദാഹരണമാണ്.

തടവുകാരായി ജയിലുകളില്‍ കഴിയുന്ന 26 ശതമാനം മുസ്‌ലിംകളില്‍ 16 ശതമാനത്തിന്റെ മാത്രമാണ് ചെയ്ത കുറ്റമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ചില കേസുകളില്‍ വിചാരണ നടക്കുന്നുണ്ടെങ്കില്‍ അത് ഇരയായി ഉയര്‍ന്ന ജാതിയില്‍പെട്ട ഹിന്ദു ഉള്ളതുകൊണ്ടാകും. ചുരുക്കത്തില്‍ നീതിന്യായ വ്യവസ്ഥ പൂര്‍ണമായും മുസ്‌ലിം വിരുദ്ധതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വിചിത്രമായ ഒരു സാഹചര്യമാണ് സംജാതമായിരിക്കുന്നത്. മുസ്‌ലിംകളെ കുരുക്കാന്‍ കിട്ടുന്ന ഏത് അര്‍ധാവസരവും പോലീസ് മുതലാക്കുന്നു. ഇന്ന് നാലു കാര്യങ്ങള്‍ക്കാണ് ഇന്ത്യയില്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. (1) ഒരു കേസിലെ യഥാര്‍ത്ഥ പ്രതിയെ ലഭിക്കുമ്പോള്‍ (2) വെറുതെ വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി (3) പ്രത്യേക വിഭാഗങ്ങളെയോ സമുദായങ്ങളെയോ ഉന്നംവെച്ചുകൊണ്ട് (4) പണം തന്നാല്‍ മോചിപ്പിക്കാമെന്ന നിബന്ധനയോടെ.

ഇന്ത്യയിലെ മുസ്‌ലിംകള്‍ സാമ്പത്തികമായും രാഷ്ട്രീയപരമായും മേല്‍ക്കോയ്മ ഉള്ളവരല്ല. അതുകൊണ്ട് കേസുകള്‍ നടത്താനും അതില്‍ ഉന്നത ഇടപെടലുകള്‍ നടത്താനും സാധിക്കാതെ എത്രയോ ചെറുപ്പക്കാര്‍ അഴിക്കുള്ളില്‍ ജീവിതം ത്യജിക്കുന്നു. പൈസ കൊടുത്താല്‍ വിധി മാറ്റിയെഴുതുന്ന ജഡ്ജിമാര്‍ വരെ ഉള്ള ഇന്ത്യയില്‍ നീതിപീഠത്തിന്റെ പവിത്രതയും വിശ്വാസ്യതയും നഷ്ടമായിരിക്കുന്നു. രാജ്യശ്രദ്ധ പിടിച്ചു പറ്റുന്ന തീവ്രവാദക്കേസുകളില്‍ പെട്ടുപോയാല്‍ അവന്‍ മുസ്‌ലിമാണെങ്കില്‍ തൂക്കുകയര്‍ ഉറപ്പാണ്. പാര്‍ലമെന്റ് ആക്രമിച്ചവനെ തൂക്കി കൊന്നു, എന്നാല്‍ മുന്‍ പ്രധാനമന്ത്രിയുടെ ഘാതകരെ തൂക്കിലേറ്റിയില്ല എന്നു മാത്രമല്ല നേരത്തെ വിട്ടയക്കാനുള്ള ഒരുക്കത്തിലുമാണ്. മുംബൈ ആക്രമണ കേസില്‍ യാക്കൂബ് മേമനെ തൂക്കിലേറ്റി. ഇനി പ്രതിപ്പട്ടികയില്‍ പേരുവീണ ഏതെങ്കിലും മുസ്‌ലിമുണ്ടോ എന്ന് സര്‍ക്കാറും പോലീസും ചികഞ്ഞു നോക്കുകയാണ്, തൂക്കിലേറ്റാന്‍. എന്നാല്‍ ബാബരി മസ്ജിദ് ധ്വംസനത്തിന് ഉത്തരവാദികളായവരും മുംബൈ, ഗുജറാത്ത് കലാപങ്ങളിലെ പ്രതികളും ഇപ്പോഴും സസുഖം നാട്ടില്‍ വാഴുന്നു.

ചുവരെഴുത്ത് വളരെ വ്യക്തമാണ്: മുസ്‌ലിംകള്‍ ഇരകളും ഹിന്ദുക്കള്‍ പ്രതികളുമാണെങ്കില്‍ നിയമം പ്രതികളുടെ കൂടെ നില്‍ക്കും. ഇനി ഇരകള്‍ ഹിന്ദുക്കളും പ്രതികള്‍ മുസ്‌ലിംകളുമാണെങ്കില്‍ നിയമം ഇരകളുടെ കൂടെ നില്‍ക്കും. ആരോപിതനായ മുസ്‌ലിം വര്‍ഷങ്ങള്‍ കുറേ കഴിഞ്ഞ് മോചിപ്പിക്കപ്പെട്ടാലും അനുഭവിക്കേണ്ടതെല്ലാം അവന്‍ അനുഭവിച്ചു കഴിഞ്ഞിരിക്കും. അത് അവന് വധശിക്ഷ നല്‍കുന്നതിന് തുല്യമായിരിക്കും.

വിവ: അനസ് പടന്ന

Related Articles