ഹിജാബിൻ്റെ ഭാഗമായുള്ള ശിരോവസ്ത്രം പല ഘട്ടങ്ങളിലായി രാജ്യത്ത് പല വിധ കോലാഹലങ്ങൾക്കും കാരണമായിട്ടുണ്ട്. മുസ്ലിം പെൺകുട്ടികൾ അവരുടെ മതവിശ്വാസത്തിൻ്റെ ഭാഗമായി തലമുടി മറക്കുന്നു എന്നത് എങ്ങനെയാണ് ഒരു ബഹുസ്വര ജനായത്ത സമൂഹത്തിൽ പ്രശ്നവൽക്കരിക്കപ്പെടുന്നത് എന്നതിനെ കുറിച്ചുള്ള ചിന്തകൾ തീർത്തും അനാരോഗ്യകരമായ ചില മനോ വിഭ്രാന്തികളെ അടുത്തറിയാൻ നമുക്ക് അവസരം നൽകുന്നു.
വെെയക്തിക മനോവിഭ്രാന്തികൾ (psychoticism) സാമൂഹികമായ സംഘ വിഭ്രാന്തിയിലേക്ക് എങ്ങനെ ചടുല വികാസം നേടുന്നു എന്നത് സംബന്ധമായ ഗൗരവതരമായ പഠനങ്ങളുടെ പ്രസക്തിക്ക് അടിവരയിടുന്ന സംഭവങ്ങളാണ് മുസ്ലിം പെൺകുട്ടികളുടെ ഹിജാബിൻ്റെ പേരിൽ രാജ്യത്ത് അരങ്ങേറുന്നത്. ഫാഷിസം സമഗ്രാധിപത്യത്തിലേക്ക് ചുവട് വെക്കുമ്പോൾ അപര ജീവിതങ്ങളുടെ ഏറ്റവും നിസ്സാരമായ അടയാളങ്ങൾ പോലും മുമ്പെങ്ങും ഇല്ലാത്ത വിധം വെറുപ്പിന് പാത്രീഭവിക്കും എന്നത് ഒരു സ്വാഭാവികത മാത്രമാണ്.
വംശീയതയും തജ്ജന്യമായ ഫാഷിസവും മൗലികമായി പ്രതിനിധാനം ചെയ്യുന്നത് ഭ്രാന്തിനെയാണ്. വംശീയ ഭ്രാന്തിൻ്റെ സമാഹൃത രൂപമായി ഇന്ത്യയിൽ ഫാഷിസം അതിൻ്റെ സമഗ്രത നേടുമ്പോൾ പല വിരോധാഭാസങ്ങളുടേയും കൊരുക്കലും കോർക്കലുമായി അത് പരിണമിക്കുകയാണ്. അന്ധതയാണ് വംശീയ ഭ്രാന്തിൻ്റെയും ഫാഷിസത്തിൻ്റെയും ഒന്നാമത്തെ ഐക്കൺ. സത്യത്തിന്, അതിൻ്റെ ഏറ്റവും ലോലമായ അവസ്ഥയിൽ പോലും പ്രവേശനം നിഷേധിക്കപ്പെട്ട ഘനാന്ധകാരത്തിൻ്റെ ഇടമാണത്. ഫാഷിസം എന്ത് എന്നതിൻ്റെ ഏറ്റവും ലളിതമായ ഉത്തരം തിരിച്ചറിവുകളുടെ അതിസൂക്ഷ്മമായ കണികകൾ പോലും പൊലിഞ്ഞ് പോവുന്ന തമോഗർത്തം എന്നാണ്!
തിരിച്ചറിവും തിരിച്ചറിയാനുള്ള ശേഷിയും തിരിച്ചറിവിലേക്ക് നയിക്കുന്ന ചിന്താശീലങ്ങളും സമ്പൂർണ മരണം പ്രാപിക്കുന്ന ഈ കനത്ത ഇരുട്ടിൽ മാനവരാശിയുടെ ബന്ധ ബാന്ധവങ്ങളും ഇഴയടുപ്പങ്ങളും മാത്രമല്ല വർത്തമാനവും ഭാവിയും പോലും മരണ വക്ത്രത്തിലാണ്! ഭ്രാന്ത് ബോധത്തിൻ്റെ മരണമാവുമ്പോൾ ഭ്രാന്തിൻ്റെ ഉഗ്രവും സംഘടിതവുമായ രൂപമായ വംശീയ ഫാഷിസം സാമൂഹികമായ ബോധാവബോധങ്ങളെ ആൾക്കൂട്ട ഭ്രാന്ത് കൊണ്ട് പകരം വെക്കുന്നു.
അങ്ങനെയൊരു ഭ്രാന്താണ് മുസ്ലിം പെൺകുട്ടികളുടെ ശിരോവസ്ത്രം കാണുമ്പോഴുള്ള ഹാലിളക്കം. കർത്താവിൻ്റെ മണവാട്ടികളായി ശിരോവസ്ത്രം ഉൾപ്പടെയുള്ള തിരുവസ്ത്രമണിഞ്ഞ് വിശുദ്ധരായി വാഴുന്ന ക്രിസ്തീയരായ കന്യാസ്ത്രീകൾ മുസ്ലിം പെൺകുട്ടിയുടെ ശിരോവസ്ത്രം നിർബന്ധപൂർവം അഴിപ്പിക്കുന്നു എന്നത് അത് സംഭവിക്കുന്ന സ്ഥലകാല പരിസരങ്ങളിൽ നിന്ന് നോക്കുമ്പോൾ അക്കൂട്ടർ എങ്ങോട്ടേക്കുള്ള ഒഴുക്കിലാണെന്ന് മനസ്സിലാവാൻ ഒരു പടി വരേയും പോവേണ്ടതില്ല. തിരുവസ്ത്രത്തിനകത്തെ സിരകളിൽ അത്യുഗ്രമായ ആ വിഷം അതിൻ്റെ എല്ലാ വിദ്വേഷാംശങ്ങളോടെയും ചംക്രമിക്കുകയാണ്.
മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതിനെ പ്രശ്നവൽക്കരിക്കുവാൻ ബോധപൂർവം ശ്രമിക്കുന്നവരുണ്ട്. പല നിലക്കും ശിരോവസ്ത്രം ധരിക്കൽ വിശ്വാസമായി കൊണ്ട് നടക്കുന്ന ക്രിസ്ത്യൻ മാനേജ്മെൻ്റുകൾ അതിൽ മുൻപന്തിയിലാണ് എന്നത് ദൗർഭാഗ്യകരമായ വസ്തുതയാണ്. അതിനാൽ, സംഘപരിവാരത്തിൻ്റെ വംശീയ അജണ്ടകൾക്ക് ഹാലേലുയ പാടുന്ന ഇത്തരം സമീപനങ്ങളിൽ നിന്ന് ക്രിസ്തീയ മാനേജ്മെൻ്റുകൾ വിട്ട് നിൽക്കണം. ഇന്ന് ഇന്ത്യയിൽ ഹിന്ദുത്വയുടെ ഇരകൾ മുസ്ലിംകൾ മാത്രമല്ല, ക്രിസ്തീയ സമൂഹവും കൂടിയാണ് എന്ന അനുഭവ സത്യത്തിൽ നിന്ന് ക്രിസ്തീയ സഭകളും മാനേജ്മെൻ്റുകളും ഇത് വരെയും വേണ്ട പാഠം ഉൾകൊണ്ടിട്ടില്ല എന്നാണ് അവയുടെ അധികാര ഇടങ്ങളിൽ ഉയരുന്ന ഇത്തരം വിവാദങ്ങളിലൂടെ തെളിയുന്നത്.
യൂണിറ്റിയുടെ പേരിലുള്ള സ്കൂൾ യൂണിഫോം അടിസ്ഥാന വിശ്വാസ ബാധ്യതകളെ ഹനിക്കുവാനുള്ളതല്ല എന്നതും ഓരോ വ്യക്തിക്കും അയാളുടെ വിശ്വാസം വ്യക്തിതലത്തിൽ നിലനിർത്തുവാനും ആചരിക്കുവാനുമുള്ള ഭരണഘടന നൽകുന്ന മൗലികാവകാശത്തിനെ മറികടക്കാൻ ഒരു ബൈലോക്കും കോഡിനും ചട്ടങ്ങൾക്കും സാധ്യമല്ല എന്നതും നമ്മുടെ നൈതിക വ്യവസ്ഥക്കകത്തെ ഏറ്റവും ലളിതമായ പാഠമാണ്. അല്ലെങ്കിലും, യൂണിഫോം കൊണ്ടുള്ള യൂണിറ്റി ഒരു ബഹുസ്വര സമൂഹത്തിൽ ബഹുസ്വരതയെ മാനിക്കുന്ന പരിധികൾക്കകത്ത് ഒതുങ്ങുന്നതായിരിക്കണം. അപ്പോഴേ ഭരണഘടനയുടെ അനുശാസനം അവിടെ പാലിക്കപ്പെടുന്നുള്ളൂ.
നാനാത്വത്തിലെ ഏകതയാണ് രാജ്യത്തിൻ്റെ മുഖമുദ്ര. അതാവട്ടെ വേഷഭൂഷാദികളുടെ പ്രകടന പരതയേക്കാളും ഒരു മാനസിക സൗകുമാരികതയുടെ അകം വഴിയലുമാണ്. ഓരോ വ്യക്തിയും സമൂഹവും ഇതരരെ ഉൾക്കൊള്ളുന്നതിലാണ് ആ ഏകത പുലരുന്നത്. അല്ലാതെ യൂണിഫോമിറ്റിക്ക് വേണ്ടി സ്വത്വ വൈവിധ്യങ്ങളെ അഴിച്ചുമാറ്റിക്കൊണ്ടല്ല. ഒരു ബഹുസ്വര സമൂഹത്തിൽ അങ്ങനെയൊരു യൂണിറ്റിയോ യൂണിഫോമിറ്റിയോ ഇല്ല. അങ്ങനെയൊന്ന് അടിച്ചേൽപ്പിക്കുന്നത് നാനാത്വങ്ങളുടെ ഏകതക്കും ബഹുസ്വരതക്കും മേലുള്ള കനത്ത അക്രമവുമാണ്.
ബഹുസ്വരതയുടെ സാമൂഹിമായ ഇഴയടുപ്പങ്ങളുടെ ബാലപാഠങ്ങൾ പകർന്നു കൊടുക്കുന്ന, അതിൻ്റെ പകർത്തലിൻ്റെയും പരിശീലനത്തിൻ്റെയും ഇടങ്ങൾ കൂടിയാണ് വിദ്യാലയങ്ങൾ. ഹിജാബും ചന്ദനക്കുറിയും കുരിശുമാലയും അണിഞ്ഞും അതൊന്നും അണിയാതെയും വരുന്നവരേയും ഒരേ ബെഞ്ചിലും ക്ലാസ് മുറിയിലും അടുത്തും അറിഞ്ഞും അനുഭവിച്ചും വളരുന്ന ഒരു തലമുറക്ക് വേണ്ടി കളമൊരുക്കാൻ നമ്മുടെ വിദ്യാലയങ്ങൾക്ക് കഴിയുന്നില്ല എങ്കിൽ വംശീയതയേയും ഫാഷിസത്തേയും മതഭ്രാന്തിനേയും ചെറുക്കുവാനുള്ള ഒന്നാം പാഠത്തെ അതിൻ്റെ ഈറ്റില്ലത്തിൽ തന്നെ നാം റദ്ദ് ചെയ്തു എന്നാണതിനർത്ഥം!
ഒരേയൊരു വേഷവും ഒരേയൊരു നിറവുമെന്നത് വൈവിധ്യങ്ങളോടുള്ള സഹിഷ്ണുതയെ ഇല്ലാതാക്കി ഇതരവും അപരവുമായതിനോടെല്ലാം വെറുപ്പും വിദ്വേഷവും പടർന്ന മനോനിലകളെ രൂപപ്പെടുത്തിയെടുക്കുന്നു. ആ അർത്ഥത്തിൽ ഈ യൂണിഫോമും യൂണിഫോമിറ്റിയുമെല്ലാം ചൂട്ടു പിടിക്കുന്നത് ഫാഷിസത്തിലേക്കാണ്. വൈവിധ്യങ്ങളെ പുറന്തള്ളുന്ന അക്രമാസക്തിയാണ് ഫാഷിസം എന്ന തിരിച്ചറിവിനെ കൂടി പ്രസക്തമാക്കുന്നതാണ് ഈ ഹിജാബ് വിരോധം. അത് സഭയുടേതായാലും സംഘപരിവാറിൻ്റെതായാലും!
Summary: The article examines the growing intolerance and fascist mindset in India reflected through the controversy over Muslim girls wearing the hijab. The author argues that what should be a simple act of faith has become a mirror to the deep psychotic racism and collective social paranoia spreading through society. He highlights the hypocrisy of Christian institutions that respect the veil for nuns but oppose it for Muslim students, showing how communal hatred transcends religion when fascist ideology dominates. The article stresses that school uniforms and unity cannot override constitutional freedom of belief and expression. True unity, the author insists, lies in the harmony of diversity — not in forced uniformity that erases cultural and religious differences