Current Date

Search
Close this search box.
Search
Close this search box.

അശാന്തി പുകയുന്ന അറേബ്യന്‍ ഗള്‍ഫ്

trump-muhammed-bin-salman.jpg

മിഡിലീസ്റ്റില്‍ വീണ്ടുമൊരു യുദ്ധത്തിനുള്ള കുഴലൂത്ത് നടത്തുകയാണോ സൗദി അറേബ്യ? ട്രംപിനെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും കണ്ണിലുണ്ണിയാക്കി വെള്ളപൂശുന്നതിലൂടെ എന്താണാവോ ഉദ്ദേശിക്കുന്നത്? എന്നുമെന്നും ട്രംപ് സൗദിയുടെ രക്ഷകനായി നിലകൊള്ളുമെന്നാണോ കണക്കുകൂട്ടല്‍?മേഖലയിലെ ഇറാന്റെ വഴിവിട്ട കളികള്‍ക്ക്‌മേഖലയിലെ തന്നെ മറ്റ് കക്ഷികളുമായി കൂടിയാലോചിച്ചു പരിഹാരം കാണേണ്ടതിന്ന് പകരം,’ശത്രുവിന്റെ ശത്രുമിത്രം’എന്ന അപകടകരമായ ഫോര്‍മുല ഉപയോഗിച്ച് നടത്തുന്ന ഈ കളി ആത്മഹത്യാപരമെന്നേ പറയാനാകൂ. ഇറാനെതിരെ സംരക്ഷകരായി ട്രംപിനെ കൂട്ടുപിടിക്കുമ്പോള്‍, അത് ഇറാനെയും സൗദിയേയും ഉന്നം വെച്ചിരിക്കുന്ന ഇസ്രായേലിനെയാണ് കൂടുതല്‍ സന്തോഷിപ്പിക്കുക എന്നത് പകല്‍ പോലെ വ്യക്തമാണ്. ഇസ്രായേലിനേക്കാള്‍ അപകടകാരി ഇറാനാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ ഇസ്രായേല്‍ അതിന്റെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുകയാണെന്ന് മനസ്സിലാക്കാം. ട്രംപിനെപ്പോലെ മുസ്‌ലിംകള്‍ക്കെതിരെ പരസ്യമായി വെല്ലുവിളി ഉയര്‍ത്തിയ ഒരു പ്രസിഡന്റ് അമേരിക്കയില്‍ മുമ്പുണ്ടായിട്ടില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി അദ്ദേഹം ബന്ധപ്പെട്ട ലോകനേതാക്കളില്‍ ഒന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയും മറ്റൊന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുമാണെന്ന് അറിയുമ്പോള്‍, അവര്‍ ഏതൊരു വിഷയത്തിലാണ് ഒരുമിച്ചിരിക്കുന്നതെന്ന് അധികം തലപുകയാതെ മനസ്സിലാക്കാവുന്നതേയുള്ളൂ. അമേരിക്കയിലേക്ക് കടക്കാന്‍ വിലക്ക് കല്‍പ്പിച്ച ഏഴ് രാഷ്ട്രങ്ങളില്‍ നിന്നും സൗദിയെ ഒഴിവാക്കിയത്, വിലക്കാന്‍ അവര്‍ പറയുന്ന കാരണങ്ങളുടെ കേന്ദ്രമായിട്ടും  സൗദിയില്‍ സ്വാര്‍ത്ഥമായ താല്‍പര്യങ്ങളുള്ളത് കൊണ്ടാണ്. അതിന്റെ ഉപകാരസ്മരണക്ക് വേണ്ടിയായിരിക്കുമോ അറബ് ലോകത്തു നിന്നും ട്രംപ് കൂടാരത്തിലേക്ക് ആദ്യമായി സലാം ചൊല്ലി കയറിച്ചെന്നത് സൗദി നേതാവായത്?

ഇറാനെയും ഇറാഖിനെയും എട്ട് വര്‍ഷത്തോളം തമ്മിലടിപ്പിച്ച, അഫ്ഗാനിസ്ഥാനെ കേവലം മരുഭൂമിയാക്കിയ, ഇറാഖിനെ ചുട്ടുചാമ്പലാക്കിയ, ആയുധ ദല്ലാളന്മാരായ വേതാളങ്ങള്‍ തങ്ങളുടെ ആയുധപ്പുരയും തുറന്ന് വെച്ച് അറേബ്യന്‍ ഗള്‍ഫിലേക്കും നോക്കി ഇപ്പോഴുംഇരിക്കുന്നുണ്ട്. സിറിയയിലേക്കും യമനിലേക്കും തങ്ങളുടെ ആയുധങ്ങള്‍ ഒഴുക്കിക്കൊണ്ട് അറബികളുടെ പെട്രോഡോളര്‍ കൊണ്ട് തടിച്ചുകൊഴുത്ത ആയുധ ഭീകരന്മാര്‍, ഫലസ്തീനിലും ലബനാനിലും മറ്റും പിഞ്ചുകുഞ്ഞുങ്ങളുടെ നെഞ്ചകം പിളര്‍ത്തി ഹോളി ആഘോഷിക്കുന്നുണ്ട്. അറബികളുടെ സമ്പത്ത് കൊണ്ട് തന്നെ മുസ്‌ലിംകളുടെ കൂട്ടക്കുരുതി. കൈമെയ് അനങ്ങാതെ ജൂതരാഷ്ട്രത്തിന്റെ വിശാല ഇസ്രയേല്‍ സ്വപ്നം പൂവണിയിക്കാനുള്ള തിടുക്കത്തിലാണ് നാം. സമൂഹത്തിന്റെ, സമുദായത്തിന്റെ സുരക്ഷക്കും സുഭിക്ഷതക്കും കാരണമാകേണ്ട വമ്പിച്ച സമ്പത്ത് ആയുധക്കച്ചവടക്കാരായ കോര്‍പ്പറേറ്റ് ഭീമന്മാരുടെ കീശയിലേക്കൊഴുകുന്നത് അനല്‍പ്പമായ അമര്‍ഷത്തോടു കൂടി തന്നെയാണ് അറബ് ജനത നോക്കിക്കാണുന്നത്. ഒരുപക്ഷേ അതിന്റെയൊക്കെ അനന്തരഫലമല്ലേ മേഖലയില്‍ നിലനില്‍ക്കുന്ന തീവ്രവാദ ചിന്തകള്‍. അറേബ്യന്‍ ഗള്‍ഫിന്റെ മാനത്ത് നിന്നും യുദ്ധത്തിന്റെ കാര്‍മേഘം ഒരിക്കലും നീങ്ങിപ്പോകരുതെന്ന് ആര്‍ക്കൊക്കെയോ നിര്‍ബബന്ധ ബുദ്ധിയുള്ളത് പോലെ.

അല്ലാഹു ചോദിക്കുന്ന ഒരു ചോദ്യം നാം ഇപ്പോഴും പാരായണം ചെയ്തുകൊണ്ടിരിക്കുന്നു  ‘ അടിമക്ക് അവന്റെ കാര്യങ്ങള്‍ ഭരമേല്‍പിക്കാന്‍ അല്ലാഹു മതിയായവനല്ലേ?’ കഅബയെ പൊളിക്കാന്‍ അബ്രഹത്തും സൈന്യവും വന്നപ്പോള്‍, മക്കയില്‍ നിന്നും അവര്‍ കൊള്ള ചെയ്തു കൊണ്ടുപോയ ഒട്ടകക്കൂട്ടങ്ങളെ തിരിച്ചെടുക്കാന്‍ ചെന്ന അബ്ദുല്‍ മുത്തലിബിനോടും കൂട്ടരോടും അബ്‌റഹത്ത് പരിഹാസപൂര്‍വം ചോദിച്ചത്, നിങ്ങള്‍ക്ക് ഈ നിസ്സാരമായ ഒട്ടകങ്ങളെ മാത്രമേ ആവശ്യമുള്ളു, നിങ്ങള്‍ക്ക് പ്രൗഢിയും പ്രശസ്തിയും മാന്യതയും, നേടിത്തന്ന കഅബയെ പൊളിക്കാനാണ് ഞങ്ങള്‍ വന്നത്, അതിനെ കുറിച്ച് നിങ്ങള്‍ക്കൊന്നും പറയാനില്ലേ? അബ്ദുല്‍ മുത്തലിബിന്റെ പ്രൗഢോജ്ജ്വലമായ മറുപടി  ‘ഈ ഒട്ടകത്തിന്റെ ഉടമസ്ഥന്‍ ഞാനാണ്, അതിനെ തിരിച്ചുതരണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു, കഅബയുടെ ഉടമസ്ഥന്‍ അല്ലാഹുവാണ് അതിനെ അവന്‍ സംരക്ഷിച്ചു കൊള്ളും’ എന്നായിരുന്നു.

മുസ്‌ലിംകളുടെ സംരക്ഷകരായി അമേരിക്കയെ തേടുമ്പോള്‍, അവര്‍ എവ്വിധമാണ് സംരക്ഷിക്കുക എന്ന്അഫ്ഗാനിസ്ഥാനും ഇറാഖും നമുക്ക് പാഠമാകേണ്ടതുണ്ട്. സിറിയയും യമനും ഇപ്പോഴും നമ്മെ പഠിപ്പിച്ചുകൊണ്ടുമിരിക്കുന്നു. സൗദിയില്‍ നിലകൊള്ളുന്ന ഇരു ഹറമുകളുടെ സംരക്ഷണം സൗദി അറേബ്യക്ക് മാത്രമല്ല, ലോകമുസ്‌ലിംകളുടെ തന്നെ ബാധ്യതയാണ്. ലോകമുസ്‌ലിംകള്‍ അതിനെ കുറിച്ച് ബോധവാന്മാരുമാണ്. ഈയിടെ പുറത്തിറങ്ങിയ അറബ് അഭിപ്രായ സൂചികയായ അറബ് ഒപ്പീനിയന്‍ ഇന്ഡക്‌സ് നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 89 % അറബ് ജനതയും ഐഎസ് നെ തള്ളിപ്പറഞ്ഞു.കേവലം 2 % പേര് മാത്രമാണ് ഐഎസ് നെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞത്.അറബ് മേഖലയുടെ സുസ്ഥിരതക്ക് ഇസ്രായേല്‍ ഭീഷണിയാണെന്ന് 89% പേരും വിശ്വസിക്കുന്നുണ്ട്. യു.എസ് നയങ്ങള്‍ മേഖലയെ അസ്ഥീരീകരിച്ചുവെന്ന് 81%പേര്‍ രേഖപ്പെടുത്തുന്നു. തീവ്രവാദത്തെ പ്രതിരോധിക്കാനും തുടച്ചുനീക്കുവാനും ര്രാഷ്ട്രീയം,സാമ്പത്തികം,സാമൂഹികം,സൈനികം തുടങ്ങിയ ഘടകങ്ങളെ ഏകോപിപ്പിച്ച നീക്കങ്ങള്‍ ആവശ്യമാണെന്ന് അറബ് ജനത കരുതുന്നതായും സര്‍വ്വേ പ്രതിഫലിപ്പിക്കുന്നു. സൗദിഅറേബ്യ,കുവൈറ്റ്, ഇറാഖ്, ഈജിപ്ത്, അള്‍ജീരിയ,തുടങ്ങി 12 അറബ് രാജ്യങ്ങളിലെ പൗരന്മാരുമായാണ് മുഖാമുഖം സര്‍വ്വേ നടത്തിയത്.840 പേര്‍ 45000 മണിക്കൂറുകള്‍ ചെലവഴിച്ചു് 7.60 ലക്ഷം കിലോമീറ്ററുകള്‍ മറികടന്നാണ് സര്‍വ്വേ നടത്തിയത്..

‘സത്യവിശ്വാസികള്‍, സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കി വെക്കരുത്. അങ്ങിനെ വല്ലവരും ചെയ്യുന്നപക്ഷം അല്ലാഹുവുമായി അവന് യാതൊരു ബന്ധവുമില്ല. നിങ്ങളവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ . അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ നിങ്ങള്‍ തിരിച്ചു ചെല്ലേണ്ടത്.’ (ആലുഇംറാന്‍ 28 )

‘സത്യവിശ്വാസികളേ,നിങ്ങള്‍ക്ക് പുറമെയുള്ളവരില്‍ നിന്ന് നിങ്ങള്‍ ഉള്ളുകള്ളിക്കാരെ സ്വീകരിക്കരുത്.നിങ്ങള്‍ക്ക് അനര്‍ത്ഥമുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല.നിങ്ങള്‍ ബുദ്ധിമുട്ടുന്നതാണവര്‍ക്കിഷ്ടം. വിദ്വേഷം അവരുടെ വായില്‍നിന്നും വെളിപ്പെട്ടിരിക്കുന്നു.അവരുടെ മനസ്സുകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് കൂടുതല്‍ ഗുരുതരമാകുന്നു.നിങ്ങള്‍ക്കിതാ നാം തെളിവുകള്‍ വിവരിച്ചു തന്നിരിക്കുന്നു.നിങ്ങള്‍ ചിന്തിക്കുന്നവരാണെങ്കില്‍.’ (ആലു ഇംറാന്‍  118)?

Related Articles