Current Date

Search
Close this search box.
Search
Close this search box.

നീതി ലഭിക്കുന്നതിന് തടസ്സമാകുന്നത് രാഷ്ട്രീയ ഇടപെടല്‍ : എച്ച്. ശഹീര്‍ മൗലവി

shaheer-moulavi.jpg

നേത്ര ചികിത്സ അടിയന്തരമായി ലഭിക്കണമെന്ന സുപ്രീം കോടതി ഇടക്കാല ഉത്തരവിന്റെ  അടിസ്ഥാനത്തില്‍ ഇന്നലെയാണ് മഅ്ദനിയെ അഗ്രഹാര ജയിലില്‍ നിന്ന് അഗര്‍വാള്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയത്. കാഴ്ച ശക്തി കഴിഞ്ഞ തവണത്തേക്കാള്‍ വളരെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ 24ല്‍ 6 ആയിരുന്നത് ഇപ്പോള്‍ 60ല്‍ 6 ആയി കുറഞ്ഞിട്ടുണ്ട്. വലത്തെ കണ്ണിന്റെ കാഴ്ച ശക്തി നേരത്തെ തന്നെ പൂര്‍ണമായി നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഇടത്തെ കണ്ണിനാണ് അല്‍പം കാഴ്ച ഉണ്ടായിരുന്നത്. അതിന്റെ അവസ്ഥയാണ് ഇപ്പോള്‍ ഇത്ര ഗുരുതരമായിട്ടുള്ളത്. സുപ്രീം കോടതി ഇളവുതന്ന ദിവസങ്ങള്‍ക്കുള്ളില്‍ ഓപ്പറേഷന്‍ നടത്താന്‍ പെട്ടെന്ന് കഴിയാത്തത് കൊണ്ട് തല്‍ക്കാലം ഇഞ്ചക്ഷനെടുക്കാമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ ഈ നാല് ഇഞ്ചക്ഷന് വേണ്ടി മാത്രം വേണം. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറമാണ് ചികിത്സയും നിയമസഹായവുമെല്ലാം പൂര്‍ണമായി നിര്‍വഹിക്കുന്നത്. ചികിത്സ കഴിഞ്ഞ് തിങ്കളാഴ്ചക്കകം അഗ്രഹാര ജയിലിലേക്ക് തന്നെ പോകും. കണ്ണിന്റെ കാഴ്ച പ്രശ്‌നത്തിന് പുറമെ മറ്റ് നിരവധി അസുഖങ്ങള്‍ അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. കണ്ണിന്റെ കാഴ്ചയുമായി ബന്ധപ്പെട്ട് ചെറിയ ഒരു ചികിത്സ മാത്രമാണ് ഇപ്പോള്‍ അഗര്‍വാള്‍ ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ ഷുഗര്‍ വല്ലാതെ താഴുകയും ഉടന്‍ തന്നെ കൂടുകയും ചെയ്യുന്ന അവസ്ഥയുണ്ട്. വൃക്ക തകരാറായി വരുന്നതിനാല്‍ നീര് ശരീരത്തിലും കാലിലുമെല്ലാം കൂടി വരുന്നുണ്ട്. മറ്റ് ശാരീരികമായ ധാരാളം രോഗങ്ങളും അസ്വസ്ഥതകളും പ്രയാസങ്ങളും അദ്ദേഹം അനുഭവിക്കുന്നുണ്ട്. ജാമ്യം കിട്ടി നാട്ടില്‍ പോയി നല്ല ചികിത്സ ലഭിക്കുകയാണെങ്കില്‍ മാത്രമേ അദ്ദേഹത്തിന്റെ ആരോഗ്യം കുറച്ചെങ്കിലും വീണ്ടെടുക്കാന്‍ കഴിയുകയുള്ളൂ. പക്ഷെ ജാമ്യത്തിന് വേണ്ടി സ്‌പെഷല്‍ കോടതി, ഹൈക്കോടതി, സുപ്രീം കോടതി തുടങ്ങിയ കോടതികളിലെല്ലാം മാറി മാറി പോയിട്ടുണ്ടെങ്കിലും ഇപ്പോള്‍ അവസാനം സുപ്രീം കോടതിയില്‍ നിന്ന് താല്‍ക്കാലികമായി നേത്രചികിത്സക്കു വേണ്ടിയുള്ള ജാമ്യം മാത്രമാണ് ലഭിച്ചിട്ടുള്ളത്.

മഅ്ദനിക്ക് ജാമ്യമെങ്കിലും അടിയന്തരമായി ലഭിക്കേണ്ടതുണ്ട്. ‘ജാമ്യമാണ് നിയമം, ജയില്‍ അപവാദമെന്നാണ്  ജുഡീഷ്യറിയുമായി ബന്ധപ്പെട്ട അടിസ്ഥാന തത്വം. ജാമ്യം ലഭിക്കാതെ വിചാരണത്തടവുകാരനായി  തുടരേണ്ട അവസഥ ഇന്ത്യന്‍ ജുഡീഷ്യറിക്ക് തന്നെ അപമാനമാണെന്ന് വി ആര്‍ കൃഷ്ണയ്യരെ പോലുള്ള പ്രമുഖര്‍ നിരവധി തവണ പ്രതികരിക്കുകയും കര്‍ണാടക മുഖ്യമന്ത്രിയടക്കമുള്ള ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതൊന്നും വേണ്ട രൂപത്തില്‍ ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.

നവംബര്‍ 19-ാം തിയ്യതി സുപ്രീം കോടതി പരിഗണിക്കാനിരിക്കുന്ന ജാമ്യത്തിലാണ് ഇനി നമുക്ക് പ്രതീക്ഷയുള്ളത്. സുപ്രീം കോടതി ജാമ്യം കൊടുക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ കേരള ഗവണ്‍മെന്റിന്റെ അഭിപ്രായത്തിന് വലിയ പ്രസക്തിയുണ്ട്. മറിച്ച് കേരള ഗവണ്‍മെന്റ് എത്ര അനുകൂലമായി പറഞ്ഞാലും സുപ്രീം കോടതിക്ക് ജാമ്യം കൊടുക്കാന്‍ താല്‍പര്യമില്ല എന്നു വന്നാല്‍ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. ഇദ്ദേഹത്തിന്റെ അവസ്ഥ പരിഗണിച്ചു നിരപരാധിയായ മനുഷ്യനെ അനന്തമായി ജയിലിലിട്ട് പീഢിപ്പിക്കുന്നത് അന്യായവും അനീതിയുമാണെന്ന് മനസ്സിലാക്കിയിട്ട് മഅ്ദനിക്ക് കൊടുക്കേണ്ട ജാമ്യം കൊടുക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ കേരള ഗവണ്‍മെന്റിന്റെ ഒരഭിപ്രായം കൂടി പ്രസക്തമാണ്. കേരള ഗവണ്‍മെന്റ് അനുകൂലമായി പ്രതികരിക്കും എന്നാണ് നമ്മുടെ പ്രതീക്ഷ. പക്ഷെ ഇതുപോലെയുള്ള സന്നിഗ്ധ ഘട്ടങ്ങളില്‍ പോലും ഉത്തരവാദിത്തപ്പെട്ട ഭരണകൂടങ്ങള്‍ അവരുടെ ചില താല്‍പര്യങ്ങള്‍ മൂലം ഉചിതമായ തീരുമാനമെടുക്കാതിരുന്നിട്ടുണ്ട്. വോട്ടു ബാങ്ക് മുന്നില്‍ വെച്ചുകൊണ്ട് എല്‍ ഡി എഫ് ഗവണ്‍മെന്റും യു ഡി എഫ് ഗവണ്‍മെന്റും ഈ വിഷയത്തില്‍ നിലപാടെടുക്കുന്നത് പല പ്രയാസങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഇതുവരെ സംഭവിച്ചതും അതു തന്നെയാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്ത സന്ദര്‍ഭത്തില്‍ ശരിയായ തീരുമാനമെടുക്കുമോയെന്നതിലും നമുക്ക് ചില സന്ദേഹങ്ങളുണ്ട്.

കര്‍ണാടകയില്‍ ബി ജെ പി സര്‍ക്കാര്‍ മാറിയിട്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മഅ്ദനി വിഷയത്തില്‍ മാന്യമായ ഒരു സമീപനം നാം പ്രതീക്ഷിച്ചതാണ്. പക്ഷെ രാജഭക്തി കാണിച്ച് ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുന്ന കുറച്ചുകൂടി കര്‍ശനമായ സമീപനവും നയവുമാണ് നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് ഭരണകൂടം സ്വീകരിച്ചത്. ബി ജെ പി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ആഴ്ചയില്‍ എല്ലാ ദിവസവും അഗ്രഹാര ജയിലില്‍ പോയി മഅ്ദനിയെ സന്ദര്‍ശിക്കാന്‍ കഴിയുമായിരുന്നു. അന്ന് രണ്ട് മണിക്കൂര്‍ വരെ ദീര്‍ഘിക്കുന്ന സംഭാഷണം നടത്താനുമെല്ലാം അനുമതിയുണ്ടായിരുന്നു. ഇപ്പോള്‍ ആഴ്ചയില്‍ ബുധനാഴ്ച അരമണിക്കൂര്‍ മാത്രം കാണാനുള്ള അനുവാദമേ ഉള്ളൂ. ജയില്‍ നിയമങ്ങള്‍ വളരെ കര്‍ശനമാക്കിയിരിക്കുന്നു. മാത്രമല്ല ജാമ്യത്തിനായി അപേക്ഷിച്ചപ്പോള്‍ അനുകൂലമായി പ്രതികരിക്കുന്നതിനു പകരം തെറ്റിദ്ധാരണാജനകമായ പുതിയ ചില കേസുകള്‍ കൂടി അദ്ദേഹത്തിനുമേല്‍ ചുമത്തകയും വലിയ ഭീകരനാക്കി ചിത്രീകരിച്ചു  ഒരു കാരണവശാലും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്ന് വാദിക്കുകയാണ് പ്രൊസിക്യൂട്ടര്‍ ചെയ്തത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ സമീപനം സ്വീകരിച്ചത് വല്ലാത്ത ദുരവസ്ഥയും കടകവിരുദ്ധമായ സമീപനവുമാണ് എന്ന് പറയാതിരിക്കാന്‍ വയ്യ. ഇലക്ഷന്‍ വരുന്നുണ്ട്, അതുകൊണ്ട് അത് കഴിയാതെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല എന്ന് അവര്‍ ഇടക്കിടെ നമ്മോട് പറയാറുണ്ട്. ഇതില്‍ നിന്നും പറയാതെ തന്നെ ഇലക്ഷന്‍ രാഷ്ട്രീയമാണ് എല്ലാവരുടെയും അജണ്ട എന്ന് നമുക്ക് മനസ്സിലാകുന്നതാണ്.

 

കേരളത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ മഅ്ദനിക്ക് അനുകൂലമായി എന്തെങ്കിലും നിലപാട് സ്വീകരിക്കുമെന്ന് പേടിച്ചുകൊണ്ട് നേരത്തെ തന്നെ പ്രക്ഷോഭരംഗത്ത് ഇറങ്ങുമെന്ന് പറഞ്ഞ് ബി ജെ പി അവരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. അതിനാല്‍ തന്നെ വോട്ട് ബാങ്ക് മുന്നില്‍ വെച്ച് എന്തു തീരുമാനമെടുക്കുമെന്ന് പറയാന്‍ നമുക്ക് കൃത്യമായി കഴിയുകയില്ല.

മഅ്ദനിയെ പോലെയുള്ള നിരപരാധികളായ ധാരാളം പേര്‍ കര്‍ണാടകയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊക്കെയായിട്ട് യു എ പി എ ആക്ട് ചുമത്തിയിട്ട് ജയിലില്‍ പീഢിപ്പിക്കപ്പെടുന്നുണ്ട്. മഅ്ദനിയെ സംബന്ധിച്ചെടുത്തോളം പണം സമാഹരിക്കാനും നിയമ പോരാട്ടത്തിനുമായി ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം എന്ന പേരില്‍ നല്ല ഒരു ടീം പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ട് അദ്ദേഹത്തിന് കുറേ ആശ്വാസങ്ങളുണ്ട്. പക്ഷെ ഇങ്ങനെയൊന്നും പണം ചിലവഴിക്കാന്‍ സാധിക്കാത്ത സാധാരണക്കാരും നിരപരാധികളുമായ പരപ്പനങ്ങാടി സക്കരിയയെ പോലുള്ള ധാരാളം ചെറുപ്പക്കാര്‍ അഗ്രഹാര ജയിലിലും മറ്റു ജയിലുകളിലും കഴിഞ്ഞുകൂടുന്നുണ്ട്. ഇവര്‍ക്ക് നല്ല വക്കീലന്മാരെ വെച്ചുവാദിക്കാനുള്ള പണമോ സഹായമോ ഇല്ലാത്തതിനാല്‍ വളരെ പ്രയാസപ്പെട്ടുകൊണ്ടും കഴിഞ്ഞുകൂടുകയാണ് ചെയ്യുന്നത്. അവരെ സന്ദര്‍ശിക്കുമ്പോള്‍ തന്നെ ജീവിതത്തില്‍ യാതൊരു പ്രതീക്ഷയും വെച്ചു പുലര്‍ത്താത്ത മുഖഭാവവുമായിട്ടാണ് നമ്മെ അഭിമുഖീകരിക്കാറുള്ളത്. ജനങ്ങള്‍ രംഗത്തുവന്നുകൊണ്ട് ഇതിനെതിരെ ശക്തമായ ഇടപെടലുകള്‍ സാധ്യമാകേണ്ടതുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരും നീതിനിര്‍വഹണ രംഗത്ത് സത്യസന്ധമായ നിലപാടെടുക്കാന്‍ തയ്യാറല്ല എന്നതാണ് യാഥാര്‍ഥ്യം. ജുഡീഷ്യറിയെ യഥാര്‍ഥത്തില്‍ നിയന്ത്രിക്കുന്നത് രാഷ്ട്രീയമാണെന്നതിനാലാണ് ശക്തമായ ജനകീയ പ്രക്ഷോഭം ആവശ്യമായി വരുന്നത്. രാഷ്ട്രീയ ഇടപെടലുകളാണ് നീതി ലഭ്യമാകാതിരിക്കാന്‍ പ്രധാന കാരണം. അതിനാല്‍ തന്നെ ജുഡീഷ്യറിയെ പൂര്‍ണമായും സ്വതന്ത്രമാക്കി നീതിന്യായ രംഗത്ത് ഇന്ത്യെ പഴയ ധാര്‍മികതയും മൂല്യങ്ങളും ഉയര്‍ത്തെഴുന്നേല്‍പിക്കാന്‍ ഉതകുന്ന രീതിയില്‍ കാര്യമായ ഉടച്ചുവാര്‍ക്കല്‍ ആവശ്യമാണ്. അതിനുവേണ്ടി ജനങ്ങള്‍ രംഗത്തിറങ്ങേണ്ടതുണ്ട്.

മഅ്ദനിയുമായി ബന്ധപ്പെട്ട വിഷയം ഒരു മുസ്‌ലിം പ്രശ്‌നമല്ല. നീതി നിഷേധിക്കപ്പെടുന്ന ഒരു മനുഷ്യന്റെ മൗലികാവകാശം സംരക്ഷിക്കേണ്ട മൗലികാവകാശ പ്രശ്‌നം എന്ന നിലക്ക് ജാതി മത പക്ഷപാതിത്വങ്ങളില്ലാതെ എല്ലാവരും ഐക്യത്തോടെ രംഗത്തിറങ്ങേണ്ടതുണ്ട്. നീതി നിഷേധിക്കപ്പെട്ടുകൊണ്ട് ഇന്ത്യന്‍ തടവറയില്‍ കഴിയുന്ന അനേകായിരം മനുഷ്യര്‍ക്കുവേണ്ടിയും നാം യത്‌നിക്കേണ്ടതുണ്ട്.

(ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം കണ്‍വീനറായ ശഹീര്‍ മൗലവി ബംഗ്ലൂരു അഗര്‍വാള്‍ ഹോസ്പിറ്റലില്‍ നിന്നും നല്‍കിയ പ്രതികരണം)

Related Articles