Current Date

Search
Close this search box.
Search
Close this search box.

സാംസ്‌കാരിക വൈവിധ്യവും അപകടകരമായ ഫാസിസവും

ശീതയുദ്ധ കാലഘട്ടത്തിലുടനീളം, സോവിയറ്റ് യൂണിയന്റെയും വാർസോ കരാറിന്റെയും തകർച്ച ഉറപ്പാക്കി പാശ്ചാത്യൻ പരമാധികാരം ശക്തമാക്കുന്നതുവരെ സാഹിത്യം, നാടകം, സിനിമയടക്കം കലയുടെ സർവ മേഖലകളിലുമുള്ള വ്യക്തിഗത ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പോത്സ്രഹാപ്പിച്ചിരുന്ന സിഐഎ ഇപ്പോൾ പ്രബല ശക്തികളായ അമേരിക്കൻ, യൂറോപ്യൻ കേന്ദ്രങ്ങളെ അന്ധമായി പിന്തുണക്കാൻ തുടങ്ങിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് അല്ലെങ്കിൽ മാർക്‌സിസ്റ്റ് പ്രതിബദ്ധതയിൽ നിന്ന് തീർത്തും വിത്യസ്തമായൊരു പ്രതിബദ്ധതാ ബോധമാണിത്. ഇപ്പോഴത് സാംസ്‌കാരിക വൈവിധ്യം അല്ലെങ്കിൽ ധാർമ്മിക വൈവിധ്യം എന്നിവക്ക് കീഴിൽ വരുന്ന ദേശീയത, വിഭാഗീയത, വംശീയത, ബൗദ്ധികത, ഫെമിനിസം തുടങ്ങിയവയോടുള്ള അതിപ്രതിബദ്ധതയായി മാറിയിരിക്കുന്നു. ഐഡന്റിറ്റികളുടെ വൈവിധ്യവും അതിനോടവർ ചേർത്തുവെക്കുന്നു.

രണ്ട് സാഹചര്യങ്ങളിലും കുഴലൂത്തുകാരോട് പ്രതികരിക്കുന്ന സംസ്‌കാരം, എഫ്.എസ് സോണ്ടഴ്‌സ് പറയുന്നത് പോലെ, അതിന്റെ മനുഷ്യത്വരഹിതമായ ലക്ഷ്യങ്ങൾ നേടിയിരിക്കുന്നു എന്ന് വേണം പറയാൻ. സമഗ്രമായ മാനുഷികതയോടും ശുദ്ധമായ മനസ്സാക്ഷിയോടും കലാകാരനോ എഴുത്തുകാരനോ ഗവേഷകനോ പ്രതിബദ്ധത ഇല്ലാതാകുന്ന പക്ഷം ക്രൂരവും സ്വാർത്ഥവും വംശീയവുമായ ഒരു സംസ്‌കാരം അവര് സമൂഹത്തിനിടയിൽ വളർത്തി സാമൂഹികവും മാനവികവുമായ ശഥിലീകരണം നടത്തുമെന്നതിൽ യാതൊരു സംശയവുമില്ല. ഐഡന്റിയോട് കാണിക്കുന്ന അമിത പ്രതിബദ്ധത പോലെത്തന്നെയാണ് ഇതും.

ഇസ്‌ലാമിനെ സംബന്ധിച്ചെടുത്തോളം ആദ്യത്തേതിലും രണ്ടാമത്തേതിലും അതിന്റെ പ്രതിബദ്ധത വളരെ വിത്യസ്തമാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇസ്‌ലാമിക പ്രതിബദ്ധതയെന്നത് ഇതര മനുഷ്യരിലേക്ക് കരുണ, സഹവർത്തിത്വം, സഹിഷ്ണുത, അനുകമ്പ, നന്മ എന്നിവ പകർന്നുകൊടുക്കലാണ്.

കളപ്പുരകളിലേക്കുള്ള കടന്നുകയറ്റം

ഏതാണ്ട് കാൽനൂറ്റാണ്ട് മുമ്പ്, ഈജിപ്തിലെ മുൻ സാംസ്‌കാരിക മന്ത്രി രാജ്യത്തെ ബുദ്ധിജീവികളെല്ലാം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. മന്ത്രി പറഞ്ഞത് പൂർണമായും ശരിയായിരുന്നില്ല. തന്റെ ഇംഗിതത്തിന് അനുസരിച്ച് ബുദ്ധിജീവികളെയും സാംസ്‌കാരിക നായകന്മാരെയും ഉപയോഗപ്പെടുത്താനും അവരെ സാംസ്‌കാരിക മേഖലയിൽ പിടിച്ചുനിർത്താനും അദ്ദേഹത്തിന് സാധ്യമായിട്ടുണ്ടെന്നത് ശരി തന്നെയാണ്. യഥാർത്ഥത്തിൽ അവർ അതിനെല്ലാം നിർബന്ധിതരാവുകയായിരുന്നു. അദ്ദേഹമവർക്ക് സ്ഥാനമാനങ്ങളും സമ്മാനങ്ങളും നൽകി. സെമിനാറുകൾ, സമ്മേളനങ്ങൾ, ഔദ്യോഗിക പത്രങ്ങളിലും മാസികകൾ, പ്രസിദ്ധീകരണ സ്ഥാപനങ്ങൾ, മന്ത്രാലയത്തിന്റെ വിവിധ മേഖലകളിലെ ചരിത്രപരമായ ജോലികൾ തുടങ്ങിയവെക്കെല്ലാം അദ്ദേഹമവരെ ചൂഷണം ചെയ്തു. പകരമായി യാതൊരു യോഗ്യതയുമില്ലാതെ തന്നെ ഉയർന്ന പല സ്ഥാനങ്ങളിലും അവരെ നിയമിച്ചു. പ്രത്യുപകാരമെന്നോണം മന്ത്രാലയത്തിന്റെ പോരായ്മകളും വീഴ്ചകളും പരസ്യമായി എതിർക്കുന്നവരെയും പാശ്ചാത്യ സംസ്‌കാരത്തോടുള്ള വിശ്വസ്തത അതിന്റെ ഏറ്റവും നിഷേധാത്മകവും അശ്ശീലവുമായ രീതിയിൽ തന്നെ നടപ്പിൽ വരുത്തുന്നതിനെതിരെ പ്രതിഷേധിക്കുന്നവരെയും അവർ ശക്തിയുക്തം നേരിട്ടു.

മന്ത്രിയുടെ കളപ്പുരയിലേക്കുള്ള ഈ മേച്ചിലിനെതിരെ നിലകൊണ്ട ഒരു കൂട്ടവുമുണ്ട്. സ്വാഭിമാനത്തെയും സാംസ്‌കാരിക തത്ത്വങ്ങളെയും സംരക്ഷിച്ചു നിർത്തിയവരാണവർ. അവരാണ് യഥാർത്ഥ സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും. മന്ത്രി മുന്നോട്ട് വെക്കുന്ന സുഖ സൗകര്യങ്ങളും സ്ഥാനമാനങ്ങളും നിഷേധിക്കപ്പെട്ടവരാണ് അവരെന്നത് ശരി തന്നെയാണ്. പക്ഷെ, അവർ അവനവനോടും അവനവന്റെ മൂല്യങ്ങളോടും ധാർമ്മിതകതയോടും പ്രതിബദ്ധതയുള്ളവരാണ്. അകത്തട്ടിലിരുന്ന് മെനഞ്ഞെടുക്കുന്ന തന്ത്രങ്ങളെയും അധാർമ്മിക ചെയ്തികളെയും അവർ കണ്ടില്ലെന്ന് നടിക്കില്ല. അതിനെ മൂച്ചൂടും നശിപ്പിച്ച് ഉന്മൂലനം ചെയ്യുന്നത് വരെ അവർ അതിനെതിരെ ശക്തമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യും. അധികാരികളുടെ കരിനിഴൽ പട്ടികയിലായിരിക്കും അവരുടെ സ്ഥാനമെങ്കിലും സമൂഹത്തിനിടയിൽ അവരാണ് യഥാർത്ഥ മാതൃകകൾ.

അപകടകരമായ ഫാസിസം

വിരോധാഭാസം എന്താണെന്നുവെച്ചാൽ, അധികാരികളുടെ മേച്ചിൽ നാൽക്കാലികളായി നിലകൊള്ളുന്ന ബുദ്ധിജീവികൾ തന്നെ ഒരേസമയം വൈവിധ്യം, ബഹുസ്വരത, അഭിപ്രായ സ്വാതന്ത്ര്യം, വിയോജിക്കാനുള്ള അവകാശം എന്നിവക്ക് വേണ്ടി നിലകൊള്ളുകയും ബൗദ്ധിക ഭീകരത, മത്താർത്തീസം, ഉന്മൂലന സിദ്ധാന്തം, അധികാരികളെ എതിർക്കുക തുടങ്ങിയ ഹീനമായ ഫാസിസ്റ്റ് പ്രവണതകൾക്ക് വേണ്ടി കുഴലൂത്ത് നടത്തുകയും ചെയ്യുന്നു.

അവരുടെ കൂട്ടത്തിലൊരാൾ പറയുന്നു: എല്ലാ കാര്യങ്ങളിലും അഭിപ്രായ ഭിന്നതകളുണ്ടാകുമെന്നാണ് യൂണിവേഴ്‌സിറ്റിയിലായിരുന്ന കാലത്തോളം പ്രൊഫസർമാർ ഞങ്ങളെ പഠിപ്പിച്ചത്. ഭിന്നാഭിപ്രായമില്ലാതെ ഒരിക്കലും സത്യത്തിലേക്കും വസ്തുതകളിലേക്കും എത്തിച്ചേരാനാകില്ല. സംശയമെന്നത് മാനസികമായ ആരോഗ്യമാണെന്നതും അവരിൽ നിന്ന് ഞങ്ങൾ പഠിച്ചെടുത്ത കാര്യമാണ്. ഒരു കാര്യം സ്വീകരിക്കാനുള്ള വിമുഖതയും അതിനെ ചോദ്യം ചെയ്യാനുള്ള താൽപര്യവും വസ്തുനിഷ്ഠമായ അറിവിലേക്ക് നയിക്കുന്ന ലക്ഷണങ്ങളിൽ ഏറ്റവും ഉചിതമായതാണ്.

ഒട്ടും വ്യക്തത ഇല്ലാത്ത വാക്കുകളാണിത്. എന്ന് മാത്രമല്ല, യാഥാർത്ഥ്യം അതിനെ നിഷേധിക്കുകയും ചെയ്യുന്നു. വൈജ്ഞാനിക ഗവേഷണത്തിൽ വിയോജിക്കാനുള്ള അവകാസം നിയമാനുസൃതമാണെങ്കിൽ പിന്നെ, ഇസ്‌ലാമിനെയും ദൈവിക ബോധനത്തെയും നിഷേധിക്കുന്ന ഖുർആനിക വിമർശനത്തിനെ ജനങ്ങളെ പ്രേരിപ്പിക്കുന്ന അതിന്റെ പേരിൽ മുസ്‌ലിംകളെ പരിഹസിക്കുന്ന അഡോണിസിന്റെ കവിതാ പുസ്തക പഠനത്തെ എന്താനാണിവർ സ്വാഗതം ചെയ്യുന്നത്? പ്രശോഭിതമായ ഇസ്‌ലാമിക പാരമ്പര്യത്തെ വൃത്തിഹീനവും രക്തപങ്കിലവും വിനാശകരവുമായി മാത്രമാണ് അദ്ദേഹം കാണുന്നത്. അഡോണിസിന്റെ കവിതകളെ പാഠ്യ വിഷയമാക്കുമ്പോൾ തന്നെ ഇമാം മുസ്ത്വഫ സ്വാദിഖ് അൽ-റാഫിയുടെ കവിതകളെയോ സാഹിത്യ, ബൗദ്ധിക മേഖലയിൽ അദ്ദേഹത്തിനുള്ള സംഭാവനകളെയോ സ്വീകരിക്കാൻ ഇക്കൂട്ടർ തയ്യാറല്ല. മുസ്ത്വഫ സ്വാദിഖിനെ സംബന്ധിച്ചെടുത്തോളം അദ്ദേഹത്തിന്റെ ചിന്തകൾ പാഠ്യ വിഷയമാക്കുക പോയിട്ട് അത് വായിക്കാൻ തന്നെ കൊള്ളില്ലെന്നും അദ്ദേഹം ആധുനികവാദിയല്ലെന്നും പൈതൃകത്തെ മുന്നോട്ട് കൊണ്ടുപോകുന്നവരല്ല സമൂഹമെന്നും അവർ പറഞ്ഞു നടക്കുന്നു. എന്നാൽ, ഇക്കൂട്ടരോട് ചോദിക്കാനുള്ളത് ഇതാണ്: എവിടെയാണ് അവർ പറഞ്ഞ വൈവിധ്യവും, ബഹുസ്വരതയും വിയോജിക്കാനുള്ള അവകാശവും? ഇസ്‌ലാമിൽ വിശ്വസിക്കുന്ന ഇസ്‌ലാമിക ഐഡന്റിറ്റി കൊണ്ടുനടക്കുന്ന ഒരു സാർവത്രിക മനുഷ്യനാണ് മുസ്ത്വഫ റാഫിഈ എന്നതാണോ അദ്ദേഹത്തിന്റെ കുറ്റം? മുസ്ത്വഫ റാഫിഈ അദ്ദേഹത്തിന്റെ കാലത്തെ പരിഷ്‌കർത്താവായിരുന്നു. രാജ്യത്തെക്കുറിച്ച് അദ്ദേഹമെഴുതിയ കവിത ഒരു നൂറ്റാണ്ടു കാലത്തോളം തലമുറകൾ തലമുറകളായി ആവർത്തിച്ചു പാടിയ ദേശീയഗാനമായി മാറി. അഡോണിസിനെക്കാൾ ഗദ്യ-പദ്യ കവിതകളെഴുതിയത് അദ്ദേഹമാണ്. പടിഞ്ഞാറൻ, കൊളോണിയൽ നാടുകളിൽ നിന്നുള്ള സെലിബ്രിറ്റികൾ എഴുതിയ പലതും അദ്ദേഹം തിരുത്തി എഴുതിയിട്ടുണ്ട്. സാഹിത്യത്തിൽ അദ്ദേഹത്തിന്റെ ശൈലിയോട് കിടപിടിക്കുന്ന മറ്റൊരു ശൈലിയുമില്ല. കൊളോണിയൽ, പാശ്ചാത്യ സെലിബ്രിറ്റികളെ പോലെത്തന്നെ ഇസ്‌ലാം മതവിശ്വാസികൾ തന്നെ അദ്ദേഹത്തെ പരിഹസിക്കുകയും അദ്ദേഹത്തിന്റെ പഠനങ്ങളെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക വലയത്തിനുള്ളിൽ മുമ്പ് പറഞ്ഞ കുഴലൂത്തുകാർ അദ്ദേഹത്തെ തിരസ്‌കരിക്കുന്നതാണ് അവരും അങ്ങനെ ചെയ്യാൻ കാരണം. മാർക്‌സിസ്റ്റ്, ലിബറൽ, സെക്‌റ്റേറിയൻ, ഹാഫ് ടാലന്റഡ് എന്നിവരിൽ പെട്ട ഇസ്‌ലാമോഫോബുകളുടെയെല്ലാം പഠനങ്ങളെ സ്വാഗതം ചെയ്യുമ്പോൾ തന്നെയാണ് മുസ്ത്വഫ റാഫിഈയെ പോലെയുള്ളവരെ ഇവർ തഴയുന്നത് എന്നോർക്കണം.

ചരിത്രപരമായ നിർമ്മിതി

യൂണിവേഴ്‌സിറ്റി പ്രമോഷനാണ് ഏറ്റവും ഉയർന്ന പ്രമോഷനെന്ന് അവകാശപ്പെടുന്നവരുമുണ്ട്. ഇവിടെ അഭിപ്രായ സമവായമല്ല, മറിച്ച് അഭിപ്രായ ഭിന്നതയാണ് മാനദണ്ഡം. ഉത്തരവാദിത്ത രീതിശാസ്ത്രത്തെക്കുറിച്ചും അനുമാനപ്രമാണത്തിന്റെ സാധുതയെക്കുറിച്ചും ദൃഢതയുള്ളവരാണെന്ന് ഉറപ്പുണ്ടെങ്കിൽ, അവർ ഒരേസമയം പ്രമോഷൻ തേടുന്നവരുടെ സുരക്ഷയും മൂല്യവും പരിഗണിക്കുന്നു. ഇതും യാഥാർത്ഥ്യത്തോട് യോജിക്കാത്തതാണ്. മുസ്‌ലിം വിശ്വാസത്തെയും അതിന്റെ സുസ്ഥിരതയെയും വെല്ലുവിളിക്കുക, ഇസ്‌ലാമിനോട് ശത്രുത പുലർത്തുന്ന ഭൗതികവാദ സിദ്ധാന്തങ്ങൾക്ക് അനുകൂലമായി ചരിത്രം വളച്ചൊടിക്കുക എന്നിവയല്ലാത്ത കാര്യങ്ങളിൽ ജനം അഭിപ്രായ ഭിന്നതയിലാകുന്നത് പ്രശ്‌നമല്ല. മഅരിയുടെയും മുത്തനബിയുടെയും ഇടിയിൽ അഭിപ്രായ ഭിന്നതയുണ്ടാകാം. ജാഹിളിന്റെയും അബ്ദുൽ ഖാഹിറുന്റെയും ഇടയിൽ, ശൗഖിക്കും ഹാഫിളിനുമിടയിൽ, ത്വാഹാ ഹുസൈനും അഖാദിനുമിടയിൽ എല്ലാം പരസ്പര വിയോജിപ്പുകളുണ്ടാകാം. എന്നാൽ, ഇസ് ലാമിനെയും ഖുർആനിനെയും നിരാകരിക്കുന്നതിനും അത് ചരിത്രപരമായ ഉൽപന്നമാണെന്ന് അവകാശപ്പെടുന്നതിനും ശാസ്ത്രീയമായ ഗവേഷണം നടത്തുന്നത് ബുദ്ധിയും യുക്തിയുമുള്ള ഒരു വ്യക്തിക്ക് യോജിച്ചതല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ജൂതായിസം, ക്രിസ്റ്റിയാനിറ്റി, ബുദ്ധിസം, ഹുന്ദൂയിസം, പുറജാതീയത എന്നിവയിൽ വിശ്വസിക്കുന്ന ആളുകൾ അവരുടെ തന്നെ മതത്തെ ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ വെല്ലുവിളിക്കാൻ തയ്യാറാകുമോ? ഇസ്‌ലാമിനെ വെല്ലുവിളിക്കുന്നത് രീതിശാസ്ത്രപരമായ നിഷ്പക്ഷതയുടെ അടിസ്ഥാനത്തിലൊന്നുമല്ല. വ്യവസ്ഥാപിതമായൊരു പ്രക്രിയയിലൂടെ ചർച്ച ചെയ്യാൻ സാധ്യമല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഇസ്‌ലാം പറയുന്നതാണ് ഗവേഷകന്മാരെ അതിശയോക്തിയുള്ളവരും മതവിരോധികളുമാക്കി മാറ്റുന്നത്.

ആശയത്തെ ശിഥിലമാക്കൽ

ഇസ്‌ലാമിനെതിരെ മാർക്‌സിസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന വൈജ്ഞാനിക ഗവേഷണങ്ങളെയും ഇമാ ശാഫിയെ അമവി ഭരണകൂടത്തിന്റെ ഏജന്റാക്കുന്നതുപോലെയുള്ള ചരിത്രത്തെ വ്യാജമാക്കുന്ന പ്രവർത്തികളെയും പ്രതിരോധിക്കുമ്പോൾ തന്നെ മറ്റു ചില ഗവേഷണങ്ങളെയും നാം പ്രതിരോധിക്കുന്നു. കാരണം അവയാണെങ്കിൽ ഇസ്‌ലാമിനെ രൂപപ്പെടുത്തുന്ന ഗവേഷണങ്ങളാണ് താനും. മാത്രവുമല്ല, നീചമായ സാംസ്‌കാരിക സാഹിത്യങ്ങളോട് ചേർത്തുവെച്ച് അവയെല്ലാം പിന്തിരിപ്പനാണെന്ന് പറഞ്ഞ് നാം അവയെ തള്ളിക്കളയുന്നു. വൈവിധ്യം, വിയോജിപ്പിനുള്ള സ്വാതന്ത്ര്യം, ബഹുസ്വരത എന്നീ മഹത്തായ ആശയത്തിന് ഏൽക്കേണ്ടി വരുന്ന കടുത്ത തിരിച്ചടിയാണത്. അല്ലാഹു പറയുന്നത് നോക്കൂ: ‘നിങ്ങൾ ജനങ്ങളോട് നന്മകൽപിക്കുകയും ഒപ്പം സ്വന്തം കാര്യം മറന്നുകളയുകയുമാണോ? വേദഗ്രന്ഥം നിങ്ങൾ പാരായണം ചെയ്യുന്നുമുണ്ട്! ചിന്തിക്കുന്നില്ലേ നിങ്ങൾ?'(ബഖറ: 44).

ഫാസിസ്റ്റ് കുഴലൂത്തുകാർ കൃത്യമായ പ്രസ്താവനകൾ അവതരിപ്പിക്കുന്നുവെങ്കിലും യാഥാർത്ഥ്യത്തിന് മുന്നിൽ അതെല്ലാം തകർന്നടിയുന്നു. അവരെ ചോദ്യം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്യുന്നവർക്കെതിരെ ഫാസിസ്റ്റ് ഉന്മൂലന, അപവാദ പ്രചാരണ സ്വഭാവം കൈകൊള്ളുമ്പോൾ പ്രത്യേകിച്ചും. അവർ പറയുന്നത് കാണാം: വിയോജിപ്പുകളാണ് സംസ്‌കാരത്തെ മനോഹരമാക്കുന്നത്. ഒരേസമയം വൈവിധ്യത്തെ സ്വീകരിക്കുകയും ശക്തമായി നിലകൊള്ളുകയും ചെയ്യുന്ന ക്രിയാത്മകമായ വൈവിധ്യമുള്ള ഈജിപ്ഷ്യൻ സംസ്‌കാരത്തെ അവരതിന് തെളിവായി പിടിക്കുന്നു. ആ സംസ്‌കാരത്തിന് ഫറോവയുടെ ഈജിപ്തമായും കോപ്റ്റിക്കുകളുടെ ഈജിപ്തുമായും ബന്ധമുണ്ട്. മമ്‌ലൂക്കികളുടെയും ഫാത്വിമികളുടെയും ഈജിപ്തുമായി ബന്ധമുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ, ആധുനികത അതിന്റെ ഭാഗമാണ് എന്നെല്ലാം അവർ അതിനോട് ചേർത്തുപറയുന്നുവെങ്കിലും അവിടെ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. പൗരോഹിത്യപരമായി ഈജിപ്ത് ഒരിക്കലും കോപ്റ്റിക് ആയിരുന്നില്ല. പുറജാതിക്കാരെയും ബിംബാരാധകരെയും അപേക്ഷിച്ച് സഭാ അനുയായികളായിരുന്നവർ പീഢനം അനുഭവിക്കുന്ന ന്യൂനപക്ഷമായിരുന്നു. ഇസ്‌ലാമിനാൽ മോചിപ്പിക്കപ്പെടും വരെ അക്രമികളായ ഭരണാധികാരികളുടെ കീഴിലായിരുന്നു അവർ. പിന്നീടാണ് ക്രിസ്ത്യാനികൾ അവരുടെ ചർച്ചുകളിലേക്ക് തന്നെ മടങ്ങിയത്. പിന്നീട് കുരിശപടക്കെതിരെ ധീരവിജയം വരിച്ച അയ്യൂബിയുടെ ഭരണമായിരുന്നു ഈജിപ്തിൽ. ശേഷം നാല് നൂറ്റാണ്ടോളം നീണ്ടുനിന്ന ഒട്ടോമൻ ഭരണം. ഇതനെക്കുറിച്ചൊന്നും മന്ത്രി മേടയിലിരിക്കുന്ന സാംസ്‌കാരിക ബുദ്ധിജീവികൾ സംസാരിക്കുന്നേയില്ല.

ഇസ്‌ലാമിന്റെ ആഗമനം തൊട്ട് ഈജിപ്തിന്റെ സംസ്‌കാരം ഇസ്‌ലാമികമാണ് എന്ന് പറയുന്നതാണ് ഉചിതം. മറ്റെല്ലാ സംസ്‌കാരങ്ങളിൽ നിന്നും ഉപകാരപ്രദമായവയെ സ്വീകരിക്കുന്ന ബഹുസ്വര സംസ്‌കാരമായിരുന്നു ഇസ്‌ലാമിന്റെത്. നന്മയുള്ളതിനെ സ്വീകരിക്കുകയും അല്ലാത്തവ നിഷേധിക്കപ്പെടേണ്ടവയാണെന്ന് ഇസ്‌ലാം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. ലോക ഭൂപടത്തിന്റെ ചക്രവാളങ്ങളിൽ പരന്നുകിടന്ന പേർഷ്യ, ഇന്ത്യ, ഗ്രീക്ക്, റോമ, ഈജിപ്ത് തുടങ്ങിയ നാഗരികതകളോടെല്ലാം ഇസ്‌ലാം ക്രിയാത്മക ഇടപെടലുകൾ നടത്തിയിട്ടുണ്ട്. സഹിഷ്ണുത, ചിന്താ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയെല്ലാം അടങ്ങുന്ന മഹത്തായ സംസ്‌കാരമാണ് ഇസ്‌ലാം നിർമ്മിച്ചെടുക്കാൻ ശ്രമിച്ചത്. അബ്ബാസി ഖലീഫ മഅ്മൂൻ തന്റെ സദസ്സിൽ വിവിധ മതവിശ്വാസികളെയും വിശ്വാസമില്ലാത്തവരെയും ഒരുമിച്ചു കൂട്ടിയിരുന്നതാണ് അതിനുള്ള തെളിവ്. അവരെക്കൊണ്ട് പുസ്തകങ്ങൾ വിവർത്തനം ചെയ്യിക്കുകയും വിവർത്തനം ചെയ്യപ്പെട്ട പേപ്പറുകളുടെ തൂക്കത്തിന് അനുസരിച്ച് അവർക്ക് സ്വർണം പാരിതോഷികമായി നൽകുകയും ചെയ്തിരുന്നു.

ഇസ്‌ലാമിക സംസ്‌കാരം

ഫാസിസ്റ്റ് തന്ത്രങ്ങളും അസാംസ്‌കാരിക മാലിന്യങ്ങളും വന്നു മൂടിയിട്ടുണ്ടെങ്കിലും ഈജിപ്ഷ്യൻ സംസ്‌കാരത്തെ മികവുറ്റതാക്കിയത് ഇസ്‌ലാമിക സംസ്‌കാരമാണ്. മനുഷ്യരുമായി ആഴത്തിൽ ഇഴചേർന്നു നിൽക്കുന്നതിനാൽ തന്നെ ക്രിയാത്മകമായ വൈവിധ്യത്തിന്റെ സംസ്‌കാരമാണത്. പുരാതനവും ആധുനികവുമായവിയിൽ നിന്ന് മനുഷ്യകുലത്തിന് ഉപകാരപ്രദമായതെല്ലാം അത് സ്വീകരിച്ചു. സത്യം, നന്മ, നീതി, സഹവർത്തിത്വം, കരുണ എന്നീ മൂല്യങ്ങളെയത് ശക്തിപ്പെടുത്തി. അക്ഷരാർത്ഥത്തിൽ ഈജിപ്ത് പാടെ മാറി. ഇസ്‌ലാം അതിന്റെ തലച്ചോറായി. ഇസ്‌ലാം വന്നത് എന്തിനായിരുന്നുവോ അതേ തലത്തിലേക്ക് ഈജിപ്തുകാരുടെ പ്രകൃതവും മാറിമറിഞ്ഞു. മനുഷ്യരുടെ പദവികളും മൂല്യങ്ങളും വർദ്ധിച്ചു. ഇസ്‌ലാമിന് തൊട്ടു മുമ്പ് ഈസാ നബിയുടെ അധ്യാപനത്തോടായിരുന്നു അവർ അടുപ്പം കാണിച്ചിരുന്നത്. ഓർത്തോഡക്‌സ് സഭയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന ആധുനിക പാശ്ചാത്യ ക്രിസ്തീയ നേതാക്കളുടെ അസഹിഷ്ണുതയോ കാർക്കശ്യമോ അക്രമമോ അന്നവർ നേരിട്ടിരുന്നില്ല.

സാംസ്‌കാരിക വൈവിധ്യത്തിൽ നിന്നുണ്ടാകുന്നെന്ന് അവർ വാദിക്കുന്ന ശത്രുത ഇസ്‌ലാമിലേക്കും മുസ്‌ലിംകളിലേക്കും പകർത്തിവിടാനുള്ള ശ്രമമാണ് ഫാസിസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. പഴയ ഒരുപാട് വൈരുദ്ധ്യങ്ങളും പാരമ്പര്യങ്ങളുടെ നിലനിൽപ്പും മതമൗലികമായ കാർക്കശ്യവും നാടിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നുവെന്നതാണ് അവർ അതിന് നിരത്തുന്ന കപട ന്യായീകരണങ്ങൾ. ഇസ്‌ലാമിനെപ്പോലെ ചിന്തയിലേക്കും അതിനെ ക്രിയാത്മകമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിലേക്കും മനുഷ്യ സമൂഹത്തെ ക്ഷണിച്ച മറ്റൊരു മതമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. യുക്തി, ചിന്ത, വീക്ഷണങ്ങൾ എന്നിവയെയെല്ലാം പ്രോത്സാഹിപ്പിക്കുന്ന നിരവധി സൂക്തങ്ങൾ ഖുർആനിലും നമുക്ക് കാണാനാകും.

മനുഷ്യരാശിയുടെ മേൽ വർഷിച്ച് പ്രകാശമായിരുന്നു ഇസ്‌ലാം. ലോകത്തിന് മുഴുവൻ മാതൃകയായുള്ള അതുല്യ നാഗരികത ഇസ്‌ലാം സൃഷ്ടിച്ചെടുത്തു. പക്ഷെ, പിൽകാലത്ത് വന്ന മനുഷ്യ പിശാചുക്കളും സ്വേച്ഛാധിപതികളും അവർക്ക് ഓശാന പാടുന്ന അസുരന്മാരും കപടവിശ്വാസികളും ഇസ്‌ലാമിന്റെ കടിഞ്ഞാൺ കൈപിടിയിലാക്കി. ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെ മുസ്‌ലിംകൾ കടന്നുപോകുമ്പോൾ തന്നെ അവരെ പിന്നിൽ നിന്ന് കുത്തി. ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമിടയിലെ അത്യത്ഭുതമായ പ്രകാശത്തെ കെടുത്തിക്കളയാൻ അവർ ശ്രമിച്ചു.

മുസ്‌ലിംകളുടെ ഹൃദയാന്തരങ്ങളിൽ നിന്നും ചിന്തയിൽ നിന്നും ഇസ്‌ലാമിനെ അവർ മോഷ്ടിച്ചെടുത്തു. തിരുനബി(സ്വ) പറഞ്ഞത് പോലെത്തന്നെ ലോകരാഷ്ട്രങ്ങൾക്ക് കൈയിട്ട് വാരാനുള്ള തളികയാക്കി മാറ്റി. ഇസ്‌ലാമിക രാഷ്ട്രത്തിൽ യഹൂത, ക്രൈസ്തവ, ബുദ്ധ, ഹൈന്ദവ വിശ്വാസികളെയും കമ്മ്യൂണിസ്റ്റ്, നിരീശ്വരവാദി, ലിബറൽ എന്നിവരെയും അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനും ആചാരാനുഷ്ഠാനങ്ങൾ അനുവർത്തിക്കാനും അനുവദിച്ചുവെന്നത് അത്യത്ഭുതം തന്നെയല്ലേ? അതേസമയം ഇന്ന് മുസ്‌ലിംകൾ പള്ളിയിൽ പോയി ആചാരാനുഷ്ഠാനങ്ങൾ നിർവഹിച്ചാൽ അവരെ വേട്ടയാടുന്നു. ശരീഅത്ത് അനുസരിച്ച് ജീവിക്കാൻ അനുവദിക്കാതിരിക്കുന്നു. ഫാസിസം ഇസ്‌ലാമിന്റെ വൈകല്യം ഏറ്റെടുത്ത് അതിനോട് തീവ്രവാദം, ഐസിസ്, പിന്നോക്കാവസ്ഥ, പിന്തിരിപ്പൻ സമൂഹം, ധാർമ്മികവും ബൗദ്ധികവുമായി മൂല്യച്ഛ്യുതി സംഭവിച്ചവർ തുടങ്ങിയ വിശേഷണങ്ങൾ ചേർത്തുവെക്കുന്നത് ഖേദകരം തന്നെയല്ലേ? നമ്മുടെ മഹത്തായ ഇസ്‌ലാം ശാസ്ത്രീയ പുരോഗതിക്കും മാനവികതക്കും എതിരാണെന്ന് ഫാസിസ്റ്റുകളും അവരുടെ കൂലിപ്പടയാളികളും വിളിച്ചു പറയുന്നത് മോഷം തന്നെയല്ലേ?

തീവ്രവാദവും ഭീകരവാദവും

നിർഭാഗ്യവശാൽ, ആറു പതിറ്റാണ്ടായി മാധ്യമങ്ങളെയും സംസ്‌കാരത്തെയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് ഫാസിസ്റ്റുകളുടെ കൂലിപ്പടയാളികളാണ്. സാഹിത്യത്തെയും സംസ്‌കാരത്തെയും അവർ നശിപ്പിച്ചുകളഞ്ഞു. നാടകവേദികളെ പ്രോത്സാഹിപ്പിക്കുകയും സിനിമകൾ യഥേഷ്ടം പുറത്തിറക്കുകയും ചെയ്തു. അങ്ങനെ മതവും ധാർമ്മികതയുമില്ലാത്ത ഭീകരതയും തീവ്രവാദവും മുഖമുദ്രയാക്കിയ ഒരു തലമുറയെ അവർ സൃഷ്ടിച്ചെടുത്തു.

മാസങ്ങൾക്കു മുമ്പ് ഒരു കവിതാ സിമ്പോസിയം നടന്നു. അതിൽ ചിലർ ദൈവികതയെ വികലമായി ചിത്രീകരിക്കുകയും വേശ്യാവൃത്തി നിയമവിധേയമാക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. ശരീഅത്ത് അനുവദിച്ച വിവാഹത്തെ അവർ നിരസിച്ചു. ചിലർ ലൈംഗിതയെക്കുറിച്ച് അശ്ശീലമായ വാക്കുകൾ തെല്ലും ലജ്ജയില്ലാതെ പറഞ്ഞു. അവർക്കാണ് രക്തസാക്ഷികളുടെ കുപ്പായമണിയേണ്ടി വരുന്നത്. അവരാണ് ഐസിസ് പോലോത്ത ഭീകരവാദത്തിന്റെ ഇരകളായിത്തീരുന്നത്. അവരിൽ ചിലർ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തപ്പെട്ടവരായിരുന്നു. പിന്നീട് അവർ അധികാരികളുടെ പാവകളായി മാറി. മതത്തെ അവഹേളിച്ച് കവിത പാടിയ തീവ്രവാദികളായ വിമർശകർ അവരുടെ തലച്ചോറിലേക്ക് ഇസ്‌ലാമിനെതിരെ ദുഷിച്ച ചിന്തകൾ കുത്തിവെച്ചു. അധികാരത്തിലിരിക്കുന്ന വലിയവനും ചെറിയവനുമായ ഏതൊരു ഉദ്യോഗസ്ഥനും ദൈവികതയെ വിമർശിക്കുമ്പോൾ അതിനെതിരെ ചെറുവിരൽ പോലും അനക്കാനാകാത്ത വിധം അവർ അധപതിച്ചുപോയി.

വിചിത്രമായ മറ്റൊരു കാര്യം എന്താണെന്നുവെച്ചാൽ, അവരുടെ അധപതനത്തെക്കുറിച്ചും നാശത്തെക്കുറിച്ചും വിമർശിക്കുന്നവരെക്കുറിച്ച് അവർ തരംതാഴ്ത്തി സംസാരിച്ചു; ഇയാളൊരു അസ്ഹരി പണ്ഡിതനാണ്, അയാൾ പള്ളിയിലെ ഇമാമാണ്, അതൊരു തീവ്രവാദിയായ അഭിഭാഷകനാണ് എന്നിങ്ങനെ പറഞ്ഞ് നിസാരവൽകരിച്ചു. അതിൽ സംതൃപ്തരാകാതെ അവരെ വിമർശിക്കുന്നവരെക്കുറിച്ച് കള്ളക്കഥകൾ പടച്ചുവിട്ടു.

ഫാസിസം ഒരു സംഗ്രഹം

പ്രൊഫസർ ജമാൽ മദ്കൂർ ഫാസിസത്തെ ഭീകരതയെ സംഗ്രഹിക്കുന്ന ചില വരികൾ എന്നെ വല്ലാതെ ആകർശിച്ചിട്ടുണ്ട്. തന്റെ സ്വത്വസിദ്ധമായ ശൈലിയിൽ വളരെ ഭംഗിയായിത്തന്നെ അദ്ദേഹമത് വിശദീകരിക്കുന്നുണ്ട്: ചർച്ചിലെ മണിയടി നിരോധിക്കണമെന്ന് ഒരു ക്രൈസ്തവൻ ആവശ്യപ്പെടുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? മൂടുപടം പിന്തിരിപ്പനാണെന്ന് പറഞ്ഞ് കന്യാസ്ത്രീകളുടെ മൂടുപടം വലിച്ചെടുക്കുന്നവരെ ആരെങ്കിലും കണ്ടിട്ടുണ്ടോ? താടി ഭീകരതയുടെ പ്രതീകമായതിനാൽ ക്രൈസ്തവ പുരോഹിതന്മാരോട് അത് വടിച്ചുകളയാൻ ആവശ്യപ്പെടുന്നത് കണ്ടിട്ടുണ്ടോ? ആരാധനാ കർമ്മനങ്ങൾ അനുവർത്തിക്കുന്ന ആളുകൾ കുറവായതിനാൽ പള്ളി അടിച്ചിടണം എന്ന് ആരെങ്കിലും പറയുന്നതായി നിങ്ങൾ കേട്ടിട്ടുണ്ടോ? ഡ്രാഗണെ കൊന്നത് താനാണെന്ന് പറഞ്ഞതിനാൽ തന്നെ സെന്റ് ജെർജസിന്റെ ജീവചരിത്രം ഇല്ലാതാക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടതായി നിങ്ങൾക്ക് അറിവുണ്ടോ? മതത്തെ ഭരണകൂടത്തിൽ നിന്നും വേർപ്പെടുത്തണമെന്നും പ്രസിഡന്റുമാരെ സഭയിൽ വന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതിൽ നിന്ന് വലക്കണമെന്നും പറയുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ? എന്നെ സംബന്ധിച്ചെടുത്തോളം അങ്ങനെയൊന്ന് ഞാൻ ഇതുവരെ കേട്ടിട്ടില്ല.

എന്നാൽ, അയൽക്കാരന് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ബാങ്ക് നിരോധിക്കണമെന്ന് പറയുന്ന മുസ്‌ലിം അസുരന്മാരെ ഞാൻ കേട്ടിട്ടുണ്ട്. മൂടുപടം പിന്തരിപ്പിനും പ്രാകൃതവുമാണെന്ന് പറയുന്നവരെ ഞാൻ കേട്ടിട്ടുണ്ട്. താടി ഭീകരവാദത്തിന്റെ അടയാളമായതിനാൽ അത് വടിച്ചുകളയണമെന്ന് അഭിപ്രായപ്പെടുന്ന കപടവിശ്വാസികളെ ഞാൻ കണ്ടിട്ടുണ്ട്. ഖുർആനിക സൂക്തങ്ങൾക്കനുസൃതമായി ആരാധനകൾ നടത്തേണ്ടതില്ലെന്ന് പറയുന്ന മൂഢന്മാരുണ്ട്. ആരാധകർ കുറവായതിനാൽ പള്ളി അടിച്ചിടണമെന്ന് പറയുന്ന വിഡ്ഢികളുണ്ട്. അക്രമത്തെ പ്രേരിപ്പിക്കുന്നതിനാൽ സ്വഹാബികളുടെ ചരിത്രം വിപാടനം ചെയ്യാൻ ആവശ്യപ്പെടുന്നവരെ ഞാൻ കേട്ടിട്ടുണ്ട്. നിഖാബ് പോലെയുള്ള ഇസ്‌ലാമിക വസ്ത്രങ്ങൾ ഉപേക്ഷിക്കണമെന്ന് അഭിപ്രായപ്പെടുന്ന മത വഞ്ചകരെ ഞാൻ കണ്ടിട്ടുണ്ട്. മുസ്‌ലിം രാഷ്ട്രത്തെ ഉപരോധിക്കാൻ മുസ്‌ലിംകളെയും ശത്രുക്കളെയും ഒരുപോലെ പ്രേരിപ്പിക്കുന്ന കപടനാട്യക്കാരെ ഞാൻ കണ്ടിട്ടുണ്ട്. ഭരണകൂടത്തെത്തൊട്ട് മതത്തെ വേർപിരിക്കണമെന്ന് പറയുന്ന പമ്പരവിഡ്ഢികളെ ഞാൻ കേട്ടിട്ടുണ്ട്. അല്ലാഹു എത്രമേൽ മഹത്വമുടയവനാണ്. അവൻ നിങ്ങളെ മുസ്‌ലിമാക്കി.

വിവ: മുഹമ്മദ് അഹ്‌സൻ പുല്ലൂർ

Related Articles