Current Date

Search
Close this search box.
Search
Close this search box.

മാണിക്യമലരായ ആ ഖദീജ ബീവി ആരാണ്?

Khadija-Bint-Khuwailid.jpg

ഞങ്ങള്‍ മൂന്ന് പേര്‍ ഒരു രാത്രിയില്‍ ഹിറായിലേക്കുള്ള പടികള്‍ കയറുകയാണ്. മക്കയിലെ ജബലുന്നൂര്‍ പര്‍വ്വതം. പര്‍വ്വത മുകളിലാണ് ഹിറാഗുഹ. പ്രവാചകന്‍ മുഹമ്മദ് നബി ധ്യാനത്തിലിരുന്ന ഗുഹ. ഈ ഗുഹക്കകത്താണ് വിശുദ്ധ ഖുര്‍ആന്റെ വചനങ്ങള്‍ ആദ്യമായി അവതരിക്കപ്പെട്ടത്. ഒരു രാത്രി ആ ഗുഹയില്‍ കഴിച്ചു കൂട്ടണമെന്ന ആഗ്രഹവുമായാണ് ഞങ്ങളുടെ മലകയറ്റം. തൊള്ളായിരം അടിയോളം ഏതാണ്ട് കുത്തനെയുള്ള കയറ്റമാണ്. വിശുദ്ധ കഅബാലത്തേയും ഹറം പള്ളിയുടെ മിനാരങ്ങളേയും തഴുകിയെത്തുന്ന തണുത്ത കാറ്റിലും ഞങ്ങള്‍ വിയര്‍ത്ത് കുളിക്കുന്നുണ്ടായിരുന്നു. അല്പം പടി കയറിയും അതിലേറെ സമയം പാറക്കല്ലുകളില്‍ ഇരുന്നും വെള്ളം കുടിച്ചും ഏതാണ്ട് ഒരു മണിക്കൂറിലധികമെടുത്തു ഞങ്ങള്‍ മലമുകളിലെത്താന്‍. ആയാസകരമായ ആ യാത്രയുടെ ഓരോ നിമിഷത്തിലും ഞാനോര്‍ത്തത് ഖദീജ ബീവിയെയാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പ്രിയ പത്‌നിയെ. ശാരീരിക അവശതകള്‍ ഒന്നുമില്ലാത്ത ഞങ്ങള്‍ക്ക് ഒരു തവണ ഈ പര്‍വ്വതം കയറാന്‍ ഇത്രയേറെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടെങ്കില്‍ പ്രവാചകനുള്ള ഭക്ഷണ പാനീയങ്ങളുമായി ഒരു ദിവസത്തില്‍ പലതവണ ഈ മലകയറിയിറങ്ങിയ ആ മഹതി സഹിച്ച പ്രയാസങ്ങളെത്രയായിരിക്കും?. പ്രവാചകന്‍ ഈ പര്‍വ്വതത്തിന്റെ ഉച്ചിയില്‍ ധ്യാനത്തിലിരുന്ന നാളുകളത്രയും ആ ജീവന്‍ നിലനിര്‍ത്തിയത് ഖദീജ കൊണ്ടുവന്ന ഭക്ഷണ പാനീയങ്ങളാണ്. വേണ്ടത്ര പണവും പരിചാരകരുമുള്ള ധനിക കുടുംബത്തിലെ വ്യാപാരപ്രമുഖയായിരുന്നു ഖദീജ. ഭക്ഷണവുമായി എത്ര പേരെ വേണമെങ്കിലും ആ മലമുകളിലേക്ക് പറഞ്ഞയക്കുവാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ ആ ദൗത്യം മറ്റാരേയും ഏല്പിക്കാതെ സ്വയം ഏറ്റെടുക്കുകയായിരുന്നു അവര്‍. പ്രവാചകനോട് എത്രമേല്‍ സ്‌നേഹവും കരുതലും ആ മഹതിക്കുണ്ടായിരുന്നിരിക്കുമെന്ന  ചിന്തയാണ് ജബലുന്നൂറിന്റെ ഓരോ പടികള്‍ കയറുമ്പോഴും എന്റെ മനസ്സിലൂടെ കടന്നുപോയത്.
പ്രവാചകന്മാരുടെ ജീവിതത്തില്‍ അവരുടെ നല്ലപാതികളായി കടന്നുപോയ പലരേയും ചരിത്രത്തിന്റെ താളുകളില്‍ കാണാം, എന്നാല്‍ അവര്‍ക്കാര്‍ക്കും അവകാശപെടാന്‍ കഴിയാത്ത ചില സവിശേഷതകള്‍ മുഹമ്മദ് നബിയുടെ ആദ്യഭാര്യയായ ഖദീജയ്ക്കുണ്ട്. അവര്‍ ഒരു ഭാര്യ മാത്രമായിരുന്നില്ല. പ്രവാചകന്റെ തൊഴില്‍ ദാതാവും അദ്ദേഹത്തിന്റെ സംരക്ഷകയും കൂടിയായിരുന്നു. പൗരാണിക അറേബ്യന്‍ സംസ്‌കാരത്തിന്റെ സ്ത്രീ നിര്‍വ്വചനങ്ങളുടെ കള്ളികള്‍ക്കുള്ളില്‍ അവരെ ഒതുക്കിനിര്‍ത്താന്‍ കഴിയില്ല. നാം ജീവിക്കുന്ന ആധുനിക കാലത്ത് പോലും മുസ്‌ലിം സമുദായം സ്ത്രീകള്‍ക്ക് വരച്ചു വെച്ച അതിരുകള്‍ക്കപ്പുറത്തേക്ക് ഖദീജയുടെ ജീവിതവും വ്യക്തിത്വവും കടന്നുപോകുന്നുണ്ട്. പെണ്ണെന്നാല്‍ പുരുഷന്റെ നിഴലായി മാത്രം നിര്‍വ്വചിക്കപ്പെടുകയും അടുക്കളപ്പുകയുടെ സഞ്ചാരപരിധിയില്‍ മാത്രം ആ നിഴലുകള്‍ക്ക് വ്യക്തിത്വം അനുവദിച്ചു കൊടുക്കപ്പെടുകയും ചെയ്യുന്ന സമകാലിക സ്ത്രീപരിസരങ്ങളില്‍ നമുക്കൊരു ഖദീജയെ കാണാന്‍ കഴിയില്ല.

പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞു ഖദീജയേക്കാള്‍ മികച്ചതായി ഒന്നും അല്ലാഹു എനിക്കെന്റെ ജീവിതത്തില്‍ നല്‍കിയിട്ടില്ല,  സമൂഹം എന്നെ കയ്യൊഴിഞ്ഞപ്പോള്‍ ഖദീജ എന്നെ സ്വീകരിച്ചു, ജനങ്ങള്‍ എന്നെ സംശയിച്ചപ്പോള്‍ അവരെന്നില്‍ വിശ്വാസമര്‍പ്പിച്ചു.

മക്കയിലെ വ്യാപാരപ്രമുഖയായിരുന്നു ഖദീജ. പണവും പ്രതാപവും അതിന്റെ അധികാര സ്ഥാനങ്ങളും ഉണ്ടായിരുന്ന ഖുറൈശി വംശത്തിലെ പ്രശസ്ത വനിത. തന്റെ കച്ചവട വസ്തുക്കളുമായി വിശ്വസ്തരായ ആളുകളെ വിവിധ സ്ഥലങ്ങളിലേക്ക് പറഞ്ഞയക്കുന്ന പതിവുണ്ടായിരുന്നു അവര്‍ക്ക്. പഴയ കാല അറേബ്യന്‍ സംസ്‌കാരത്തിന്റെ പ്രത്യേകതയായിരുന്നു ഇത്തരം കച്ചവട സംഘങ്ങള്‍. ചരക്കുകളുമായി മരുഭൂമിയിലൂടെ യാത്ര പോകുന്ന ഒട്ടകക്കൂട്ടങ്ങള്‍. കച്ചവട കേന്ദ്രങ്ങളിലേക്ക് ആളുകള്‍ എത്തിച്ചേരുന്ന ഇന്നത്തെ രീതിക്ക് പകരം ആളുകള്‍ കൂടുന്നിടത്തേക്ക് കച്ചവട കേന്ദ്രങ്ങള്‍ ‘നടന്നെത്തുന്ന’ രീതി. ഖദീജയുടെ കച്ചവടസംഘത്തെ പലപ്പോഴും നയിച്ചിരുന്നത് ഖദീജ തന്നെയായിരുന്നു. അത്തരം യാത്രകളുടെ തയ്യാറെടുപ്പുകള്‍ക്കിടയിലാണ്  മുഹമ്മദ് എന്ന വിശ്വസ്തനായ ഒരു ചെറുപ്പക്കാരനെക്കുറിച്ച് അവര്‍ കേള്‍ക്കുന്നത്. അവരുടെ കച്ചവട ചരക്കുകളുമായി ശാമിലേക്ക് പോകുവാന്‍ തയ്യാറുണ്ടോ എന്ന് മുഹമ്മദിനോട് അവര്‍ ആരാഞ്ഞു. മുഹമ്മദ് ആ ദൗത്യം ഏറ്റെടുത്തു.

മൈസറ എന്ന തന്റെ ഭൃത്യനേയും മുഹമ്മദിന്റെ സഹായിയായി ഖദീജ അയച്ചു. തിരിച്ചു വന്ന മൈസറക്ക് പറയാനുള്ളത് മുഹമ്മദിന്റെ വിശേഷങ്ങള്‍ മാത്രം. ആ വ്യക്തിത്വം, സത്യസന്ധത, പെരുമാറ്റത്തിലും ഇടപാടുകളിലുമുള്ള കുലീനത. വ്യാപാര ഇടപാടുകളില്‍ മുഹമ്മദ് കാണിച്ച സത്യസന്ധതയും മൈസറയുടെ വാക്കുകളിലൂടെ അടുത്തറിഞ്ഞ അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകളും ഖദീജയില്‍ ഒരാഗ്രഹം ജനിപ്പിച്ചു. മുഹമ്മദിനെ തന്റെ ഭര്‍ത്താവായി ലഭിച്ചെങ്കില്‍.. ആ ആഗ്രഹമാണ് രണ്ടര പതിറ്റാണ്ട് നീണ്ട ഒരു ദാമ്പത്യ ജീവിതത്തിന് തുടക്കം കുറിച്ചത്.

ഖദീജയെ വിവാഹം കഴിക്കുമ്പോള്‍ മുഹമ്മദിന് പ്രായം ഇരുപത്തിയഞ്ച്. ഖദീജക്ക് നാല്പത്. പതിനഞ്ച് വയസ്സിന്റെ വ്യത്യാസം. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ അവര്‍ ഒന്നിച്ച് ജീവിച്ചു. ഖദീജ മരിച്ചതിന് ശേഷം മാത്രമാണ് നബി മറ്റൊരു വിവാഹം കഴിച്ചത്. പ്രവാചകന്റെ വിവാഹങ്ങളെ വിമര്‍ശന വിധേയമാക്കിയവര്‍ ധാരാളമുണ്ട്, അദ്ദേഹത്തെ സ്ത്രീ ലമ്പടന്‍ എന്ന് വിളിച്ചവരുമുണ്ട്. അവരൊക്കെയും സൗകര്യപൂര്‍വ്വം വിസ്മരിക്കുന്ന ഒന്നാണ് പ്രവാചകനോടൊപ്പം രണ്ടര പതിറ്റാണ്ട് കഴിച്ചു കൂട്ടിയ ഖദീജയുടെ ജീവിതം.  ഇരുപത്തിയഞ്ച് വയസ്സ് മുതല്‍ അമ്പത് വയസ്സ് വരെയുള്ള കാലം ഒരേ ഒരു പത്‌നിയോടൊപ്പമാണ് നബി ജീവിച്ചത്. അത് ബീവി ഖദീജയാണ്. ഏതൊരാളുടേയും ജീവിതത്തില്‍ ചുറുചുറുക്കും ഓജസ്സും ലൈംഗിക തൃഷ്ണയും നിലനില്ക്കുന്ന കാലമാണതെന്ന് നമുക്കറിയാം. ആ കാലത്തില്‍ പ്രവാചകന്  മറ്റൊരു സ്ത്രീയുടെ സാമിപ്യം ഉണ്ടായിരുന്നില്ല. ഖദീജയുടെ മരണത്തിന് ശേഷമുള്ള പ്രവാചകന്റെ വിവാഹങ്ങള്‍ക്കൊക്കെയും ചരിത്രപരവും ഗോത്രപരവും സാമൂഹ്യപരവുമായ കാരണങ്ങളുണ്ടായിരുന്നു. മുഹമ്മദെന്ന വ്യക്തിയുടെ ജീവിത അഭിലാഷങ്ങള്‍ക്കപ്പുറം പ്രവാചകനെന്ന സ്ഥാനത്തിന്റേയും വിശാസി സമൂഹത്തിന് അദ്ദേഹവുമായി കുടുംബ ബന്ധം സ്ഥാപിക്കാനുള്ള ആവേശത്തിന്റേയും പിന്നാമ്പുറങ്ങളുണ്ടായിരുന്നു ആ വിവാഹങ്ങള്‍ക്ക്. ഉടമ്പടികള്‍, യുദ്ധങ്ങള്‍ തുടങ്ങി ചരിത്രത്തിന്റെ നാള്‍വഴികള്‍ സമ്മാനിച്ച സാമൂഹ്യ സാഹചര്യങ്ങളുടെ സ്വാധീനങ്ങളുണ്ടായിരുന്നു. ഖദീജയില്‍ തുടങ്ങി ഖദീജയില്‍ അവസാനിക്കുന്ന രണ്ടര പതിറ്റാണ്ടിന്റെ ദാമ്പത്യ ജീവിതത്തെ അവധാനതയോടെ വിലയിരുത്തുമ്പോള്‍ യുവത്വം മുറ്റിനിന്ന പ്രവാചകന്റെ ആ ജീവിത കാലഘട്ടത്തെ പിഴവുകളില്ലാതെ വായിച്ചെടുക്കാന്‍ പറ്റും.

ഖദീജയെ വായിക്കുമ്പോള്‍ ഖദീജ ജീവിച്ച കാലഘട്ടത്തെക്കൂടി വായിക്കണം. പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നത് അപമാനമായി കണ്ടിരുന്ന അറേബ്യന്‍ ഗോത്രസംസ്‌കൃതിയുടെ ഇരുണ്ട കാലഘട്ടം. പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ അവരെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന മനുഷ്യരുടെ കാലം. ആ കാലത്തില്‍ നിന്നാണ് അറേബ്യന്‍ ചരിത്രത്തിലേക്ക് സ്ത്രീശക്തിയുടെ പ്രതീകമായി ഖദീജ കാലെടുത്ത് വെക്കുന്നത്. വര്‍ത്തക പ്രമുഖയായി, കച്ചവടസംഘത്തെ ഒട്ടകപ്പുറത്ത് കയറി നയിക്കുന്ന നായികയായി, കഴിവുകളും യോഗ്യതയും നോക്കി പുരുഷന്മാരെ റിക്രൂട്ട് ചെയ്യുന്ന തൊഴില്‍ ദാതാവായി ഖദീജ തലയുയര്‍ത്തി നില്ക്കുമ്പോള്‍ അത് ചരിത്രത്തിന്റെ ഒരു തിരുത്തിയെഴുത്താണ്. സ്ത്രീയെ അടിച്ചമര്‍ത്തുന്ന, അവരുടെ വ്യക്തിത്വത്തെ അവമതിക്കുന്ന, അവരെ ഒരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന അനീതിയുടെ സാമൂഹ്യക്രമത്തെ സൃഷ്ടിപരമായി ചോദ്യം ചെയ്ത അറേബ്യന്‍ വനിതയുടെ പ്രതീകം. സ്ത്രീത്വം അതിന്റെ എല്ലാ അര്‍ത്ഥത്തിലും  അവഹേളിക്കപ്പെടുകയും ജനിക്കുമ്പോള്‍ തന്നെ  കുഴിച്ചുമൂടപ്പെടുകയും ചെയ്ത ആ കാലത്തിലും താന്‍ ഇഷ്ടപ്പെട്ട പുരുഷനെ വിവാഹ അഭ്യര്‍ത്ഥനയുമായി സമീപിക്കാന്‍ സ്വാതന്ത്ര്യവും തന്റേടവും കാണിച്ച സ്ത്രീയെന്ന നിലയിലും ചരിത്രത്തില്‍ ഖദീജക്ക് സ്ഥാനമുണ്ട്. മുസ്‌ലിം സ്ത്രീകള്‍ കൂടുതല്‍ കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും പൊതുധാരയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന കാലത്തിലും അവര്‍ക്ക് പ്രചോദനവും ആവേശവും നല്‍കാന്‍ ഇസ്‌ലാമിക ചരിത്രത്തിലെ ഖദീജയുടെ സാന്നിധ്യത്തിന് കഴിയും.

പ്രവാചകന്റെ ജീവിതത്തിലെ ഏറ്റവും സമാധാനപൂണ്ണമായ ഘട്ടങ്ങളിലും ഏറ്റവും സംഘര്‍ഷഭരിതമായ ഘട്ടങ്ങളിലും ഖദീജയാണ് കൂടെയുണ്ടായിരുന്നത്. അവരുടെ സമ്പത്തും ഗോത്രശക്തിയും പ്രവാചകന് കരുത്ത് പകര്‍ന്ന അവസരങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. എന്നാല്‍ അതിനേക്കാള്‍ പ്രവാചകന് ശക്തി പകര്‍ന്നത് പ്രതിസന്ധി ഘട്ടങ്ങളില്‍ ഖദീജ കാണിച്ച മനക്കരുത്തും പകര്‍ന്ന് നല്‍കിയ സ്ഥൈര്യവുമാണ്.

പ്രവാചകന്‍ ഹിറാഗുഹയില്‍ ധ്യാനത്തിലിരുന്ന വിശുദ്ധ റമദാന്‍ മാസത്തിലെ ഒരു ദിനം.  ദൈവത്തിന്റെ വെളിപാടുമായി ജിബ്‌രീല്‍ മാലാഖ പ്രത്യക്ഷപ്പെട്ട ദിവസം. പേടിച്ച് വിറച്ച് പ്രവാചകന്‍ ഓടിയെത്തിയത് ഖദീജയുടെ ചാരത്ത്. ഭയചകിതനും അസ്വസ്ഥനുമായ പ്രവാചകനെ വിവേകവും സ്‌നേഹവും ഗുണകാംക്ഷയും കലര്‍ന്ന വാക്കുകളില്‍ ഖദീജ സമാശ്വസിപ്പിച്ചു, ധൈര്യം പകര്‍ന്നു.

പ്രവാചകനെ മക്കയിലെ ശത്രുക്കള്‍ ഊരുവിലക്കിയ ഘട്ടം. മൂന്ന് വര്‍ഷം ഒരു മലമുകളില്‍ പ്രവാചകനൊപ്പം കൊച്ചു കുഞ്ഞുങ്ങളുമായി ഖദീജ കഴിച്ചുകൂട്ടി. വലിയ സാമ്പത്തിക നിലയും സൗകര്യങ്ങളുമുള്ള ഒരു കുടുംബത്തില്‍ വളര്‍ന്ന വ്യക്തിയെന്ന നിലയ്ക്ക് ഇത്തരം പ്രയാസഘട്ടങ്ങള്‍ ഖദീജക്ക് താങ്ങാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ പ്രവാചകന്‍ കുട്ടികളുമായി മടങ്ങിപ്പോകാന്‍ ഖദീജയോട് ആവശ്യപ്പെട്ടെങ്കിലും അവരതിന് തയ്യാറായിരുന്നില്ല. പ്രവാചകന് സ്‌നേഹവും സാന്ത്വനവുമായി ആ ദുരിതകാലത്തിലും കൂടെക്കഴിയാനാണ് അവര്‍ തീരുമാനിച്ചത്.

നബിയുടെ അമ്പതാം വയസ്സിലാണ് ഖദീജ മരണമടയുന്നത്. പ്രവാചക പത്‌നി ആയിശ ഒരിക്കല്‍ പറഞ്ഞു ‘ജീവിതത്തില്‍ എനിക്ക് അസൂയ തോന്നിയിട്ടുള്ളത് ഒരേ ഒരാളോട് മാത്രമാണ്. നബിയുടെ ആദ്യ ഭാര്യ ഖദീജയോട്. ഞാന്‍ അവരെ കണ്ടിട്ട് പോലുമില്ല. എന്നാല്‍ നബി അവരെക്കുറിച്ച് എപ്പോഴും പുകഴ്ത്തി സംസാരിക്കുന്നതും അവരെ ഓര്‍ക്കുന്നതും കാണുമ്പോള്‍ എനിക്കവരോട് അസൂയ തോന്നാറുണ്ട്’.

മുഹമ്മദ് നബിയുടെ ജീവിതവും ദര്‍ശനവും ഒരു സ്ത്രീപക്ഷ വായനയ്ക്ക് വിധേയമാക്കുന്ന പക്ഷം ആ വായനയ്ക്ക് ഗതിവേഗം നല്കുവാനും ഊര്‍ജ്ജം  പകരുവാനും ഖദീജ ബിന്‍ത് ഖുവൈലിദ് എന്ന ഐതിഹാസിക നാമത്തിന് സാധിക്കും. സമൂഹത്തിന്റെ മുഖ്യധാരാ വ്യവഹാരങ്ങളില്‍ പുരുഷന്‍ ആധിപത്യം പുലര്‍ത്തുകയും സ്ത്രീ ഒരു പ്രസവയന്ത്രവും അടുക്കള യന്ത്രവുമായി പരിമിതപ്പെടുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയുടെ വര്‍ത്തമാന പരിസരത്ത് നിന്ന് കൊണ്ട്, സ്വന്തമായി കച്ചവടം നടത്തുകയും നിരവധി പുരുഷന്മാര്‍ക്ക് ജോലി നല്‍കുകയും സാമൂഹിക വ്യവഹാരങ്ങളില്‍ സക്രിയമായി ഇടപെടുകയും ചെയ്ത ഒരു വനിത, ഇസ്‌ലാമിക ചരിത്രത്തില്‍ പ്രവാചകന്റെ ഭാര്യയായി ഉണ്ടെന്ന യഥാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ ചിലര്‍ക്കെങ്കിലും പ്രയാസം കണ്ടേക്കും. അവര്‍ എത്ര കിണഞ്ഞു ശ്രമിച്ചാലും മായ്ച്ചു കളയാന്‍ സാധിക്കാത്ത വിധം ശക്തമായ അടയാളപ്പെടുത്തലുകള്‍ ഖദീജയുടേതായി ഇസ്‌ലാമിക ചരിത്രത്തിലുണ്ട്. ആ അടയാളപ്പെടുത്തലുകള്‍ ഇസ്‌ലാമിനകത്ത് നിന്ന് കൊണ്ട് തന്നെ ലിംഗനീതിയുടെ സമരങ്ങളെ ശക്തിപ്പെടുത്താനുള്ള ഭാവിയിലേക്കുള്ള നീക്കിയിരുപ്പുകള്‍ കൂടിയാണ്.

(ഹണി ഭാസ്‌കര്‍ എഡിറ്റ് ചെയ്ത് കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച ‘സ്ത്രീ: പുരുഷ വീക്ഷണങ്ങള്‍’ എന്ന പുസ്തകത്തിന് വേണ്ടി എഴുതിയത്.)

 

Related Articles