Onlive Talk

സംഘടിത സകാത്ത് മാത്രമാണ് പരിഹാരം

സകാത്ത് ഇസ്‌ലാമിക സാമ്പത്തിക സംവിധാനത്തിന്റെ അടിസ്ഥാനമാണ്. വ്യക്തികൾക്ക് ലഭ്യമാവുന്ന സാമ്പത്തിക വളർച്ചയുടെ ആത്മീയ പ്രതിഫലനം ദാരിദ്യ നിർമാർജനത്തിനും സാമൂഹ്യ പുരോഗതിയിലേക്കും എത്തിപ്പെടുന്ന ജൈവിക പ്രക്രിയയാണത്. സകാത്തിന്റെ ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നതിൽ സകാത്ത് മാനേജ്മെന്റ് വളരെ സുപ്രധാനമാണ്. കൃത്യമായ അളവുകളും മാനദണ്ഡങ്ങളും സകാത്തിന്റെ സംഭരണ വിതരണത്തിൽ നിർണയിച്ചത് അതിനാലാണ്. ഓരോ വിശ്വാസിയുടെയും സാമ്പത്തിക മാനേജ്‌മെന്റ്ന്റെ അളവുകോലാണ് സകാത്ത്. ഇസ്ലാമിക സമൂഹത്തെ പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ടു നയിക്കുന്ന സുശകക്തമായ Sustainable security tool ആണ് സകാത്ത്.

സകാത്തിന്റെ സംഭരണ – വിതരണം സംഘടിതമായി നിർവഹിക്കണമെന്നത് ഇസ്‌ലാമിന്റെ മൗലിക തത്ത്വമാണ്. പ്രവാചക കാലം മുതൽ മിക്ക ഇസ്ലാമിക ഭരണകൂടങ്ങളും സമൂഹങ്ങളും ഇക്കാര്യത്തിൽ അനുവർത്തിച്ച രീതികൾ മാതൃക പരമാണ്. പൗരോഹിത്യത്തിന്റെ കുതന്ത്രങ്ങളിൽ തലച്ചോറ് പണയപ്പെടുത്താത്ത വ്യക്തികളും സമൂഹവുമൊക്കെ സംഘടിത സകാത്ത് രീതികളാണ് പിന്തുടർന്നിട്ടുള്ളത്. മതത്തെയും സാമൂഹ്യ ജീവിതത്തെ രണ്ടായി പകുത്ത പൗരോഹിത്യ മതമാണ് സകാത്തിനെ അതിന്റെ ലക്ഷ്യങ്ങളിൽ നിന്നും അറുത്തുമാറ്റി ഇന്നു കാണുന്ന യാചനയിലേക്ക് എത്തിച്ചത്.

ലോകത്തെ മുസ്ലിം രാഷ്ട്രങ്ങളിൽ സർക്കാർ തലത്തിൽ തന്നെ സകാത്ത് മാനേജ്മെന്റ് സംവിധാനമുള്ള ആറ് രാജ്യങ്ങളുണ്ട്. 49 മുസ്ലിം രാജ്യങ്ങളിൽ സർക്കാർ പിന്തുണയിൽ പൊതു സംവിധാനങ്ങളാണ് സകാത്ത് മാനേജ്മെന്റ് നിർവഹിക്കുന്നത്. നിലവിൽ ലോകത്തെ ഭൂരിഭാഗം മുസ്‌ലിം രാഷ്ട്രങ്ങളിലും മുസ്ലിംകൾ ന്യൂനപക്ഷമായ പ്രദേശങ്ങളിലും സംഘടിത സംവിധാനമാണ് നിലനിൽക്കുന്നത്. സാമൂഹ്യ സേവന മേഖലയിലേക്ക് മുസ് ലിം രാഷ്ട്രങ്ങളിൽ നിന്ന് മാത്രം പ്രതിവർഷം ഒരു ട്രില്യൺ യു.എസ് ഡോളറാണ് ഒഴുകിയെത്തുന്നത്. അറബ് മുസ് ലിം രാഷ്ട്രങ്ങളിലും അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന മുസ്ലിം NGO കൾ ദാരിദ്ര്യ നിർമാർജനം, അഭയാർഥി പുനരധിവാസം, വിദ്യാഭ്യാസം, തൊഴിൽ-സാമ്പത്തിക പുരോഗതി തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി മഹനീയമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നിർവഹിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള മൂന്നാമത്തെ രാഷ്ട്രമാണ് ഇന്ത്യ. ഇന്ത്യയിൽ നിന്നും പ്രതിവർഷം പതിനായിരത്തിലധികം കോടി രൂപ സകാത്തായി ശേഖരിക്കാൻ സാധിക്കും. ഇന്ത്യൻ മുസ്ലിംകളുടെയും പിന്നോക്ക ജനവിഭാഗങ്ങളുടെയും പിന്നോക്കാവസ്ഥ പരിഹരിക്കാനും അവരുടെ സാമൂഹ്യ പുരോഗതിക്ക് നട്ടെല്ലാവുന്ന സുസ്ഥിര സാമ്പത്തിക സംവിധാനം കെട്ടിപ്പടുക്കാനും ഏറ്റവും അനുയോജ്യമായ മാർഗം വ്യവസ്ഥാപിതമായ സകാത്ത് മാനേജ്മെന്റ് സംവിധാനങ്ങളാണ്. എന്നാൽ പുരോഹിത വർഗങ്ങളുടെ സ്വാർഥ താൽപര്യത്തിൽ പെട്ട് ഞെരിഞ്ഞമർന്ന് മെലിഞ്ഞ് ദീനം പിടിച്ച ഒന്നാണ് ഇന്ത്യയിലെ സകാത്ത് സംവിധാനം. ഇന്ത്യയിൽ തെലങ്കാന, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് പറയത്തക്ക സംഘടിത സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സകാത്ത് സംവിധാനങ്ങൾ മികച്ച മാതൃകയാണ്. രാജ്യത്തെ വിവിധ സംസ്ഥാനത്തിൽ നഗരങ്ങൾ കേന്ദ്രീകരിച്ചു വളർന്ന് വരുന്ന സംഘടിത സകാത്ത് സംരംഭങ്ങൾ ഇന്ത്യയിലെ സംഘടിത സകാത്ത് മേഖലക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്.

സംഘടിത സകാത്ത് പ്രവർത്തനങ്ങൾക്ക് ലോകത്തിനു തന്നെ മാതൃകയായ സംരംഭങ്ങൾ കേരളത്തിലുണ്ട്. പ്രാദേശിക തലത്തിൽ മഹല്ലുകളും പള്ളികളും കേന്ദ്രീകരിച്ച് ആയിരത്തിലധികം സകാത്ത് സംരംഭങ്ങളാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നത്. ഇതിനെല്ലാം മാതൃകയായി സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ബൈത്തുസ്സകാത്ത് കേരള അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന സകാത്ത് സംരംഭമാണ്. ഇന്തോനേഷ്യ ആസ്ഥാനമായുള്ള വേൾഡ് സകാത്ത് ഫോറത്തിലെ അംഗമാണ് ബൈത്തുസ്സകാത്ത് കേരള. ബൈത്തുസകാത്ത് കേരള കഴിഞ്ഞ വർഷം കൊച്ചിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സകാത്ത് സമ്മേളനത്തിൽ 15 രാഷ്ട്രങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ അടക്കം 225 പ്രതിനിധികളാണ് പങ്കെടുത്തത്. സകാത്തുമായി ബന്ധപ്പെട്ട് അക്കാദമിക- ഗവേഷണ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാവുന്ന നൂറിലധികം പ്രബന്ധങ്ങളാണ് കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ടത്.

സകാത്ത് കേരള പുരോഗതിയിലും ദാരിദ്ര്യ നിർമാർജനത്തിലും എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന്റെ മികച്ച മാതൃകയാണ് ബൈത്തുസ്സകാത്ത് കേരള. സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭവന നിർമാണം, സ്വയം തൊഴിൽ പദ്ധതികൾ, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, ചികിത്സ സഹായം, റേഷൻ, കുടിവെള്ള പദ്ധതി തുടങ്ങിയ ആറ് മേഖലകളിലാണ് ബൈത്തുസകാത്ത് കേരള അതിന്റെ ഫണ്ടുകൾ വിനിയോഗിക്കുന്നത്.

സുതാര്യവും വിപുലവുമായ അഡ്മിനിസ്ട്രേഷൻ സംവിധാനമാണ് ബൈത്തുസ്സകാത്ത് കേരള ക്കുള്ളത്. സ്വന്തമായ ഓഫീസ് സംവിധാനവും സ്ഥിരം ജീവനക്കാരും ആയിരക്കണക്കിന് വളണ്ടിയേഴ്സുമുള്ള സംവിധാനമാണത്. സംസ്ഥാനതല സംവിധാനത്തിനു പുറമെ 14 ജില്ലാ കോഡിനേറ്റർമാരും 143 എരിയ കോഡിനേറ്റർമാരും 2805 പ്രാദേശിക കോഡിനേറ്റർമാരും ബൈത്തുസകാത്ത് കേരളയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. മൊബൈൽ ആപുകളും ഓൺലൈൻ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കേരളത്തിൽ സകാത്തിനർഹരായ ആർക്കും യാതൊരു ഇടനിലക്കാരന്റെയും സഹായമില്ലാതെ അപേക്ഷ സമർപ്പിക്കാൻ കഴിയുന്ന സംവിധാനമാണ് ബൈത്തുസ്സകാത്തിനുള്ളത്. കേരളത്തിലെ സാമൂഹ്യ സേവന മേഖലയിലെ സകാത്തിന്റെ പ്രാതിനിത്യം കൃത്യമായി അടയാളപ്പെടുത്താൻ ബൈത്തുസ്സകാത്തിന് സാധിക്കുന്നുണ്ട്.

കേരളത്തിൽ സംഘടിത സകാത്തിനോട് വിശ്വാസികൾക്ക് പ്രിയം കൂടി വരുന്നുവെന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ജമാഅത്തെ ഇസ് ലാമി കേരള അമീറായിരുന്ന പ്രൊഫ.കെ.എ സിദ്ധിഖ് ഹസൻ സാഹിബിന്റെ നേതൃത്വത്തിൽ 2000 ഒക്ടോബറിൽ ആരംഭിച്ച പൊതുസകാത്ത് സംരംഭമാണ് ബൈത്തുസ്സകാത്ത് കേരള. കേരളത്തിലെ മുഴുവൻ സകാത്ത് ദായകർക്കും അണിചേരാൻ കഴിയുന്ന കൂടുതൽ വിശാലമായ പ്ലാറ്റ്ഫോം രൂപീകരിക്കാനാണ് ബൈത്തുസ്സകാത്ത് ലക്ഷ്യം വെക്കുന്നത്. ആ മേഖലയിലെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.

സംഘടിത സകാത്തിനെതിരെ കേരളത്തിലെ പുരോഹിത വിഭാഗങ്ങൾ തുടക്കം മുതലേ എതിർപ്പായിരുന്നുവെങ്കിലും കാലക്രമേണ വലിയ മാറ്റങ്ങൾ കണ്ടുവരുന്നുണ്ട്. എന്നാലും മനോനില തെറ്റിയ ചില പുരോഹിത വർഗങ്ങൾ സംഘടിത സകാത്തിനെതിരെ മന:പൂർവം തെറ്റിദ്ധാരണ പരത്തുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. ബൈത്തുസ്സകാത്തിന്റെ ഫണ്ടുകൾ സംഘടന പ്രവർത്തനത്തിന് ഉപയോഗപ്പടുത്തുന്നുവെന്ന കല്ലുവെച്ച നുണകൾ വ്യാപകമായി പ്രചരിപ്പിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സ്വന്തമായി സകാത്ത് വിതരണം ചെയ്യുന്ന ധനികരുടെ സകാത്തിന്റെ വലിയൊരു ഭാഗം കൈപറ്റുന്നത് ഇത്തരം കുപ്രചാരകരാണെന്ന് പറയാതെ വയ്യ

ബൈത്തുസകാത്തിന്റെ വരവു ചിലവുകൾ ഓരോ വർഷവും കൃത്യമായി ഇൻകം ടാക്സ് വകുപ്പിന് സമർപ്പിക്കുന്ന ഒന്നാണ്. ഏറ്റവും കൃത്യതയുള്ള ഡോക്യുമെന്റെഷനും കണക്കും സമർപ്പിക്കാൻ സാധിക്കുന്നതിനാൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്നും ഹൃദ്യമായ അഭിനന്ദനങ്ങളാണ് ബൈത്തുസ്സകാത്തിന് ലഭിക്കുന്നത്.

കേരളത്തിന്റെ സാമൂഹ്യ പുരോഗതിയിൽ ഇസ് ലാമിന്റെ സ്ഥാനം അടയാളപ്പെടുത്തുകയാണ് സംഘടിത സകാത്ത് സംരംഭങ്ങൾ. സംഘടിത സകാത്തിനെതിരെയുള്ള പ്രചാരണത്തിലൂടെ ഇസ് ലാമിക ചലനങ്ങളെ നിശബ്ദമാക്കാനുള്ള നീക്കമാണ് അരങ്ങേറുന്നത്.

Facebook Comments
Related Articles
Show More
Close
Close