Current Date

Search
Close this search box.
Search
Close this search box.

ഒരു സാധാരണ പൗരന് ലഭിക്കേണ്ട അവകാശമാണ് മഅ്ദനി ചോദിക്കുന്നത് : എം.എ. ബേബി

ma-baby.jpg

അബ്ദുന്നാസര്‍ മഅ്ദനി കര്‍ണാടകയിലെ ബി ജെ പി ഗവണ്‍മെന്റ് വൈരം തീര്‍ക്കാന്‍ വേണ്ടി കെട്ടിച്ചമച്ച ഒരു കേസിലാണ് ഇപ്പോള്‍ തടവിലിടപ്പെട്ടത് എന്നത് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. തെഹല്‍കയുടെ പ്രശസ്തയായ മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിന വസ്തുതകള്‍ അന്വേഷിച്ചു പുറത്തുകൊണ്ടുവന്നതാണ്. എന്നാല്‍ ബി ജെ പി ഗവണ്‍മെന്റ് ആ വെളിപ്പെടുത്തലിനോട്  നികൃഷ്ടവും ഹീനവുമായ രീതിയിലാണ് പ്രതികരിച്ചത് എന്നു നമ്മള്‍ കണ്ടു. അബ്ദുന്നാസര്‍ മഅ്ദനിയെ കള്ളക്കേസില്‍ കുടുക്കി, ജാമ്യം പോലും നിഷേധിച്ചു കുടുംബം കാണാന്‍ പോലും സമ്മതിക്കാതെ പീഢിപ്പിക്കുന്നതിനു പുറമെ അത് വര്‍ഗീയ ഫാസിസ്റ്റ് നീക്കവും ഗൂഢാലോചനയുമാണെന്ന വസ്തുത ഷാഹിന പുറത്തുകൊണ്ടുവന്നപ്പോള്‍ ഷാഹിനക്കെതിരായി ജാമ്യം കിട്ടാത്ത വകുപ്പില്‍ കേസെടുക്കാനാണ് ബി ജെ പി ഗവണ്‍മെന്റ് തയ്യാറായത്.
ജനങ്ങള്‍ ബി ജെ പിയുടെ വര്‍ഗീയ ഗവണ്‍മെന്റിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി ഈ വിഷയത്തില്‍ കുറച്ചുകൂടി മനുഷ്യത്വപരമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ അവരോധിച്ചെങ്കിലും ഒരു മൃദുഹിന്ദുത്വസമീപനമാണ് കോണ്‍ഗ്രസ് പിന്തുടര്‍ന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ സുപ്രീംകോടതിയില്‍ പ്രഗല്‍ഭരായ അഭിഭാഷകരെല്ലാം നിരത്തി കേസ് വാദിച്ചു .(പൊതുവെ കോടതി ഇത്തരം കാര്യങ്ങളില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമെന്ന് നിര്‍ഭാഗ്യവശാല്‍ നമുക്ക് ഉറപ്പില്ല. രാജ്യത്തിന്റെ ഭരണകൂട സംവിധാനത്തെ തന്നെ വര്‍ഗീയവല്‍കരിക്കുന്ന അന്തരീക്ഷമുണ്ട്. പലകോടതികളും നടത്തുന്ന വിധിപ്രഖ്യാപനങ്ങളും നമുക്ക് വലിയ നിരാശ സൃഷ്ടിച്ചിട്ടുണ്ട്.) ഇപ്പോള്‍ തല്‍ക്കാലം സുപ്രീം കോടതി ഒരു ചെറിയ പരിധി വരെ അബ്ദുന്നാസര്‍ മഅ്ദനിക്ക് ചികിത്സ കൊടുക്കണം, ചികിത്സയുടെ സന്ദര്‍ഭത്തില്‍ ഭാര്യക്ക് കൂടെ നില്‍ക്കാവുന്നതാണ് എന്ന് വിധിച്ചിരിക്കുന്നത്. ഇതെല്ലാം ഏതൊരു പൗരനും ലഭിക്കേണ്ട അവകാശങ്ങളാണ്. ഇതെല്ലാം ഇത്രയും വലിയ കോടതിയില്‍ പോരാട്ടം നടത്തേണ്ടി വരുന്നു എന്നത് ഇന്ത്യന്‍ ഭരണകൂട സംവിധാനത്തിന്റെയും പൊതുമണ്ഡലത്തിന്റെയും വലിയ പരിമിതയായിട്ട് വേണം നമുക്ക് കാണാന്‍. താല്‍ക്കാലികമായിട്ടുള്ള ഈയൊരു ആശ്വാസത്തില്‍ നമുക്കൊക്കെ ഒരു പരിധി വരെ സംതൃപ്തിയുണ്ട്.
ഇപ്പോള്‍ കേരള സര്‍ക്കാറിന്റെ നിലപാട് ഒരു പരിധി വരെ പ്രധാനമാണെങ്കിലും കര്‍ണാടകയിലാണ് കേസ് കെട്ടിച്ചമച്ചിരിക്കുന്നത്. മറ്റൊരു സംസ്ഥാനത്തിന്റെ കയ്യിലുള്ള കേസില്‍ ഒരു പരിധിവരെ നാം നിസ്സഹായരാണ്. എന്നാല്‍ കേരളത്തിലും കര്‍ണാടകയിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് സര്‍ക്കാറാണ് അധികാരത്തിലുള്ളത്. അത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പരിശുദ്ധവും സാമാന്യമര്യാദയും കാര്യമായ നീതിബോധവുമുണ്ടെങ്കില്‍ ഇപ്പോള്‍ മദനി സാറിന്റെ വിഷയത്തില്‍ ഒരു പരിഹാരം കണ്ടെത്താന്‍ സാധിക്കും. സാര്‍വത്രികമായി കേരള ജനങ്ങള്‍ക്കിടയില്‍ നിയമസഭ പ്രമേയം പാസ്സാക്കിയതാണ്. നിയമസഭയുടെ ശ്രദ്ധക്ഷണിക്കലില്‍ ഞാന്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് എന്റെ വാദമുഖങ്ങളോട് പൂര്‍ണമായും യോജിച്ചുകൊണ്ട് അഭിപ്രായ പ്രകടനം നടത്തിയത്. കേരള നിയമസഭ ഒന്നിച്ചാണ് ഈ വിഷയത്തില്‍ പ്രതികരിച്ചതും പ്രമേയം പാസ്സാക്കിയതും. രാഷ്ട്രീയമായി കേരളത്തിലും കര്‍ണാടകയിലും കേന്ദ്രത്തിലും കോണ്‍ഗ്രസാണ് ഭരിക്കുന്നതെന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ അനുകൂലമായി മുന്നോട്ട് പോകാന്‍ തടസ്സങ്ങളൊന്നുമുണ്ടാകേണ്ടതില്ല. കേരളവും കേന്ദ്രവും കര്‍ണാടകവും സ്വീകരിക്കുന്ന കോണ്‍ഗ്രസ് ഈ മനുഷ്യാവകാശ പ്രശ്‌നത്തില്‍ എന്തു നിലപാട് സ്വീകരിക്കുന്നു എന്നതാണ് പൊതുസമൂഹം കൗതുകപൂര്‍വം ഉറ്റുനോക്കുന്നത്.
ഇത് മഅ്ദനിയുടെയോ ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ നേതാവായി വന്ന ഒരാളുടെയോ മാത്രം പ്രശ്‌നമല്ല. നാളെ ഇതാര്‍ക്കും നേരിടാവുന്നതാണ്. ഇന്ത്യയിലെ ഏതൊരു പൗരനും അര്‍ഹതപ്പെട്ട അവകാശമാണ് ജീവിക്കാനുള്ള അവകാശവും കെട്ടിച്ചമച്ച കുറ്റത്തിന്റെ പേരില്‍ ഒരാള്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അയാള്‍ക്ക് നിയമപരിരക്ഷക്കുള്ള അവകാശവും എന്നു പറയുന്നത്. ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടനാ പരമായി ലഭിക്കേണ്ട ഈ അവകാശമാണ് മഅ്ദനി സാഹിബ് ചോദിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ ന്യൂനപക്ഷ സമുദായത്തിലെ ഒരു മതനേതാവാണെന്ന രീതിയിലുള്ള പ്രത്യേക പരിഗണനയൊന്നുമല്ല അദ്ദേഹം ചോദിക്കുന്നത്. ജനാധിപത്യ രാജ്യത്ത് ജനസ്വാധീനമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവാണ് അദ്ദേഹം എന്ന വിഷയം നിലനില്‍ക്കെത്തന്നെ, അതിന്റെയൊക്കെ അടിസ്ഥാനത്തിലുള്ള പരിഗണന മഅ്ദനിക്ക് ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍ പോലും ഇതൊന്നുമല്ലാതെ തന്നെ ഒരു സാധാരണ ഇന്ത്യന്‍ പൗരന് ലഭിക്കേണ്ട അവകാശമാണ് ഇതെന്ന കാര്യം മറക്കരുത്. തീര്‍ച്ചയായും അദ്ദേഹം പൊതുപ്രവര്‍ത്തകനാണ്. ആര്‍ എസ് എസിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയും അതിന്റെ പേരില്‍ കാല്‍ നഷ്ടപ്പെടുകയും ചെയ്ത ഒരു നേതാവാണ്. ഇതെല്ലാം നില്‍ക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ സമൂഹം പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാന്‍ എത്രമേല്‍ പ്രതിജ്ഞാബദ്ധമാണ്, മനുഷ്യാവകാശങ്ങള്‍ യഥാര്‍ഥ രീതിയില്‍ നടപ്പിലാക്കുന്നുണ്ടോ എന്നുമൊക്കെ പരിശോധിക്കാനുള്ള ഒരു ഉരകല്ലായി മഅ്ദനി വിഷയമെടുക്കാവുന്നതാണ്.

Related Articles