Current Date

Search
Close this search box.
Search
Close this search box.

ബലപ്രയോഗത്തിലൂടെ ആദരവ് നേടാന്‍ കഴിയുമോ?

stand-national-anthe.jpg

‘മാതൃഭൂമിയോടുള്ള സ്‌നേഹത്തിന്റെ’ ഭാഗമായി ഓരോ സിനിമ തുടങ്ങുന്നതിന് മുമ്പും ദേശീയഗാനം കേള്‍പ്പിക്കാന്‍ സുപ്രീം കോടതി തിയ്യേറ്ററുകളോട് ആവശ്യപ്പെടുകയുണ്ടായി (നവംബര്‍ 2016). വ്യക്തി സ്വാതന്ത്ര്യത്തെയും നിയമപരമായ ബാധ്യതകളെയും സംബന്ധിച്ച ചര്‍ച്ചക്ക് ഇത് വീണ്ടും തുടക്കമിട്ടു കഴിഞ്ഞു. വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയുടെ പിന്നാലെയാണ് ഇതും. ഇത്തരം നിയമ തിട്ടൂരങ്ങളിലൂടെ ദേശാഭിമാനബോധം കുത്തിവെക്കാന്‍ സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. പൗര സ്വാതന്ത്ര്യത്തെ ഹനിക്കലാണ് ഈ ബലപ്രയോഗമെന്ന് ചില വിമര്‍ശകര്‍ വാദിക്കുന്നു. ഏതാനും ഭശാബ്ദങ്ങള്‍ പിന്നിലേക്ക് മനസ്സ് പായിച്ചാല്‍, ഒരുപാട് സ്ഥലങ്ങളില്‍ സിനിമ പ്രദര്‍ശനത്തിന്റെ അവസാനത്തിലായിരുന്നു ദേശീയഗാനം കേള്‍പ്പിച്ചിരുന്നതെന്ന് കാണാന്‍ കഴിയും. ദേശീയഗാനത്തിനിടക്ക് തന്നെ ഒരുപാടാളുകള്‍ തിയ്യേറ്റര്‍ വിട്ട് പുറത്തിറങ്ങും. ഇന്ന് മഹാരാഷ്ട്ര പോലെയുള്ള ഒരുപാട് സ്ഥലങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് തന്നെ ദേശീയഗാനം കേള്‍പ്പിച്ച് തുടങ്ങും. രാജ്യത്തുടനീളം സിനിമ പ്രദര്‍ശനത്തിന് മുമ്പ് നിര്‍ബന്ധമായും ദേശീയഗാനം കേള്‍പ്പിക്കണമെന്നും, ആ സമയത്ത് വാതിലുകള്‍ അടക്കണമെന്നുമാണ് സുപ്രീംകോടതി വിധി.

ദേശീയപതാക പോലെയുള്ള ദേശീയ ചിഹ്നങ്ങളുടെ സംരക്ഷിക്കണം ഉറപ്പുവരുത്താന്‍ നമുക്ക് നിയമങ്ങളുണ്ട്. രാഷ്ട്ര നിയമങ്ങളും വ്യക്തി സ്വാതന്ത്ര്യവും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ ചില സുപ്രധാന കേസുകളും നമുക്ക് കാണാന്‍ സാധിക്കും. സുപ്രസിദ്ധമായ ‘യഹോവ സാക്ഷികളുടെ’ കേസില്‍, യെഹോവ വിശ്വാസികളായ വിദ്യാര്‍ത്ഥികള്‍ ദേശീയഗാനം ചൊല്ലാന്‍ വിസമ്മതിച്ചു; അവരുടെ വിശ്വാസം വിലക്കുന്ന വിഗ്രഹാരാധനക്ക് സമാനമാണ് ദേശീയഗാനം ചൊല്ലല്‍ എന്നാണ് അവരുടെ വാദം. ആ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടു. വിഷയം സുപ്രീം കോടതിയില്‍ എത്തുകയും കോടതി കുട്ടികള്‍ക്ക് അനുകൂലമായി വിധിപുറപ്പെടുവിക്കുകയും അവരെ സ്‌കൂളില്‍ തിരിച്ചെടുക്കുകയും ചെയ്തു.

ഒരു ജനാധിപത്യ വ്യവസ്ഥയില്‍ പൗരാവകാശങ്ങള്‍ക്കും രാഷ്ട്രത്തോടുള്ള കടമകള്‍ക്കും ഇടയില്‍ ഒരു സന്തുലിതത്വമുണ്ടായിരിക്കും. ‘പൗരാവകാശങ്ങളും’ ‘അഭിപ്രായ സ്വാതന്ത്ര്യവും’ മുന്‍പന്തിയിലേക്ക് കൊണ്ടുവരാനുള്ള ഒരു ശ്രമമാണല്ലോ ഭരണഘടന എന്ന് പറയുന്നത്. ഒരു ദശാബ്ദക്കാലം മുമ്പ് പൗരസ്വാതന്ത്ര്യത്തിന് അനുകൂലമായി വിധിക്കാന്‍ കോടതിക്ക് കഴിഞ്ഞിരുന്നു; എന്നാല്‍ ഇന്ന് കാര്യങ്ങള്‍ നേരെ കീഴ്മറിഞ്ഞിരിക്കുന്നതായാണ് കാണപ്പെടുന്നത്. എന്തിനും ഏതിനും ‘മാതൃഭൂമിയോടുള്ള സ്‌നേഹം, ദേശീയത, ദേശസ്‌നേഹം’ എന്നിവ വളരെ പെട്ടെന്ന് തന്നെ പ്രദര്‍ശിപ്പിക്കപ്പെടണം. ഭരണത്തിലിരിക്കുന്ന ഗവണ്‍മെന്റിന്റെ നയങ്ങളുമായി വിയോജിക്കുന്നവരെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നു, അവരൊന്നും ‘ദേശസ്‌നേഹികള്‍’ അല്ലെന്ന് പാടിപരത്തപ്പെടുന്നു. പണം പിന്‍വലിക്കാനായി എ.ടി.എമ്മിന് മുന്നിലോ ബാങ്കിന് മുന്നിലോ വരി നില്‍ക്കുന്നത് പോലും ദേശസ്‌നേഹമായി വാഴ്ത്തപ്പെട്ട് കൊണ്ടിരിക്കുന്നു. എല്ലാം രാജ്യത്തിന് വേണ്ടിയാണത്രെ. നരേന്ദ്ര മോദി കൊണ്ടു വന്ന നോട്ട് അസാധുവാക്കലിന്റെ ബുദ്ധിമുട്ടില്‍ ജനങ്ങള്‍ നരകിക്കുമ്പോഴാണ് ഇതെല്ലാം. ദേശീയത, രാജ്യസ്‌നേഹം എന്നീ പദങ്ങള്‍ ആധിപത്യം സ്ഥാപിച്ചു കൊണ്ടിരിക്കുന്ന ബി.ജെ.പി ഭരണകാലത്താണ് കോടതിയുടെ പ്രസ്തുത വിധിയും വരുന്നത്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ക്ക്, സര്‍ക്കാറിന്റെ നയങ്ങളോട് എതിരഭിപ്രായം പറയുന്നവരുടെ ദേശീയസ്‌നേഹവും/ദേശീയതയും ഭരിക്കുന്നവരാല്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നതായും നാം ഓര്‍ക്കുന്നു. രോഹിത് വെമുലയുടെ കാര്യത്തില്‍, അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ‘രാജ്യദ്രോഹ’മായിട്ടാണ് മുദ്രകുത്തപ്പെട്ടത്. രോഹിത്തിനെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാനും, അദ്ദേഹത്തിന്റെ ഫെല്ലോഷിപ്പ് നിര്‍ത്തലാക്കാനും വി.സിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് അന്നത്തെ മാനവവിഭവശേഷി മന്ത്രിയായിരുന്നു. ഇത് പിന്നീട് രോഹിത്തിന്റെ ആത്മഹത്യയിലാണ് കലാശിച്ചത്. ജെ.എന്‍.യു അടച്ച് പൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി ദേശീയതയുടെ കാര്‍ഡ് ഇറക്കിയാണ് മോദി സര്‍ക്കാര്‍ കളിച്ചത്. കനയ്യ കുമാറിനെയും അദ്ദേഹത്തിന്റെ കൂട്ടുകാരെയും കുറ്റവാളികളായി ചിത്രീകരിക്കുന്നതിന് വേണ്ടി വ്യാജമായി കെട്ടിച്ചമച്ച സി.ഡി ചില ടി.വി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കനയ്യ കുമാറിന് മേല്‍ ദേശദ്രോഹി എന്ന മുദ്രകുത്തപ്പെട്ടു. കനയ്യ കുമാര്‍ അത്തരം ‘മുദ്രാവാക്യങ്ങള്‍’ വിളിച്ചിട്ടില്ലെന്ന വസ്തുത അവിടെ നില്‍ക്കട്ടെ, കേവലം മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് തുല്ല്യമാവുകയില്ലെന്നാണ് ഭരണഘടനയുടെ നിലപാട് എന്ന് ഓര്‍ക്കണം. ഇപ്പോഴത്തെ ഈ ഉന്മാദാവസ്ഥയില്‍, ദേശീയതയെയും, ദേശസ്‌നേഹത്തെയും വലയം ചെയ്ത് നില്‍ക്കുന്ന ഈ ഭ്രാന്താവസ്ഥയില്‍, ഗോവയില്‍ ദേശീയഗാനം ചൊല്ലുമ്പോള്‍ എണീറ്റ് നിന്നില്ലെന്ന കാരണത്താല്‍ വീല്‍ച്ചെയറില്‍ ഇരുന്നിരുന്ന ഒരു വികലാംഗന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. മുംബൈയില്‍, ദേശീയഗാനം ചൊല്ലുമ്പോള്‍ എണീറ്റ് നിന്നില്ലെന്ന പേരില്‍ ഒരു യുവതിരക്കഥാകൃത്ത് സിനിമ തിയ്യേറ്ററില്‍ നിന്നും പുറത്തേക്ക് എറിയപ്പെട്ടു.

ദേശീയതയുടെ പേരില്‍ ഭയപ്പെടുത്തലും, ബലപ്രയോഗവും വളര്‍ന്ന് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, രാജ്യത്ത് നിര്‍മിക്കപ്പെട്ട് കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംസ്‌കാരം ആശങ്കക്ക് വകനല്‍കുന്നുണ്ട്. തീര്‍ത്തും അപരിചിതവും, വിചിത്രവുമായ രീതിയിലാണ് ദേശസ്‌നേഹം എന്ന ആശയം ഇന്ത്യയിലിപ്പോള്‍ തുടങ്ങുന്നത്. രാജഭരണ കാലത്ത് രാജാക്കന്‍മാര്‍ തങ്ങളുടെ പ്രജകളില്‍ നിന്നും നിരുപാധികമായ കൂറ് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടിരുന്നു. അതിന് വഴങ്ങാത്തവര്‍ക്കുള്ള ശിക്ഷ അതികഠിനമായിരുന്നു. കൊളോണിയല്‍ കാലത്ത് ഒരേ സമയം ഉയര്‍ന്ന് വന്ന രണ്ട് ദേശീയതകള്‍ നമുക്കുണ്ടായിരുന്നു. മതേതര ജനാധിപത്യ ഇന്ത്യക്ക് വേണ്ടി കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനത്തോട് യോജിപ്പിലെത്തിയ വ്യവസായ, തൊഴിലാളി, വിദ്യാസമ്പന്ന വര്‍ഗമായിരുന്നു ഒന്ന്. അവര്‍ ബ്രിട്ടീഷ് ഭരണത്തെ എതിര്‍ത്തു. അവര്‍ ദേശസ്‌നേഹികളായിരുന്നില്ല. രാജാക്കന്‍മാരും ഭൂവുടമകളും ചേര്‍ന്ന് തുടക്കമിട്ട മതത്തിന്റെ പേരിലുള്ള ദേശീയ ബ്രിട്ടീഷ് ഭരണത്തോട് തങ്ങളുടെ കൂറ് പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ രാജ്ഞിയോടായിരുന്നു അവരുടെ ദേശസ്‌നേഹം. യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷന്‍ എന്ന അവരുടെ സംഘടനയാണ് ഹിന്ദു ദേശീയത, മുസ്‌ലിം ദേശീയ തുടങ്ങിയ മതത്തിന്റെ പേരിലുള്ള ദേശീയതയുടെ ആരംഭപിതാവ്. ഇവയെല്ലാം തന്നെ ബ്രിട്ടീഷ് ഭരണത്തോട് കൂറും സ്‌നേഹവും വെച്ച് പുലര്‍ത്തി നിലകൊണ്ടു.

കൊളോണിയല്‍ വിരുദ്ധ ദേശീയത സമഗ്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായിരുന്നു, അത് കേവലം വംശീയ ദേശീയതയായിരുന്നില്ല. മുസ്‌ലിം ലീഗിന്റെയും ഹിന്ദു മഹാസഭ-ആര്‍.എസ്.എസ്സിന്റെയും ദേശീയ അവരുടെ മതസ്വത്വത്തിന് പുറത്താണ് നിര്‍മിക്കപ്പെട്ടിരുന്നത്. ജനാധിപത്യ മൂല്യങ്ങള്‍ക്കും, മതേതരത്വത്തിനും മേല്‍ കെട്ടിപടുത്തതായിരുന്നു ഗാന്ധിജി നേതൃത്വം നല്‍കിയ ദേശീയത. സ്വാതന്ത്ര്യാനന്തരം, അത്തരം സമുദായിക സംഘടനകളുടെ ദേശീയതക്ക് ഫ്യൂഡല്‍ മനസ്സായിരുന്നു ഉണ്ടായിരുന്നത്. അവരുടെ രാഷ്ട്രക്കൂറ് അനിഷേധ്യമായിരുന്നു. രാഷ്ട്രവുമായി അവര്‍ക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമുണ്ടായിരുന്നില്ല. ഇതു തന്നെയായിരുന്നു രാജാക്കന്‍മാര്‍ അവരുടെ പ്രജകളില്‍ നിന്നും ആവശ്യപ്പെട്ടിരുന്നത്. ഇതുതന്നെയാണ് വര്‍ത്തമാന കാല ഏകാധിപതികളും ആവശ്യപ്പെടുന്നത്. ആര്‍.എസ്.എസ്-ബി.ജെ.പി സൃഷ്ടിച്ചിരിക്കുന്ന ഇപ്പോഴത്തെ ഈ സാഹചര്യത്തില്‍ ഏകാധിപത്യ വ്യവസ്ഥയുടെ എല്ലാ ചേരുവകളും മണക്കുന്നുണ്ട്. ഇത്തരം വ്യവസ്ഥകളില്‍ രാജാവ് സമുന്നതനും, ജനങ്ങള്‍ കേവലം പ്രജകളും ആയിരിക്കും. ഏകാധിപത്യത്തില്‍ പൗരാവകാശങ്ങള്‍ക്ക് യാതൊരു വിലയും ഉണ്ടാവില്ല. ആര്‍.എസ്.എസ്-ബി.ജെ.പിയുടെ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രമാണ് എല്ലാത്തിനും മീതെ, നിര്‍വഹിക്കാനായി ഒരുപാട് കടമകള്‍ മാത്രം ഉള്ളവരാണ് പൗരന്‍മാര്‍. ഇത്തരമൊരു മനോഗതിയുടെ അളവില്‍ കവിഞ്ഞ സ്വാധീനം വര്‍ത്തമാനകാല കോടതി വിധികളില്‍ കാണാന്‍ സാധിക്കും.

ഏകാധിപത്യ വ്യവസ്ഥയുടെ മൂല്യങ്ങള്‍ കുത്തിവെക്കാനുള്ള ശ്രമമാണ് തീവ്രദേശീയത. ഈ തിരിച്ചറിവില്‍ സുപ്രീംകോടതി തങ്ങളുടെ വിധികള്‍ പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കടപ്പാട്: countercurrents
മൊഴിമാറ്റം: irshad shariathi

Related Articles